പരിസ്ഥിതിദിനവും തീരസംരക്ഷണവും
തീര്‍ച്ചയായും പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിഭാസങ്ങള്‍ തീരദേശവും അവിടത്തെ ജനതയും നേരിടുന്നുണ്ട്. അവയെ ശാസ്ത്രീയമായി നേരിടണം. എന്നാല്‍ അതിനു പകരം വികസനത്തിന്റെ പേരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ തീരദേശത്ത് സൃഷ്ടിക്കുകയും ചില പ്രഖ്യാപനങ്ങള്‍ നടത്തി കണ്ണില്‍ പൊടിയിടുകയുമാണ് മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ചെയ്യുന്നത്. അതിനറുതി വരുത്താനും തീരദേശത്തിന്റെയും തീരദേശവാസികളുടേയും സംരക്ഷണം മുഖ്യ അജണ്ടയാണെന്ന് പ്രഖ്യാപിക്കാനാണ് ഈ പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അതിനായി പോരാടുമെന്ന പ്രതിജ്ഞയാണ് ജനങ്ങള്‍ എടുക്കേണ്ടത്.
ഒരു പരിസ്ഥിതിദിനം കൂടി കടന്നു വരുമ്പോള്‍ സ്വാഭാവികമായും നടക്കുന്നത് പതിവു ചര്‍ച്ചകള്‍ തന്നെ. കൊവിഡായതിനാല്‍ മരംനടല്‍ പരിപാടികള്‍ കാര്യമായി നടക്കില്ല. എന്നാലും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ നടക്കും. അടുത്ത ദിനം മുതല്‍ പരിസ്ഥിതിക്കു ഏറ്റവും വെല്ലുവിളിയായ പദ്ധതികളെ കുറിച്ചായിരിക്കും ചര്‍ച്ച. വിരലിലെണ്ണാവുന്നവരും അപൂര്‍വ്വം സംഘടനകളുമൊഴികെ ബാക്കിയെല്ലാവരും വികസനമൗലികവാദികളായി രംഗത്തുവരും. പരിസ്ഥിതി സംരക്ഷിക്കണമെന്നു പറയുന്നവരെ അക്രമിക്കും. അടുത്ത വര്‍ഷം ജൂണ്‍ അഞ്ചുവരെ ഇതേപരിപാടി തുടരണം. പുതിയ സര്‍ക്കാരുമായി ബന്ധപ്പെട്ടും ഇക്കാര്യത്തില്‍ വലിയ മാറ്റം ഉണ്ടാകാനിടയില്ല. കാരണം സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ തന്നെ പരിസ്ഥിതിക്കു ഹാനികരമായ വന്‍കിട വികസന പദ്ധതികളില്‍ അധിഷ്ഠിതമാണ്.
കേരളം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയായി മാറിയിരിക്കുന്ന തീരദേശം നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് പറയാനുദ്ദേശിക്കുന്നത്. ഇതാകട്ടെ കേവലമായ പരിസ്ഥിതി വിഷയമല്ല താനും. ലക്ഷകണക്കിനു ജനങ്ങളുടെ ജീവിതം നേരിടുന്ന വെല്ലുവിളി കൂടിയാണത്. അതും കേരളം സ്വന്തം സൈന്യമെന്നു വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ. സര്‍ക്കാര്‍ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നു തന്നെ വേണം കരുതാന്‍. കഴിഞ്ഞ ദിവസം മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തീരമേഖലയ്ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും തീരസംരക്ഷണത്തിനുമായി 1500 കോടിയാണ് പ്രഖ്യാപിച്ചത്. 5300 കോടിയാണ് അഞ്ചുവര്‍ഷത്തെ സമഗ്ര വികസനത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. തീരദേശത്തെ മറ്റു വികസന പദ്ധതികള്‍ കൂടിയാകുമ്പോള്‍ ഇത് 11000 കോടിയാകും. ഇതിന്റെ ആദ്യഘട്ടമായാണ് 1500 കോടി കിഫ്ബി വഴി നല്‍കുന്നമെന്ന പ്രഖ്യാപനം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരസംരക്ഷണത്തിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ദുര്‍ബലമായ പ്രദേശങ്ങള്‍ സംരക്ഷിക്കും. ഇതിനായി ഇരട്ടലെയര്‍ കണ്ടല്‍ അടക്കമുള്ള രീതികള്‍ പരിശോധിക്കും. ആധുനികമായ സാങ്കേതിക വിദ്യകള്‍ അതിനായി ഉപയോഗിക്കും. അടുത്ത കാലവര്‍ഷത്തിന് മുന്‍പ് തന്നെ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും നാല് വര്‍ഷം കൊണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കടല്‍ഭിത്തി നിര്‍മാണത്തിന് കിഫ്ബി 2300 കോടി നല്‍കും. മത്സ്യ സംസ്‌കരണത്തിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരള കടല്‍തീരവും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ലക്ഷകണക്കിനു മത്സ്യത്തൊഴിലാളികളും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഇതുകൊണ്ടൊന്നുമാകില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. ആഗോളതാപനം മൂലമുള്ള തീരശോഷണവും പ്രകൃതിക്ഷോഭം മൂലമുള്ള പ്രശ്‌നങ്ങളും ഒരു വശത്ത് രൂക്ഷമായി കൊണ്ടിരിക്കുന്നു. മറുവശത്ത് നമ്മുടെ തന്നെ തെറ്റായ വികസനപദ്ധതികള്‍ മൂലം തീരദേശം നേരിടുന്ന വെല്ലുവിളികള്‍. അതില്‍ നമ്മുടെ ഭാഗത്തുനിന്നുള്ള കടന്നാക്രമണങ്ങള്‍ക്കെങ്കിലും അവസാനമുണ്ടാക്കാതെ ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചിട്ട് കാര്യമായ ഗുണമൊന്നും ഉണ്ടാകുമെന്നു കരുതാനാകില്ല.
590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളതീരത്തിന്റെ 65 ശതമാനമെങ്കിലും കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം. കടല്‍കയറ്റ പ്രതിഭാസത്തെ അഭിസംബോധന ചെയ്യുമ്പോള്‍ കല്ലിട്ടു പ്രതിരോധിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള പ്രതിവിധി. കൂടാതെ ആളുകളെ മാറ്റിപാര്‍പ്പിക്കലും. സംസ്ഥാനത്തെ നിരവധി ഭാഗങ്ങളില്‍ കടല്‍ മീറ്ററുകളോളം കരയിലേക്കു കയറി കഴിഞ്ഞു. നിരവധി പേരുടെ വീടുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഈ പ്രതിഭാസം രൂക്ഷമാകും. കേരളതീരത്ത് പൊതുവില്‍ മത്സ്യസമ്പത്ത് കൂടുതലായതിനാലും പൊതുവില്‍ തന്നെ കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാലും തീരദേശ ജനസാന്ദ്രത വളറെ കൂടുതലാണ്. അതിനാല്‍ തന്നെ കടലിന്റെ കരയിലേക്കുള്ള ഈ കയറ്റം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. കടല്‍തീരത്ത് അമ്പത് മീറ്ററിനുള്ള താമസിക്കുന്ന 18,865 കുടുംബങ്ങളെ കിഴക്കോട്ട് മാറ്റിപ്പാര്‍പ്പിക്കുന്ന ‘പുനര്‍ഗേഹം’ പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപയാണ് നല്‍കുന്നത്. കേരളത്തിലെ കടല്‍ തീരത്തിനു സമീപം എവിടെയെങ്കിലും 10 ലക്ഷം രൂപക്ക് അതു സാധ്യമാകില്ല എന്ന്് ആര്‍ക്കാണ് അറിയാത്തത്? ഈ വിഷയത്തിനു അതൊരു പരിഹാരമല്ല എന്നു വ്യക്തം. മറുവശത്ത് ടൂറിസമായും മറ്റു പല വികസനപദ്ധതികളുമായി ബന്ധപ്പെട്ടും നിയമവിരുദ്ധമായും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും ഉണ്ടാക്കിയ നിര്‍മ്മിതികള്‍ക്കെതിരെ ഒരു നടപടിയുമില്ല. കിഫ്ബി സഹായത്തോടെ തീരദേശം സംരക്ഷിക്കുമെന്നു പറയുമ്പോള്‍, തീരദേശനിവാസികള്‍ക്ക് വെല്ലുവിളിയായ തീരദേശ ഹൈവേക്കും 6500 കോടി നല്‍കുന്നത് കിഫ് ബിയാണെന്നു പറയപ്പെടുന്നു.
തീര്‍ച്ചയായും വികസന മൗലികവാദം പോലെ പരിസ്ഥിതി മൗലികവാദവും നിലവിലുണ്ട്. മുത്തങ്ങ സമരസമയത്ത് വനം സംരക്ഷിക്കാന്‍ ആദിവാസികളെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രമുഖ പരിസ്ഥിതി വാദികളെ കേരളം കണ്ടിരുന്നല്ലോ. അവര്‍ അതിനു ഉദാഹരണമാണ്. മറുവശത്ത് ആര്‍ക്കും വനം കയ്യേറി ടൂറിസത്തിനും മറ്റുമായി റീസോര്‍ട്ടുകള്‍ നിര്‍മ്മിക്കാമെന്നത് വികസന മൗലികവാദമാണ്. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ടും ഈ വിഷയമുണ്ട്.. പശ്ചിമ ഘട്ടത്തോടൊപ്പം ചെറുകിട കര്‍ഷകരുടെയും ജീവിതം സംരക്ഷിക്കണം. എന്നുവെച്ച് നിയമവിരുദ്ധ കയ്യേറ്റങ്ങളും വന്‍കിട നിര്‍മ്മാണങ്ങളും പാറമടകളും അനുവദിക്കാനാകില്ല. അതുപോലെ തന്നെയാണ് തീരപ്രദേശവും. തീരപ്രദേശത്തിന്റെയും കടലിന്റേയും സംരക്ഷണം മതസ്യത്തൊഴിലാളികളുടെ സംരക്ഷണം കൂടിയാകണം. അവരുടെ ജീവിതവും തൊഴിലും വാസസ്ഥലവുമെല്ലാം സംരക്ഷിക്കപ്പെടണം. അതിനര്‍ത്ഥം ടൂറിസമടക്കമുള്ള ലക്ഷ്യങ്ങളുമായി കടല്‍തീരത്തു നടക്കുന്ന വന്‍കിട നിര്‍മ്മാണങ്ങളെ സംരക്ഷിക്കണമെന്നല്ല. നിര്‍ഭാഗ്യവശാല്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളല്ല കേരളത്തിന്‍െ കടല്‍തീരത്ത് ദശകങ്ങളായി നടക്കുന്നത്. ഏതാനും ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടികാട്ടാം. കൊല്ലം ആലപ്പാട് ഗ്രാമം തന്നെ നോക്കൂ. 1955ല്‍ തയ്യാറാക്കിയ ലിത്തോഗ്രാഫിക് ഭൂപടത്തില്‍ ആലപ്പാട് ഗ്രാമത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്ററായിരുന്നത് ഇപ്പോള്‍ 8.9 ചതുരശ്ര കിലോമീറ്ററാണ്. ഇതിന്റെ ഭാഗമായി 5000 ഓളം കുടുംബങ്ങള്‍ തങ്ങളുടെ ജീവിത സാഹചര്യത്തില്‍ നിന്നും തിരസ്‌കൃതരായിരിക്കുന്നു. ഇവര്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍ തന്നെ. 200- 50 മീറ്റര്‍ വീതിയുണ്ടായിരുന്ന തീരം ഇപ്പോള്‍ കടല്‍ വിഴുങ്ങി പല ഭാഗത്തും 20 മീറ്ററില്‍ എത്തി. ഇതിനു കാരണം കരിമണല്‍ ഖനനമല്ലാതെ മറ്റൊന്നുമല്ല. തങ്ങളുടെ ജീവനും തീരവും സംരക്ഷിക്കാന്‍ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെ ഭരണാധികാരികള്‍ ഭീകരവാദമെന്നുപോലും വിശേഷിപ്പിക്കുന്നത് നമ്മള്‍ കേട്ടു. പൊതുമേഖലയാണ് ഖനനം നടത്തുന്നതെന്ന ന്യായീകരണവും. പരിസ്ഥിതിയോട് പൊതുവില്‍ സ്വകാര്യമേഖലയും പൊതുമേഖല.യും സ്വീകരിക്കുന്ന സമീപനം ഒന്നു തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. വികസനത്തെ കുറിച്ചുള്ള മുതലാളിത്തത്തിന്റേയും മാര്‍ക്‌സസത്തിന്റേയും സമീപനത്തില്‍ വലിയ വ്യത്യാസമൊന്നുമില്ലല്ലോ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാക്ഷാല്‍ അദാനി എന്ന കോപ്പറേറ്റ് കുത്തക നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖം കടല്‍തീരത്തു സൃഷ്ടിക്കുന്ന പാരിസ്ഥിതിഘാതങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുകയാണ്. മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം വളരെയധികം പാരിസ്ഥിതിക ലോല പ്രദേശമാണ് എന്ന് വ്യക്തമാക്കുകയും അവിടെ യാതൊരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പോര്‍ട്ടിനുവേണ്ടി സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനത്തിനുള്ള അപേക്ഷ രണ്ടുതവണ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിലെ തീരദശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ അനുവാദമില്ല. വലിയ രീതിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള തീരമാണ് വിഴിഞ്ഞം. നിലവിലുള്ള ഹാര്‍ബര്‍ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധിയാണ്. പുതിയ പോര്‍ട്ട് അതിനെ തകര്‍ക്കും. ജനസാന്ദ്രത കൂടിയ പ്രദശമാണ് വിഴിഞ്ഞം എന്നീ കാരണങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് അക്കാലത്ത് മന്ത്രാലയം അനുമതി നിഷേധിച്ചത്. എന്നാല്‍ അതിനെയെല്ലാം അദാനി മറികടന്നു. യുഡിഎഫ് ആണി അനുമതി നല്‍കിയതെങ്കില്‍ അന്ന് എതിര്‍ത്ത എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും അനുമതി റദ്ദാക്കിയില്ല. ആശങ്കപ്പെട്ടതുപോലെതന്നെയാണ് ഇപ്പോഴത്തെ അവസ്ഥ. തീരത്തെ മണലിന്റെ സ്വാഭാവികചലനം തടസ്സപ്പെട്ടതോടെ കരയുടെ ശോഷണത്തിന്റെ രൂക്ഷത ഏറെ വര്‍ദ്ധിച്ചു. അതിനിയും വര്‍ദ്ധിക്കുമെന്നുറപ്പ്. ചെല്ലാനത്തേക്കു വരുകയാണെങ്കില്‍ അവിടത്തെ ദുരന്തങ്ങള്‍ക്കും പ്രധാന കാരണം മനുഷ്യനിര്‍മ്മിതം തന്നെ. കൊച്ചി കപ്പല്‍ ചാലിന്റെ സാന്നിധ്യമാണ് ചെല്ലാനത്തെ തീരശോഷണത്തിനു കാരണം. അതിനു പരിഹാരം കാണാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. എല്ലാ മഴക്കാലത്തും ആവര്‍ത്തിക്കുന്ന കടല്‍കയറ്റത്തില്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലാണ് ഈ തീരജനതയുടെ ജീവിതം.
തീര്‍ച്ചയായും പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിഭാസങ്ങള്‍ തീരദേശവും അവിടത്തെ ജനതയും നേരിടുന്നുണ്ട്. അവയെ ശാസ്ത്രീയമായി നേരിടണം. എന്നാല്‍ അതിനു പകരം വികസനത്തിന്റെ പേരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ തീരദേശത്ത് സൃഷ്ടിക്കുകയും ചില പ്രഖ്യാപനങ്ങള്‍ നടത്തി കണ്ണില്‍ പൊടിയിടുകയുമാണ് മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ചെയ്യുന്നത്. അതിനറുതി വരുത്താനും തീരദേശത്തിന്റെയും തീരദേശവാസികളുടേയും സംരക്ഷണം മുഖ്യ അജണ്ടയാണെന്ന് പ്രഖ്യാപിക്കാനാണ് ഈ പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അതിനായി പോരാടുമെന്ന പ്രതിജ്ഞയാണ് ജനങ്ങള്‍ എടുക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in