പരിസ്ഥിതിയോട് പിണറായി സര്‍ക്കാര്‍ ചെയ്തത്
2016ലെ ഇടതുപ്രകടനപത്രികയുടെയും 2020 മെയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റേയും പശ്ചാത്തലത്തില്‍ ഒരു പരിശോധന
എല്‍.ഡി.എഫ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ നിര്‍വ്വഹണ പുരോഗതി 2016 മെയ് 24-2020 മെയ് 23 എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തിന് നല്‍കിയ വിശേഷണം. തെരഞ്ഞെടുപ്പു രംഗത്ത് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച പ്രകടന പത്രികയെ മറന്നു പോകാതെ, അധികാരത്തിലെത്തിയ മുന്നണി നല്‍കിയ 600 വാഗ്ദാനങ്ങള്‍ കഴിഞ്ഞ 48 മാസങ്ങള്‍ കൊണ്ട് നടപ്പിലാക്കിയതിനെ പറ്റി വിവരിക്കുമ്പോള്‍ അതിനെ വിലയിരുത്തുവാന്‍ ജനങ്ങള്‍ക്ക് അസരം കിട്ടുകയാണിവിടെ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ പരിസ്ഥിതി എന്ന അധ്യായത്തില്‍ ഉള്‍പ്പെടുത്തിയ 71 മുതല്‍ 91 വരെയുള്ള 2016-ല്‍ പറഞ്ഞതും നടപ്പാക്കി എന്നു സര്‍ക്കാര്‍ വാദിക്കുന്നതുമായ വസ്തുതകള്‍ ഏറെക്കുറെ ഇങ്ങനെയാണ്.
സംസ്ഥാനത്ത് പ്രതി വര്‍ഷം 70300 Million Cubic. Meter വെള്ളം ലഭിക്കുന്നു. ഉപയോഗപ്പെടുത്തുന്നത് 64% (42100 MCM). ചതുരശ്ര km ല്‍ 200 കിണറുകള്‍ .ആകെ കിണറുകളുടെ എണ്ണം 65 ലക്ഷം. തണ്ണീര്‍ തടങ്ങള്‍ 4354 എണ്ണം.1.61 ലക്ഷം ഹെക്ടര്‍. 3.32 ലക്ഷം ഹെക്ടര്‍ ശുദ്ധ ജലം. 1.12 ലക്ഷം ഹെക്ടര്‍ ഉപ്പു വെള്ളം.1.9 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടം. 1423 Sq. km വര്‍ദ്ധിച്ചു. ആകെ വന വിസ്തൃതി 11303 Sq.km. വന നാശം കാട്ടു തീ. 2008/2009. 5473 ഹെക്ടര്‍ കത്തിനശിച്ചു. (871 സംഭവങ്ങള്‍ ). 2013/2014 ല്‍ 2633 ഹെക്ടര്‍ (525 സംഭവങ്ങള്‍). കണ്ടല്‍ക്കാട് – 1975 ല്‍ 700 Sq.k.m.2006 ല്‍ 17 Sq.k.m. 2013 ല്‍ 9 Sq.k.m. 45 ഇനം കണ്ടല്‍ കാടുകള്‍. 177 ഇനം പക്ഷികള്‍ ചേക്കേറുന്നു. കാവുകള്‍ – 1956 ല്‍ 10000 എണ്ണം. 2015 ല്‍ 1000 ആയിക്കുറഞ്ഞു. സംസ്ഥാനത്തെ 550 km തീരദേശത്തില്‍ 52% തീരവും (316 Km) തകര്‍ച്ചയില്‍.
2018 ലെ ധവള പത്രത്തില്‍ കേരളത്തിലെ സസ്യ ജന്തുജാലകങ്ങളില്‍ വംശ നാശ ഭീഷണി നേരിടുന്നവയെ പറ്റി വിവരിച്ചു. വിത്തുകള്‍ തരുന്ന 494 ചെടികളുടെ എണ്ണത്തില്‍ വന്‍ കുറവ് സംഭവിച്ചു വരുന്നു. അതില്‍ 82 ഐറ്റത്തിന്റെ അവസ്ഥ പരിതാപകരമാണ്. സ്രാവ്, തെരണ്ടി, വാള, കാരി, പരവ, കോര എന്നിവയുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി. മത്തി, നെത്തോലി മുതലായ തീരങ്ങളില്‍ കണ്ടു വരുന്നവ അറബിക്കടലില്‍ നിന്നും ബംഗാള്‍ കടലിലേക്ക് മാറി എന്ന വാര്‍ത്ത ഇന്നാരെയും അതിശയിപ്പിക്കുന്നില്ല. നെയ്മീന്‍, കണവ എന്നിവ എണ്ണത്തില്‍ കൂടുതലായി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പശ്ചിമഘട്ടത്തിലെ നട്ടെലുള്ള ജീവികളില്‍ 36% എങ്കിലും പ്രതിസന്ധിയുടെ അവസാനത്തെ നാളുകളിലൂടെ കടന്നു പോകുന്നു. ഉഭയ ജീവികളാണ് ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് (90%). അവ അത്യപൂര്‍വ്വമായ നിലയില്‍ എത്തി. നട്ടെലുള്ള വര്‍ഗ്ഗങ്ങളില്‍ 205 ഇനങ്ങള്‍ ഭീഷണി അനുഭവിക്കുമ്പോള്‍ 23 എണ്ണം വംശ നാശത്തിന്റെ അവസാന ഭാഗത്തും (vulnerable) 16% ഭാഗികമായി തിരിച്ചടിയിലും പെട്ടിരിക്കുന്നു. 8% ചില തരത്തിലുള്ള പ്രതിസന്ധികളില്‍ എത്തി.
സംസ്ഥാനത്ത് കുറേ നാളുകള്‍ക്കു മുന്‍പ് എത്തിയ വിദേശ ജീവി വര്‍ഗ്ഗങ്ങള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. എത്തിച്ചേര്‍ന്ന 82 വിദേശ സസ്യങ്ങളില്‍ 21എണ്ണം മറ്റു വിളകളെ നശിപ്പിക്കുവാന്‍ ശേഷിയുണ്ട് അമേരിക്കന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുമ്പോള്‍ (PL 487) ഒപ്പം എത്തിയ Chromo Lena Odorants, Lantana Camela, രണ്ടാം ലോക യുദ്ധ സമയത്ത് എത്തിയ Micariya micorantha (തേയില തോട്ടങ്ങളില്‍), Mimosa Diptoticha,Senna specta balis, Acacia marissil, Maeso Psiscminill വനങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. യൂക്കാലി മരങ്ങളെ പ്രിതികൂലമായി ബാധിച്ച Leptocybe insiba കീടങ്ങള്‍, 6 തരം അന്യ ദേശ ഉറുമ്പുകള്‍ കര്‍ഷക മിത്രമായ പ്രാദേശിക ഉറുമ്പുകളെ ഇല്ലാതെയാക്കി. 123 ഇടങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ എത്തി. 31 തരം അന്യ ദേശ മത്സ്യങ്ങള്‍ മറ്റു മത്സ്യങ്ങളെ വളരുവാന്‍ അനുവദിക്കാത്ത ചുറ്റുപാട് ഉണ്ടാക്കി.
മാലിന്യ പ്രശ്‌നം; ഖര, ജല, വിസര്‍ജ്ജ്യ മാലിന്യ പ്രശ്‌നം മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും മണ്ണിനും ജലാശയങ്ങള്‍ക്കും ബുദ്ധിമുട്ട് വരുത്തിയിട്ടുണ്ട്. നാട്ടിലെ 65 ലക്ഷം കിണറുകളില്‍ മിക്കതും കോളിഫോം ബാക്ടീരിയയുടെ സാനിധ്യം കൊണ്ട് അപകടാവസ്ഥയിലാണ്. സംസ്ഥാനത്ത് പ്രതിദിനം ഉത്പാദിപ്പിക്കുന്ന10000 ടണ്ണില്‍ കുറയാത്ത ജൈവമാലിന്യം, ആഴ്ച്ചയില്‍ പുറത്തു വരുന്ന പതിനായിരം ടണ്‍ പ്ലാസ്റ്റിക്ക് കുപ്പകള്‍ കടലിനെവരെ അശുദ്ധമാക്കി. രാജ്യത്ത് ഏറ്റവും അധികം ആശുപത്രി മാലിന്യങ്ങള്‍ ഉണ്ടാകുന്ന കേരളത്തില്‍ അവയെ പൂര്‍ണ്ണമായി ശുദ്ധീകരിക്കുവാന്‍ കഴിയുന്നില്ല. സ്വീവേജ് വെള്ളം ശുദ്ധീകരിക്കുന്ന കാര്യത്തില്‍ കേരളം ദേശിയ ശരാശരിയെക്കാള്‍ എത്രയോ താഴെയാണ്.
ഒന്നേകാല്‍ കോടി വാഹനങ്ങളുടെ സാനിധ്യം കേരളത്തെ ഒട്ടേറെ പാരിസ്ഥികമായ ദുരിതങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. അവയുടെ എണ്ണത്തില്‍ പ്രതി വര്‍ഷം പത്തു ലക്ഷത്തില്‍ അധികം വര്‍ധന ഉണ്ടാകുകയാണ്. ഇലക്ട്രോണിക് മാലിന്യ (E-waste) വിഷയത്തിന് പരിഹാരമായിട്ടില്ല എന്ന് ധവള പത്രം സമ്മതിക്കുന്നുണ്ട്.
10 വര്‍ഷത്തില്‍ അധികമായി കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കാലാവസ്ഥ വ്യതിയാനമായി കരുതാം. കേരളം അത്തരം ഒരു ഘട്ടത്തില്‍ എത്തിയിട്ടുണ്ട്. ഹരിത വാതക ബഹിര്‍ ഗമനത്തില്‍ നാട് അനാരോഗ്യ രീതികള്‍ തുടരുന്നു. കഴിഞ്ഞ 42 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ചൂട് വര്‍ധിച്ചു. Diurnal temp റേഞ്ച് (ഉയര്‍ന്ന ചൂടും താഴ്ന്ന ചൂടും തമ്മിലുള്ള വ്യത്യാസം) കൂടുന്നത് വലിയ തിരിച്ചടികള്‍ പ്രകൃതിക്ക് ഉണ്ടാക്കുന്നുണ്ട്.
മഴയുടെ തോതില്‍ നേരിയ കുറവ് ഉണ്ടായി. 1965 നു ശേഷം കൂടുതല്‍ കിഴിവ് കാണിക്കുകയാണ്. 100 വര്‍ഷത്തിനുള്ളില്‍ 338 mm മഴ കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ കുറവ് 15% മാണ്. തെക്ക് പടിഞ്ഞാറന്‍ മഴ കുറയുകയും വടക്ക് പടിഞ്ഞാറന്‍ തുലാ വര്‍ഷം വര്‍ദ്ധിക്കുകയും ചെയ്തു.കാലാവസ്ഥാ വ്യതിയാനം ഏറെ ഉണ്ടായത് വയനാട്, ഇടുക്കി എന്നിവടങ്ങളില്‍. ഇവിടെ വിഷയത്തിന്റെ രൂക്ഷത വര്‍ദ്ധിക്കുന്നു.
കാര്‍ബണ്‍ ശേഖരത്തില്‍ കേരളത്തിലെ വനങ്ങള്‍ മൂന്നാം സ്ഥാനത്താണ്. ചൂട് കൂടിയതിനാല്‍ നെല്‍ ഉത്പാദന ക്ഷമത കുറയുന്നു. പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സു കള്‍ ഉപയോഗപെടുത്തുന്നതില്‍ സംസ്ഥാനം ഏറെ പിന്നിലാണ്.
പ്രകടന പത്രികയിലെ 72-ാമത്തെ ഇനം, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തെ പറ്റി. നെല്‍വയല്‍ സംരക്ഷണത്തിനായി ഇന്ത്യയില്‍ ആദ്യമായി സമരം ചെയ്ത സംഘടനയാണ് കേരള കര്‍ഷക തൊഴിലാളി യൂണിയന്‍. സമരത്തിന് നേതൃത്വം കൊടുത്തതാകട്ടെ കേരള മുന്‍ മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്യുതാനന്ദനും പാര്‍ട്ടിയുമായിരുന്നു. സമരത്തെ വെട്ടിനിരത്തല്‍ സമരമായി ആക്ഷേപിക്കുവാന്‍ മുത്തശ്ശി പത്രങ്ങള്‍ തയ്യാറായി. 79/80 കാലത്ത് 8.8 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍പ്പാടത്തിന്റെ വിസ്തൃതി 2010 കഴിഞ്ഞപ്പോള്‍ 2 ലക്ഷത്തിനും താഴെയായി. നെല്‍ ഉല്‍പ്പാദനം 5.2 ലക്ഷം ടണ്ണും. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ നെല്‍വയല്‍ തണ്ണീര്‍തട നിയമം രാജ്യത്തിന് മാതൃകയായിരുന്നു. നിയമം നടപ്പിലാക്കിയ ശേഷവും കാല്‍ ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ നികത്തി. ഇതിനു കാരണമായത് പില്‍ക്കാലത്ത് അധികാരത്തില്‍ വന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരായിരുന്നു.
അധികാരമേറ്റ് 6 മാസത്തിനകം ഡേറ്റാ ബാങ്കുകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കും പരാതികള്‍ പരിഹരിക്കുവാന്‍ ഒരു വര്‍ഷം സമയം നല്‍കി നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്നും ഇടതുപാര്‍ട്ടികള്‍ വാഗ്ദാനം നല്‍കി. അതിനായി വേണ്ട ഉദ്യോഗസ്ഥരെ അധികമായി നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനങ്ങളില്‍ പറഞ്ഞ ഡേറ്റാ ബാങ്കുകള്‍ നാളിതുവരെ തയ്യാറാക്കിയിട്ടില്ല. പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ കൈകൊണ്ട സമീപനങ്ങള്‍ എല്ലാ വാഗ്ദാനങ്ങള്‍ക്കും ഘടകവിരുധമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം, ഭൂവിനിയോഗ നിയമം (നമ്പര്‍ 73) എന്നിവയില്‍ ഐക്യ ജനാധിപത്യ മുന്നണി നടത്തിയ അട്ടിമറികള്‍ പരിഹരിക്കും എന്നു പറഞ്ഞ സര്‍ക്കാര്‍, നെല്‍വയല്‍ സംരക്ഷണത്തെ ഐക്യമുന്നണിയെ നാണിപ്പിക്കും വിധം അട്ടിമറിച്ചു. ഭൂവിനിയോഗത്തില്‍ വേണ്ടതിലധികം അട്ടിമറികള്‍ നടത്തി കൊണ്ട് ഭൂമി കച്ചവടക്കാരെ സഹായിക്കുവാന്‍ മടിച്ചില്ല.
74 -ാമത് പശ്ചിമഘട്ടത്തെ പറ്റി. പശ്ചിമഘട്ട സംരക്ഷണത്തിനായി ജനകീയ പദ്ധതികള്‍ നടപ്പിലാക്കും എന്നു പറഞ്ഞു. എന്നാല്‍ സമീപനങ്ങള്‍ കുപ്രസിദ്ധമാണ്. തോട്ടം / ടൂറിസം മാഫിയകള്‍ക്കായി നിയമങ്ങളെ വ്യാഖ്യാനിക്കുന്ന സര്‍ക്കാരും ജന പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിച്ചു. വെള്ളപ്പൊക്കം തകര്‍ത്തെറിഞ്ഞ ഇടുക്കിയും വയനാടും അവസാനം പെട്ടിമുടിയും ഗ്യാപ് റോഡുനിര്‍മ്മാണവും പശ്ചിമഘട്ടത്തിന്റെ തകര്‍ന്നു വീണ മുഖങ്ങളായിട്ടും മലനിരകളുടെ സംരക്ഷണം ഗൗരവതരമായെടുത്തിട്ടില്ല. വനത്തില്‍ നിന്നും ഖനന ദൂരം 10 കിലോ മീറ്റര്‍ വരെയാകാമെന്നിരിക്കെ ദൂരപരിധി 1 കിലോ മീറ്റര്‍ ആക്കി ചുരുക്കാനാണ് സംസ്ഥാനം ശ്രമിച്ചത്.
75-ാം ഇനത്തില്‍ വ്യവസായ മലിനീകരണ നിയന്ത്രണത്തെ പറ്റി പ്രതിപാദിക്കുന്നു. പെരിയാര്‍, ചാലക്കുടി പുഴകളെ വിഷലിപ്തമാക്കുന്ന വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തനം മാറ്റമില്ലാതെ നടക്കുമ്പോള്‍ വാഗ്ദാനം പാഴായി പോകുകയാണ്. 76 -ാം വാഗ്ദാനം മണല്‍, പാറ ഖനനങ്ങളെ പറ്റി ശാസ്ത്രീയ പഠനം നടത്തുമെന്നായിരുന്നു. നദീതട മണല്‍വാരലിന്റെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം മാത്രം തുടര്‍പ്രവര്‍ത്തനം. ഇതൊന്നും സംഭവിച്ചിട്ടില്ല.
പാറ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് അപകടങ്ങള്‍ വരുത്തിവെച്ചു. അനധികൃത ഖനനം തുടരുന്നു. ഖനന നിയന്ത്രണത്തിലുള്ള പഞ്ചായത്ത് അധികാരം എടുത്തു കളഞ്ഞു. ദൂരപരിധി 50 മീറ്ററാക്കി. സര്‍ക്കാര്‍ പാട്ട ഭൂമിയില്‍ നിന്നും ഖനനം സാധ്യമാക്കി. പ്രളയാനന്തരം മണല്‍ വാരല്‍ നടത്തുവാന്‍ കൂടുതല്‍ അവസരങ്ങളൊരുക്കുന്ന സര്‍ക്കാര്‍ തീരുമാനം വാഗ്ദാനങ്ങളെ തള്ളിപ്പറയുന്നു.
77 -ാം വിഷയം ഗൗരവതരമായിരുന്നു. ഖനനങ്ങള്‍ പൊതു ഉടമസ്ഥതയിലേക്ക്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 10000 ലധികം ക്വാറികള്‍, അവരുടെ മാഫിയ ബന്ധങ്ങള്‍, അവരുമായുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ടുകളെ പറ്റി നാട്ടുകാര്‍ക്ക് ധാരണയുണ്ട്. പ്രകടന പത്രിക ഇത്തരം കാര്യങ്ങളെ പറ്റി പറയുമ്പോഴും ഖനനം സ്വകാര്യവ്യക്തികള്‍ നടത്തുന്നു. സര്‍ക്കാര്‍ നോക്കു കുത്തിയായി നില കൊള്ളുകയാണ്.
78-ാമത് സൂചിപ്പിക്കുന്ന ജല മലിനീകരണ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന ഉറപ്പ് നല്‍കുവാന്‍ പല കാരണങ്ങളുണ്ട്. 65 ലക്ഷം കിണറുകളില്‍ 70% വും ഉപയോഗശൂന്യമാണ്. E. Coli ബാക്ടീരിയത്തിന്റെ സാന്നിധ്യം ഉയര്‍ന്നു നില്‍ക്കുന്നു. പമ്പയുടെ അവസ്ഥ ഒറ്റപ്പെട്ടതല്ല. സര്‍ക്കാര്‍ എന്തു നടപടികള്‍ എടുത്തു ?
തൊട്ടടുത്ത ഖണ്ഡികയില്‍ മുകളില്‍ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട മഴവെള്ള കൊയ്ത്ത് തുടങ്ങിയവ പരാമര്‍ശിച്ചു. ഗ്രാമങ്ങളിലെ നീര്‍ത്തടങ്ങളുടെ അവസ്ഥ, അവയുടെ വാഹകശേഷി, പരിസരം എന്നിവയുടെ രേഖ തയ്യാറക്കലിനെ പറ്റി 80-ാം ഭാഗത്ത് വിവരിച്ചു. സര്‍ക്കാര്‍ കാവുകളും കുളങ്ങളും തോടുകളും വൃത്തിയാക്കുന്ന പല പദ്ധതികളും പ്രഖ്യാപിച്ചു. പലതും നടപ്പിലാക്കി വരുന്നു. 24 തോടുകളുടെ (10OOലധികം കി.മീറ്റര്‍ നീളത്തില്‍) ഒഴുക്കു കൂട്ടുവാനുള്ള ജനകീയ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.
നമ്മുടെ നീര്‍ത്തടങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ വിവിധ തരത്തിലുള്ള നീരുറവകളെ സംരക്ഷിക്കണം. അവയുടെ പഥങ്ങള്‍ ( കുന്നുകള്‍ ) സുരക്ഷിതമാകണം. മലകളെ കുത്തി മലര്‍ത്തി വാഹനത്തില്‍ കടത്തുന്ന സമീപനം തുടരുന്ന നാട്ടില്‍, നീര്‍ത്തടങ്ങള്‍ സുരക്ഷിതമല്ല. വര്‍ദ്ധിച്ചു വരുന്ന ജലക്ഷാമവും അതുണ്ടാക്കുന്ന പ്രതിസന്ധികളും പരിഹരിക്കുവാനുള്ള പദ്ധതികളോടു സര്‍ക്കാര്‍ മുഖം തിരിച്ചു. ഭൂഗര്‍ഭ ജലവിതാനം കുറഞ്ഞു വരുന്ന നാട്ടിലെ വരള്‍ച്ച, ജല ജന്യരോഗങ്ങള്‍ മുതലായ വിഷയങ്ങളോടുള്ള സര്‍ക്കാര്‍ സമീപനങ്ങള്‍ നിരാശാജനകമാണ്.
ഇനം. 82 – ഇടതു പക്ഷ പത്രിക നല്‍കിയ വാഗ്ദാനം ഒരു തരത്തിലുമുള്ള വനം കൈയ്യേറ്റവും അനുവദിക്കില്ല എന്നതായിരുന്നു. വന മേഖളിയിലെ ക്യാമ്പുകള്‍ അസ്പര്‍ശിത ഉള്‍വനങ്ങള്‍ ആയി നില നിര്‍ത്തും സംരക്ഷണത്തിന് പ്രാദേശിക സര്‍ക്കാര്‍ സഹായം ഉണ്ടാക്കും എന്ന് ഉറപ്പു നല്‍കി. ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ ആദ്യം സ്വീകരിക്കേണ്ട നടപടി ഗാഡ്ഗില്‍ കമ്മീഷന്‍ നിര്‍ദ്ധേശങ്ങളെ പരിഗണിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ പഴയ നിലപാടുകള്‍ തുടര്‍ന്നു. കസ്തൂരിരംഗന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ തന്നെ അട്ടിമറിച്ചു. (അതിനായി ഉമ്മന്‍ പി ഉമ്മന്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു). തോട്ടങ്ങളിലെ മരങ്ങള്‍ മുറിക്കുവാന്‍ അനുവദിച്ചു. ഹാരിസന്‍ മുതലാളിക്കും മറ്റും കാടുകള്‍ കൈവശം വെക്കുവാന്‍ അവസരം ഉണ്ടാക്കും വിധം കാര്യങ്ങള്‍ തീരുമാനിച്ചു. ഏറ്റവും അവസാനം കൊല്ലം ജില്ലയില്‍ പ്രിയ എസ്റ്റേറ്റിനും റിയ എസ്റ്റേറ്റിനും കരം അടക്കുവാന്‍ കളക്റ്റര്‍ സമ്മതിച്ചു. കുറുഞ്ഞി താഴ്വരയിലെ മരം മുറിക്കലുകള്‍ സമാന നിലപാടുകളുടെ തുടര്‍ച്ചയാണ്. ഖനനം തുടരുവാന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി. മൂന്നാര്‍ ട്രീബ്യുണല്‍ പിരിച്ചു വിട്ടു. Fragile land സംരക്ഷണ നിയമത്തെ അസാധുവാക്കി.
അവസാനമായി ഒന്നു മുതല്‍ 15 Km വരെ വനാതൃത്തിയില്‍ നിന്നുള്ള (Buffer Zone) നിയന്ത്രണങ്ങള്‍ ഒരു കിലോ മീറ്ററിനുള്ളില്‍ ഒതുക്കി. Ecological Sensitive Area നിര്‍ണ്ണയത്തില്‍ കര്‍ഷകരുടെ പേരില്‍ നടത്തുന്ന തെറ്റിധാരണ പരത്തുന്ന പ്രചരണങ്ങളെ പ്രതിരോധിക്കണം. ഉല്‍ക്കണ്ഠകള്‍ പരിഹരിക്കും വിധം സാധാരണ കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധം വന അതൃത്തികള്‍ സംരക്ഷിക്കണം. നാളിതുവരെ കാടുകളുമായി ബന്ധപെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ അവയെ തകര്‍ക്കുവാന്‍ മാത്രം സഹായിക്കുന്നവായിരുന്നു.
83 ല്‍ പറയുന്നത് നാട്ടില്‍ കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് തടി ക്ഷാമം പരിഹരിക്കും എന്നായിരുന്നു. വയനാട്ടില്‍ അവശേഷിച്ച 13000 വീട്ടി മരങ്ങള്‍ മുറിച്ചെടുത്തു. അയനി മരങ്ങള്‍ (കുരങ്ങകള്‍ക്ക് പ്രിയപ്പെട്ട) ഓര്‍മ്മയില്‍ മാത്രമായി. വനാവകാശ നിയമത്തിന്റെ ഫലമായി 904 ആദിവാസി കുടുംബങ്ങള്‍ക്ക് തങ്ങള്‍ പിറന്നു വീണ വനം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. പൊതു ഇടങ്ങളിലെ 50000 മരങ്ങള്‍ മുറിക്കുവാന്‍ ശ്രമങ്ങള്‍ നടത്താതിരുന്നില്ല. മീനങ്ങാടി കാര്‍ബണ്‍ രഹിത പഞ്ചായത്ത് തന്നെ മരം മുറിക്ക് കുപ്രസിദ്ധി നേടി.
84 ല്‍ പറയുന്നത് കണ്ടല്‍ കാടുകള്‍, കുളങ്ങള്‍, നദി തീരത്തെ സ്വാഭാവിക തുരുത്തുകള്‍ എന്നിവ നിലനിര്‍ത്തി പരിപാലിക്കുമെന്നാണ്. സംസ്ഥാനത്ത് 700 ച.കി.മീറ്റര്‍ ഉണ്ടായിരുന്ന കണ്ടലുകള്‍ ഇപ്പോള്‍ 9 ച.കി.മീറ്ററിലെത്തി. 45 ഇനം പക്ഷികള്‍ ഉള്‍പ്പെടെ നിരവധി ജീവികളുടെ വാസസ്ഥലങ്ങള്‍ നാമാവിശേഷമായി കഴിഞ്ഞു. ബജറ്റില്‍ കണ്ടല്‍കാടുകള്‍ വെച്ചുപിടിപ്പിക്കുവാന്‍ തീരദേശ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതി എങ്ങുമെത്തിയിട്ടില്ല. പുതിയ ബജറ്റില്‍ കണ്ടല്‍ എന്ന പരാമര്‍ശം തന്നെയില്ല. പകരം കടല്‍ ഭിത്തി നിര്‍മ്മാണത്തെ പറ്റി ആവര്‍ത്തിച്ചു.
ഉള്‍നാടന്‍ കണ്ടല്‍കാടുകള്‍ (Myristica Swamp) പോലെയുള്ള വിരളമായി മാത്രം ലോകത്തവശേഷിക്കുന്ന കാടുകളെ പരിഗണിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. (പെരിങ്ങമലയിലെ ശുദ്ധജല കണ്ടല്‍ പ്രദേശത്ത് മാലിന്യ പ്ലാന്റ് കൊണ്ടുവരുവാനുള്ള സര്‍ക്കാര്‍ ശ്രമം (ഉപേക്ഷിക്കേണ്ടി വന്നു.) കണ്ടല്‍ വിഷയത്തിലെ അനാരോഗ്യ സമീപനത്തെ ഓര്‍മ്മിപ്പിച്ചു). കാവുകളുടെ എണ്ണം10000 ത്തില്‍ നിന്നും 100 ആയി ചുരുങ്ങിയിരുന്നു. അവയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്..
സംസ്ഥാനത്തെ നിര്‍മ്മാണ സാമഗ്രഹികളെ പറ്റിയാണ് പ്രകടന പത്രിക 85 സൂചിപ്പിക്കുന്നത്. അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും എന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു. പ്രസ്തുതരംഗത്ത് നടന്നു വരുന്ന അനാരോഗ്യ പ്രവണതകളെ പറ്റി സര്‍ക്കാരിനറിവുള്ളതാണ്. അനിയന്ത്രിതമായി നാട്ടില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ക്കും അതില്‍ ഉപയോഗിക്കുന്ന സാമഗ്രഹികള്‍ക്കും നിലവില്‍ നിയന്ത്രണങ്ങളില്ല. നവ കേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുകയുണ്ടായി. പുനരുപയോഗിക്കുവാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍, FACT നിര്‍മ്മിക്കുന്ന ജിപ്‌സം ഷീറ്റുകള്‍ മുതലായ പരീക്ഷണങ്ങള്‍ നടപ്പിലാക്കുവാന്‍ മാതൃകാപരമായ തീരുമാനങ്ങള്‍ എടുക്കുകയും മറ്റുള്ളവരെ അതിലേക്കെത്തിക്കുവാന്‍ നിര്‍ബന്ധിക്കുകയും വേണം.
തീരസംരക്ഷണ നിയമത്തെ പറ്റി ഓര്‍മ്മിപ്പിക്കുന്ന അടുത്ത ഭാഗത്ത് തീര സംരക്ഷണം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ബാധിക്കാത്ത വിധം നടപ്പിലാക്കുമെന്നാണ് പറയുന്നത്. പ്രസ്തുത നിയമത്തെ പരിപൂര്‍ണ്ണമായും അട്ടിമറിച്ച് തീരദേശ സംരക്ഷണത്തിന്റെ പരമാവധി സാധ്യതകളെ ഇല്ലാതാക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചു. സംരക്ഷണം 500 മീറ്ററില്‍ നിന്നും 200 ലേക്കും ഇപ്പോള്‍ 50, 20 മീറ്റര്‍ എന്ന അവസ്ഥയിലേക്കും എത്തി. ഉപ്പുരസമുള്ള നദികളുടെ ഇരു കരകളും 100 മീറ്റര്‍ വീതം നദിക്കായി മാറ്റിവെക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ആലപ്പാടു ഖനനത്തിലെ സര്‍ക്കാര്‍ സമീപനങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
പൊതുവാഹന സംവിധാനം പ്രോത്സാഹിപ്പിക്കും എന്ന വാഗ്ദാനം നടപ്പിലാക്കുവാനായി മെട്രോ/മിനി മെട്രോ/55000 കോടി തീവണ്ടി പാത, പുതിയ ഹൈവേകള്‍ എന്നിവയെ പറ്റിയാണ് സംസാരിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ വര്‍ദ്ധനവിനെ നിരുത്സാഹപ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ചെലവു കുറഞ്ഞ സബര്‍ബന്‍ ട്രെയിനുകള്‍, ട്രാം, Rapid Transit Bus സംവിധാനം എന്നിവയോട് വിമുഖരാണ്. പകരം വേഗ തീവണ്ടി പോലെയുള്ള വമ്പന്‍ പ്രോജക്റ്റുകളെ പറ്റി പറയുന്നു. ബസ്സ് ചാര്‍ജ്ജ് കുറക്കല്‍ വഴി പൊതു വാഹന യാത്രക്കാരെ പ്രോത്സാഹിപ്പിക്കല്‍, റോഡില്‍ നിന്നും റെയില്‍, റെയിലില്‍ നിന്നും ജലഗതാഗതം എന്ന നയം ചരക്കുനീക്കത്തിലെങ്കിലും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല.
ശബ്ദമലിനീകരണത്തെ നിയന്ത്രിക്കുവാന്‍ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടു വരും എന്ന ഇടതുപക്ഷ പ്രകടനപത്രികയിലെ ഉറപ്പ് ഉണ്ടായ ശേഷമാണ് സുപ്രീം കോടതി പടക്കം പൊട്ടിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പാറ മടകളില്‍ മറ്റും നടക്കുന്ന സ്‌ഫോടനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ല. സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതി വിധിയെ പ്രാബല്യത്തിലെത്തിക്കുവാന്‍ ശ്രമിക്കുന്നില്ല.
പഞ്ചായത്തുകളില്‍ ജൈവവൈവിധ്യ റജിസ്റ്റര്‍ തയ്യാറാക്കും എന്ന നിര്‍ദ്ദേശം (85) നടപ്പിലാക്കിയ ഏക സംസ്ഥാനമാണു കേരളം. അത്തരം റജിസ്റ്റര്‍ ലക്ഷ്യം വെക്കുന്ന, ഉല്‍പ്പന്നങ്ങളില്‍ നിന്നും 2 മുതല്‍ 5 % സെസ്സ് ഏര്‍പ്പെടുത്തുക, അവയുടെ പരമ്പരാഗത അറിവുകള്‍ക്ക് പേറ്റന്റ് എടുക്കുക, മുതലായ വിഷയങ്ങളില്‍ ശ്രദ്ധ കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായല്ല.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കുറ്റമറ്റ തീരുമാനങ്ങള്‍ ഉണ്ടാകും എന്ന ഉറപ്പ് ലക്ഷ്യം കണ്ടില്ല. സമര സമിതി ആവര്‍ത്തിച്ചു സമരം നടത്തിയിട്ടും മെഡിക്കല്‍ കോളജ്, 500 കോടി രൂപ മാറ്റി വെക്കല്‍ മുതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട തുണ്ട്. കീടനാശിനി / കളനാശിനി പ്രയോഗം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
പ്ലാച്ചിമട നിവാസികള്‍ക്ക് ട്രൈബൂണല്‍ നിര്‍ദ്ദേശിച്ച 261.25 കോടി രൂപ ലഭിക്കാതിരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ നടത്തിയ അട്ടിമറികള്‍ കുപ്രസിദ്ധമാണ്. വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയമ നടപടികള്‍ കൈകൊള്ളുമെന്ന് 91 ആം ഇനമായി പറഞ്ഞിരുന്നു. ഇവിടെ വാഗ്ദാനങ്ങള്‍ മറന്നു പോയിരിക്കുന്നു. നഷ്ടപരിഹാരം നല്‍കാത്ത കമ്പനി പുതിയ രീതിയില്‍ മടങ്ങി വരുവാന്‍ ശ്രമിക്കുന്നു.
ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത തരത്തില്‍ നഷ്ടങ്ങള്‍ വരുത്തി വെച്ച വെള്ളപൊക്ക / ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ബുദ്ധിമുട്ടിലെത്തിച്ച കേരള നാടിന് സുരക്ഷ ഉണ്ടാകുവാന്‍ രക്ഷാകര്‍തൃ റോളില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് കേരള സര്‍ക്കാര്‍. ഉത്തരവാദിത്തം നിറവേറ്റുകയാണെന്ന് ഇടതുപക്ഷ നേതാക്കള്‍ പോലും തൃപ്തികരമായി അംഗീകരിക്കില്ല. ചുരുക്കത്തില്‍ പ്രകടന പത്രികയിലെ ഒട്ടുമിക്ക പരിസ്ഥിതി സംബന്ധിയായ വാഗ്ദാനങ്ങളും 5 വര്‍ഷത്തിലെത്തുമ്പോളും ലക്ഷ്യത്തിലെത്തിയിട്ടില്ല എന്ന് പിണറായി സര്‍ക്കാര്‍ അംഗീകരിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in