കോടതികളിലെ ഇ-ഫയലിംഗ് : വികസ്വരമാകുന്ന ഒഴിവാക്കല്‍

ഇ-ഫയലിംഗ് വന്നപ്പോള്‍ അഭിഭാഷകര്‍ ഫയല്‍ ചെയ്യുന്നതിനുള്ള തങ്ങളുടെ ഓരോ വക്കാലത്ത് അന്യായം, പത്രിക, ഹര്‍ജി, എതിര്‍ സത്യവാങ്മൂലം, അസ്സല്‍ ഹര്‍ജി തുടങ്ങിയവയും ഓരോ പ്രമാണങ്ങളും പ്രതേ്യകമായി സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അതിനുവേണ്ടി വരുന്ന സാങ്കേതികമായ പ്രശ്‌നങ്ങളും അഭിഭാഷകര്‍ക്ക് അതു നിമിത്തം വേണ്ടി വരുന്ന അനാവശ്യമായ അധിക സമയവും കോടതികളിലെ സെര്‍വറുകളുടെ ശേഷിക്കുറവും ആണ് പൊതുവെ അഭിഭാഷകര്‍ ഉയര്‍ത്തി കാണുന്നത്.

മാറ്റത്തിന്റെ വഴി സ്വീകരിക്കാതെ തരമില്ല.

മാറ്റം എന്ന പ്രതിഭാസം പ്രപഞ്ച നിയമമാകയാല്‍ അതിനെ തടയുവാന്‍ ഈശ്വരനല്ലാതെ മറ്റൊരു ശക്തിക്കും കഴിയില്ല. ഈശ്വരസങ്കല്പം പോലും മിക്കവാറും എല്ലാ മതങ്ങളിലും പരിവര്‍ത്തനവിധേയമായിട്ടുമുണ്ട്. ഏതാനും വര്‍ഷങ്ങളായി നടപ്പിലാക്കിയിരിക്കുന്ന ഇ-കോര്‍ട്ട് എന്ന സംവിധാനം വിവര സാങ്കേതിക വിദ്യയുടെ വിന്യാസം എല്ലാ രംഗത്തേയ്ക്കും വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാണണം. അതുവഴി കേസിലെ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏതു കോടതിയിലേയും ഏതു കേസിന്റെയും വിവരങ്ങള്‍ നേരിട്ട് അറിയുവാന്‍ കഴിയും. സംശയദൃഷ്ടിയോടെ മാത്രം കാണുന്ന വ്യക്തിത്വമുള്ള കക്ഷികളില്‍ നിന്ന് ആദ്യകാലങ്ങളില്‍ ബുദ്ധിമുട്ടുള്ളതും വിചിത്രവുമായ ചില പെരുമാറ്റങ്ങള്‍ ഒരുപക്ഷേ വക്കീലന്‍മാര്‍ക്ക് ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത് പൊതുവെ ഉണ്ടാക്കുന്ന പൊതുജനങ്ങളുടെയും കേസിലെ കക്ഷികളുടെയും സൗകര്യങ്ങളും ജനാധിപത്യ അവകാശങ്ങളും വലിയതാണ്. അതിനുമുന്നില്‍ താല്കാലികമായി ഉണ്ടാകാവുന്ന ചെറിയ പ്രയാസങ്ങളും തടസ്സങ്ങളും ഒറ്റപ്പെട്ട അനുഭവങ്ങളും സാരമാക്കാവുന്നതല്ല. എന്നാല്‍ ഇപ്പോഴും കേസിലെ വിവരങ്ങള്‍ ശരിയായി അപ്‌ലോഡ് ചെയ്യുന്നതിലു ഉള്ള കൃത്യതയില്ലായ്മയും മറ്റും പരിഹരിക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് പല വിവരങ്ങളും അിറയുവാന്‍ കഴിയുന്നില്ലെന്ന പരാതികളും അവഗണിക്കേണ്ടതല്ല. അറിവിനെ സാര്‍വത്രികമാക്കുന്നതില്‍ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്കും സാദ്ധ്യതയുമാണ് ഇ-കോര്‍ട്ട് സംവിധാനത്തിലൂടെ പ്രകടമാകുന്നത്.

ഇ-ഫയലിംഗ് സാങ്കേതിക വിദ്യയുടെ ഒഴിവാക്കല്‍ പ്രക്രിയ

എന്നാല്‍ 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കിയ കോടതികളിലെ ഇ-ഫയലിംഗ് കൂടുതല്‍ ആഴത്തിലുള്ള വിശകലനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അഭിഭാഷകര്‍ക്ക് സാമ്പത്തികവും സാങ്കേതി വിദ്യാപരവുമായ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ആ സംവിധാനം ജനങ്ങളെ തന്നെയാണ് ബാധിക്കുന്നത്. വിഷമത്തിലാവുന്ന അഭിഭാഷകരെയും ജനങ്ങളെയും ഒട്ടും പരിഗണിക്കുന്ന മനോഭാവമല്ല ഇതു വരെ കാണിച്ചിട്ടുള്ളത്. മാറ്റം ഒഴിവാക്കാനാവില്ലെങ്കിലും മാറ്റം എന്ന പ്രതിഭാസത്തെ കൈപ്പിടിയിലാക്കി സ്ഥാപിത താല്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ ഒരു വരേണ്യവര്‍ഗം എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. മാറ്റത്തിന്റെ സ്വാഭാവികമായി പരിണമിക്കുന്ന വികാസം വഴി തിരിച്ചുവിടുവാന്‍ അക്കൂട്ടര്‍ക്ക് കഴിയും. അതേ സമയം മാറ്റത്തെ കൈപ്പിടിയിലാക്കി വഴി തിരിച്ചു വിടുന്നവര്‍ മാറ്റം വരുത്തുന്ന സാര്‍വ്വത്രിക ഗുണങ്ങളെപ്പറ്റി ഏറെ വാചാലരുമാകും. മാറ്റത്തില്‍ നിന്ന് മുഖം തിരിക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നും മാറ്റം ആരേയും കാത്തുനില്‍ക്കുന്നില്ലായെന്നും അക്കൂട്ടര്‍ വാദിച്ചേക്കാം. എന്നാല്‍ ഇ-ഫയലിംഗ് ഉയര്‍ത്തുന്ന നൈതികവുംരാഷ്ട്രീയവുമായ ചോദ്യങ്ങള്‍ക്ക് അവയൊന്നും മറുപടിയല്ല. സമൂഹത്തിലെ വെണ്ണപ്പാളിയ്ക്ക് താഴെയുള്ളവരെ നൂതന സാങ്കേതിക വിദ്യയിലൂടെ എങ്ങനെ ഒഴിവാക്കുവാന്‍ കഴിയുന്നു എന്നു കോടതികളിലെ ഓണ്‍ലൈന്‍ ഫയലിംഗ് കാണിക്കുന്നു.

ഇ-ഫയലിംഗ് വന്നപ്പോള്‍ അഭിഭാഷകര്‍ ഫയല്‍ ചെയ്യുന്നതിനുള്ള തങ്ങളുടെ ഓരോ വക്കാലത്ത് അന്യായം, പത്രിക, ഹര്‍ജി, എതിര്‍ സത്യവാങ്മൂലം, അസ്സല്‍ ഹര്‍ജി തുടങ്ങിയവയും ഓരോ പ്രമാണങ്ങളും പ്രതേ്യകമായി സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അതിനുവേണ്ടി വരുന്ന സാങ്കേതികമായ പ്രശ്‌നങ്ങളും അഭിഭാഷകര്‍ക്ക് അതു നിമിത്തം വേണ്ടി വരുന്ന അനാവശ്യമായ അധിക സമയവും കോടതികളിലെ സെര്‍വറുകളുടെ ശേഷിക്കുറവും ആണ് പൊതുവെ അഭിഭാഷകര്‍ ഉയര്‍ത്തി കാണുന്നത്. മതിയായ സിഗ്നല്‍ അഭാവവും അതുപോലെ ഉണ്ടാകാവുന്ന വൈദ്യുതി തടസ്സങ്ങളും മറ്റും അതിനോടൊപ്പം പറയാറുണ്ട്. എന്നാല്‍ സിവില്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താതെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നതെന്നും ആരോപണമുണ്ട്. അത്തരം കാര്യങ്ങളെല്ലാം സുപ്രധാനവും പരിഹരിക്കേണ്ടവയും ആണ്. മിക്കവയും ഒരുപക്ഷേ പരിഹരിക്കാവുന്നവയും ആണ്. പരിഹരിക്കാന്‍ കഴിയാത്ത ചില സംഗതികള്‍ ഒരുപക്ഷേ ഇ-ഫയലിംഗ് പ്രക്രിയയുടെ ഒരു പരിമിതിയായി മാത്രം വിലയിരുത്തുന്നവരും ഉണ്ടാകാം. തയ്യാറെടുപ്പുകളുടെ അഭാവവും നടപ്പിലാക്കിയതിലെ അവധാനതക്കുറവും പ്രകടമാണ്. അവയും പരിഹരിക്കേണ്ട വിഷയങ്ങളാണ്.

അഭിഭാഷകര്‍ നീതി നിഷേധത്തെ ചെറുത്തവര്‍

എന്നാല്‍ അതിനേക്കാളെല്ലാം ഗൗരവമായ വിഷയം ആണ് ഇ-ഫയലിംഗില്‍ അടങ്ങിയിരിക്കുതന്നത് എന്ന് പറയേണ്ടി വരും. അഭിഭാഷകര്‍ പൗരാണിക കാലം മുതലേ സമൂഹത്തിലെ ഉത്പതിഷ്ണുക്കളും മാറ്റത്തിന്റെ ചാലക ശക്തികളുമായി വര്‍ത്തിച്ചിട്ടുള്ളവരാണ്. അവര്‍ എപ്പോഴും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ അല്ലെങ്കില്‍ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നവരുടെ പക്ഷം പിടിച്ച് നീതി നടപ്പിലാക്കുന്നതിന് പലപ്പോഴും പ്രതിഫലം പോലും പറ്റാതെ പ്രവര്‍ത്തിച്ചിട്ടുള്ളവരുമാണ്. പൗരാണിക കാലത്ത് അഭിഭാഷകവൃത്തി പ്രഭുകുലജാതര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായിരുന്നപ്പോള്‍ അതു സാധ്യമായ കാര്യമായിരുന്നു. എന്നാല്‍ ആധുനിക ജനാധിപത്യ സങ്കല്‍പങ്ങളുടെ വികാസവും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും അഭിഭാഷകരായി കടന്നു വരുന്നതും ജീവിതത്തിന് തൊഴിലും വരുമാനവും അനിവാര്യമാകുകയും ചെയ്യുന്നതായ ഈ കാലഘട്ടത്തില്‍ മതിയായ വരുമാനം ഇല്ലാതെ ഒരു തൊഴിലും മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയില്ല. തൊഴില്‍ രംഗത്തെ മര്യാദകള്‍ പാലിക്കുന്ന വക്കീല•ാരില്‍, ഏറെ ചെലവേറിയ അഭിഭാഷക വൃത്തിയുടെ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അത്തരം സാഹചര്യത്തില്‍ പോലും സാമാന്യമായി പറഞ്ഞാല്‍ അഭിഭാഷകര്‍ സൗജന്യമായ നിയമസഹായ സേവനങ്ങള്‍ ഏറെ ചെയ്യുന്നവരാണ്.

നമ്മെ സംബന്ധിച്ച് പറയുമ്പോള്‍, ആധുനിക ജനാധിപത്യ ഇന്ത്യയുടെ നിര്‍മ്മിതിയിലും വിദേശ അടിമത്വത്തില്‍ നിന്നുള്ള മോചനത്തിലും അഭിഭാഷകര്‍ വഹിച്ച പങ്ക് നിസ്തുലവും പകരം വയ്ക്കാന്‍ കഴിയാത്തതുമാണ്. ഇ-ഫയലിംഗ് ചെയ്യുന്നതിന് വളരെ ചെലവേറിയ പ്രാഥമിക സൗകര്യങ്ങള്‍ അഭിഭാഷകര്‍ക്ക് വേണം. അല്ലാത്തവര്‍ക്ക് അത് പുറത്തു നിന്നും സ്വീകരിക്കുമ്പോഴും വലിയ ചെലവാണ് വരുന്നത്. കീഴ്‌ക്കോടതികളിലെ ബഹു ഭൂരിപക്ഷം അഭിഭാഷകരും അത്തരം സംവിധാനങ്ങള്‍ ഇല്ലാത്തവരാണ്. സര്‍വ്വരെയും ഉള്‍ക്കൊള്ളുന്നതിന് പകരം അഭിഭാഷകരിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗമൊഴികെ ഉള്ളവരെ ഒഴിവാക്കുന്ന ഇ-ഫയലിംഗിലെ അനീതിക്കെതിരെ അഭിഭാഷകരില്‍ ഗണ്യമായ വിഭാഗം അതിന്റെ ഇരളാകുന്നുവെങ്കിലും കാര്യമായി രംഗത്തു വന്നിട്ടില്ല. എന്നാല്‍ എല്ലാ സമൂഹങ്ങളിലും ഇപ്പോള്‍ പടര്‍ന്നു കയറിയ സ്വാര്‍ത്ഥപൂരിതമായ ലക്ഷ്യങ്ങളും ഭൗതിക നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനുള്ള വൃഗ്രതയും അഭിഭാഷകരേയും ഏറെ ബാധിച്ചിട്ടുണ്ട്. കോടതിയിലെ ഇ-ഫയലിംഗില്‍ അടങ്ങിയിരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഒഴിവാക്കല്‍ പ്രക്രിയ അഭിഭാഷകരുടെ പക്കല്‍ നിന്ന് ശക്തമായി ഉന്നയിക്കപ്പെടാതെ പോകുന്നത് ആ പശ്ചാത്തലത്തില്‍ നോക്കി കാണേണ്ടിവരും.

ഐകരൂപ്യമാക്കുന്നതിന്റെ പശ്ചാത്തലം

ഒരു നടപടി അല്ലെങ്കില്‍ നയം ചിലപ്പോഴൊക്കെ അതില്‍ തന്നെ പരിശോധിച്ച് നിലപാട് സ്വീകരിക്കുവാന്‍ കഴിയും. എന്നാല്‍ ചിലപ്പോഴെല്ലാം ഏതൊരു നടപടിയും ആകെ മൊത്തത്തിലുള്ള സാമൂഹിക സാഹചര്യങ്ങള്‍, സാമ്പത്തിക-രാഷ്ട്രീയ പ്രക്രിയകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുമ്പോഴാണ് അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളും പ്രത്യാഘാതങ്ങളും ശരിയായി മനസ്സിലാക്കുവാന്‍ കഴിയുക. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും പ്രദേശപരമായും ഭാഷാപരമായും ഒരുപാട് അസമത്വങ്ങളും വൈവിധ്യങ്ങളും നിലനില്‍ക്കുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരേ തരവും ഒരേ മാനദണ്ഡവും സാര്‍വ്വത്രികമായി പ്രയോഗത്തിലാക്കാവുന്നതല്ലെന്നാണ് നമ്മുടെ സാഹചര്യം ശക്തമായി പറയുന്നത്. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെയും സമകാലികമായ രാഷ്ട്രീയ, സാംസ്‌കാരിക വെല്ലുവിളികളുടെയും സാഹചര്യങ്ങള്‍ അതിനു വിപരീതമായി സമ്പൂര്‍ണ്ണമായ ഐകരൂപ്യമാക്കലും വൈവിധ്യങ്ങളെ അമര്‍ച്ച ചെയ്യുന്നതുമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആ ഐകരൂപ്യം നേടുന്നതിനുള്ള ഹൃദയശൂന്യമായ ബുള്‍ഡോസിംഗില്‍ ചതഞ്ഞരയുന്ന സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളും ഉപജീവനത്തിന്റെ വിഭിന്നമായ മാര്‍ഗ്ഗങ്ങളും തകരുന്നത് ജനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. അത് രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഉരുത്തിരിഞ്ഞിട്ടുള്ള ചെറിയ ചെറിയ സമരങ്ങളോ പ്രതിഷേധങ്ങളോ ആയി മാത്രമായിരിക്കാം നാം കാണുന്നത്. വളരെ ചെറിയ സംഖ്യ മാത്രം വരുന്ന ഉന്നത തലത്തിലുള്ള ബുദ്ധിജീവികള്‍ക്കിടയിലെ ചര്‍ച്ചകള്‍ക്കും പ്രൊഫഷണല്‍ രചനകള്‍ക്കുമപ്പുറം സാമാന്യജനങ്ങളുടെ ഇടയില്‍ അവയൊന്നും ചര്‍ച്ചാ വിഷയമാകുന്നില്ല. കുറഞ്ഞ പക്ഷം അതിന്റെ രാഷ്ട്രീയമായ ഉരുത്തിയാല്‍ ഒട്ടുമേ നടന്നിട്ടില്ല. നമ്മുടെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നതും മറ്റൊന്നല്ല. അത്തരം ഐകരൂപ്യം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളുടെ ബീഭത്സത പോലും ലോകം ഒന്നാകുന്നതിന്റെ വലിയ നേട്ടങ്ങളായി തത്പര കക്ഷികള്‍ ചിത്രീകരിക്കുന്ന കാഴ്ചയാണ് എവിടെയും. എന്നാല്‍ സാംസ്‌കാരിക വൈവിധ്യങ്ങളെയും രാഷ്ട്രീയ അവകാശങ്ങളേയും അടിച്ചമര്‍ത്തുന്നത് പലവിധത്തില്‍ മര്‍ദ്ദിതരും ചൂഷിതരരുമാക്കപ്പെടുന്നവരുടെ ഏറെ രക്തമൊലിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ലോകത്തെമ്പാടും നിലനില്‍ക്കുന്നത്. ഏറ്റവും പരിഷ്‌കൃതമെന്ന് ലോകത്തെ വിശ്വസിപ്പിക്കുന്ന വെള്ളക്കാരുടെ യൂറോ-അമേരിക്കന്‍ ചൂഷണ താല്പര്യങ്ങള്‍ തന്നെയാണ് അതാതിടങ്ങളിലെ ഭരണസംവിധാനങ്ങളിലൂടെ അത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് കാരണമാകുന്നത്്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ കമ്യൂനിസ്റ്റ് ചൈനയും ഇസ്ലാമിക ഫാഷിസ്റ്റ് വര്‍ഗ്ഗീയവാദത്തിന്റെ തുര്‍ക്കിയും ജനാധിപത്യ ചട്ടക്കൂടില്‍ നില്‍ക്കുന്ന ഇന്ത്യയും മുന്‍ പറഞ്ഞ ആഗോളീകരണത്തിന്റെ ബുള്‍ഡോസിംഗില്‍ വേറിട്ട ഒരു ഏടാണ് തങ്ങളുടേതായി സൃഷ്ടിക്കുന്നത്. ചൈനയില്‍ ഹാന്‍ വംശജരുടെ മേധാവിത്വത്തില്‍ ഐകരൂപ്യമാക്കുവാനുള്ള പ്രക്രിയയില്‍ ഉയിഗൂര്‍ വംശജരായ കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ മുസ്ലീങ്ങളെയും തിബത്തിലെ ബുദ്ധമത വിശ്വാസികളെയും മറ്റിടങ്ങളിലെ എണ്ണമറ്റ ഗോത്ര സമൂഹങ്ങളെയും വിവരിക്കാനാകാത്ത വിധം അടിച്ചമര്‍ത്തുകയും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുകയും ആണ്. അതുപോലെ തുര്‍ക്കിയിലും ഇസ്ലാമിക ഭീകരത മറ്റു മതവിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ഭീകരമായി അടിച്ചമര്‍ത്തുകയാണ്. സ്വതന്ത്രമായ നീതിന്യായ സംവിധാനവും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭകളും ജനാധിപത്യ സര്‍ക്കാരുകളും സ്വതന്ത്രമായ മാധ്യമങ്ങളും നിലനില്‍ക്കുന്ന ഇന്ത്യ, ഒട്ടും തുറന്ന ജനാധിപത്യമില്ലാത്ത ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും വിഭിന്നമായ സാഹചര്യത്തിലാണ്. ഇന്ത്യയില്‍ ആ സംവിധാനങ്ങളുടെയെല്ലാം ചട്ടക്കൂടിനുള്ളില്‍ തന്നെയാണ് ഹിന്ദുത്വ ഫാഷിസത്തിന്റെ നിര്‍ദ്ദയമായ ഐകരൂപ്യമാക്കുവാനുള്ള പ്രക്രിയ ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടി മെതിക്കുന്നത്. കാശ്മീരിലെയും ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ അതില്‍ സവിശേഷമായ അടിച്ചമര്‍ത്തലാണ് നേരിടുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളും ആഗോളവത്കരണത്തിന്റെ പുരോഗമന ഛായ അണിഞ്ഞ അന്തമില്ലാത്ത ഐകരൂപ്യ ബുള്‍ഡോസിംഗില്‍ ഏറ്റവും മുമ്പന്തിയില്‍ തന്നെയാണ്. പരസ്പര പൂരകങ്ങളായി തീരുവാന്‍ കഴിയുന്ന ഒരു സമവാക്യമായി ലയിക്കുന്ന ഐകരൂപ്യം കൈവരിക്കുവാനുള്ള തത്വചിന്തയായും പ്രക്രിയ ആയും പരിണമിക്കുന്ന ആന്തര്‍ധാര അവയില്‍ ഉണ്ടെന്നതാണ് സത്യം.

വിശാലമായ ഉല്‍കൊള്ളലും ഐക്യവും നേടുന്ന ദിശാ ബോധത്തിലേയ്ക്ക് സ്വാതന്ത്ര്യം പ്രാപിച്ച ഇന്ത്യയ്ക്ക് പോകുന്നതിനുള്ള തുറന്ന ബഹുകക്ഷി ജനാധിപത്യത്തിന്റെ പ്രാഥമിക ഘടകം ഉണ്ടായിരുന്നു. എന്നാല്‍ തുല്യത നേടുന്നതിനുള്ള സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും പ്രദേശപരവുമായ പ്രക്രിയകളും നടപടികളും തടയപ്പെട്ട് ഏകപക്ഷീയതകള്‍ നമ്മെ കീഴടക്കി കളഞ്ഞു. ഭരണ രംഗത്ത് മാത്രമല്ല ഹിന്ദുത്വ, കമ്യൂനിസിറ്റ് , നെഹ്രു വാദ ആശയങ്ങളും യാഥാസ്ഥിതിക താല്പര്യങ്ങളും ആ പ്രതിബന്ധം സൃഷ്ടിക്കുന്നതില്‍ പങ്കു വഹിച്ചു.

ഐകരൂപ്യത്തില്‍ പുറന്തള്ളപ്പെടുന്നവര്‍

നമ്മുടെ രാജ്യത്തെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കടന്നുകയറുന്ന ദ്വിമുഖമായ ഐകരൂപ്യമാക്കുന്നതിനുള്ള ബുള്‍ഡോസിംഗില്‍ ഒടുവിലത്തേതാണ് കോടതികളിലെ ഇ-ഫയലിംഗ് സംവിധാനം. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കവിഭാഗത്തിലുള്ള അഭിഭാഷകര്‍ അതുപോലെ സാങ്കേതികവിദ്യാ ശേഷിയില്‍ പിന്നാക്കം നില്‍ക്കുന്ന പ്രായം കൂടിയവരും അല്ലാത്തവരുമായ അഭിഭാഷകര്‍ തുടങ്ങിയവരെല്ലാം പുറന്തള്ളപ്പെടുന്ന സ്ഥിതിവിശേഷം അതില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതെല്ലാം പുരോഗതിയുടെ ഒഴിവാക്കാനാവാത്ത ഒരു പാര്‍ശ്വഫലം മാത്രമാണെന്ന് കരുതുന്നവരുണ്ടാകാം. അതെല്ലാം കാലക്രമേണ മാറിക്കൊള്ളുമെന്ന വാദിഗതി ഉയര്‍ത്തുന്നവര്‍ പ്രശ്‌നത്തിന്റെ അഗാധത മനസിലാക്കാത്തവരാണ്. അസമത്വവും ജനങ്ങളില്‍ വലിയൊരു ഭാഗത്തെ പുറന്തള്ളുന്നതും വര്‍ദ്ധമാനമാക്കുന്ന അതിവേഗ പാളത്തിന്റെ ദിശയിലാണ് ലോകമിപ്പോള്‍ സഞ്ചരിക്കുന്നത്. അത് ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് തള്ളി നീക്കപ്പെടുന്നവരുടെ പ്രാപ്യതക്കുറവ് സുസ്ഥിരമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രക്രിയ വിവിധങ്ങളായ ഇടങ്ങളില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസം, ഉപജീവനമാര്‍ഗ്ഗം, ഉല്‍പാദന പങ്കാളിത്തം, വരുമാനം തുടങ്ങിയ മേഖലകളില്‍ ബോധപൂര്‍വ്വമായ ലക്ഷ്യങ്ങളെ ഉറപ്പിക്കുന്നുണ്ടെന്ന ആരോപണം മുഖവിലയ്ക്ക് തള്ളികളായാവുന്നതുമല്ല. എഷ്യ, ആഫ്രിക്ക, ലത്തീന്‍ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുടെ കടക്കെണി ഉയരുന്നത് അനുസരിച്ച് ജനങ്ങളുടെ കടബാധ്യതകളും ഉയരുന്നതും ഉപജീവന മാര്‍ഗങ്ങള്‍ അടയുന്നതും വരുമാനം ഇടിയുന്നതും കനത്ത നികുതി ഭാരം വര്‍ദ്ധിക്കുന്നതും ആ രാജ്യങ്ങളുടെ നാണയത്തിന്റെ വിനിമയ മൂല്യം കുറയ്ക്കുന്നതും അത്തരം ലക്ഷ്യങ്ങളുടെ പരിണിതഫലമാണ്. പുത്തന്‍ സാങ്കേതിക വിദ്യ പ്രയോഗിച്ച് സാര്‍വ്വത്രികവല്‍ക്കരണം ഒരു വശത്ത് സംഭവിക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് ജനസമാന്യത്തിന്റെ പാപ്പരീകരണവും ഉണ്ടാകുന്നത്. ഒരുവശത്ത് ഇലക്‌ട്രോണിക് സാക്ഷരതയും സാമൂഹിക മാധ്യമങ്ങളിലെ പ്രവേശന ക്ഷമതയും വര്‍ദ്ധിക്കുമ്പോള്‍, ഇന്നത്തെ വാണിജ്യവല്‍ക്കരണത്തില്‍ വിദ്യാഭ്യാസത്തിന്റെ തങ്ങാനാവാത്ത ചെലവില്‍ അത് അപ്രാപ്യമാകുന്ന ജനങ്ങളുടെ എണ്ണം പെരുകി അര്‍ഹമായതും യോഗ്യതയുള്ളതും അഭിലഷിക്കുന്നതുമായ വിദ്യാഭ്യാസം ലഭിക്കാതെ വരുന്നതും. അപവാദങ്ങളായി അവിടെയും ഇവിടെയും ഉള്ള ചില ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കുന്നത് അസംഗതമാണ്. സാധാരണവും പൊതുവെയും സാര്‍വ്വത്രികവുമായ പ്രതിഭാസങ്ങളെയാണ് വിലയിരുത്തുണ്ടേത്. ജനങ്ങളെ പുറന്തള്ളുന്നതില്‍ ക്രമേണയും ഗുണപരവുമായ മാറ്റം ഉണ്ടാകുമെന്ന വാദം പൊള്ളത്തരമായി തീരുന്നത് മനസിലാക്കുവാന്‍ അതില്‍പരം മറ്റെന്താണ് വേണ്ടത്.

സമ്പൂര്‍ണ്ണതയുടെ ഉള്‍ക്കൊള്ളല്‍ ദിശാബോധം

എന്നാല്‍ ലോകമൊട്ടാകെ പുറന്തള്ളപ്പെടുന്ന സാമൂഹിക വിഭാഗങ്ങളേയും വിഭിന്നമായ കഴിവുകള്‍ ഉള്ളവരെയും സ്ത്രീയും പുരുഷനും അല്ലാത്ത വിഭിന്നമായ ലിംഗ പദവിയുള്ളവരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ചേര്‍ത്തു നിര്‍ത്തണമെന്ന ഏറ്റവും വിശാലമായ ഉള്‍ക്കൊള്ളല്‍ സമീപനം വികസിക്കുമ്പോള്‍ അത്തരം പുറന്തള്ളല്‍ വാദഗതികള്‍ അംഗീകരിക്കാനാവില്ല. അധികാരികള്‍ ഏതൊരു നയം സ്വീകരിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുമ്പോള്‍ ഏറ്റവും ഒടുവിലത്തെ ആളെ അത് എങ്ങനെയാണ് ബാധിക്കുന്നത് എന്ന അളവുകോല്‍ സ്വീകരിക്കണമെന്ന മഹാത്മഗാന്ധിയുടെ ശാസന ഏറ്റവും പതിതനായ ഒരാളോട് കാണിക്കുന്ന കാരുണ്യത്തിന് അപ്പുറമാണ്. ഏറ്റവും ദുര്‍ബലന്‍ ഉള്‍പ്പെടെ സമൂഹത്തിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍കൊള്ളുവാനുള്ള ഒരു തത്വമാണ് അത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറച്ച് ആളുകുളുടെ കഴിവുകള്‍ പാരമ്യത്തിലാക്കുക എന്ന ആധുനിക നാഗരികതയുടെ ദിശയിലേയ്ക്കല്ല മഹാത്മാഗാന്ധിയും ബാബാ സാഹിബ് അംബേഢ്ക്കറും ഡോ. രാം മനോഹര്‍ ലോഹ്യയും ഉയര്‍ത്തിപ്പിടിച്ച മുഴുവന്‍ ആളുകളേയും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണ കാര്യക്ഷമതയുടെ ദിശയിലേയ്ക്കാണ് നമ്മുടെ രാജ്യം ചരിക്കേണ്ടത്. അത്തരം ജനാധിപത്യ ബോധവും വിശാലതയും ഉണ്ടെങ്കില്‍ കോടതികളിലെ ഇന്നത്തെ ഇ-ഫയലിംഗ് സംവിധാനത്തിന് പകരം മറ്റൊരു രീതിയില്‍ അത് നടപ്പിലാക്കാവുന്നതാണ്. ഇ-ഫയലിംഗ് നടത്തുവാന്‍ ശേഷിയും സാഹചര്യവും ഉള്ള അഭിഭാഷകര്‍ക്ക് അപ്രകാരം ചെയ്യുന്നതിനും അതിനുള്ള ശേഷിയും സാഹചര്യവും ഇല്ലാത്ത അഭിഭാഷകര്‍ക്ക് മുമ്പുള്ളതു പോലെ കടലാസുകളില്‍ തങ്ങളുടെ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനും അവസരം നല്‍കുകയാണ് വേണ്ടത്. കോടതി/സര്‍ക്കാര്‍ അപ്രകാരം ഫയല്‍ ചെയ്യുന്ന കടലാസ് രൂപത്തിലുള്ളവ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ രൂപത്തില്‍ എടുക്കുവാന്‍ ബാധ്യസ്ഥമാവുകയാണ് നമ്മുടെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെയും യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗം. ഇപ്പോഴത്തെ ഇ-ഫയലിംഗ് സംവിധാനം അഭിഭാഷകരുടെ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ചെലവ് ഏറെ വര്‍ധിപ്പിക്കും. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവര്‍ അവരുടെ ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ അത് ജനങ്ങളുടെ ചുമലിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കേസിലെ ഇ-ഫയലിംഗ് ഉണ്ടാക്കുന്ന അഭിഭാഷകരുടെ അധിക ചെലവ് ജനങ്ങളുടെ തലയില്‍ തന്നെ വരുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ഇന്നത്തെ ഇ-ഫയലിംഗ് സംവിധാനം അഭിഭാഷക വൃത്തിയില്‍ സാമ്പത്തികമായും സാങ്കേതിക പരിജ്ഞാനത്തിലും പ്രയോഗത്തിലും മുന്നിലുള്ളവര്‍ ഒഴികെ വരുന്ന വിഭാഗം ക്രമേണയായി പുറന്തള്ളപ്പെടുന്ന ഒഴിവാക്കലില്‍ ചെലവിന്റെ വര്‍ദ്ധനവിലൂടെ ജനങ്ങളും ആ ഒഴിവാക്കല്‍ പ്രക്രിയയില്‍ ഉള്‍പ്പെടും.

നീതിന്യായ ധര്‍മ്മത്തിന്റെ ചുമതല

ലോകത്തില്‍ ഏറ്റവും അധികം നികുതി ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ജനാധിപത്യ സമൂഹത്തില്‍ നീതിന്യായം സര്‍ക്കാരിന്റെ ചുമതലയും ധര്‍മ്മവും ആയിരിക്കുന്നിടത്തോളം ഇ-ഫയലിംഗിന് പകരം കടലാസില്‍ ഫയല്‍ ചെയ്യുന്നവ ഡിജിറ്റല്‍ രൂപത്തിലാക്കാവുന്‍ സര്‍ക്കാരിനും കോടതികള്‍ക്കും ചോദ്യം ചെയ്യാനാവാത്ത ചുമതലയും കടമയും ഉണ്ട്. എന്നാല്‍ സുപ്രീം കോടതി മുതല്‍ താഴോട്ടുള്ള കോടതികള്‍ വരെയുള്ള ന്യായാധിപരിലും അഭിഭാഷകരിലും ഇന്നത്തെ ലോക സാഹചര്യത്തില്‍ വ്യാപകമായിരിക്കുന്ന വരേണ്യവര്‍ഗ്ഗ സംസ്‌കാരവും താല്‍പര്യങ്ങളും അത്തരം വിശാലതയും ജനാധിപത്യ അവകാശങ്ങളോടുള്ള പരിഗണനയും നേടുന്നതിന് വലിയ തടസ്സം തന്നെയാണ്. കഴിഞ്ഞ കാലങ്ങളില്‍ അഭിഭാഷകര്‍ തങ്ങളുടെ അഭിഭാജാത വര്‍ഗ്ഗ താല്പര്യങ്ങള്‍ക്ക് അതീതമായി നഷ്ടങ്ങള്‍ സഹിച്ചു പോലും സ്വാതന്ത്ര്യത്തിനും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് മുന്നിട്ടറങ്ങിയവര്‍ ആണ്. നീതി സ്ഥാപിക്കാനുള്ള മാറ്റത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ തന്നെയാണ് ഉണ്ടാകേണ്ടത്.

നീതി ന്യായരംഗവും പുതുപുത്തന്‍ സാങ്കേതിക വിദ്യയിലൂടെ നവീകരിച്ച് കൂടുതല്‍ എളുപ്പത്തിലാക്കുവാനുള്ള ശ്രമം ആണെന്ന് സ്വയം ഭാവിക്കുന്ന അതിന്റെ ആസൂത്രകര്‍ തിരിച്ചറിയാത്തതോ തിരിച്ചറിഞ്ഞിട്ടും അറിയാത്തതുപോലെ ഭാവിക്കുന്നതോ ആയ സുപ്രധാനമായ ഒരു സംഗതിയുണ്ട്. ഓണ്‍ലൈന്‍ മാര്‍ഗ്ഗം ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയാണെന്ന തോന്നല്‍ ജനിപ്പിക്കുന്നതിലും ഓണ്‍ലൈന്‍ രീതിയാണ് കാര്യക്ഷമതയ്ക്ക് അനുയോജ്യമെന്നും ലോകത്തെ വിശ്വസിപ്പിക്കുന്നതിലും അദ്യശ്യമായി നില്‍ക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റുഫോം ഉടമകളുടെ കച്ചടവട താല്‍പ്പര്യങ്ങളാണ് അത്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഒരു പൈസയുടെ ദശാംശങ്ങളാണ് ലഭിക്കുന്നതെങ്കിലും കോടാനുകോടി ആളുകളെ അതില്‍പ്പെടുത്തുമ്പോള്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോം പോലുള്ള ഉടമകള്‍ക്ക് ലഭിക്കുന്ന സംഖ്യകള്‍ക്ക് അതിരില്ലാത്തതാണ്. അദൃശ്യരായ അത്തരം ശക്തികള്‍ വലിയ കോര്‍പറേറ്റ് താത്പര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. പല നിയമങ്ങളും വരുന്നതും പോകുന്നതും രാജ്യത്ത് ചര്‍ച്ചകളോ മതിയായ അഭിപ്രായ രൂപീകരണമോ നടത്തിയതിന് ശേഷമല്ല എന്നുള്ള സ്ഥിതി വിശേഷം ജനങ്ങളുടെ അവകാശങ്ങള്‍ ഒരുപാട് നിഷേധിക്കുന്നതിന് ഇടയാക്കിയിട്ടുമുണ്ട്. സര്‍ഫാസി നിയമം മുതല്‍ ഐതിഹാസികമായ സമരത്തിനൊടുവില്‍ പിന്‍വലിക്കേണ്ടി വന്ന കാര്‍ഷിക – അവശ്യ വസ്തു നിയമങ്ങള്‍ വരെയുള്ളത് അക്കൂട്ടത്തില്‍പെടും. അവയെല്ലാം ഉല്‍ഭവിക്കുന്നത് ഏത് ശക്തികളുടെ താല്പര്യപ്രകാരവും ഇടപെടലും വഴിയാണെന്ന് വിവരിക്കേണ്ടതില്ല. അത്തരം നീക്കങ്ങള്‍ രാജ്യത്ത് സുഗമാക്കുന്നവര്‍ സുഗമമായി ജീവിക്കുന്നതും നമ്മുടെ കണ്‍മുന്നിലുണ്ട്. ആഗോള തലത്തില്‍ രാഷ്ട്രങ്ങളിലെ അടച്ചുപൂട്ടലകളും സര്‍വ്വരംഗത്തും ആ തരം നോക്കി ഓണ്‍ലൈന്‍ വ്യവഹാരങ്ങള്‍ ആക്കിയതും വെറും യാദൃച്ഛികമല്ല. നവംബര്‍ 25-ാം തിയതി മുതല്‍ ടെലികോം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ചാര്‍ജ്ജ് കൂട്ടിയതും കോടതികളിലെ ഇ-കോര്‍ട്ട്, ഇ-ഫയലിംഗ് സംവിധാനങ്ങള്‍ വിപുലമാക്കുന്ന കച്ചവട സാധ്യതകളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലായെന്ന് രാജ്യത്തിന്റെ സാമ്പത്തിക പ്രക്രിയയെക്കുറിച്ച് നിരക്ഷരത പിടി കൂടിയിട്ടുളള ജനങ്ങള്‍ വിശ്വസിക്കാതെ തരമില്ല. എന്നാല്‍ അത് യാദൃച്ഛികമാണെങ്കില്‍ പോലും അതില്‍ ഉള്‍പ്പെടുന്ന സമ്പത്തിന്റെ വെട്ടിപിടിത്തം അപാരമെന്നേ പറയേണ്ടൂ. അവയെല്ലാം കൂടി കണക്കിലെടുക്കുമ്പോള്‍ കോടതികളിലെ ഇന്നത്തെ ഇ-ഫയലിംഗ് ഒരുപാട് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply