കാലത്തിന് മുന്നേ സഞ്ചരിച്ച പുസ്തകങ്ങള്‍
പതിനെട്ടാം നൂറ്റാണ്ടിലെ ജോണാഥന്‍ സ്വിഫ്റ്റിന്റെ ഗല്ലിവേര്‍സ് ട്രാവല്‍സില്‍ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിലെ എച്ച് ജി വെല്‍സിന്റെ The Time Machin (1895), When the Sleeper Wakes, ആന്റണി ട്രൊല്ലോപ്പിന്റെ The fixed period എന്നീ പുസ്തകങ്ങളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ ജാക്ക് ലണ്ടന്റെ The iron heel എന്നിവ കടന്ന് ഇ എം ഫോസ്റ്ററിന്റെ The Machine stops ലേക്ക് എത്തുമ്പോഴേക്കും അതാത് കാലഘട്ടത്തിന്റെ ആകുലതകളേയും അസന്തുഷ്ടിയാര്‍ന്ന സമൂഹത്തെയും അഭിസംബോധന ചെയ്താണ് അവ സഞ്ചരിച്ചതെന്ന് കാണാം. ഈ കാലഘട്ടത്തില്‍ ശ്രദ്ധേയനായ ജോര്‍ജ്ജ് ഓര്‍വലിന്റെ ‘1984’ എന്ന കൃതി നിലനില്‍പ്പില്ലാത്ത സമൂഹത്തില്‍ അതിജീവനത്തിനായി പൊരുതുന്ന ഡയസ്റ്റോപ്പിയന്‍ സമൂഹത്തെ വരച്ചു കാട്ടുന്നു – കൊവിഡ് കാലത്ത് പ്രസക്തമായ ഡയസ്റ്റോപ്പിയന്‍ എഴുത്തുകളെ കുറിച്ചാണ് ശ്രീകല മുല്ലശ്ശേരി എഴുതുന്നത്..
ഒരിക്കല്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ചോദിച്ചു ഈ ലോകത്തു നിന്നെ അത്ഭുതപ്പെടുത്തിയത് എന്താണ്? ഉടനെ അര്‍ജുനന്‍ മറുപടി പറഞ്ഞു ചുറ്റും മരണങ്ങള്‍ നടന്നിട്ടും തനിക്ക് മാത്രം അത് സംഭവിക്കില്ല എന്ന മനുഷ്യന്റെ ആത്മവിശ്വാസമാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് എന്നാണ്. പക്ഷെ അതൊരു ഉള്ളു പൊള്ളയായ ബാഹ്യമായ ആത്മവിശ്വാസം മാത്രമാണ് എന്നുള്ള യാഥാര്‍ഥ്യം മനുഷ്യസമൂഹം ഇപ്പോള്‍ കണ്‍മുന്നില്‍ കാണുകയാണ് .
ലോകം മുഴുവനും വ്യാപിച്ചു നില്‍ക്കുന്ന മഹാമാരിയുടെ മുന്നില്‍ മനുഷ്യന്‍ അഹങ്കാരത്തോടെ നോക്കിക്കണ്ട ശാസ്ത്ര സാങ്കേതിക വിദ്യ ദുര്‍ബലമാവുന്ന ഭീകരദൃശ്യം നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ത്തെറിഞ്ഞു. കോവിഡ് 19 എന്ന കൊറോണ വൈറസ് മനുഷ്യന്റെ എല്ലാ ശാസ്ത്രീയ വീക്ഷണങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് മരണം വിതക്കുകയാണ്. വെറും പത്തു രൂപയുടെ സോപ്പിന് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മനുഷ്യ ശരീരത്തിന് വൈറസിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്നില്ല എന്ന നിസ്സാരമായ ചോദ്യത്തിന് മുന്നില്‍ ശാസ്ത്രലോകം പകച്ചു നില്‍ക്കുകയാണ്. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട വൈറസ് അമേരിക്കയിലും സ്‌പെയിനിലും ഇന്തോനേഷ്യയിലും എന്ന് വേണ്ട ലോകത്തിലെ സര്‍വ്വമുക്കിലും മൂലയിലും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മരണങ്ങള്‍ ആയിരങ്ങളില്‍ നിന്നും ലക്ഷങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു .രാജ്യങ്ങള്‍ പൂര്‍ണമായും ലോക്ക് ഡൗണിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ അവശേഷിപ്പിച്ചത് നിരാശയും ഉത്കണ്ഠയും ഭീതിയും നിറഞ്ഞ മനുഷ്യ സമൂഹത്തെ മാത്രമാണ്. പ്രതീക്ഷാരഹിതമായ ഭാവിജീവിതത്തെ കുറിച്ചു ആശങ്കകള്‍ പങ്ക് വെക്കുമ്പോള്‍ ഒരുപക്ഷെ ഡാര്‍വിന്റെ പ്രകൃതി നിര്‍ധാരണ സിന്താന്തമാണോ ലോകത്തു പ്രാവര്‍ത്തികമാക്കുന്നത് എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു
കോവിഡാനന്തര ലോകത്തെ കുറിച്ചു ഭീതിതമായ സംശയങ്ങള്‍ ഉരുത്തിരിയുമ്പോള്‍ ഒരു പക്ഷെ കാലത്തിന് മുന്നേ സഞ്ചരിച്ച പല പുസ്തകങ്ങളും ഫിക്ഷനുകളും അത്തരത്തിലുള്ള നിരാശഭരിതമായ സമൂഹത്തിനെകുറിച്ചു കാലേകൂട്ടി പ്രവചിച്ചിരുന്നു എന്നു കാണാതെ വയ്യ. ഇത്തരത്തിലുള്ള ഉള്‍ക്കാഴ്ചകളെ വിളംബരം ചെയ്യുന്ന ശാസ്ത്രീയ എഴുത്തു മാതൃകകള്‍ ലോകത്തെങ്ങും പ്രചുര പ്രചാരം സിദ്ധിച്ചവയും കൂടിയാണ്. സയന്‍സ് ഫിക്ഷനുകളായാണ് ഇവയിലേറെയും കാലത്തോട് സംവദിക്കുന്നത്. ഭാവിയിലെ സത്യങ്ങളെ പ്രവചിക്കുന്ന ഭാവി വര്‍ത്തമാനത്തിന്റെ ആകുലതകളാണല്ലോ സയന്‍സ് ഫിക്ഷന്‍. അശുഭകരമായ അത്തരം കാഴ്ചകളിലേക്ക് മനുഷ്യരാശിയുടെ ബോധജാലകങ്ങളെ തുറന്നിടാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് പുതിയ സാഹിത്യരൂപങ്ങളായ ഡയസ്റ്റോപ്പിയന്‍ ഫിക്ഷനുകളും ക്ലൈമറ്റ് ഫിക്ഷനുകളും കടന്നുവരുന്നത്. എവിടെയാണോ മനുഷ്യന്‍ പരാജയപ്പെടുന്നത്, പോരാടുന്നത്, ഉത്കണ്ഠപ്പെടുന്നത് അവിടുത്തെ സാഹചര്യത്തെ നിര്‍ണ്ണയിക്കാന്‍, പ്രവചിക്കാന്‍ ഓരോ രൂപങ്ങളും ഉത്ഭവിക്കും എന്നു പറയുന്നതിന്റെ പ്രധാന തെളിവ് തന്നെയാണ് ഇത്തരം ഫിക്ഷനുകളും സിനിമകളും. ഭാവിയെക്കുറിച്ചുള്ള വര്‍ത്തമാനകാല ഉത്കണ്ഠകള്‍ പങ്കുവെക്കുന്ന മുഖ്യധാര സയന്‍സ് ഫിക്ഷനുകള്‍ മുമ്പു തന്നെ പ്രചരിക്കുന്നുണ്ടെങ്കിലും ഇന്ന് അത്തരത്തിലുള്ള ആശങ്കകള്‍ ചുറ്റുപാടും രൂഢമൂലമായതിനാല്‍ ഡയസ്റ്റോപ്പിയന്‍ എഴുത്തുകളും ക്ലൈമറ്റ് ഫിക്ഷനുകളും മുമ്പെന്നത്തേക്കാളും പ്രസക്തമാകുകയാണ്.
മനുഷ്യരാശി നിരന്തരമായ പുരോഗതി ലക്ഷ്യം വെക്കുമ്പോഴും ഉയര്‍ന്ന ജീവിത നിലവാരം സ്വപ്നം കാണുമ്പോഴും അവയ്ക്ക് മനോഹരമായ ഒരു അവസാനം കാണാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പകരം സന്തോഷമില്ലാത്ത, നിഷ്ഫലമായ dystopia (നിരാശ) അവശേഷിപ്പിക്കുന്നു. ‘dystopia’ ഒരു ഗ്രീക്ക് പദമാണ്. പേടിക്കുന്ന അല്ലെങ്കില്‍ അസന്തുഷ്ടിയുള്ള ഒരു സമൂഹം എന്ന അര്‍ത്ഥത്തില്‍ അതിനെ വ്യാഖ്യാനിക്കാം. മനുഷ്യന്‍ സൃഷ്ടിക്കുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും പ്രകൃതിനിഷിദ്ധമായ ജീവിതരീതിയും ലൈംഗിക അടിച്ചര്‍മത്തലും നിരാശാകുലമായ കാഴ്ച്ചപ്പാടുകള്‍ വികസിച്ചു വരാന്‍ കാരണമായിട്ടുണ്ട്. ജീവിതത്തിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക് ആനയിക്കുന്ന സയന്‍സ് ഫിക്ഷനുകളാണ് ഇന്ന് എഴുത്തുലോകത്ത് പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലെ ജോണാഥന്‍ സ്വിഫ്റ്റിന്റെ ഗല്ലിവേര്‍സ് ട്രാവല്‍സില്‍ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിലെ എച്ച് ജി വെല്‍സിന്റെ The Time Machin (1895), When the Sleeper Wakes, ആന്റണി ട്രൊല്ലോപ്പിന്റെ The fixed period എന്നീ പുസ്തകങ്ങളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ ജാക്ക് ലണ്ടന്റെ The iron heel എന്നിവ കടന്ന് ഇ എം ഫോസ്റ്ററിന്റെ The Machine stops ലേക്ക് എത്തുമ്പോഴേക്കും അതാത് കാലഘട്ടത്തിന്റെ ആകുലതകളേയും അസന്തുഷ്ടിയാര്‍ന്ന സമൂഹത്തെയും അഭിസംബോധന ചെയ്താണ് അവ സഞ്ചരിച്ചതെന്ന് കാണാം. ഈ കാലഘട്ടത്തില്‍ ശ്രദ്ധേയനായ ജോര്‍ജ്ജ് ഓര്‍വലിന്റെ ‘1984’ എന്ന കൃതി നിലനില്‍പ്പില്ലാത്ത സമൂഹത്തില്‍ അതിജീവനത്തിനായി പൊരുതുന്ന ഡയസ്റ്റോപ്പിയന്‍ സമൂഹത്തെ വരച്ചു കാട്ടുന്നു.
വര്‍ത്തമാനകാലത്തെ പ്രശ്നങ്ങള്‍ ഓര്‍ത്ത് ഭാവിയെ കാലേക്കൂട്ടി പ്രവചിച്ച പോലെ വസ്തുതാപരമായി വിവരിക്കുന്ന പൗലോ ബാക്കിഗലൂപ്പിയുടെ ‘ദി വൈന്റപ്പ് ഗേള്‍’ മുന്നോട്ട് വെക്കുന്നത് ആഗോളതാപനം കടല്‍നിരപ്പ് ഉയര്‍ത്താന്‍ ഇടവരുത്തുന്നതും ബയോടെക്നോളജി ഭരിക്കുന്ന സമൂഹത്തെയുമാണ്. കലോറി ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ ഭക്ഷ്യ ഉത്പാദന കമ്പനികളെ നിയന്ത്രിക്കുന്ന ഭയാനകമായ ഒരു അന്തരീക്ഷം ദി വൈന്റപ്പ് ഗേള്‍ വെളിപ്പെടുത്തുന്നു. അതുപോലെ ഡയസ്റ്റോപ്പിയന്‍ ലോകത്തെ ഖനനം ചെയ്ത നോവലാണ് ലോകസാഹിത്യകാരിയായ മാര്‍ഗറ്റ് അറ്റ്വുഡിന്റെ 1985ല്‍ പ്രസിദ്ധീകരിച്ച ‘ദി ഹാന്റ്മെയ്ഡ്സ് ടെയില്‍’. ഒരു ക്രിസ്ത്യന്‍ തിയോക്രസി സര്‍ക്കാരിനെ വരച്ചുകാട്ടുന്ന നോവല്‍, പോസ്റ്റ് ന്യൂക്ലിയാര്‍ ലോകത്ത് വായനയ്ക്കും ആവിഷ്‌ക്കാരത്തിനും മേലുള്ള സ്ത്രീകളുടെ അവകാശത്തെ ലംഘിച്ച് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന വെറും യന്ത്രമായി അവളെ കാണുന്ന ലിംഗാസമത്വ ഡയസ്റ്റോപ്പിയന്‍ ലോകത്തെ ആലേഖനം ചെയ്യുന്നു.
സയന്‍സ് ഫിക്ഷനില്‍ ഡയസ്റ്റോപ്പിയന്‍ ലോകത്തെ വരച്ചുകാട്ടിയ നോവലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും എച്ച് ജി വെല്‍സിന്റെ ‘ടൈം മെഷീ’നും ‘ടൈം ട്രാവല’റും ആണ്. സമയം ജീവിതത്തിന്റെ ഇരുണ്ട ഭാഗങ്ങളെ പ്രതീകവത്കരിക്കുന്നു. അവസാനം അത് ഭൂമിയുടെ അന്ത്യത്തിന് പോലും സാക്ഷിയാകുന്നു. ഇത്തരത്തിലുള്ള ഡയസ്റ്റോപ്പിയന്‍ കാഴ്ച്ചകള്‍ വെളിപ്പെടുത്തുന്ന സയന്‍സ് ഫിക്ഷനുകള്‍ വിക്ഷേപിക്കുന്ന ചിന്താപ്രസരണങ്ങള്‍ എന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. Yevgeny Zamyatinന്റെ 1921ല്‍ പ്രസിദ്ധീകരിച്ച ‘വീ’ എന്ന നോവല്‍ ലോക ശ്രദ്ധയാര്‍ജ്ജിച്ചതും സമാനമായ ആശയ പ്രപഞ്ചം വെളിപ്പെടുത്തിയതുമാണ്. 1905ലെയും 1917ലെ റഷ്യന്‍ വിപ്ലവത്തിന്റെയും പശ്ചാത്തലം പങ്കുവെക്കുന്ന കാഴ്ചയാണത്. ഭാവി ജനജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ ഇതില്‍ വായിച്ചെടുക്കാം. നാഗരികതയുടെ ആധിക്യവും ഗ്ലാസ് കൊണ്ടുള്ള വീടും രഹസ്യ പൊലീസും ജനങ്ങളുടെ സ്വകാര്യതയെ ശല്യപ്പെടുത്തുന്നതും ജനസംഖ്യയിലുള്ള ക്രമാതീതമായ വര്‍ധനവും വ്യക്തിത്വമില്ലാത്ത സമൂഹത്തിനെ രൂപപ്പെടുത്തുന്നത് എങ്ങനെയെന്ന് നോവല്‍ വിവരിക്കുന്നു. റഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഈ നോവല്‍ സ്റ്റാലിന് മുമ്പു തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ജീവിതത്തില്‍ കമ്യൂണിസ്റ്റ് അംശങ്ങള്‍ പകര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് Zamyatin അതിലൂടെ പ്രതിപാദിപ്പിക്കുന്നു. ആല്‍ഡഡ് ഹക്സിലിയുടെ 1932ല്‍ പ്രസിദ്ധീകരിച്ച ‘ബ്രേവ് ന്യൂ വേള്‍ഡ്’ എന്ന കൃതി അമിതമായ ഡ്രഗ്സിന്റെ ഉപയോഗവും കുടുംബം എന്ന സങ്കല്‍പ്പത്തിനെതിരായി നില്‍ക്കുന്ന കൃത്രിമ പ്രത്യുല്‍പാദനത്തിനെയും കലുഷിതമായ പാരിസ്ഥിതിക പ്രശ്നങ്ങളെയും പ്രത്യക്ഷവത്കരിക്കുന്നു.
കനേഡിയന്‍ എഴുത്തുകാരി മാര്‍ഗറ്റ് അറ്റ്വുഡിന്റെ വിശ്രുത കൃതി ‘maddaddam’ പ്രസിദ്ധീകരിച്ചത് 2013 ആഗസ്റ്റ് 29നാണ്. ഡയസ്റ്റോപ്പിയന്‍ പശ്ചാത്തലത്തിലാണ് നോവല്‍. മാര്‍ഗരറ്റ് അറ്റ്വുഡിന്റെ ഒറിക്സ് ആന്‍ ക്രേക്ക് (2003), നെയിം ദ ഇയര്‍ ഓഫ് ദ ഫ്ളഡ് (2009) എന്നീ രണ്ടു കൃതികളെയും വിളക്കിച്ചേര്‍ക്കുന്നത് ഈ കൃതിയിലാണ്. ഈ മൂന്ന് കൃതികളും കൂടി ട്രൈളോജി-നോവല്‍ത്രയം- എന്നറിയപ്പെടുന്നു. ഭൂമിയുടെ ഡയസ്റ്റോപ്പിയന്‍ സാഹചര്യത്തെ അതിന്റേതായ ഭീകരതയോടെയും വൈകാരികതയോടും ഇതില്‍ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
അറ്റ്വുഡിന്റെ നോവല്‍ ത്രയം കാലിക പ്രസക്തവും കാലാതീതവുമാണ്. സമകാലീന സംഭവങ്ങളെയും വിവര സാങ്കേതിക വിദ്യയെയും കുറിച്ച് അവബോധം ഉണ്ടാക്കുകയും ഭാവിയില്‍ അതുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് പ്രവചിക്കുകയും അതേസമയം ആക്ഷേപിക്കുകയും ചെയ്യാന്‍ കഴിയുമെന്നതാണ് സയന്‍സ് ഫിക്ഷന്റെ കരുത്ത്. മാര്‍ഗരറ്റ് അറ്റ്വുഡ് തന്റെ കൃതികളെ സയന്‍സ് ഫിക്ഷന്‍ എന്ന് വിളിക്കുന്നതിനെ എതിര്‍ത്തിരുന്നു. സയന്‍സ് ഫിക്ഷന്‍ ഇന്നത്തെ കാലത്ത് സാധ്യമല്ല എന്ന കാഴ്ചപ്പാടുകാരിയായിരുന്നു അവര്‍; അവരുടെ കൃതികളെല്ലാം വര്‍ത്തമാനകാല ടെക്നോളജിയെയും സമൂഹത്തിന്റെ സദാചാരബോധത്തെയിച്ചും കുറിച്ചായിരുന്നു. മാര്‍ഗരറ്റ് അറ്റ്വുഡിന്റെ കഥയുടെ കാമ്പ് മനുഷ്യരാശിയുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങളെല്ലാം നേടിയെടുക്കാന്‍ പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതും ഭൂമിയുടെ എല്ലാ ഉറവകളെയും വറ്റിച്ച് ജീവിതം സുഖപ്രദമാക്കാനുള്ള മനുഷ്യന്റെ വര്‍ധിച്ചു വരുന്ന ത്വര വെളിപ്പെടുത്തലുമാണ്. മൃഗങ്ങള്‍ പോലും പരസ്പരം പോരടിച്ചു കൊല്ലപ്പെടുന്നതും മതം മനുഷ്യജീവിതത്തെ ഭരിക്കുന്ന ഭീകരമായ അവസ്ഥയും ചിത്രീകരിക്കുകയും വഴി വ്യതിരിക്തമായൊരു ഡയസ്റ്റോപ്പിയന്‍ ലോകത്തെ വായനക്കാരന് മുമ്പില്‍ അനാവരണം ചെയ്യുന്നു.
സയന്‍സ് ഫിക്ഷന്റെ കൈവഴിയായ അപ്പോകാലിപ്റ്റിക് ഫിക്ഷനുകളും ഏറെ ചര്‍ച്ച ചെയ്യേണ്ടവയാണ്. ഭൂമിയുടെ നൈസര്‍ഗികതയ്ക്ക് മീതെ ടെക്നോളജിയും നാഗരികതയും ദ്രംഷ്ടങ്ങളാഴ്ത്തുന്ന ഭീഷണി തുറന്ന് കാണിക്കുകയും ഇതിന്റെ ഫലമായുണ്ടാകുന്ന നാശങ്ങളെ പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന തരം നോവലുകളാണിവ. അപ്പോകാലിപ്റ്റിക് ഫിക്ഷനും ഡയസ്റ്റോപ്പിയന്‍ ഫിക്ഷനും സമാനതകളുണ്ടെങ്കിലും ഭാവി കൊണ്ടുവരുന്ന ഡയസ്റ്റോപ്പിയന്‍ കാഴ്ച്ചപ്പാടിനോട് അപ്പോകാലിപ്റ്റിക് നോവലുകള്‍ സാദൃശ്യം പുലര്‍ത്തുന്നില്ല. സയന്‍സ് ഫിക്ഷന്റെ ശാഖയായിട്ടാണ് അപ്പോകാലിപ്റ്റിക് ഫിക്ഷന്റെ കടന്നുവരവെങ്കിലും ന്യൂക്ലിയര്‍ യുദ്ധത്തിന്റെയും തീവ്രവാദത്തിന്റെയും സൈബര്‍ അതിക്രമങ്ങളുടെയും ശാസ്ത്ര സാങ്കേതിക വികാസത്തിന്റെയും അമാനുഷിക പ്രതിഭാസത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തരഫലമായി മനുഷ്യരാശിയുടെ അവസാനം ചിത്രീകരിക്കുകയാണ് അത്യന്തികമായി ചെയ്യുന്നത്. എന്നാല്‍ പോസ്റ്റ് അപ്പോകാലിപ്റ്റിക് ഫിക്ഷന്‍ ചിത്രീകരിക്കുന്നതാവട്ടെ അതിനു ശേഷമുള്ള ലോകവും നാഗരികതയുമാണ്.
ദുരന്തങ്ങള്‍ക്ക് ശേഷമുള്ള ജനങ്ങളുടെ മാനസികാവസ്ഥ, അതിജീവനം, നിലനില്‍പ്, ദുരന്തങ്ങള്‍ക്കു മുമ്പുള്ള നാഗരിക ജീവിത സംസ്‌കാരത്തെക്കുറിച്ചുള്ള മറവി എന്നിവയെ വൈകാരികമായി വരച്ചിടുകയാണ്. ഡയസ്റ്റോപ്പിയന്‍ ഫിക്ഷനുകള്‍. മനുഷ്യസ്വഭാവവും സമൂഹവും തമ്മിലുള്ള കഥകള്‍ പറയുമ്പോള്‍ പോസ്റ്റ് അപ്പോകാലിപ്റ്റിക് ഫിക്ഷന്‍ മനുഷ്യ സ്വഭാവവും പ്രകൃതിയും തമ്മിലുള്ള കഥകളാണ് പറയുന്നത്. എന്താണ് മനുഷ്യന്‍, അഴിമതി, അധികാര ദുര്‍വിനിയോഗം, നീതിയില്ലായ്മ, വര്‍ഗം തിരിക്കല്‍, അടിച്ചമര്‍ത്തല്‍, സ്വാതന്ത്ര്യത്തിന്റെ മൂല്യം ഇത്യാദി ആശയങ്ങളാണ് ഡയസ്റ്റോപ്പിയന്‍ ഫിക്ഷന്‍ മുന്നോട്ട് വെയ്ക്കുന്നതില്‍ പ്രധാനം. അതേസമയം പോസ്റ്റ് അപ്പോകാലിപ്റ്റിക് ഫിക്ഷനുകള്‍ വെളിപ്പെടുത്തുന്നത് അതിജീവനം, നാഗരികത, നാഗരികതയുടെ പുനരുദ്ധാരണം, തെറ്റുകളില്‍ നിന്നുള്ള പഠനം എന്നിവയാണ്. ഈ വിഭാഗത്തില്‍ Hugh Howey എഴുതിയ ‘വൂള്‍’, മാത്യു മാതര്‍ എഴുതിയ ‘സൈബര്‍ സ്റ്റോം’ വില്യം ആര്‍ ഫോര്‍ച്ചണ്‍ 2000-ത്തില്‍ പ്രസിദ്ധീകരിച്ച ‘വണ്‍ സെക്കന്റ് ആഫ്റ്റര്‍’ എന്നീ നോവലുകളാണ് പ്രധാനമായും ചര്‍ച്ചയാവേണ്ടത്.
ഇതേ ഗണത്തില്‍പ്പെട്ട ക്ലൈമറ്റ് ഫിക്ഷനുകള്‍ നല്‍കുന്ന മുന്നറിയിപ്പുകളും വരച്ചിടുന്ന പ്രവചനാത്മക ചിത്രങ്ങളും പ്രധാനം തന്നെയാണ്. ക്ലൈമറ്റ് ഫിക്ഷന്‍ അല്ലെങ്കില്‍ ക്ലൈമറ്റ് ചെയ്ഞ്ച് ഫിക്ഷന്‍ അറിയപ്പെടുന്നത് ‘ക്ലൈഫൈ’ എന്ന ചുരുക്കപ്പേരിലാണല്ലോ. ക്ലൈമറ്റ് ഫിക്ഷന്‍ പ്രതിഫലിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനവും അത് ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ്. ആഗോള താപനവും പാരിസ്ഥിതിക പ്രശ്നങ്ങളും ഭൂമിയെ എത്രമാത്രം ഇല്ലായ്മ ചെയ്യുന്നു എന്നുള്ള വീക്ഷണം ജനങ്ങളില്‍ എത്തിക്കാനുള്ള ഒരു മാധ്യമമായി ഇന്ന് ക്ലൈഫൈ ഫിക്ഷനുകള്‍ മാറിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഈ അവബോധം ഇന്നോ ഇന്നലയോ ഉണ്ടായതല്ലെന്ന് ഓരോ പ്രദേശത്തു നിന്നും ലഭിക്കുന്ന പ്രാദേശിക സാഹിത്യങ്ങള്‍ വിശകലനം ചെയ്താല്‍ കാണാം. 1962-ല്‍ റെയ്ച്ചല്‍ കാഴ്സന്റെ ‘നിശബ്ദ വസന്തം’ (Silent Spring) പരിസ്ഥിതി തകര്‍ച്ചയുടെ ഭീകരമുഖം വെളിപ്പെടുത്തിയപ്പോള്‍ തന്നെ മലയാള സാഹിത്യത്തിലും ഈ ഉള്‍വിളികള്‍ ഉച്ചസ്ഥായിയിലായിരുന്നു. ‘കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്’ എന്ന് കവിതയില്‍ കടമ്മനിട്ട സ്വാംശീകരിച്ചതും ഈ ശാസ്ത്രബോധം തന്നെ. 2004ല്‍ പ്രകാശനം ചെയ്ത ഇയാന്‍ മക്ഡൊണാള്‍ഡിന്റെ ‘റിവര്‍ ഓഫ് ദ ഗോഡ്’ എന്ന സയന്‍സ് ഫിക്ഷന്‍ നോവലും ഏറെ പ്രസക്തമാണ്. 2047ല്‍ ഇന്ത്യയുടെ ഭാവി എന്തായിരിക്കും എന്നതാണ് ഈ നോവലിന്റെ കാതല്‍. 1947ല്‍ ബ്രിട്ടീഷുകാരാല്‍ സ്വതന്ത്രമാക്കപ്പെട്ട ഇന്ത്യ 100 വര്‍ഷങ്ങള്‍ കടന്നു പോകുമ്പോഴേക്കും എന്തെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു എന്നതിനെക്കുറിച്ച് വസ്തുതാപരമായി പ്രവചിക്കുന്നു നോവല്‍. മതം, പാരമ്പര്യം, പുതിയ ടെക്നോളജികള്‍, കൃത്രിമത്വങ്ങള്‍, നാനോ ടെക്നോളജി എന്നിവ സാമൂഹികമായും രാഷ്ട്രീയമായും പാരിസ്ഥിതികമായും കൊണ്ടുവരുന്ന മാറ്റങ്ങള്‍ നോവല്‍ വെളിപ്പെടുത്തുന്നു. റിവര്‍ ഓഫ് ദ ഗോഡ് ബ്രിട്ടീഷ് സയന്‍സ് ഫിക്ഷന്‍ അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്.
പണ്ഡിത പ്രാമാണികനായ ജോണ്‍ ഗീഗന്‍ തന്റെ പുസ്തകമായ ‘ഹിസ്റ്ററി ഓഫ് വാര്‍ഫെയര്‍’ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നത്, ഉപയോഗിക്കുന്ന സമൂഹത്തില്‍ രൂപവും വ്യാപ്തിയും നിര്‍ണയിക്കപ്പെടുന്ന ആഗോള പ്രതിഭാസമാണ് ‘യുദ്ധം’ എന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഇരുപതാം നൂറ്റാണ്ടിലെ മികച്ച സാഹിത്യകൃതിയാണ് ‘ക്യാച്ച് 22’. അമേരിക്കന്‍ സാഹിത്യകാരനായ ജോസഫ് ഹെല്ലര്‍ ആണ് ‘ക്യാച്ച് 22’ -ന്റെ കര്‍ത്താവ്. ആക്ഷേപഹാസ്യ ശൈലിയില്‍ രചിക്കപ്പെട്ട നോവലാണ് ക്യാച്ച്-22. രണ്ടാം ലോകമഹായുദ്ധവും ശീതസമരവും ന്യൂക്ലിയര്‍ ദുരന്തവും അതിലേക്കെത്തിക്കുന്ന രാഷ്ട്രീയ-സാമൂഹിക -പാരിസ്ഥിതിക ഘടകങ്ങളും ലോകാവസാനത്തില്‍ കലാശിക്കുന്നു എന്ന ചിന്തയാണ് ഈ പുസ്തകം പ്രസരിപ്പിക്കുന്നത്. അതിന് ബലമേകിയാണ് ഇന്ന് കാണുന്ന വിധം സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമായ വംശീയത, രാഷ്ട്രീയത, ഫാസിസം, മതം, ജാതി എന്നീ ചിഹ്നങ്ങളൊക്കെ ‘യുദ്ധം’ എന്ന സങ്കല്‍പത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്കയിലും യൂറോപ്പിലും ഇത്തരത്തിലുള്ള കഥകള്‍ക്ക് വമ്പിച്ച വളര്‍ച്ചയുണ്ടായിട്ടുണ്ട്. യുദ്ധം മാത്രമല്ല വംശീയഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതല്‍ ആഗോള താപനം, ഭക്ഷ്യക്ഷാമം, പോഷക കുറവ്, അരാജകത്വം, ലൈംഗികാതിക്രമം, ബാലപീഡനം തുടങ്ങി ഒറ്റയായും കൂട്ടമായും മാനവരാശിയുടെ അന്ത്യം കുറിക്കാന്‍ വഴിയൊരുക്കുന്ന നിരവധി പ്രമേയങ്ങളാണ് ഡിസ്റ്റോപ്പിയന്‍ എഴുത്തുകള്‍ക്കു കരുത്തും കാതലുമാകുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജെറാദ് ഡയമണ്ടിന്റെ 2005ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘കൊളാപ്സ്ഡ്’ എന്ന പുസ്തകം മുന്നോട്ട് വെക്കുന്നതും അരക്ഷിതാവസ്ഥകള്‍ ഒരു ഭീഷണിയായി ജീവിതത്തില്‍ പടന്നു കയറുന്നു എന്ന മുന്നറിയിപ്പിന്റെ രാഷ്ട്രീയമാണ്. കാലാകാലങ്ങളില്‍ ചരിത്രപരമായും സാമൂഹികപരമായും പാരിസ്ഥിതിക -കാലാവസ്ഥ ദുരുപയോഗം കൊണ്ടും പരാജയപ്പെടുന്ന പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യരാശിയുടെ ജീവിതം തന്നെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രകൃതിയുമായി സൗഹാര്‍ദ്ദപരമായി ജീവിക്കേണ്ടതിന്റെ ആവശ്യകത വരച്ചുവെക്കുന്ന മലയാള നോവലാണ് സാറാ ജോസഫിന്റെ ‘ആതി’. ജീവിത വേവലാതിയും ഉത്കണ്ഠാലുക്കളായ മനുഷ്യന്റെ അതിജീവനത്തിനായുള്ള വീര്‍പ്പുമുട്ടലും വികസനം കൊണ്ടുവരുന്ന പരിസ്ഥിതി നാശവും നോവല്‍ വരച്ചിടുന്നു. മണ്ണിലും വായുവിലും വെള്ളത്തിലും ഭക്ഷണത്തിലും വിഷം നിറയ്ക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും കാലത്തിന്റെ കുത്തൊഴുക്കിലൂടെ പോകുന്ന രോഗാതുരമായ മനുഷ്യജീവിതത്തിന്റെ പകര്‍ത്തെഴുത്താണ് നോവല്‍. മനുഷ്യനും പ്രകൃതിയും ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് പാരിസ്ഥിത പ്രശ്നത്തിന്റെ പാശ്ചാത്തലത്തില്‍ വായനക്കാരോട് പങ്ക്വെക്കുന്നു എഴുത്തുകാരി. മാര്‍ഗരറ്റ് അറ്റ്വുഡിന്റെ നോവലുകളെപോലെ സമീപിക്കാവുന്ന നോവലാണ് സാറാജോസെഫിന്റെ ‘ആതി’. മാര്‍ഗരറ്റ് അറ്റ്വുഡിന്റെ നോവല്‍ ത്രയങ്ങള്‍ സാമൂഹ്യമായ് സൃഷ്ടിച്ച അവബോധത്തെപ്പോലെ ജീവന്‍ ജോബ് തോമസി ന്റെ ‘മരണത്തിന്റെ ആയിരം മുഖങ്ങള്‍ ‘എന്ന പുസ്തകവും മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ സാമ്യതകള്‍ കാണാന്‍ കഴിയും . ചരിത്രസംഭവങ്ങളിലൂടെ സാമൂഹ്യവും രാഷ്ട്രീയവുമായ ചുറ്റുപാടുകളെ ശാസ്ത്രീയമായ് അവലോകനം ചെയ്യാനും അത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ഉദാഹരിച്ച് മനോഹരമായ് അടയാളപ്പെടുത്താനും അദ്ദേഹത്തിന്റെ മരണത്തിന്റെ ആയിരം മുഖങ്ങള്‍ എന്ന പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട് .
മുകളില്‍ പറഞ്ഞ പുസ്തകങ്ങള്‍ എല്ലാം ശാസ്ത്ര ചിന്തകളുടെ പുത്തന്‍ സരണികളാണ് വായനക്കാര്‍ക്ക് മുമ്പില്‍ വെട്ടിത്തുറക്കുന്നത്. ചര്‍ച്ച ചെയ്ത പുസ്തകങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിതോവസ്ഥയില്‍ മനുഷ്യന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. പരാജയങ്ങള്‍ വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നു. പ്രകൃതിയെ, കാലാവസ്ഥയെ, ഉറവകളെ ചൂഷണം ചെയ്യാതെ ജീവിക്കുക വഴി ശാസ്ത്രത്തിന്റെ തെറ്റുകള്‍ തിരുത്താന്‍ ഒരു ജനതയെ പര്യാപ്തമാക്കുന്നു. പ്രകൃതിയുടെ ജനി-രതി-മൃതികളിലേക്കും സ്മൃതിമുദ്രകളിലേക്കും തുറക്കുന്ന ജാലക കാഴ്ചകളാണവ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in