ദ്രൗപതി മുര്‍മുവിന്റെ ദൗത്യം ഹിന്ദുത്വരാഷ്ട്രത്തിന് കയ്യൊപ്പു ചാര്‍ത്തല്‍
നിര്‍ഭാഗ്യവശാല്‍ ഏറെകാലമായി ബിജെപി കളിക്കുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ തിരിച്ചറിയാനും അതിനു മൂല്യാധിഷ്ഠിത മറുപടി നല്‍കാനും കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷത്തിനു കഴിയുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രിയായിരുന്ന വി പി സിംഗ്, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലല്ലുപ്രസാദ് യാദവ്, അദ്വാനിയുടെ രഥയാത്ര തടഞ്ഞതും പോലുള്ള ശക്തമായ രാഷ്ട്രീയ നടപടികള്‍ പിന്നീട് കാര്യമായി ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. സംഘപരിവാറിനെതിരെ ശക്തമായ നിലപാടുണ്ടെന്നു കരുതപ്പെടുന്ന മമത ബാനര്‍ജി മുന്‍കൈ എടുത്തിട്ടുപോലും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനായില്ലല്ലോ. അവരെത്തിയത് പഴയ ഒരു ബിജെപി നേതാവില്‍.
രാജ്യത്തെ ഏറ്റവും കുശാഗ്രബുദ്ധിയോടേയും അതേസമയം കുബുദ്ധിയോടേയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പ്രസ്ഥാനം ബിജെപിയാണെന്നതില്‍ ആര്‍ക്കും സംശയം കാണില്ല. ചുരുങ്ങിയപക്ഷം 1980 മുതലെങ്കിലും കൃത്യമായ ലക്ഷ്യത്തോടെ, ആസൂത്രണത്തോടെയുള്ള പദ്ധതികളാണവര്‍ നടപ്പാക്കുന്നത്. അതിനായി എന്തു ക്രൂരത ചെയ്യാനും മടിയില്ല എന്നതും പ്രത്യേകം പറയണം. ഏതു രീതിയിലും തങ്ങളുടെ ലക്ഷ്യത്തിനു വിഘാതമായവരെ തകര്‍ക്കുക എന്നതില്‍ ഒരു വിട്ടുവീഴ്ചക്കും സംഘപരിവാര്‍ തയ്യാറല്ല എന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അത് വര്‍ഗ്ഗീയകലാപങ്ങളും ആരാധനാലയങ്ങള്‍ തകര്‍ക്കലും കൂട്ടക്കൊലകളും മുതല്‍ ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കല്‍ വരെ എന്തുമാകാം. ഇതിനെല്ലാം അവര്‍ക്കു കരുത്തേകുന്നത് സവര്‍ണ്ണ പ്രത്യയശാസ്ത്രമല്ലാതെ മറ്റൊന്നല്ല. അതേസമയത്തുതന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തന്ത്രങ്ങളും ഭംഗിയായി നടപ്പാക്കാനും അതുവഴി പ്രതിപക്ഷത്തെ പൂര്‍ണ്ണമായും നിശബ്ദരാക്കാനും അവര്‍ക്കു കഴിയുന്നു.
ഒഡീഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗ പ്രതിനിധിയും ബിജെപി നേതാവുമായ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയാക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള ബിജെപി നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുക വഴി സവര്‍ണ്ണ വര്‍ഗ്ഗീയ പ്രത്യയ ശാസ്ത്രമാണ് തങ്ങളെ നയിക്കുന്നതെന്ന ആരോപണത്തിന്റെ മുനയൊടിക്കാനാണ് അവരുടെ ശ്രമം. എം എല്‍ എയായും മന്ത്രിയായും വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ച പാരമ്പര്യവും ദ്രൗപതി മര്‍മുവിനുണ്ട്. 2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട രാം നാഥ് ഗോവിന്ദനേയും മുസ്ലിം വിഭാഗത്തില്‍ പെട്ട അബ്ദുള്‍ കലാമിനേയും രാഷ്ട്രപതിയാക്കിയതിനു പുറകെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
ആത്യന്തികമായി രാഷ്ട്രപതിപദമെന്ന്ത് ഒരലങ്കാരം മാത്രമാണ്. മുന്നിലെത്തുന്ന ഫയലുകളില്‍ ഒപ്പുവെക്കുക മാത്രമാണ് രാഷ്ട്രപതിമാരുടെ പ്രധാന ജോലി. ഇന്ത്യന്‍ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ഫയല്‍ തിരിച്ചയച്ച സംഭവങ്ങളുണ്ടായിട്ടുള്ളത്. അപ്പോഴും ദളിതനേയും മുസ്ലിമിനേയും രാഷ്ട്രപതിയാക്കിയതിലൂടെ ആ വിഭാഗങ്ങള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്നതുപോകട്ടെ, അവര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് എന്തെങ്കിലും കുറവുണ്ടായോ എന്നതെങ്കിലും പരിശോധിച്ചുവേണമല്ലോ ആദിവാസി സ്ത്രീയെ രാഷ്ട്രപതിയാക്കുന്നതുകൊണ്ട് ആ വിഭാഗത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്നു നോക്കാന്‍. റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷം രാജ്യത്തെ ദലിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള ആക്രമങ്ങളും കൊലപാതകങ്ങളും ഇരട്ടിയായി കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭീമ കോറഗോവ് പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ദളിത് ചിന്തകരെ പോലും ഭീകര നിയമങ്ങള്‍ ചാര്‍ത്തി ജയിലിലിട്ടിരിക്കുന്നു. അതിലെന്തെങ്കിലും ഇടപെടല്‍ അദ്ദേഹം നടത്തിയതായി കേട്ടിട്ടുമില്ല.
അതിനേക്കാള്‍ രൂക്ഷമാണ് അബ്ദുള്‍ കലാമിന്റെ കാര്യം. കലാമിന്റെ കാലത്തും അതിനുശേഷവും ഇന്ത്യന്‍ മുസ്ലിമുകള്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് എന്തെങ്കിലും കണക്കുണ്ടോ? ബീഫിന്റെ പേരില്‍ പോലും കൊല ചെയ്യപ്പെടുന്ന അവസ്ഥ ഒരു ഭാഗത്ത്. മറുഭാഗത്ത് പൗരത്വഭേദഗതി നിയമം മുതല്‍ വീണ്ടും പള്ളികള്‍ പൊളിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. മുസ്ലിമിനെ അപരവല്‍ക്കരിക്കുകയും അവരാണ് ശത്രുക്കള്‍ എന്നു ചൂണ്ടികാട്ടുകയും ഹിന്ദുക്കളെല്ലാം ഒന്നാണെന്ന് പ്രചരിപ്പിച്ച് ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യം നേടാനുമുള്ള നീക്കങ്ങള്‍ക്കെതിരെ കലാമെന്ന ശാസ്ത്രജ്ഞന്‍ ചെറുവിരലനക്കിയിട്ടുണ്ടോ? വാസ്തവത്തില്‍ ദളിതരേയും ആദിവാസികളേയും മറ്റും അധികാരമില്ലെങ്കിലും ഇത്തരം ഉന്നത സ്ഥാനത്തെത്തിക്കുന്നതിന്റെ അടിസ്ഥാനമ ലക്ഷ്യംതന്നെ സവര്‍ണ്ണ പ്രത്യയ ശാസ്ത്രത്തിലേക്ക് അവരെ ഉള്‍ചേര്‍ക്കുക എന്നതുമാത്രമാണ്. ഈ യാഥാര്‍ത്ഥ്യമാണ് നാം തിരിച്ചറിയേണ്ടത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദിവാസികള്‍ക്ക് ഭരണഘടനാപരമായി നിലനിന്നിരുന്ന പല അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ദ്രൗപതിയുടെ സ്ഥാനാര്‍ത്ഥിത്വം വരുന്നത്. വന്‍കിട കുത്തകകള്‍ക്കുവേണ്ടി പ്രകൃതി ധാതുവിഭവങ്ങള്‍ നിറഞ്ഞ വിശാലമായ അവരുടെ ഭൂമികളില്‍ നിന്ന് അവരെ ബലമായി കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ പോരാട്ടങ്ങളിലാണ് ഒഡീഷ്യയും ഛത്തിസ്ഗഡും ജാര്‍ഖണ്ടുമടക്കമുള്ള പല സംസ്ഥാനങ്ങളിലേയും ആദിവാസി വിഭാഗങ്ങള്‍. മലയാളിയായ കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍, ആദിവാസി ഭൂമി തട്ടിയെടുക്കാനുള്ള ബില്‍ തിരിച്ചയച്ച സംഭവമുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു ഇടപെടല്‍ പോലും ബി ജെ പി കൊണ്ടുവരുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളില്‍ നിന്നുണ്ടാകുമെന്ന് കരുതുക വയ്യ.
നിര്‍ഭാഗ്യവശാല്‍ ഏറെകാലമായി ബിജെപി കളിക്കുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ തിരിച്ചറിയാനും അതിനു മൂല്യാധിഷ്ഠിത മറുപടി നല്‍കാനും കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷത്തിനു കഴിയുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രിയായിരുന്ന വി പി സിംഗ്, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലല്ലുപ്രസാദ് യാദവ്, അദ്വാനിയുടെ രഥയാത്ര തടഞ്ഞതും പോലുള്ള ശക്തമായ രാഷ്ട്രീയ നടപടികള്‍ പിന്നീട് കാര്യമായി ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. സംഘപരിവാറിനെതിരെ ശക്തമായ നിലപാടുണ്ടെന്നു കരുതപ്പെടുന്ന മമത ബാനര്‍ജി മുന്‍കൈ എടുത്തിട്ടുപോലും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനായില്ലല്ലോ. അവരെത്തിയത് പഴയ ഒരു ബിജെപി നേതാവില്‍. ശക്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടുതന്നെ ഒരു സ്ഥാനാര്‍ത്ഥിയെ അവര്‍ക്ക് മത്സരിപ്പിക്കാമായിരുന്നല്ലോ. ജയിച്ചില്ലെങ്കിലും അതു നല്‍കുന്ന സന്ദേശം ചെറുതായിരിക്കില്ല്. ഒരു ഉദാഹരണം ചൂണ്ടികാട്ടാം. ഛത്തിസ്ഗഡിലെ ആദിവാസിയും മനുഷ്യാവകാശ പ്രവര്‍ത്തകയുംം ആധ്യാപികയുമായ സോണി സോറിയ എന്തു കൊണ്ടവര്‍ പരിഗണിച്ചില്ല. ബിജെപി സ്ഥാനര്‍ത്ഥിക്ക് ശക്തയായ ഒരു മറുപടിയാകുമായിരുന്നു അത്.
ആദിവാസികളെ അവരുടെ മണ്ണില്‍ നിന്നു പിഴുതെറിയുന്നതിനെതിരെ സോണി സോറി നടത്തിയത്, നടത്തികൊണ്ടിരിക്കുന്നത് അതിശക്തമായ ചെറുത്തുനില്‍പ്പാണ്. അതിനവര്‍ അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കാന്‍ പോലും കഴിയാത്തതാണ്. ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുകയും ജനനേന്ദ്രിയത്തില്‍ വലിയ കല്ലുകളും പാറക്കഷണങ്ങളും വരെ കടത്തുകയും ലോക്കപ്പില്‍ 12 തവണ കൂട്ടബലാല്‍സംഗം ചെയ്തതായും അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത മാവോയിസ്റ്റ് ബന്ധമാരോപിച്ചായിരുന്നു അതെല്ലാം നടന്നത്. ആംനസ്റ്റി ഇന്റര്‍ നാഷണലിന്റേയും ദേശീയ മനുഷ്യാവകാശ കമീഷന്റേയും നോം ചോംസ്‌കി, അരുന്ധതി റോയ്, ആനന്ദ് പട്വര്‍ധന്‍, മീന കന്ദസ്വാമി, അരുണ റോയ്, ഹര്‍ഷ് മന്ദര്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി 250 പ്രമുഖരം ഈ വിഷയത്തില്‍ ഇടപെട്ടിരു്‌നനു. പിന്നീട് കോടതി അവര്‍ കുറ്റക്കാരിയല്ലെന്നു കണ്ടെത്തുകയായിരുന്നു. ആദിവാസികളുടെ ജീവിക്കാനായുള്ള പോരാട്ടത്തിന് രാഷ്ട്രീയമായ ഇടപെടലും ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്ന് പിന്നീടവര്‍ ആം ആദ്മി സ്ഥാനര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. അവരെ സ്ഥാനര്‍ത്ഥിയായി പരിഗണിച്ചു എങ്കില്‍, ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ഭരണകൂടം കൊല്ലാത കൊന്ന സ്റ്റാന്‍ സ്വാമിയോടും നീതിപുലര്‍ത്തലാകുമായിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അത്തരത്തിലൊന്നും ആലോചിക്കാനാവില്ല എന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല. അതിനുള്ള മറുപടി നമുക്ക് കേരളത്തില്‍ നിന്നുതന്നെ ലഭിക്കും. സി കെ ജാനു എന്ന പോരാളിയായിരുന്ന ആദിവാസി സ്ത്രീ എങ്ങനെയാണ് സംഘപരിവാര്‍ പാളയത്തിലെത്തിയത് എന്നത് സമീപകാല ചരിത്രമാണല്ലോ. അവരുടെ നേതൃ8ത്വത്തില്‍ നടന്ന ആദിവാസി പോരാട്ടങ്ങളോട് ഇരുമുന്നണികളും സ്വീകരിച്ച നിഷേധാത്മക നിലപാട് ഏതു കുഞ്ഞിനുമറിയാം. പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന ഭരണഘടനാപരമായ സ്വയംഭരണം പോലുള്ള അവകാശങ്ങള്‍ പോലും അനുവദിക്കാന്‍ ഇരുമുന്നണികളും തയ്യാരായില്ല. ഈ സാഹചര്യത്തിലായിരുന്നു സംഘപരിവാര്‍ ഒരുക്കിയ കെണിയിലവര്‍ വീണത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ദളിത്, ആദിവാസി, സ്ത്രീ പ്രാതിനിധ്യം മാത്രം നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഏറ്റവും വലിയ വിപ്ലവം പറയുന്ന സിപിഎമ്മില്‍ പോലും ആദ്യമായാണല്ലോ ഒരു ദളിതന്‍ പോളിറ്റ് ബ്യൂറോയിലെത്തുന്നത്. പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റിടങ്ങലിലേത് പറയേണ്ടതില്ലല്ലോ. ഇടക്കാലത്ത് മണ്ഡല്‍ കമ്മീഷനെ തുടര്‍ന്ന് ദളിത് – പിന്നോക്ക – മുസ്ലിം വിഭാഗങ്ങളിലുണ്ടായ ഉണര്‍വ്വിനെയെല്ലാം മറികടക്കാനും അതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട പ്രസ്ഥാനങ്ങളെപോലും വിലക്കെടുക്കാനും സംഘപരിവാറിനാകുകയും ചെയ്തു. ഇപ്പോഴിതാ എന്‍ ഡി എ ക്ക പുറത്തുള്ള പല പാര്‍ട്ടികളും ബിജെപി സ്ഥാനാര്‍ത്ഥിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
മറ്റൊരു പ്രധാന വിഷയവും പറയാതെ വയ്യ. ഒന്നോ രണ്ടോ ദളിതരോ ആദിവാസികളോ പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ പോലും അവരുടെ സമൂഹങ്ങളുടെ സാമൂഹ്യ അവസ്ഥക്കുപോയിട്ട്, അവരുടെ തന്നെ സാമൂഹ്യ അവസ്ഥക്ക് മാറ്റം വരുമോ എന്നതാണത്. ഇല്ല എന്നതിന്റെ പ്രതീകാത്മക ഉത്തരമാണ് ക്ഷേത്രം ചൂലെടുത്ത് അടിച്ചുവാരി വൃത്തിയാക്കുന്ന ദ്രൗപതി മുര്‍മുവിന്റെ ചിത്രം. ഇന്നും ചാതുര്‍വര്‍ണ്ണ്യ – മനുസ്മൃതിമൂല്യങ്ങള്‍ കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍, അവ കൂടുതല്‍ ശക്തിപ്പെടുത്തി തങ്ങളുടെ വിഭാവനയിലുള്ള ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന പ്രസ്ഥാനം ഭരിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നതുവ്യക്തം. അതിനാല്‍ തന്നെ അപരവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിനും സന്തോഷം നല്‍കുന്നതല്ല ഭിജെപിയുടെ ഈ തെരഞ്ഞെടുപ്പ്.
തുടക്കത്തില്‍ പറഞ്ഞപോലെ ഇതേ സാഹചര്യത്തിലാണ്, പല സംസ്ഥാനങ്ങളിലും നേരത്തെ വിജയകരമായി നടപ്പാക്കിയ, ജനാധിപത്യ വിരുദ്ധമായ ഭരണഅട്ടിമറി മഹാരാഷ്ട്രയിലും നടപ്പാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. അതിലും അവരുടെ ലക്ഷ്യം വ്യക്തമാണ്. സങ്കുചിതപ്രാദേശികവാദത്തിലും ‘മദ്രാസി’വിരുദ്ധതയിലുമായിരുന്നല്ലോ ശിവസേനയുടെ ജനനം. പിന്നീടത് ഹിന്ദുത്വവും മുസ്ലിംവിരുദ്ധതയുമായി.., അപ്പോള്‍ ശിവസേന, ബിജെപിക്ക് പ്രിയപ്പെട്ടവരായി. എന്നാലതിനുശേഷം ശിവസേന സാവധാനമായിട്ടാണെങ്കിലും മതേതരത്വത്തിലേക്കും ജനാധിപത്യത്തിലേക്കും നീങ്ങുകയായിരുന്നു അവര്‍. അതിനെയാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്. ഇതിനെല്ലാം മൗനസമ്മതം നല്‍കുി, ഹിന്ദുത്വരാഷ്ട്രത്തിന് കയ്യൊപ്പു ചാര്‍്ത്തുകയായിരിക്കും പുതിയ പ്രസിഡന്റിന്റെ പ്രധാന ഉത്തരവാദിത്തം എന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in