ദസ്തയേവ്‌സ്‌കിയും ബഷീറും : ഏകാന്തതയുടെ അപാരതീരങ്ങള്‍
കൊച്ചു കൊച്ചു ആഖ്യാനങ്ങളാണ് ബഷീറിന്റേത് .അത്തരം ആഖ്യാനങ്ങളിലൂടെ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ക്കും ജീവിതമുണ്ട് എന്നും ആ ജീവിതത്തിലും സര്‍ഗാല്‍മകതയുടെ ജീവല്‍ സ്പന്ദനങ്ങളുണ്ടെന്നും അദ്ദേഹം നമുക്ക് കാണിച്ചു തന്നു. സരസമായ തന്റെ എഴുത്തിന് പിറകിലുള്ള നൊമ്പരം നമ്മില്‍ പലരും കണ്ടില്ല എന്നദ്ദേഹം ഒരു കഥയില്‍ എഴുതിയ തോര്‍ക്കുന്നു. ഇമ്മട്ടില്‍ ബഷിറിന്റെ ഓരോ എഴുത്തും പ്രാര്‍ത്ഥനയായിരുന്നു. അവയില്‍ മുഴുവന്‍ നന്മയുടെ പേറ്റുനോവായിരുന്നു. അവ വേദനിക്കുന്നവന് സാന്ത്വനത്തിന്റെ ലേപനവുമായിരുന്നു.
ഇരുളിന്റെ മഹാഗഹ്വരങ്ങളില്‍ തപ്പിത്തടഞ്ഞ് വെളിച്ചം തേടിയലഞ്ഞ എഴുത്തുകാരനാണ് ദസ്തയേവ്‌സ്‌കി. ഇരുട്ടില്‍ എല്ലാം അവ്യക്തമാകുമല്ലോ. അതുകൊണ്ടുതന്നെ ദസ്തയേവ്‌സ്‌കിയന്‍ സാഹിത്യവും ഗഹനമാണ്. മനുഷ്യ മനസിന്റെ ഇരുള്‍ പരന്ന ഇടനാഴികള്‍ തേടിയലഞ്ഞ ഒരു ജന്മമായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റെ ആഴക്കയങ്ങള്‍ തേടിയുള്ള അശാന്തമായ പ്രയാണമായിരുന്നു ആ ജീവിതം.
ഇന്നു ലോകം മുഴുവന്‍ ദസ്തയേവ്‌സ്‌കിക്ക് ആരാധകരും അനുഭാവികളുമുണ്ട് .പക്ഷെ, അക്കാലഘട്ടത്തില്‍ ജീവിതത്തിന്റെ പരീക്ഷണങ്ങളാല്‍ വീര്‍പ്പുമുട്ടി ഒരു നേരത്തെ ആഹാരത്തിന് പോലും ഗതിയില്ലാത്ത അലച്ചിലിനിടയിലാണ് അദ്ദേഹത്തിന്റെ ക്ലാസിക് ഗ്രന്ഥങ്ങള്‍ പലതും രൂപം കൊള്ളുന്നത്.അരാചകത്വം വഴിഞ്ഞൊഴുകിയ ഒരു ജീവിതത്തിനുടമ ! ചൂതുകളിയും മദ്യപാനവും ഇത്ര ആഘോഷിച്ച മറ്റൊരു സാഹിത്യകാരനെ ചരിത്രത്തില്‍ കാണുക പ്രയാസം. ദാരിദ്ര്യത്തിന്റെ തിറയാട്ടത്തിനിടക്കും കയ്യില്‍ തടയുന്ന കോപ്പെക്കുമായി ചൂതാട്ടകേന്ദ്രങ്ങളിലേക്കും മദ്യശാലയിലേക്കും ഓടുന്ന ചിത്രം ഒരു സങ്കീര്‍ത്തനം പോലെ എന്ന തന്റെ നോവലില്‍ പെരുമ്പടവം ശ്രീധരന്‍ തന്‍മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
ഇനി ബഷീറിലേക്ക് വരാം .അദ്ദേഹം ഈ കടവിന്റെ നേരെ മറുകരയില്‍ നിന്നാണ് സംഭവങ്ങളെ നോക്കി കണ്ടത് . അദ്ദേഹം വെളിച്ചത്തിരുന്നു കൊണ്ട് ഇരുളിനെ കീറി മുറിച്ച് നമുക്കു മുന്നില്‍ തുറന്നുവെച്ചു. ചിരിയും നര്‍മ്മവും ആ എഴുത്തിന്റെ സ്ഥായീഭാവമാകുമ്പോഴും സമൂഹം അവഗണിച്ചു മാറ്റി നിര്‍ത്തിയ അശരണരുടേ യും ആലംബഹീനരുടേയും പ്രശ്‌നങ്ങളാണ് അദ്ദേഹം പറഞ്ഞു പോയത്. അഥവാ ചിരി ച്ചു കൊണ്ട് ബഷീര്‍ വേദനിപ്പിക്കുന്ന കഥകള്‍ കുറിച്ചു വെച്ചു.
ഇരുളിനെക്കുറിച്ചുള്ള നിരന്തര അന്വേഷണത്തിലായിരുന്നു ആ പ്രതിഭ. ആ ഇരുളില്‍ തിമര്‍ത്ത് തുള്ളുന്ന രോഗങ്ങളെക്കുറിച്ചും അവശരായ പട്ടിണി കോലങ്ങളെക്കുറിച്ചും സമൂഹത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും അന്തമില്ലാത്ത പൊങ്ങച്ച പ്രകടനത്തെ കുറിച്ചും പത്തി വിടര്‍ത്തിയാടുന്ന യുദ്ധമെന്ന ഭീകരനെക്കുറിച്ചും ധ്വംസിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ എല്ലാ ഓര്‍മ്മപ്പെടുത്തലുകള്‍ക്കൊടുവിലും ബഷീര്‍ ശുഭാപ്തി വിശ്വാസിയായിരുന്നു. അതുകൊണ്ട്തന്നെ തന്റെ ആഖ്യാനങ്ങള്‍ക്കൊടുവില്‍ ബഷീര്‍ മംഗളം ശുഭം എന്ന് കോറിയിട്ടു. സമൂഹത്തിന് മേല്‍ അത്രമാത്രം ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണിത് വിളിച്ചോതുന്നത്.
കൊച്ചു കൊച്ചു ആഖ്യാനങ്ങളാണ് ബഷീറിന്റേത് .അത്തരം ആഖ്യാനങ്ങളിലൂടെ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ക്കും ജീവിതമുണ്ട് എന്നും ആ ജീവിതത്തിലും സര്‍ഗാല്‍മകതയുടെ ജീവല്‍ സ്പന്ദനങ്ങളുണ്ടെന്നും അദ്ദേഹം നമുക്ക് കാണിച്ചു തന്നു. സരസമായ തന്റെ എഴുത്തിന് പിറകിലുള്ള നൊമ്പരം നമ്മില്‍ പലരും കണ്ടില്ല എന്നദ്ദേഹം ഒരു കഥയില്‍ എഴുതിയ തോര്‍ക്കുന്നു. ഇമ്മട്ടില്‍ ബഷിറിന്റെ ഓരോ എഴുത്തും പ്രാര്‍ത്ഥനയായിരുന്നു. അവയില്‍ മുഴുവന്‍ നന്മയുടെ പേറ്റുനോവായിരുന്നു. അവ വേദനിക്കുന്നവന് സാന്ത്വനത്തിന്റെ ലേപനവുമായിരുന്നു.
ഒരര്‍ത്ഥത്തില്‍ ബഷീറിന്റെ ജീവിതം തന്നെ വെളിപാടുകളായിരുന്നു എന്ന് തന്നെ പറയണം. ബഷീറിന്റെ ചരിത്രകാരന്‍ എം എം ബഷീര്‍ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ കഥ ഒരിക്കല്‍ പറഞ്ഞു തന്നതോര്‍ക്കുന്നു. അഴീക്കോടും എംഎം ബഷീറും ഒരിക്കല്‍ കഥാകൃത്തിന്റെ ബേപ്പൂരിലെ വീട്ടിലേക്ക് ചെന്നു. അദ്ദേഹം ഗ്രാമഫോണില്‍ പാട്ട് ആസ്വദിച്ചിരിക്കുകയായിരുന്നു. സുകുമാര്‍ അഴിക്കാടിനോട് അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു. കസേരയിലിരുന്ന് അദ്ദേഹവും പാട്ടില്‍ മുഴുകി. പെട്ടെന്ന് ബഷീര്‍ അഴീക്കോടിനോട് രൂക്ഷമായി എണീല്‍ക്കാന്‍ പറഞ്ഞു. അദ്ദേഹം ആ ആജ്ഞയുടെ ഷോക്കില്‍ പെട്ടെന്നെണീറ്റു. അടുത്ത നിമിഷം ഒരു തേങ്ങ വന്ന് മാഷിരുന്ന കസേരയില്‍ വന്നു വീണു. ബഷീര്‍ ഒന്നും അറിയാത്ത മട്ടില്‍ പാട്ടില്‍ ലയിച്ചിരുന്നു. ഇതായിരുന്നു ബഷീര്‍ .ഇത് വല്ല മത പണ്ഡിതരുമായിരുന്നെങ്കില്‍? ഒന്നാലോചിച്ചു നോക്കൂ.അതൊരു കറാമത്തായി തന്നെ മുസ്ലിം സമൂഹം കൊണ്ടാടുമായിരുന്നു. ഇത്തരം പ്രവചനങ്ങള്‍ ബഷീറിന്റെ ജീവിതത്തില്‍ ഉടനീളം കാണാം.
ബഷീറും ദസ്തയേവ്‌സ്‌കിയുമെന്ന രണ്ട് വിരുദ്ധ ദ്വന്തങ്ങളെ കൂട്ടിയിണക്കിനാവില്ല .പക്ഷെ രണ്ടിലും പൊതുവായി ചില സമാനതകള്‍ കാണാതെ പോകരുത്. രണ്ടു പേരും മനുഷ്യമനസിന്റെ ആഴക്കയങ്ങളാണ് തേടിയത് .ജീവിതത്തിന്റെ ആകുല തകളാണ് പേറിയത്.രണ്ടും രണ്ടു വിധത്തി ലാണെന്നേയുള്ളു.
ബഷീറിയന്‍ എഴുത്തില്‍ ഇത്ര വെളിച്ചം എന്തുകൊണ്ട് എന്ന് ആശ്ചര്യപ്പെടുന്നവര്‍ അതിന്റെ പ്രേരകഘടകമായ സത്യത്തിന്റെ പ്രകാശത്തില്‍ (അനല്‍ഹഖില്‍) എത്തിച്ചേരും. ഇസ്ലാമിക സ്വത്വബോധം അദ്ദേഹം പോലുമറിയാതെ അദ്ദേഹത്തിന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്നു എന്നതാണ് ശരി.
അനല്‍ ഹഖില്‍ വെളിച്ചം മാത്രമേയുള്ളു. യഥാര്‍ത്ഥ മതത്തില്‍.ഇരുള്‍ സ്ഥായീഭാവമല്ല. അത് മനുഷ്യമനസിന്റെ ഒരു താല്‍ക്കാലിക അവസ്ഥയാണ്. അതുകൊണ്ടു തന്നെ ബഷീര്‍ എന്ന സൈദ്ധാന്തികന്‍ വെളിച്ചത്തിരുന്നു കൊണ്ട് ഇരുളിന്റെ ഭവിഷ്യഫലങ്ങളെ കുറിച്ച് ഒരു സൂഫിയെ പോലെ വാചാലനാവുന്നു. ഖുര്‍ആനിലെ സൂറത്തുന്നൂര്‍ എന്ന അധ്യായത്തില്‍ വിളക്കുമാടത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഇമാം ഗസ്സാലി തന്റെ പണ്ഡിതന്മാരോട് എന്ന കൃതിയില്‍ അതിനെക്കുറിച്ച് വാചാലനാവുന്നുണ്ട്.
അദ്ദേഹം അത് വിശദീകരിക്കുന്നത് ഇങ്ങനെ: ഞാന്‍ ഒരു രാത്രിയില്‍ വീടിന്റെ മട്ടുപ്പാവില്‍ ഇരിക്കയായിരുന്നു. എവിടെ നിന്നോ ഒരു പ്രകാശം എന്റെ മുഖത്തേക്ക് എത്തിനോക്കി. എനിക്കു വെളിച്ചത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്ന് അന്വേഷിക്കാന്‍ തോന്നി. അത് എന്റെ മുറിയിലെ കണ്ണാടിയില്‍ നിന്നാണെന്ന് ഞാന്‍ കണ്ടെത്തി. കണ്ണാടിയിലേക്ക് എവിടെ നിന്നാണ് ഈ പ്രകാശം വരുന്നത് എന്നായി പിന്നെ എന്റെ അന്യേഷണം. അപ്പോഴാണ് എന്റെ കണ്ണുകള്‍ പുറത്ത് ,ആകാശത്ത് ചന്ദ്രികാ ചര്‍ച്ചിതമായി പുഞ്ചിരി തൂകുന്ന അമ്പിളിയില്‍ നിന്നാണ് അതിന്റെ പ്രസരണം എന്ന് ഞാന്‍ തിരിച്ചറിയുന്നത്. എന്നാല്‍ ചന്ദ്രന്‍ സ്വയം പ്രകാശിക്കുകയില്ലല്ലോ. ആലോചിച്ചപ്പോള്‍ അത് സൂര്യപ്രകാശത്തിന്റെ പ്രതിഫലനമാണെന്ന ബോധമെനിക്കുണ്ടായി. സൂര്യനില്‍ ആ പ്രകാശം എങ്ങിനെ വന്നു എന്നചിന്ത എന്റെ ആലോചനക്ക് വിഷയീ ഭവിച്ചപ്പോഴാണ് ദൈവം എന്ന പ്രകാശവലയത്തെകുറിച്ച് എനിക്ക് ചിന്തിക്കേണ്ടി വന്നത്. ഗസ്സാലി ഉപസംഹരിക്കുന്നു.
ഈ ദിവ്യമായ പ്രകാശം നമ്മെ ചൂഴ്ന്ന് വരുന്നതിന്റെ വ്യത്യസ്ഥ വിതാനങ്ങള്‍ ബഷീറിയന്‍ എഴുത്തില്‍ കടന്നു വരുന്നത് കാണാം. ചിലപ്പോള്‍ സൂഫിയായും മറ്റു ചിലപ്പോള്‍ സന്യാസിയായും ഇനിയും ചിലപ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരനായും വന്ന് ബഷീര്‍ നമ്മോട് മനുഷ്യസ്‌നേഹത്തിന്റെ പ്രകൃതി സ്‌നേ ഹത്തിന്റെ കഥ പറഞ്ഞു പോയി. ആരെയും എതിര്‍ത്തില്ല, ഒന്നിനേയും വെറുത്തി ല്ല. മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ്മുതല്‍ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ ഭൂമിയുടെ അനിഷേധ്യങ്ങളാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അവര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യവര്‍ഗ്ഗം മാത്രമല്ല ഭൂമിയിലെ മറ്റു ജന്തുജാലങ്ങളും തിര്യക്കുകളും എന്തിന് സസ്യജാലങ്ങള്‍ പോലും ഈ ഭൂമിയുടെ അവകാശകളാണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. നിങ്ങള്‍ ഭിന്നിക്കരുത് എന്ന് അദ്ദേഹം പറഞ്ഞില്ല.മറിച്ച് ഒന്നും ഒന്നും ചേര്‍ന്നാല്‍ നിങ്ങള്‍ വലിയ ഒരു ഒന്നായിത്തീരുമെന്ന് എന്ന് കാലേക്കൂട്ടി ബഷീര്‍ പ്രവചനം നടത്തി. ഒന്നാവുക ,നന്നാവുക എന്ന സമവാക്യം നമ്മള്‍ തിരിച്ചറിയുന്നത് ബഷീര്‍ പറയുമ്പോഴാണ്.
ബഷീറിന്റെ മറ്റൊരു പ്രതേകത അദ്ദേഹമൊരിക്കലും ആഖ്യാതാവെന്ന് പറഞ്ഞ് വാതില്‍ പഴുതിലൊളിച്ചില്ല. അദ്ദേഹത്തിന്റെ പരശ്ശതം കഥാപാത്രങ്ങളില്‍ ഒരുവനായി അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ട് അവരുടെ കൂടെ ഒരു കാരണവരായി അദ്ദേഹം സഞ്ചരിച്ചു. ഇത് ബഷീറിന് മാത്രം അവകാശപ്പെടാവുന്നതാണ്. ആനവാരി രാമന്‍നായരും പൊന്‍കുരിശു തോമയും എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുത്തപ്പയും പാത്തുമ്മയും നടന്ന വഴിയില്‍ നാമറിയാതെ ബഷീറിന്റെ സാന്നിദ്ധ്യവും നാം അനുഭവിച്ചറിയും. അതിന്റെ പ്രതിഫലനമാകാം ബഷീറിന്റെ കഥാപാത്രങ്ങളുടെ കാരാക്കേച്ചറിന്റെ കൂടെ ചിത്രമെഴുത്തുകാര്‍ അദ്ദേഹത്തെയും കുടിയിരുത്തുന്നത്.
ചുരുക്കത്തില്‍ തന്നെ ബഷീറിന്റെ കഥാപ്രപഞ്ചം അദ്ദേഹമടക്കമുള്ള കഥാപാത്രങ്ങളുടെ ഒരു ആഘോഷമാണ്.അതില്‍ ഒരു കാരണവരായി നമുക്ക് ബഷീറിനേയും കാണാം. ജീവിതത്തില്‍ യാഥനാപര്‍വ്വങ്ങളുടെ പല കടമ്പകള്‍ താണ്ടിയാണ് ബഷീര്‍ എഴുത്തുകാരനാവുന്നത്. സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവര്‍ത്തകന്‍ ,മാന്ത്രികള്‍ ,സന്യാസി ,സൂഫീ ചിന്തകന്‍ അങ്ങനെ പല വേഷങ്ങള്‍ ബഷീര്‍ എടുത്തണിഞ്ഞു. ഒടുവിലൊടുവില്‍ എല്ലാം ഉപേക്ഷിക്കുന്നത് കാണാം.
അങ്ങനെ ഒന്നിലും ഉറച്ചു നില്‍ക്കാതെ ഊരുതെണ്ടിയായി അലഞ്ഞ് അനുഭവങ്ങളുടെ വലിയ ഭാണ്ഡക്കെട്ടുമായി അദ്ദേഹം യാത്ര കഴിഞ്ഞ് തിരിച്ചു വരുന്നു. പിന്നെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ മധുരമിഠായി പൊതിയഴിക്കും പോലെ അത് നമുക്കു മുന്നില്‍ ബഷീര്‍ നിരത്തുന്നു. ആ മധുരം നുണയാന്‍ കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ വന്നണയുന്നു.
അതാസ്വദിച്ചവര്‍ പലവിധത്തില്‍ അദ്ദേഹത്തെ വിലയിരുത്തി. കുഞ്ഞുങ്ങള്‍ക്കും കുഞ്ഞു മനസുള്ളവര്‍ക്കും അദ്ദേഹത്തിന്റെ എഴുത്ത് ബാലസാഹിത്യമായി. ചിന്തിക്കുന്നവര്‍ക്ക് ഉള്ളില്‍ മധുരം പൊതിഞ്ഞ മൂത്ത മുതുനെല്ലിക്കയായി. ഓരോരുത്തരും സ്വന്തം അഭിരുചിക്കനുസരിച്ച് അത് വ്യാഖ്യാനിച്ചു.
ബഷീറിയന്‍ സാഹിത്യം മനുഷ്യ ജീവിതത്തിന്റെ കലര്‍പ്പില്ലാത്ത നേര്‍ചിത്രങ്ങളാണ്; അവ നിഷ്‌കളങ്കതയുടെ പര്യായങ്ങളാണ്. അതില്‍ കളങ്കം തൊട്ടു തീണ്ടിയിട്ടില്ല. സഭ്യവും അസഭ്യവും സമൂഹത്തിന്റെ നിലപാടുകളാണ് അത് നിശ്ചയിക്കുക. ശ്ലീലം അശ്ലീലം എന്ന വേര്‍തിരിവ് പൊതുബോധത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്. ചിലര്‍ക്ക് അശ്ലീലം എന്നത് കേവല ലൈഗീകതയില്‍ മാത്രമാണ്. അത്തരം പദങ്ങള്‍ മതങ്ങളില്‍ പോലുമുണ്ട് എന്ന സത്യം പലരും മറന്ന് പോകാറാണ് പതിവ്. എല്ലാ രാഷട്രീയക്കാര്‍ക്കും വരട്ട് ചൊറി വന്നാലേ ലോകത്ത് സമാധാനം പുലരൂ എന്നത് രാഷ്ട്രീയക്കാര്‍ക്ക് അശ്ലലമായി തോന്നാം. അതുപോലെ കുട്ടിക്ക് മുല കൊടുക്കുന്ന വര്‍ണ്ണഅന്ധമായ പരിപ്രേക്ഷ്യത്തില്‍ അശ്ലീലമായി വ്യാഖ്യാനിക്കപ്പെടാം. രോമമതങ്ങള്‍ എന്ന പരാമവും അത്തരത്തില്‍ കണ്ടാല്‍ മതി.
ഇതിന് വേണമെങ്കില്‍ എഴുത്തിന്റെ അപഥ സഞ്ചാരങ്ങള്‍ എന്ന് പറയാം. തന്റെ അത്തരം അപഥ സഞ്ചാരങ്ങള്‍ തന്റെ ആഖ്യാനങ്ങളിലേക്ക് ബഷീര്‍ മുതല്‍കൂ ട്ടി.ആ സ്‌നേഹം നുകരാന്‍ സമൂഹത്തിലെ എല്ലാത്തട്ടിലുള്ളവവര്‍ക്ക് കഴിഞ്ഞു എന്നതാണ് ബഷീറിന്റെ വിജയം. അങ്ങനെ എല്ലാവര്‍ക്കും വിളമ്പിയിട്ടും വിളമ്പിയിട്ടും തീരാത്ത ഒരു അക്ഷയപാത്രമായി ബഷീര്‍ ഇന്നും അവശേഷിക്കുന്നു. അതുകൊണ്ടു തന്നെ ബഷീറിന്റെ ആശയ സമ്പുഷ്ടമായ കൊച്ചുകൊച്ചു എഴുത്തുകള്‍ നമ്മുടെ ചെറിയ മനസിലേക്ക് നന്മയുടെ സമസൃഷ്ടി സ്‌നേഹത്തിന്റെ നീരുവയായി ഇന്നും കിനിഞ്ഞു കൊണ്ടേയിരിക്കുന്നു.
ബഷീര്‍ എന്ത് പറയുകയാണെങ്കിലും അതിന്റെ പരമാവതിയില്‍ പറഞ്ഞു. അങ്ങനെയായത് കൊണ്ടാണ് നമുക്ക് ചരിത്രങ്ങളായുള്ളത് നമ്മുടെ കലഹങ്ങളുടെ വിവരണമാണ് എന്ന് ബഷീറിന് പറയാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെയാണ് ഒന്നും ചേര്‍ന്നാല്‍ വലിയ ഒന്ന് എന്ന് പ്രസ്താവിക്കാന്‍ അദ്ദേഹം തയ്യാറായത് അഥവാ കാലത്തെ അതിജയിക്കാന്‍ സാധിച്ച മലയാളത്തിലെ ഒരേ ഒരു എഴുത്തുകാരനാണ് ബഷീര്‍. അതുകൊണ്ടു തന്നെ മലയാളം നിലനില്‍ക്കു വോളം ബഷീറും നിലനില്‍ക്കും എന്നതില്‍ സംശയമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in