രാമരഥത്തില്‍ നിന്ന് ബുള്‍ഡോസറിലേക്കുള്ള ദൂരം

ബുള്‍ഡോസറുകള്‍ ഇതിനുമുമ്പ് ഒരു രാഷ്ട്രീയ പ്രതീകമായി പ്രത്യക്ഷപ്പെട്ടത് അടിയന്തിരാവസ്ഥക്കാലത്താണ്. ദില്ലിയിലെ തുര്‍ക്കമന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ ഇറക്കിയത് അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരായിരുന്നു. എത്രപേര്‍ മരിച്ചുവെന്ന് ആരും അന്ന് കണക്കെടുത്തില്ല. വീട് നഷ്ടപ്പെട്ടവരെ അന്ന് ട്രക്കില്‍ കയറ്റി യമുന കടത്തുകയാണുണ്ടായത്. അവര്‍ ജീവിതം കെട്ടിപ്പൊക്കിയത് സീലാംപൂര്‍ വെല്‍ക്കം കോളണി എന്നിവിടങ്ങളില്‍-അവിടെയാണ് കലാപം രണ്ടുകൊല്ലം മുമ്പ് ഇരുട്ട് പരത്തിയത്.

ദില്ലിയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഒരു പ്രദേശമാണ് ജഹാംഗീര്‍പുരി. നഗരത്തിന്റെ ഏറ്റവും വലിയ പച്ചക്കറിച്ചന്തയായ ആസാദ്പൂറും ധനികരായ കച്ചവടക്കാര്‍ താമസിക്കുന്ന മോഡല്‍ ടൗണും അതിന്റെ അതിരുകള്‍. മെട്രോ സ്റ്റേഷനെ തൊട്ടുരുമ്മി പോകുന്ന പുരാതനമായ ഗ്രാന്‍ഡ് ട്രങ്ക് റോഡ്-മൗര്യ സാമ്രാജ്യത്തോളം പഴക്കമുണ്ട് ഗംഗാസമതലത്തെ ദില്ലിയും ലാഹോറും ഷെഷാവറും കാബൂളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്-ജഹാംഗീര്‍പുരി വിട്ടാല്‍ ഹര്യാനയിലേക്ക് സിംഗു ബോര്‍ഡറില്‍വെച്ച് പ്രവേശിക്കുന്നു. ഐതിഹാസികമായ കര്‍ഷകസമരത്തിന്റെ അവശേഷിപ്പുകള്‍ സിംഗുവില്‍ ഇപ്പോഴും കാണാം. തകൃതിയായി ഹൈവേ വികസനം നടക്കുന്നതു കാരണം ആസകലം പൊടിപടലമണിഞ്ഞു നില്‍ക്കുന്ന ഒരു ചെക്ക് പോസ്റ്റ് മാത്രമാണിന്ന് സിംഗു. ഒരുപാട് ചെറിയ വ്യവസായശാലകളുടെയും അവിടെ തൊഴിലെടുക്കുന്ന നഗരം ചലിപ്പിക്കുന്ന സാമ്പത്തിക ഇടത്തരക്കാരുടേയും പാവപ്പെട്ടവരുടേയും വാസസ്ഥലങ്ങളാണ് ജഹാംഗീര്‍പുരിയില്‍ ഭൂരിപക്ഷവും. മഹാനഗരത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട ചെറുജീവിതങ്ങളുടെ വലിയ ലോകം. അവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട്. രണ്ടുകൊല്ലം മുമ്പ് വര്‍ഗ്ഗീയ കലാപമുണ്ടായ വടക്കുകിഴക്കന്‍ ദില്ലിക്കെന്നപോലെ ജഹാംഗീര്‍പുരിക്കും കലാപത്തിന്റെ ചരിത്രമൊന്നും പറയാനില്ല. അവിടെയാണ് ഇത്തവണത്തെ ഹനുമാന്‍ ജയന്തിക്കാലത്ത് സംഘര്‍ഷമുണ്ടായത്. വടക്കേയിന്ത്യയില്‍ പലയിടത്തും ഇത്തവണത്തെ രാമനവമി സംഘര്‍ഷഭരിതമായിരുന്നു. ജയന്തിക്കാരുടെ ഘോഷയാത്രകള്‍ മറ്റ് ദേവാലയങ്ങള്‍ക്ക് മുന്നില്‍ ചെന്ന് ബഹളമുണ്ടാക്കുന്നതിന്റേയും മറ്റു മതസ്ഥരെ പ്രകോപിപ്പിക്കുന്നതിന്റേയും റിപ്പോര്‍ട്ടുകള്‍ പത്രമാധ്യമങ്ങളില്‍ ധാരാളം വന്നിരുന്നു. മധ്യപ്രദേശിലും ഗുജറാത്തിലും ഈ സംഘര്‍ഷങ്ങളോട് അവിടുത്തെ സര്‍ക്കാരുകള്‍ പ്രതികരിച്ചത് കുറ്റാരോപിതരായി പോലീസ് രേഖപ്പെടുത്തിയ മുസ്‌ലിംകളുടെ കച്ചവടസ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവയെ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ എന്നടയാളപ്പെടുത്തി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിരപ്പാക്കിക്കൊണ്ടാണ്. മധ്യപ്രദേശിലെ ഖാര്‍ഗോവിലും (Khargove) ഗുജറാത്തിലെ ഹിമ്മത് നഗറിലും ഇത്തരം നടപടികള്‍ രാമനവമിക്കുശേഷം അവിടുത്തെ ബിജെപി സര്‍ക്കാരുകള്‍ തുടങ്ങിവെച്ചിരുന്നു. സമാനമായ നടപടിയാണ് ജഹാംഗീര്‍പുരിയിലും ബിജെപി നിയന്ത്രിക്കുന്ന പ്രാദേശിക ഭരണകൂടം (മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) നടപ്പിലാക്കിയത്. സുപ്രീം കോടതി ഇടപെട്ടതിനുശേഷമാണ് ബുള്‍ഡോസറുകള്‍ പിന്‍വലിക്കപ്പെട്ടത്.

ബുള്‍ഡോസറുകള്‍ ഇതിനുമുമ്പ് ഒരു രാഷ്ട്രീയ പ്രതീകമായി പ്രത്യക്ഷപ്പെട്ടത് അടിയന്തിരാവസ്ഥക്കാലത്താണ്. ദില്ലിയിലെ തുര്‍ക്കമന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ ഇറക്കിയത് അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരായിരുന്നു. എത്രപേര്‍ മരിച്ചുവെന്ന് ആരും അന്ന് കണക്കെടുത്തില്ല. വീട് നഷ്ടപ്പെട്ടവരെ അന്ന് ട്രക്കില്‍ കയറ്റി യമുന കടത്തുകയാണുണ്ടായത്. അവര്‍ ജീവിതം കെട്ടിപ്പൊക്കിയത് സീലാംപൂര്‍ വെല്‍ക്കം കോളണി എന്നിവിടങ്ങളില്‍-അവിടെയാണ് കലാപം രണ്ടുകൊല്ലം മുമ്പ് ഇരുട്ട് പരത്തിയത്.

ബുള്‍ഡോസറിന്റെ പുതിയ രൂപം ഉത്തര്‍പ്രദേശില്‍ നിന്നുമാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ ആദിത്യനാഥിന്റെ സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഇറക്കി. പരിപാടി നിയമവിരുദ്ധമാണ് എന്നൊക്കെ അലഹാബാദ് ഹൈക്കോടതി ഉത്തരവ് ഇറക്കിയെങ്കിലും ഉത്തര്‍പ്രദേശില്‍ ‘ബുള്‍ഡോസര്‍ ബാബ’യ്ക്ക് വോട്ട് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രചരണം നടത്തി. മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ വലിയ പ്രതീകമായി യുപി ബുള്‍ഡോസറിനെ കണ്ടു. ഹിന്ദുത്വ ആശയത്തിന്റെ, അതിന്റെ രാഷ്ട്രീയാധികാരത്തിന്റെ പുതിയ പ്രതീകമാണ് ഇന്ന് ബുള്‍ഡോസര്‍-രാമരഥത്തില്‍ നിന്നും ബുള്‍ഡോസറിലേക്ക് നീളുന്നു ഹിന്ദുരാഷ്ട്രത്തിന്റെ ചരിത്രം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദില്ലിയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് നിയമ അട്ടിമറിയില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചത്-മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടുന്ന ദില്ലിയുടെ പ്രാദേശിക ഭരണസംവിധാനത്തെ ഒറ്റ കോര്‍പ്പറേഷനായി സര്‍ക്കാര്‍ ഏകപക്ഷീയമായി മാറ്റി. പലതവണയായി ഭരണം ബിജെപിയുടെ കൈയിലാണ്. സാമ്പത്തിക കെടുകാര്യസ്ഥതമൂലം വലയുന്ന ഈ കോര്‍പ്പറേഷനുകള്‍ ഇത്തവണ ആപ്പിന് പോകും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. വര്‍ഷാവസാനം തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടാകണം ജഹാംഗീര്‍പുരിയിലെ നാടകത്തിന് കര്‍ട്ടനുയര്‍ത്തിയത്. കുറെ മനുഷ്യര്‍ക്ക് അവരുടെ കിടപ്പാടവും തൊഴില്‍ ഉപാധികളും നഷ്ടപ്പെട്ടു; മറ്റു ചിലര്‍ക്ക് കേസും കൂട്ടവുമായി. സൂത്രധാരന്മാര്‍ എങ്ങോ വലിഞ്ഞു. ജയന്തി ഘോഷയാത്രയ്‌ക്കെതിരെ പ്രശ്‌നമുണ്ടാക്കിയ നേതാവ് എന്ന പേരില്‍ ഒരാളെ ബംഗാളില്‍ നിന്നോ മറ്റോ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്‌ലിമായ അയാള്‍ ബിജെപിക്കാരനെന്ന് ആപ്പ് നേതാക്കളും അല്ല ആപ്പ് നേതാവെന്ന് ബിജെപിക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജഹാംഗീര്‍പുരി സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കണ്ട ഒരു തര്‍ക്കവഴി ശ്രദ്ധേയമാണ്. അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികളും രോഹിംഗ്യകളുമാണ് സംഘര്‍ഷത്തിന് കാരണമെന്നും നാടൊട്ടുക്ക് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത് ബിജെപിക്കാരാണെന്നും ആപ്പ് നേതാക്കളായ അതിഷിയും മറ്റും പ്രസ്താവന ഇറക്കി. ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ഈ പ്രസ്താവന ഏറ്റെടുത്തു. ബംഗ്ലാദേശിയും രോഹിംഗ്യയും ധ്രുവീകരണ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ പര്യായമാണിന്ന്. മുസ്‌ലിം ഇന്നാട്ടുകാരനല്ല എന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കാതലായ പ്രചരണ സമരങ്ങളിലൊന്നാണ്-മുസ്‌ലിമിനെ അപരവല്‍ക്കരിക്കാനും De-territorialise ചെയ്യാനും പണ്ട് മുതല്‍ക്കേ നടക്കുന്ന ശ്രമങ്ങളില്‍ ‘ബംഗ്ലാദേശി’ കടന്നുവരാറുണ്ട്.

ദൈനംദിന രാഷ്ട്രീയത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കപ്പുറത്ത് സിസോഡിയയും അതിഷിയും ജഹാംഗീര്‍പുരിയില്‍ ബംഗ്ലാദേശിയേയും രോഹിംഗ്യകളെയും കാണുന്നതില്‍ അവര്‍ ഉദ്ദേശിക്കാത്ത ഒരു മാനം കൂടിയുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയം ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തിക്കപ്പുറത്ത് എങ്ങനെ ഇഴചേര്‍ന്ന് കിടക്കുന്നു എന്ന് അവരുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യ ഒരു സിവിലൈസേഷനല്‍ സ്റ്റേറ്റ് ആണെന്നും അതിനെ യൂറോപ്യന്‍ ദേശരാഷ്ട്ര സങ്കല്പത്തിന്റെ അളവുകോലുകള്‍കൊണ്ട് അളക്കാന്‍ സാധിക്കുകയില്ല എന്നും അടുത്തയിടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ പറയുകയുണ്ടായി. മോദിയുടെ ഇന്ത്യ ജനാധിപത്യമൂല്യങ്ങളില്‍ നിന്നും അകലുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായും പുതിയ ഇന്ത്യ നെഹ്‌റുവിയന്‍ ഇന്ത്യയില്‍ നിന്നും ആശയപരമായ ഒരു വിച്ഛേദമാണെന്നു സ്ഥാപിക്കാനുമൊക്കെ വേണ്ടിയാണ് ജയശങ്കര്‍ തന്റെ കാഴ്ചപ്പാട് ഇത്തരത്തില്‍ അവതരിപ്പിച്ചത്. സംഘപരിവാറിന്റെ അഖണ്ഡഭാരത സങ്കല്പം പിന്‍പറ്റുന്നതും ഇന്ത്യ ഒരു നാഗരിക രാഷ്ട്രമാണ് എന്ന് കാഴ്ചപ്പാടിനെയാണ്.

ഇസ്‌ലാം വടക്കേയിന്ത്യയില്‍-വടക്കേയിന്ത്യയാണ് സംഘപരിവാര്‍ സങ്കല്പത്തിലെ ഇന്ത്യ-പ്രവേശിക്കുന്നതുവരെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി നിലനിന്നുവെന്നും അതിനുശേഷം അടിമത്തത്തിലേക്ക് പ്രവേശിച്ചു എന്നുമാണല്ലോ പരിവാര്‍ വീക്ഷണം. ഇന്ത്യ എന്ന സിവിലൈസേഷനല്‍ സ്റ്റേറ്റിന് ദില്ലി സുല്‍ത്താനത്തും മുഗളരും എന്തിന് ബ്രിട്ടീഷുകാര്‍പോലും നല്‍കിയ സംഭാവനകള്‍ നിരാകരിച്ചുകൊണ്ടാണ് നാഗരികതയെ ദേശരാഷ്ട്രമായി അവര്‍ കൂട്ടിക്കുഴച്ചു കാണുന്നത്. ഈ അബദ്ധ ധാരണ-അതിന്റെ തനതു രൂപങ്ങള്‍ ഉപഭൂഖണ്ഡത്തിലെമ്പാടും കാണാവുന്നത്. പാക്കിസ്ഥാനിലാവട്ടെ ചരിത്രം ജനിക്കുന്നത് തന്നെ സിന്ധിന്റെ (Sindh) അറബ് കീഴ്‌പ്പെടുത്തല്‍ മുതല്ക്കാണ്. ശ്രീലങ്കയാകട്ടെ സിംഹള മഹാവംശ ഓര്‍മ്മകളിലാണ് രാഷ്ട്രത്തെ വിഭാവന ചെയ്യാന്‍ ശ്രമിക്കുന്നത്. ബര്‍മ്മയിലും നേപ്പാളിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ഇങ്ങനെ ചരിത്രത്തെ അപരവല്‍ക്കരണ പ്രക്രിയയിലൂടെ കടത്തിവിടുന്ന പ്രതിഭാസം നമുക്ക് കാണാവുന്നതാണ്. യൂറോപ്യന്‍ ദേശരാഷ്ട്രസങ്കല്പത്തിലാണ് ഏകദൈവവും മതവും ഭാഷയുമൊക്കെ രാഷ്ട്രനിര്‍മ്മാണത്തിന്റെ പ്രധാന ഘടകമായി നിലനില്‍ക്കുന്നത്. സിവിലൈസേഷനല്‍ സ്റ്റേറ്റുകള്‍ വൈവിധ്യത്തെ സ്വാഭാവികമായി ഉള്‍ക്കൊള്ളേണ്ടവയാണ്. എന്നാല്‍ അതിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ പ്രയോഗത്തില്‍ ദേശരാഷ്ട്രത്തെ അനുകരിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എമ്പാടും ഇന്നു നമ്മള്‍ കാണുന്ന സംഘര്‍ഷങ്ങളുടെ വേരുകള്‍ സ്റ്റേറ്റിനെ കുറിച്ചുള്ള കലുഷിത ചിന്തയില്‍ നിന്നും ഉയര്‍ന്നുവരുന്നതാണ്. ഗാന്ധി-നെഹ്‌റു-അംബേദ്ക്കര്‍ രൂപം നല്‍കിയ ഇന്ത്യ പ്രയോഗാര്‍ത്ഥത്തിലും സിവിലൈസേഷനല്‍ സ്റ്റേറ്റിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിരുന്നു. പ്രാദേശിക ഭാഷകളെ അംഗീകരിച്ചതും പ്രവിശ്യകളുടെ രൂപീകരണത്തിനെ അവയെ മാനദണ്ഡമാക്കിയതിലും ജനാധിപത്യം സ്വീകരിച്ചതിലും ഭരണഘടനയില്‍ മതസ്വാതന്ത്ര്യവും ന്യൂനപക്ഷ പരിരക്ഷ ഉറപ്പു നല്‍കിയതും സിവിലൈസേഷനല്‍ മൂല്യങ്ങളെ കൂടി സ്വാംശീകരിച്ചതുകൊണ്ടാണ്. രാഷ്ട്രത്തെക്കുറിച്ചുള്ള രണ്ട് സങ്കല്പങ്ങളും തുടക്കം മുതല്‍ക്കുതന്നെ ഏറ്റുമുട്ടുന്നുണ്ട് താനും. ആ വൈരുദ്ധ്യങ്ങള്‍ കാഷ്മീരിലും വടക്കുകിഴക്കും തുടര്‍ന്നുപോരുന്നുമുണ്ട്. യൂറോപ്യന്‍ ദേശരാഷ്ട്രങ്ങള്‍ ഭാഷാതീതവും മതാതീതവുമായൊക്കെ തങ്ങളെ വിഭാവനം ചെയ്യാന്‍ തുടങ്ങുന്ന കാലഘട്ടത്തില്‍ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങള്‍ തങ്ങളുടെ മത ഭാഷാ വംശീയ വൈവിധ്യ പാരമ്പര്യത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഹിന്ദി-ഹിന്ദു സ്വത്വത്തിലൂന്നിയ ഒരു ഇന്ത്യന്‍ പൗരത്വം വിഭാവന ചെയ്യുന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് സമാനമായ ധാരകള്‍ ഉപഭൂഖണ്ഡത്തിലെമ്പാടും കാണാവുന്നതാണ്.

ശ്രീലങ്കയിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങളുടെ ആധാരം പോലും ആ രാജ്യം സ്വയം നിര്‍ണ്ണയിക്കാനായി നടത്തിയ നിയമനിര്‍മ്മാണങ്ങളാണ്. എഴുപത് ശതമാനം വരുന്ന സിംഹളരുടെ മത-ഭാഷാ-സാംസ്‌കാരിക പ്രതിച്ഛായില്‍ ശ്രീലങ്കയെ നിര്‍വ്വചിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങുന്നത് 1956 ലാണ്. അതാകട്ടെ ആ രാജ്യത്തെ വലിയ രാഷ്ട്രീയ ശക്തിയായി കഴിഞ്ഞിരുന്ന തൊഴിലാളി യൂണിയനുകളെ തകര്‍ക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികളും ചേര്‍ന്ന് യൂണിയനുകളില്‍ സിംഹളരും തമിഴരും മലയാളികളും ഡച്ച്-പോര്‍ച്ചുഗീസ് വംശജരുമൊക്കെയുണ്ടായിരുന്നു. ആ സഖ്യത്തെ പൊളിക്കാനാണ് സിംഹള സ്വത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ബണ്ഡാരനായകേ 1956ല്‍ ഭാഷാ നിയമനിര്‍മ്മാണം നടത്തിയത്. തമിഴര്‍ക്കെതിരെയുള്ള നീക്കമായിരുന്നു അത്. പ്ലാന്റേഷനുകളിലെ ഇന്ത്യന്‍ തമിഴരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമവും തുടങ്ങി. വലിയ ട്രോട്‌സ്‌ക്കിയറ്റ് പാരമ്പര്യമുള്ള ശ്രീലങ്കന്‍ ഇടതുപക്ഷവും തമിഴ് സംഘടനകളും എതിര്‍ത്തുവെങ്കിലും അവര്‍ വിജയിച്ചില്ല. യൂണിയനുകളുടെ സ്വാധീനം കാരണം ശ്രീലങ്ക ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുത്തു. ഉയര്‍ന്ന ആരോഗ്യ വിദ്യാഭ്യാസ നിലവാരങ്ങള്‍ പുലര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ജനാധിപത്യ സൂചികയില്‍ ലങ്ക പിറകോട്ടു പോവുകയാണുണ്ടായത്. 1970 കളോടെ തമിഴ് രാഷ്ട്രീയം മാറുന്നു. ജനാധിപത്യപരമായ സമരമുറകളിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ല എന്ന കാഴ്ചപ്പാടിന് തമിഴ് പ്രദേശങ്ങളില്‍ വേരോട്ടമുണ്ടാകുന്നത് എഴുപതുകളിലാണ്. ’56 മുതലുള്ള ഭാഷാ കലാപങ്ങളൊക്കെ തമിഴര്‍ക്ക് എതിരെയുള്ള വംശീയ വിദ്വേഷമായി മാറുകയാണുണ്ടായത്. സിംഹള-ബൗദ്ധ മത-ഭാഷാ ദേശീയതയായി ശ്രീലങ്കയെ പുനഃനിര്‍വ്വചിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെയുണ്ടായ പ്രതിരോധമാണ് 1980 കളിലെ തമിഴ് തീവ്രവാദ രാഷ്ട്രീയം. അതിനെ രാഷ്ട്രീയമായി സമീപിക്കുന്നതിന് പകരം സായുധമായി നേരിടാനാണ് ശ്രീലങ്കന്‍ മുഖ്യധാരാ രാഷ്ട്രീയം ശ്രമിച്ചത്. 1980കളില്‍ കടംവാങ്ങിക്കൊണ്ട് തുടങ്ങിയ സൈനികവല്‍ക്കരണം ശ്രീലങ്കന്‍ ജനാധിപത്യത്തെ തന്നെ അപായപ്പെടുത്തി. പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും എല്ലാം അപകടത്തിലായി. യുദ്ധാനന്തരവും സൈനികവല്‍ക്കരണത്തിന് ശമനമുണ്ടായില്ല. പാക്കിസ്ഥാനിലെന്നപോലെ ശ്രീലങ്കയിലും സൈന്യം ഇന്ന് ഒരു നിര്‍ണ്ണായക സാമ്പത്തിക ശക്തികൂടിയാണ്. യുദ്ധാനന്തരം തമിഴ് ദേശീയതയുമായി യോജിപ്പിലെത്താനല്ല വിജയത്തെ ഭാഷാ-മത സ്വത്വ ദേശീയതയുടെ വിജയമായി ആഘോഷിക്കാനാണ് ശ്രീലങ്കന്‍ ഭരണാധികാരികള്‍ ശ്രമിച്ചത്. ദേശീയതയുടെ ഈ കാന്‍സറിന് മേലാണ് ഈസ്റ്റര്‍ സ്‌ഫോടനവും കോവിഡും പതിച്ചത്. ടൂറിസം നിലംപൊത്തിയതോടെയാണ് സമ്പദ്‌രംഗം കൂപ്പുകുത്തിയത്. രാജ്പക്‌സേ കുടുംബത്തിന്റെ വികസന നയവൈകല്യങ്ങള്‍ രോഗാവസ്ഥയെ കഠിനമാക്കി. ചൈനീസ് മൂലധനത്തെ ആശ്രയിച്ച് കെട്ടിപ്പൊക്കിയ പൊങ്ങച്ച പ്രോജക്ടുകള്‍ ഇന്നും സംരംഭകരെക്കാത്ത് കിടക്കുന്നു. രാജപക്‌സേ സര്‍ക്കാര്‍ നടപ്പിലാക്കിയ നികുതിയിളവുകളും കാര്‍ഷികമേഖലയിലെ ഇടപെടലുകളും ശ്രീലങ്കയെ കടക്കെണിയിലാക്കിയിരിക്കുന്നു. എന്നാല്‍ ഓര്‍ക്കുക, ഈ സാമ്പത്തിക തകര്‍ച്ചയുടെ തുടക്കം ആ രാജ്യം സ്വീകരിച്ച സൈനികവല്‍ക്കരണ നടപടികളാണ്. അതിന് കാരണമായതോ ശ്രീലങ്കയെ സിംഹള-ബൗദ്ധ ദേശീയതയായി പുനര്‍നിര്‍വ്വചിക്കാന്‍ നടത്തിയ ശ്രമങ്ങളും. അറുപതുകള്‍ മുതല്‍ക്ക് ഉയര്‍ന്ന ജീവിതസൂചിക നിലനിര്‍ത്തിപ്പോന്നിരുന്ന ശ്രീലങ്ക ഇന്ന് നേരിടുന്ന ഭക്ഷ്യ-ഇന്ധന പ്രതിസന്ധി ഫിനാന്‍ഷ്യല്‍ ക്യാപിറ്റല്‍ സൃഷ്ടിച്ച താല്‍ക്കാലിക പ്രതിഭാസമായി കാണുന്നത് ചരിത്രപരമായിരിക്കുകയില്ല. ആംഗ്ലോ-സാക്‌സണ്‍ അല്ലെങ്കില്‍ ചൈനീസ് അല്ലെങ്കില്‍ ഇന്ത്യന്‍ മൂലധനത്തിലും (അത് കുറഞ്ഞ പലിശനിരക്കിലുള്ള കടത്തിന്റെ രൂപത്തിലുമെത്താം.) തളച്ചിടപ്പെടുകയാണ് ശ്രീലങ്കയുടെ പൊളിറ്റിക്കല്‍ ഇക്കോണമി. ഉല്പാദനം ഇല്ലാതാകുകയും ഉപഭോഗം അമിതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്ന വിമര്‍ശനമൊക്കെ ഉയരുമ്പോഴും കാതലായ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ശ്രീലങ്കന്‍ രാഷ്ട്രീയ മുഖ്യധാര മടിക്കുന്നു. സിംഹള-ബൗദ്ധ ദേശീയത ഈഴ യുദ്ധങ്ങള്‍ക്ക് ശേഷം ഒരു അനിവാര്യത മാത്രമാണ് എന്നും ദേശീയതാ സങ്കല്പത്തെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ ജനത ഇന്നും തയ്യാറല്ല എന്നുമാണ് രാഷ്ട്രീയക്കാരുടെ വിലയിരുത്തല്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം അതിദേശീയതാ ചിന്ത തന്നെയാണ് മ്യാന്‍മാറിനേയും നേപ്പാളിനേയും പാക്കിസ്ഥാനേയുമൊക്കെ സംഘര്‍ഷാവസ്ഥയില്‍ എത്തിച്ചത്. ബര്‍മ്മീസ് സ്വാതന്ത്ര്യസമരത്തിന്റെ മുഖമായിരുന്ന ആങ്‌സാനെ ബര്‍മ്മീസ് പട്ടാളം-ബ്രിട്ടീഷ് ഇന്റലിജന്റ്‌സിന്റെ താല്പര്യപ്രകാരം എന്നു പറയപ്പെടുന്നു-കൊലപ്പെടുത്തിയപ്പോള്‍ അപകടത്തിലായത് ആ രാജ്യത്തിന്റെ ഭാവി തന്നെയാണ്. ജനാധിപത്യവും വികേന്ദ്രീകൃതമായ ഒരു ഭരണസംവിധാനവും-പ്രവിശ്യകള്‍ക്ക് സ്വയംഭരണാവകാശം-ആങ് സാന്‍ (Ang San) വിഭാവന ചെയ്തത് ഇരാവതി നദീതടത്തിലെ ബൗദ്ധ-ബര്‍മ്മീസ് വരേണ്യരെ പ്രകോപിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് പട്ടാളമേധാവികള്‍ ബര്‍മ്മ എന്ന ദേശരാഷ്ട്രത്തെ വിഭാവന ചെയ്തത് അതിന്റെ വംശീയ മതഭാഷാ വൈവിധ്യങ്ങളെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ടാണ്. ചൈനീസ് മൂലധനത്തിന്റെ ഒത്താശയോടെ ഒരു മിലിറ്ററി ഇക്കണോമിക് കോംപ്ലക്‌സ് ഉയര്‍ന്നുവരികയും പ്രാകൃത സംരംഭക മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി. അനേകം വംശീയ കലാപങ്ങളുടെ രംഗഭൂമിയാണ് ഇന്ന് ബര്‍മ്മ-രോഹിംഗ്യ അന്താരാഷ്ട്ര ജനശ്രദ്ധ നേടിയതുകൊണ്ട് കൂടുതല്‍ അറിയപ്പെടുന്നു എന്നു മാത്രം.

സ്വാതന്ത്ര്യാനന്തരം മതരാഷ്ട്രമായി മാറ്റപ്പെട്ട പാക്കിസ്ഥാന്റെ കാര്യത്തിലും സമാനതകള്‍ കാണാവുന്നതാണ്. ഉര്‍ദു എന്ന ഗംഗാസമതലത്തിന്റെ ഭാഷയും പഞ്ചാബി ദേശീയതയും അടിച്ചമര്‍ത്തിയത് കിഴക്കന്‍ പാക്കിസ്ഥാനിലെ ബംഗാളി സമൂഹത്തെ മാത്രമല്ല പാഷ്‌തോ സംസാരിക്കുന്ന സിന്ധികളേയും ബലൂചികളേയും ഒക്കെ കൂടിയാണ്. ചൈനീസ് മൂലധനത്തിന് കീഴ്‌പ്പെട്ടിരിക്കുന്ന പാക്കിസ്ഥാനി സ്റ്റേറ്റിന് ബലൂചിസ്ഥാനില്‍ വലിയ കലാപം നേരിടേണ്ടിവരുന്നതിന്റെ കാരണം സാമ്പത്തികം മാത്രമല്ല. ബലൂച് ദേശീയത അതിന്റെ ഗോത്ര സ്വഭാവവും മറ്റും മറികടന്ന് ഒരു സാംസ്‌കാരിക ദേശീയതയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം ബലൂചികള്‍ തനത് ദേശരാഷ്ട്രത്തിന്റെ പൗരന്മാരായി വിഭാവന ചെയ്യുന്നുമുണ്ട്. ആഗോളമൂലധനത്തിന്റെ വികസനസങ്കല്പങ്ങളോടുള്ള-ബലൂച് സന്ദര്‍ഭത്തില്‍ അത് ചൈനീസ് മൂലധനമാണ്-പോരാട്ടം എന്നു പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഈ സംഘര്‍ഷത്തിന്റെ വേരുകള്‍ പാക്കിസ്ഥാന്‍ എന്ന ദേശരാഷ്ട്രം അംഗീകരിക്കാന്‍ വിസമ്മതിച്ച പ്രാഗ്-ദേശീയതാ സങ്കല്പങ്ങളിലാണ്. വംശീയതയുടേയും ഗോത്രപരതയുടേയും ഭാഷയുടേയും faultl ശിലകള്‍ ഉപഭൂഖണ്ഡത്തിലെമ്പാടും ഉറങ്ങിക്കിടക്കുന്നുണ്ട്. ഹിന്ദു-ഹിന്ദി ദേശീയത അതിന് പുറത്തുള്ളവരെ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ളമൗഹഹേശിലകള്‍ക്ക് ജീവന്‍ വച്ചു തുടങ്ങും. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യ ദേശരാഷ്ട്രവും-പ്രാഗ് ദേശീയതകളും തമ്മിലുള്ള സംഘര്‍ഷം അനുഭവിച്ചതാണ്. പ്രാഗ്-ദേശീയതകളെ ഉപദേശീയതകളായി അംഗീകരിച്ചുകൊണ്ട് അവയുമായി രഞ്ജിപ്പിലെത്തുക എന്ന ഉടമ്പടിയില്‍ ദില്ലി ഇന്ത്യയെ 80കള്‍ മുതല്‍ നിര്‍വ്വചിച്ചു തുടങ്ങിയിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്ന മുന്നണി സര്‍ക്കാരുകള്‍ ഈ ഉടമ്പടിയെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ഫെഡറലിസം ഏട്ടിലെ പശുവല്ലാതായത് അങ്ങനെയൊക്കെയാണ്. ഒരു ഭരണഘടനാ ആദര്‍ശം എന്നതിനപ്പുറത്ത് പ്രായോഗിക യാഥാര്‍ത്ഥ്യമായി ഫെഡറലിസം മാറിയിട്ടുണ്ട് – ഭാഷാ ദേശീയതയിലാണ് ഫെഡറലിസം സ്വത്വാവിഷ്‌കാരം നടത്തുന്നത്. അതിനെ തകിടം മറിക്കാനുള്ള ശ്രമമാണ് 2019 മുതല്‍ അമിത് ഷായുടെ പ്രസംഗങ്ങളില്‍ കടന്നുവരുന്നത്-ഒരു ദേശം, ഒരു ഭാഷ എന്നത് സമഗ്രാധിപത്യത്തിന്റെ മാത്രം മുദ്രാവാക്യങ്ങളാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെമ്പാടും സങ്കുചിതമായ ദേശരാഷ്ട്ര സങ്കല്പത്തോട് എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. തെരുവുകളിലെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട കാലത്ത് കവികളും ഗായകരും സിനിമയുമൊക്കെ പ്രതിരോധം ഉയര്‍ത്തിപ്പിടിച്ചുപോന്നു. വലിയ അതിജീവനശേഷിയുള്ള ജനതയാണ് ഉപഭൂഖണ്ഡത്തിലേത് എന്ന് പലപ്പോഴും തോന്നാറുണ്ട്. ദേശരാഷ്ട്രാതിര്‍ത്തികള്‍ ഭേദിച്ച് സാംസ്‌കാരിക സാഹോദര്യങ്ങള്‍ രൂപപ്പെടാറുമുണ്ട്. ടാഗോറും മണ്‍ടോയും ഫൈസ് അഹമ്മദ് ഫൈസുമൊക്കെ ഉപഭൂഖണ്ഡത്തിന്റെ എഴുത്തുകാരായത് അങ്ങനെയാണ്. ഭരണകൂടത്തിന് അവരെ ഭയമാണുതാനും. ഈയിടെ എന്‍സിഇആര്‍ടി ചരിത്ര പുസ്തകങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നീക്കം ചെയ്യപ്പെട്ട ഒരു പാഠ്യഭാഗം ഫൈസിന്റെ പ്രസിദ്ധമായ ഒരു കവിതയായിരുന്നു-പാബ് ജാലൂന്‍. പാക്കിസ്ഥാനില്‍ പലവട്ടം ജയിലിലാക്കപ്പെടുകയും രാഷ്ട്രീയ അഭയാര്‍ത്ഥിയായി നാടുവിടേണ്ടിവരികയും ചെയ്ത കവിയാണല്ലോ ഫൈസ്. 1950 കളില്‍ പട്ടാളഭരണക്കാലത്ത് ഫൈസ് എഴുതിയ ഈ കവിത നയ്യാരാ നൂര്‍ എന്ന അനുഗ്രഹീത ഗായിക പാടി പ്രസിദ്ധമാക്കിയിട്ടുണ്ട്.

ചഷ്‌മേ നം ജാനെ ഷോരിദം കാഫി നഹീം
തൊമഹതേ ഇഷ്‌ക്ക് ചോഷിദാ കാഫി നഹീം
ആജ് ബാസാര്‍ മേം പാബ്‌ജോലാം ചലോ!

(വിതുമ്പുന്ന കണ്ണുകളോ പിടയുന്നൊരാത്മാവോ മതിയാവില്ല/സ്‌നേഹിക്കപ്പെടുക എന്ന കുറ്റാരോപണം മതിയാവില്ല/അതിനാല്‍, ഇന്നീ തെരുവുകളില്‍ കാലില്‍ വിലങ്ങും പേറി നമുക്ക് നടക്കാം.)

ലാഹോറിലെ ജയിലിലേക്ക് അയ്യൂബ് ഖാന്‍ സര്‍ക്കാര്‍ ഫൈസിനെ ചങ്ങലക്കിട്ടാണ് കൊണ്ടുപോയത്. എക്കാലത്തും സമഗ്രാധിപത്യത്തിനെതിരെ എപ്പോഴും ഓര്‍മ്മിക്കപ്പെടുന്ന കവിതയാണ് പാബ് ജാലൂന്‍.

NB : ജഹാംഗീര്‍പുരിയില്‍ നിന്നും പോലീസും രാഷ്ട്രീയക്കാരും ഒഴിഞ്ഞുപോയശേഷം നാട്ടുകാര്‍- ഹിന്ദുവും മുസ്‌ലിമും-ഒരുമിച്ച് ഒരു തിരംഗാജാഥ നടത്തുകയുണ്ടായി. ഇനി ഒരിക്കലും വര്‍ഗ്ഗീയതയ്ക്ക് ഞങ്ങള്‍ ഇടം നല്‍കില്ല എന്ന മുദ്രാവാക്യവുമായി ദേശീയപതാകയേന്തി നൂറുകണക്കിന് മനുഷ്യര്‍ ആ പ്രകടനത്തില്‍ പങ്കുകൊണ്ടു.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply