ട്രാന്‍സ്ജെന്‍ഡര്‍ നിയമ (2019) ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യം.

 

സുപ്രീംകോടതിയുടെ നല്‍സ വിധിയെ ലംഘിക്കുന്നതും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ മൗലിക അവകാശങ്ങളെ റദ്ദ് ചെയ്യുന്നതും അന്താരാഷ്ട്ര യോഗ്യകര്‍ത്താ തത്വങ്ങള്‍ക്ക് വിരുദ്ധമായതും, ട്രാന്‍സ്ജെന്‍ഡര്‍ അവകാശ സംരക്ഷണ നിയമത്തിന്റെ (2019) അന്തസ്സത്തയെ തകര്‍ക്കുന്നതുമായ ട്രാന്‍സ്ജെന്‍ഡര്‍ നിയമ (2019) ഭേദഗതി ബില്‍ 13 .03 .2026 ന് ലോക്‌സഭയില്‍ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ വിരേന്ദ്ര കുമാര്‍ അവതരിപ്പിച്ചിരിക്കുകയാണ്. സാമൂഹ്യ നീതിയെ വെല്ലുവിളിക്കുകയും ഒരു സമുദായത്തിന്റെ ഭരണഘടാനാപരമായ അവകാശങ്ങള്‍ക്ക് മുകളിലുള്ള കടന്നു കയറ്റവുമായ ഈ ബില്‍ പിന്‍വലിക്കുവാന്‍ ക്വിവര്‍ സമുദായ അംഗങ്ങളും പ്രസ്തുത സമുദായത്തെ പിന്തുണക്കുന്നവരും സംയുക്തമായി ആവശ്യപ്പെടുന്നു.

സ്വയം പ്രഖ്യാപിത ജെന്‍ഡര്‍ സ്വത്വം റദ്ദാക്കുന്നു, മെഡിക്കല്‍ ബോര്‍ഡുകള്‍ക്ക് അമിതാധികാരം നല്‍കുന്നു:

2014-ലെ നാല്‍സ (NALSA) വിധിയിലൂടെ സുപ്രീം കോടതി അംഗീകരിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സ്വയം പ്രഖ്യാപിത ലിംഗതന്മക്കുള്ള അവകാശം (Right to self-perceived gender identity) 2019-ലെ നിയമത്തിലെ സെക്ഷന്‍ 4(2) പ്രകാരം സംരക്ഷിക്കപ്പെട്ടതുമായിരുന്നു. പ്രസ്തുത സ്വയംനിര്‍ണ്ണയാധികാരം ഒരു വ്യക്തിയുടെ അന്തസ്സോടെ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായി കെ എസ് പുട്ടസ്വാമി വിധിയില്‍ സുപ്രീം കോടതി അംഗീകരിച്ചതുമാണ്. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ പ്രസ്തുത വിധികളെ ലംഘിച്ചുകൊണ്ടും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അന്തസ്സോടെ ജീവിക്കുവാനുള്ള മൗലികാവകാശത്തിനെ വെല്ലുവിളിച്ചുകൊണ്ടും സ്വയം നിര്‍ണയാവകാശം എടുത്തുമാറ്റിക്കൊണ്ടാണ് പുതിയ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചിട്ടുള്ളത് സ്വയംനിര്‍ണ്ണയാധികാരത്തിനു പകരം, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജില്ലാ മജിസ്‌ട്രെറ്റ്‌ന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡുകളുടെ നിര്‍ബന്ധിത പരിശോധന ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പരിശോധനാ സംവിധാനങ്ങളെ (State verification mechanisms) നിര്‍ബന്ധമാക്കി കൊണ്ടുവരുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റമാണ്. ജെനഡര്‍ ഐഡന്റിറ്റിയെ വ്യക്തിസ്വാതന്ത്ര്യത്തില്‍ നിന്ന് മാറ്റി സ്റ്റേറ്റിന്റെ നിരന്തരമായ നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന്റെയും പരിധിയിലാക്കുന്നുത് പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് മേലെയുള്ള ഭരണകൂടത്തിന്റെ കടന്നു കയറ്റമായി ഞങ്ങള്‍ വിലയിരുത്തുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം തെറ്റായി പുനര്‍നിര്‍വചിക്കുന്നു

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ എന്ന പദത്തിന്റെ നിര്‍വചനത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് വഴി കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ് പുരുഷന്‍, ട്രാന്‍സ് സ്ത്രീ, ജെന്‍ഡര്‍-ക്വിയര്‍ (gender-queer), നോണ്‍-ബൈനറി (non-binary) വ്യക്തികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ നിയമത്തിന്റെ സംരക്ഷണ പരിധിയില്‍ നിന്നും പുറം തള്ളുകയാണ്. ആയത് ഇന്ത്യന്‍ ഭരണഘടനയുടെ നിയമത്തിനു മുന്നിലുള്ള തുല്യത ഉറപ്പു വരുത്തുന്ന മൗലിക അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ്.

സ്വകാര്യതാലംഘനം, ഭരണകൂട നിരീക്ഷണം:

ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ജില്ലാ മജിസ്ട്രേറ്റിനെ നിര്‍ബന്ധമായും അറിയിക്കണമെന്ന ആശുപത്രികള്‍ക്കുള്ള നിര്‍ദ്ദേശം, സ്വകാര്യതാ ലംഘനത്തിനും ശരീരത്തിന്മേലുള്ള ഭരണകൂട നിരീക്ഷണത്തിനും വഴിയൊരുക്കുന്നു. ആരോഗ്യ സംബന്ധമായ തീരുമാനങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതും രോഗി കേന്ദ്രീകൃതമായിരിക്കേണ്ടതുമാണ്; അവ ഭരണപരമായ റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ക്ക് വിധേയമാകേണ്ടതല്ല.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും ട്രാന്‍സ് കുടുംബങ്ങളെയും കുറ്റവാളികളാക്കുന്നു:

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടി രൂപീകരിക്കപ്പെട്ട ഒരു നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തന്നെ അപഹസിക്കുന്ന തരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ സ്വത്വത്തില്‍ ജീവിക്കാന്‍ സഹായമോ, പിന്തുണയോ നല്‍കുന്ന സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും എതിരെ കഠിനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പ്രാപ്തമാക്കും വിധമുള്ള മാറ്റങ്ങള്‍ ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ വളരെ ചെറിയ ശിക്ഷയാണ് നിലനില്‍ക്കുന്നതെന്നും ആയതില്‍ മാറ്റം വരുത്തണമെന്നുമുള്ള ട്രാന്‍സ്ജെന്‍ഡര്‍ സമുദായ അംഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തിനെ മാനിക്കാതെ, ഒരു സമുദായത്തെ മുഴുവന്‍ കൊളോണിയല്‍ കാലത്തെ കുറ്റവാളി ഗോത്ര നിയമത്തിന് സമാനമായ രീതിയില്‍ ജയിലുകളില്‍ അടക്കുവാന്‍ പര്യാപ്തമായ തരത്തിലുള്ള അശാസ്ത്രീയവും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രാമാണങ്ങള്‍ക്ക് വിരുദ്ധവുമായുള്ള ബില്ലാണ് നിലവില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് .

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളിത്തവും പ്രതിനിധാനവും ഇല്ലാതാക്കുന്നു:

നാഷണല്‍ കൗണ്‍സിലിന്റെ (National Council) പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ വര്‍ദ്ധിപ്പിക്കുകയും കമ്മ്യൂണിറ്റി പങ്കാളിത്തം കുറയ്ക്കുകയും ചെയ്യുന്നത്, ആരുടെ ജീവിതത്തെയാണോ ഈ നയങ്ങള്‍ ബാധിക്കുന്നത് അവരുടെ ശബ്ദത്തെ ദുര്‍ബലപ്പെടുത്തുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ നേതൃത്വമില്ലാതെ അവരുടെ ജീവിതത്തെ ബാധിക്കുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ പാടില്ല എന്ന പ്രാഥമികമായ ബോധ്യം പോലും ഇല്ലാതെയാണ് ബില്‍ കൊണ്ടുവന്നിട്ടുള്ളത് .

ട്രാന്‍സ്ജെന്‍ഡര്‍ സമുദായത്തിന്റെ മൗലിക അവകാശങ്ങളെ റദ്ദ് ചെയ്യുന്നതും പരമോന്നത നീതിപീഠത്തിന്റെ വിധിന്യായങ്ങളെ ലംഘിക്കുന്നതുമായ ഈ നിയമ ഭേദഗതിയെ ശക്തമായി എതിര്‍ക്കണമെന്ന് ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ മനുഷ്യരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ട്രാന്‍സ് വിരുദ്ധമായ, മനുഷ്യവിരുദ്ധമായ ഈ ബില്‍ പിന്‍വലിച്ചു ട്രാന്‍സ്ജെന്‍ഡര്‍ സമുദായത്തോട് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി മാപ്പു പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply