കോണ്‍ഗ്രസിലെ പ്രതിസന്ധി: ബംഗാളിന്റെ ആവര്‍ത്തനമോ?

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയതോടെ യുഡിഎഫ് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മുന്നണികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും നേടിയ വന്‍ വിജയം യുഡിഎഫിനെയാകെ പിടിച്ചുലച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെട്ട യുഡിഎഫ് സംവിധാനം തന്നെ നിലനില്‍ക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തെ പിടികൂടിയിട്ടുമുണ്ട്. യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിളര്‍ന്ന് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയതും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ സിപിഎമ്മിലേക്ക് പോകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വ പുനഃസംഘടനയിലൂടെ തിരിച്ചു വരാന്‍ ശ്രമിക്കുമ്പോഴാണ് ആഭ്യന്തര കലഹം മൂര്‍ഛിക്കുന്നത്.

നേരത്തെ പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചതിന്റെ ആവര്‍ത്തനമാണോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്? ബംഗാളില്‍ നടന്നതിന് സമാനമായ കാര്യങ്ങളാണ് കേരളത്തില്‍ സംഭവിക്കുന്നത്. ബംഗാളില്‍ ആദ്യം തകര്‍ന്നത് സിപിഎമ്മോ ഇടതുപക്ഷമോ ആയിരുന്നില്ല, കോണ്‍ഗ്രസായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും സവര്‍ണ നവോത്ഥാന പരിഷ്‌കരണത്തിന്റെയും ഹൃദയഭൂമിയായിരുന്നു ബംഗാള്‍. ഇതിന്റെ തുടര്‍ച്ചയില്‍ കോണ്‍ഗ്രസായിരുന്നു അവിടെ തുടര്‍ച്ചയായി അധികാരത്തില്‍ വന്നത്. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കോ കോണ്‍ഗ്രസിന്റെ അധികാര കുത്തകയെ വെല്ലുവിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 1966ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് അജോയ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ബംഗ്ലാ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടതോടെ ബംഗാളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചു.

1967ല്‍ ബംഗ്ലാ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിലുള്ള ഐക്യ മുന്നണി സഖ്യ സര്‍ക്കാര്‍ രൂപീകരണത്തോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ഇടതുപക്ഷത്തിന്റെ വളര്‍ച്ചയുമുണ്ടായി. അജോയ് മുഖര്‍ജി മുഖ്യമന്ത്രിയും ജ്യോതി ബസു ഉപമുഖ്യമന്ത്രിയുമായിരുന്ന വിശാല ഐക്യമുന്നണി സര്‍ക്കാരില്‍ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ് പി, പെസെന്റസ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, എസ്യുസിഐ, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ എല്ലാം പങ്കാളികളായി. (ഒരര്‍ത്ഥത്തില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസിലെ ആന്റണി ഗ്രൂപ്പും കേരള കോണ്‍ഗ്രസും ഉള്‍പ്പെട്ട 80ലെ ഇ കെ നായനാര്‍ മന്ത്രിസഭക്കും സമാനമായിരുന്നു ഐക്യമുന്നണി സര്‍ക്കാര്‍.) എന്നാല്‍ സംസ്ഥാനത്തെ ഭക്ഷ്യക്ഷാമം നേരിടുന്നതിലെ പരാജയം, തൊഴില്‍ സമരങ്ങള്‍, നക്‌സല്‍ ബാരി കലാപത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭൂപരിഷ്‌കരണം ശക്തമായി ഉന്നയിക്കേണ്ടിവന്ന സാഹചര്യം ഇതെല്ലാം മുന്നണി ബന്ധങ്ങള്‍ വഷളാക്കി. നക്‌സല്‍ ബാരിയുടെ 1969ല്‍ സിപിഎം പിന്തുണയോടെ വീണ്ടും അധികാരത്തില്‍ വന്നെങ്കിലും അജോയ് മുഖര്‍ജി വൈകാതെ രാജിവെച്ചു. അദ്ദേഹവും യുവതുര്‍ക്കികളായിരുന്ന പ്രണബ് മുഖര്‍ജിയും സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും മറ്റ് നേതാക്കളുമെല്ലാം മടങ്ങിയെത്തിയതോടെ 72ല്‍ കോണ്‍ഗ്രസ് വീണ്ടും സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. പക്ഷെ അതിനിടയില്‍ കോണ്‍ഗ്രസിന്റെ ബഹുജന അടിത്തറ ദുര്‍ബലപ്പെടാനും സിപിഎമ്മും ഇടതുപക്ഷവും ശക്തിപ്പെടാനും തുടങ്ങി. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ കാലത്തെ നക്‌സല്‍ വേട്ടയും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും അടിയന്തരാവസ്ഥയോടെ രൂക്ഷമായി. എന്നാല്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന സ്വാധീനം കൂടി തകര്‍ക്കാനേ ഇത് സഹായിച്ചുള്ളൂ.

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് ബംഗാളില്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിച്ചു. തുടര്‍ന്ന് 1977 മുതല്‍ 2011 വരെ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സമഗ്രാധിപത്യ കാലം. ഇനി ബംഗാളില്‍ ചെങ്കൊടി മാത്രമേ പറക്കൂ എന്ന തോന്നല്‍ ഇടതുപക്ഷത്തിന് മാത്രമല്ല, എതിരാളികള്‍ക്കുമുണ്ടായി. ബംഗാളില്‍ മാത്രമല്ല ത്രിപുരയും സിപിഎമ്മിന്റെ ചെങ്കോട്ട ആയിരുന്നു. കോണ്‍ഗ്രസ് പാടെ അപ്രസക്തമായി. സമാനമായ ഒരു സാഹചര്യത്തിലൂടെയാണ് കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും കേരള രാഷ്ട്രീയവും കടന്നു പോകുന്നതെന്ന് കരുതണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമാനമായ തരത്തിലാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളും അണികളും യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ പോലുള്ള പാര്‍ട്ടികളും ഇടത് മുന്നണിയിലേക്ക് ഒഴുകുന്നത്. ആഭ്യന്തരക്കുഴപ്പങ്ങള്‍ രൂക്ഷമായ കോണ്‍ഗ്രസില്‍ നിന്ന് കെപി അനില്‍കുമാറിനെയും പി എസ് പ്രശാന്തിനെയും പോലുള്ളവര്‍ നേരിട്ട് എകെജി സെന്ററിലെത്തി ചെങ്കൊടി പിടിക്കുന്നു. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പോലും കലാപക്കൊടി ഉയര്‍ത്തുന്നതും അത് താഴേക്ക് വരുന്നതും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. അഖിലേന്ത്യ തലത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന നേതൃത്വ പ്രശ്‌നങ്ങള്‍ കേരളത്തിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.

സ്വാതന്ത്ര്യ സമര കാലം മുതല്‍ സവര്‍ണ വിഭാഗങ്ങളുടെയും െ്രകെസ്തവരുടെയും ഉറപ്പുള്ള അടിത്തറയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യ ശക്തി. ക്ഷേത്ര പ്രവേശന സമരങ്ങളിലൂടെയും അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലൂടെയും പിന്നാക്ക, ദലിത് വിഭാഗങ്ങളിലും സ്വാധീനം ഉറപ്പിച്ചിരുന്നു. വിമോചന സമരവും കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളും െ്രകെസ്തവരുടെ പിന്തുണയും നേടിയെടുത്തിരുന്നു.

എന്നാല്‍ വിമോചന സമരത്തോടെ രൂപപ്പെട്ട സമുദായ ശാക്തീകരണം പ്രബല വിഭാഗമായ െ്രകെസ്തവരെ, പ്രത്യേകിച്ച് കത്തോലിക്കരെ രാഷ്ട്രീയമായി ഏകീകരിച്ചു. 60കളില്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട ധ്രുവീകരണമാണ് പി ടി ചാക്കോ പ്രശ്‌നത്തോടെ കേരള കോണ്‍ഗ്രസ് രൂപീകരണത്തിലെത്തിച്ചത്. ഇതോടെ ക്രൈസ്തവരില്‍ വലിയൊരു പക്ഷം കോണ്‍ഗ്രസില്‍ നിന്ന് പിന്മാറാന്‍ തുടങ്ങി. മുസ്ലിങ്ങള്‍ മുസ്ലിം ലീഗില്‍ അണിനിരന്നപ്പോള്‍ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ അവരുടെ സാന്നിധ്യം കുറവായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് അകന്നുവെങ്കിലും കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ഐക്യ മുന്നണിയിലൂടെ കൂട്ടിച്ചേര്‍ത്തതിലൂടെയാണ് കോണ്‍ഗ്രസ് പലവട്ടം അധികാരത്തിലെത്തിയും രാഷ്ട്രീയ സ്വാധീനം നിലനിര്‍ത്തിയതും. ഇടതുപക്ഷത്തുള്ള സിപിഐയെയും ആര്‍എസ്പിയെയും സിഎംപിയെയും ജെഎസ്എസിനെയും മാറി മാറി ഒപ്പം നിര്‍ത്താനും കഴിഞ്ഞു. ഒരു ഘട്ടത്തില്‍ എസ്ആര്‍പിയെയും എന്‍ഡിപിയെയും ഒരേ സമയം കൂടെ നിര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ചെറു പാര്‍ട്ടികള്‍ തന്നെ നാമാവശേഷമായത് യുഡിഎഫിന്റെ ശക്തി ചോര്‍ത്തി. ഈ പാര്‍ട്ടികളിലെ അണികളെ കോണ്‍ഗ്രസിലെത്തിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞതുമില്ല.

2016 വരെ അഞ്ച് വര്‍ഷത്തിന് ശേഷം മാറി മാറി അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം മുന്നോട്ടു പോയിരുന്നത്. എന്നാല്‍ 2021ലും പരാജയം ആവര്‍ത്തിച്ചതോടെ കോണ്‍ഗ്രസിനും യുഡിഎഫിനും നിലനില്‍പ്പ് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു.

കോണ്‍ഗ്രസിന്റെ ബഹുജന അടിത്തറ നേരത്തെ തന്നെ ശുഷ്‌കിച്ചു തുടങ്ങിയിരുന്നു. 90കള്‍ക്ക് ശേഷം സവര്‍ണരിലും പിന്നാക്കക്കാരിലും ഒരു വിഭാഗം ബിജെപിയിലേക്കും മറ്റൊരു വിഭാഗം ഇടതുപക്ഷത്തേക്കും മാറി. പുതുതായി ഒരു ജനവിഭാഗത്തെയും ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലാതായി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയമാണ് ഒരു പരിധി വരെ യുഡിഎഫിനെ ഇപ്പോഴും രക്ഷിച്ചുനിര്‍ത്തുന്നത്. എന്നാല്‍ ബിജെപിയുടെ വോട്ട് വര്‍ധന മുഖ്യമായും കോണ്‍ഗ്രസിന്റെ അടിത്തറയാണ് മാന്തിയന്ത്.

ഇപ്പോഴത്തെ പ്രതിസന്ധി കോണ്‍ഗ്രസിനെ മാത്രമല്ല യുഡിഎഫിന്റെ പ്രബല ശക്തിയായ മുസ്ലിം ലീഗിനേയും കേരള കോണ്‍ഗ്രസിനെയും ഉലച്ചു തുടങ്ങിയിരിക്കുന്നു. പിളര്‍പ്പോടുകൂടി കേരള കോണ്‍ഗ്രസിലെ ദുര്‍ബലമായ ഒരു പക്ഷം മാത്രമാണ് യുഡിഎഫില്‍ അവശേഷിക്കുന്നത്. ഒപ്പമുള്ള ചെറു പാര്‍ട്ടികള്‍ പാടെ അപ്രസക്തമായിക്കഴിഞ്ഞവയാണ്. ഇപ്പോള്‍ കോണ്‍ഗ്രസും യുഡിഎഫും നേരിടുന്ന ഗുരുതര പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുന്നില്ലെങ്കില്‍ ലീഗ് പോലും നിലനില്‍പ്പിനായി ഇടത്തേക്ക് മാറിയേക്കാം. അതോടെ യുഡിഎഫിന്റെ സമ്പൂര്‍ണ തകര്‍ച്ചയാകും ഫലം.

ഒരു വശത്ത് യുഡിഎഫ് തകരുമ്പോള്‍ സിപിഎമ്മിലേക്കാണ് അണികളും നേതാക്കളും എത്തുന്നത്. 2010 വരെയുള്ള ബംഗാള്‍ രാഷ്ട്രീയത്തില്‍ നേടിയ വളര്‍ച്ചക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ ബംഗാള്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിനും വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുണ്ട്.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സിപിഎമ്മും ഇടതുപക്ഷവും വന്‍ ജനരോഷത്തില്‍ തകര്‍ന്നപ്പോള്‍ അതുവരെ അപ്രസക്തമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 2011ല്‍ അധികാരത്തിലെത്തി. കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2006 – 2007കാലത്ത് നടന്ന നന്ദിഗ്രാം – സിംഗൂര്‍ സമരങ്ങളാണ് സിപിഎമ്മിന്റെ തകര്‍ച്ചയുടെ പ്രത്യക്ഷ നിമിത്തമെങ്കിലും പാര്‍ട്ടി – ഭരണ നേതൃത്വത്തിനെതിരെ ജനങ്ങളുടെ അമര്‍ഷം നേരത്തെ പുകഞ്ഞു തുടങ്ങിയിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തുടര്‍ഭരണത്തിന്റെ ജനവിരുദ്ധതയാണ് ഇടതുപക്ഷത്തെ ജനങ്ങളില്‍ നിന്ന് അകറ്റിയത്. അവരുടെ ഭരണ സാമ്പത്തിക നയങ്ങള്‍ ബംഗാളിന്റെ വികസനത്തെ മാത്രമല്ല ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി. സംവരണത്തോടുള്ള നിഷേധാത്മത പോലുള്ള സാമൂഹിക നയങ്ങളാകട്ടെ ദലിത്- പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. ബംഗാളില്‍ പിന്നാക്ക വിഭാഗങ്ങളില്ലെന്നും അതിനാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ട കാര്യമില്ലെന്നുമാണ് അന്നത്തെ മുഖ്യമന്ത്രി ജ്യോതിബസു പറഞ്ഞത്. ബംഗാളില്‍ വികസനമില്ലെന്ന ആരോപണത്തെ മറികടക്കുവാനാണ് ടാറ്റയുടെ കാര്‍ വ്യവസായത്തെ ബംഗാളിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫാക്ടറിക്ക് ഭൂമി നല്‍കുന്നതിന് വേണ്ടി കര്‍ഷകരുടെ എതിര്‍പ്പുകള്‍ അവഗണിച്ചത് അവരുടെ രോഷത്തിനിടയാക്കി. നന്ദിഗ്രാമില്‍ സലിം ഗ്രൂപ്പിന് വേണ്ടി പ്രത്യേക സാമ്പത്തിക മേഖലക്ക് ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ ശ്രമവും വലിയ രക്തച്ചൊരിച്ചിലും വെടിവെപ്പിലും മരണങ്ങളിലുമാണ് കലാശിച്ചത്.

ഇതിനെതിരെയെല്ലാം ഉയര്‍ന്ന ജനരോഷത്തിനിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും വേരുറപ്പിച്ചത്. മാവോയിസ്റ്റുകളും മറ്റ് നക്‌സല്‍ ഗ്രൂപ്പുകളുമെല്ലാം നടത്തിയ സമരങ്ങള്‍ വരെ തൃണമൂലിന്റെ വോട്ട് ബാങ്കിന്റെ വളര്‍ച്ചക്ക് വളമായി. ഇടതുപക്ഷത്തിന്റെ വേരുകള്‍ അറുത്തു മാറ്റി മമത വേരുറപ്പിച്ചു. 10 വര്‍ഷത്തെ ഭരണത്തില്‍ നടപ്പാക്കിയ സാമ്പത്തിക- സാമൂഹിക നടപടികള്‍ തൃണമൂലിന് ദലിത് – പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളിലും കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ സഹായിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അങ്ങനെ ഇടതുപക്ഷവും കോണ്‍ഗ്രസിനെപ്പോലെ ശോഷിച്ചു. ദുര്‍ബലരായ രണ്ട് കൂട്ടരും ഒന്നിച്ചപ്പോഴും ഫലമുണ്ടായില്ലെന്ന് മാത്രമല്ല കൂടുതല്‍ തകര്‍ച്ചയാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്.. അതിനിടയില്‍ പല രീതികളില്‍ സംസ്ഥാനത്ത് വേരുകള്‍ ഉറപ്പിച്ച ബിജെപിക്ക് അധികാരം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതിപക്ഷമാകാന്‍ കഴിഞ്ഞു. എന്നാല്‍ 2021ല്‍ എത്തിയപ്പോള്‍ 158 സീറ്റുകളില്‍ കെട്ടിവെച്ച പണം നഷ്ടപ്പെട്ട ഇടതുപക്ഷമാകട്ടെ ഒരു സീറ്റ് പോലും കിട്ടാത്ത ഗതികേടിലായി. കോണ്‍ഗ്രസും പൂജ്യത്തില്‍ ഒതുങ്ങി.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തകര്‍ച്ച തുടര്‍ന്നാല്‍ ബംഗാള്‍ മോഡല്‍ ഇടതുപക്ഷ ആധിപത്യം കേരളത്തിലും താല്‍ക്കാലികമായി ഉണ്ടായേക്കാം. യുഡിഎഫിന്റെ ദൗര്‍ബല്യവും കോവിഡ് കാലം നല്‍കിയ ആനുകൂല്യങ്ങളും മുന്നണി വിപുലീകരണവും മറ്റുമാണ് വിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച സാധ്യമാക്കിയത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ അധികാരത്തുടര്‍ച്ചയില്‍ മതിമറന്നാല്‍ ബംഗാളിന്റെ വിധി ഇടതുപക്ഷത്തിനും നേരിടേണ്ടി വരും. അതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യ പിണറായി സര്‍ക്കാര്‍ തന്നെ ഏറ്റുമുട്ടല്‍ കൊലകളും യുഎപിഎയും നടപ്പാക്കിയ പൊലീസ് നയത്തിലൂടെയും മുന്നോക്ക സംവരണമെന്ന സവര്‍ണ പ്രീണനത്തിലൂടെയും കോര്‍പറേറ്റ് അനുകൂല ഭൂ നയത്തിലൂടെയും തങ്ങളുടെ ജനവിരുദ്ധത വെളിപ്പെടുത്തിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരാകട്ടെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ പുറന്തള്ളുന്ന സാമ്പത്തിക- വികസന നയങ്ങളുടെ വേഗം കൂട്ടിയിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുകയും പാരിസ്ഥിതിക നാശം സൃഷ്ടിക്കുകയും ചെയ്യുന്ന സെമി ഹൈസ്പീഡ് റെയിലും മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്ന് പുറന്തള്ളുന്ന തീരദേശ റോഡും പുനര്‍ഗേഹം പദ്ധതിയും ചില ഉദാഹരണങ്ങള്‍ മാത്രം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടിയില്ലെങ്കിലും, പാര്‍ട്ടിക്കുള്ളില്‍ എല്ലാത്തരം അന്തഛിദ്രങ്ങളും ജീര്‍ണതകളും നേരിടുന്നുണ്ടെങ്കിലും, അധികാരത്തിലെത്താനുള്ള രാഷ്ട്രീയ- സാമൂഹിക അടിത്തറ ഇല്ലെങ്കിലും ബിജെപിയെ പാടേ എഴുതിത്തള്ളാനും കഴിയില്ല. മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടില്ലെങ്കിലും ഹിന്ദുത്വ രാഷ്ട്രീയം സവര്‍ണ സമുദായങ്ങളെയും ഈഴവര്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെയും വലിയ തോതില്‍ ആകര്‍ഷിച്ചിട്ടുണ്ട്. ക്രൈസ്തവരെ കൂടി സ്വാധീനിക്കാനുള്ള ശ്രമത്തില്‍ മുന്നേറുന്നുണ്ട് എന്നതിന്റെ സൂചനയാണ് പാല ബിഷപ്പ് കല്ലറങ്ങാട്ടിന്റെ ‘ജിഹാദ്’ പരാമര്‍ശങ്ങളും അതിന് ലഭിക്കുന്ന പിന്തുണയും. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ദേശീയ തലത്തില്‍ തകരുകയും ചെയ്താല്‍ മാത്രമേ കേരളത്തിലും ബിജെപിയുടെ തകര്‍ച്ച ഉറപ്പിക്കാനാകൂ. എങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ എല്‍ഡിഎഫിന് ബദലാകാന്‍ ബിജെപിക്കോ എന്‍ഡിഎക്കോ ഇനിയും കഴിയില്ല.

എന്നാല്‍ സിപിഎമ്മിന്റെ സമഗ്രാധിപത്യവും ശക്തമായ പ്രതിപക്ഷത്തിന്റെ അസാന്നിധ്യവും യുഡിഎഫിന്റെ പ്രതിസന്ധിയും മറ്റ് പല സംസ്ഥാനങ്ങളിലും സംഭവിച്ചത് പോലെ പുതിയ രാഷ്ട്രീയ മുന്നണികളുടെ ഉദയത്തിന് കാരണമായേക്കാം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ശേഷിപ്പുകളില്‍ നിന്ന് തൃണമൂല്‍ മാതൃകയിലുള്ള പാര്‍ട്ടികളോ മറ്റേതെങ്കിലും പുതിയ രാഷ്ട്രീയ ശക്തികളോ മാതൃകകളോ രൂപപ്പെടാനുള്ള സാധ്യതകളുമുണ്ട്. ഇടത്, വലത്, ഹിന്ദുത്വ മുന്നണികളുടെ രാഷ്ട്രീയം പുറന്തള്ളിയ സാമൂഹിക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ബഹുജന മുന്നണികള്‍ രൂപപ്പെടാനുള്ള സാധ്യതകളും നിഷേധിക്കാനാവില്ല. എന്തായാലും കേരള രാഷ്ട്രീയം ഒരു പുതിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കരുതേണ്ടിവരും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply