മാധ്യമങ്ങള്‍ സൗവര്‍ണ്ണ പ്രതിപക്ഷമാകണം

ഇല്ലാത്ത മഹത്വം മാധ്യമങ്ങള്‍ക്ക് കല്‍പ്പിച്ചു കൊടുത്ത്, അതില്ലാ എന്നു കണ്ടാണ് നമ്മുടെ വിമര്‍ശനങ്ങള്‍. പിന്നെ തങ്ങള വിമര്‍ശിക്കരുത് എന്ന സമീപനവും. അതിനാലാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തേയും ജനപ്രതിനിധികളേയുമൊക്കെ വിമര്‍ശിക്കുന്നതിനേക്കാള്‍ ആവേശത്തോടെ മാധ്യമങ്ങളെ വിമര്‍ശിക്കുന്നത്. ഏതൊരു ഉല്‍പ്പന്നവും പോലെ ഈ ഉല്‍പ്പന്നവും വാങ്ങാതിരിക്കാം. അതിനാണല്ലോ റിമോട്ട് കണ്‍ട്രോള്‍. ഇപ്പോഴും ജനാധിപത്യം നിലനില്‍ക്കുന്നതിനാല്‍ ഒരു മാധ്യമത്തിനും വാര്‍ത്തകള്‍ തമസ്‌കരിക്കാനാവില്ല. ഏതൊരു മേഖലയിലേയും പോലെ ഈ രംഗത്തും മത്സരം കൊണ്ട് കുറെ ദോഷങ്ങളുണ്ടെങ്കിലും ഗുണങ്ങളുമുണ്ടേ.. അതിലൊന്നാണ് വാര്‍ത്തകള്‍ തമസ്‌കരിക്കാനാവാത്തത്. വന്‍പരസ്യം നല്‍കുന്ന ബിസിനസുകാരുടേതൊഴികെയുള്ള ഒരു വാര്‍ത്തയും എല്ലാ മാധ്യമങ്ങളും പൂഴ്ത്തിവെക്കില്ല.

ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കാനുള്ള സിപിഎം തീരുമാനം മാധ്യമരംഗത്ത് പുതിയൊരുവിവാദത്തിന് തുടക്കമിട്ടിരിക്കുകയാണല്ലോ. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തങ്ങള്‍ക്കും സര്‍ക്കാരിനുമെതിരെ ഗൂഢാലോചനപരമായി നിലപാടെടുക്കുകയും സംഘടിതമായി അക്രമിക്കുകയും തെറ്റായ വിവരങ്ങള്‍ സംപ്രേഷണ ചെയ്യുകയും ചെയ്യുന്നു എന്ന ആരോപണമുന്നയിച്ചാണ് തീരുമാനം. ഏഷ്യാനെറ്റിലെ ചര്‍ച്ചകളില്‍ ഇനി പങ്കെടുക്കേണ്ടതില്ല എന്നതാണ് പാര്‍ട്ടി തീരുമാനം. അണികളാകട്ടെ ചാനല്‍ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടേയും മറ്റും വ്യാപകമായ പ്രചാരണം നടത്തുന്നു. അടുത്തയിടെ സര്‍വ്വേ നടത്തി സംസ്ഥാനത്ത് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് ഈ ചാനല്‍ പ്രവചിച്ചിരുന്നു. അപ്പോള്‍ ഇവരെല്ലാം സന്തോഷത്തിലായിരുന്നു. അതുമാറിയിട്ടാണ് ഇപ്പോള്‍ ബഹിഷ്‌കരണത്തിലെത്തിയിരിക്കുന്നത്. തീരുമാനത്തെ ന്യായീകരിച്ച് ദേശാഭിമാനി മുഖപ്രസംഗവും എഴുതിയിട്ടുണ്ട്.

മാധ്യമങ്ങളെ കുറിച്ചുള്ള വലിയ തെറ്റിദ്ധാരണയാണ് ഈ നീക്കത്തിനു കാരണമെന്നു പറയാതെ വയ്യ. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണാണെന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്നാണ്, ഇന്നവര്‍ക്കില്ലാത്ത പ്രാധാന്യം നാം നല്‍കുന്നത്. അക്കാലമെല്ലാം എന്നേപോയി. ഇന്നു മാധ്യമങ്ങള്‍ കൃത്യമായും സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളാണ്. അതും മിക്കവയും വന്‍കിടക്കാരുടെ നിയന്ത്രണത്തില്‍. അവരുടെ ഉല്‍പ്പന്നമാണ് വാര്‍ത്തകള്‍. ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള രീതിയിലുള്ള വാര്‍ത്തകള്‍ അവരുല്‍പ്പാദിപ്പിക്കും. ഏതു ഭരണമായാലും സര്‍ക്കാരിനും അതിനെ പിന്തുണക്കുന്നവര്‍ക്കുമെതിരായ വാര്‍ത്തകളാണ് ജനം കൂടുതല്‍ കാണുന്നതെന്ന് എത്രയോ പഠനങ്ങള്‍ വന്നിട്ടുണ്ട്. സംഭവങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടെങ്കില്‍ പറയാനുമില്ല. അതിനു പ്രാഥമിക കാരണം പ്രേക്ഷകര്‍ തന്നെയാണ്. സോളാര്‍ സമയത്ത് സരിതയുടെ പുറകിലും ഇപ്പോള്‍ സ്വപ്‌നയുടെ പുറകിലും മാധ്യമങ്ങള്‍ പായാന്‍ കാരണം ജനം അതു കാണാനിഷ്ടപ്പെടുന്നു എന്നതുതന്നെ. അതുചെയ്യാതിരിക്കാമല്ലോ എന്നു ചോദിക്കാം. എന്നാല്‍ വാണിജ്യരംഗത്തെ മത്സരത്തില്‍ അതേ കഴിയൂ. സ്വാഭാവികമായും മറ്റേതൊരു വാണിജ്യസ്ഥാപനവും പോലെ മാധ്യമങ്ങളും ജനങ്ങള്‍ക്കു താല്‍പ്പര്യമുള്ള വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കും. അല്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരും. സോളാര്‍ കാലത്തും ഐസ് ക്രിം പാര്‍ളര്‍ കാലത്തുമൊക്കെ ഇതുതന്നെയല്ലേ നടന്നത്? ഇതിനൊക്കെ ബഹിഷ്‌കരിക്കാന്‍ പോയാല്‍ അതിനവസാനമുണ്ടോ? അതിനുള്ള അവകാശമൊക്കെ ഉണ്ടെങ്കിലും. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടികളെടുക്കുകയല്ലേ അതിനേക്കാള്‍ ഉചിതം.

വാസ്തവത്തില്‍ ഇല്ലാത്ത മഹത്വം മാധ്യമങ്ങള്‍ക്ക് കല്‍പ്പിച്ചു കൊടുത്ത്, അതില്ലാ എന്നു കണ്ടാണ് നമ്മുടെ വിമര്‍ശനങ്ങള്‍. പിന്നെ തങ്ങള വിമര്‍ശിക്കരുത് എന്ന സമീപനവും. അതിനാലാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തേയും ജനപ്രതിനിധികളേയുമൊക്കെ വിമര്‍ശിക്കുന്നതിനേക്കാള്‍ ആവേശത്തോടെ മാധ്യമങ്ങളെ വിമര്‍ശിക്കുന്നത്. ഏതൊരു ഉല്‍പ്പന്നവും പോലെ ഈ ഉല്‍പ്പന്നവും വാങ്ങാതിരിക്കാം. അതിനാണല്ലോ റിമോട്ട് കണ്‍ട്രോള്‍. ഇപ്പോഴും ജനാധിപത്യം നിലനില്‍ക്കുന്നതിനാല്‍ ഒരു മാധ്യമത്തിനും വാര്‍ത്തകള്‍ തമസ്‌കരിക്കാനാവില്ല. ഏതൊരു മേഖലയിലേയും പോലെ ഈ രംഗത്തും മത്സരം കൊണ്ട് കുറെ ദോഷങ്ങളുണ്ടെങ്കിലും ഗുണങ്ങളുമുണ്ടേ.. അതിലൊന്നാണ് വാര്‍ത്തകള്‍ തമസ്‌കരിക്കാനാവാത്തത്. വന്‍പരസ്യം നല്‍കുന്ന ബിസിനസുകാരുടേതൊഴികെയുള്ള ഒരു വാര്‍ത്തയും എല്ലാ മാധ്യമങ്ങളും പൂഴ്ത്തിവെക്കില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ സംഘടിത പ്രചാരണത്തില്‍ എന്തര്‍ത്ഥം? മാത്രമല്ല, മാധ്യമങ്ങള്‍ പറയുന്നതുകേട്ട് പൂര്‍ണ്ണമായും വിശ്വസിക്കുന്നവരാണോ ജനങ്ങള്‍? അത്രമോശമാണോ മലയാളികള്‍? എങ്കില്‍ മക്കവാറും എല്ലാ മാധ്യമങ്ങളും തങ്ങള്‍ക്കെതിരാണെന്നു ആരോപിക്കുന്ന സിപിഎം തകരുന്നുണ്ടോ? മറുവശത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎമ്മിന്റെ പത്രവും ചാനലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു വരുമായിരുന്നില്ലേ? മാധ്യമങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരേയും അമിതമായി ആക്ഷേപിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? സ്വകാര്യമേഖലയിലെ ഏതു ജീവനക്കാരേയും പോലെയാണ് അവരും. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതാണ് തകരാറ്.

ഇനി, ജനാധിപത്യത്തിന്റെ നാലാംതൂണാണ് മാധ്യമങ്ങള്‍ എന്നുതന്നെ കരുതുക. അപ്പോഴും അവ ചെയ്യേണ്ടത് പ്രാഥമികമായും ഭരണകൂടവിമര്‍ശനമാണ്. മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണ്. ഒറ്റ വ്യക്തി മാത്രമേ ഉള്ളു എങ്കില്‍ അവിടെ പ്രശ്നമൊന്നുമില്ലല്ലോ. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികളായാല്‍ അതിനൊരു സാമൂഹ്യ സ്വഭാവമായി. അതനുസരിച്ച് ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ആവശ്യമായി. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യവുമായി. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോപ്യമാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. ഇതില്‍ ജനകീയപക്ഷത്തുിനില്‍ക്കേണ്ടവരാണ് ഫോര്‍ത്ത് എസ്റ്റേറ്റാണെങ്കില്‍ മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ഭരണകൂടത്തെ തികഞ്ഞ ജാഗ്രതയോടെ വീക്ഷിക്കുകയും നിരന്തരം വിമര്‍ശിക്കുകയും വേണം. അതായത് അവയെന്നും പ്രതിപക്ഷത്താവണം. കക്ഷിരാഷ്ട്രീയപ്രതിപക്ഷമല്ല, വൈലോപ്പിള്ളി പറഞ്ഞപോലെ സൗവര്‍ണ്ണ പ്രതിപക്ഷം. എന്നാലതൊന്നുമല്ല നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത്. അവക്ക് പ്രധാനമായുമുള്ളത് നേരത്തെ പറഞ്ഞ ബിസിനസ് താല്‍പ്പര്യവും പിന്നെ കക്ഷിരാഷ്ട്രീയ – ജാതി – മത താല്‍പ്പര്യങ്ങളുമാണ്. ഇനിയുള്ള കാലം ഇതിലൊരു മാറ്റം പ്രതീക്ഷിക്കാനാവുമെന്നു തോന്നുന്നില്ല. അതേസമയം സാങ്കേതികവിദ്യയുടെ വികാസങ്ങള്‍ ശക്തമാകുന്തോറും ഇത്തരം പരമ്പരാഗത മാധ്യമങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരും. ഇപ്പോള്‍തന്നെ ഈ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയക്ക് പുറകിലാണ്. കൊവിഡ് കാലമാകട്ടെ ആ പ്രക്രിയക്ക് ആക്കം കൂട്ടം. ഈ സാഹചര്യത്തിലാണ് ഒരു ചാനലിനെതിരായ ഒരു പാര്‍ട്ടിയുടെ സംഘടിത പ്രചാരണം എന്നതാണ് കൗതുകകരം.

വാല്‍ക്കഷ്ണം – കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഭരണകക്ഷിയേ പ്രതിനിധീകരിച്ചു ചര്‍ച്ചക്കെത്തിയ എം.സ്വരാജ് അവതാരകനോടു ചോദിച്ചു – ‘ഏഷ്യാനെറ്റിലെ ഒരു ജീവനക്കാരന്‍ എന്തെങ്കിലും ക്രമക്കേടോ അഴിമതിയോ നടത്തിയെന്നു തെളിഞ്ഞാല്‍ മാനേജിംഗ് ഡയറക്ടര്‍ രാജിവെക്കുമോ …അല്ലെങ്കില്‍ ആ സ്ഥാനത്തു നിന്നും മാറി നില്‍ക്കുമോ ‘ എന്നായിരുന്നു..

അതിനു ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീ .എം.കെ .പ്രേമചന്ദ്രന്‍ നല്‍കിയ മറുപടി – ‘ഏഷ്യാനെറ്റ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്, അവര്‍ക്കു ജനങ്ങളോടു മറുപടി പറയാന്‍ ധാര്‍മികമായോ നിയമപരമായോ യാതൊരു ബാദ്ധ്യതയുമില്ല, എന്നാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി യുടെ കാര്യം അങ്ങിനെ അല്ല, അദ്ദേഹത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്, അതിനാല്‍ ജനങ്ങളോടു ധാര്‍മികമായ ഒരു ഉത്തരവാദിത്വമുണ്ട്’ – എന്നുമായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply