മഹാമാരി പത്രങ്ങളേയും കൊല്ലുന്നു
അമേരിക്കന്‍ വാര്‍ത്താമരുഭൂമിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടപ്പെട്ട ഒരു കാര്യമുണ്ട്. പ്രാദേശിക പത്രങ്ങളുടെ തിരോധാനത്തോടെ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കു മേലുള്ള മാധ്യമങ്ങളുടെ കണ്ണ് അടയുന്നു എന്നതാണ് അത്. അമേരിക്കന്‍ കോണ്‍ഗ്രസ്സും വൈറ്റ് ഹൗസ്സും റിപ്പോര്‍ട്ട് ചെയ്യാന്‍ ലേഖകരുടെ വന്‍പട ഇനിയും ഉണ്ടാകും. സംസ്ഥാന ഭരണം റിപ്പോര്‍ട്ട് ചെയ്യാനും ചാനലുകള്‍ മത്സരിച്ചേക്കും. പക്ഷേ, അതില്‍താഴെയുള്ള പ്രാദേശിക ഭരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരെയും കാണില്ല.
വാര്‍ത്താമരുഭൂമി എന്ന ആശയത്തിന് അധികം പഴക്കമില്ല. വിശാലമായ ജനവാസകേന്ദ്രങ്ങളില്‍ വാര്‍ത്താമാധ്യമങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയാണല്ലോ വാര്‍ത്താമരുഭൂമി. അതൊരു സങ്കല്പമല്ല, യാഥാര്‍ത്ഥ്യമാണ്. 2018-ല്‍ ആണ് വാര്‍ത്താമരുഭൂമി-ന്യൂസ് ഡസേര്‍ട്ട്- എന്ന പ്രയോഗം ആദ്യം കേള്‍ക്കുന്നത്. ‘മരുഭൂമിയില്‍ വെള്ളം ഇല്ലാത്തതു പോലെ ഈ മരുഭൂമിയില്‍ വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. അവിടെ എന്തു നടന്നാലും അതു വാര്‍ത്തയാകുന്നില്ല. അവിടെ പത്രങ്ങളില്ല, ലേഖകന്മാരില്ല, വാര്‍ത്താ ചാനലുകളുമില്ല. ഇത് ഏതെങ്കിലും ആഫ്രിക്കന്‍ വനപ്രദേശങ്ങളിലല്ല സംഭവിക്കുന്നത്. വികസനത്തിന്റെയും പുരോഗതിയുടെയും ശാസ്ത്ര വളര്‍ച്ചയുടെയുമെല്ലാം അവസാനവാക്ക് എന്നു കരുതുന്ന അമേരിക്കയിലാണ്. അമേരിക്കയില്‍ 1300 പ്രദേശങ്ങള്‍ ഇത്തരം വാര്‍ത്താമരുഭൂമികളായി രൂപാന്തരപ്പെട്ടിരിക്കുന്നു’ – യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോളിനയുടെ സ്‌കൂള്‍ ഓഫ് മീഡിയ ആന്റ് ജേണലിസം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ച് ലോകപ്രസിദ്ധമായ പോയ്ന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ് മാഗസിന്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലേതാണ് ഈ വിവരണം. ലോകമെങ്ങും, പ്രത്യേകിച്ച് അമേരിക്കയില്‍ കൊവിഡ്19 കാരണം വാര്‍ത്താമരുഭൂമികള്‍ പടരുകയാണ്.
കൊറോണ19-നു മുമ്പുതന്നെ അമേരിക്കയിലും മറ്റു പല വികസിതരാജ്യങ്ങളിലും പത്രങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. വാര്‍ത്താമരുഭൂമിയുടെ സൃഷ്ടിക്കു കാരണവും അതുതന്നെ. 2018-ഒക്‌റ്റോബറില്‍ പ്രസിദ്ധപ്പെടുത്തിയ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോളിന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് 2004-നും 2018-നും ഇടയില്‍ അമേരിക്കയില്‍ 1800-ലധികം പ്രാദേശിക പത്രങ്ങള്‍ ഇല്ലാതായി എന്നാണ്. മിക്കതും അടച്ചു, ചിലതെല്ലാം വലിയ പത്രങ്ങളില്‍ ലയിച്ചു. പേരിനുമാത്രം നിലനില്‍ക്കുന്നവയുണ്ട്്. ലേഖകന്മാരൊന്നും ഇല്ലാതെ പഴയ പത്രങ്ങളുടെ പ്രേതങ്ങളായി അവ അവിടവിടെ പ്രത്യക്ഷപ്പെടുന്നു. ലോകത്തെങ്ങും പ്രതികൂലാവസ്ഥ നേരിട്ടുകൊണ്ടിരുന്ന അച്ചടിമാധ്യമങ്ങള്‍ കൊവിഡ്19 വ്യാപനത്തോടെ അന്ത്യത്തിലേക്ക് അടുക്കുകയാണ് എന്ന ആശങ്ക ഉയര്‍ത്തി. പാശ്ചാത്യ മാധ്യമനിരീക്ഷകരില്‍ പ്രമുഖനായ ഫ്രഡറിക് ഫില്ലൗക്‌സ് ഇതിനെ വിശേഷിപ്പിച്ചത് ‘കൊറോണ വൈറസ്, അച്ചടിയുടെ അന്ത്യത്തിന് അവസാന തുടക്കം കുറിക്കുന്നു’ എന്നാണ്. അമേരിക്കയില്‍ മാത്രം മുപ്പതിനായിരത്തിലേറെ പത്രപ്രവര്‍ത്തകര്‍ തൊഴില്‍രഹിതരായി.പത്രങ്ങളെ നിലനിര്‍ത്താന്‍ ഭരണകൂടവും പൊതുസമൂഹവും യത്‌നിക്കണമെന്ന ആശയത്തോട്് ഈ നിരീക്ഷകനു പുച്ഛമാണ്. ‘ശവശരീരത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ച് അതു ശ്വസിക്കുന്നുണ്ട് എന്നു തോന്നിപ്പിച്ചിട്ടെന്തുകാര്യം’ എന്നാണ് അദ്ദേഹം പരിഹസിച്ചത്.
പത്രങ്ങള്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചതിന്റെ വാര്‍ത്തകള്‍ നിറയുകയാണ് പാശ്ചാത്യ പത്രങ്ങളില്‍. (പത്രമരണം അവിടെ വാര്‍ത്തയാണ്. ഇവിടെ ചരമപ്പേജിലും അതു കാണില്ല!). അതിജീവിക്കാനുള്ള മരണപ്പിടച്ചിലില്‍ ഒരുപാടു പത്രങ്ങള്‍ പത്രപ്രവര്‍ത്തകരെയും ജീവനക്കാരെയും പരമാവധി ഒഴിവാക്കി അസ്ഥികൂടം മാത്രം നിലനിര്‍ത്തുന്നു. ഇതൊരു ആഗോള പ്രതിഭാസമാണ് എന്നു എല്ലാ ദിവസവും രാവിലെ പത്രം നിവര്‍ത്തുമ്പോള്‍ നമുക്കും ബോധ്യപ്പെടുന്നു. പഴയ പത്രക്കടലാസ് ക്ഷാമകാലത്തെ ഓര്‍മ്മിപ്പിക്കുംവിധം പത്രങ്ങളില്‍ എട്ടും പത്തും പേജുകള്‍ മാത്രമാണ് ഉള്ളത്. സപ്ലിമെന്റുകള്‍ ഇല്ല. പരസ്യങ്ങള്‍ അപൂര്‍വമായിരിക്കുന്നു. കടകള്‍ അടയുകയും ആള്‍ക്കൂട്ടം നിരോധിതമാവുകയും ചെയ്തതോടെ പത്രവില്പന കുത്തനെ കുറഞ്ഞിരിക്കുന്നു. പത്രനടത്തിപ്പുകാര്‍ പ്രതീക്ഷിക്കുന്നത് ഇതൊരു താല്ക്കാലിക പ്രതിസന്ധി മാത്രമാണ് എന്നാണ്. കൊറോണ പ്രതിസന്ധി മാസങ്ങള്‍ നിലനില്‍ക്കും എന്ന കാര്യത്തില്‍ വിദഗ്ദ്ധന്മാര്‍ക്കു സംശയമില്ല. ഒരുപക്ഷേ, കാഠിന്യം കുറഞ്ഞേക്കും. അതുപോലും ഉറപ്പിക്കാന്‍ ആരും തയ്യാറില്ല. അച്ചടിമാധ്യമം ഇതിനെയെല്ലാം അതിജീവിക്കും എന്ന് ആശിക്കാനേ നമുക്കു കഴിയൂ.
ഇപ്പോഴതെത കൊവിഡ് 19 വാഴ്ചക്കിടയില്‍ ഏതെല്ലാം രാജ്യങ്ങളില്‍ എതെല്ലാം മാധ്യമങ്ങള്‍ക്ക് അന്ത്യം സംഭവിച്ചു എന്നാരും കൃത്യമായി കണക്കുകൂട്ടിക്കാണില്ല. അതൊരു തുടര്‍പ്രക്രിയ ആണല്ലോ. പലതും മരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അടഞ്ഞുകഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ വരുംനാളുകളില്‍ അടഞ്ഞേക്കാം. മഹാമാരി കഴിഞ്ഞാലെങ്കിലും മാധ്യമാരോഗ്യം വീണ്ടെടുക്കാം എന്ന പ്രതീക്ഷ പോലും നഷ്ടപ്പെടുകയാണ്.
ലോകമെങ്ങും, ദുര്‍ബല വ്യവസായങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. തൊഴില്‍ സംരക്ഷിക്കുകയാണ് ഇതിന്റെ മുഖ്യമായ ഉദ്ദേശ്യം. ഗവണ്മെന്റുകള്‍ക്ക് എങ്ങനെ ഇത്രയേറെ വ്യവസായങ്ങളെ സംരക്ഷിക്കാനാവും എന്നു ആരും കൃത്യമായി നിര്‍ദ്ദേശിക്കുന്നില്ല. സമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ അനിവാര്യമായ ആരോഗ്യ-വിദ്യാഭ്യാസ മേഖലയെപ്പോലും വിപണിയുടെ കയ്യാങ്കളിക്ക് വിട്ടുകൊടുക്കുകയാണ് വികസിതരാജ്യങ്ങളെല്ലാം ചെയ്യുന്നത്. സംരംഭകര്‍ ആഗ്രഹിച്ചിരുന്നതും അതാണ്. പക്ഷേ, എല്ലാം മാറുകയാണ് കൊറാണ കൊടുങ്കാറ്റില്‍. എല്ലാ വ്യവസായങ്ങളും സംരക്ഷണം ആവശ്യപ്പെടുന്നു. ഉല്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന അപൂര്‍വം ഉല്പന്നങ്ങളിലൊന്നാണല്ലോ പത്രം. പരസ്യവരുമാനം എന്ന സബ്‌സിഡിയാണല്ലോ ഇതു സാധ്യമാക്കുന്നത്. അതാണ് ഇല്ലാതായ്‌ക്കൊണ്ടിരിക്കുന്നതും അച്ചടിമാധ്യമത്തിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്നതും. പൊതുസമൂഹത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ ഒരു വ്യവസായം എന്ന നിലയില്‍ മാധ്യമ വ്യവസായത്തെ സംരക്ഷിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട് എന്നും ഭരണകൂടങ്ങള്‍ അതു നിറവേറ്റണമെന്നുമുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയും നടക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തനത്തെ മുന്‍പേ നിരീക്ഷിച്ചുകൊണ്ടിരുന്നവരേറെയും സര്‍ക്കാര്‍ ധനസഹായം കൊണ്ടു നിലനിര്‍ത്താവുന്ന ഒന്നല്ല മാധ്യമവ്യവസായം എന്ന അഭിപ്രായക്കാരാണ്. എന്തു സഹായം കിട്ടിയാലും നിലനില്‍ക്കാന്‍ കഴിവില്ലാത്ത, യോഗ്യതയില്ലാത്ത വിധം കാലഹരണപ്പെട്ടതാണ് അച്ചടി മാധ്യമം എന്ന അഭിപ്രായമുള്ളവരാണ് ഏറെ. ഗവണ്മെന്റ് ഏജന്‍സികളുടെ സഹായത്തോടെ നിലനില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് എങ്ങനെ സ്വതന്ത്ര ഉത്തരവാദിത്തം നിര്‍വഹിക്കാനാവും എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. പൂര്‍ണമായും പൊതു ഉടമസ്ഥതയുള്ള ബി.ബി.സിക്ക് ലോകത്തിലെതന്നെ ഏറ്റവും സ്വതന്ത്രമായ മാധ്യമസ്ഥാപനമായി നിലനില്‍ക്കാന്‍ കഴിയുന്നില്ലേ എന്ന മറുചോദ്യമാണ് അപ്പോള്‍ ഉയരുക. എന്തായാലും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ, എല്ലാ കാലത്തേക്കും സാധ്യമായ ഒരു പരിഹാരം ഇക്കാര്യത്തില്‍ കണ്ടെത്തുക പ്രയാസമാണ്.
ലോകത്തു പലതരം മാധ്യമങ്ങളില്ലേ, അവയെല്ലാം നിലനില്‍ക്കുമെന്നിരിക്കേ എന്തിനാണ് അച്ചടിപ്പത്രത്തെക്കുറിച്ചു മാത്രം വല്ലാതെ വേവലാതിപ്പെടുന്നത് എന്ന ചോദ്യം ഉയരാം. സാമൂഹ്യ മാധ്യമവും പത്രങ്ങളുടെ തന്നെ ഓണ്‍ലൈന്‍ വിഭാഗങ്ങളും എണ്ണമറ്റ ദൃശ്യമാധ്യമങ്ങളും കൊറോണക്കാലത്തെ അതിജീവിക്കും എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഈ ചോദ്യം ഉണ്ടാകുന്നത്. കൊറോണ എത്ര കാലം നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കെങ്കിലും പ്രവചിക്കാനാവുമോ? അച്ചടിയുടെ കാര്യം വിട്, അത്രയും കാലം നിലനില്‍ക്കാന്‍ നാട്ടില്‍ എത്ര മറ്റു വ്യവസായ സ്ഥാപനങ്ങള്‍ക്കു കഴിയും?
അമേരിക്കന്‍ വാര്‍ത്താമരുഭൂമിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടപ്പെട്ട ഒരു കാര്യമുണ്ട്. പ്രാദേശിക പത്രങ്ങളുടെ തിരോധാനത്തോടെ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കു മേലുള്ള മാധ്യമങ്ങളുടെ കണ്ണ് അടയുന്നു എന്നതാണ് അത്. അമേരിക്കന്‍ കോണ്‍ഗ്രസ്സും വൈറ്റ് ഹൗസ്സും റിപ്പോര്‍ട്ട് ചെയ്യാന്‍ ലേഖകരുടെ വന്‍പട ഇനിയും ഉണ്ടാകും. സംസ്ഥാന ഭരണം റിപ്പോര്‍ട്ട് ചെയ്യാനും ചാനലുകള്‍ മത്സരിച്ചേക്കും. പക്ഷേ, അതില്‍താഴെയുള്ള പ്രാദേശിക ഭരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരെയും കാണില്ല. അത്തരം ഭരണസമിതി യോഗങ്ങളില്‍ ഇപ്പോള്‍ത്തന്നെ മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ വരാറേ ഇല്ല. വാര്‍ത്തകളുമില്ല. പ്രാദേശിക ഭരണം എങ്ങും ചര്‍ച്ചാവിഷയമാകുന്നില്ല. ഇതൊന്നും പാശ്ചാത്യ വികസിതരാജ്യങ്ങളില്‍ ഒതുങ്ങുന്ന പ്രതിഭാസങ്ങളാവില്ല. കോവിഡ്19 നമ്മുടെ ഭരണസ്ഥാപനങ്ങളെയും ജനങ്ങളില്‍നിന്ന് അകറ്റാം.
അച്ചടിമാധ്യമം ഇല്ലാത്ത രാജ്യം ഒരു ജനാധിപത്യരാജ്യമാവുകയില്ല. പ്രത്യേകിച്ചും ഇനി വരുന്ന കാലത്ത്. കൊറോണ കാലത്ത് ഭരണകൂടങ്ങള്‍ കൈയേന്തിപ്പിടിച്ചുകഴിഞ്ഞ അമിതാധികാരങ്ങള്‍ പലതും കൊറോണ കഴിഞ്ഞാലും അവര്‍ കൈവിടാന്‍ പോകുന്നില്ല എന്നുറപ്പിക്കാം. മഹാമാരിയെക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തിയാല്‍ പൗരന്‍ വീടിനു മുന്നിലെ റോഡിലിറങ്ങാന്‍പോലും ധൈര്യപ്പെടില്ല എന്നു ഭരണകൂടങ്ങള്‍ക്കു മനസ്സിലായിക്കഴിഞ്ഞു. ജനങ്ങള്‍ ഭരണകൂടങ്ങളെ ചോദ്യം ചെയ്യുകയില്ല. അതു ചെയ്യാന്‍കഴിയുന്ന പത്രങ്ങളും ഇല്ലാതാവുമോ?
(പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in