മുഖം മൂടി മാറ്റുമ്പോള്‍ : സക്കറിയയ്ക്ക് ഒരു മറുപടി
മഹാവ്യാധിയുടെ ഭീകരതയെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഭരണ രീതിയിലും പൊതു സമ്പര്‍ക്ക പരിപാടിയിലും ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും ഫലപ്രദവും വിജയകരവുമായ പരിഷ്‌ക്കാരത്തിലേക്ക് വരാം: മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനത്തിന്റെ നാടകീയമായ സംവിധാനവും സമ്പ്രേഷണവും. സക്കറിയ പറയുന്ന പോലെ, പുനരവതരണം ചെയ്യപ്പെടുന്ന രാമായണം സീരിയലിനെക്കാള്‍ ജനങ്ങള്‍ ആകംക്ഷയോടെ ഉറ്റുനോക്കുന്ന ജനപ്രിയ പരിപാടിയാണിത്. ജനങ്ങളെ വിഹ്വലരാക്കിക്കൊണ്ടുള്ള മോഡിയുടെ മായിക പ്രഭാഷണങ്ങളെക്കാള്‍ അഭ്യസ്തവിദ്യരും രാഷ്ട്രീയ സാക്ഷരരും ആയ കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായത് ഈ പരിപാടിയായിരിക്കും. മഹാമാരിയുടെ ഭീകരതയെ പോരാട്ട തലത്തിലേക്ക് തിരിച്ച് വിട്ട്‌കൊണ്ട് , മെഗാസീരിയലുകള്‍ പോലെ അവ പ്രേക്ഷകരില്‍ വിരേചനം ഉളവാക്കുന്നു. യുദ്ധരംഗത്തെ തോറ്റിയുണര്‍ത്തി, അസാധാരണ/അടിയന്തിരാവസ്ഥാ ഭരണകൂടത്തെ പൊതുദൃശ്യതയിലേക്ക് ആനയിച്ച്, മലയാളി ഭാവനയോട് ഈണപ്പെട്ട അതി വിശിഷ്ടമായ ഒരു ‘ജീവിത-രാഷ്ട്രീയ നാടകം അവിടെ അരങ്ങേറുകയാണ്. അധികാരത്തിന്റെ പിതൃമേധാവിത്വ പരികല്പനയും ആരോഗ്യപാലനത്തിന്റെ സ്‌ത്രൈണ പരികല്പനയും തമ്മിലുള്ള വിചിത്രവും ശ്രേണീബദ്ധവുമായ സമവായം പൊതുനോട്ടങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരുന്നു. അധികാരത്തിന്റെയും ലിംഗഭേദങ്ങളുടെയും നിലവിലുള്ള സമവാക്യങ്ങളെ തകര്‍ക്കാതെ തന്നെ. ഭരണകൂടത്തിന്റെ അതീത സാന്നിദ്ധ്യത്തെ സൂക്ഷ്മരൂപത്തില്‍ നാം സാക്ഷ്യം വഹിക്കുകയാണവിടെ. മുഖ്യമന്ത്രിയുടെ ഇരുവശങ്ങളിലുമുള്ള കസേരകളില്‍ ഗൗരവഭാവത്തോടെ പൂര്‍ണ്ണമൗനം അവലംബിച്ച് കൊണ്ട് ഉച്ചനീചക്രമത്തില്‍ ഉപവിഷ്ടരായിരിക്കുന്ന, (ഫയല്‍സജ്ജനായ) ചീഫ് സെക്രട്ടറി, (ഉദ്യോഗസ്ഥ സൈന്യത്തലവന്‍), യുദ്ധക്യാബിനെറ്റിനെ പ്രതിനിധാനം ചെയ്യുന്ന റവന്യൂ മന്ത്രി,ആരോഗ്യമന്ത്രി, എന്നിവരുടെ മുഖാവരണമണിഞ്ഞ രൂപങ്ങള്‍ നമുക്ക് കാണാം. ഒരു ചെറിയ സ്റ്റേറ്റിന്റെ പരമാധികാരത്തിന്റെ മൂര്‍ത്തീഭാവമായി മേധാവിത്വ സ്വരൂപിയായ മുഖ്യമന്ത്രി മരിച്ചവരുടെയും രോഗബാധിതരുടെയും ഏറ്റവും പുതിയ ഔദ്യോഗികമായ സ്ഥിതിവിവരക്കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ഭീതിദരായ പൗരന്മാര്‍ അനുഷ്ഠിക്കേണ്ട് പെരുമാറ്റച്ചട്ടങ്ങള്‍ ആജ്ഞാസ്വരത്തില്‍ പ്രഖ്യാപിക്കുന്നു. ജീവിതാരക്ഷിതത്വത്തെ സംബന്ധിച്ച ആശങ്കയും (കേവല) ജീവിതത്തിന്റെ ഭീതിയും ആണ് ജനങ്ങളെ ഈ പത്രസമ്മേളനത്തിലേക്ക് തള്ളിവിടുന്നതെന്ന വസ്തുത സക്കറിയ സൗകര്യപൂര്‍വ്വം മറക്കുകയാണ് – സക്കറിയ എഴുതിയ ”വൈറസ്സിനെതിരേയുള്ള കേരളത്തിന്റെ വിജയകരമായ യുദ്ധം” എന്ന ലേഖനത്തോട് കെ വിനോദ് ചന്ദ്രന്‍ പ്രതികരിക്കുന്നു.
പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ എഴുതിയ ”വൈറസ്സിനെതിരേയുള്ള കേരളത്തിന്റെ വിജയകരമായ യുദ്ധം” (ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസ്സ് ഡോട്.കോം.ജൂണ്‍.1 2020) എന്ന ലേഖനത്തോടുള്ള ഒരു പ്രതികരണമാണിത്. മലയാളകഥയില്‍ നവാധുനികതയ്ക്ക് തുടക്കം കുറിച്ചവരിലൊരാളായ സക്കറിയ ഇവിടെ ഒരു യുദ്ധകഥ എഴുതുന്നു എന്നത് രസാവഹമത്രെ. മഹാവ്യാധിയെ പിടിച്ചുകെട്ടുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൈവരിച്ച വിജയത്തിന്റെ അപദാനം. പത്രപ്രവര്‍ത്തനത്തിന്റെയും കഥയുടെയും ജോണറുകള്‍ കൂടിക്കലരുന്നുവെങ്കില്‍പ്പോലും സക്കറിയയുടെ കലയിലെ ഒരു യൂ ടേണ്‍ ആയി ഇതിനെ കാണാം. ആധുനിക മനുഷ്യന്റെ അസ്തിത്വവ്യഥകളെയും, മത-രാഷ്ട്രീയശക്തികള്‍, സംഘടിതപ്രസ്ഥാനങ്ങള്‍ എന്നിവ തൊടുത്തു വിടുന്ന നീതി നിഷേധങ്ങളെയും സൂക്ഷ്മമായി അനാവരണം ചെയ്തു പോരുന്ന ഒരു എഴുത്തുകാരന്റെ രചനാഗതിയില്‍ സംഭവിക്കുന്ന വഴിമാറ്റമാണ് ശുഭപര്യവസായിയായ ഈ യുദ്ധകഥ. കഥാനായകനായി വരുന്നത് ഭരണനിര്‍വ്വഹണത്തിലും രാഷ്ട്രീയത്തിലും മേധാവിത്വം പുലര്‍ത്തുന്ന വിഖ്യാതനായ ഒരു മുഖ്യമന്ത്രിയാണ് എന്നതത്രേ സവിശേഷത. കഥയിലെ വില്ലനാവട്ടെ മനുഷ്യനെന്നോ ജീവിയെന്നോ പോലും വിളിക്കാനാവാത്ത അദൃശ്യമായ ഒരു സൂക്ഷ്മ രോഗാണുവും. കഥയെ ഉദ്വേഗഭരിതമാക്കുന്ന ഘടകങ്ങളാണിവയെല്ലാം.
മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ആദ്യഘട്ടങ്ങളില്‍ ഇടതുപക്ഷഗവണ്മെന്റ് നേടിയ വിജയത്തെ ചെറുതാക്കിക്കാട്ടുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. നമ്മുടെ കഥാകരന്‍ ഉയര്‍ത്തുന്ന വാദ വിശകലന രീതികളോട്, വാചാടോപങ്ങളോടാണെന്റെ വിയോജിപ്പ്. മഹാവ്യാധികള്‍ പോലുള്ള സവിശേഷ സാഹചര്യങ്ങളില്‍ ഭരണകൂട പ്രയോഗങ്ങള്‍ സര്‍വ്വാധിപത്യസ്വരൂപങ്ങളായി മാറാം എന്ന ഭീഷണമായ സാധ്യതകളെപ്പറ്റിയുള്ള അക്ഷന്തവ്യമായ അജ്ഞത, ഉദാസീനത, ആശങ്കയില്ലായമ. ഇതാണ് നമ്മെ ചൊടിപ്പിക്കുന്നത്. ഭരണകൂട യുക്തിയുടെയും പ്രചരണയന്ത്രങ്ങളുടെയും വിമര്‍ശനരഹിതമായ സ്വീകരണം, നമ്മുടെ കാലത്തെ പ്രാമാണികമായ പരികല്പനകളോടുള്ള അനുനയ മനോഭാവം, ഈ ”വിജയ”ഗാഥയില്‍ പ്രകടമാണ്. പ്രതിസന്ധിയുടെ നേരങ്ങളില്‍ അരക്ഷിതബോധത്തിനും ആത്മദൗര്‍ബ്ബല്യത്തിനും ഭീതിയ്ക്കും അടിപ്പെടുന്ന ബുദ്ധിജീവികള്‍ അധികാരത്തിന്റെ സ്തുതിപാഠകരായി മാറുന്നു എന്ന സുചനയാണ് ഈ ‘വിജയാഖ്യാനം’ നല്‍കുന്നത്.
യുദ്ധത്തിന്റെ രൂപകങ്ങള്‍
സക്കറിയയുടെ പ്രമേയത്തില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്ന യുദ്ധരൂപകങ്ങളില്‍ നിന്ന് തുടങ്ങാം. ”കോവിഡ് യുദ്ധം”, ”കൊറോണാപോരാട്ടം”, എന്നിങ്ങനെയുള്ള യുദ്ധസംജ്ഞകളുടെ പ്രചുരപ്രയോഗം ഭരണകൂടയുക്തിയുടെ ആത്മസാല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. ഉദാഹണമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ‘ഫീല്‍ഡ് കമാണ്ടറും’, ആരോഗ്യപ്രവര്‍ത്തകര്‍ ‘കാലാള്‍പ്പടകളു’മാണ് കഥാകാരന്റെ ഭാഷയില്‍. ഏകാധിപതികളും അധികാരമോഹികളായ ഭരണകാരന്മാരും, മഹാവ്യാധികളുമായുള്ള നേരിടലുകളെ, യുദ്ധ രൂപത്തില്‍ ചിത്രീകരിക്കുവാന്‍ ഉല്‍സുകരായിരിക്കും എന്ന സത്യം തിരിച്ചറിയുവാന്‍ ഒരു സാമൂഹ്യശാസ്ത്രജ്ഞനാവേണ്ടതില്ല. കോവിഡിന്റെ മറവില്‍ ജനാധിപത്യാവകാശങ്ങളെ നിഹനിക്കുവാനും പ്രതിപക്ഷ ശബ്ദങ്ങളെ ഭരണകൂടത്തിന്റെ അതിവിപുലമായ ശക്തികള്‍ ഉപയോഗിച്ച് നിശ്ശബ്ദമാക്കുവാനും ഉള്ള സാധൂകരണവും സാഹചര്യവും ഒരുക്കിക്കൊടുക്കും യുദ്ധത്തിന്റെ ഈ ചിഹ്നശാസ്ത്രം എന്നത് അനുഭവവിദിതമാണ്. . പ്രശസ്ത ഇറ്റാലിയന്‍ ചിന്തകനായ അഗമ്പന്‍ നിരന്തരം ചൂണ്ടിക്കാട്ടുന്നപോലെ യുദ്ധസംജ്ഞകള്‍ ഉണര്‍ത്തിയെടുക്കുന്ന അസാധാരണത്വത്തിന്റെയും അടിയന്തരാവസ്ഥയുടെയും പ്രതീതികള്‍ ഗവണ്മെന്റുകളെ ”അസാധാരണ ”ഭരണകൂടങ്ങളായി (States of Exception) മാറുവാന്‍ അനുവദിക്കും. ഡൊണാള്‍ഡ് ട്രമ്പ്, ഷിന്‍-പിംഗ്, നരേന്ദ്രമോഡി, തുടങ്ങിയ ഭരണാധികാരികളെല്ലാം തന്നെ യുദ്ധരൂപങ്ങള്‍ സമൃദ്ധമായി ഉപയോഗിക്കുന്നുവെന്നത് ഇതിനു തെളിവാണ്. ജര്‍മനി, ന്യൂസിലന്‍ഡ് തുടങ്ങിയ വികസിത ജനാധിപത്യരാജ്യങ്ങളാവട്ടെ, ഇത്തരം യുദ്ധചിഹ്നങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കുന്നുവെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ മഹാമാരിയെ നിയന്ത്രിക്കുവാനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമിനെ ”കോവിഡ് വാര്‍ റൂം” എന്ന് വിളിക്കുന്നതും സര്‍ക്കാര്‍ പ്രചരണം യുദ്ധാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതും ഒട്ടും യാദൃഛികമല്ല.
കലാനിപുണനായ നമ്മുടെ കഥാകാരന്‍, ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കുന്നതിനായി അതിശയോക്തികളും അലങ്കാരപ്രയോഗങ്ങളും കോരിച്ചൊരിയുന്നതില്‍ ഒട്ടും മടികാട്ടുന്നില്ല എന്നതും ശ്രദ്ധേയമത്രേ. ”സ്വാതന്ത്ര്യാന്തര കേരളത്തിന്റെ ഭരണചരിത്രത്തില്‍ സമാനമായ ഒന്നും സംഭവിച്ചിട്ടില്ല: യഥാര്‍ഥത്തില്‍ ജനക്ഷേമത്തിനായി സുസ്ഥിരനീക്കങ്ങള്‍ നടത്തുകയുണ്ടായി സര്‍ക്കാര്‍”:സക്കറിയ എഴുതുന്നു. അതേ, ഈ പ്രസ്താവത്തിന്റെ സത്യവും (”സത്യാനന്തര സത്യവും”) നമുക്ക് പരിശോധിക്കേണ്ടതുണ്ട്. ഇപ്പറയുന്ന ‘സുസ്ഥിരശ്രമത്തെ’ ആഖ്യാനകാരന്‍ നിര്‍മ്മിച്ചെടുക്കുന്നത് 2018 ലെ മഹാപ്രളയത്തെ നിയന്ത്രിക്കുന്നതില്‍ ഗവണ്മെന്റ് നടത്തിയ പരിശ്രമങ്ങളുടെ പ്രാഗ്മുഹൂര്‍ഥത്തിലാണ്. കേരളഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് (അതു പോലുള്ള പല റിപ്പോര്‍ട്ടുകളും) സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നുണ്ട് സക്കറിയ ഇവിടെ. ഡാം മാനേജ്‌മെന്റില്‍ ഗവണ്മെന്റ് കാട്ടിയ വീഴ്ചകളാണ് പ്രളയകാരണങ്ങളില്‍ പ്രധാനഘടകമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദുരിതബാധിതരെ പുനരാവസിപ്പിക്കുവാനും കേരളത്തെ പുനര്‍നിര്‍മ്മിക്കുവാനും ഉള്ള പദ്ധതികള്‍ ഇന്നും വാഗ്ദാനങ്ങള്‍ മാത്രമായി നിലകൊള്ളുന്നുവെന്നതും സുവിദിതമാണല്ലോ. പക്ഷേ ഇക്കാര്യം വിദഗ്ധന്മാര്‍ക്ക് വിട്ടുകൊടുത്ത് പ്രധാന പ്രശ്‌നങ്ങളിലേക്ക് നമുക്ക് കടക്കാം.
വൈറസ് ഭീഷണിയെ ചെറുക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയ ദൃഢനിശ്ചയവും ശുഷ്‌ക്കാന്തിയും അഭിനന്ദനീയമത്രെ”: സക്കറിയ എഴുതുന്നു. ഇതിലാര്‍ക്കും തര്‍ക്കമുണ്ടാവില്ല.. കേരള ഭരണ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു തിരിവ് കണ്ട് പിടിക്കുന്നുമുണ്ട് കഥാകാരനിവിടെ: ”സഹജമായ ആലസ്യത്തില്‍ നിന്ന്, കഴിവില്ലായ്മയില്‍ നിന്ന്, ഉദാസീനതയില്‍ നിന്ന്, പ്രതിജ്ഞാബദ്ധമായ മുഴുകലിലേക്കുള്ള ഭരണപരമായ മാറ്റം”. ഈ ചരിത്രപരമായ തിരിയലിന്റെ പ്രേരകശക്തി ‘അസ്ഥിത്വപരമായ ഒരു ഭീതിയാവാമെന്നും’ അദ്ദേഹം സമ്മതിക്കുന്നുണ്ട്. അനന്തരം തന്റെ സുപ്രധാനമായ വാദഗതിയിലേക്ക് കടക്കുകയാണദ്ദേഹം: ഈ ഭീതിയെ ഒരു തരം പോരാട്ട മനോഭാവത്തിലേക്ക് തിരിച്ചുവിടുന്നതിലാണ് മാര്‍ക്‌സിസ്റ്റ് ഗവണ്മെന്റിന്റെ വിജയം നിലകൊള്ളുന്നത്”. ഈ ഭരണകൂട പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ വലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് കൊറോണയ്‌ക്കെതിരെ കേരളം നടത്തുന്ന ചരിത്രപരമായ യുദ്ധത്തിന്റെ നേതൃത്വമുഖമെന്ന് അദ്ദേഹം വാഴ്ത്തുന്നു..
വിചിത്രമായ പൂരകത്വം
ഈ യുദ്ധത്തില്‍ ആരോഗ്യമന്ത്രിയായ ശൈലജ ടീച്ചര്‍ പിണറായി വിജയനെ അനുപൂരണം ചെയ്യുന്നുവെന്ന് പറയാന്‍ മറക്കുന്നില്ല കഥാകാരന്‍. ഈ അനുപൂരകത്വത്തെപ്പറ്റി അദ്ദേഹം നല്‍കുന്ന വിശദീകരണം ഇടതു സര്‍ക്കാര്‍ നടത്തുന്ന കൊറോണായുദ്ധത്തിനു പിന്നിലുള്ള രാഷ്ട്രീയ തത്വമെന്തെന്ന് ധ്വനിപ്പിക്കുന്നുണ്ട്. ശൈലജടീച്ചര്‍ നൈസര്‍ഗ്ഗികതയുള്ള ഒരു നേതാവാണ്‌വിജയനു സ്വായത്തമായ സീനിയോറിറ്റിയുടെയും പിതൃമേധാവിത്വാധികാരത്തിന്റെയും ബലവും ഭാരവും അവരിലില്ല. അടുത്ത വാചകം കൂടുതല്‍ സങ്കീര്‍ണ്ണമാണ്: ആണ്മേധാവിത്വ പരികല്പനയില്‍ നിന്ന് പതുക്കെപ്പതുക്കെ എന്നാല്‍ അനിവാര്യമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ പെണ്ണാവുക എന്നത് അവര്‍ക്ക് ഒരു അനുകൂലഘടകം തന്നെയാണ്” ഈ വിഷമവാക്യത്തിന്റെ അര്‍ഥമെന്താണ്?
പിതൃമേധാവിത്വത്തിന്റെയും പാര്‍ട്ടി സീനിയോറിറ്റിയുടെയും ശക്തികളും പെണ്‍നേതൃത്വത്തിന്റെ സഹജസ്വഭാവവും ഇളപ്പവും തമ്മിലുള്ള സന്തുലനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. (വിജയന്‍ പ്രതിനിധാനം ചെയ്യുന്ന) ആണ്‍ മേധാവിത്വ പരികല്പന (ശൈലജ ടീച്ചര്‍ പ്രതിനിധാനം ചെയ്യുന്ന) സ്ത്രീ വാദപരികല്പനയുമായി ഇവിടെ സന്തുലിതമാക്കപ്പെടുന്നു എന്നര്‍ഥം-ലിംഗപരമായ ഉച്ചനീചബന്ധത്തെ ഉലയ്ക്കാതെ തന്നെ. സക്കറിയ തുടരുന്നു: ”വിജയന്‍ ഗൗരവപ്രകൃതിയും ആധിപത്യസ്വഭാവമുള്ളയാളും ആണെങ്കില്‍ ശൈലജ ടീച്ചര്‍ ഉല്‍സാഹിയും നാട്യരഹിതയും ദൃഢമനസ്‌ക്കയുമാണ്.” ശൈലജയുടെ നേതൃത്വത്തിന് ടീം വര്‍ക്കിനെ പ്രചോദിപ്പിക്കുന്ന സ്‌ത്രൈണശക്തിയുണ്ട്. എന്നാല്‍ വിജയനാകട്ടെ ഒരു അധിക ബലമുണ്ട്: പാര്‍ട്ടിയെയും ഗവണ്മെന്റിനെയും ഇരുമ്പ് ഹസ്തം കൊണ്ട് അദ്ദേഹം നിയന്ത്രിക്കുന്നു”. മാത്രമല്ല വിജയന്റെ ശൈലി അനുസരണയോടൊപ്പം ഭയത്തെയും ജാഗ്രതയെയും ഉല്പാദിപ്പിക്കുന്നു. അനുപമമായ ഈ സന്തുലനമാണ്, സക്കറിയയെ സംബന്ധിച്ചിടത്തോളം തീരുമാനമെടുക്കലിന്റെയും നടപ്പാക്കലിന്റെയും പ്രക്രിയകളെ സുഗമമാക്കുന്നത്.
ഈ പ്രസ്താവങ്ങളുടെ വിവക്ഷയെന്താണ്? മറ്റെല്ലാ ‘ഭരണകൂട’ ബുദ്ധിജീവികളെയും പോലെ, മഹാമരിയുയര്‍ത്തുന്ന സാങ്കല്പികമായ യുദ്ധ സാഹചര്യം ശക്തനും ഏകാധിപതിയുമായ ഒരു നേതാവിനെ ആവശ്യപ്പെടുന്നു എന്ന ആശയത്തെ സക്കറിയയും മുറുകിപ്പിടിയ്ക്കുന്നു എന്നല്ലേ? ഇത്തരം അസാധാരണ സാഹചര്യങ്ങളില്‍ നമുക്കാവശ്യം ഒരു ജനാധിപത്യ നേതാവിനെയല്ല ഒരു ഉരുക്ക് മനുഷ്യനെ, ഒരു സര്‍വ്വ സേനാധിപനെ, ഒരു പക്ഷെ ഒരു ഏകാധിപതിയെ ആണെന്നല്ലേ ഈ വരികള്‍ക്കിടയില്‍ സക്കറിയ പറയുന്നത്?
ജീവിത-രാഷ്ട്രീയ നാടകം (The bio-political drama)
സക്കറിയയുടെ കാഴ്ചപ്പാടില്‍, മഹാവ്യാധിയുമായുള്ള ഏറ്റുമുട്ടലില്‍ കേരള ഗവണ്മെന്റ് നേടിയ വിജയം നിലകൊള്ളുന്നത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിലുള്ള ഈ പരസ്പരപൂരകത്വത്തിലാണ്. ആണ്മേധാവിത്വത്തിന്റെയും പെണ്‍ശാക്തീകരണത്തിന്റെയും സമവാക്യങ്ങള്‍ തമ്മില്‍ മാത്രമല്ല, ഏകാധിപത്യാധികാരത്തിന്റെയും ജനാധിപത്യപരവും സ്‌ത്രൈണവുമായ ഭരണമാതൃകകളുടെയും ആരോഗ്യപാലനത്തിന്റെയും സമവാക്യങ്ങള്‍ തമ്മിലും ഇവിടെ സന്തുലനം സ്ഥാപിക്കപ്പെടുന്നുണ്ട്. മറ്റൊരു തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മഹാചിന്തകനായ മിഷല്‍ ഫൂക്കോ വിഭാവനം ചെയ്യുന്ന ബയോ-രാഷ്ട്രീയത്തിന്റെ, ജീവിതാധികാരത്തിന്റെ, അവശ്യ ഉപാധികളെയല്ലേ ഈ സന്തുലിതാവസ്ഥ സമാഹരിക്കുന്നത്? ആരോഗ്യ-ജീവിത പരിപാലനം ഭരണകൂടത്തെ സാധൂകരിക്കുകയും ജീവിതാധികാരം(bio-power) ഒരു ”അസാധാരണ” ഭരണകൂടത്തെ സാധ്യമാക്കുകയും ചെയ്യുന്ന ഈ അവസ്ഥയെയല്ലേ ബയോരാഷ്ട്രീയം എന്ന് ഫൂക്കോ നിര്‍വ്വചിക്കുന്നത്?
മഹാവ്യാധിയുടെ ഭീകരതയെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഭരണ രീതിയിലും പൊതു സമ്പര്‍ക്ക പരിപാടിയിലും ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും ഫലപ്രദവും വിജയകരവുമായ പരിഷ്‌ക്കാരത്തിലേക്ക് നമുക്ക് വരാം: മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനത്തിന്റെ നാടകീയമായ സംവിധാനവും സമ്പ്രേഷണവും. സക്കറിയ പറയുന്ന പോലെ, പുനരവതരണം ചെയ്യപ്പെടുന്ന രാമായണം സീരിയലിനെക്കാള്‍ ജനങ്ങള്‍ ആകംക്ഷയോടെ ഉറ്റുനോക്കുന്ന ജനപ്രിയ പരിപാടിയാണിത്. ജനങ്ങളെ വിഹ്വലരാക്കിക്കൊണ്ടുള്ള മോഡിയുടെ മായിക പ്രഭാഷണങ്ങളെക്കാള്‍ അഭ്യസ്തവിദ്യരും രാഷ്ട്രീയ സാക്ഷരരും ആയ കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായത് ഈ പരിപാടിയായിരിക്കും. മഹാമാരിയുടെ ഭീകരതയെ പോരാട്ട തലത്തിലേക്ക് തിരിച്ച് വിട്ട്‌കൊണ്ട് , മെഗാസീരിയലുകള്‍ പോലെ അവ പ്രേക്ഷകരില്‍ വിരേചനം ഉളവാക്കുന്നു. യുദ്ധരംഗത്തെ തോറ്റിയുണര്‍ത്തി, അസാധാരണ/അടിയന്തിരാവസ്ഥാ ഭരണകൂടത്തെ പൊതുദൃശ്യതയിലേക്ക് ആനയിച്ച്, മലയാളി ഭാവനയോട് ഈണപ്പെട്ട അതി വിശിഷ്ടമായ ഒരു ‘ജീവിത-രാഷ്ട്രീയ നാടകം അവിടെ അരങ്ങേറുകയാണ്. അധികാരത്തിന്റെ പിതൃമേധാവിത്വ പരികല്പനയും ആരോഗ്യപാലനത്തിന്റെ സ്‌ത്രൈണ പരികല്പനയും തമ്മിലുള്ള വിചിത്രവും ശ്രേണീബദ്ധവുമായ സമവായം പൊതുനോട്ടങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരുന്നു-അധികാരത്തിന്റെയും ലിംഗഭേദങ്ങളുടെയും നിലവിലുള്ള സമവാക്യങ്ങളെ തകര്‍ക്കാതെ തന്നെ. ഭരണകൂടത്തിന്റെ അതീത സാന്നിദ്ധ്യത്തെ സൂക്ഷ്മരൂപത്തില്‍ നാം സാക്ഷ്യം വഹിക്കുകയാണവിടെ.
മുഖ്യമന്ത്രിയുടെ ഇരുവശങ്ങളിലുമുള്ള കസേരകളില്‍ ഗൗരവഭാവത്തോടെ പൂര്‍ണ്ണമൗനം അവലംബിച്ച് കൊണ്ട് ഉച്ചനീചക്രമത്തില്‍ ഉപവിഷ്ടരായിരിക്കുന്ന, (ഫയല്‍സജ്ജനായ) ചീഫ് സെക്രട്ടറി, (ഉദ്യോഗസ്ഥ സൈന്യത്തലവന്‍), യുദ്ധക്യാബിനെറ്റിനെ പ്രതിനിധാനം ചെയ്യുന്ന റവന്യൂ മന്ത്രി,ആരോഗ്യമന്ത്രി, എന്നിവരുടെ മുഖാവരണമണിഞ്ഞ രൂപങ്ങള്‍ നമുക്ക് കാണാം. ഒരു ചെറിയ സ്റ്റേറ്റിന്റെ പരമാധികാരത്തിന്റെ മൂര്‍ത്തീഭാവമായി മേധാവിത്വ സ്വരൂപിയായ മുഖ്യമന്ത്രി മരിച്ചവരുടെയും രോഗബാധിതരുടെയും ഏറ്റവും പുതിയ ഔദ്യോഗികമായ സ്ഥിതിവിവരക്കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ഭീതിദരായ പൗരന്മാര്‍ അനുഷ്ഠിക്കേണ്ട് പെരുമാറ്റച്ചട്ടങ്ങള്‍ ആജ്ഞാസ്വരത്തില്‍ പ്രഖ്യാപിക്കുന്നു. ജീവിതാരക്ഷിതത്വത്തെ സംബന്ധിച്ച ആശങ്കയും (കേവല) ജീവിതത്തിന്റെ ഭീതിയും ആണ് ജനങ്ങളെ ഈ പത്രസമ്മേളനത്തിലേക്ക് തള്ളിവിടുന്നതെന്ന വസ്തുത സക്കറിയ സൗകര്യപൂര്‍വ്വം മറക്കുകയാണ്. മരണത്തിന്റെയും രോഗവ്യാപനത്തിന്റെയും, വിശ്വസനീയമായ കണക്കുകള്‍ മാത്രമല്ല അവര്‍ ആവശ്യപ്പെടുന്നത്, ആരോഗ്യസുരസുരക്ഷാപാലനം കാര്യക്ഷമായി നിര്‍വ്വഹിക്കുന്നു എന്ന ഗവണ്മെന്റിന്റെ ഉറപ്പും കൂടിയാണ്. .
അത്ഭുതകരമെന്ന് പറയട്ടെ, വൈറസ്സിനെ പിടിച്ച് കെട്ടുന്നതില്‍ ഈ രണ്ട് മന്ത്രിമാരും വഹിച്ച പങ്കിനെ സംബന്ധിച്ച സ്തുതിവാക്യങ്ങള്‍ക്കെല്ലാം ശേഷം ഇതേവരെ താന്‍ ഉയര്‍ത്തിയ വാദഗതികളെയെല്ലാം റദ്ദാക്കുന്ന വിചിത്രമായ ഒരു പ്രസ്താവം നടത്തുന്നുണ്ട് സക്കറിയ: ”ഈ രണ്ടുപേരും ആദ്യാവസാനം കമ്യൂണിസ്റ്റുകളാണ്. വൈറസ്സുണ്ടെങ്കിലും ഇല്ലെങ്കിലും ശരി പാര്‍ട്ടിയ്ക്ക് തന്നെയാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്.” ഈ കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് ലേഖകന്‍ ആദ്യമേ സൂചിപ്പിച്ച ‘ ‘അഭിനന്ദനീയമായ ദൃഢ നിശ്ചയത്തിന്റെയും ശുഷ്‌ക്കാന്തിയുടെയും” രഹസ്യമെന്തെന്ന് ഇത് വെളിപ്പെടുത്തുന്നില്ലേ?. ഈ അഭിനന്ദനീയ ഗുണങ്ങള്‍ക്കെല്ലാം മുഖ്യ പ്രേരണ കക്ഷിരാഷ്ട്രീയ താല്പര്യമാണെന്നത്രേ (പ്രത്യേകിച്ച് വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ്) സൂചന. കൊറോണാ വൈറസ്സ് സൃഷ്ടിച്ച പ്രതിസന്ധി മാത്രമല്ല , ജനപിന്തുണയുടെ നഷ്ടം പാര്‍ട്ടിയ്ക്ക് വരുത്തിവച്ച പ്രതിസന്ധിയും കൂടിയാണ് യുദ്ധസമാനമായ പ്രവര്‍ത്തനങ്ങളിലേക്ക് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും നയിച്ചതെന്നര്‍ഥം. ഇരട്ടമുഖമുള്ള ഒരു പ്രതിസന്ധി- നിയന്ത്രണ-പദ്ധതിയുടെ ഭാഗമാണ് കൊറോണാ വൈറസ്സിനെതിരേ ഇടതു സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപിതയുദ്ധം എന്നല്ലേ ഇത് ധ്വനിപ്പിക്കുന്നത്? സക്കറിയ പക്ഷേ ഇക്കാര്യത്തില്‍ മൗനമവലംബിക്കുന്നു.
”അസാധാരണ രാഷ്ട്രങ്ങള്‍” (TheStates of Exception)
‘കമ്മ്യൂണിസ്റ്റുകളുടെ ഇത്തരം നേട്ടങ്ങളില്‍ മുതലാളിത്ത മാധ്യമങ്ങള്‍ ആകൃഷ്ടരാകുന്നു” തുടങ്ങിയ പ്രസ്താവങ്ങള്‍ നമ്മെ ചിരിപ്പിക്കുവാന്‍ പര്യാപ്തങ്ങളാണ്. കമ്യൂണിസം, മുതലാളിത്തം, ഇടത്, വലത് തുടങ്ങിയ സങ്കല്പങ്ങളുടെ അതിര്‍ത്തികള്‍ മാഞ്ഞു വരുന്ന ഒരു കാലത്ത് ഇത്തരം പദങ്ങളുടെ അവിവേച്യമായ ഉപയോഗം പ്രത്യയശാസ്ത്രപരമായ വൈപരീത്യത്തെയും സംഘര്‍ഷങ്ങളെയും സംബന്ധിച്ച വ്യാജബോധം സൃഷ്ടിക്കുവാനും അതുവഴി കക്ഷിരാഷ്ട്രീയ താല്പര്യങ്ങളെ സാധൂകരിക്കാനും മാത്രമേ ഉതകുകയുള്ളു. ഒരു പാര്‍ലമെന്ററി പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം. ഇതിനകം നവ-ലിബറല്‍, കോര്‍പ്പറേറ്റ്, രാഷ്ട്രീയ സമ്പത്തിക ക്രമവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു എന്ന സത്യം പരിഗണിക്കുമ്പോള്‍ ഇത്തരം പദാഭ്യാസങ്ങള്‍ അനുചിതമാണെന്ന് പറയാതെ വയ്യ. മാത്രമല്ല കേരളത്തിലെ മലഞ്ചെരിവുകളില്‍ വരയാടുകളെപ്പോലെ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷമാവുന്ന മാവോയിസ്റ്റുകള്‍ക്കെതിരേ സി.പി.എം. ഗവണ്മെന്റ് നടത്തിയ ഹിസാത്മകമായ ഓപ്പറേഷനുകള്‍ നമുക്ക് മറക്കാനാവുമോ? 2016 മുതല്‍ നടന്ന മൂന്ന് (വ്യാജ)ഏറ്റുമുട്ടലുകളില്‍ ആറുപേരെയാണ് പിണറായി സര്‍ക്കാര്‍ നിഷ്ഠുരമായി വെടിവച്ച് കൊന്നത് .
ഇതേ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ് അലന്‍ സുഹൈബ്, താഹ ഫസല്‍ എന്നീ രണ്ട് DYFI വിദ്യാര്‍ഥികളെ മാവോയിസ്റ്റ് തീവ്രവാദികളെന്ന് മുദ്രകുത്തി UAPA ചുമത്തി ജയിലിലടച്ചത്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയും ജില്ലാകമ്മിറ്റിയും ഈ ആരോപണം നിഷേധിച്ചു എങ്കില്‍പ്പോലും. ദേശീയതലത്തില്‍ UAPA യ്‌ക്കെതിരെ പാര്‍ട്ട് ഔദ്യോഗികമായി പടനയിക്കുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് ഇത് സംഭവിച്ചതെന്നും ഓര്‍ക്കുക. ഈ യുവാക്കളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു എന്ന് പറയപ്പെടുന്ന ചില ലഘു ലേഘകളും, ലെനിന്റെയും മാവോയുടെയും ചിലകൃതികളുമൊഴിച്ചാല്‍ കാര്യമായ തെളിവുകളൊന്നും നിരത്താന്‍ പോലീസ്സിനു കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ കക്ഷികള്‍ ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍, സാംസ്‌ക്കാരിക സാമൂഹ്യപ്രവര്‍ത്തകര്‍ ഇതിനെതിരേ പ്രതിഷേധിച്ചപ്പോള്‍, പോലീസ്സ് വാദത്തില്‍ തന്നെ ഉറച്ച് നിന്ന് അവരെ കുറ്റക്കാരെന്ന് വിധിച്ചതും ഇതേ പിണറായി വിജയന്‍ തന്നെ. പിന്നീട് NIA ഈ കേസ്സ് ഏറ്റെടുത്ത അവസരത്തില്‍ കേരള ജനത ഒന്നായി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അമിത് ഷായ്ക്ക് കത്തെഴുതാന്‍ വിജയന്‍ നിര്‍ബ്ബന്ധിതനായെങ്കിലും അത് ഫലം കണ്ടില്ല. കൊറോണയുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് തന്നെയാണ് ഒരു ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനുള്‍പ്പെടെ മൂന്ന് പേരെക്കൂടി പോലീസ് NIA പ്രകാരം മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്യുന്നത്.
മഹാവ്യാധി സൃഷ്ടിച്ച വിഭ്രാന്തിയെ മുതലെടുത്ത് കൊണ്ട് പൂര്‍ണ്ണ വികസിതമായ ഒരു ”അസാധാരഭരണകൂടമായി” മോദി ഗവണ്മെന്റ് ഇതിനകം രൂപാന്തരം പ്രാപിച്ചുവെങ്കില്‍ ഇടതു സര്‍ക്കാരും അതേ മാര്‍ഗ്ഗം തന്നെ സൂക്ഷ്മവും വ്യത്യസ്ഥവുമായ രീതിയില്‍ പിന്തുടരുകയാണ് ചെയ്തത്. മഹാവ്യാധിയെ നിയന്ത്രിക്കുന്നതില്‍ ഇടതു ഗവണ്മെന്റ് കൈവരിച്ച വിജയത്തെ ദേശീയവും അന്തര്‍ദ്ദേശീയവുമായ മാദ്ധ്യമങ്ങള്‍ പ്രശംസിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഒരു ‘അസാധാരണ’ ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ പൂര്‍ണ്ണ പ്രഭാവത്തോട് കൂടി പ്രവര്‍ത്തന സജ്ജമാക്കപ്പെടുകയായിരുന്നു മലയാളനാട്ടില്‍.
”ദുരന്ത”കമ്മ്യൂണിസത്തിന്റെ കേരള മാതൃകയോ?
ഗവണ്മെന്റിനും പാര്‍ട്ടിയ്ക്കും എതിരേയുള്ള വിമര്‍ശനങ്ങള്‍ ദേശദ്രോഹവും പാര്‍ട്ടിദ്രോഹവുമായി മുദ്രകുത്തപ്പെട്ടു. മൂന്ന് മാസത്തേക്കെങ്കിലും പ്രതിപക്ഷപക്ഷികള്‍ ചോദ്യം ചെയ്യുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രി ഏ.കെ. ബാലന്‍ പരസ്യമായി നിര്‍ദ്ദേശിച്ചു. സ്റ്റേറ്റ് വനിതാകമ്മീഷന്‍ ചെയര്‍മാനും പാര്‍ട്ടിമെംബറുമായ ജോസഫൈന്‍ പാര്‍ട്ടിതന്നെയാണ് പോലീസ് സ്റ്റേഷനും കോടതിയും എന്ന് പൊതുസമക്ഷം പ്രഖ്യാപിച്ചു. എല്ലാത്തരം എതിര്‍പ്പുകളോടും ചോദ്യം ചെയ്യലുകളോടും അസഹിഷ്ണുത പ്രകടിപ്പിച്ച് കൊണ്ട് പിണറായി വിജയന്റെ സുശക്ത നേതൃത്വം രാഷ്ട്രീയ പ്രവര്‍ത്തനവും, ജനാധിപത്യപരമായ വിയോജിപ്പുകളും തല്‍ക്കാലം നിര്‍ത്തിവയ്ക്കുവാന്‍ കേരളീയരോട് നിര്‍ദ്ദേശിച്ചു. മഹാവ്യാധിയുടെ ദുരന്ത സന്ദര്‍ഭത്തില്‍ ”നിങ്ങള്‍ വില കല്പിക്കുന്നത് ജീവിതത്തിനോ, രാഷ്ട്രീയത്തിനോ” എന്ന വിഷാണമായ ചോദ്യമാണ് ഭയാക്രാന്തരായ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി എറിഞ്ഞ് കൊടുത്തത്.
കോവിഡ് കാലത്തെ സ്വകാര്യ രോഗവിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന വിധം സ്പ്രിന്‍ങ്ക്‌ലര്‍ എന്ന വിദേശകമ്പനിയുമായി നടപടിക്രമങ്ങള്‍ ലംഘിച്ച് കൊണ്ട് നടത്തിയ കരാറുകള്‍ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും അത് നിരാകരിച്ചു. മഹാവ്യാധിയുടെ അസാധാരണ സന്ദര്‍ഭങ്ങള്‍ എല്ലാത്തരം ചോദ്യങ്ങളെയും നടപടി ക്രമങ്ങളെയും റദ്ദാക്കുന്നു എന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. പാര്‍ട്ടിയെയും ഗവണ്മെന്റിനെ ചോദ്യം ചെയ്തവര്‍ക്കു നേരെ സി.പി.എമ്മിന്റെ സൈബര്‍പ്പട അതിനീചമായ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കോടതിയും ബഹുജനങ്ങളും ഇടപെട്ടപ്പോള്‍ പ്രസ്തുത തീരുമാനത്തില്‍ നിന്ന് പിന്തിരിയുവാന്‍ ഗര്‍വിഷ്ഠനായ മുഖ്യമന്ത്രി നിര്‍ബ്ബന്ധിതനായി എന്നത് മറ്റൊരു കാര്യം. ക്യാബിനെറ്റ് തീരുമാനത്തിനെതിരായി, പമ്പാ-ത്രിവേണിയിലെ മണ്ണ് മാറ്റുവാനുള്ള അനുമതി കേരളാ ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് കമ്പനിയ്ക്ക് നല്‍കുവാനുള്ള തീരുമാനത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചപ്പോള്‍ പിന്മാറാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി പിന്നീട് നിയമോപദേശപ്രകാരം തീരുമാനം പിന്‍വലിക്കുവാന്‍ നിര്‍ബ്ബന്ധിതനായി. ജനസമ്മര്‍ദ്ദത്താല്‍ മുമ്പ് പിന്‍വലിക്കേണ്ടി വന്ന സില്‍വര്‍ ലൈന്‍ എന്ന അതിവേഗ റയില്‍ പദ്ധതിയ്ക്കും ഗവണ്മെന്റ് ഈ അസാധാരണ സാഹചര്യത്തില്‍ അനുമതി നല്‍കി. ക്യാബിനെറ്റിന്റെ സമ്മതിയില്ലാതെ തന്നെ വിനാശകരമായ അതിരപ്പള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ കെ.എസ്. ഇ.ബി.യ്ക്ക് പച്ചക്കൊടി കാട്ടി. അനുമതിയില്ലാത്ത ക്വാറികള്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തനനിരതമായി. ഗവണ്മെന്റിന്റെ ഇത്തരം നീക്കങ്ങളെല്ലാം സൂചിപ്പിക്കുന്നത് അസാധാരണ ഭരണകൂടം നവസാധാരണത്വമായി (new normal), കേരളത്തില്‍ മാറിയിരിക്കുന്നു എന്ന് തന്നെയാണ്. പ്രതിസന്ധികളെയും ദുരന്തങ്ങളെയും ഉപയോഗപ്രദമാക്കാനായി മുതലാളിത്ത ഭരണകൂടങ്ങള്‍ കാട്ടുന്ന അതേ ജാഗ്രത തന്നെയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും പ്രകടിപ്പിക്കുന്നത് എന്നത്രേ ഇത് തെളിയിക്കുന്നത്. മഹാവ്യാധി സൃഷ്ടിച്ച പരിഭ്രാന്തിയെ മുതലെടുത്ത് കൊണ്ട് സംബദ്വ്യവസ്ഥയെ കോര്‍പ്പറേറ്റുവല്‍ക്കരിക്കുവാനും പ്രകൃതീ നാശകമായ വന്‍കിടവികസന പദ്ധതികള്‍ സുഗമമാക്കുവാനും ഇടത് സര്‍ക്കാര്‍ കാട്ടുന്ന ”നിശ്ചയ ബുദ്ധിയും ശുഷ്‌ക്കാന്തിയും’ ”ദുരന്തമുതലാളിത്ത’ത്തിന്റെ പ്രവര്‍ത്തനരീതികളോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട്. പ്രതിസന്ധിയ്ക്കു മേല്‍ ചാടിവീഴാന്‍ കാത്തിരിക്കുന്ന ”വിനാശ-കാല മുതലാളിമാര്‍ ലോകമെങ്ങും നടത്തുന്ന നീക്കങ്ങളെ പിന്തുടര്‍ന്ന് കൊണ്ട്, ”ദുരന്ത കമ്യൂണിസം” എന്ന് വിളിക്കാവുന്ന ഒരു വിചിത്രകമ്യൂണിസത്തിന്റെ കേരള മാതൃക വികസിപ്പിച്ചെടുക്കുവാനാണോ കേരളത്തിലെ സി.പി.എം. ഭരണാധികാരികള്‍ പരിശ്രമിക്കുന്നതെന്ന് നാം സംശയിച്ച് പോവുന്നു.
വൈറസ്സ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അതിനെ നിയന്ത്രിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കൈവരിച്ച വിജയത്തിന്റെ യഥാര്‍ഥ ശില്പികള്‍ ആരാണ്? സക്കറിയ ‘കാലാള്‍പ്പട’കളെന്ന് പറഞ്ഞ് പിന്നാക്കം നിര്‍ത്തുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, പോലീസ്സുകാര്‍, (ഇവരുടെയെല്ലാം ഒരു മാസത്തെ ശമ്പളം നിര്‍ബ്ബന്ധിതമായും പിടിച്ചെടുക്കുന്ന ഉത്തരവാണ് ഇക്കഴിഞ്ഞ മെയ്ദിനത്തില്‍ ഗവണ്മെന്റ് പുറപ്പെടുവിച്ചത് എന്നും ഓര്‍ക്കുക)ആശാവര്‍ക്കര്‍മാര്‍, കുടുംബസ്ത്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അതിനുമപ്പുറം നിശ്ശബ്ദമായ സേവനത്തിലേര്‍പ്പെടുകയും ധനശേഖരണം ഉള്‍പ്പെടെ തങ്ങള്‍ക്കാവതു സഹായങ്ങള്‍ ഈ ആരോഗ്യ രക്ഷായജ്ഞത്തിനു സമര്‍പ്പിക്കുകയും ചെയ്ത കക്ഷി രാഷ്ട്രീയാതീതരും പ്രബുദ്ധരുമായ നാട്ടുകാര്‍, ഇവരല്ലേ അഭിമാനകരമായ ഈ വിജയത്തിന്റെ മുഖ്യ സാരഥികള്‍? കേരളജനതയുടെ സമാഹൃത വീര്യമാണ്, സമര്‍പ്പിതയത്‌നമാണ് മഹാവ്യാധിയെ താല്‍കാലികമായെങ്കിലും പിടിച്ചു കെട്ടിയത് എന്ന സൂക്ഷ്മരാഷ്ട്രീയ സത്യത്തെ സക്കറിയയുടെ സര്‍ക്കാര്‍ വിജയഗാഥ വിസ്മരിക്കുകയല്ലേ ചെയ്യുന്നത്?
അതേ സമയം കൊറോണാവൈറസ്സുമായുള്ള നേരിടല്‍ ഒരു ദീര്‍ഘകാല പ്രതിഭാസമാണെന്ന തിരിച്ചറിവ് നമ്മെ അതീവ ജാഗ്രതയിലേക്ക് നയിക്കേണ്ടതുണ്ട്. WHOയും, ലോകപ്രശസ്തരായ വൈറോളജിസ്റ്റുകളും എപ്പിഡെമോളജിസ്റ്റുകളും നല്‍കുന്ന മുന്നറിയിപ്പുകള്‍ നമ്മെ ഉദ്ബുദ്ധരാക്കുന്നത്, വൈറസ്സിനെതിരായ വിജയങ്ങളെ’ആഘോഷിക്കുവാനുള്ള സമയമല്ല ഇതെന്നാണ്. മാത്രമല്ല, അടച്ചു പൂട്ടലിന്റെ രണ്ടും, മൂന്നും നാലും ഘട്ടങ്ങളില്‍ കേരള ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ വിധത്തില്‍ അനാസ്ഥയും ജാഗ്രതക്കുറവും പ്രകടമായിക്കഴിഞ്ഞു. ദേശീയ അന്തര്‍ദ്ദേശീയ പ്രശംസകള്‍ ഭരണാധികാരികളെയും പാര്‍ട്ടി നേതാക്കളെയും സാമാന്യ ജനങ്ങളെയും, എന്തിന്, ബുദ്ധിജീവികളെപ്പോലും അമിതാത്മവിശ്വാസികളും നാര്‍സിസിസ്റ്റുകളും ആക്കി മാറ്റിയതിന്റെ ഫലമാവാം ഇത്. രോഗവ്യാപനത്തിന്റെ തോത് ആശങ്കാകരമായി വര്‍ദ്ധിക്കുകയും, പ്രവാസികളുടെ തിരിച്ചു വരവ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്ന ഈ അവസ്ഥയിലും ആദ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ച ”ദൃഢനിശ്ചയവും ആവേശവും” അനുദിനം കുറഞ്ഞു വരുന്നതാണ് നാം കാണുന്നത്. അതി കഠിനമായ ദുരന്തങ്ങള്‍ നേരിടുന്ന പ്രവാസി മലയാളികളെ തിരിച്ച് നാട്ടില്‍ക്കൊണ്ട് വരുന്നതില്‍ കേരള സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയും അപലപനീയമത്രെ.
മഹാമാരിയുടെ കാലത്ത്, ലോകമെങ്ങുമുള്ള ജനങ്ങള്‍ കടന്നു പോവുന്ന ഭീകരമായ ദുരിതാനുഭവങ്ങള്‍ കാട്ടിത്തരുന്നത്, പാര്‍ട്ടികേന്ദ്രിതവും, പ്രസിദ്ധി-കേന്ദ്രിതവും ഭരണകൂട-കേന്ദ്രിതവുമായ പ്രവര്‍ത്തനങ്ങള്‍ ഈ വിപത്തില്‍ നിന്ന് നമ്മെ രക്ഷിക്കുകയില്ലെന്ന് തന്നെയാണ്. നേതാക്കന്മാരുടെ കൗശലമോ ധാര്‍ഷ്ട്യമോ ഈ ദുരന്തത്തിന് പരിഹാരമാവുന്നില്ല. പാര്‍ട്ടി-രാഷ്ട്രീയ രാക്ഷസന്മാര്‍ നടത്തുന്ന വിദ്വേഷപ്രചരണങ്ങള്‍ക്കും നമ്മെ രക്ഷിക്കുവാനാകില്ല., ജനങ്ങളുടെ കൂട്ടായ, സ്വയം നിര്‍ണ്ണയാത്മകമായ, ഉള്‍ക്കൊള്ളലില്‍ അധിഷ്ഠിതമായ, പരിശ്രമങ്ങളാണ് നമുക്കാവശ്യം. കക്ഷി രാഷ്ട്രീയ – വര്‍ഗ്ഗീയ – ജാതീയ – വംശീയ- ഭരണകൂട -കോര്‍പ്പറേറ്റ്- താല്പര്യങ്ങള്‍ക്കെതിരേ, അവയ്ക്ക് മുകളില്‍, ജീവിതത്തെയും സ്‌നേഹത്തെയും നമ്മുടെ ജീവമണ്ഢലത്തെയും ഉയര്‍ത്തിപ്പിടിയ്ക്കുന്ന വിപ്ലവകരമായ ഒരു ജീവിത-നൈതിക രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് കാലം ആവശ്യപ്പെടുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Pra
July 14, 2020 at 4:03 pm
എന്ത് ദുരന്തം എഴുത്ത് !