കോണ്‍ഗ്രസിലെ വിലാപങ്ങള്‍ക്കും കലാപങ്ങള്‍ക്കുമപ്പുറത്ത്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് വിലാപങ്ങളും അടക്കിനിര്‍ത്തിയ കലാപങ്ങളുമാണ് ഉയരുന്നത്. വ്യക്തികളും ഗ്രൂപ്പുകളും അധികാരം പിടിക്കുവാനുള്ള തത്രപ്പാടില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. മനുഷ്യര്‍ ചേരുന്നിടത്തെല്ലാം സ്വാഭാവികമായും സംഭവിക്കുന്നതുമാണ്. എന്നാല്‍ വോട്ടുകള്‍ ഏറ്റവും കൂടുതല്‍ ലഭിച്ച രണ്ടാമത്തെ കക്ഷിയും അടുത്ത തവണ അധികാരം പിടിക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയുവാന്‍ ആവാത്തതുമായ കക്ഷിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസ് കാര്യങ്ങളെക്കുറിച്ചുള്ള വിചാരവിചിന്തനങ്ങള്‍ പ്രധാനപ്പെട്ടതാണ്.
ദേശീയ രാഷ്ട്രീയ പരിസരത്തില്‍ കോണ്‍ഗ്രസ്
ഇന്ത്യയില്‍ ഉരിത്തിരിഞ്ഞിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയ പരിസരത്തില്‍ മതനിരപേക്ഷ ഇന്ത്യയെക്കുറിച്ചുള്ള ഭാവനകള്‍ മനസില്‍ നിറയ്ക്കുന്നവര്‍ ഇന്നും കോണ്‍ഗ്രസ് (ഐ) പാര്‍ട്ടിയെ ഉറ്റുനോക്കുന്നതിന് പ്രേരിതരാവുന്നു. ഒരു സമയത്ത്, യാഥാസ്ഥിതിക കോണ്‍ഗ്രസിനെതിരെ ദേശീയതയുടെ ശക്തിയും സമത്വവും സ്വാതന്ത്ര്യവും സമന്വയിപ്പിക്കുവാന്‍ പോന്ന യുവതയുടെ രാഷ്ട്രീയമായി ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനം ചരിത്രത്തില്‍ അലിഞ്ഞില്ലാതായി. അതിന്റെ അംശങ്ങളും ചില പരിപാടികളും ഏറ്റെടുത്ത് ഒരു അഴകൊഴമ്പന്‍ രാഷ്ട്രീയമായി അടിയന്തിരാവസ്ഥാനന്തരം കടന്നുവന്ന ജനതാപ്രസ്ഥാനം ശിഥിലമാവുകയും പല കഷണങ്ങളായി ദുര്‍ബലമാവുകയും ചെയ്തു. എല്ലാവരാലും അവഗണിക്കപ്പെട്ട് അധികാരത്തിന് വെളിമ്പുറത്ത് കഴിഞ്ഞിരുന്ന മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സോഷ്യലിസ്റ്റ് നേതാവ് ഡോ. രാം മനോഹര്‍ ലോഹ്യയുടെ സിദ്ധാന്തപരവും രാഷ്ട്രീയവുമായ ഇടപെടലിലൂടെ 1960 കളുടെ രണ്ടാം പാതിയില്‍ അടയാളപ്പെടുത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ അതിന്റെ പ്രഭാവവും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സ്വേച്ഛാധിപത്യത്തെ ചെറുക്കുവാന്‍ ആവിര്‍ഭവിച്ച മുന്നേറ്റവും ചേര്‍ന്ന ശക്തികളാണ് ഇന്ന് ശിഥിലമായിത്തീര്‍ന്ന ജനതാപ്രസ്ഥാനം സൃഷ്ടിച്ചത്.
ബി.ജെ.പി. – ആര്‍.എസ്.എസ്. ശക്തികളുടെ വിഭാഗീയ മുന്നേറ്റം പ്രബലമായി മാറിയ ആദ്യഘട്ടമായ 1980 കളുടെ ഒടുവിലും തൊണ്ണൂറുകളുടെ ആദ്യവും മേല്‍സൂചിപ്പിച്ച ജനതാപ്രസ്ഥാനം ബാക്കിവച്ച പിന്നോക്ക വിഭാഗനേതാക്കളായ ഉത്തരപ്രദേശിലെ മുലായംസിംഗ് യാദവും ബീഹാറിലെ ലാലു പ്രസാദ് യാദവും മതനിരപേക്ഷ താല്പര്യങ്ങളുടെ ഏറ്റവും വലിയ സംരക്ഷകരായി മാറി. എന്നാല്‍ കോണ്‍ഗ്രസിനെ സ്വേച്ഛാധിപത്യ വഴികളിലേയ്ക്ക് മാറ്റിയ, അതിന്റെ കുടുംബവാഴ്ചയെ എതിര്‍ത്ത് കടന്നുവന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചില അംശവും ജനതാമുന്നേറ്റത്തിന്റെ അടരുകളും ശ്രോതസുകളാക്കിയ മുലായവും ലാലുപ്രസാദും അഴിമതിയും, ജനാധിപത്യരഹിത പാര്‍ട്ടിയും ജാതിവാദവും കുടുംബ ബിസിനസ് ആക്കി മാറ്റി. ലാലുവിനോട് തോളോട് തോള്‍ ചേര്‍ന്നുനിന്ന നിതീഷ്‌കുമാറിനെ പോലുള്ള ചിലര്‍ 1970 കളുടെ ഒടുവില്‍ മുതല്‍ അവസരവാദത്തെ ഉപാസിച്ച ജോര്‍ജ് ഫെര്‍ണ്ടാണ്ടസിന്റെ കൈപിടിച്ച് ബി.ജെ.പി. പാളയത്തിലും ചേക്കേറി.
വ്യവസ്ഥാപിത രാഷ്ട്രീയത്തിലെ കക്ഷികള്‍ക്കെല്ലാം വിശ്വാസ്യത നഷ്ടപ്പെട്ടു. വര്‍ഗീയതയും വിഭാഗീയതയും ആളിക്കത്തിച്ച് മുന്നേറിയ 2014-ല്‍ ബി.ജെ.പി. 34% വോട്ട് നേടി ഒറ്റയ്ക്ക് പാര്‍ലമെന്റ് പിടിച്ചടക്കി അധികാരത്തിന്റെ സിംഹാസനം കയ്യടക്കി. അവരുടെ പടയോട്ടം തടുക്കുവാന്‍ ഇന്ത്യയുടെ മതനിരപേക്ഷ മനസ് വെമ്പല്‍ പൂണ്ടെങ്കിലും രാഷ്ട്രീയശക്തികളുടെ അഭാവത്തിന്റെ രാഷ്ട്രീയ പരിസരം രാജ്യമൊട്ടാകെ സാന്നിദ്ധ്യമെങ്കിലുമുള്ള കോണ്‍ഗ്രസിലേക്ക് ഉറ്റു നോക്കുവാന്‍ രാജ്യത്തെ പ്രേരിപ്പിച്ചു. ഹിന്ദുത്വശക്തികളെ പ്രബലമാക്കുന്നതിലും ജനാധിപത്യം ദുര്‍ബലമാക്കുന്നതിലും രാഷ്ട്രീയത്തില്‍ അഴിമതി അവിഭാജ്യമാക്കുന്നതിലും കോണ്‍ഗ്രസ് വഹിച്ച പങ്ക് തല്‍ക്കാലം വിസ്മരിച്ചാണ് ആ മനസ് കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിച്ചത്.
പഴയ ഊടുവഴികള്‍ വിട്ട് ജനാധിപത്യത്തിന്റെ വിശാല പാതയിലേക്ക് ബഹുജനങ്ങളെ അണിനിരത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിടത്തും ആ പ്രതീക്ഷ ഉപേക്ഷിക്കപ്പെട്ടില്ല. അതിന് കാരണമുണ്ട്, വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ കക്ഷിയും രാജ്യത്താകമാനം പരന്നുകിടക്കുന്നതും കോണ്‍ഗ്രസ് മാത്രമായതും മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി. യുമായി തെരഞ്ഞെടുപ്പുകളില്‍ നേരിട്ടു മത്സരിക്കുന്നതും കോണ്‍ഗ്രസാണ്. എന്നാല്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കുമെതിരെ പ്രബലശക്തികള്‍ക്ക് സാന്നിദ്ധ്യമുണ്ടോ അവിടെയൊന്നും കോണ്‍ഗ്രസ് ശക്തമായില്ല. അത് കോണ്‍ഗ്രസിന്റെ ആത്മപരിശോധനയ്ക്ക് കാരണമാകേണ്ടതാണ്.
അധികാരവും സ്ഥാപിത താല്പര്യ വര്‍ഗവും
കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിയ്‌ക്കെതിരെ നിലകൊള്ളുന്ന സി.പി.ഐ.എം. അണികളിലും അനുഭാവികളിലും കോണ്‍ഗ്രസിനോടുള്ള ആരാധന വളരുന്ന രാഷ്ട്രീയമാണ് അഖിലേന്ത്യാ തലത്തില്‍ ഏറെക്കാലമായി സി.പി.ഐ.എം. സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നു. നയപരിപാടികളില്‍ കാര്യമായ വ്യത്യാസം പുലര്‍ത്താതിരിക്കുമ്പോഴും കേരളത്തില്‍ അവര്‍ പരസ്പരം ദുര്‍ബലപ്പെടുത്തുവാന്‍ കിണഞ്ഞു ശ്രമിക്കുന്നത് അധികാരം വെട്ടിപ്പിടിക്കുന്നതിനപ്പുറം മറ്റൊന്നിനുമല്ല. അതിനൊരു രാഷ്ട്രീയ വിശദീകരണം ഗൗരവമായിട്ടില്ല. സംഘടനാപരമായ നിലനില്പാണ് അതിനെ അനിവാര്യമാക്കുന്നത്. മന്ത്രിസ്ഥാനം, എം.എല്‍.എ., എം.പി. സ്ഥാനങ്ങള്‍, ത്രിതല പഞ്ചായത്ത് അധികാര സ്ഥാനങ്ങള്‍ തന്നെ ഒരുപാട് വരും. എന്നാല്‍ വലിയ ശ്രൃംഖലകളും മേഖലകളും ജനങ്ങളുടെ ദൃഷ്ടിപഥത്തില്‍ എല്ലായ്‌പ്പോഴും വരുന്നില്ല. സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ മുതല്‍ വിവിധ കമ്മിറ്റികള്‍ വരെ നീളുന്ന പദവികള്‍, സ്‌കൂള്‍ അദ്ധ്യാപകരുടെ വിവിധ കമ്മിറ്റികള്‍, ചുമതലകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ•ാര്‍ മുതല്‍ ബോര്‍ഡ് അംഗങ്ങള്‍ വരെയുള്ളവര്‍, അഡ്വക്കേറ്റ ജനറല്‍, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ്, അഡീഷണല്‍ ചുമതലക്കാര്‍, പ്രോസിക്യൂട്ടര്‍മാര്‍/ഗവ. പ്ലീഡര്‍മാര്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും അഭിഭാഷകര്‍, ഇന്‍ഫൊര്‍മേഷന്‍ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ശിശുസംരക്ഷണ സമിതികള്‍, ഉപഭോക്തൃ കമ്മീഷന്‍, ഉപഭോക്തൃഫോറങ്ങള്‍ തുടങ്ങിയവയും ഉണ്ട്. സാഹിത്യ, സാംസ്‌കാരിക കലാ/ചലച്ചിത്ര മാധ്യമ അക്കാദമികള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്ഥാനമാനങ്ങള്‍ സര്‍ക്കാരില്‍നിന്നും വരുമാനം ലഭിക്കുന്നവയാണ്. സഹകരണ മേഖലയിലെ ഭരണ സമിതികള്‍, സഹകരണ മേഖലയിലെ നിയമനങ്ങളിലെ സ്വാധീനം എന്നിവയുമുണ്ട്. അതിനെല്ലാം പുറമെയാണ് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും ലഭിക്കുന്ന മന്ത്രിമാരുടെ വ്യക്തിഗത ജീവനക്കാര്‍ എന്നിങ്ങനെ ഭരണത്തില്‍ വരുന്നവരോട് ഒട്ടിനിന്നാല്‍ ലഭിക്കുന്ന അനവധിയായ അധികാര ഇടങ്ങള്‍ ഉണ്ട്.
എന്നിവ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും കൈക്കൂലി തരപ്പെടുത്താവുന്ന ഇടങ്ങളിലേയ്ക്കുള്ള സ്ഥലംമാറ്റവും മറ്റും അധികാരത്തോട് ഒട്ടിയാല്‍ കിട്ടുന്ന കാര്യങ്ങളാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പോകുന്ന ഒരാള്‍ക്ക്‌പോലും അധികാരത്തിന്റെ ശക്തിയുള്ള ഒരാളുടെ ശിപാര്‍ശ ബലം പകരുവാന്‍ അത്യാവശ്യമായ ഒരു സാഹചര്യത്തിലാണ് നമ്മുടെ സമൂഹം. വയോധികരുടെ സംരക്ഷണത്തിനുള്ള നിയമത്തില്‍ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അധികാരം പ്രയോഗിക്കുന്നിടത്തുവരെ റവന്യൂവകുപ്പ് ഭരിക്കുന്ന കക്ഷിനേതാക്കള്‍ സ്വാധീനം ചെലുത്തുന്ന നാടാണ് നമ്മുടേത്. അധികാര വെട്ടിപ്പിടുത്തം ഒരു നിക്ഷിപ്ത താല്‍പ്പര്യം ആയ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഉണ്ട്. അത്തരം ആള്‍ക്കാരുടെ ഭ്രമണപഥത്തില്‍ വരാത്ത നിസഹായരായ ഭൂരിപക്ഷം ജനങ്ങള്‍ അധികാരം വെട്ടിപ്പിടിക്കുവാനുള്ള ആ മത്സരത്തില്‍ നിലംപരിശാകുന്നു. ഇത്രയേറെ ദൈനംദിന ജീവിതത്തെ അഴിമതിയില്‍ ശ്വാസം മുട്ടിക്കാത്ത, പൗര•ാരുടെ അവകാശങ്ങള്‍ മാനിക്കുന്ന ഒരു പരിഷ്‌കൃത ജനാധിപത്യസമൂഹമായി മാറ്റുന്നതിന് വ്യവസ്ഥാപിത രാഷ്ട്രീയത്തെ നിഷ്‌കാസനം ചെയ്യുന്നതില്‍നിന്ന് തടയുന്ന ഒരു ഘടകമാണ് അത്തരം വിഭാഗം.
ആ ഘടകത്തെ തകര്‍ക്കുവാന്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തിന് ശേഷിയില്ല. ആ ഘടകത്തെയും ആശ്രയിച്ചാണ് അധികാരവെട്ടിപ്പിടുത്ത യുദ്ധം കേരളത്തില്‍ നടത്തുന്നത്. ഇന്ന് നവ അധിനിവേശ നയങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്ന കക്ഷികളാണ് എല്ലാം. അതൊരുക്കുന്ന വന്‍ സാമ്പത്തിക നേട്ടങ്ങള്‍ വാരിക്കൂട്ടുന്ന നേതാക്കളും പാര്‍ട്ടികളും ഇനിയൊരിക്കലും അതിലൊരു മാറ്റം വരുത്തുവാന്‍ കഴിയാത്ത രാഷ്ട്രീയപരിസരത്തെയാണ് അരക്കിട്ടുറപ്പിക്കുന്നത്. അത്തരം രാഷ്ട്രീയാധികാരത്തിന് പിന്നാമ്പുറത്തുള്ള തല്‍പ്പരകക്ഷികളെ ഐക്യപ്പെടുത്തുന്നതിലും അണിനിരത്തുന്നതിലും കോണ്‍ഗ്രസ് സി.പി.ഐ.എം. ഉം ആയി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ അഹോരാത്രം അവര്‍ക്കുവേണ്ടി പണിയെടുത്തവരെ മറക്കും. ഓരോ നേതാവും അവ വില്പനയ്ക്ക് വയ്ക്കും. കോണ്‍ഗ്രസിനുവേണ്ടി പണിയെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞ് ഇപ്പോഴത് തീര്‍ത്തും ശുഷ്‌ക്കമായി. റെജിമെന്റഡ് പാര്‍ട്ടികളായ കമ്മ്യൂനിസ്റ്റ് കക്ഷികള്‍, ആര്‍.എസ്.എസ്. പിന്‍ബലമുള്ള ബി.ജെ.പി. തുടങ്ങിയവയ്ക്ക് കഴിയുന്നതുപോലെ കുത്തഴിഞ്ഞ സംഘടനാ സംവിധാനമുള്ള കോണ്‍ഗ്രസിന് കഴിയാത്ത പ്രവര്‍ത്തനശൈലി ആയിരിക്കാം അത്. എന്നാല്‍ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ നിശ്ചയമായും സ്വാധീനിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് അത്.
പരാജയപ്പെട്ട കേന്ദ്ര നേതൃത്വം
പരാജയത്തിന്റെ പേരില്‍ നിയമസഭാകക്ഷി നേതാവിനെ മാറ്റുന്നെങ്കില്‍ ആദ്യം മാറ്റേണ്ടത് സോണിയ, രാഹുല്‍, പ്രിയങ്ക വാഡ്ര എന്നിവരെയല്ലേ. രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ച കേരളത്തിലെ എം.പി.യാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ അദ്ദേഹം കേരളത്തില്‍ പരക്കെ പ്രചാരണവും നടത്തി. അദ്ദേഹത്തിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ വളരെ കുറഞ്ഞ വോട്ടുകള്‍ അവിടെ നേടിയതിന് രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുവാന്‍ കഴിയുമോ? അത്തരം സുഖകരമല്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഇഷ്ടമായിരിക്കില്ല. പശ്ചിമ ബംഗാളില്‍ സി.പി.ഐ.എം ഉം ആയി സഖ്യമുണ്ടാക്കി മത്സരിച്ചിട്ട് പൂജ്യം സീറ്റ് നേടി. അവിടുത്തെയും പ്രചാരണത്തില്‍ മൂവരും പങ്കെടുത്തതാണല്ലോ. ബി.ജെ.പി.യാണ് മുഖ്യ എതിരാളിയും രാജ്യത്തിന് അപകടവുമെങ്കില്‍, അതിനെ പരാജയപ്പെടുത്താന്‍ യോജിച്ച് പോരാടണമല്ലോ. അടിസ്ഥാനനയങ്ങളില്‍ കോണ്‍ഗ്രസും സി.പി.ഐ.എം. ഉം തൃണമൂല്‍ കോണ്‍ഗ്രസും വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. ബി.ജെ.പി. യ്ക്ക് ഇപ്പോള്‍ കിട്ടിയ കുറഞ്ഞ എണ്ണം സീറ്റുകള്‍പോലും പതിനായിരവും മറ്റുമായി വോട്ടുകള്‍ നേടിയ സി.പി.ഐ.എം. കോണ്‍ഗ്രസ് സഖ്യം മമതയോട് ചേര്‍ന്നിരുന്നെങ്കില്‍ ബി.ജെ.പിക്ക് കിട്ടുമായിരുന്നില്ല. കോണ്‍ഗ്രസ് സി.പി.ഐ. എം. മുന്നണിയെപോലെ ബി.ജെ.പി. സംപൂജ്യരാകുമായിരുന്നില്ലെങ്കിലും ഇപ്പോഴത്തെക്കാള്‍ നിലംപരിശാകുമെന്നതിന് സംശയമില്ല. വിവിധ സംസ്ഥാനങ്ങളിലെ ദയനീയമായ പരാജയത്തിന് കേന്ദ്രനേതൃത്വം മാറേണ്ടതല്ലേ. 1960 മുതല്‍ നേതാവും പ്രധാനമന്ത്രിയും ആയിരുന്ന ഇന്ദിരാഗാന്ധി 1977-ല്‍ പരാജയപ്പെട്ട് നേതൃസ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നില്ല. അവരുടെ നേതൃത്വം ഇഷ്ടപ്പെടുന്നവരെ അണിനിരത്തി അധികാരം തിരിച്ചുപിടിക്കുകയായിരുന്നു.
കോണ്‍ഗ്രസിന് ജനാധിപത്യം ആര്‍ജ്ജിക്കാന്‍ കഴിയുമോ
കിരീടാവകാശിയെ കണ്ട് പാര്‍ട്ടിക്കാര്യം പരിഹരിക്കുവാന്‍ വരുന്ന നേതാക്കള്‍ക്കും വളര്‍ത്തുനായക്കും തുല്യപരിഗണന നല്‍കാനുള്ള വിശാലതയും ഏതു കാര്യത്തിനും മനോഹരമുഖത്തിന്റെ ശോഭ കെടുത്താതെ ‘സോ വാട്ട്’ എന്ന് ആവര്‍ത്തിച്ച് മറുചോദ്യമുന്നയിച്ച് സരസമായി സംസാരിക്കുവാന്‍ കഴിയുന്നതിന്റെ അനുഭവങ്ങള്‍ പുറത്തുപോയ കോണ്‍ഗ്രസുകാരനാണ് പറഞ്ഞത്. എന്നാല്‍ അത് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷി ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനും മൂല്യങ്ങള്‍ക്കും നല്‍കുവാന്‍ പോകുന്ന സംഭാവനകളെയുമാണ് സൂചിപ്പിക്കുന്നത്. 23 വലിയ നേതാക്കളെയും ഭ്രഷ്ടില്‍ അകപ്പെട്ടവരാക്കുന്ന മാതൃവാത്സല്യം ഇന്നലെവരെ നടത്തിയ അവരുടെ മാതൃഭക്തിയുടെ പ്രതിഫലമായിരിക്കും. ഫണ്ട് നിയന്ത്രണത്തില്‍ ആയവര്‍ക്ക് പാര്‍ട്ടി അണികളെയും എല്ലാക്കാലത്തും നിയന്ത്രിക്കാമെന്ന ധാരണ വെണ്ടെന്ന് മധ്യപ്രദേശും, ആസാമും, ബീഹാറും, പുതുച്ചേരിയും ആവര്‍ത്തിച്ച് അടിവരയിടുന്നതും അവര്‍ കാണില്ല.
ഇവിടുത്തെ കുഴപ്പങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന വീരശൂരപരാക്രമികള്‍ അതിനെക്കാളെല്ലാം പാര്‍ട്ടിയെ ഗ്രസിച്ച കേന്ദ്രത്തിലെ പ്രശ്‌നത്തില്‍ നിര്‍ജ്ജീവ ജീവികളാണ്. നിര്‍ജ്ജീവമായ താഴെത്തട്ടിലെ സംഘടനയും പ്രവര്‍ത്തനങ്ങളും സജീവമാക്കിയെടുക്കുവാന്‍ അത്തരം പ്രജ്ഞയില്ലാത്തവര്‍ക്ക് കഴിയുമോ? ഭരണ, പ്രതിപക്ഷകക്ഷികള്‍ ജനാധിപത്യ കക്ഷികളായ ഒരു സമൂഹത്തിലാണ് ജനാധിപത്യവും പുഷ്‌ക്കലമാവുക. ജനാധിപത്യത്തിന്റെ ശ്മശാന ഭൂമിയായ ഫാഷിസ്റ്റ് ആശയങ്ങളോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി വര്‍ഗീയകക്ഷി, വംശീയ,വിഭാഗീയ കക്ഷി, ബഹുകക്ഷി ജനാധിപത്യം നിരാകരിക്കുന്ന ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കക്ഷി എന്നിവയില്‍ ഒന്നാണ് ഭരണകക്ഷിയോ പ്രബലപ്രതിപക്ഷ കക്ഷിയോ ആകുന്നത് ആ രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ ഇരുളടഞ്ഞതാക്കും. കോണ്‍ഗ്രസ് ജനാധിപത്യവല്‍ക്കരിക്കപ്പെടണമെന്ന അഭിലാഷമായി, കോണ്‍ഗ്രസിനെക്കുറിച്ചുള്ള മതനിരപേക്ഷഭാവനകള്‍ക്കുള്ള ഒരു താത്വിക അടിത്തറയുമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കാലംമാറി പുതിയ തലമുറ നേതൃമാറ്റം ആഗ്രഹിക്കുന്നു എന്നാണെങ്കില്‍ വയലാര്‍ രവിയും ആന്റണിയും നടത്തിയ നീക്കത്തെക്കാള്‍ പുതുമയൊന്നും അതിനില്ല. എന്നാല്‍ ജനാധിപത്യം ലോകമൊട്ടുക്കും പടരുന്ന കാലത്ത്, കമ്യൂനിസ്റ്റ് സാമ്രാജ്യങ്ങള്‍പോലും ജനാധിപത്യത്തിന് വഴിമാറിയ ഒരു കാലത്ത്, കോണ്‍ഗ്രസ് ഐ പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരുന്നതിനു വേണ്ടി നിലകൊള്ളുവാനെങ്കിലുമുള്ള ആര്‍ജ്ജവവും യുവത്വവും അത്തരക്കാര്‍ക്ക് ഉണ്ടാകുമോ. കമ്യൂനിസ്റ്റ് പാര്‍ട്ടികള്‍ ലെനിന്‍ ആവിഷ്‌ക്കരിച്ച ജനാധിപത്യ കേന്ദ്രീകരണം എന്ന നേതൃത്വത്തിന്റെ സമഗ്രാധിപത്യം അടിച്ചേല്‍പ്പിക്കുന്ന സിദ്ധാന്തത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തൊലിപ്പുറമേയുള്ള വളരെ ചെറിയ മാറ്റങ്ങളാണ് കാലം ചവറ്റുകൊട്ടയില്‍ തള്ളിയ ആ സിദ്ധാന്തത്തില്‍ സി.പി.ഐ.എം. വരുത്തിയത്. എന്നാല്‍ കേരള ഭരണം മാത്രം പ്രധാന വരുമാന സ്രോതസ് ആയ ആ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അധികാരമുള്ള കേരള നേതാവിന് മുന്നില്‍ നടുവളയ്‌ക്കേണ്ട സ്ഥിതിയാണ്. കോണ്‍ഗ്രസില്‍ സിദ്ധാന്തങ്ങളെല്ലാം കാറ്റില്‍ പരത്തി കുടുംബവാഴ്ചക്കാര്‍ അധികാരം വെട്ടിപിടിച്ചാണ് പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം കശാപ്പു ചെയ്തത്.
പഴഞ്ചന്‍ രീതിയില്‍ ഹൈക്കമാന്റിന് വിടുന്നതിന് പ്രമേയം പാസാക്കി അടിമബോധം കാണിക്കുന്നതിന് പകരം കേരളത്തിലെ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന് നിയസഭാകക്ഷിയോഗം ചേര്‍ന്ന് ജനാധിപത്യപരമായി നേതാവിനെ തെരഞ്ഞെടുക്കുമെന്ന് തീരുമാനിക്കാമായിരുന്നു. അതാകുമായിരുന്നു ശരിക്കുമുള്ള യുവത്വം. കോണ്‍ഗ്രസിന്റെ ഉടമകളായ കുടുംബാധിപത്യം ഒഴികെ ലോകത്തുള്ള ഏതു കാര്യത്തിലും ജനാധിപത്യം വാദിക്കുന്ന അടിമയുവത്വം എത്ര കാലത്തേയ്ക്ക് യുവതലമുറയെ ആകര്‍ഷിക്കും. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കാമെന്ന തരത്തിലുള്ള സൂക്ഷ്മമായ ഇടപെടല്‍ കൊണ്ടല്ലാതെ കോണ്‍ഗ്രസ് ഐ. യെ രക്ഷിക്കാനാവില്ല. കുടുംബാധിപത്യം സ്വയം ഒഴിഞ്ഞു പോകുമെന്ന് ആരും കരുതേണ്ട. കോണ്‍ഗ്രസിനെ ജനാധിപത്യവല്‍ക്കരിക്കാതെ ആ പാര്‍ട്ടിയെ ആത്യന്തികമായി രക്ഷിക്കുവാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ വിശ്വാസമില്ലാതിരിക്കുകയും സൗകര്യാധിഷ്ഠിതമായി നിവൃത്തിയില്ലാത്തതിനാല്‍ മാത്രം ജനാധിപത്യം അംഗീകരിക്കുകയും കൊലപാതക രാഷ്ട്രീയം തരംപോലെ പ്രയോഗിക്കുകയും ചെയ്യുന്ന സി.പി.ഐ.എം. മുഖ്യ എതിരാളിയായി നിലകൊള്ളുന്നതിനാല്‍ മാത്രമാണ് ഒരുപാട് പേര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. അതുപോലെ പഴഞ്ചന്‍ കുടുംബവാഴ്ചയുടെ അടിമരാഷ്ട്രീയത്തിന്റെ കോണ്‍ഗ്രസ് എതിരാളിയായി നില്‍ക്കുന്നതിനാലാണ് ഒരുപാട് ആളുകള്‍ സി.പി.ഐ.എം. ന്റെ പിന്നിലും അണിനിരന്നിരിക്കുന്നത്. മെച്ചമെന്ന് ജനങ്ങള്‍ക്ക് അപ്പോള്‍ തോന്നുന്നതായ പാര്‍ട്ടികള്‍ ശക്തിയാര്‍ജ്ജിക്കുന്ന മാറിയ ഒരു സാഹചര്യത്തില്‍ അത്തരം ആളുകള്‍ ഇരുപാര്‍ട്ടികളെയും കൈവിട്ടു കളയുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ബംഗാളില്‍ സാമൂഹിക ജീവിതത്തില്‍ അടിമുടി സി.പി.ഐ.എം. സംഘടന പിടിമുറുക്കിയതാണ്. ഇന്ന് കളമൊഴിഞ്ഞ് സി.പി.ഐ.എം. കാറ്റുപോയ ബലൂണ്‍ കണക്കെ ആയത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അജയ്യ ശക്തിയായിരുന്നു. 1984-ല്‍ ചരണ്‍സിംഗ് വിജയിച്ച ബാഗ്പത്ത് സീറ്റ് ഒഴികെ 81 ലോക് സഭാ സീറ്റും കോണ്‍ഗ്രസിന് ആയിരുന്നു. എന്നാല്‍ പിന്നോക്ക ജനസമൂഹങ്ങള്‍ ഒന്നടങ്കം കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒന്നുമല്ലാതായി.
പുതിയ മുഖം തേടുന്ന വ്യവസ്ഥാപിത രാഷ്ട്രീയം
എന്നാല്‍ ഒന്നിനെക്കാള്‍ മെച്ചമായ പാര്‍ട്ടിയെന്ന് പറഞ്ഞാല്‍ കൂടുതല്‍ മെച്ചമായ നയപരിപാടികളും അവയോടുള്ള പ്രതിജ്ഞാബദ്ധതയും നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തിയും ഉള്ള പാര്‍ട്ടിയെന്ന് കരുതരുത്. ബംഗാളും ഉത്തര്‍പ്രദേശും തന്നെ നല്ല ഉദാഹരണങ്ങള്‍. വര്‍ഗീയത, സാമുദായികത, ജാതിവാദം തുടങ്ങിയ വിഭാഗീയതകള്‍ പൊതുജനാഭിപ്രായത്തെ അട്ടിമറിക്കുവാന്‍ ഉപാധികളാക്കുന്നത് സാധാരണമാണ്. വ്യവസ്ഥയെ താങ്ങുന്ന രാഷ്ട്രീയത്തിന്റെ അതിജീവനത്തിന് അതു സഹായിക്കുമെങ്കിലും പിന്തിരിപ്പനും പഴഞ്ചനുമായ അതിന്റെ മുഖത്തേക്കാള്‍ മാറ്റത്തിന്റെ വേഷമണിഞ്ഞും യുവത്വത്തിന്റെ മുഖമണിഞ്ഞും ഊര്‍ജ്ജസ്വലതയുടെ മറപിടിച്ചും മതനിരപേക്ഷതയും വിശാലതയും ഉയര്‍ത്തിപ്പിടിച്ചും അവതരിച്ചവയാണ് വ്യവസ്ഥാപിത രാഷ്ട്രീയത്തിന് കൂടുതല്‍ അഭികാമ്യമായിരിക്കുക. ബ്രിട്ടനില്‍ തൊഴിലാളി കക്ഷിയുടെ ടോണി ബ്ലയറിലൂടെയും ഇവിടെ രാജീവ് ഗാന്ധിയിലൂടെയും സംഭവിച്ചത് തിരിച്ചറിയണം. അരവിന്ദ് കേജരിവാളിലൂടെ നവഅധിനിവേശ ശക്തികള്‍ നടത്തിയ പുതിയ പരീക്ഷണം യുക്രയിനിലും ജോര്‍ജിയയിലും മറ്റും നടത്തിയ പരീക്ഷണത്തിന്റെ വേറൊരു പതിപ്പായിരുന്നു. അഴിമതിയില്‍ മടുത്ത ജനങ്ങളെ യഥാര്‍ത്ഥത്തില്‍ അതിന്റെ കാരണമായ സംവിധാനങ്ങളെ നാം കണക്കിലെടുക്കാതെ പുറമേയ്ക്ക് മാത്രം ബാധിയ്ക്കുന്ന കാര്യമുയര്‍ത്തി കേവലം വൈകാരികമായി പ്രതികരിക്കുവാന്‍ ഇളക്കി വിടുകയും അടിസ്ഥാന നയങ്ങള്‍ തടസങ്ങളൊന്നുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതുമായ പരീക്ഷണം.
ഇപ്പോള്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെല്ലാം പഴഞ്ചന്‍ മുഖമുള്ളവരാണ്. നേതാക്കള്‍ മാത്രമല്ല, പാര്‍ട്ടികളും. എന്നാല്‍ ആഗോളശക്തികള്‍ നിയന്ത്രിക്കുന്ന നവഅധിനിവേശ നയങ്ങള്‍ക്ക് കീഴ്‌പ്പെട്ടവയാണ് അവയെല്ലാം. പരമ്പരാഗത നയങ്ങള്‍ക്കപ്പുറത്ത് പുതിയ വെല്ലുവിളികള്‍ക്കനുസരിച്ച് ജനങ്ങളുടെ ജീവിതം ഭദ്രമാക്കുന്ന നയങ്ങള്‍ ആവിഷ്‌ക്കരിക്കുവാന്‍ കഴിയാതെ പുറത്തായ പാര്‍ട്ടികള്‍ ഫ്രാന്‍സിലാണ്. ചൈനയിലെ കമ്യൂനിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചില ഭരണകക്ഷികള്‍ സര്‍വ്വാത്മനാ നവഅധിനിവേശ സാമ്പത്തിക, വികസന നയങ്ങള്‍ നടപ്പിലാക്കി കോര്‍പ്പറേറ്റ് അശ്വമേധത്തിന്റെ കാവലാളുകള്‍ ആയി പ്രവര്‍ത്തിയ്ക്കുന്നതിലൂടെ അതിജീവിക്കുവാനാണ് ശ്രമിക്കുന്നത്. അവരുടെ പ്രഖ്യാപിത നയങ്ങളെല്ലാം വിഴുങ്ങിയാണ് അവര്‍ വികസനമെന്നും സാമ്പത്തിക വളര്‍ച്ചയെന്നും തിരക്കൊഴിയാതെ പറഞ്ഞുകൊണ്ടിരിക്കുന്നതും തിരക്കിട്ട് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കി വരുന്നതും. 1991-ല്‍ കോണ്‍ഗ്രസ് (ഐ) ഭൂരിപക്ഷം പോലുമില്ലാതെ അധികാരത്തില്‍ വന്ന് ആഗോളവല്‍ക്കരണ നയങ്ങളുടെയും നടപടികളുടെയും അണക്കെട്ട് തുറന്നുവിടുകയായിരുന്നു. അന്നത്തെ നരസിംഹറാവുവിന്റെ സര്‍ക്കാര്‍ കോണ്‍ഗ്രസ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ പറഞ്ഞുകൊണ്ടിരുന്ന ‘സോഷ്യലിസം’ കാറ്റില്‍ പറത്തി പരിപൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിന്റെ നയങ്ങള്‍ നടപ്പിലാക്കി. കോണ്‍ഗ്രസ് (ഐ) പാര്‍ട്ടിയടെ ഏതെങ്കിലും സമിതി വിളിച്ചുകൂട്ടി തീരുമാനിച്ച ശേഷമല്ല സര്‍ക്കാരിന്റെ നയംമാറ്റം നടപ്പിലാക്കിയത്. കേന്ദ്രീകൃതമായ ഉല്പാദനത്തിന്റെ വന്‍കിട മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് തീറെഴുതുന്നതില്‍ മാത്രം ചുരുങ്ങിയതല്ല ആ നയംമാറ്റം. കാര്‍ഷികോല്പന്നങ്ങളും മറ്റും യഥേഷ്ടം ഇറക്കുമതി ചെയ്യുവാന്‍ വിദേശ വാണിജ്യരംഗവും മറ്റും തുറന്നു കൊടുത്തത് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ശക്തികളുടെ തുറന്ന ആധിപത്യം സര്‍വരംഗത്തും അനുവദിക്കുന്നതാണ് ആ നയം.
നവ അധിനിവേശ നയങ്ങള്‍ ജനങ്ങളെ അതൃപ്തരാക്കുന്നു
അടഞ്ഞതും ജാധിപത്യരഹിതമായതും ജനങ്ങള്‍ക്ക് ഭാഗധേയം നിര്‍ണയിക്കുവാന്‍ അവകാശമില്ലാത്തതുമായ രാജ്യങ്ങളില്‍ ഒഴികെ നവ അധിനിവേശ നയങ്ങള്‍ സര്‍ക്കാരുകളെ രക്ഷിച്ചില്ല. നരസിംഹറാവു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാതെ പുറത്തായി. പുതിയ സര്‍ക്കാരും പുതിയ നയങ്ങള്‍തന്നെ നടപ്പിലാക്കി. ഒരു സര്‍ക്കാരിനും ജനങ്ങള്‍ രണ്ടാമതും ഭരണത്തില്‍ കയറുവാന്‍ പിന്തുണ നല്‍കിയില്ല. പരമ്പരാഗത ഇടതുപക്ഷം വന്‍കിട കേന്ദ്രീകൃത ഉല്പാദനത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുറുകെ പിടിച്ചിരുന്നവരാണ്. എന്നാല്‍ മലവെള്ളപ്പാച്ചില്‍പോലെ വന്ന പുതിയ അധിനിവേശ നയം മാറ്റങ്ങളില്‍ അവര്‍ ആദ്യമൊന്ന് പകച്ച്‌പോയി. പിന്നീട് അവരും വാശിയോടെ നവഅധിനിവേശ നയങ്ങള്‍ക്ക് കീഴടങ്ങി. ഏറെക്കാലം ഭരിച്ച പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ബലത്തില്‍ പിന്തുണ ഉറപ്പിച്ചു നിര്‍ത്തിയെങ്കിലും ജനങ്ങളുടെ ജീവിതം ദുരിപൂര്‍ണ്ണമാക്കുന്ന നവ അധിനിവേശ നയങ്ങളുടെ തീവ്രാനുഭവങ്ങള്‍ വര്‍ദ്ധമാനമായി വന്നതനുസരിച്ച് ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷവും മൂര്‍ച്ഛിച്ചു വന്നു. അത് സ്വാഭാവികമായും സി.പി.ഐ.എം. ന്റെ പാര്‍ട്ടി സംവിധാനവും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടിയായി അടയാളപ്പെടുത്തി. സ്റ്റാലിനിസ്റ്റ് ആശയത്തില്‍ കാര്യമായി മാറ്റമൊന്നും വരുത്താതെ മുഷ്‌ക്കും അക്രമവും കൊലപാതകവും കലര്‍ന്ന പ്രയോഗരീതി ആയുധശക്തിയില്‍ അന്ധമായി വിശ്വാസം ശീലിപ്പിച്ചെടുത്ത അണികളുമായി അവരുടെ സര്‍ക്കാര്‍ നന്ദിഗ്രാമില്‍ ഏറ്റുമുട്ടി. ആ മാര്‍ച്ച് പതിനാലിന് പതിനാല് പേരുടെ കൂട്ടക്കൊലയിലാണ് അത് കലാശിച്ചത്. ‘വികസന’ത്തിന്റെ ആ രക്തസാക്ഷികള്‍ സി.പി.ഐ.എം. ന്റെ മൂന്നരപതിറ്റാണ്ട് കാലത്തെ ഭരണം മാത്രമല്ല അവസാനിപ്പിച്ചത്. പല പാര്‍ട്ടി ഓഫീസുകള്‍ ഉള്‍പ്പെടെ ഒരു പ്രദേശത്തെ ജനത ഒട്ടാകെയാണ് രക്ഷകരായി വന്ന അരാഷ്ട്രീയ പ്രസ്ഥാനത്തിലേയ്ക്ക് കൂടുമാറിയത്.
കോണ്‍ഗ്രസിന് പഠിക്കുവാന്‍ ഒരു വലിയ പാഠപുസ്തകമാണ് പശ്ചിമ ബംഗാള്‍ ഒരുക്കി വച്ചിരിക്കുന്നത്. മമത ബാനര്‍ജി 1970 കളില്‍ നിറഞ്ഞാടിയ സഞ്ജയ് ഗാന്ധി അനുയായികളുടെ തലമുറയിലെ യുവനേതാവാണ്. ബുദ്ധദേവിന്റെയും മമതയുടെയും മുഖം മാറാത്തതും മാറിയതുമല്ല ഭരണമാറ്റത്തിന് കാരണം. ഇപ്പോള്‍ മൂന്നാം തവണയും അവര്‍ ഭരണം പിടിച്ചു. ആദ്യമവര്‍ നവ അധിനിവേശ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങളുടെ നിലനില്‍പ്പുപോലും തകര്‍ക്കുന്ന വിഷയങ്ങള്‍ സി.പി.ഐ.എം.-നെതിരായ പോരാട്ടമുഖമാക്കി അധികാരം പിടിച്ചു. പിന്നീട് കമ്യൂനിസ്റ്റുകള്‍ ഒന്നുമല്ലാതായപ്പോള്‍ ബി.ജെ.പി.യെന്ന വര്‍ഗീയ ശക്തിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിലാണെന്ന് അവര്‍ ബംഗാളികളെ വിശ്വസിപ്പിക്കുന്നു. ബംഗാള്‍ ജനതയിലെ വലിയ ഒരു സംഖ്യ മുസ്ലീം ന്യൂനപക്ഷങ്ങളുടെ അചഞ്ചലമായ പിന്തുണയും അവര്‍ അതിലൂടെ തരപ്പെടുത്തി.
കോണ്‍ഗ്രസ് നയങ്ങള്‍ മാറ്റുമോ?
നയങ്ങളെക്കുറിച്ച് പറയാന്‍ പുതിയ നേതൃത്വത്തിന് കഴിവുണ്ടോ എന്ന ചോദ്യമാണ് പ്രസക്തം. തലമുറ മാറ്റവും യുവത്വവും പറഞ്ഞ് പഴയതുപോലെ കോണ്‍ഗ്രസില്‍ പുതിയ ഒരു സംഘം അധികാരം പിടിച്ചുവെന്നത് ശരിയാണ്. അതല്ല പ്രശ്‌നമെന്ന് അധികാരം പിടിച്ച ബുദ്ധിമാനായ പ്രതിപക്ഷ നേതാവിന് നന്നായറിയാം. കുറെക്കാലമായി കോണ്‍ഗ്രസ് വിഴുങ്ങി നടന്നിരുന്ന നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 1991 ല്‍ ഭുരിപക്ഷമില്ലാതെ അധികാരമേറ്റ കോണ്‍ഗ്രസിന്റെ നരസിംഹറാവു സര്‍ക്കാര്‍ നെഹ്രു സോഷ്യലിസം കുഴിച്ചുമൂടിയ അവസരത്തില്‍ എതിര്‍പ്പിന്റെ സ്വരമുയര്‍ത്തുവാന്‍ ഇളംതലമുറയും രണ്ടാം നിരയും തലമൂത്ത നേതാക്കളും ഇല്ലായിരുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവ് ഒരു വെളിപാടുപോലെ പെട്ടെന്ന് ഒരു പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനങ്ങള്‍ എന്താണ്? പരമ്പരാഗത വലതുപക്ഷത്തിന് വീണ്ടും ഭരണം പിടിക്കുവാന്‍ കഴിഞ്ഞ സംസ്ഥാനത്തെ രാഷ്ട്രീയ പശ്ചാത്തലം മനസില്‍ വച്ചുകൊണ്ടാണോ. ഏതു വിഷയത്തിലും കാല്പനികമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുത്താണ് ചില രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നേതാക്കളും ഇവിടെ തങ്ങളുടെ സ്ഥാനമുറപ്പിക്കുന്നത്. ആ തരം ശൈലിയില്‍ നല്ല മെയ്‌വഴക്കം വി.ഡി. സതീശനും ഉള്ളതിനാലാണല്ലോ മുമ്പൊരിക്കല്‍ പെട്ടെന്ന് ഹരിത എം.എല്‍.എ മാരുടെ വേഷം എടുത്തണിഞ്ഞത്. അതിന് മുമ്പും പിന്നീടും ആ വേഷമണിഞ്ഞ് അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ല.
നെഹ്രുവിന്റെ സോഷ്യലിസം സംഗതമാണോ?
1957 ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വന്ന ആദ്യ കമ്യൂനിസ്റ്റ് സര്‍ക്കാര്‍ മുതല്‍ നവഅധിനിവേശ യുഗം ആരംഭിക്കുന്നിടം വരെ മാറി മാറി അധികാരത്തിലേറിയവരെല്ലാം നടപ്പിലാക്കിയത് നെഹ്രുവിന്റെ പ്രത്യേകയിനം എന്ന് കോണ്‍ഗ്രസുകാര്‍ അവകാശപ്പെട്ട ‘സോഷ്യലിസ’-മാണ്. ഒരു വശത്ത് കുറെ വന്‍കിട പദ്ധതികള്‍ പൊതുമേഖലയില്‍, മറുവശത്ത് വന്‍കിട സ്വകാര്യ കുത്തക കമ്പനികള്‍. പൊതുമേഖല ഉണ്ടാക്കുന്ന കടബാദ്ധ്യതയുടെ ഭാരം ജനങ്ങളുടെ ചുമലില്‍ ആണെങ്കില്‍, കുത്തക സ്വകാര്യ കമ്പനികള്‍ ജനങ്ങളെ കൊള്ളയടിച്ച് തടിച്ചു കൊഴുത്തുകൊണ്ടുമിരുന്നു. ദ്വിമുഖമായ സാമ്പത്തിക ഭാരവും ചൂഷണവും ജനങ്ങള്‍ താങ്ങേണ്ടി വന്നു. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ആരംഭിച്ച ബിര്‍ള കമ്പനിയുടെ മാവൂരിലെ ഗ്വാലിയോര്‍ റയോണ്‍സ് ഫാക്ടറി ഉത്തമോദാഹരണമാണ്.
വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രം തൊഴില്‍ നല്‍കുന്നതും കര്‍ഷകരും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരും അനുദിനം ദുര്‍ബലരാകുന്നതുമായ നയം. സാധാരണക്കാര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗത്തില്‍ അതിജീവിക്കുവാന്‍ കഴിയാതാക്കുന്നതും വിലപ്പെട്ട പ്രകൃതി വിഭവങ്ങള്‍ നാശോ•ുഖമായി ധൂര്‍ത്തടിക്കുന്നതുമായ വികസനമാണ് നെഹ്രു മാതൃക സോഷ്യലിസത്തിന്റെ ആകെത്തുക. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഉന്നത ശമ്പളക്കാര്‍ എപ്പോഴും യഥാകാലം വരുത്തുന്ന വര്‍ദ്ധനവിലൂടെ വന്‍കിട സ്വകാര്യ, പൊതുമേഖലകളുടെ ഗുണഭോക്താക്കളായി തുടര്‍ന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവഅധിനിവേശത്തെ ക്ഷണിച്ചുവരുത്തിയ മുരടിപ്പിന്റെയും പരാശ്രിതവുമായ നെഹ്രു മാതൃക സോഷ്യലിസമല്ല കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലി. കോണ്‍ഗ്രസിനേക്കാള്‍ നെഹ്രു മാതൃക സോഷ്യലിസത്തെക്കുറിച്ച് അധരസേവ നടത്തിയിരുന്ന കമ്യൂനിസ്റ്റുകള്‍ എന്നേ അത് കൈവിട്ടു കഴിഞ്ഞു. പശ്ചിമ ബംഗാളില്‍ അത് 1980 കളില്‍ ആരംഭിക്കുന്നതിന് മുമ്പ്, 1967 ലെ സപ്തകക്ഷി മുന്നണിയുടെ രണ്ടാം ഇ.എം.എസ് സര്‍ക്കാരില്‍ സി.പി.ഐ യെ പ്രതിനിധീകരിച്ച മുതിര്‍ന്ന കമ്യൂനിസ്റ്റ് നേതാവ് റ്റി.വി. തോമസ് വ്യവസായം കൊണ്ടുവരാന്‍ ജപ്പാനിലേയ്ക്കാണ് ഓടിയത്. അടവ് നയമെന്ന് ഔപചാരികമായി പറയാത്ത ഒരു അടവ് മാത്രമാണ് സി.പി.ഐ.എം.-ന് പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനം.
പൊതുമേഖലയില്‍ ചില വന്‍കിട വ്യവസായങ്ങളും കേന്ദ്രീകൃത സേവന മേഖലകളും ഇടതുപക്ഷ കക്ഷികള്‍ക്ക് ഒരു കറവപശു കണക്കെയാണ്. അവിടങ്ങളിലെ ട്രേഡ് യൂണിയനുകളും മറ്റും ഒരു നിക്ഷിപ്ത താല്‍പ്പര്യമാണ്. അതോടൊപ്പം, സമ്പദ് ഘടനയുടെ സിംഹഭാഗം ബഹുജനങ്ങളും പുറത്താക്കപ്പെടുന്ന സാമ്പത്തിക പ്രക്രിയ നവഅധിനിവേശ ശക്തികള്‍ക്ക് തീറെഴുതുമ്പോള്‍ അധരസേവ നടത്തി അണികളെയും ജനങ്ങളെയും തങ്ങള്‍ ജനങ്ങളുടെ പക്ഷത്താണെന്ന് വിശ്വസിപ്പിക്കുവാനുള്ള രക്ഷാമാര്‍ഗവുമാണ്. സാമൂഹികവല്‍ക്കരണത്തിന്റെ അംശങ്ങളാണ് നമ്മുടെ പൊതുമേഖലയ്ക്ക് ഇനിയും ഉണ്ടാകേണ്ടത്. എന്നാല്‍ ചെറുകിട കൈത്തൊഴില്‍ മേഖലയില്‍ ഉല്പാദനം നടത്താവുന്നവ ആ മേഖലയില്‍ വിട്ടുകൊടുത്ത് ശക്തിപ്പെടുത്തിയും വികേന്ദ്രീകരിച്ച രീതിയില്‍ നടത്തേണ്ട സേവനരംഗങ്ങള്‍ ആ വിധത്തില്‍ പുന:സംഘടിപ്പിച്ചുമല്ലാതെ കേവലം ലാഭ, നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കിയല്ല പൊതുമേഖലയെ വിലയിരുത്തേണ്ടത്. തന്ത്രപ്രധാനമായ മേഖലയിലും ചില സവിശേഷ രംഗത്തും ഏകപക്ഷീയമായ വില നിര്‍ണയം സാദ്ധ്യമാകുന്നിടത്തും പൊതുമേഖല ആയാലും സ്വകാര്യമേഖല ആയാലും ലാഭം കൊയ്‌തേക്കാം. അത്തരം പൊതുമേഖലയെ സ്വന്തമാക്കാന്‍ കഴുകന്‍ കണ്ണുകളോടെ ചുറ്റിപ്പറക്കുന്ന കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് റാഞ്ചിയെടുക്കുവാന്‍ സഹായിക്കുന്ന ദല്ലാള്‍ രാഷ്ട്രീയത്തെ നിരാകരിക്കുകയും വേണം.
അദൃശ്യതയിലെ അഴിമതി വിനിമയങ്ങള്‍
കഴിഞ്ഞ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടച്ചുപൂട്ടല്‍ കാലത്ത് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഓരോന്നുമെടുത്താല്‍ മുന്‍പറഞ്ഞ ദല്ലാള്‍ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നതായിരുന്നു. പരമ്പരാഗതമായ പൊതുമേഖലാ സ്ഥാപനങ്ങളല്ല തീറെഴുതുവാന്‍ ശ്രമിച്ചത്. അതിനേക്കാള്‍ മൂല്യവത്തായതും നിര്‍ണായകവുമായ ഇടങ്ങളാണ് പൊതുവെ അവയില്‍ ഉള്‍പ്പെട്ടിരുന്നത്. അടച്ചുപൂട്ടലിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആ വിഷയത്തില്‍ ജനങ്ങളുടെ പ്രതികരണത്തെ ബാധിച്ചുവെന്നത് അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ജനങ്ങളും പ്രതിപക്ഷനേതാവിന്റെ പാര്‍ട്ടിയും അത്തരം നിര്‍ണായകമായ വിഷയങ്ങളുടെ സൂചനയെ ഗൗരവമായി എടുത്തില്ലയെന്നത് നവീകരിച്ച മാര്‍ഗത്തില്‍ തിരിച്ചുപിടിക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് പരിഗണിക്കേണ്ട ഒന്നാണ്.
ഭരണവും നയപരിപാടികളുമായി വിച്ഛേദനം
ഇന്ന് വ്യക്തികള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ ഒരു പ്രളയമാണ് ഉണ്ടാകുന്നതെങ്കിലും രാഷ്ട്രീയം ശരിയായി വിലയിരുത്തുന്നതില്‍ ജനങ്ങളെ അത് സഹായിക്കുന്നില്ല. പല വിധത്തില്‍ ജനങ്ങളുടെ രാഷ്ട്രീയബോധത്തെ അരാഷ്ട്രീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് കോണ്‍ഗ്രസാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നയപരിപാടികളും ഭരണവും തെരഞ്ഞെടുപ്പുമായി പരമാവധി അകലം ഉണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. അധികാരത്തിലെത്തുന്നവര്‍ നയപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നായിരുന്നു ഡോ. ലോഹ്യയുടെ നിലപാട്. ‘പരിപാടിയിലാണ് പരിവര്‍ത്തനവാദിയുടെ പിടിവാശി’ എന്ന എം.എ. ജോണ്‍ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം അതിന്റെ സ്വാധീനത്തിലാണ് ഉരുവായത്. ഡോ. ലോഹ്യയുടെ മരണശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ആ ഊന്നല്‍ ഇല്ലാതെ പോയതാണ് ദിശാബോധം നഷ്ടപ്പെടുവാന്‍ കാരണം. എല്ലാ വ്യവസ്ഥാപിത കക്ഷികളും പിന്നീട് കോണ്‍ഗ്രസിന്റെ പാതയാണ് പിന്തുടര്‍ന്നത്. കമ്യൂനിസ്റ്റുകള്‍ 1960 കളുടെ അവസാനംവരെ നയപരിപാടികള്‍ക്ക് പ്രാധാന്യം കൊടുത്തു. പിന്നാലെ വരുന്ന സി.പി.ഐ.എം. ന്റെ ഓരോ സര്‍ക്കാരുകളും പഴയതിനേക്കാള്‍ കുറഞ്ഞ തോതിലേ മെച്ചമാകൂ എന്ന ഇ.എം.എസ്. നിരീക്ഷണം സത്യസന്ധമാണ്. 1991 മുതല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയതും മറ്റെല്ലാ വ്യവസ്ഥാപിത കക്ഷികളും അടിമബോധത്തിന്റെയും രാഷ്ട്രീയനേതാക്കള്‍ക്ക് ഉണ്ടാകുന്ന ഊഹിക്കാനാവാത്ത സാമ്പത്തികനേട്ടങ്ങളുടെയും ആവേശത്തില്‍ പ്രയോഗത്തിലാക്കുന്നതുമായ നവഅധിനിവേശ സാമ്പത്തിക നയങ്ങള്‍ അധികാരത്തെ നയപരിപാടികളുമായി ഏതാണ്ട് പൂര്‍ണമായും വിച്ഛേദിച്ചു. മുഖം മിനുക്കിയവരും ശരീരം മിനുങ്ങിയവരും വെട്ടിത്തിളങ്ങുന്ന താരങ്ങളും രാഷ്ട്രീയ വേദിയിലേയ്ക്ക് ഇരച്ചു കയറി. സാമൂഹിക, സാമ്പത്തിക നയപരിപാടികള്‍ ഉപേക്ഷിച്ച ആ കാലം വര്‍ഗീയ രാഷ്ട്രീയക്കാര്‍ വളക്കൂറുള്ള മണ്ണാക്കി വളര്‍ന്നു പടര്‍ന്നു.
നവ അധിനിവേശ നയങ്ങളോട് ഏറ്റുമുട്ടണം
സംസ്ഥാനത്തെ കര്‍ഷകരും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരുമാണ് അതിജീവിക്കാവുന്ന ഉല്പാദന വ്യവസ്ഥയെ താങ്ങുന്നവര്‍. അവര്‍ ഏര്‍പ്പെടുന്ന ഉല്പാദനരീതി പ്രകൃതിയ്ക്ക് അധികം ഭാരം ഉണ്ടാക്കുന്നില്ല. ഇടക്കാലത്ത് കലര്‍ന്ന പ്രകൃതിയോട് ഇണങ്ങാത്ത അംശങ്ങളെ മാറ്റിയെടുക്കുവാനുള്ള നൂതനരീതികളും ആശയങ്ങളും ആവിര്‍ഭവിച്ചുകൊണ്ടിരിക്കുകയുമാണ്. അത്തരം ഉല്പാദന വ്യവസ്ഥകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അര്‍ഹമായ വരുമാനം ഉണ്ടാകുന്ന നയമാണ് ആദ്യം വരേണ്ടത്. അതുപോലെ മറ്റൊരു വലിയ വിഭാഗമാണ് തൊഴില്‍രഹിതരും പേരിന് പണിയുള്ളവരും. അവരില്‍പ്പെട്ട കൂടുതലാളുകളെയും കൃഷി, കൈത്തൊഴില്‍, ചെറുകിട, ഗ്രാമീണ മേഖലകളില്‍ വിന്യസിക്കാവുന്ന നയം അടിസ്ഥാനപരമായി വേണം. എന്നാല്‍ രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടിനിന്ന് അത് സാദ്ധ്യമല്ല. അത്തരം വിഭാഗങ്ങള്‍ക്ക് വരുമാനം അര്‍ഹിക്കുന്ന വിധം ഉണ്ടാകണമെങ്കില്‍ നവ അധിനിവേശ നയങ്ങളോട് ഏറ്റുമുട്ടണം.
സമ്പദ്ഘടനയെ അനാരോഗ്യത്തിലാക്കി പ്രതിസന്ധിയിലേക്ക് തള്ളിയ നെഹ്രുവിന്റെ നയങ്ങളാണ് നവഅധിനിവേശ നയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നവര്‍ക്ക്, നെഹ്രുവിന്റെ സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കുമെന്ന് പറയാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യം അടക്കി വാണപ്പോള്‍ ആര്‍.എസ്.എസ്., ഹിന്ദു മഹാസഭ എന്നീ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ അവര്‍ക്ക് സേവ പിടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നു. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ 1920 കളിലെ ഉജ്ജ്വലനായ നേതാവായിരുന്നു. 1930 കളില്‍ അതിന്റെ സമുന്നതനായ നേതാവും. ആര്‍.എസ്.എസ് നെഹ്രുവിനെതിരെ വിദ്വേഷം നിറച്ചു നടത്തുന്ന കുപ്രചാരണത്തെ എതിര്‍ക്കുകതന്നെ വേണം. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയ ശക്തികളെയും മുസ്ലീങ്ങളിലെ വര്‍ഗീയ വാദികളെയും കരുക്കളാക്കി ബ്രിട്ടീഷ് സാമ്രാജ്യത്തം ഇന്ത്യാ വിഭജനത്തിന് പദ്ധതിയിട്ടപ്പോള്‍ അധികാരമേറുവാനുള്ള തിടുക്കത്തില്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും സമുന്നത നേതാക്കളായ ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ പട്ടേലും അതിനോട് കൂട്ടുചേര്‍ന്നത് ന്യായീകരിക്കേണ്ടതില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു രാഷ്ട്രങ്ങളാണെന്ന് പ്രഖ്യാപിച്ച് വിഭജനത്തിന് ആദ്യം വഴിമരുന്നിട്ട ആര്‍.എസ്.എസ്. നേതാവ് എം.എസ്. ഗോല്‍വാക്കറുടെ അനുയായികള്‍ക്ക് നെഹ്രുവിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ധാര്‍മ്മികാവകാശമില്ല. ബ്രിട്ടീഷ് വിദേശ ഭരണത്തെ പിന്‍തുണച്ചവരുമാണവര്‍. പാശ്ചാത്യ വീക്ഷണം പുലര്‍ത്തി നെഹ്‌റു ഹിന്ദുത്വ, മുസ്ലീം വര്‍ഗീയതകളെ വളര്‍ത്തുവാനുള്ള ആശയങ്ങളല്ല പറഞ്ഞത്.
ഗാന്ധിയെ മറന്ന കോണ്‍ഗ്രസ്
അദ്ദേഹം സാമൂഹിക, സാമ്പത്തിക കാര്യങ്ങളില്‍ പാശ്ചാത്യ ചിന്തകളാണ് സ്വീകരിച്ചത്. സ്വാതന്ത്ര്യത്തോടെ നെഹ്രുവിന്റെ സൂക്ഷ്മമായ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ഒരു നെഹ്രു പാര്‍ട്ടിയാക്കി മാറ്റി. പിന്നീടാണ് അത് കുടുംബ സ്വത്തായി മാറിയത്. എന്നാല്‍ അതിനെല്ലാം മുമ്പ്, മിനുക്കിയ മുഖവും മിനുങ്ങിയ ശരീരവുമില്ലാത്ത, അര്‍ദ്ധ നഗ്നനായ ഫക്കീര്‍ എന്ന് സാമ്രാജ്യവാദിയായ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പരിഹസിച്ച ഒരു മനുഷ്യനാണ് ജനകോടികളെ കോണ്‍ഗ്രസിനു കീഴില്‍ അണിനിരത്തി ദേശത്തിന്റെ സാമ്രാജ്യത്ത അടിമത്തം അവസാനിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ്(ഐ) ക്കാര്‍ ആ ചരിത്രം വിസ്മരിക്കുവാനാണോ ശ്രമിക്കുന്നത്. കൃഷിയും വ്യവസായവും ഗ്രാമവികസനവും സംബന്ധിച്ച് അദ്ദേഹം എഴുതിയ അടിസ്ഥാന സംഗതികള്‍ ഒന്ന് വായിച്ചു നോക്കണം. നെഹ്രുവുമായി മഹാത്മാഗാന്ധി ഗ്രാമങ്ങളെ സംബന്ധിച്ച് നടത്തിയ കത്തിടപാടുകള്‍ കോണ്‍ഗ്രസുകാര്‍ വായിക്കാതെ കേരളത്തിന്റെ കാല്പനികമായ സാമൂഹിക മനസ് വായിച്ച് നിലപാട് സ്വീകരിച്ചാല്‍ അതിജീവിക്കാവുന്ന രാഷ്ട്രീയം ഉണ്ടാക്കാനാവില്ല. കോര്‍പ്പറേറ്റ് ശക്തികള്‍ക്കും വരേണ്യവര്‍ഗത്തിനും മാത്രം പ്രയോജനമുണ്ടാകുന്ന തെറ്റായ സാമ്പത്തിക, വികസന നയങ്ങള്‍ വരാനിരിക്കുന്ന ഭാവിയില്‍ ചോദ്യം ചെയ്യുന്ന ശക്തികളാണ് ഇവിടെ ഉയര്‍ന്നു വരിക. വര്‍ഗീയ ശക്തികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപിത താല്‍പ്പര്യങ്ങളും ചേര്‍ന്ന് സംഘടിതമായും ആസൂത്രിതമായും നടത്തുന്നതാണ് ആ സാമ്പത്തിക, വികസന നയങ്ങള്‍. അത്തരം നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ താങ്ങുന്ന ഭൂരിപക്ഷം ജനങ്ങള്‍ പുതിയ ഒരു തിരിച്ചറിവ് നേടി മുന്നേറുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് എവിടെയാണെന്ന് മനസിന് വാര്‍ദ്ധക്യം പിടിച്ച കോണ്‍ഗ്രസ് യുവനേതാക്കള്‍ ചിന്തിക്കുന്ന സൂചനകള്‍ വന്നിട്ടില്ല.
കോണ്‍ഗ്രസിന് സാമൂഹിക നയം ഉണ്ടോ?
സാമൂഹിക നയങ്ങള്‍ തന്ത്രപരമായി കൈകാര്യം ചെയ്യുന്ന സമീപനം, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സി.പി.ഐ.എം. കാണിച്ചിട്ടുണ്ട്. ഇ.എം.എസ് ആദ്യം മുതല്‍ ജാതി സംവരണത്തെ എതിര്‍ക്കുകയും സാമ്പത്തിക സംവരണത്തിന് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയുമാണ് ചെയ്തത്. ബി.റ്റി. രണദിവെയെപ്പോലുള്ള കമ്യൂനിസ്റ്റ് നേതാക്കളും പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തെ എതിര്‍ത്തിട്ടുണ്ട്. അക്കാലത്ത് അവര്‍ സത്യസന്ധമായി തങ്ങളുടെ ബോധ്യം പറയുകയായിരുന്നു. എന്നാല്‍ മോദിക്കും മുമ്പെ സവര്‍ണ്ണ സംവരണം ആവിഷ്‌ക്കരിച്ച സി.പി.ഐ.എം, സാമൂഹിക അസമത്വത്തിലുള്ള നിലപാട് ഗൂഢമായി വയ്ക്കുകയും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണെന്ന് നടിക്കുകയുമാണ് ചെയ്യുന്നത്. 10% മുന്നാക്ക സംവരണത്തിലൂടെ സവര്‍ണ മനസിനൊപ്പമാണ് അവര്‍ സഞ്ചരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മുന്നാക്ക സംവരണത്തില്‍ നിയമസഭയില്‍ വോട്ടു ചെയ്‌തെങ്കിലും പുറത്ത് അവരുടെ ചാഞ്ചാടുന്ന മനസ് അവരെ അതിന്റെ ചാമ്പ്യന്‍മാരാക്കിയില്ല. പരമ്പരാഗതമായ കമ്യൂനിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ച വലിയ വിഭാഗം ക്രിസ്ത്യാനികള്‍ ഒഴികെയുള്ള സവര്‍ണ വിഭാഗത്തിലെ ഭൂരിപക്ഷത്തെയും കോണ്‍ഗ്രസ് നഷ്ടപ്പെടുത്തി. കൂടാതെ ലീഗും കുഞ്ഞാലിക്കുട്ടിയുമാണ് കോണ്‍ഗ്രസ് മുന്നണി (യു.ഡി.എഫ്.) യുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പരിഹസിച്ച് ഹിന്ദു സമുദായ മനസ് സൂക്ഷിക്കുന്നവരെയും സുറിയാനി ക്രിസ്ത്യാനികളില്‍ ഒരു വിഭാഗത്തെയും സി.പി.ഐ.എം. തങ്ങളുടെ പക്ഷത്തേയ്ക്ക് ചായിച്ചെടുത്തു. മറുവശത്ത് നിയമസഭയില്‍ മുന്നാക്ക സംവരണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് പിന്നാക്ക വിഭാഗങ്ങളുടെയും ചാമ്പ്യന്‍മാരുമായില്ല. അഴിമതിക്കാരും അവസരവാദികളുമായ ചില പിന്നാക്ക, ദലിത നേതാക്കളുടെ നയശൂന്യമായ രാഷ്ട്രീയത്തിലൂടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള പോരാട്ടം, മോദി യുഗത്തില്‍ തല്‍ക്കാലം ഒരു വലിയ തിരിച്ചടി നേരിട്ടുവെങ്കിലും പ്രശ്‌നങ്ങള്‍ പരിഹാരമാകാത്തിടത്തോളം കാലം അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയം ഉയര്‍ത്തെഴുന്നേല്‍ക്കും. എന്നാല്‍ ഇന്ന് സാമ്പത്തിക/മുന്നാക്ക സംവരണമല്ല ഇന്ത്യന്‍ സമൂഹത്തിനാവശ്യം. സാമൂഹ്യ സംവരണത്തെ അതില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെയും പ്രതിനിധാനം കുറഞ്ഞവരെയും പങ്കാളികളാക്കുന്നവിധം ചലനാത്മകമാക്കുകയാണ് സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗ്ഗം. അത് നേടുവാനുള്ള മുന്നേറ്റമാണ് ആവശ്യം. ആ ഘട്ടത്തില്‍ രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടി നിന്ന് ഇരുവിഭാഗത്തെയും ചതിക്കുന്ന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും. അക്കാര്യത്തിലും നിലപാട് എടുക്കുവാന്‍ കഴിയുന്ന രാഷ്ട്രീയ കക്ഷിയാണോ കോണ്‍ഗ്രസ് എന്നതാണ് ചോദ്യം.
സംഘടനാ ജനാധിപത്യവും നയപരിപാടികളിലെ ജനകീയതയും മുഖ്യം
കേരളത്തിലെ വിലാപങ്ങളും വഴക്കുകളും സംഘടനയെ ശക്തമാക്കുന്നത് അഭിനിവേശങ്ങളും അവരവരുടെ തൊഴില്‍പരമായ മികവ് നേടി ഭാവി ഉറപ്പിക്കുവാനുള്ള അശ്രാന്ത പരിശ്രമമായി മാത്രം ചുരുങ്ങുന്നതാണോ? അതിനപ്പുറം നല്ല സമൂഹത്തിന്റെയും നല്ല രാഷ്ട്രീയത്തിന്റെയും നിര്‍മ്മിതിയാണ് തലമുറമാറ്റം ആഗ്രഹിച്ചവരുടേതെങ്കില്‍ സംഘടനാപരമായ ജനാധിപത്യവും നയസമീപനങ്ങളുടെ ജനകീയതയും കൈവരിക്കണം. കുറുക്കുവഴികള്‍ക്ക് പകരം ഒറ്റക്കെട്ടായി നിന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേരളത്തിലെങ്കിലും അത് നേടിയെടുത്താല്‍ സമൂഹത്തില്‍ വലിയ ഒരു മാറ്റം അത് വരുത്തും. അതിനുള്ള ഇച്ഛാശക്തി പുതിയ തലമുറക്ക് ഉണ്ടാകുമോ. ആ ഭാവനയോട് വിശാലമായി ഐക്യപ്പെടുവാന്‍ പഴയ പടക്കുതിരകള്‍ക്ക് ശേഷിയുണ്ടോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in