സിനിമയും സാഹിത്യവും
നമ്മുടെ സാംസ്‌കാരിക ഭൂമികയെ ഏറ്റവും സ്വാധീനിച്ച രണ്ട് കലാ രൂപങ്ങളാണ് സിനിമയും സാഹിത്യവും. അതുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വിമര്‍ശകനും എഴുത്തുകാരനുമായ സനല്‍ ഹരിദാസും കവിയും കഥാകൃത്തുമായ സന്ദീപ് ശരവണനും നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്. ഈ രണ്ട് കലാമാധ്യമങ്ങളുമായി സംബന്ധിച്ച് സനല്‍ ഹരിദാസ് എഴുതിയ പത്തോളം ലേഖനങ്ങളുടെ സമാഹാരമായ ‘ബൈനറികളുടെ കാര്‍ണിവല്‍’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് സംഭാഷണം
ചോദ്യം -1
സനലേട്ടന്റെ ബൈനറികളുടെ കാര്‍ണിവലിലെ ആദ്യ ലേഖനമായ ‘ബഷീറിയന്‍ ഭാഷാകലാപം :ഒരു ആധുനികോത്തര വായന ‘ വായിച്ചു നോക്കി. അധിനിവേശാനന്തര ഭാഷാശാസ്ത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു ലേഖനമാണത്.ലേഖനം വായിക്കവേ ഓര്‍മ വന്നത് ആഘോഷിയ്ക്കപ്പെട്ട പല മലയാള സാഹിത്യകാരന്‍മാരില്‍ നിന്നും മാറി അടിച്ചമര്‍ത്തപ്പെട്ട ദ്രവീഡിയന്‍ ബോധം പടുത്തുയര്‍ത്തിയ പൊയ്കയില്‍ അപ്പച്ചനെയാണ്. ഭാഷാബോധത്തില്‍ കേരളത്തില്‍ ആദ്യമായി പാട്ട് രൂപത്തില്‍ ഭാഷാ പ്രതിരോധം തീര്‍ത്ത കവിയാണല്ലോ അദ്ദേഹം. പില്‍ക്കാലത്ത് ബഷീറിനെപ്പോലുള്ള സാഹിത്യകാരന്‍മാര്‍ സംസാരിക്കുന്ന സ്വാഭാവിക ഭാഷയില്‍ നോവലുകള്‍ എഴുതിയത് പൊയ്കയില്‍ അപ്പച്ചനെപ്പോലുള്ളവരുടെ വെളിച്ചത്തിലാവുമോ?
ആഫ്രിക്കന്‍ നോവലിസ്റ്റായ ചിന്നുവാ അക്കീബയുടെ ‘സര്‍വം ശിതിലമാവുന്നു’ എന്ന നോവല്‍ ലോക സാഹിത്യത്തില്‍ ഒട്ടേറെ സംസാരവിഷയമായിട്ടുള്ളതാണല്ലോ. ആ നോവലില്‍ നാട്ടുശീലുകളും പഴഞ്ചോല്ലുകളും നിറഞ്ഞിരിക്കുന്നു. അത് പോലെ തന്നെയൊരു സൗന്ദര്യമല്ലേ ബഷീറിയന്‍ നോവലുകള്‍ക്കുള്ളത്?
ഉത്തരം 1
പൊയ്കയില്‍ അപ്പച്ചനെ പോലുള്ളവരുടെ സ്വാധീനം ബഷീറിന് വഴികാട്ടിയിരുന്നവൊ എന്ന് തീര്‍ച്ച പറയാനാവില്ല. മൂല്യങ്ങള്‍ സമൂഹത്തില്‍ നിരന്തരം കലര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്റെ അവസാനമായി പുറത്തിറങ്ങിയ ‘സബാള്‍ടേണ്‍ ഡയറി’ എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് പൊലീസ് പീഢനത്തില്‍ മനം നൊന്ത് മരിച്ച വിനായകന്‍ എന്ന യുവാവിനാണ്. ഡി.സി ബുക്‌സിന്റെ മുഖമാസികയായ ‘പച്ചക്കുതിര’യില്‍ ഈയടുത്ത് ഞാനെഴുതിയ ‘അംഗീകൃത അഭയാര്‍ത്ഥിത്വങ്ങള്‍’ എന്ന ലേഖനത്തിലും വിനായകന്റെ മരണം ഒരു മുഖ്യ പ്രമേയമാണ്. കേരളത്തിലെ മസ്തിഷ്‌ക ചോര്‍ച്ചയായിരുന്നു അതിന്റെ പൊതു പ്രമേയം. അതിനു ശേഷമാണ് വിനായകന്റെ മരണത്തെ അടിസ്ഥാനമാക്കിയുള്ള കേസ് പുഃനപരിശോധിക്കാന്‍ കോടതി വിധി ഉണ്ടാകുന്നത്. അതില്‍ എന്റെ ഇടപെടലിന്റെ പ്രസക്തി എവിടെയെങ്കിലും ഉള്ളതായി, അത്തരമൊരു നടപടിയുടെ പിതൃത്വം ഏറ്റെടുക്കുന്നതായി ഞാന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. ബഷീറിയന്‍ നോവലുകള്‍ അഥവാ ദീര്‍ഘ കഥകള്‍ വിപ്ലവകരമായ ഭാഷയെ മുന്‍നിര്‍ത്തുന്നവയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന സിനിമയില്‍ നായകനെ ആക്രമിക്കുന്നവര്‍ രക്ഷിക്കാനെത്തുന്ന ഏകനായ വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷ കേട്ട് പിന്‍മാറുന്നതായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അതുപോലെ, ‘സൂര്യനസ്തമിക്കാത്ത’ സാമ്രാജ്യം എന്ന പ്രയോഗം, ദൈവത്തിനുപോലും ഇരുട്ടില്‍ ആംഗലേയരെ ഭയമാണെണെന്നതിനെ സൂചിപ്പിക്കുന്നു എന്ന ശശി തരൂരിന്റെ പ്രയോഗം അഭിമാനം ദ്യോതിപ്പിക്കുന്ന ബി.ജി.എമ്മോടെ ഒരു ഇന്‍സ്റ്റഗ്രാം റീലായി എന്റെ ഫീഡില്‍ എത്തിയിരുന്നു. ലളിതമായ ആ തമാശയെ അത്യഭിമാനകരമാക്കുന്നത്, നമുക്കെല്ലാമറിയാവുന്നതുപോലെ ഇംഗ്ലീഷ് ഭാഷയുടെ കണ്‍കെട്ടാണെന്നും വ്യക്തം. ഇത്തരമൊരു വര്‍ത്തമാനകാലത്തിലാണ് ബഷീറിയന്‍ ഭാഷ അതിന്റെ കലാപ ചൈതന്യം ഒട്ടും ചോരാതെ നിലനിര്‍ത്തുന്നത്.
ചോദ്യം 2
സനലേട്ടന്റെ ആദ്യലേഖനത്തില്‍ കോളനിയല്‍ ഭാഷാ ശാസ്ത്രത്തോടുള്ള അമര്‍ഷം പ്രകടമാണ്. ഭാഷാശാസ്ത്രത്തിലുള്ള സോഷേറിയന്‍ ചിന്തകളെ തച്ചുടച്ചാണ് സനലേട്ടന്‍ ലേഖനം തുടങ്ങുന്നത്. ചാരുനിവേദിതയെയും മറാത്തി ദളിത് സാഹിത്യകാരന്‍ ലിംബാലെയെയും സനലേട്ടന്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു വായനക്കാരനെന്ന നിലയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പല എഴുത്തുകാരില്‍ നിന്നും മാറി ഇവരുടെയെല്ലാം പുസ്തകങ്ങള്‍ വായിക്കാന്‍ ഉണ്ടായിട്ടുള്ള പ്രചോദനം ഒരുതരം സാമൂഹികപരമായ പ്രത്യയ ശാസ്ത്രമായി പില്‍ക്കാലത്ത് സ്വീകരിച്ചത് എങ്ങനെയായിരുന്നു.?
ഉത്തരം 2
വിപ്ലവകരമായ ഉള്ളടക്കങ്ങളോട് എല്ലാ കാലത്തും ആവേശമുണ്ടായിരുന്നു. അതില്‍ പത്മരാജന്റെ ‘ഉദകപ്പോളയും’ ഷോഭാ ശക്തിയും ‘മ്’ എന്ന നോവലും മാക്‌സിം ഗോര്‍ക്കിയുടെ ‘എന്റെ സര്‍വ്വകലാശാലകളും’ ഫിലിപ് റോത്തിന്റെ ‘അവജ്ഞ’യും നിക്കോസ് കസാന്‍ദ് സാകീസിന്റെ ‘സോര്‍ബ ദ ഗ്രീക്’, ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്നീ പുസ്തകങ്ങളും യു.ആര്‍ അനന്തമൂര്‍ത്തിയുടെ നോവലുകളും വിക്ടര്‍ ലീനസിന്റെയും യു.പി ജയരാജിന്റെയും കഥകളുമെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. ചാരുനിവേദിതയുടെ സീറോ ഡിഗ്രി എന്ന ഉത്തരാധുനിക രചനയില്‍ ഒരു പേജിനെ രണ്ടായി പകുത്ത്, ഒരു ഭാഗത്ത് സിനിമാ നടി വീട്ടില്‍ പന്നിയെ ഓമനിച്ചു വളര്‍ത്തുന്നതും മറ്റൊരു ഭാഗത്ത് നക്‌സലൈറ്റുകള്‍ പന്നികള്‍ സഹിതം പൊലീസ് പീഢനത്തിന് ഇരയാകുന്നതുമായുള്ള ഇരട്ട വിവരണങ്ങള്‍ കാണാം. എത്രമാത്രം വിചിത്രമാണ് സമൂഹത്തിന്റെ പരിഗണനകള്‍ എന്ന് പറയാന്‍ പേജിനു നടുവിലായി ഒരു വര വരക്കുക മാത്രമാണ് ചാരു ചെയ്യുന്നത്. ശരണ്‍ കുമാര്‍ ലിംബാളെ ആട്ടിറച്ചിയുടെയും നിശാഗന്ധിയുടെയും ഗന്ധം തമ്മില്‍ ഒന്നെന്നപോലുപമിക്കുമ്പോള്‍ സംഭവിക്കുന്നത് സന്ദീപ് പറഞ്ഞതുപോലെ ഭാഷാശാസ്ത്രപരമായ ഒരു ആക്രമണമാണ്. പിന്നെ, പുസ്തകങ്ങളിലേക്കുള്ള എത്തിച്ചേരല്‍ തികച്ചും യാദൃശ്ചികമായിരുന്നു. കൊളേജ്, സര്‍വ്വകലാശാലാ ലൈബ്രറിയിലെ അധികാരികള്‍ നല്‍കിപ്പോന്ന അമിത സ്വാതന്ത്ര്യം ഞാന്‍ കഴിയും വിധമെല്ലാം ഉപയോഗപ്പെടുത്തുകയായിരുന്നു.
ചോദ്യം 3
‘ബൈനറികളുടെ കാര്‍ണിവല്‍ ‘ ലില്‍ ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തെ മടല് വെട്ടി ഓടിക്കുന്ന ഒരു ലേഖനമുണ്ട്. എനിക്ക് അത് വായിച്ചപ്പോള്‍ ഉള്ളില്‍ ഒരു ചിരിയാണ് വന്നത്, അതേ സമയം അതെന്നെ ചിന്തിപ്പിക്കുകയും ചെയ്തു.ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആധിപത്യത്തിന്റെയും അടിയറവിന്റെയും സംഭാഷണങ്ങളെ ചാട്ടവാറുകൊണ്ടടിക്കുന്നുണ്ട്. ചിത്രത്തിലെ ഒളിഞ്ഞു കിടക്കുന്ന യൂറോസെന്റ്രിക്ക് ബിംബങ്ങളെ സനലേട്ടന്‍ ആക്ഷേപഹാസ്യത്തിലൂടെ കളിയാക്കുന്നു ചിത്രം ഏറെ വിമര്‍ശക പ്രശസ ഏറ്റുവാങ്ങിയെങ്കിലും ഇതിനെ പുനര്‍വായിക്കാന്‍ ലേഖനം കൊണ്ടാവുന്നു. ഇതു പോലെ തോന്നിയിട്ടുള്ള മറ്റേതെങ്കിലും സിനിമകളുണ്ടോ?
ഉത്തരം 3
നമ്മുടെ സമൂഹത്തില്‍ ഒരു പുതിയ തരം മേല്‍ക്കോയ്മ ഇന്ന് രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 90’ട Kids ഉം 2K Kids ഉം തമ്മില്‍ നടന്നുപോരുന്ന സാമൂഹിക മാധ്യമ പോര് ഇതിലൊന്നാണ്. യുവാല്‍ നോവാ ഹരാരി ഇതേ സംബന്ധിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. പഴയ കാലത്തേതുപോലെ മുതിര്‍ന്നവരെ ബൗദ്ധികമായി ആശ്രയിക്കാവുന്ന ഒരു കാലമേയല്ല ഇതെന്ന പ്രസ്താവനയാണ് അതിലൊന്ന്. ലോകത്തിന്റെ മുന്നോട്ടുപോക്ക് അതിദ്രുതമാണ് ഇന്ന്. അതിന്റെ മിടിപ്പുകളെ കൃത്യമായി പിടിച്ചെടുക്കുന്നത് യൗവ്വനത്തിന്റെ ആരംഭത്തില്‍ നില്‍ക്കുന്നവരുമാണ്. ഇത്രയും വര്‍ഷത്തോളം മിക്കവാറും എല്ലാവരും ‘കണ്ടന്റ്’ എന്ന് വിളിച്ചുപോന്നിരുന്ന പദം ‘കോണ്ടെന്റ്’ എന്ന് തിരുത്തപ്പെട്ടതിനെ ഉദാഹരണമായെടുക്കാം. ജാതി, മതം എന്നിവയുടെ പ്രതിലോമകതകള്‍ ഇന്ന് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്. എന്നാല്‍ അതിനുള്ള മറുപടി, അംബേദ്കര്‍ കോട്ടിട്ടതുപോലെയായാണ് പലപ്പോഴും മാറുന്നത്. തന്നെത്തന്നെ പരിണമിപ്പിച്ച് ഒടുക്കം ഒരു സവര്‍ണ സ്ത്രീയെ വിവാഹം ചെയ്ത ‘നൂറു സിംഹാസനങ്ങളിലെ’ നായകന്‍ ഒടുക്കം തനിക്കു പിറക്കുന്ന കുഞ്ഞിനെ ‘ആ വെളുത്ത കുട്ടി’ എന്ന് അന്യതയോടെ വിശേഷിപ്പിക്കുന്നത് നാം കണ്ടുകഴിഞ്ഞു. ഫൈറ്റ് ക്ലബ് എന്ന സിനിമയിലെ നായകന്റെ വാക്കുകള്‍ കടമെടുത്താല്‍ ”നമ്മുടെ കാലത്ത് മഹത് യുദ്ധങ്ങളൊ നിരാശയൊ ഇല്ല; നമ്മുടെ യുദ്ധം ആത്മീയമാണ്. നിരാശ നമ്മുടെ ജീവിതം തന്നെയും’. വിനീത് ശ്രീനിവാസന്‍ സിനിമകള്‍ പൊതുവെ സമൂഹത്തെ സൂക്ഷ്മമായി പഠിച്ച് നിര്‍മിക്കപ്പെടുന്നവയാണ്. എങ്ങനെ ഒരു ഇലക്ഷന്‍ ജയിക്കാം എന്ന പാര്‍ലമെന്ററി ഗൂഢാലോചനയുടെ സ്വഭാവം അവക്കുണ്ട്. ‘അവള് ഉമ്മച്ചിക്കുട്ടിയാണെങ്കില്‍ ഞാന്‍ നായരാണ്’ എന്ന് ഇക്കാലത്തും വിളിച്ചു പറയാനും കയ്യടി നേടാനും വിനീത് സിനിമകള്‍ക്ക് കഴിയുന്നു എന്നതും അവ ബോക്‌സോഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു എന്നതും ആശങ്കാജനകമാണ്. നിയൊ കൊളോണിയല്‍ – സെമി ഫ്യൂഡല്‍ കാലത്തിന്റെ ലക്ഷണമൊത്ത സിനിമകള്‍ എന്ന് വിനീത് ചിത്രങ്ങളെ പൊതുവില്‍ തന്നെ പറയാവുന്നതാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ചോദ്യം 4
സണ്ണി: മാനസിക വിമതത്വങ്ങളുടെ ഉപരിതല വിസ്തീര്‍ണ്ണം എന്ന ലേഖനം വായിച്ചു. സണ്ണി കൊറോണ മഹാമാരിക്കാലത്തെ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ്. സനലേട്ടന്റെ വായനയില്‍ സണ്ണി തുറന്ന് വയ്ക്കുന്നതായ മാനസിക പ്രമേയം പാളി എന്നതാണ് ലേഖനത്തില്‍ കാണാന്‍ കഴിഞ്ഞത്. ലേഖനം അവസാനിപ്പിക്കുമ്പോള്‍ സണ്ണി എന്ന വ്യക്തിയുടെ മാനസിക വിമതത്വത്തെ സനലേട്ടന്‍ പ്രശംസിക്കുന്നുവെങ്കിലും മദ്യപാനം പോലുള്ള സ്വ്ഭാവങ്ങള്‍ കൊണ്ട് മാത്രം സണ്ണിയുടെ മാനസിക പ്രശ്‌നങ്ങളെ അടയാളപ്പെടുത്തിയത് ചിത്രത്തിന്റെ പോരായ്മയായി സനലേട്ടന്‍ എഴുതുന്നു. മഹാമാരിക്കാലത്തെ ഒരു കലയില്‍ ഇത്തരം പ്രശ്‌നങ്ങളെ കൃത്യമായി പറഞ്ഞുപോയ മറ്റേതെങ്കിലും ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഉദ്ധാഹരിക്കാമോ? അത് സണ്ണിയില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് പറയാമോ?
ഉത്തരം 4
മനോരോഗങ്ങള്‍ വ്യക്തിപരമായ ഒരു പരാജയമെന്നൊ പിഴവെന്നൊ കരുതിപ്പോരുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ് സണ്ണിയിലും കാണാനാവുന്നത്. സബ്സ്റ്റന്‍സ് അബ്യൂസ് എന്നത് മനോരോഗങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് രണ്ടാം സ്ഥാനമെ കല്‍പിക്കേണ്ടതുള്ളു. പ്രാഥമികമായി പരിഗണിക്കേണ്ടത് മാനസിക നിലയെയൊ നിലതെറ്റലിനെയൊ ആണ്. അത്തരമൊരു വായനയിലാണ് സണ്ണി മുന്നോട്ടുവക്കുന്ന ആശയ ഭൂമിക പരാജയമായി മാറുന്നത്. സൈകൊ തെറാപ്പി എന്നതില്‍ നിന്ന് സൈകഡലിക് സൈകൊ തെറാപ്പി വരെ എത്തിനില്‍ക്കുന്ന വര്‍ത്തമാനകാലത്താണ് നമ്മളുള്ളത്. ഈയടുത്ത് വിവാദമായ നടി ലെനയുടെ അഭിമുഖത്തില്‍ അവര്‍ അല്‍പം ലളിതവല്‍കരിച്ചു പറഞ്ഞ മാജിക് മഷ്‌റൂമിന്റെ ഉപയോഗവും മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും വലിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചതായി നമ്മള്‍ കണ്ടു. അതിനു തൊട്ടുമുന്‍പൊ ശേഷമൊ ഗായിക ഗൗരി ലക്ഷ്മി നല്‍കിയ ഒരു ഇന്റര്‍വ്യൂവിലും മാജിക് മഷ്‌റൂം പ്രതിപാദ്യ വിഷയമായിരുന്നു. ഇന്ത്യയില്‍ ഇല്ലീഗലായ സൈകഡലിക് സൈകോ തെറാപ്പിക്ക് ഒരു വിദേശ രാജ്യത്തില്‍ വച്ച് താന്‍ വിധേയയായി എന്നായിരുന്നു ഗൗരിയുടെ പരാമര്‍ശം. How to change your mind എന്ന Netflix ഡോക്യുമെന്ററി സീരീസ് മെതാഫെറ്റാമിനും എല്‍.എസ്.ഡി യും അടക്കമുള്ളവയുടെ, വൈദ്യശാസ്ത്രപരമായ ഉപയോഗത്തിലൂടെ മനോരോഗങ്ങളെ ഉച്ചാടനം ചെയ്യുന്നതായി ചിത്രീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ കാലം അതിദ്രുതം മുന്നേറവെയാണ് സണ്ണി ‘ഉപദേശ വൈദ്യം’ മുന്നോട്ടുവക്കുന്നത്. മഹാമാരിക്കാലത്ത് പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ഖാലിദ് റഹ്മാന്‍ ചിത്രം ‘ലൗ’ പരാമര്‍ശമര്‍ഹിക്കുന്ന ഒന്നാണ്. മാനസികരോഗാവസ്ഥയെ സര്‍ഗാത്മകമായും രൂപകാത്മകമായും അവതരിപ്പിക്കാന്‍ ഒരു പരിധിവരെ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
ചോദ്യം 5
അപരത്വത്തെക്കുറിച്ചുള്ള ചെറുലേഖനമെന്ന നിലയില്‍ ‘ബൈനറികളുടെ കാര്‍ണിവല്‍ ‘ ശ്രദ്ധയാകര്‍ഷിയ്ക്കുന്നു. തത്വചിന്താപരമായും, മനഃശാസ്ത്ര വിശകലനപരമായും, രാഷ്ട്രീയമായും സനലേട്ടന്‍ ബൈനറികളെ വായിച്ചെടുക്കുന്നു. ഉത്തരാധുനിക സമൂഹത്തിന് ശേഷമുള്ള കാലത്തില്‍ അപരത്വമെന്ന ഘടകം എങ്ങനെയാണ് ആഘാതം സൃഷ്ടിയ്ക്കാന്‍ സാധ്യതയുണ്ടാവുക? വിശദമാക്കാമോ?
ഉത്തരം 5
‘മലക്കോട്ടൈ വാലിബന്‍’ എന്ന ചിത്രമാണ് ഈ ചോദ്യം വായിച്ചപ്പോള്‍ ഓര്‍ത്തത്. നിങ്ങള്‍ കീഴടക്കാന്‍ തയ്യാറല്ലെങ്കില്‍ കീഴടക്കപ്പെടും എന്ന മല്ലന്മാരുടെ യുക്തി ഇന്നിന്റെ പൊതുവാണ്. അത് ഒരു ചെറു സംഭാഷണത്തിലൊ സോഷ്യല്‍ മീഡിയ കമന്റിലൊ പോലും ആകാം. രാജസ്ഥാനി വേഷവും പടയാളികളുടെ ഉടയാടകളും ആധുനിക സിനിമകളിലെ ആക്ഷന്‍ വേഷവും മാറിമാറിയിടുന്ന വെള്ളക്കാരെ ചിത്രീകരിച്ചുകൊണ്ട് ലിജൊ നമ്മളോട് പറയുന്നത് അവര്‍ ഏത് വേഷത്തിലും വരുമെന്നാണ്. അപരത്വം തമ്മില്‍ തമ്മില്‍ കലര്‍ന്ന ഉത്തരാധുനികതയുടെ ഉപ്പാണ് ഇവിടെ കാണാനാവുന്നത്. എലിപോലെ ചെറുതാകാനും മലപോലെ വലുതാകാനും കഴിവുള്ള ‘സര്‍വ്വശക്തനെ’ വിളിച്ചുവരുത്തിക്കൊണ്ടാണ് സിനിമയുടെ ഒന്നാം ഭാഗം അവസാനിക്കുന്നതും. ‘അച്ഛനോട് എന്തിത്ര ശത്രുത, മേലേക്ക് രക്ഷപ്പെടുവാന്‍ മാര്‍ഗം ബലിയെങ്കില്‍ പാവം മൃഗത്തിനെ മാറ്റി പിതാവിനെ സ്‌നേഹപൂര്‍വ്വം ബലിനല്‍കാത്തതെന്തു നീ’ എന്ന കുരീപ്പുഴ ശ്രീകുമാറിന്റെ ചോദ്യം ഖസാക്കിലെ രവിയോടും ചോദിക്കാവുന്ന ഒന്നാണ്.
ചോദ്യം 6
പ്രാദേശിക വാമൊഴി സാഹിത്യങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്നും, ലൈബ്രറികളില്‍ നിന്നും നിര്‍ലോഭം തുടച്ചുമാറ്റുന്ന ഭരണകൂടത്തോടുള്ള പ്രതിരോധം എങ്ങനെയാണ് ഇനിയും സാഹിത്യത്തില്‍ ശക്തമാക്കുവാന്‍ സാധിക്കുക? നില നിന്നിരുന്ന പല ചരിത്രങ്ങളെയും തച്ചുടച്ച് പുതിയ നുണകള്‍ സൃഷ്ടിച്ചു വരും തലമുറയെ ബോധത്തലത്തില്‍ നിന്നും വൈകാരികമായി വഴിതെറ്റിയ്ക്കുന്ന മേലാളന്മാരുള്ള സമൂഹത്തില്‍ ഭാഷാപരമായ വിപ്ലവം സ്ഥാപിക്കപ്പെടുന്നത് സാങ്കേതികപരമായി അനിവാര്യമാവുന്നത് സനലേട്ടന്‍ എങ്ങനെ വിലയിരുത്തുന്നു? പോസ്റ്റ് ട്രൂത് സമൂഹത്തില്‍ ബഷീറിയന്‍ ഭാഷാസൗന്ദര്യം തുടച്ചു മാറ്റാനാവാത്ത ഒന്നാവുന്നത് ബഷീര്‍ നിര്‍മിച്ചിട്ടുള്ള വിശ്വമാനവീകമായ സങ്കല്‍പ്പങ്ങളെ സ്വതസിദ്ധശൈലിയില്‍ വരച്ചുകാട്ടലിലൂടെയായിരുന്നു. ആധുനികോത്തര സാഹിത്യകാരന്മാര്‍ക്ക് ബഷീറിന്റേത് പോലായ പ്രഭാവം കുറഞ്ഞിട്ടില്ലേ? ഇതൊരുതരം അധിനിവേശത്തോടുള്ള അടിമ മനോഭാവമാണോ.? പ്രകടമായ രീതിയില്‍ ഈയൊരു ഭാഷാവിശേഷത്തെ എങ്ങനെയാണ് സാഹിത്യകാരന്മാര്‍ക്ക് ചെറുത്തുനില്‍ക്കാനാവുക?
ഉത്തരം 6
സാഹിത്യം എന്നതിന് പൊതുവില്‍ സമൂഹത്തെ പരിണമിപ്പിക്കുവാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. പ്രായം കുറഞ്ഞ ഒരു ഭാഷ എന്ന നിലയില്‍ പരിഗണിക്കേണ്ട ഒരു ഭാഷയാണ് മലയാളം. ചോദിച്ചു വാങ്ങിയ ക്ലാസിക് ഭാഷാ പദവിയൊക്കെ കടലാസുകളില്‍ നിലനില്‍ക്കുന്നതു മാത്രമാണ്. മലയാളം വായന, അഥവാ ഭാഷണം തന്നെയും നിലനിര്‍ത്തണമെങ്കില്‍ കുട്ടികളെ മംഗ്ലീഷ് എഴുത്ത് പരിശീലിപ്പിക്കണം എന്ന മുരളി തുമ്മാരക്കുടിയുടെ അഭിപ്രായ പ്രകടനം അടക്കം നമുക്ക് മുഖവിലക്കെടുക്കാതെ വയ്യ. കേരളം വൃദ്ധസദനമാകുന്നു എന്ന രോഷവും വിലാപവും ഇന്ന് ദൈനംദിനത്തിന്റെ ഭാഗമാണ്. എഴുത്തധികാരത്തിന്റെ സവര്‍ണ ബാന്ധവം ഒരു ലളിത യാഥാര്‍ത്ഥ്യമായിരിക്കെയാണ് മുലക്കരം ചോദിച്ചവര്‍ക്ക് മുല മുറിച്ച് നല്‍കിയ നങ്ങേലി മിത്തെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. നമ്മുടെ പുതിയ വിദ്യാഭ്യാസനയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഒട്ടും ചെറുതൊ കുറവൊ അല്ല. വിദേശ സര്‍വകലാശാലകള്‍ കഴുകന്‍ കാലുകളോടെ പറന്നിറങ്ങുന്ന കാലം തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഭാഷയുടെ കാര്യത്തില്‍ നിലവില്‍ വിപ്ലവം നടക്കുന്നത് സിനിമകളിലാണ്. ഇതുവരെ കാണാത്ത വിധം മലയാള സിനിമ ഭാഷാ നാനാത്വങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ പ്രമേയപരമായി അവയിലെ ഭൂരിപക്ഷവും ഏതു ഭാഗത്ത് നില്‍ക്കുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്. ‘ഏട്ടായീ കോഫീ’, ‘എന്റെ മോളടെ പെറന്നാള് വിളിക്കാന്‍ വന്നതാ, എല്ലാരും വരണം’, ‘എന്താണ് ബ്രോ മൊടയാണൊ’ – എന്നീ വരികള്‍ കൊണ്ടാടപ്പെട്ട സമീപകാല യാഥാര്‍ത്ഥ്യമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. കീഴാള ഭാഷയുടെ പരിഹാസ്യതയെ സാഹചര്യനിബദ്ധമായി മാത്രം അടയാളപ്പെടുത്താവുന്നതല്ല.
ചോദ്യം 7
പ്രണയപ്പക മൂലം സമൂഹത്തിലുണ്ടാവുന്ന അപകടങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനമാണ് ‘വ്യവസ്ഥയാല്‍ വിഴുങ്ങപ്പെടുന്ന ഇര :വേട്ടക്കാരനും ‘ എന്ന ലേഖനം. ചലം െ18 ല്‍ വന്ന പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയ ലേഖനം. പ്രണയപ്പക മൂലം നടക്കുന്ന കൊലപാതകങ്ങളില്‍ കുറ്റം ചെയ്യുന്ന പുരുഷന്മാരുടെ മാനസികാവസ്ഥയെക്കുറിച്ച് വേരാഴത്തില്‍ പഠനങ്ങള്‍ നടക്കുന്നില്ല എന്ന് സനലേട്ടന്‍ അടിവരയിടുന്നു. ഒട്ടനേകം ശ്രദ്ധിക്കേണ്ട ഒരു വിഷയമായിരുന്നിട്ട് കൂടി സാമൂഹിക വിഷയങ്ങളില്‍ നിഗമനങ്ങള്‍ നടത്തുന്ന മാനസിക വൈദ്യന്മാരോ പണ്ഡിതന്മാരോ ആരും തന്നെ ഇതിനെ സൂക്ഷ്മപരിശോധന നടത്താതെ ഉപരിപ്ലവമായി ആണാധികാരമെന്നും, സ്ത്രീ പുരുഷ തുല്യതയെന്നും അപഗ്രാധിക്കുന്നതിനെ പറ്റി സനലേട്ടന്‍ യുക്തിപൂര്‍വമായ വിമര്‍ശനം നടത്തുന്നു. പ്രഗത്ഭ മനഃശാസ്ത്രജ്ഞനായ ഫ്രോയിഡ് ന്റെ ജീവിതവും അദ്ദേഹത്തിന്റെ നിലപാടുകളും സനലേട്ടന്‍ എഴുതുന്നു. ശേഷം ഫ്രോയിഡാനന്തര മനഃശാസ്ത്ര ലോകം എങ്ങനെ കുറ്റവാളികളുടെ മനോനിലയെ പഠിക്കാതെ അവഗണിക്കുന്നു എന്നുമെഴുതുന്നു. പാലാ സെന്റ് തോമസ് കോളേജിലെ സംഭവത്തില്‍ കുറ്റവാളിയുടെ ഇരയെ തെരഞ്ഞെടുക്കലിലെ ആധിപത്യരാഷ്ട്രീയം തുറന്ന് കാട്ടുന്നു.ഈ അടുത്ത് കണ്ട ങകചഉ ഒഡചഠഋഞ എന്ന ഇംഗ്ലീഷ് സീരിസ് ല്‍ കുറ്റവാളികളുടെ മനഃശാസ്ത്രത്തെപ്പറ്റി പഠിക്കേണ്ടതിന്റെ പ്രസക്തി ചര്‍ച്ച ചെയ്ത് പോവുന്നത് കണ്ടിട്ടുണ്ട്. കാലികമായ ഈ വിഷയത്തെ യുക്തിപൂര്‍വം അപഗ്രധിക്കുന്ന ഒരെഴുത്തുകാരനെന്ന നിലയില്‍ ഒരു ചോദ്യം. എങ്ങനെയാണ് അക്കാദമിക തലങ്ങളില്‍ ഈ വിഷയത്തെ പറ്റി പ്രായോഗികമായ ഒരവബോധം സ്ഥാപിക്കാനാവുക? ഈ വിഷയത്തെക്കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ സാമൂഹിക ചിന്താധാരയില്‍ ഏതെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്?എനിക്ക് തോന്നുന്നു പാശ്ചാത്യ സമൂഹം ഈ വിഷയത്തില്‍ ഒന്ന് കൂടി മുന്നിട്ട് കാര്യങ്ങളെ ശ്രദ്ധയോടെ നോക്കികാണുന്നുവെന്ന്. നമ്മുടെ ചെറിയ രാജ്യത്ത് മനഃശാസ്ത്രപരമായും ക്രിമിനോളജി പരമായും ഏറെ പ്രസക്തിയുള്ള ഈ വിഷയത്തില്‍ ഇനിയും വിപുലീകരണങ്ങള്‍ എന്തെല്ലാം കൊണ്ടുവരേണ്ടതുണ്ട്. അതിന്റെ പ്രായോഗികത്മകമായ തലത്തെപ്പറ്റി പറയാമോ?എങ്ങനെയാണ് വ്യവസ്ഥ വിഴുങ്ങുന്ന ഒരേ ഇരയെയും വേട്ടക്കാരനെയും സഹജീവികളെന്ന നിലയില്‍ നമുക്ക് രക്ഷിക്കാനാവുക?
ഉത്തരം 7
ജനക്കൂട്ടത്താല്‍ നയിക്കപ്പെടുന്ന ഒരു ഭരണകൂടമാണ് നമ്മുടേത്. മറിച്ച് അധികാരികള്‍ ഭരണം അടക്കിവാഴുകയല്ല. ‘അടക്കിവാഴല്‍’ എന്നതിനെ പുരോഗമനപരമായാണ് ഇവിടെ പറഞ്ഞുവക്കുന്നത്. ഞാന്‍ ഏതാനും മാസങ്ങള്‍ മുന്‍പ് എഴുതിയ ‘ജനാധിപത്യം അതിന്റെ നാഥനെ തിരയുന്ന കാലം’ എന്ന ലേഖനത്തില്‍ സന്ദീപ് ഇവിടെ ഉന്നയിക്കുന്ന ആശങ്കകള്‍ വിലയിരുത്തപ്പെടുന്നുണ്ട്. യുവ ഡോക്ടറുടെ കൊലപാതകത്തോടെ സത്വരവും ദുരുപയോഗ സാധ്യത ഏറെയുള്ളതുമായ നിയമനിര്‍മാണം നടന്നത് (ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം ചെറുക്കുന്ന നിയമം) മുന്‍നിര്‍ത്തി ഭരണകൂടം എപ്രകാരം ജനദാസന്മാരായി മാറുന്നു എന്നാണ് പ്രസ്തുത ലേഖനം പൊതുവില്‍ പറയുന്നത്. കെട്ടുറപ്പുള്ള ഒരു ഭരണകൂടത്തിനെ പക്വതയുള്ള പൗരന്മാരെ നിര്‍മിക്കാനാവൂ എന്ന് ഞാന്‍ കരുതുന്നുണ്ട്. തന്നെ ക്രൂരനായ ഒരു ജനനേതാവായി കണ്ടിരുന്ന യൂറോപ്പിനോട് ‘ക്രൂരന്മാരായ നേതാക്കള്‍ അതി ക്രൂരന്മാരായ നേതാക്കളാല്‍ പകരംവക്കപ്പെടും’ എന്ന് പ്രസ്താവിച്ച ചെ ഗുവേരയെ ഉദ്ധരിച്ചുകൊണ്ട് അവസാനിക്കുന്നതാണ് ഇവിടെപ്പറയുന്ന ലേഖനം. ധിഷണാശാലികളായ നേതൃത്വ നിരയെ എല്ലാ കാലങ്ങളും ആവശ്യപ്പെടുന്നു എന്നും ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ ഇന്ന് ഭരണത്തിലിരിക്കുന്ന ഫാസിസ്റ്റ് ശക്തിയെ മാധ്യമങ്ങളിലൂടെയും അല്ലാതെയും ബൗദ്ധികമായി നേരിടുന്നവര്‍ പോലും ജനസാമാന്യത്താല്‍ ‘തിരഞ്ഞെടുക്കപ്പെട്ട’ ഒരു ഭരണകൂടമാണ് നമ്മുടേത് എന്ന് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്. ജനത്തെ, അതിന്റെ സിംഹഭാഗത്തെ തള്ളിപ്പറയാന്‍ കഴിയാത്തിടത്താണ് ഇവിടെ ഉന്നയിക്കപ്പെട്ട സകല പ്രശ്‌നങ്ങളുടെയും കാതല്‍ ഉള്ളടങ്ങിയിരിക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചോദ്യം 8
പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ലേഖനത്തില്‍ പറയുന്നത് പോലെ ആഗോളവല്‍കരണത്തിനു ശേഷം സമൂഹത്തില്‍ കമ്പോളത്തില്‍ വിറ്റുപോവുന്ന ഉത്പന്നങ്ങള്‍ക്ക് പോലും ആര്യന്‍ പേരുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ബ്രാഹ്മിന്‍സ് അച്ചാറും സാമ്പാര്‍ പൊടിയും വാങ്ങാന്‍ തിടുക്കം കൂട്ടുന്ന സാമൂഹിക മാനസികാവസ്ഥയെ അദ്ദേഹം തന്റെ ലേഖനത്തില്‍ കളിയാക്കുന്നുണ്ട്. കൂടാതെ എം. ടി., ആനന്ദ്, ഓ. വി. വിജയന്‍ തുടങ്ങിയ എഴുത്തുകാരുടെ ഭാഷയില്‍ അവരെഴുതികാണിച്ച അടിച്ചമര്‍ത്തപ്പെട്ട സമൂഹം കേവലം സഹതാപമനസ്സിന്റെ ഉത്പ്പന്നമാണെന്നും എഴുതുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സഹതാപമല്ല ദുരവസ്ഥകളുടെ അനുഭവ സൃഷ്ടികളായിരുന്നു വേണ്ടതെന്നും പ്രദീപന്‍ പാമ്പിരിക്കുന്ന് അടിവരയിടുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ നാലുകെട്ടും നടുമുറ്റവും നഷ്ട പ്രതാപവും നിറഞ്ഞു നിന്ന ആര്യന്‍ ബോധത്തിന്റെ പൊളിച്ചെഴുത്തായിരുന്നില്ലേ ബഷീറിന്റെ കഥകളും ഭാഷയുമെല്ലാം.ബഷീര്‍ മലയാളത്തില്‍ ഒരുതരം സ്വാഭാവിക ഭാഷയിലൂടെ തന്റെ ശൈലിയില്‍ കൊണ്ട് വന്ന ഈ അപനിര്‍മാണത്തെ ഒരു സാഹിത്യ സിദ്ധാന്തത്തോട് സനലേട്ടന്‍ ചേര്‍ത്തുവയ്ക്കുന്നതെങ്ങനെയാണ്.? അതിന്റെ ഭാവിയിലെ സാധ്യതകള്‍ എന്തെല്ലാമാണ്.?
ഉത്തരം 8
‘പരിമിതികള്‍ക്കകത്തെ പരമാവധി ആനന്ദം’ എന്നതായിരുന്നു ബഷീറിന്റെ മുദ്രാവാക്യം എന്നാണ് ഞാന്‍ കരുതുന്നത്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ജിയോ ബേബി സിനിമയില്‍ വീട്ടുവേലക്കാരിയായ ഒരു അസവര്‍ണ സ്ത്രീ താന്‍ തൊഴിലെടുക്കുന്ന വീടിന്റെ വലിപ്പത്തെ അപേക്ഷിച്ച് താരതമ്യേന തീരെച്ചെറിയ വീടുള്ളതില്‍ താന്‍ ‘ഭാഗ്യവതിയാണ്’ എന്ന് പ്രസ്താവിക്കുന്നുണ്ട്. വീട്ടമ്മ അതിനെ ശരിവക്കുകയും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിചിത്രമായ സംഭാഷണമാണത്. കീഴാള വിഭാഗങ്ങളില്‍ നിന്നും പ്രതീക്ഷിച്ചുകൂടാത്തത് എന്നും പറയാം. സൈദ്ധാന്തികമായി ആലോചിച്ചാല്‍ റോസാ ലക്‌സംബര്‍ഗിനെയാണ് ഇതോട് ചേര്‍ത്തു വായിക്കാന്‍ കഴിയുക. സമ്പന്നരെ ആരാധിക്കുകയും അവരായിത്തീരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന അടിസ്ഥാന വര്‍ഗത്തെക്കൊണ്ട് വിപ്ലവം സാധ്യമല്ല എന്നാണ് അവരുടെ വാദം. തൊഴിലാളിയുടെ കൊച്ചുമുറിയില്‍ അടുപ്പിനും കിടക്കക്കും നടുവില്‍ ഒരു ബ്ലാക് ബോര്‍ഡ് കൂടി സ്ഥാനം പിടിക്കേണ്ടതുണ്ട് എന്ന വാള്‍ട്ടര്‍ ബെന്യാമിന്റെ വാചകങ്ങളും ഇവിടെ ഓര്‍ക്കാം. പ്രദീപന്‍ പാമ്പിരികുന്ന് മലയാളം ഇതുവരേക്കും കണ്ട ജൈവ ബുദ്ധിജീവികളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ്. ആധുനികതയെ അദ്ദേഹം നോക്കിക്കാണുന്ന രീതിയെ ഭാഗികമായി മാത്രമെ ഞാന്‍ അംഗീകരിക്കുന്നുള്ളു. മോഡേണ്‍ എഴുത്തുകാര്‍ ഉള്ളില്‍ പേറിയ വിഷാദാത്മകത വ്യക്തിഗതമായ പരിവര്‍ത്തനങ്ങള്‍ക്ക് ഉതകുന്നവയാണ് എന്നാണ് എന്റെ പക്ഷം. അത് ആ കാലഘട്ടത്തില്‍ അത്തരമൊരു നിലയില്‍ പ്രവര്‍ത്തിച്ചില്ലെന്നൊ നടപ്പുകാലത്തോട് നീതി പുലര്‍ത്തിയില്ലെന്നൊ വരാം. ഏകകാലാത്മകമായ നിലനില്‍പ്പല്ല എഴുത്തിനുള്ളത് എന്ന് തികച്ചും വിശ്വാസിക്കുന്ന ഒരാളാണ് ഞാന്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in