ഓണക്കിറ്റല്ല, പണമാണ് നല്‍കേണ്ടത്, ആവശ്യക്കാര്‍ക്ക് അവകാശമായി…..
നിരവധി മാളുകളുള്ള വ്യാപാരികള്‍ക്കും കോടികളുടെ ആസ്തിയുള്ള വ്യവസായികള്‍ക്കും ആറക്കവേതനം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രൊഫസര്‍മാര്‍ക്കും ബാങ്ക് മാനേജര്‍മാര്‍ക്കും മന്ത്രിമാര്‍ക്കും കോടികള്‍ പ്രതിഫലം വാങ്ങുന്ന മെഗാസ്റ്റാറിനും ലക്ഷങ്ങള്‍ റോയല്‍റ്റി ലഭിക്കുന്ന എഴുത്തുകാര്‍ക്കും ഓണത്തിനു വലിയ ബോണസ്സും അഡ്വാന്‍സും മറ്റും ലഭിക്കുന്ന സംഘടിത വിഭാഗങ്ങള്‍ക്കും ഒപ്പം കോവിഡ് കാലം തകര്‍ത്തുതരിപ്പണമാക്കിയ ചെറുകിട സംരംഭകര്‍ക്കും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അസംഘടിത തൊഴിലാളികള്‍ക്കുമെല്ലാം കൊടുക്കുന്നത് നാനൂറോളം രൂപ വിലയുള്ള കിറ്റ്. ഓണമാഘോഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് മാത്രമായി പണമായി കൊടുത്താല്‍ ഒരു കുടുംബത്തിനു രണ്ടായിരം രൂപയെങ്കിലും നല്‍കാനാവുമെന്നതാണ് വസ്തുത. അതാണ് ജനപക്ഷത്തുനില്‍ക്കുന്ന, അല്ലെങ്കില്‍ മാനുഷരെല്ലാരും ഒന്നുപോലെയെന്ന സന്ദേശം നല്‍കുന്ന മാവേലിയോട് നീതി പുലര്‍ത്തുന്നവര്‍ ചെയ്യേണ്ടത്.
ഈ വര്‍ഷവും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണകിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒറ്റകേള്‍വിയില്‍ ആരും കയ്യടിക്കുമെന്നുറപ്പ്. . മാവേലി നാടുവാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ എന്നു പറയുന്ന പോലെ പ്രതിമാസം ലക്ഷകണക്കിനു രൂപ വരുമാനമുള്ളവരേയും നാലക്കവരുമാനം പോലുമില്ലാത്തവരേയും ഒരുപോലെ കണ്ടാണ് കിറ്റ് നല്‍കുന്നത്. ഒരുപക്ഷെ ഇതായിരിക്കാം സോഷ്യലിസം. ഭരണത്തുടര്‍ച്ചക്ക് കാരണമായി ഭൂരിഭാഗം പേരും വിലയിരുത്തുന്ന ഒന്നാണ് കൊവിഡ് കാലത്തു നല്‍കിയ കിറ്റുകള്‍ എന്നതിനാല്‍ തന്നെ ഈ പദ്ധതിയുടെ സ്വാധീനത്തെ കുറിച്ച് സര്‍ക്കാരിനും നന്നായറിയാം. അതിനാല്‍ തന്നെ ഏത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഓണക്കിറ്റുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നുറപ്പ്. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.
തങ്ങള്‍ക്കു വോട്ടുകിട്ടുന്ന പദ്ധതികള്‍ ഏതു സര്‍ക്കാരും നടപ്പാക്കുന്നത് സ്വാഭാവികം. എന്നാലത് രാഷ്ട്രീയമായി എത്രമാത്രം ശരിയാണെന്നു പരിശോധിക്കാന്‍ ആര്‍ക്കും അവകാശവുമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ഏറെക്കുറെ സന്നദ്ധ പ്രവര്‍ത്തനമായി മാറിയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വലിയ പോരാട്ടങ്ങള്‍ നടത്തിയ പാരമ്പര്യമുള്ള യുവജനസംഘടനകള്‍ പോലും ഇപ്പോള്‍ പ്രധാനമായുിം ചെയ്യുന്നത് സന്നദ്ധ പ്രവര്‍ത്തനമാണ്. (അതേസമയം ഇതിന്റെ ഉയര്‍ന്ന രൂപമായ ട്വന്റി – 20യെയോ ആം ആദ്മിയേയോ അരാഷ്ട്രീയമാണെന്നു വിശേഷിപ്പിക്കാനും നമുക്ക് മടിയില്ല. കര്‍ക്കടക വാവുദിവസം ഈ സന്നദ്ധപ്രവര്‍ത്തനം എവിടെവരെയെത്തി എന്നതും കേരളം കണ്ടല്ലോ) കൊവിഡിന്റെ ആദ്യസമയത്ത്, പ്രത്യേകിച്ച് ലോക് ഡൗണും മറ്റും നിലനില്‍ക്കുകയും ജനങ്ങള്‍ പരമാവധി വീടുകളിലിരിക്കുകയും ചെയ്തിരുന്ന കാലത്ത് എല്ലാവര്‍ക്കും കിറ്റ് വിതരണം പ്രസക്തമായിരുന്നു. എന്നാല്‍ അതാണോ ഇപ്പോഴുമാവശ്യം എന്നതാണ് പരിശോധിക്കേണ്ടത്. കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്നാണല്ലോ സങ്കല്‍പ്പം. എങ്കിലത് ആഘോഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതാണ് സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടത്. അതായത് ഓണം ഏറ്റവും ചുരുങ്ങിയ രൂപത്തിലെങ്കിലും ആഘോഷിക്കാന്‍ കഴിവ്ല്ലാത്തവര്‍ക്ക് ആ അവകാശം അംഗീകരിച്ചുകൊടുക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അങ്ങനെയുള്ളവര്‍ക്ക് അവരുടെ അവകാശമായി, ഔദാര്യമായല്ല, ഒരു തുക അക്കൗണ്ടിലിട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എന്നാല്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത്? നിരവധി മാളുകളുള്ള വ്യാപാരികള്‍ക്കും കോടികളുടെ ആസ്തിയുള്ള വ്യവസായികള്‍ക്കും ആറക്കവേതനം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രൊഫസര്‍മാര്‍ക്കും ബാങ്ക് മാനേജര്‍മാര്‍ക്കും മന്ത്രിമാര്‍ക്കും കോടികള്‍ പ്രതിഫലം വാങ്ങുന്ന മെഗാസ്റ്റാറിനും ലക്ഷങ്ങള്‍ റോയല്‍റ്റി ലഭിക്കുന്ന എഴുത്തുകാര്‍ക്കും ഓണത്തിനു വലിയ ബോണസ്സും അഡ്വാന്‍സും മറ്റും ലഭിക്കുന്ന സംഘടിത വിഭാഗങ്ങള്‍ക്കും ഒപ്പം കോവിഡ് കാലം തകര്‍ത്തുതരിപ്പണമാക്കിയ ചെറുകിട സംരംഭകര്‍ക്കും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അസംഘടിത തൊഴിലാളികള്‍ക്കുമെല്ലാം കൊടുക്കുന്നത് നാനൂറോളം രൂപ വിലയുള്ള കിറ്റ്. കോവിഡ് കാലത്ത് , ജീവിതത്തിലാദ്യമായി റേഷന്‍ കടയിലേക്ക് വിനോദയാത്രപോയി കിറ്റുമായി വരുന്ന പടമിട്ട് കോള്‍മയിര്‍ കൊണ്ട, വര്‍ഷം തോറും ലക്ഷങ്ങള്‍ റോയല്‍റ്റി കിട്ടുന്ന എഴുത്തുകാരനെ മറക്കാറായിട്ടില്ലല്ലോ. (അതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് നടന്നില്ലെന്നത് വേറെ കാര്യം.) ഓണമാഘോഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് മാത്രമായി പണമായി കൊടുത്താല്‍ ഒരു കുടുംബത്തിനു രണ്ടായിരം രൂപയെങ്കിലും നല്‍കാനാവുമെന്നതാണ് വസ്തുത. അതാണ് ജനപക്ഷത്തുനില്‍ക്കുന്ന, അല്ലെങ്കില്‍ മാനുഷരെല്ലാരും ഒന്നുപോലെയെന്ന സന്ദേശം നല്‍കുന്ന മാവേലിയോട് നീതി പുലര്‍ത്തുന്നവര്‍ ചെയ്യേണ്ടത്. കിറ്റുകള്‍ വേണ്ടാത്തവര്‍ക്ക് നിരസിക്കാനുള്ള അവസരമുണ്ടെന്ന ന്യായീകരണവും കേള്‍ക്കാറുണ്ട്. ആറക്ക വേതനമുള്ള ഡോക്ടര്‍മാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ പാവപ്പെട്ടവരില്‍ നിന്ന് ആയിരവും രണ്ടായിരവുമൊക്കെ കോഴ വാങ്ങുന്ന നാട്ടിലാണ് ഇതു പറയുന്നത് !
കൊവിഡ് കാലത്തുതന്നെ കിറ്റല്ല, പണമാണ് നല്‍കേണ്ടതെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികള്‍ പോലും കേന്ദ്രത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ നടന്നത് കിറ്റ് വിതരണം തന്നെയായിരുന്നു. (പണം നല്‍കിയാല്‍ അത് മദ്യത്തിനായി ചിലവഴിക്കുമെന്ന ആക്ഷേപവും ഉന്നയിക്കപ്പെട്ടിരുന്നു. ഒരുപക്ഷെ അതുകൊണ്ടായിരിക്കും ശമ്പളവും പെന്‍ഷനുമൊക്കെ കൊടുക്കുന്ന ഒന്നാം തിയതി മദ്യഷാപ്പുകളക്ക് അവധി കൊടുത്തിരിക്കുന്നത്.) നമ്മുടെ സ്വാതന്ത്ര്യത്തിന്റേയും അന്തസ്സിന്റേയും ഒരു വിഷയം കൂടി ഇതിനകത്തുണ്ട്. ഭരണകൂടം നല്‍കുന്നത് കൈനീട്ടി വാങ്ങുന്നതല്ല, ആവശ്യത്തിനും ഇഷ്ടത്തിനുമനുസരിച്ച് തെരഞ്ഞെടുക്കാനുള്ള അവകാശമാണ് പ്രധാനം. കാരണം ഇതു രാജഭരണമോ നമ്മള്‍ പ്രജകളോ അല്ലല്ലോ. അടുക്കളയലാണെങ്കിലും ഓരോരുത്തരുടേയും ആവശ്യങ്ങളും മുന്‍ഗണനകളും വ്യത്യസ്ഥമാണ്. അതുപരിശോധിക്കാതെ എല്ലാവര്‍ക്കും ഒരേ സാധനങ്ങള്‍ നല്‍കുന്നതു തന്നെ ശരിയാണോ? പഞ്ചസാരയും ശര്‍ക്കരയും പപ്പടവും ഉഴുന്നും കശുവണ്ടിയും നെയ്യുമൊക്കെ ഉപയോഗിക്കാത്ത എത്രയോ പേരെ കാണിച്ചുതരാം. മാത്രമല്ല, നേരത്തെ നല്‍കിയ കിറ്റുകളിലെ പല വിഭവങ്ങളുടേയും ഗുണനിലവാരത്തെ കുറിച്ച് പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതു പറഞ്ഞവരോട് കിട്ടിയതു വാങ്ങി പോകാന്‍ നോക്ക് എന്നായിരുന്നു ഭരണകൂടത്തിനു വേണ്ടി കയ്യടിച്ചു മാത്രം പരിചയമുള്ള പലരും ആക്ഷേപിച്ചത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനെല്ലാം പുറമെ കൊവിഡ് കാലത്ത് കിറ്റുകളുമായി ബന്ധപ്പെട്ട് പല അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. 50 ഗ്രാം ശര്‍ക്കര കുറവാണെന്നു പറഞ്ഞവരും അധിക്ഷേപിക്കപ്പെട്ടു. ലക്ഷകണക്കിനു കിറ്റില്‍ 50 ഗ്രാം വീതം ശര്‍ക്കര കുറഞ്ഞാല്‍ അത് വന്‍ അഴിമതിയല്ലാതെ മറ്റെന്താണ്? ഇനി അഴിമതി നടന്നില്ലെങ്കിലും അത്രവലിയ വ്യാപാരത്തിന്റെ ഭാഗമായി മറിയിട്ടുള്ള കമ്മീഷന്‍ തുകതന്നെ കോടികള്‍ ഉണ്ടാകില്ലേ? ഇതിനെല്ലാം പുറമെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നതിനായി ചിലവഴിക്കുന്ന ആയിരകണക്കിനു മനുഷ്യാധ്വാന ദിനങ്ങളെന്നതും കാണേണ്ടതുണ്ട്. പണം അക്കൗണ്ടിലിടുകയല്ലെങ്കില്‍, ചെയ്യാവുന്ന മറ്റൊരു കാര്യം അര്‍ഹതപ്പെട്ടവര്‍ക്ക് കൂപ്പണ്‍ നല്‍കി സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ളത് വാങ്ങാനവസരം നല്‍കുക എന്നതാണ് . അപ്പോഴും ഇപ്പോഴത്തെ അനാവശ്യമായ അധ്വാനത്തിന്റെ നൂറിലൊരു ഭാഗം അധ്വാനം പോലും വേണ്ടിവരില്ല. ഓരോ അടുക്കളയിലും എന്താണ് ആവശ്യമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നതിനു പകരം ആവശ്യക്കാര്‍ക്ക് തീരുമാനിക്കാനുമാകും നാമെന്തു ഭക്ഷിക്കണമെന്നു തീരുമാനിക്കുന്നത് ഭരണകൂടമല്ല എന്ന മുദ്രാവാക്യമുയര്‍ന്നിട്ടും അധികകാലമായിട്ടില്ലല്ലോ. കേവലം കയ്യടിക്കല്ല, പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത മൂലമാണ് കിറ്റ് നല്‍കുന്നതെങ്കില്‍ തീരുമാനം ഇത്തരത്തില്‍ മാറ്റുകയാണ് വേണ്ടത്.
രണ്ടുവിഷയങ്ങള്‍ കൂടി ഇതുമായി ബന്ധപ്പെട്ട് ചൂണ്ടികാട്ടട്ടെ. ഒന്നു മദ്യവും മറ്റൊന്ന് ഭാഗ്യക്കുറിയുമായും ബന്ധപ്പെട്ട്. പ്രബുദ്ധമായൊരു സമൂഹത്തിനു യോജിക്കാത്ത ഇതു രണ്ടിലും ഇന്ത്യയില്‍ തന്നെ മുന്നിലാണ് നമ്മള്‍. പല സംസ്ഥാനങ്ങളും ഇതു രണ്ടും നിരോധിച്ചിട്ടുണ്ട്. മദ്യപാനം ശരിയല്ല എന്നു ഭൂരിഭാഗവും പറയുന്ന നാടാണ് കേരളം. എന്നാല്‍ സര്‍ക്കാരിന്റെ ഏറ്റവും പ്രധാന വരുമാന മാര്‍ഗ്ഗം മറ്റൊന്നല്ല. എന്നാല്‍ അതിനകത്തെ വന്‍ചൂഷണത്തെ കുറിച്ച് കാര്യമായി ആരും സംസാരിക്കാറില്ല. ലോകത്തെവിടേയും കാണാത്ത രീതിയില്‍ ഉല്‍പ്പാദനചിലവിന്റെ എത്രയോ മടങ്ങാണ് കേരളത്തില്‍ മദ്യത്തിന്റെ വിലയായി ഈടാക്കുന്നത് എന്നതാണത്. ഇതിനേക്കാള്‍ വലിയ കൊള്ള എവിടേയും കാണാന്‍ ഇടയില്ല. എന്നാല്‍ മദ്യപാനം ശരിയല്ല എന്ന, പറയുന്നവര്‍ പോലും പാലിക്കാത്ത നിലപാടില്‍ നിന്ന് ഈ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ കൊള്ളയാകട്ടെ വര്‍ഷം തോറും കൂടിവരുന്നു. ഓണക്കാലത്താണ് ഏറ്റവുമധികം മദ്യം ചിലവാകുക. ഭാഗ്യക്കുറിയുടെ കാര്യമാകട്ടെ മദ്യത്തേക്കാള്‍ രൂക്ഷമാണ്. പലര്‍ക്കും മദ്യലഹരിയേക്കാള്‍ കൂടുതലാണ് ഭാഗ്യക്കുറി ലഹരി. ഭാഗ്യം വില്‍ക്കുന്ന സര്‍ക്കാരും വാങ്ങുന്ന ജനങ്ങളുമായി ന്മമള്‍ മാറിയിരിക്കുന്നു. ഇത്തവണയിതാ ഒരിക്കലും ഉണ്ടായിട്ടില്ലാത്തപോലെ ഇരുപത്തിയഞ്ച് കോടിയാണ് ഒന്നാം സമ്മാനതുക. ടിക്കറ്റ് വിലയാകട്ടെ അഞ്ഞൂറ് രൂപ, കിറ്റിനേക്കാള്‍ കൂടുതല്‍. കണക്കുനോക്കിയാല്‍ മദ്യവും ഭാഗ്യക്കുറിയും വഴിതന്നെ ഓണക്കിറ്റിനു വരുന്ന ചിലവിന്റെ വലിയൊരു ഭാഗം സര്‍ക്കാരിനു ലഭിക്കും എന്നതുകൂടി കൂട്ടിവായിക്കേണ്ടതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in