തട്ടകത്തിന്റെ കഥാകാരന് ജന്മശതാബ്ദി
കോവിലന്റെ കൃതികളെ പ്രതീക്ഷിച്ചു കാത്തിരുന്ന വലിയൊരു വായനാസമൂഹം ഒരിക്കലും ഉണ്ടായിരുന്നില്ല. മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ സൌന്ദര്യവും ശക്തിയും തേടി ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനെ തേടിപ്പോകുകയും മാര്‍ക്കേസിന്റെ കൃതികളെ ആരാധിക്കുകയും ചെയ്ത മലയാളിയോട്, എന്റെ നോവലുകള്‍ വായിച്ചിട്ടില്ലേയെന്ന് ഈ കഥാകാരന് ചോദിക്കേണ്ടി വന്നുവെന്ന് ഓര്‍ക്കുക! കോവിലനെ കുറിച്ചുള്ള വലിയ വായനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ജീവത് സാഹിത്യപ്രസ്ഥാനത്തിന്റേയും ആധുനികതാവാദത്തിന്റേയും ഉത്തരാധുനികതയുടേയും ഉച്ചകാലങ്ങളില്‍ എഴുത്തുകാരനായി ജീവിക്കുമ്പോള്‍ തന്നെ ആ പ്രസ്ഥാനഗണിതങ്ങളില്‍ ഉള്‍പ്പെടാതിരിക്കുകയും ഈ മണ്ണിന്റേയും അടിസ്ഥാനജനവിഭാഗങ്ങളുടേയും കഥ എഴുതുകയും ചെയ്ത കഥാകാരനായിരുന്നു കോവിലന്‍. പട്ടാളബാരക്കുകളിലെ നിശ്ചേതനമായ ജീവിതത്തെ കുറിച്ചും അധികാരത്തിന്റെ ബഹുരൂപമാര്‍ന്ന നൃശംസപ്രവര്‍ത്തനങ്ങളെ കുറിച്ചും പെണ്ണിന്റെ വേദനകളേയും യാതനകളേയും കുറിച്ചും വിശപ്പിനെ കുറിച്ചും എഴുതിയ കോവിലന്‍ സമൂഹത്തിലെ സവിശേഷമണ്ഡലങ്ങളിലെല്ലാം തന്റെ ശ്രദ്ധ പതിപ്പിക്കുകയും അടിസ്ഥാനവര്‍ഗത്തിന്റെ ദര്‍ശനത്തിലൂടെ അവയെ നോക്കിക്കാണുകയും ചെയ്തു. നമ്മുടെ ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വര്‍ഗരാഷ്ട്രീയത്തിനു പുറത്തെ സവിശേഷപ്രശ്‌നങ്ങളെ കാണുന്നതിനുള്ള ശേഷി ആര്‍ജ്ജിക്കുന്നതിനു മുന്നേ തന്നെ ഈ എഴുത്തുകാരന്‍ തന്റെ ഉള്‍പ്രേരണ കൊണ്ട് ആ വഴിയെ സഞ്ചരിച്ചു തുടങ്ങിയിരുന്നു. ദലിത് സാഹിത്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ സജീവമാകുന്നതിനും എത്രയോ മുന്നെ കോവിലന്‍ തട്ടകം എഴുതിക്കഴിഞ്ഞിരുന്നു. അത് ഈ എഴുത്തുകാരന്റെ ദേശത്തിന്റെ കഥ കൂടിയായിരുന്നു. ദേശചരിത്രത്തെ അതിന്റെ മുഴുവന്‍ പൊലിമയിലും മലയാളഗദ്യത്തില്‍ ആദ്യമായി എഴുതുന്നത് കോവിലനായിരുന്നു. ഉണ്ണിമോളുടെ കഥയെഴുതിയ ‘തോറ്റങ്ങളി’ല്‍ സ്ത്രീജീവിതത്തിന്റെ അതേവരെ രേഖപ്പെടാത്ത മുഹൂര്‍ത്തങ്ങളാണ് ആവിഷ്‌കൃതമായത്. Kovilan was the storyteller who wrote the story of this land, the basic people and hunger.
അനീതിക്കെതിരായ രോഷങ്ങള്‍ രൂക്ഷവിമര്‍ശനങ്ങളായി ഈ കഥാകാരന്റെ വാക്കുകളില്‍ അഗ്‌നി നിറച്ചു. ഐ.ഐ.ടിയുടെ പശ്ചാത്തലത്തില്‍ കോവിലന്‍ എഴുതിയ ‘ഭരതന്‍’ എന്ന നോവല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളോടൊപ്പം അതിന്റെ പ്രത്യയശാസ്‌ത്രോപകരണങ്ങളും വ്യവസ്ഥയുടെ മൂല്യങ്ങളെ എങ്ങനെ സംരക്ഷിക്കുകയും ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നുവെന്ന് പരിശോധിക്കുന്ന മലയാളത്തിലെ ആദ്യത്തെ ആഖ്യാനമായിരുന്നു. ലൂയി ആല്‍ത്തൂസറുടേയും മറ്റും സൈദ്ധാന്തികവിശകലനങ്ങള്‍ക്ക് നോവലിന്റെ ഭാഷ നല്‍കിയ ഈ കൃതി വ്യവസ്ഥയുടെ വരേണ്യമായ നീതിബോധത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്. എന്നാല്‍, കോവിലന്റെ രചനകളെ പട്ടാളക്കഥകള്‍ എന്നു വിളിച്ച സന്ദര്‍ഭമുണ്ടായിരുന്നു. ഈ വര്‍ഗീകരണം മലയാളിയായ കോവിലനെ മലയാളിക്കു മനസ്സിലാകുന്നില്ലെന്നു് സ്ഥാപിക്കുകയായിരുന്നു. കരുത്തിന്റെ കഥാകാരന്റെ രചനകളിലെ അകംപൊരുളിനെ ഉള്‍ക്കൊള്ളാനാവാതെ ഇകഴ്ത്തലായി പരിണമിച്ച പ്രശംസയായിരുന്നു അത്. മലയാളസാഹിത്യത്തിന് അപരിചിതമായ ചില രാഷ്ട്രീയവ്യവഹാരങ്ങളെ നോവല്‍കലയിലൂടെ ആവിഷ്‌ക്കരിക്കുകയായിരുന്നു താഴ്വരകള്‍, എ മൈനസ് ബി, ഹിമാലയം തുടങ്ങിയ ‘പട്ടാളക്കഥകളി’ലൂടെ കോവിലന്‍ ചെയ്തത്. ഹിമാലയം എന്ന നോവലില്‍ രാഷ്ട്രത്തിന്റെ പിതൃഭാവങ്ങളെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ കോവിലന്‍ അവതരിപ്പിച്ചു. മക്കളെ ജഡങ്ങളാക്കി മാറ്റുന്ന അധികാരപ്രമത്തമായ ആധുനിക രാഷ്ട്രഭരണകൂടങ്ങളുടെ പിതൃശാസനകളെ നിഷേധിക്കുന്ന ഒരു വീക്ഷണം ഈ കൃതിയിലുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വിശപ്പിന്റെ കഥാകാരനായിരുന്ന കോവിലന് ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. അധികാരശക്തികള്‍ ആഹാരത്തെ എല്ലാക്കാലത്തും ആയുധമായി ഉപയോഗിച്ചിട്ടുണ്ട്. കോവിലന്‍ എഴുതി ‘മനുഷ്യന്‍ മൃഗമല്ല; നാല്‍ക്കാലിയല്ല, അവന്‍ രണ്ടു കാലുകളില്‍ നില്‍ക്കണം, പക്ഷേ അവന്‍ നിവര്‍ന്നു നില്‍ക്കാന്‍ പാടില്ല. നിവര്‍ന്നു നിന്നാല്‍ അവന്‍ ചോദ്യം ചോദിക്കും. എന്നേയും എന്റെ മക്കളേയും അന്നം മുടക്കി മുട്ടിക്കുന്നത് ആര്? അവന്‍ യാതൊന്നും ചോദിക്കാന്‍ പാടില്ല. അവന്‍ മിണ്ടിപ്പോകരുത്. ശ്….. കാലാകാലത്തും അവന്‍ ഒടിഞ്ഞുതൂങ്ങി നില്‍ക്കട്ടെ’. അവന്റെ ആഹാരം നിഷേധിക്കുക.’ ‘ജന്‍മാന്തരങ്ങള്‍’ എന്ന നോവലിലെ നാലു കഥാപാത്രങ്ങള്‍; അപ്പാപ്പന്‍ കുട്ടി, അഷറഫ്, ഹനീഫ, യാക്കോബ്, ആശുപത്രിയില്‍ ചികിത്സക്കായി കിടക്കുന്ന നാലു പേരും വയറിനു രോഗം ബാധിച്ചവരാണ്. ഈ രോഗികളുടെ അസ്വാസ്ഥ്യവും വിശപ്പും അരിശവും ലോകത്തോടുളള വെറുപ്പും നിറച്ചുവെച്ചിരിക്കുന്ന വാക്യങ്ങള്‍ കോവിലന്‍ എഴുതി. മലയാളഭാഷയില്‍ മരണപൂജക്കുളള കീര്‍ത്തനങ്ങളും രതിയുടെ ഗായത്രികളും നിരാശാബോധത്തിന് സ്തുതികളും എഴുതപ്പെട്ടിരുന്ന ഒരു കാലത്താണ് കരുത്തിന്റേയും ഇരുണ്ടസൌന്ദര്യത്തിന്റേയും കഥാകാരന്‍ വിശപ്പിനെ കുറിച്ച് എഴുതിയത്. മനുഷ്യന്‍ വിശപ്പുള്ള ജീവിയാണെന്നു പറയുന്നത് അവന്റെ മഹനീയതകളെ ഇകഴ്ത്തിക്കാണിക്കലാണെന്നു ലാവണ്യവാദികള്‍ നിരൂപിച്ചുറപ്പിച്ചിരുന്ന സന്ദര്‍ഭമായിരുന്നു അത്. കോവിലന്റെ കൃതികള്‍ വായിച്ചാണ് തങ്ങളുടെ കാഴ്ചയുടെ ദൌര്‍ബല്യങ്ങളും പരിമിതികളും അവര്‍ തിരിച്ചറിഞ്ഞത്.
തട്ടകത്തെ കുറിച്ച്, അത് എത്രയോ വര്‍ഷങ്ങളായി തന്റെ മനസ്സിലുണ്ടായിരു കൃതിയാണെന്ന് കോവിലന്‍ പറഞ്ഞിരിക്കുന്നു. കോവിലന്റെ മനസ്സില്‍ ഈ കൃതി ഏറെ നാള്‍ ഉറഞ്ഞു കിടന്നു. പിന്നെ എഴുതിത്തുടങ്ങിയപ്പോള്‍ ആഗ്രഹത്തിനൊത്ത് നീങ്ങിയില്ല. പന്ത്രണ്ടിലേറെ വര്‍ഷങ്ങള്‍ എഴുതാനായി എടുത്തു. തന്റെ മനസ്സിലുളള കൃതി എഴുതാനാകാതെ എഴുത്തുകാരനില്‍ സംഘര്‍ഷങ്ങള്‍ നിറയ്ക്കുന്ന അവസ്ഥാവിശേഷത്തെ കുറിച്ച് മലയാളി ശരിയായി കേട്ടത് കോവിലന്റെ വാക്കുകളിലൂടെയായിരുന്നു. കോവിലന് രചന അതിക്‌ളിഷ്ടമായ ഒരു പ്രവൃത്തിയായിരുന്നു. ആ തലമുറയില്‍ സൃഷ്ടിയുടെ വേദന ഏറ്റവുമേറെ അറിഞ്ഞ എഴുത്തുകാരന്‍ ഈ കഥാകാരനായിരുന്നു. ഇതിനു കാരണമുണ്ട്. ജീവിതം ലാഘവപൂര്‍വ്വം കോറിയിടാവുന്നതാണെന്ന് അദ്ദേഹം കരുതിയില്ല. വായനക്കാരന്റെ സാമാന്യ അഭിരുചിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് എഴുതാന്‍ കോവിലന്‍ തയ്യാറായിരുന്നുമില്ല. എപ്പോഴും വ്യത്യസ്തതകള്‍ സൃഷ്ടിക്കാനാണ് ആ പ്രതിഭ ആഗ്രഹിച്ചത്. കോവിലന്റെ നോവലുകള്‍ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ രചനാശില്‍പങ്ങളായത് ഇങ്ങനെയാണ്. കോവിലന് ഓരോ കൃതിയിലൂടെയും പുതിയ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇതിന്നായി പുതിയ ഭാഷയും ശൈലിയും സൃഷ്ടിക്കപ്പെട്ടു. ഈ വൃദ്ധന്‍ എപ്പോഴും പുതുക്കിക്കൊണ്ടിരുന്നു, മലയാളത്തിലെ യൌവ്വനങ്ങള്‍ക്കൊന്നും സാദ്ധ്യമാകാതിരുന്ന കാര്യമായിരുന്നു ഇത്. കോവിലന്റെ രചനകളില്‍ അധികമായി എഴുതപ്പെടുന്നതിന്റെ ഭാരങ്ങളില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോവിലന്റെ ഗദ്യം താളസമൃദ്ധമാണ്. തോറ്റങ്ങളിലും തട്ടകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലും ഇത് ഏറെ തെളിഞ്ഞു വായിക്കാം. വാക്കില്‍ നിന്നൂയരുന്ന ദ്രാവിഡവാദ്യങ്ങളുടെ കൊഴുപ്പുറ്റ മേളത്തില്‍ വായനക്കാരന്‍ രസം പിടിച്ചു തലയാട്ടുന്നു.
‘അച്ഛനും അമ്മയും കുഞ്ഞിപ്പെങ്ങളും വന്നു,
ഉണ്ണീരിക്കുട്ടി തുളളിനിന്നു.
ഇളനീര്‍ വെട്ടി കരിക്ക് കൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
ഉണ്ണീരിക്കുട്ടി തുളളിനിന്നു.
കണ്ണഞ്ചിറ കിഴക്കേപ്പാട്ടെക്ക് ആളെ വിട്ടു.
ഉണ്ണീരി അടങ്ങിയില്ല.
കോഴിവെട്ടി കുരുതികൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
കണ്ണഞ്ചിറ പടിഞ്ഞാറേപ്പാട്ടെക്കും ആളു പോയി.
ഉണ്ണീരി അടങ്ങിയില്ല.
ആടുവെട്ടി കുരുതി കൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
കാട്ടുമാടത്തേക്കും കടമറ്റത്തേക്കും ആളയച്ചു,
ഉണ്ണീരി പാര്‍ത്തില്ല. ‘
അനുഭവങ്ങളുടേയും ഭാവനയുടേയും ചരിത്രത്തിന്റേയും കൂടിച്ചേരലില്‍ ഒരു പുതിയ ഐതിഹ്യം രൂപം പൂണ്ടു വികസിക്കുകയാണ്. കോവിലന്‍ പാരമ്പര്യത്തെ കേവലമായി നിഷേധിക്കുന്നില്ല. തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും ഉള്ള ശ്രമത്തിനിടയില്‍ നേരിടേണ്ടിവരുന്ന എല്ലാ സംഘര്‍ഷങ്ങളും കോവിലന്റെ കൃതിയില്‍നിന്ന് വായിച്ചെടുക്കാം. വിരുദ്ധ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ഉഴലുന്ന ഒരു പ്രതിഭ കോവിലനിലുണ്ടായിരുന്നു. കീഴാളമായ ഒരു വര്‍ഗ്ഗനിലപാടിന്റെ ശക്തിയില്‍ ഉറച്ചു നിന്നുകൊണ്ട് ഈ സംഘര്‍ഷങ്ങള്‍ ആവിഷ്‌ക്കൃതമായി. കലാസൃഷ്ടിയുടെ വൈരുദ്ധ്യാത്മകമായ ഉരുവം കൊള്ളല്‍; വൈരുദ്ധ്യങ്ങളുടെ ഐക്യവും സംഘര്‍ഷവും ചേര്‍ന്ന നിര്‍മ്മാണകല, കോവിലന്റെ കൃതികളില്‍ നിന്നാണ് മലയാളിക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നത്. പീഡനത്തിന്നിരയായി മൃതനാകുന്ന സംഘകാലഇതിഹാസത്തിലെ നായകകഥാപാത്രത്തിന്റെ നാമത്തെ തൂലികാനാമമാക്കിയ എഴുത്തുകാരന്‍ തന്റെ വാക്കുകള്‍ കൊണ്ട് എപ്പോഴും പീഡിതരോടൊപ്പം നിന്നു.
കോവിലന്‍ ഒരു നല്ല അനുവാചകനായിരുന്നു. ‘ഖസാക്കിന്റെ ഇതിഹാസം’ പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യമായി പ്രശംസാവചനങ്ങളുമായി എത്തിയവരില്‍ കോവിലനുമുണ്ടായിരുന്നു. മലയാളം ഒരു പുതിയ ഭാഷാശൈലിയെ അനുഭവിച്ചറിയുകയാണെന്ന് അദ്ദേഹത്തിന് പെട്ടെന്നു് ബോദ്ധ്യപ്പെട്ടു. എന്നാല്‍, ആ കൃതി നല്‍കിയ സംവേദനക്ഷമതയിലും അഭിരുചിയിലും തറഞ്ഞുകിടക്കാന്‍ അദ്ദേഹം സ്വയം അനുവദിച്ചില്ല. ‘ഖസാക്കിന്റെ ഇതിഹാസം’ വിജയനെന്ന ഗ്രന്ഥകാരന്റെ മാത്രം സര്‍ഗശേഷിയെ തെളിയിച്ച കൃതിയല്ലെന്ന്, എങ്ങനെയൊക്കെയോ അതില്‍ തന്റെ സര്‍ഗശേഷി കൂടി വിലയിച്ചു കിടക്കുന്നുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയുന്ന മലയാള എഴുത്തുകാരന്‍ കോവിലന്‍ മാത്രമായിരുന്നു; അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കില്‍ കൂടി.
കോവിലന്റെ കൃതികളെ പ്രതീക്ഷിച്ചു കാത്തിരുന്ന വലിയൊരു വായനാസമൂഹം ഒരിക്കലും ഉണ്ടായിരുന്നില്ല. മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ സൌന്ദര്യവും ശക്തിയും തേടി ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനെ തേടിപ്പോകുകയും മാര്‍ക്കേസിന്റെ കൃതികളെ ആരാധിക്കുകയും ചെയ്ത മലയാളിയോട്, എന്റെ നോവലുകള്‍ വായിച്ചിട്ടില്ലേയെന്ന് ഈ കഥാകാരന് ചോദിക്കേണ്ടി വന്നുവെന്ന് ഓര്‍ക്കുക! കോവിലനെ കുറിച്ചുള്ള വലിയ വായനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
(2010ല്‍ എഴുതി അകം മാസികയില്‍ പ്രസിദ്ധീകരിച്ചത്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in