‘ജീവന്റെ” രാഷ്ട്രീയം (”bio’/ ‘zoe’ Politics)

‘അസാധ്യ’ത്തിന്റെ രാഷ്ട്രീയം, ‘നവനവീനം’ എന്നിങ്ങനെ നാം നിര്‍വ്വചിച്ച ഈ കര്‍ഷകപ്രക്ഷോഭത്തെ അതിന്റെ പൂര്‍ണ്ണ വിവക്ഷകളോടെ അടയാളപ്പെടുത്തുവാന്‍ മറ്റൊരു പേരു കൂടി ഇവിടെ നിര്‍ദ്ദേശിക്കുന്നു: ‘ജീവന്റെ’ രാഷ്ട്രീയം. ബയോ-നൈതിക രാഷ്ട്രീയവും (bio-political and ethical) ജന്തു രാഷ്ട്രീയവും (zoe-political) പരിസ്ഥിതി രാഷ്ട്രീയവും ഒന്നിക്കുന്ന രാഷ്ട്രീയത്തിന്റെ രാഷ്ട്രീയം. മാനവികാനന്തരവും (post-human), മതേതരാനന്തരവും (post-secular) ദേശീയാനന്തരവും (post-nationalist) രാഷ്ട്രീയാനന്തരവും (post-political) എന്നു പറയാവുന്ന നവരാഷ്ട്രീയം. ഭൗതികവും ആത്മീയവും ജൈവവും അജൈവവും, മാനവികവും അമാനവികവും അതിമാനവികവും എല്ലാം ഇതില്‍ ഒന്നിക്കുന്നു. രാഷ്ട്രീയ ജീവിതവും (bios) ജന്തു ജീവിതവും (zoe-അഗംബന്‍ പറയുന്ന ശുഷ്‌ക്ക ജീവിതമല്ല, ദെല്യൂസ് പറയുന്ന പൂര്‍ണ്ണ ജീവിതം) പ്രകൃതീജീവിതവും ഒന്നിക്കുന്ന ജീവന്റെയും ജീവനായ മൂല്യത്തെ, ജീവല്‍ നൈതികതയെ, രാഷ്ട്രീയത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ”ഭാവി”യുടെ രാഷ്ട്രീയം.

ആഗോള കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ ബഹുജന രാഷ്ട്രീയ പ്രക്ഷോഭമായിരിക്കും കര്‍ഷക സമരം. അതേ സമയം കൊറോണാ പ്രതിസന്ധിയുടെ മറവില്‍ ഒരു അതീത ഭരണകൂടമായി (transcendental state) മാറിയ കോര്‍പ്പറേറ്റ്-സൗഹൃദ-ഹിന്ദുത്വ-സര്‍വ്വാധിപത്യ വാഴ്ചയെ ഉപരോധം ചെയ്യുന്ന, ആദ്യത്തെ സുശക്തമായ ജനകീയ സമരവും. ബഹു തലങ്ങളിലും ദിശകളിലും പടര്‍ന്നു കത്തുന്ന ഒരു മഹാ പ്രക്ഷോഭം. കര്‍ഷക പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെപ്പറ്റി ഭാരത് കിസാന്‍ യൂണിയന്‍ (ഏക്താ ഉഗ്രഹാന്‍) പ്രസിഡണ്ടായ ജോഗീന്ദര്‍ ഉഗ്രഹാന്‍ പറയുന്നത് ശ്രദ്ധിക്കുക: ഞങ്ങളുടെ പ്രസ്ഥാനം രാഷ്ട്രീയമല്ല എന്ന് പറയുമ്പോള്‍ ഒരു രാഷ്ട്രീയകക്ഷികളുമായി ഞങ്ങള്‍ ബന്ധിതരല്ല എന്നത്രേ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ കാര്‍ഷികമേഖലയുടെ കോര്‍പ്പറേറ്റുവല്‍ക്കരണത്തെ എതിര്‍ക്കുന്നു എന്ന അര്‍ഥത്തില്‍ തികച്ചും ‘രാഷ്ട്രീയപരം’ ആണ് ഈ സമരം”. ( Wire, December 11-2020)

‘ജയിക്കും അല്ലെങ്കില്‍ മരിക്കും”

ജീവിതമോ മരണമോ? എന്ന ചോദ്യത്തെ വാഴ്വിന്റെയും, രാഷ്ട്രീയത്തിന്റെയും, പ്രകൃതിയുടെയും, സംസ്‌കൃതിയുടെയും, സാമൂഹികതയുടെയും, സമ്പദ്വ്യവസ്ഥയുടെയും, സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളില്‍ നേരിടുന്ന ഒരു രാഷ്ട്രീയ സംരംഭമായി വേണം കര്‍ഷകപ്രക്ഷോഭത്തെ കാണുവാന്‍. ജീവിതം അല്ലെങ്കില്‍ മരണം എന്ന പോംവഴിയെ ”വിജയം” അല്ലെങ്കില്‍ മരണം എന്ന രാഷ്ട്രീയപരവും സത്വശാസ്ത്രപരവുമായ(ontological) നിര്‍ണ്ണയനത്തിലേക്ക് രൂപാന്തരീകരണം ചെയ്യുന്നു ഈ രാഷ്ട്രീയം. ജീവിതമോ (ശുഷ്‌ക്കമായ അതിജീവനം-ജ്യോര്‍ജ്ജിയോ അഗംബന്‍ പറയുന്ന ‘bare life’) മരണമോ എന്ന ചോദ്യത്തിലടങ്ങിയ ദ്വന്ദ്വവൈപരീത്യത്തെ അതിവര്‍ത്തിച്ചുകൊണ്ട് മൂല്യതലത്തിലേക്ക്, ഈ സമസ്യയെ പരാവര്‍ത്തനം ചെയ്യുന്നു എന്നതാണ് ”വിജയിക്കും അല്ലെങ്കില്‍ മരിക്കും’ എന്ന കര്‍ഷക നേതാക്കളുടെ രാഷ്ട്രീയ പ്രസ്താവത്തെ വിധിനിര്‍ണ്ണായകമാക്കുന്നത്. ”വെറും” ജീവിതത്തെയല്ല പൂര്‍ണ്ണ ജീവിതത്തെയാണ് ‘വിജയിക്കും’ എന്ന മൂല്യ പ്രസ്താവം പ്രതിജ്ഞാപനം ചെയ്യുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

”ജീവ”രാഷ്ട്രീയം

‘അസാധ്യ’ത്തിന്റെ രാഷ്ട്രീയം, ‘നവനവീനം’ എന്നിങ്ങനെ നാം നിര്‍വ്വചിച്ച ഈ കര്‍ഷകപ്രക്ഷോഭത്തെ അതിന്റെ പൂര്‍ണ്ണ വിവക്ഷകളോടെ അടയാളപ്പെടുത്തുവാന്‍ മറ്റൊരു പേരു കൂടി ഇവിടെ നിര്‍ദ്ദേശിക്കുന്നു: ‘ജീവന്റെ’ രാഷ്ട്രീയം. ബയോ-നൈതിക രാഷ്ട്രീയവും (bio-political and ethical) ജന്തു രാഷ്ട്രീയവും (zoe-political) പരിസ്ഥിതി രാഷ്ട്രീയവും ഒന്നിക്കുന്ന രാഷ്ട്രീയത്തിന്റെ രാഷ്ട്രീയം. മാനവികാനന്തരവും (post-human), മതേതരാനന്തരവും (post-secular) ദേശീയാനന്തരവും (post-nationalist) രാഷ്ട്രീയാനന്തരവും (post-political) എന്നു പറയാവുന്ന നവരാഷ്ട്രീയം. ഭൗതികവും ആത്മീയവും ജൈവവും അജൈവവും, മാനവികവും അമാനവികവും അതിമാനവികവും എല്ലാം ഇതില്‍ ഒന്നിക്കുന്നു. രാഷ്ട്രീയ ജീവിതവും (bios) ജന്തു ജീവിതവും (zoe-അഗംബന്‍ പറയുന്ന ശുഷ്‌ക്ക ജീവിതമല്ല, ദെല്യൂസ് പറയുന്ന പൂര്‍ണ്ണ ജീവിതം) പ്രകൃതീജീവിതവും ഒന്നിക്കുന്ന ജീവന്റെയും ജീവനായ മൂല്യത്തെ, ജീവല്‍ നൈതികതയെ, രാഷ്ട്രീയത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ”ഭാവി”യുടെ രാഷ്ട്രീയം.

പൂര്‍ണ്ണ ജീവിതം അല്ലെങ്കില്‍ മരണം

നിയോലിബറല്‍, കോര്‍പ്പറേറ്റ് രാഷ്ട്രീയ നയത്തിന്റെ ഫലമായി ദാരിദ്ര്യത്തിലും കടക്കെണിയിലും പെട്ട് ആത്മഹത്യ ആത്മാവിഷ്‌ക്കാരമായി മാറിയ കര്‍ഷകവംശത്തിന്റെ രാഷ്ട്രീയപരമായ ജീവിതോത്ഥാനത്തെയാണ് കര്‍ഷക സമരം അടയാളപ്പെടുത്തുന്നത്. കര്‍ഷകര്‍ ഉയര്‍ത്തുന്ന ‘ജയിക്കും അല്ലെങ്കില്‍ മരിക്കും’ എന്ന മുദ്രാവാക്യത്തില്‍ മുഴങ്ങുന്നത് പൂര്‍ണ്ണവും സ്വതന്ത്രവും സമൃദ്ധവുമായ ജീവിതത്തിന്റെ രാഷ്ട്രീയ പ്രതിജ്ഞാപനമാണ്. ദില്ലി അതിര്‍ത്തിയിലെ സമരപ്പന്തലുകളില്‍ കൊടും ശൈത്യത്തെയും ബയോ-ഭരണ ഭീകരതകളെയും നേരിട്ടു കൊണ്ട് സമരം ചെയ്യുന്ന കൃഷിക്കാരും ( അവിടെ കൊഴിഞ്ഞു വീണ 200 ഓളം വരുന്ന കൃഷിക്കാരുള്‍പ്പെടെ), ഭരണകൂടത്തിന്റെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചകളില്‍ കര്‍ഷക നേതാക്കളും, സമരക്കാരെ ഒഴിപ്പിക്കാന്‍ വന്ന പോലീസ്സിനെ നേരിടുന്ന സന്ദര്‍ഭത്തില്‍ കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തും ഉയര്‍ത്തിപ്പിടിച്ച ഈ മുദ്രാവാക്യം, ആത്മഹത്യയില്‍ നിന്ന് മരണത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന്, ജീവിതത്തിന്റെ രാഷ്ട്രീയത്തിലേക്ക് ഉയിര്‍ത്തെണീക്കുന്ന കര്‍ഷകന്റെ സഞ്ജീവനമന്ത്രമാണ്. ജീവിതമോ മരണമോ എന്നതല്ല പൂര്‍ണ്ണജീവിതം അല്ലെങ്കില്‍ മരണം എന്ന മൂല്യ പ്രതിജ്ഞാപനമാണിത്. മൂല്യ രഹിതവും, അസ്വതന്ത്രവും അഭിശപ്തവുമായ വെറും അതിജീവനമല്ല, ജീവന്റെയും ജീവനായ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള പൂര്‍ണ്ണജീവനത്തിന്റെ രാഷ്ട്രീയപ്രഖ്യാപനം. ഈ മുദ്രാവാക്യം ആത്മഹത്യയിലമര്‍ന്ന കര്‍ഷകന്റെ മാത്രമല്ല, ആത്മനാശം നേരിടുന്ന ഇന്ത്യന്‍ ജനതയുടെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ ജീവാരോഹണത്തെ ഉദീരണം ചെയ്യുന്ന മൃത്യുഞ്ജയമന്ത്രമാണ്. ജീവിതോന്മുഖമായ ഒരു പുതിയ നൈതികതയെ, മൂല്യ രാഷ്ട്രീയത്തെ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവില്‍ പ്രതിഷ്ഠാപനം ചെയ്യുകയാണ് കര്‍ഷകന്റെ ഈ മുദ്രാവാക്യം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആത്മഹത്യയുടെയോ ബലിയുടെയോ, മരണ രാഷ്ട്രീയത്തെയല്ല സമ്പൂര്‍ണ്ണ ജീവന (absolute living)ത്തിന്റെ ”ജീവ”രാഷ്ട്രീയത്തെയാണ് ഇത് പ്രതിജ്ഞാപനം ചെയ്യുന്നത്. ജീവിതത്തിന്റെ നിറവേറലിന്റെ ഭാഗമായി സംഭവിക്കുന്ന മരണത്തെ അത് സ്വാഗതം ചെയ്യുന്നു എന്നു മാത്രം.

ജീവിതം: അമാനവിക വിവക്ഷകള്‍

ജീവന്‍, ജീവിതം എന്ന സങ്കല്പം മാനവികമോ വ്യക്തിപരമോ ആയ പരിധികള്‍ക്കുള്ളിലല്ല ഇവിടെ നിര്‍വ്വചിക്കപ്പെടുന്നത്. മാനവ-അമാനവ, സസ്യ, തൃണ, മൃഗ, പ്രാണി,പക്ഷി, വൃക്ഷങ്ങളും അവയുടെയെല്ലാം ആവാസവ്യവസ്ഥയായ ഭൂമിയും നദിയും സമുദ്രവും കുന്നും മലകളും ദ്രവ്യ-വായു മണ്ഡലങ്ങളെല്ലാം തന്നെ ഈ നവജീവ നിര്‍വ്വചനത്തില്‍പ്പെടും. മണ്ണിനെയും വിണ്ണിനെയും ഇണക്കി, പ്രകൃതിയെയും സംസ്‌കൃതിയെയും വിളക്കി, ജീവന്റെ, വിത്ത് വിതച്ചും വിളയിച്ചും അന്നത്തിന്റെ നിര്‍മ്മാതാക്കളും ദാതാക്കളുമായി വര്‍ത്തിക്കുന്ന കര്‍ഷക കര്‍ത്തൃത്വമാണ് യഥാര്‍ത്ഥത്തില്‍ ബയോ രാഷ്ട്രീയ തൊഴിലാളികള്‍. അതോടൊപ്പം തന്നെ നിരവധി ജീവജാലങ്ങള്‍ വസിക്കുന്ന വയലുകളെയും കൃഷിസ്ഥലങ്ങളെയും പരിപാലിച്ച് കൊണ്ട് ജീവമണ്ഡലത്തിന്റെസംരക്ഷകരായി, പ്രകൃതിയുമായി സംരചനയിലേര്‍പ്പെടുന്ന കര്‍ഷകര്‍ ജന്തുരാഷ്ട്രീയത്തിന്റെയും(zoe-politics) പരിസ്ഥിതിരാഷ്ട്രീയത്തിന്റെയും (പരിമിതമായ രീതിയിലാണെങ്കില്‍ പോലും) പ്രയോക്താക്കളും കൂടിയാണ്. ബൗദ്ധികത്തൊഴിലാളികളെ ബയോരാഷ്ട്രീയ കര്‍ത്തൃത്വങ്ങളായി നിര്‍വ്വചിക്കുന്ന അന്തോണിയോ നെഗ്രി പോലും പ്രകൃതിയും സംസ്‌കൃതിയും തമ്മിലുള്ള സംരചനയിലൂടെ ജീവനെ നട്ടു വളര്‍ത്തുകയും വിളയിക്കുകയും ജീവിമണ്ഡലത്തെ പരിപാലിക്കുകയും ചെയ്യുന്ന കര്‍ഷക വൃത്തിയുടെ സര്‍ഗ്ഗാത്മകവും വിപ്ലവകരവും ആയ ”ജീവ”രാഷ്ട്രീയ പ്രസക്തിയെ വേണ്ട വണ്ണം തിരിച്ചറിഞ്ഞില്ല.

കര്‍ഷക കര്‍ത്തൃത്വം: നവ വിമോചന രാഷ്ട്രീയത്തിന്റെ ഹൃദയവും മസ്തിഷ്‌ക്കവും

കൊറോണയുടെ മറവില്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ബന്ധങ്ങളും കൂടിച്ചേരലുകളും റദ്ദാക്കപ്പെട്ട ഒരു കാലത്ത്, ഭരണകൂടഭീകരത ബയോഭീകരതയുമായി ഇണചേര്‍ന്ന് കൊണ്ട് അപവാദഭരണകൂട നിര്‍വ്വചനത്തിനുമപ്പുറം (അഗംബന്‍) പരമഭീകരമായ ഒരു അതീത ഭരണകൂടത്തിന് (Transcendental state) ജന്മം നല്‍കുന്ന നീച സന്ധിയില്‍, പാര്‍ലമെന്ററി ജനാധിപത്യ സംവിധാനങ്ങളെല്ലാം തന്നെ അനുദിനം തച്ചുടയ്ക്കപ്പെടുന്ന, സര്‍വ്വ രാഷ്ട്രീയ പ്രതിരോധങ്ങളും തകര്‍ന്ന് വീഴുന്ന സന്ദര്‍ഭത്തില്‍, അധികാരത്തിന്റെ സിരാകേന്ദ്രമായ തലസ്ഥാന നഗരിയെ ഉപരോധിച്ച് കൊണ്ട് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ തുടങ്ങി വച്ച സമരം സൂചിപ്പിക്കുന്നതെന്താണ്? സംഘടിത തൊഴിലാളിവര്‍ഗ്ഗവും വിദ്യാര്‍ഥിയുവജനനിരകളും, രാഷ്ട്രീയ കക്ഷികളും പൗരാവകാശപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ഉയര്‍ത്തിക്കൊണ്ടു വന്ന പ്രതിരോധപ്രസ്ഥാനങ്ങളൊക്കെയും തകര്‍ന്നു വീണുകഴിഞ്ഞ ഈ പ്രതിസന്ധി നേരങ്ങളില്‍ ജനാധിപത്യത്തിന്റെ അന്തിമസംരക്ഷകരായി, ഫാസിസത്തിനും കോര്‍പ്പറേറ്റ് ശക്തികള്‍ക്കുമെതിരേ ശക്തമായ ചെറുത്തു നില്പിന് നേതൃത്വം കൊടുക്കുവാന്‍ കര്‍ഷക സംഘടനകള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ജനകീയ വിമോചന- വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നണി ശക്തിയാണ് കര്‍ഷക കര്‍ത്തൃത്വം എന്നത്രേ. സംഘടിത തൊഴിലാളിവര്‍ഗ്ഗത്തെ വിപ്ലവത്തിന്റെ മുഖ്യചാലകശക്തിയായി നിര്‍വ്വചിക്കുന്ന സാമ്പ്രദായിക മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളെയും, ബയോ രാഷ്ട്രീയ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ ബൗദ്ധികത്തൊഴിലാളികളെ പ്രതിഷ്ഠിക്കുന്ന നെഗ്രിയുടെ സങ്കല്പങ്ങളെയും തിരുത്തിക്കുറിക്കുന്നു ഇന്ത്യന്‍ കര്‍ഷകരുടെ മഹാപ്രക്ഷോഭം. ഇന്ത്യയുടെ ആത്മാവ് കൃഷിക്കാരിലാണ് സ്ഥിതി ചെയ്യുന്നതെന്ന ഗാന്ധിയന്‍ ഉള്‍ക്കാഴ്ചയെ ഒരിക്കല്‍ കൂടി പ്രബലപ്പെടുത്തുന്നു ഇത്. മാത്രമല്ല നവവിമോചന രാഷ്ട്രീയത്തിന്റെ ഹൃദയവും മസ്തിഷ്‌ക്കവുമാണ് കര്‍ഷകകര്‍തൃത്വമെന്ന് ഈ സമരസംഭവം ലോകത്തോട് വിളിച്ചു പറയുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply