ബീഹാര്‍ നല്‍കുന്ന സൂചനകള്‍

ജനപഥത്തിലൂടെ പ്രാദേശിക ജനാധിപത്യറിപ്പപ്ലിക്കുകള്‍ക്കു രൂപംനല്‍കിയ ബുദ്ധന്റെ നാടാണ് ബീഹാര്‍. സ്വതത്ര്യാനന്തരം ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യത്തിനുവേണ്ടി പടപൊരുതിയ ജയപ്രകാശ് നാരായണന്‍ സമ്പൂര്‍ണവിപ്ലവത്തിനു തുടക്കം കുറിച്ചതും ബിഹാറില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ബിഹാറിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന രാഷ്ട്രീയസൂചനകള്‍ ശ്രദ്ധേയമാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും നക്‌സലൈറ്റുകളും വരെ ഒരുമുന്നണിയായി യോജിച്ചു മത്സരിച്ചു എന്നതായിരുന്നു ഇപ്രാവശ്യത്തെ ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യഭരണത്തിനെതിരെ സോഷ്യലിസ്റ്റുകളെയും സംഘപരിവാറുകാരെയും കമ്മ്യൂണിസ്റ്റുകാരെയും ഒന്നിച്ചണിനിരത്തിയ ജയപ്രകാശ് നാരായണന്റെ നീക്കത്തിനു സമാനമായഒന്നായിരുന്നു തേജസി യാദവിന്റെ മുന്‍കൈയ്യില്‍ രൂപീകരിച്ച മഹാസഖ്യം. വിജയം കൈവരിക്കാനായില്ലെങ്കിലും വിജയത്തിനു തുല്യമായ മത്സരം കാഴ്ചവയ്ക്കാനും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാനും തേജസി യാദവിന്റെ RJD ക്കു സാധിച്ചു. ബിജെപി മുന്നണിക്ക് 37.32 ശതമാനം വോട്ടുലഭിച്ചപ്പോള്‍ മഹാസഖ്യത്തിനു 37.22 ശതമാനം വോട്ടുലഭിച്ചു. വോട്ടിലുള്ള അന്തരമാകട്ടെ 0.1ശതമാനം മാത്രം. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ 23.5 ശതമാനം വോട്ടുലഭിച്ച ബിജെപി 19.5 ശതമാനത്തിലേക്കും 21.8 ശതമാനം വോട്ടുലഭിച്ച നിതിഷ്‌കുമാറിന്റെ ജെഡിയു 15.4 ശതമാനത്തിലേക്കും നിപതിച്ചപ്പോള്‍ 15.36 ശതമാനത്തില്‍നിന്നും 23.10 ശതമാനത്തിലേക്കാണ് RJD യുടെവോട്ടുവര്‍ധന. 7.7 നിന്നും 9.5 ശതമാനത്തിലേക്ക് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം വര്‍ധിച്ചെങ്കിലും അവരുടെ തെരഞ്ഞെടുപ്പു പ്രകടനം ദയനീയമായിരുന്നു. 4.5 ശതമാനം വോട്ടുപിടിച്ച ഉവൈസിയുടെ മുന്നണി, മഹാസഖ്യത്തിനും 5.6 ശതമാനംവോട്ടു പിടിച്ച ചിരാഗ് പസ്വാന്റെ LJP,ബിജെപി മുന്നണിക്കും ഏല്പിച്ച ക്ഷതം ചെറുതല്ല.

അടിയന്തിരാവസ്ഥക്കുശേഷം 1977 ല്‍ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതൊഴിച്ചാല്‍ 1990 വരെ കോണ്‍ഗ്രസ്സ് ഭരണമായിരുന്നു ബിഹാറില്‍. 52 ശതമാനത്തോളം ിന്നോക്കക്കാരുള്ള ബീഹാറില്‍ ആദ്യമായി ഒരു പിന്നോക്കക്കാരന്‍ മുഖ്യമന്ത്രി ആയതു 1990 ല്‍ ലാലുപ്രസാദ് യാദവ് അധികാരത്തിലെത്തിയപ്പോഴാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പാക്കിയപ്പോഴുളവായ രാഷ്ട്രീയസാഹചര്യമാണ് അത്തരമൊരു രാഷ്ട്രീയമാറ്റത്തിനു കളമൊരുക്കിയത്. അന്ന് 71 സീറ്റിലേക്കൊതുങ്ങിയ കോണ്‍ഗ്രസിനു പിന്നീടു നടന്ന ഒരുതെരഞ്ഞെടുപ്പിലും മുന്നണിയായി മത്സരിച്ചിട്ടുപോലും 30 സീറ്റു തികച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. മണ്ഡല്‍ – മസ്ജിദ് സംഭവങ്ങളെ തുടര്‍ന്ന് പിന്നോക്ക, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ നഷ്ടപെട്ട കോണ്‍ഗ്രസിന്റെ ആശ്രയം മുന്നോക്ക ജാതിവിഭാഗങ്ങളായിരുന്നു. ബിജെപി ശക്തി പ്രാപിച്ചതോടെ അതും നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ബിഹാറില്‍ കാര്യമായ സ്വാധീനമോ സംഘടനസംവിധാനങ്ങളോ ഇല്ല എന്നതാണ് വസ്തുത. 5 – 6 ശതമാനമാണവരുടെ വോട്ടുവിഹിതം. ബീഹാറിലെ മാറിയ രാഷ്ട്രീയസാഹചര്യങ്ങള്‍ മനസിലാക്കി അതിനനുയോജ്യമായപദ്ധതികള്‍ ആവിഷ്‌ക്കരിക്കാതെ, പഴയ പ്രതാപിന്റെ മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനു കാര്യമായ രാഷ്ട്രീയസ്വാധീനം ഇല്ലാതാവുന്നതില്‍അത്ഭുതപ്പെടാനൊന്നുമില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2005 മുതല്‍ തുടര്‍ച്ചയായി തന്നെ അധികാരത്തിലുണ്ടെങ്കിലും ബിജെപിയുടെ വോട്ടുവിഹിതവും 20 -23 ശതമാനത്തിനപ്പുറമില്ല. പിന്നോക്കവിഭാഗത്തില്‍പ്പെട്ട സുശീല്‍കുമാര്‍ മോദിയെ പോലുള്ളവരെ നേതൃത്വത്തിലവരോധിച്ചും വിവിധ പിന്നോക്ക ജാതിവിഭാഗങ്ങള്‍ തമ്മിലുള്ള ഉള്‍പ്പോരുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുമാണ് അവര്‍ അധികാരം കരസ്ഥമാക്കുന്നതും വളരാന്‍ ശ്രമിക്കുന്നതും. അതുകൊണ്ടുതന്നെ പ്രബലസമുദായങ്ങളിലൊന്നായ കുര്‍മികുടെ പിന്തുണയുള്ള നിതീഷ്‌കുമാറുമായുള്ള സഖ്യം അവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. വലിയ കക്ഷിായി മാറിയെങ്കിലും നിതീഷ്‌കുമാറിനുതന്നെ മുഖ്യമന്ത്രിപദം നല്‍കാനുള്ള കാരണവും ഇതാണ്. വിവിധ പിന്നോക്ക, ദളിത് നേതൃത്വങ്ങളെ സഖ്യകക്ഷികളാക്കിയും അവര്‍ക്കു സ്ഥാനങ്ങള്‍ നല്‍കിയും ഒപ്പം നിര്‍ത്തി, ക്രമേണ അവരെ ശോഷിപ്പിച്ചു ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ ഉതകും വിധം വളരുക എന്നതാണ് ബിജെപിയുടെ രാഷ്ട്രീയതന്ത്രം.

മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുണ്ടായ വിജയമാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. CPI ML (ലിബറേഷന്‍) നേടിയ സീറ്റുകളാണ് അതില്‍ പ്രധാനം. അവര്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ RJD യുടെ കൂടി പിന്തുണ ലഭിച്ചപ്പോള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായി എന്നല്ലാതെ, കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കു വലിയ വളര്‍ച്ചയൊന്നും അവിടെയുണ്ടായതായി കരുതാനാവില്ല. കോണ്‍ഗ്രസിനു കൊടുത്ത സീറ്റുകളില്‍ കുറെയണ്ണം കൂടി തങ്ങള്‍ക്കു നല്‍കിയിരുന്നെങ്കില്‍ വിജയിക്കാനാവുമായിരുന്നെന്ന അവരുടെ അവകാശവാദങ്ങളില്‍ വലിയ കഴമ്പൊന്നുമില്ല. ഇത്തവണ 3.14 ശതമാനം വോട്ടു നേടിയെങ്കിലും അവരുടെ ജനപിന്തുണ രണ്ടുശതമാനത്തില്‍ താഴെയാണ്. 1972 ല്‍ 34 സീറ്റുനേടി പ്രധാന പ്രതിപക്ഷമായിരുന്ന CPI ആണിപ്പോള്‍ രണ്ടു സീറ്റു കിട്ടിയതിനെ വലിയ നേട്ടമായി ഘോഷിക്കുന്നത്. അഞ്ചുസീറ്റുകള്‍ നേടിയ ഉവൈസിയുടെ പാര്‍ട്ടി 1.24 ശതമാനംവോട്ടാണ് നേടിയത്. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാന്‍ അതിടയാക്കിയെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ തോറ്റത് അവര്‍ മൂലമാണെന്നു പറയുന്നതില്‍ വസ്തുതയില്ല. രണ്ടോ മൂന്നോ സീറ്റുകള്‍ അതുമൂലം നഷ്ടപ്പെട്ടിട്ടുണ്ടാകാം. അവരെകൂടി മഹാസഖ്യത്തിന്റെ ഭാഗമാക്കിയിരുന്നെങ്കില്‍ വിജയസാധ്യത വര്‍ധിക്കുമായിരുന്നു എന്നു കരുതുന്നവരുണ്ടെങ്കിലും, ബിജെപിയുടെ ഹിന്ദുത്വഅജണ്ടയ്ക്കതു ഗുണകരമാകുമായിരുന്നു എന്ന ആശങ്കയും നിരാകരിക്കാനാവില്ല. 16 ശതമാനത്തോളം വരുന്ന മുസ്ലിംവോട്ടുകള്‍ RJD ക്കും JDU വിനും കോണ്‍ഗ്രസിനുമായി വിഭജിച്ചുപോകാറാണ് പതിവ്. അതില്‍ കുറച്ചുവോട്ടുകള്‍ ഇത്തവണ ഉവൈസിയുടെ മുന്നണി കരസ്ഥമാക്കി എന്നല്ലാതെ അവരുദ്ദേശിച്ച തരത്തിലുള്ള മുസ്ലിം എകികരണമൊന്നും ഉണ്ടായില്ല

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉവൈസി മതതര വോട്ടുകള്‍ ഭിന്നിപ്പിച്ചു ബിജെപിയെ സഹായിച്ചു എന്നാണല്ലോ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ ഡല്‍ഹിയില്‍ AAP ക്കെതിരെ മത്സരിച്ച കോണ്‍ഗ്രസും ബിജെപിയെ സഹായിക്കുകയായിരുന്നില്ലേ. ഇപ്പോള്‍ മമതക്കെതിരെ ബംഗാളില്‍ കോണ്‍ഗ്രസും CPM ഉം തമ്മില്‍ ഉണ്ടാക്കുന്ന സഖ്യവും മതേതരവോട്ടുകള്‍ ഭിന്നിച്ച ുബിജെപിക്കു സഹായിക്കുന്നതിനല്ലേ ഇടയാക്കുക. ഭുരിപക്ഷമായ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭീതിമൂലം, മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാായി മാറ്റാനുള്ള സംഘപരിവാറിന്റെ ഗുഢനീക്കങ്ങളേ പ്രതിരോധിക്കുന്നതില്‍ മതേതരപാര്‍ട്ടികളെന്നവകാശപ്പെടുന്നവര്‍ കാണിക്കുന്ന അലംഭാവമാണ് ഉവൈസിയെപ്പോലുള്ളവരുടെ വളര്‍ച്ചയ്ക്കു നിദാനം. ഇതു ആത്യന്തികമായി ഹിന്ദുരാഷ്ട്രവാദികള്‍ക്കു ഗുണകരമായി തീരുകയുംചെയ്യും. മുസ്ലിങ്ങള്‍ക്ക് പ്രത്യേകരാജ്യം നല്‍കിയാല്‍ ബാക്കി ഹിന്ദുരാഷ്ട്രാക്കി മാറ്റാമെന്നുള്ള ചിന്തയാലാണല്ലോ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ അവര്‍ ദ്വിരാഷ്ടവാദത്തെ പിന്തുണച്ചത്. അക്കാലങ്ങളിലും അവര്‍ മുസ്ലിംലീഗുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കാശ്മീരില്‍ PDP യുമായി സഖ്യമുണ്ടാക്കിയാണല്ലോ ബിജെപി അധികാരംപിടിച്ചത്.

ലോഹ്യ സോഷ്യലിസ്റ്റുകള്‍ക്കും ജയപ്രകാശ് നാരായണയും വളരെയധികം സ്വാധീനമുണ്ടായിരുന്നെങ്കിലും ബീഹാറില്‍ ജാതിനശീകരണശ്രമങ്ങളോ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണമോ കാര്യമായി മുന്നേറിയന്നു പറയാനാവില്ല. ഇപ്പോഴും ജാതിഘടകങ്ങള്‍ അവിടത്തെ ജയപരാജയങ്ങളില്‍ നിര്‍ണ്ണായകമാണ്. സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ പൈതൃകം അവകാശപ്പെടുന്ന RJD, JDU, LJP തുടങ്ങിയവയെല്ലാം ഓരോരോ ജാതികളുടെ പിന്‍ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. ഇവര്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളും അധികാരമത്സരങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ബിജെപിയെ പോലുള്ളവര്‍ വിജയം കൈവരിക്കുന്നത്. തൊഴിലില്ലായ്മ പോലുള്ളവയെ തെരഞ്ഞെടുപ്പു വിഷയമായി ഉയര്‍ത്തി ഇതിനെ മറി കടക്കാന്‍ തേജസി യാദവ് നടത്തിയ നീക്കങ്ങള്‍ കുറേയൊക്കെ സ്വാധിനിച്ചതിന്റെ ഫലമായിക്കൂടിയാണ് RJD ഏറ്റവും വലിയ കക്ഷിയായി മാറിയത്.

ദേശിയകക്ഷികളേക്കാള്‍ ബീഹാറില്‍ സ്വാധീനമുള്ളതു അവിടത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ്. അവരുടെ യോജിിനു കളമൊരുങ്ങിയാല്‍ അത് ബിജെപിയെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമാകും. ബിജെപി സഖ്യത്തില്‍ ലീഡിങ് പാര്‍ട്ടിയെന്ന സ്ഥാനം JDU വിനു നഷ്ടമായത് അത്തരമൊരു രാഷ്ട്രീയപരിണാമത്തിനു പ്രേരകമായാല്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഉണ്ടാവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ബീഹാര്‍ നല്‍കുന്ന സൂചനകള്‍

  1. Avatar for സി എസ് ജോര്‍ജ്ജ്

    പി. ജെ. മാത്യു

    വസ്തുനിഷ്ഠമായ വിശകലനം.

Leave a Reply