
അന്താരാഷ്ട്ര നാടകോത്സവത്തില്‍ കണ്ടത്
കഴിഞ്ഞ വാരം തൃശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ (ITFOK 2025) അവതരിപ്പിച്ച ഏതാനും നാടകങ്ങളെ കുറിച്ചാണ് ഡോ ആസാദ് എഴുതുന്നത്.
അമല്‍
തകര്‍ന്ന രാഷ്ട്രത്തിന്റെ സൂക്ഷ്മ പരിച്ഛേദംപോലെ ഒരു കുടുംബം. അതതുപോലെ അരങ്ങില്‍. ഇറാഖില്‍നിന്നു വന്ന നാടകമാണ്. അറബ് തിയേറ്ററിലെ അതികായനായ ഡോ ജവാദ് അല്‍ അസാദി എഴുതി സംവിധാനം ചെയ്ത ‘അമല്‍’.
ഹൈദര്‍ ജുമായും റിസാബ് അഹമ്മദ് ഹസ്സനും മാത്രമാണ് സ്റ്റേജില്‍. കാമ്പസ് പ്രണയത്തിന്റെ ഊഷ്മളമായ ഭൂതസന്ധിയില്‍ കവിതയും സ്വപ്നവും ചേര്‍ത്തുപിടിച്ച് ഒന്നിച്ചവര്‍. ഇപ്പോള്‍ യുദ്ധവും ആഭ്യന്തര കലഹവും തകര്‍ത്ത ഇറാഖില്‍ വെടിയുണ്ടകള്‍ക്കും വിലാപങ്ങള്‍ക്കും ഇടയില്‍ പെരുകുന്ന അസ്വാസ്ഥ്യത്തോടെ കഴിയുന്നു. പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള വലിയ ആധിയിലാണവര്‍.
പുതിയൊരാള്‍ക്കും വരാന്‍ പറ്റിയ അന്തരീക്ഷമല്ല വീട്ടിലും രാജ്യത്തും എന്ന ബോദ്ധ്യം രണ്ടു പേര്‍ക്കുമുണ്ട്. . തെരുവുകളില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുമെന്ന് തീര്‍ച്ചയില്ല. യുവാക്കള്‍ മയക്കുമരുന്നിന് അടിമകളായിരിക്കുന്നു. പകയും അസഹിഷ്ണുതയും ശമിക്കുന്നില്ല. വംശീയതയുടെ വിഷമൂര്‍ത്തികളാണ് നിറഞ്ഞാടുന്നത്. പിറകില്‍ മറ്റു രാഷ്ട്രീയ താല്‍പ്പര്യങ്ങളും. ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളൊന്നും ആരിലും ബാക്കി നില്‍ക്കുന്നില്ല.
വീട് അലങ്കോലമായി കിടക്കുന്നു. ജീവിത പങ്കാളികളായ ഇരുവരും ശാന്തമായ സംസാരവും സ്വാസ്ഥ്യം നിറഞ്ഞ സ്പര്‍ശവും മറന്നിരിക്കുന്നു. ശത്രുവിനെപ്പോലെ സംസാരിക്കുകയും കലഹിക്കുകയും ശ്വാസം കിട്ടാതെ പിടയുകയും പൊടുന്നനെ അയയുകയും വീണ്ടും എല്ലാം ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഉന്മാദിയെപ്പോലെ സകല കെട്ടുകളുമഴിഞ്ഞ് തലയടിച്ചും ഒച്ചയിട്ടും ഇരിപ്പു കിട്ടാതെയും തെറിച്ചു നീങ്ങുന്ന നായകന്‍ ഹൈദര്‍ ജുമാ അസാദ്ധ്യമായ അഭിനയമാണ് കാഴ്ച്ചവെച്ചത്.
വീട്ടിനകത്ത് സോഫാസെറ്റും പുസ്തക ഷെല്‍ഫും അല്‍പ്പം വിട്ട് വെള്ളം നിറച്ച വീപ്പയുമുണ്ട്. നിലത്തും വെള്ളം പരന്നു കാണാം. പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. ഒന്നും അതിന്റേതായ ഇടത്തിലല്ല. അവയെല്ലാം വീണ്ടും വീണ്ടും എടുത്തെറിയപ്പെടുന്നു. ഭൂതകാലവും പടുത്തുയര്‍ത്താന്‍ ആഗ്രഹിച്ച ശാന്തമായ ജീവിതവും കൈവിട്ടുപോയി. രക്തത്തില്‍ കുതിര്‍ന്നു ചിതറിക്കിടക്കുകയാണ് മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള രാഷ്ട്രം.
സംവിധായകനായ ജവാദ് അല്‍ അസാദിക്ക് ഇറാഖിന്റെ ആഭ്യന്തര യുദ്ധത്തില്‍ 2006 – 07 കാലത്ത് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ട്. ക്രൂരമായ കൊലകളായിരുന്നു നടന്നത്. നൃശംസതകളുടെ അഴിഞ്ഞാട്ടങ്ങള്‍ മുന്‍നിര്‍ത്തി ധാരാളം എഴുതിയിട്ടുണ്ട് അസാദി. ബാഗ്ദാദി ബാത്ത് അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമാണ്. ബാഗ്ദാദിനും ഡമാസ്‌ക്കസ്സിനും ഇടയില്‍ യാത്രക്കാരായ രണ്ടു സഹോദരന്മാരുടെ അനുഭവാഖ്യാനമായിരുന്നു അത്. സുന്നി ഷിയാ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ രണ്ടു വിഭാഗത്തിലെ രണ്ടു പേരുകളില്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കി സൂക്ഷിക്കേണ്ടിവന്ന സഹോദരന്മാരുടെ കഥ. അവര്‍ മരണത്തെ മുഖാമുഖം നേരിടുന്ന രക്തക്കുതിപ്പിന്റെ രംഗപാഠം.
അതേ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സംഘര്‍ഷങ്ങളും ഇറാഖിന്റെ ഉടലില്‍നിന്നു വിട്ടൊഴിയുന്നില്ല എന്ന് അമല്‍ എന്ന പുതിയ നാടകവും അനുഭവിപ്പിക്കുന്നു. രാജ്യത്തിനു മേല്‍ പതിച്ച തീവ്രമായ ആഘാതങ്ങള്‍ പൗരന്മാരുടെ ഉടലിലും ആത്മാവിലും വന്നു പുകയുന്നതെങ്ങനെ എന്നാണ് ഈ നാടകം കാണിക്കുന്നത്.
ഇറാഖിനു പുറത്തും പുതിയ വംശീയ രാഷ്ട്രീയത്തിന്റെ അക്രമോത്സുക കുതിപ്പുകള്‍ ചോര ചൊരിയുന്ന കാലത്ത് അമല്‍ ഇറാഖിലെ മാത്രം കഥയല്ല. നാമെല്ലാം അതേ തകര്‍ച്ചയുടെ പടിവാതിലില്‍ എത്തിയില്ല എന്ന് എങ്ങനെ പറയാനാവും?
ടെഹ്‌റാനില്‍ നടന്ന നാല്‍പ്പത്തിയൊന്നാമത് ഫാജര്‍ അന്താരാഷ്ട്ര തിയേറ്റര്‍ ഫെസ്റ്റിവലില്‍ മികച്ച നാടകത്തിനുള്ള പുരസ്‌കാരം നേടിയ നാടകമാണ് അമല്‍. മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നീ പുരസ്‌കാരങ്ങളും അമലിനായിരുന്നു.
Be- Loved
സപന്‍ സരണ്‍ സംവിധാനം ചെയ്ത Be- Loved മനോഹരമായ ക്വിയര്‍ പ്രണയ കാവ്യമാണ്. വൈവിദ്ധ്യങ്ങളെയും വൈചിത്ര്യങ്ങളെയും സ്വാഭാവികം എന്ന മട്ടില്‍ അഭിസംബോധന ചെയ്യാനും മനുഷ്യാസ്തിത്വം എന്ന കേന്ദ്ര സത്തയില്‍ ആദരവു പുലര്‍ത്താനും ഈ പ്ലേ നമ്മെ പരിശീലിപ്പിക്കുന്നു.
പ്രണയംപോലെ സ്വയമഴിയുന്ന ആത്മപ്രകാശനം വേറെയില്ല. എന്നാല്‍ ഭയം ഒന്നും അനുവദിക്കുന്നില്ല. സാമൂഹിക വ്യവഹാരങ്ങളെ മനുഷ്യന്റെ ആന്തരിക പ്രേരണകളുടെ ശുദ്ധവും നിഷ്‌കളങ്കവും സ്വാഭാവികവുമായ പരിണതികളിലേക്കു വളരാന്‍ അധികാരബദ്ധ ലോകം വിടുകയില്ല. അകം എപ്പോഴും അടച്ചുവെക്കപ്പെടുന്നു. ഒന്നായിരിക്കെ മറ്റൊന്നായി ജീവിച്ചു തീര്‍ക്കേണ്ടിവരുന്ന ജീവിതങ്ങളുണ്ട്. ആ സ്‌തോഭങ്ങളുടെ സ്‌ഫോടനത്തെ അതീവ ശാന്തമായും ലളിതമായും നര്‍മ്മമാര്‍ന്നും ആവിഷ്‌കരിക്കുകയാണ് മുംബെയിലെ തമാശ തിയേറ്റര്‍.
പ്രണയവും ദാമ്പത്യവും തമ്മിലുള്ള വൈരവും സംഘര്‍ഷവും ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കുടുംബം എന്നത് സൂക്ഷ്മരാഷ്ട്രം തന്നെയാണ്. അത് പുറംഘടകങ്ങളെ അകത്തു കയറ്റില്ല. പ്രത്യേക നിയമവ്യവസ്ഥയും അച്ചടക്കവും പാലിച്ചാണ് അതിന്റെ നിലനില്‍പ്പ്. പ്രണയം എപ്പോഴും അതിരുകള്‍ക്കപ്പുറം വളരും. ശരീരം ഒരു കുടുംബപഥത്തില്‍ ചുറ്റുമ്പോള്‍ ആത്മാവിന്റെ പ്രേരണകള്‍ ഭ്രമണചക്രം ഛേദിക്കുന്നു. ഉള്ളുറവുകളും ബാഹ്യ നിര്‍ബന്ധങ്ങളും തമ്മിലാണ് സംഘര്‍ഷം. ജീവിതത്തില്‍ നിഷിദ്ധമായ ആനന്ദങ്ങള്‍ ആദ്യം കലയില്‍ പരക്കുകയും പിന്നീട് ജീവിതത്തിലേക്ക് അതിവ്യാപിക്കുകയും ചെയ്യാം.
ബാഹ്യമായ അച്ചടക്കം ബാഹ്യമായ രാഷ്ട്രീയ നിര്‍ബന്ധങ്ങളാണ്. ഒരാള്‍ അയാളായി തുടരുന്നത് ഈ നിര്‍ബന്ധങ്ങളെ ഏതു രീതിയിലാണ് മറികടക്കുന്നത് എന്നതിന്റെ സ്വഭാവം അനുസരിച്ചാണ്. വ്യക്തിയുടെ സ്വത്വം ഈ സംഘര്‍ഷോന്മുഖ വിപരീതങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു.
അകപ്രേരണകളുടെ വികാസം പുറത്തെ ക്രമങ്ങളെയും വ്യവസ്ഥകളെയും പൊളിച്ചെഴുതാന്‍ ശേഷിയാര്‍ജ്ജിക്കാം. അതൊരു രാഷ്ട്രീയ ശക്തിയായി വളരുമോ എന്ന ഭയം അധികാരത്തിനു കാണും. അതിനാല്‍ അത്തരം ഇച്ഛകള്‍തന്നെ അരാജകപരമോ ദേശദ്രോഹപരമോ ആയി ചിത്രീകരിക്കപ്പെടാറുണ്ട്. വളരെ സമര്‍ത്ഥമായി മാറിയ കുടുംബഘടനയെ ആവിഷ്‌കരിക്കുന്നു ഈ നാടകം. ഭിന്നരുചികളുടെ മഴവില്‍കുടുംബം. ജനാധിപത്യത്തിന്റെ വര്‍ണവൈവിദ്ധ്യം നിറഞ്ഞ ഏകത്വം!
ഇത്ര ഉള്‍പ്പൊരുത്തത്തോടെ അഴിഞ്ഞും അലിഞ്ഞും ചേരുന്ന അഭിനേതാക്കളുടെ പ്രകടനം അപൂര്‍വ്വമാണ്. സംഗീതത്താല്‍ ചേര്‍ക്കപ്പെട്ട ആത്മാവുകള്‍പോലെ അവര്‍ ചിറകു വിടര്‍ത്തുന്നു. ഒരാള്‍ മറ്റൊരാളിലേക്കു പ്രവേശിക്കുന്ന വിധം എത്ര ആകര്‍ഷകം! സന്ദേഹങ്ങളുടെയോ ശാഠ്യതീര്‍പ്പുകളുടെയോ കനമില്ലാതെ ആശ്ലേഷിക്കാനാവുന്നു. തടസ്സങ്ങളില്ലാതെ സഞ്ചരിക്കുന്നു ഉടലുകള്‍. ആത്മാവിന്റെ ശല്‍ക്കങ്ങള്‍ തിളങ്ങുന്ന ഉടലുകള്‍.
ബിലവഡ് എന്നാണോ ബീ ലവ്ഡ് എന്നാണോ വായിക്കേണ്ടത്? സ്‌നേഹിക്കപ്പെടൂ എന്ന ആഹ്വാനംതന്നെ ആവണമത്. സ്‌നേഹിക്കപ്പെടുക എന്നതിന് വ്യവസ്ഥയെ പുതുക്കാനുള്ള ശേഷി ആര്‍ജ്ജിക്കുക എന്ന് അര്‍ത്ഥമുണ്ട്. സ്‌നേഹിക്കപ്പെടുമ്പോള്‍ ഒരാള്‍ താനകപ്പെട്ട കുരുക്കുകള്‍ മറക്കുകയും വ്യവസ്ഥയ്‌ക്കെതിരായ രാഷ്ട്രീയ പടയാളിയായി മാറുകയും ചെയ്യും. അയാള്‍ അത് അറിയുന്നുണ്ടോ എന്നത് മറ്റൊരു കാര്യം.
ഇത്‌ഫോക്കില്‍ അവതരിപ്പിക്കപ്പെട്ട ശക്തമായ രാഷ്ട്രീയ നാടകങ്ങളില്‍ ഒന്നുകൂടിയാണിത്. കൊടിയോ പ്രകടനമോ മുദ്യാവാക്യമോ ഇല്ലാതെ ശക്തമായ രാഷ്ട്രീയ സന്ദേശം നല്‍കുന്ന നാടകം. സ്‌നേഹം അതിരുകളില്ലാത്ത രാഷ്ട്രമാണ്. വൈവിദ്ധ്യങ്ങളുടെ കൂടിച്ചേരല്‍. വര്‍ണലയം. അതിനാല്‍ സ്‌നേഹിക്കപ്പെടൂ.
നെയ്ത്ത്
അദ്ധ്വാനം അതില്‍നിന്നിറങ്ങിപ്പോയ കലയെയും കല അത് പൂര്‍ണമാകേണ്ട അദ്ധ്വാനത്തെയും കണ്ടെത്തി പുണരുന്ന അനുഭവമാണ് റീമ കല്ലിങ്കലും സംഘവും അവതരിപ്പിച്ച നെയ്ത്ത് പകര്‍ന്നത്. നൂല്‍ നൂല്‍ക്കല്‍ മുതല്‍ വസ്ത്രം നെയ്യുന്ന പ്രക്രിയ വരെയുള്ള നെയ്ത്തിന്റെ ഓരോ ഘട്ടവും അരങ്ങില്‍ അദ്ധ്വാനത്തിന്റെ ഉടല്‍ഭാഷയില്‍ തെളിയുന്നു. യന്ത്രങ്ങള്‍ പോലും മനുഷ്യപ്പെട്ട് അദ്ധ്വാനത്തിന്റെ ബൃഹദ്ഭാഷയുടെ കണ്ണികളാകുന്നു.
അന്യവത്ക്കരണം നഷ്ടമാക്കുന്ന ഊര്‍ജ്ജത്തെ കല തിരിച്ചു പിടിക്കുന്നു. അദ്ധ്വാനത്തെയും കലയെയും പൂര്‍ണമാക്കാനുള്ള ഒരു ദര്‍ശനത്തിന്റെ തെളിമയിലാണ് അരങ്ങു പ്രകാശിക്കുന്നത്. അത് ഉടലാഖ്യാനത്തിന്റെ വേദികളില്‍ അപൂര്‍വ്വതയാണ്. കാവ്യങ്ങളുടെയോ കഥകളുടെയോ രംഗഭാഷ കണ്ടെത്തുന്ന പോലെ സ്വാഭാവികമല്ല ഇവ്വിധം ഒരു നിര്‍മ്മിതിയുടെ രഹസ്യം തേടല്‍. അതിന്റെ അദ്ധ്വാനത്തെ കാവ്യാത്മകമായി കണ്ടെടുക്കല്‍. എത്രയോ ദീര്‍ഘമായ ശ്രദ്ധയും സൂക്ഷ്മമായ പരിചരണവും വേണം.
നെയ്ത്തുതൊഴിലാളികള്‍ക്കുള്ള ആദരവും അംഗീകാരവുമാണ് ഈ രംഗകാവ്യം. നെയ്ത്തിനെയും നെയ്ത്തു തൊഴിലാളികളെയും സംരക്ഷിക്കുക എന്ന വിനീതമായ അഭ്യര്‍ത്ഥനയും ഇതിലുണ്ടാവണം. ജീവിതത്തെ ആനന്ദകരവും സര്‍ഗാത്മകവുമാക്കുന്ന വസ്ത്രങ്ങള്‍ക്കു പിറകിലെ കൂട്ടായ അദ്ധ്വാനവും അതിജീവനത്തിന്റെ പിടച്ചിലുകളും ഊടുംപാവുമിഴചേര്‍ത്തു വരുന്ന സര്‍ഗ്ഗക്രിയയാണ് രംഗത്ത്. നമ്മെ തല നിവര്‍ത്തി നിര്‍ത്താന്‍ പ്രാപ്തമാക്കുന്ന കാണാതൊഴിലിന്റെ എപ്പോഴും അവഗണിക്കപ്പെട്ട ഗൂഢവാസ്തവം. നെയ്ത്തിന്റെ ഉടല്‍ഭാഷാ ലിപികളില്‍, ദ്രുതപ്രകാശിത ദൃശ്യങ്ങളില്‍ അത് നെയ്‌തെടുക്കുന്ന വൈഭവമാണ് റീമയും സംഘവും അവതരിപ്പിച്ച നൃത്തത്തിന്റെ സവിശേഷത.
സംഭാഷണങ്ങള്‍ ആവശ്യമില്ലായിരുന്നു. ശബ്ദത്തിന്റെയും ചലനത്തിന്റെയും സംഗീതത്തിന്റെയും കോറിയോഗ്രാഫിയുടെയും കൂട്ടായ സാങ്കേതിക മികവും കയ്യൊതുക്കവും പാഠനിര്‍മ്മിതിയും പ്രശംസനീയം. മാമാങ്കം ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച പ്രതിബദ്ധതയെയും സമര്‍പ്പണത്തെയും അഭിവാദ്യം ചെയ്യുന്നു.
ഭൂതങ്ങള്‍
ഇത്‌ഫോക്കില്‍ കണ്ട ഭൂതങ്ങള്‍ എന്ന മലയാള നാടകം മുമ്പ് കണ്ട ഒരു സിനിമയെ ഓര്‍മ്മിപ്പിച്ചു. അത് ഒരു കുറവല്ല. രംഗപാഠംകൊണ്ട് നവീനമായ ഒരനുഭവത്തെ ഭൂതങ്ങള്‍ സൃഷ്ടിച്ചുവോ എന്നാണ് എനിക്ക് സ്വയം ചോദിക്കേണ്ടി വന്നത്. പ്രമേയത്തിനു ചേര്‍ന്ന രംഗവസ്തുക്കളും പശ്ചാത്തലവും ഒരുക്കിയ പ്രാഗത്ഭ്യം പ്രശംസനീയമാണ്. അഭിനേതാക്കളും മോശമല്ല. ആദ്യന്തം പ്രേക്ഷകനെ ആകര്‍ഷിച്ചുപോകുന്ന രംഗമിഴിവുമുണ്ട്. എങ്കിലും ആ ചോദ്യം ബാക്കിനിന്നു. എന്താവും കാരണം?
നവീനമായ അനുഭവത്തെ രചിക്കുക എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നു ചോദിക്കാം. നാടകം അതിന്റെ കലാസങ്കേതത്തിലും ലാവണ്യത്തെളിമയിലും മികച്ചു നില്‍ക്കുമ്പോഴും ദര്‍ശനപരമായ കാലാനുസാരിത്വം ഇല്ലെങ്കില്‍ അത് പ്രേക്ഷകനെ നിരാശപ്പെടുത്തും. ഈ നൂറ്റാണ്ടിലും നമ്മുടെ കുടുംബ ബന്ധങ്ങളും സ്ത്രീ പരിചരണവും സദാചാര ധാര്‍മ്മിക നിഷ്ഠകളും ഏതേത് കാലത്ത് ഉറച്ചു വികസിക്കാതെ പോയവയാണെന്ന് വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു ഈ നാടകം. സ്വന്തം ഉടലിനുമേല്‍ സ്ത്രീക്കുള്ള അവകാശമല്ല, ആണ്‍കോയ്മാ സമൂഹത്തിനുള്ള അധികാരമാണ് ആഘോഷിക്കപ്പെടുന്നത്.
സദാചാരഭ്രംശമാണ് നാടകത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന മുഖ്യതിന്മ. അതുറപ്പിക്കാന്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏകപുരുഷ രതിയുടെ നൂറ്റാണ്ടു പഴക്കമുള്ള സത്യപ്രസ്താവം ചുമക്കേണ്ടി വരുന്നു. അതില്‍ കേന്ദ്രീകരിക്കുന്ന പ്രമേയത്തിന് പുതുകാലത്തെ പ്രശ്‌നങ്ങളിലേക്ക് പ്രവേശിക്കാനാവില്ല. ആണ്‍വേട്ടയുടെ ഹിംസാടനത്തിനെതിരെ തിരിയേണ്ട പെണ്ണുണര്‍വ്വിന് പ്രേക്ഷകര്‍ കാക്കുന്നു. അതു നിര്‍വ്വഹിക്കാനുള്ള സ്ത്രീകളെയാണ് നൂറ്റാണ്ടു പഴക്കമുള്ള സദാചാരഭാരത്തില്‍ സംവിധായകന്‍ തളച്ചത്. ഇവിടെ പുരുഷനു ചുറ്റുമുള്ള ഉടല്‍വ്യവഹാരം എന്ന സങ്കല്‍പ്പം ഭേദിക്കപ്പെടുന്നില്ല. നാടകം വ്യവസ്ഥാ ശീലങ്ങളുടെ ആവര്‍ത്തനമായി മാറുന്നു.
മികച്ച തിയേറ്റര്‍ ബോധവും അത് പ്രായോഗികമാക്കുന്ന വിഭവശേഷിയും സാങ്കേതികസൗകര്യവും രംഗാവിഷ്‌കാര പ്രാഗത്ഭ്യവുമൊക്കെ ഉണ്ടെങ്കിലും ദര്‍ശനത്തിന്റെ അപര്യാപ്തത ഒരു നാടകത്തെ, അതു നിര്‍വ്വഹിക്കേണ്ട ധര്‍മ്മങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. കലാലാവണ്യത്തെ ഉജ്ജ്വലമാക്കേണ്ടത് അതിലെ ദര്‍ശനത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ തീത്തരിയാണ്. അത് ആളുന്നതാണ് നാടകത്തെ സംഘര്‍ഷഭരിതമാക്കുക. ആ പൊള്ളലാണ് കാഴ്ച്ചയുടെ നീക്കിബാക്കിയാവേണ്ടത്.
ഐറ്റം
ആണധീശ പ്രപഞ്ചത്തെ കീഴ്‌മേല്‍ മറിക്കാന്‍ കഴിയുംവിധം ആശയദൃഢതയും ഇച്ഛാശക്തിയും കൈവരിക്കുന്ന പെണ്‍കുട്ടികളെ കണ്ടു, അര്‍പിതാ ധാഗത് സംവിധാനം ചെയ്ത ഐറ്റം എന്ന നാടകത്തില്‍. ഈ ബഹുഭാഷാ നാടകം രംഗത്ത് അവതരിപ്പിച്ചത് അഹമ്മദാബാദിലെ അസ്തിത്വാ ആര്‍ട് ഫൗണ്ടേഷനാണ്.
അരങ്ങുള്‍പ്പെടെ പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ക്കുന്നുണ്ട് ഐറ്റം. പെണ്ണിന് ഇന്ത്യന്‍സമൂഹം നല്‍കിപ്പോരുന്ന ഇടവും സഞ്ചാര ചക്രവും പിന്തുടര്‍ന്നും വിശകലനം ചെയ്തുമാണ് തുടക്കം. പെണ്ണിനു കല്‍പ്പിക്കപ്പെട്ട കുഞ്ഞുകുഞ്ഞറകളില്‍ അസംഘടിത സഹനങ്ങളുടെയും പ്രതിരോധങ്ങളുടെയും ഫ്രെയിമുകള്‍ തീര്‍ക്കുന്നു. ഒടുവില്‍ ആ അറകളുപേക്ഷിച്ച് അവര്‍ക്കു പാകമാകാത്ത ശീലങ്ങളുടെ വേഷമുരിഞ്ഞ് പുറത്തേക്കു നടക്കുന്നു.
ഇടത്തെയും കാലത്തെയും ഉടല്‍ -ഭാഷാ വ്യവഹാരങ്ങളെയും പുതുക്കാനല്ല, അഴിച്ചു പണിയാനാണ് പുതിയ പെണ്‍കുട്ടികള്‍ ശ്രമിക്കുന്നത്. അനുസരണയുടെയും അടിമത്തത്തിന്റെയും ഉറച്ചുപോയ ഘടനകളെല്ലാം അവര്‍ക്കു തകര്‍ക്കണം. അവരുടെ ഭാഷ ആണ്‍കാല ഭാഷയല്ല. അത് മനസ്സിലാക്കാനല്ല തെറ്റായി കരുതാനാണ് എളുപ്പം. അവരുടെ പ്രവൃത്തികള്‍ ആണ്‍കാല വൃത്തികളല്ല. അത് തിരിച്ചറിയുന്നതും ക്ലേശകരം.
ആത്മാഭിമാനം വീണ്ടെടുക്കുക, അവരവരെ വിശ്വസിക്കുക, പരമ്പരാഗത സമൂഹം ഉറപ്പിച്ച രണ്ടാമിടങ്ങളില്‍നിന്നും അവയുടെ നിശ്ശബ്ദ സഹനങ്ങളില്‍നിന്നും പുറത്തു കടക്കുക, സകലവിധ സഞ്ചാര വ്യവഹാരങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ തകര്‍ക്കുക, ജനാധിപത്യാവകാശങ്ങളും മനുഷ്യസത്തയും ഉള്ള സ്വതന്ത്രാസ്തിത്വം നേടുക എന്നിവയെല്ലാം പുതിയ പെണ്‍കുട്ടികളുടെ ലക്ഷ്യങ്ങളാണ്. മുമ്പ് അവ സ്വപ്നമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കയ്യെത്തും ദൂരത്തുണ്ട്. ധൈര്യവും ഇച്ഛാശക്തിയും ഉണ്ടായാല്‍ മതി. അതുമുണ്ട്.
അതിനാല്‍, കലയോ സാഹിത്യമോ നാടകമോ ആവട്ടെ, പെണ്‍കുട്ടികള്‍ക്കു പറയാനുണ്ട്. ശീലപ്പെട്ട ഭാഷയോ ലാവണ്യബോധമോ അരങ്ങു സങ്കല്‍പ്പമോ അവരെ ബാധിക്കുന്നില്ല. അവര്‍ക്കു സ്ഥല കാല സങ്കല്‍പ്പങ്ങളുണ്ട്. സ്വന്തം ഉള്ളുരുക്കത്തില്‍ പരുവപ്പെട്ട രൂപകങ്ങളുണ്ട്. അവയെ ഇണക്കി നിര്‍ത്തി ക്ഷോഭിപ്പിക്കാന്‍ ശേഷിയുള്ള വ്യവഹാരപഥം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അവയ്‌ക്കെല്ലാം നിദാനമാവുന്ന പുതിയ പെണ്ണുണര്‍വ്വിന്റെ രാഷ്ട്രീയ ബോദ്ധ്യമുണ്ട്. ആണധീശ ആശയലോകത്തെ പൊളിച്ചു പണിത പുതിയ ജനാധിപത്യത്തിന്റെ ആശയലോകമുണ്ട്. കലാലാവണ്യത്തെ പുതുക്കുന്ന വിപ്ലവകരമായ സര്‍ഗാത്മക പ്രേരണകളുമുണ്ട്.
ഐറ്റം എന്ന നാടകത്തില്‍ അമിത ക്ഷോഭങ്ങളില്ല. വൈകാരിക സ്‌തോഭങ്ങളില്ല. ഭയമോ ഭീഷണിയോ ഇല്ല. പകയോ അസഹിഷ്ണുതയോ ഇല്ല. അതീവശാന്തമായി ഒരു മാനിഫെസ്റ്റോ മുന്നോട്ടു വെക്കുന്നു. ആണ്‍കോയ്മാ ലോകത്തോട്, നിങ്ങളെന്തു വേണമെങ്കിലും ധരിച്ചോളൂ, ഞങ്ങളത് കാര്യമാക്കുന്നില്ല. നിങ്ങളുടെ കളിയില്‍ ഞങ്ങള്‍ക്കു താല്‍പ്പര്യമില്ല. അതില്‍ പങ്കാളികളാകാനുമില്ല എന്നു സൗമ്യമായി പറഞ്ഞു വേര്‍തിരിഞ്ഞു നില്‍ക്കാന്‍ വേണ്ട ആശയ ദൃഢതയുണ്ട് അതില്‍. വ്യവസ്ഥാപിതവും അക്കാദമികവുമായ തിയേറ്ററിന്റെ നാലതിരുകള്‍ ഛേദിക്കപ്പെടുന്നുണ്ടാവും. അതു പിളര്‍ന്നേ അവരുടെ കല രൂപപ്പെടൂ.
ചെത്തിമിനുക്കി നിയന്ത്രിച്ചു പുറപ്പെടുവിക്കുന്ന സമാധാനകാല ശബ്ദമല്ല അവരുടെ വാക്കുകള്‍. സ്വാഭാവികതയുടെ വെളിപ്പെടലാണ്. അത് കൃത്രിമവും പൊള്ളയുമായ ശീലലോകത്തെ പൊളിക്കാന്‍ പ്രാപ്തമാണ്. ഇന്ത്യന്‍ കുടുംബ ഘടനയിലേക്ക് കയറ്റി നിര്‍ത്തപ്പെട്ട സീതയും രാമനുമെല്ലാം കുടിയൊഴിഞ്ഞു പോകേണ്ടിവരും എന്ന ശാസനയുണ്ട് ഈ നാടകത്തില്‍. ഫ്യൂഡല്‍കാല കെട്ടുപാടുകളുടെ ജീര്‍ണതകള്‍ അഴിച്ചുകളയുന്ന സാമൂഹിക പുരോഗമനശക്തിയായി പെണ്‍കുട്ടികള്‍ പലയിടങ്ങളില്‍നിന്ന് സംഘടിതരാവുകയാണ്. അതാണ് ഈ നാടകം നല്‍കുന്ന സന്ദേശം.
മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് കലയും ജീവിതവും രണ്ടാവുകയില്ല. അതിന്റെ പരിക്കും തിളക്കവും അതിന്റെ സ്വഭാവം മാത്രം. അതീവ ലളിതമായ രംഗാഖ്യാനം. വ്യത്യസ്തമായ പരിചരണം. ഐറ്റം എന്ന നാടകത്തിന്, അത് സാദ്ധ്യമാക്കിയ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം.
പാവം ലിസ
നാടോടി കഥാകഥനത്തിന്റെ ഒരു ഭദ്രശീലധാരയുണ്ട് റഷ്യന്‍ സാഹിത്യത്തില്‍. കാലങ്ങളെ പിന്നിട്ട് അത് തുടരുന്നു. മണ്ണിന്റെ ഗന്ധമാര്‍ന്ന ഒരു വശ്യചാരുതയിലേക്ക് ഭാഷ പുതുക്കപ്പെട്ടുപോരുന്നു. അത് സാഹിത്യഭാഷയായാലും അരങ്ങു ഭാഷയായാലും യുഗദീര്‍ഘമായ സഞ്ചാരത്തിന്റെ മാന്ത്രിക കല കാണും. അത് നമ്മെ വിസ്മയിപ്പിച്ചതാണ് ബാലെ എന്ന കലാരൂപത്തെ ഇവിടെയും പ്രിയതരമാക്കിയത്. പാവം ലിസയെന്നറഷ്യന്‍ നാടകം കാണാന്‍ എന്നെ പ്രചോദിപ്പിച്ചതും ഈ കൗതുകമാണ്.
1792ല്‍ രചിക്കപ്പെട്ട ഒരു കഥ, കഥയായും കാവ്യമായും ചലച്ചിത്രമായും നാടകമായും നൃത്തശില്പമായും റഷ്യ നിരന്തരം പുതുക്കിയെടുക്കുകയാണ്. നികോളായ് കരാംസിന്‍ എന്ന വിഖ്യാത എഴുത്തുകാരന്റേതാണ് കഥ. ആ കഥ കാലങ്ങളെ കടന്നു കയറുന്ന, മനുഷ്യരുടെ ഉള്ളുറവകള്‍ തുറന്നു പോരുന്ന ഭാവസംഘര്‍ഷങ്ങളുടെ നിത്യാനുഭവമാണ്. പ്രണയവും മരണവുമാണ് അതിന്റെ കാതല്‍.
മാര്‍ക്ക് റൊസോവ്‌സ്‌കി അതിവിദഗ്ദ്ധമായ രംഗപാഠം ഒരുക്കുന്നു. രണ്ടു നൂറ്റാണ്ടു പിറകില്‍നിന്ന് തലമുറകളെ ത്രസിപ്പിച്ച കഥയെടുത്ത്, അതിനും പിറകില്‍നിന്നുള്ള കഥാവഴക്കത്തിന്റെ ശീലുകളെയും കാലദൂരങ്ങളെയും ചേര്‍ത്തു കെട്ടുന്ന മാന്ത്രികാഖ്യാന ഭാഷയില്‍ ഇണക്കുന്നു. ഗാനഭാഷണങ്ങളുടെ കാവ്യാത്മകത ഉടലനക്കങ്ങളിലേക്കു പരക്കുന്നു.
ചരിത്രവും വര്‍ത്തമാനവും ജീവിത സന്ദര്‍ഭങ്ങളും പ്രകൃതിയും അദ്ധ്വാനവും ആനന്ദത്തിന്റെയും വ്യഥയുടെയും വഴികളും സ്‌തോഭങ്ങളും ഉടല്‍ഭാഷയുടെ വേഗവിന്യസനത്തില്‍ തെളിഞ്ഞുമായുന്നു. പ്രണയവും വിരഹവും രതിയും മൃതിയും അരങ്ങില്‍ ഇത്ര ലളിതസുന്ദരമായി കാണുക പതിവില്ല. രണ്ടുപേര്‍ കൂടിച്ചേരുന്നത്, ആശ്ലേഷമായും ചുംബനങ്ങളായും നിറഞ്ഞു കണ്ടിട്ടുണ്ട്. എന്നാല്‍ ഉടലുകളില്‍ അതുണ്ടാക്കുന്ന തരിപ്പുകള്‍ വേറിട്ടു കാണിക്കുന്ന അഭിനയ ചാതുര്യം അപൂര്‍വ്വമാണ്.
തൊഴിലും സമ്പത്തും കുടുംബ സാമൂഹിക ബന്ധങ്ങളും വര്‍ഗ താല്‍പ്പര്യങ്ങളും വ്യക്തിയുടെ ഇച്ഛകളോട് ഏറ്റുമുട്ടുന്ന അനുഭവമാണ് നാടകം. പൂക്കള്‍ വിറ്റു വിധവയായ മാതാവിനെ പുലര്‍ത്തുന്ന പെണ്‍കുട്ടിയാണ് ലിസ. പതിനെട്ടാം നൂറ്റാണ്ടിലെ ഗ്രാമീണറഷ്യയും മോസ്‌കോ നഗരവും അവിടങ്ങളിലെ ദരിദ്ര കുലീന ജീവിതങ്ങളും കഥാഭൂമികയാണ്. ഇറാസ്ത എന്ന ധനിക യുവാവുമായുള്ള കണ്ടുമുട്ടലും പ്രണയവും അയാളില്‍നിന്നുള്ള ചതിയും വിരഹവും മരണവുമാണ് പ്രമേയം.
റഷ്യന്‍ കലയില്‍ പ്രകൃതി പ്രധാനമാണ്. അനുഭവങ്ങളില്‍ ഋതുക്കള്‍ കഠിനമായി ആവേശിക്കുന്നു. അതവരുടെ വിടര്‍ന്നാടുന്ന ഉടലിലുണ്ട്. പൂക്കളും വഞ്ചനകളും ഒരേ ഋതുവില്‍ തളിര്‍ക്കുന്നു. ‘കാട്ടിലെ വഴികള്‍ വളഞ്ഞു പുളഞ്ഞു പോകുന്നു. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ഭയചകിതരാകുന്നു’വെന്ന് അമ്മമാര്‍ സങ്കടപ്പെടുന്നു. പ്രകൃതിയിലെ ഇരതേടലും ഇണതേടലും സമാനമായ കടന്നുകയറ്റങ്ങളായി ആണ്‍ലോകം തുടരുന്നു. അതു നേരിടാന്‍ ഇച്ഛയുടെ കഠിനമായ വിധിക്ക് ഉടലിനെ വിട്ടുകൊടുക്കുന്ന രക്തസാക്ഷിത്വമായി പെണ്‍ജീവിതം മാറുന്നു. അറിയപ്പെടാതെപോകുന്ന പ്രതിരോധങ്ങളെ ഉള്ളുലയ്ക്കുംവിധം അരങ്ങുഭാഷയില്‍ പറയുന്നു ലിസയും സംവിധായകന്‍ റൊസോവ്‌സ്‌കിയും.
സമര്‍പ്പണമാണ് സ്‌നേഹമെങ്കില്‍ അത് നല്‍കുന്നപോലെ തിരിച്ചെടുക്കാനാവില്ല. സമര്‍പ്പിക്കപ്പെട്ടിടത്ത് അത് കശക്കിയെറിയപ്പെടുമ്പോള്‍ ആത്മാവു നഷ്ടപ്പെട്ടവര്‍ക്ക് ഉടലുകൊണ്ട് അതിജീവിക്കാനുമാവില്ല. പൊള്ളയായ ഉടലിനെ ജലത്തിലൊഴുക്കാന്‍ സ്‌നേഹികള്‍ നിര്‍ബന്ധിതരാവുന്നു. ലിസ ആ വിധിയാണ് സ്വീകരിച്ചത്. പ്രണയത്തെ മധുരിപ്പിച്ച മരണമെന്ന് കാവ്യഭാഷയില്‍ പറയാം. ആന്തരികമായ പ്രതിസന്ധിയും സംഘര്‍ഷവും ലിസയുടെ ഭാവസഞ്ചാരത്തില്‍ ഉണ്ടായിരുന്നു. അതു കാലത്തെയും ശീലത്തെയും മുറിച്ചുതന്നെ നമ്മില്‍ തറയ്ക്കുന്നു.
‘പ്രണയത്തിന്റെ ഏറ്റവും അപകടകരമായ നില രഹസ്യങ്ങളുടെ പൂര്‍ത്തീകരണമാണ്. രഹസ്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ പ്രണയം ഇല്ലാതാകുന്നു. രക്തം തണുത്തൊഴുകുന്നു’. യൂറി രഷ്യന്തേവിന്റെ വരികള്‍ കൂടെ പോരുന്നു.
ബോഡി, ടീത്ത് ആന്റ് വിഗ്
ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദംപോലെ പായുന്ന ജീവിതം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാപ്പുസാക്ഷിയിലുണ്ട്. അത് എണ്‍പതുകള്‍ തുടങ്ങുമ്പോള്‍ കാമ്പസുകള്‍ അനുഭവിച്ചറിഞ്ഞ അസ്വാസ്ഥ്യങ്ങളുടെ രേഖപ്പെടലായിരുന്നു. ഇപ്പോള്‍ വികസ്വര ലോകത്തിന്റെ ആധികള്‍ പെരുകിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ചുള്ളിക്കാട് എഴുതിയ ആര്‍ത്തനാദങ്ങളുടെ അകത്താണ് നാം. കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാതെ മുന്നോട്ടു വഴിയില്ലാതെ വരുന്നു. ഈ വിധമുള്ള ട്രാപ്പുകളെ അതിജീവിക്കാന്‍ ലോകമെങ്ങുമുള്ള യുവജന സമൂഹങ്ങള്‍ വഴി തേടുന്നു. ‘ബോഡി, ടീത്ത് ആന്റ് വിഗ്’ എന്ന ഈജിപ്ഷ്യന്‍ നാടകം വിഹ്വലതകളുടെ ഈ പൊട്ടിത്തെറിയാണ്.
ലോകത്തെ മാറ്റാനുള്ള ഇച്ഛാശേഷിയും കര്‍മ്മസന്നദ്ധതയും പ്രകടിപ്പിച്ച് ഇറങ്ങിയവര്‍ നിരാശരാണ്. ലോകത്തെ മാറ്റാന്‍ ഇറങ്ങിയവരെ ലോകം മാറ്റിയിരിക്കുന്നു. സ്വപ്നം കണ്ട ആദര്‍ശ ലോകം വന്നില്ല. വരരുതെന്ന് കരുതിയ മൂല്യശോഷണവും തിന്മയും അധര്‍മ്മവും നിറഞ്ഞിരിക്കുന്നു. ഓരോ മണിക്കൂറിലും മനുഷ്യര്‍ കൊല ചെയ്യപ്പെടുന്നു. വല്ലാത്ത നിശ്ശബ്ദത നമ്മെ മൂടുന്നു. ഓരോരുത്തരും അവരവരെ അന്വേഷിക്കുകയാണ്. ഇങ്ങനെയൊരു ലോകത്ത് ജീവിക്കുക എന്നതിന്റെ അര്‍ത്ഥമെന്ത്?
മാസന്‍ എല്‍ ഗബാവി എഴുതി സംവിധാനം ചെയ്ത നാടകമാണിത്. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് രംഗത്തു വരുന്നത്. നാടകം തുടങ്ങുന്നത് വളരെ സ്വാഭാവികമായ ലോകാവസ്ഥയില്‍, അതിന്റെ വിരസമായ ആവര്‍ത്തനങ്ങള്‍ക്കിടയില്‍ ആത്മാന്വേഷണത്തിന്റെ തീര്‍പ്പുള്ള ചുവടുവെപ്പുകളിലാണ്. നാലു കഥാപാത്രങ്ങള്‍ രംഗത്ത് വെളിച്ചവും ഇരുട്ടും രൂപപ്പെടുത്തുന്ന ട്രാക്കില്‍ ഒരേ പാറ്റേണില്‍ സഞ്ചരിക്കുന്നു. ചലനമറ്റ, ഒരു വിസിലില്‍ തുറക്കേണ്ട അരങ്ങിനു മുന്നിലല്ല കാണികള്‍. ഇരുട്ടിന്റെയും പ്രകാശത്തിന്റെയും പ്രഭാവത്തിലേക്ക് അവരെത്തുന്നു. പിന്നീട് ഓരോ മനുഷ്യനും പൂര്‍ത്തിയാക്കേണ്ട അലച്ചിലുകളുടെ യാന്ത്രിക ചര്യകളറിയുന്നു. പല അദ്ധ്യായങ്ങളായി ഭാവസഞ്ചാരങ്ങള്‍ സംഘര്‍ഷാത്മകമാകുന്നു.
മാസന്‍ ഗബാവി തോന്നലുകള്‍, വ്യക്തിത്വം, ജീവിതം, ശ്രമങ്ങള്‍, ചിഹ്നങ്ങള്‍, സ്വപ്നങ്ങള്‍ എന്നിങ്ങനെ പല വിതാനങ്ങളായാണ് പ്രമേയത്തെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സാങ്കേതികവിദ്യാ വളര്‍ച്ചയുടെ ജീവിതരേഖകള്‍ അരങ്ങില്‍ തെളിച്ചും അതിന്റെ ദ്രുതവികാസത്തിനിടയില്‍ കൈമോശം വരുന്ന നീതിയും ധാര്‍മ്മികതയും ഓര്‍മ്മിപ്പിച്ചും വിലപിച്ചും വിഹ്വലപ്പെട്ടും അരങ്ങ് സാവകാശം ചടുലമാകുന്നു. ഓരോരുത്തരും ഓരോ ഫ്രെയ്മായി ഉറക്കുകയോ പലതായി രൂപാന്തരപ്പെടുകയോ തെളിയലിന്റെയും മങ്ങലിന്റെയും മനോവ്യാപാരങ്ങളില്‍ അമൂര്‍ത്തപ്പെടുകയോ ചെയ്യുന്നുണ്ട്. അത് ലോകത്തിന്റെ വിചാരണയും അവരവരെ നഷ്ടപ്പെട്ട ആഴങ്ങളിലേക്കുള്ള തേടലുമായി മാറുന്നു. ദൃശ്യങ്ങള്‍ ചിത്രത്തിന്റെയും നൃത്തത്തിന്റെയും വശ്യതയുണ്ട്. രോഷവും ഉന്മാദവും വഴിയുന്ന വിഹ്വലതയുടെ പരുക്കന്‍ സംഗീതമുണ്ട്.
പുതിയകാലത്ത് പുതിയ തലമുറ എത്രമാത്രം അരക്ഷിതരാവുന്നു എന്ന ഭീതിയും നടുക്കവും പകരാനാണ് ഈ നാടകം ശ്രമിക്കുന്നത്. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ചലനത്തിന്റെയും സാന്ദ്രസമന്വയം കാണാം. ഉടലും ശബ്ദവും നിയന്ത്രിതമോ പ്രകാശിതമോ ആകുന്ന വേഗപഥം ശ്രദ്ധേയം. അറബി ഭാഷയിലാണ് സംഭാഷണമെങ്കിലും സബ് ടൈറ്റില്‍സ് ഉള്ളതുകൊണ്ട് സഹായകമായി. രംഗത്തുവന്ന Nagham Saleh, Yemen Youssef, Nahal Fahmi, Jihad Issam Mahamood Shearawi എന്നിവരുടെ പ്രകടനം ഉജ്ജ്വലമായി.
ഡിയര്‍ ചില്‍ഡ്രന്‍, സിന്‍സിയേര്‍ലി- സെവന്‍ ഡികേഡ്‌സ് ഓഫ് ശ്രീലങ്ക’
ശ്രീലങ്കയുടെ ഏഴു ദശകങ്ങള്‍ രംഗത്ത് അവതരിപ്പിച്ച ഡിയര്‍ ചില്‍ഡ്രന്‍, സിന്‍സിയേര്‍ലി- സെവന്‍ ഡികേഡ്‌സ് ഓഫ് ശ്രീലങ്ക’ എന്ന നാടകം രാഷ്ട്രീയ നാടകവേദിയുടെ ഉജ്ജ്വല മാതൃകയാണ്. രംഗപാഠ നിര്‍മ്മിതിയിലെ പുതിയ പരീക്ഷണങ്ങള്‍ എങ്ങനെയാണ് ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരെപ്പോലും ഇളക്കിമറിക്കാവുന്ന ലളിത രൂപകങ്ങളില്‍ സാദ്ധ്യമാവുക എന്നതിന് മികച്ച ഉദാഹരണം. റുവാന്തി ഡി ചിക്കേറയാണ് സംവിധായിക. നാടകകൃത്ത്, സംവിധായിക, തിരക്കഥാകൃത്ത്, ആക്ടിവിസ്റ്റ് എന്നിങ്ങനെ പലനിലകളിലും പ്രശസ്തയാണവര്‍.
ശ്രീലങ്കയുടെ ഏഴു ദശകങ്ങള്‍ എന്നു കേട്ടാല്‍ ആരും നാടകം കാണാന്‍ കൊതിക്കും. ഏതു കഥയെക്കാളും ത്രസിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലൂടെ ആ കഥക്ക് നീങ്ങാതിരിക്കാനാവില്ല. സ്വാതന്ത്ര്യാനന്തര ശ്രീലങ്കയുടെ ചരിത്രം സിംഹള തമിഴ് വംശീയതകളുടെ മത്സരങ്ങളും ഏറ്റുമുട്ടലുകളും ഭരണകൂടം പക്ഷംചേര്‍ന്ന് ആഭ്യന്തര കലാപമോ യുദ്ധമോ ആക്കി വളര്‍ത്തിയ അനുഭവങ്ങളുടേതാണ്. 1940 മുതല്‍ ഏഴു ദശകങ്ങളില്‍ ശ്രീലങ്ക അനുഭവിച്ച ജീവല്‍പ്രശ്‌നങ്ങളുടെ പ്രതിനിധാന ആവിഷ്‌കാരങ്ങളിലൂടെ നാടകം മുന്നേറുന്നു. ഓരോ പതിറ്റാണ്ടിലെയും ഓരോ സംഭവത്തില്‍ കേന്ദ്രീകരിച്ച് ശ്രീലങ്കന്‍ രാഷ്ട്രീയവും ജനങ്ങളുടെ അന്തക്ഷോഭങ്ങളും സമര്‍ത്ഥമായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യം, സിംഹള ഏകഭാഷാനിയമം, ഇംഗ്ലീഷ് സംസാരിക്കുന്ന വരേണ്യതയുടെ പതനം, പട്ടാള അട്ടിമറി, യുവാക്കളുടെ പ്രതിഷേധം, കറുത്ത ജൂലായ്, ആഭ്യന്തരയുദ്ധം എന്നിവയെല്ലാം മുഖ്യപ്രമേയത്തില്‍ ഉള്‍ച്ചേരുന്നു. അത്ര എളുപ്പമല്ലാത്ത ഒരാഖ്യാനത്തെ രംഗത്തു സാദ്ധ്യമാക്കുകയാണ് റുവാന്തി.
സ്വാതന്ത്ര്യമെന്ന ഉപഹാരത്തെ ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്ന ആലോചനയിലാണ് തുടക്കം. ഇന്ത്യയില്‍ ഗാന്ധിയും നെഹ്‌റുവുമൊക്കെ ചെയ്തതുപോലെ ഒരു സമര നേതൃത്വം ഉണ്ടായിരുന്നില്ല. കോളനീകരണത്തോടുള്ള മിശ്ര പ്രതികരണവും നിസ്സംഗതയും തുടര്‍ന്നുള്ള കാലത്തെയും നിര്‍ണയിക്കാന്‍ ഇടയാക്കിക്കാണും. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ശ്രീലങ്ക തമിഴരുടേതും സിംഹളരുടേതുമായിരുന്നു. അധികാരം അത് സിംഹളരുടേതു മാത്രമാക്കി മാറ്റി. തമിഴ് വേട്ടയുടെ കാലമാരംഭിച്ചു. അത് രാഷ്ട്രീയത്തിലുണ്ടാക്കിയ പരിണതികള്‍ പല അനുഭവങ്ങളിലൂടെ നാടകം രംഗത്താവിഷ്‌ക്കരിക്കുന്നു.
വഴുതിപ്പോവാതെ ചരിത്രത്തിലൂടെ പിറകോട്ടു നടക്കുക ശ്രമകരമാണ്. വഴുതിയാല്‍ ഭരണകൂടമോ തീവ്രവംശീയവാദമോ വേട്ടയാടാം. അതിനാല്‍ ധീരമായ ഒരു ശ്രമമാണ് റുവാന്തിയുടെ നേതൃത്വത്തില്‍ സ്റ്റേജ് തിയേറ്റര്‍ ഗ്രൂപ്പ് ഏറ്റെടുത്തത് എന്നു പറയണം. ചിതറിയ നമ്മുടെ ഓര്‍മ്മകളെ പൂരിപ്പിക്കുന്നുണ്ട് അരങ്ങുപാഠം.
വളരെ ലളിതവും അനായാസവുമായ ഉടല്‍ച്ചിത്ര നിര്‍മ്മിതികള്‍ വിസ്മയിപ്പിക്കും. സ്റ്റേജില്‍ പ്രോപ്പര്‍ട്ടി ബാഹുല്യമില്ല. അഭിനേതാക്കള്‍ക്ക് അധിക വേഷപ്പകര്‍ച്ചകളില്ല. വെളിച്ചത്തിന്റെയോ ശബ്ദത്തിന്റെയോ അധിക ആഡംബരമില്ല. ചിലപ്പോഴൊക്കെ ഒരു ഡോക്യുമെന്ററി രീതിയിലേക്ക് വസ്തുതാഖ്യാനം മാറുമ്പോഴും മുഷിപ്പനാവുന്നില്ല. കണ്ണുകള്‍ ഈറനണിയാതെ ആരും കണ്ടു തീര്‍ക്കുന്നില്ല. ശ്രീലങ്കയുടെ അനുഭവാഖ്യാനം നമ്മുടേതുകൂടിയാണ്. സമകാലിക ലോകത്തിന് വലിയ പാഠം നല്‍കുന്ന രാഷ്ട്രീയ സന്ദേശം എന്ന നിലയിലും ഈ നാടകത്തിന് പ്രസക്തിയുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in