ഭാഗം 2 : അംബേദ്കര്‍ ചിന്തകളുടെയും പ്രത്യയശാസ്ത്രത്തിന്റെയും ഉറവിടങ്ങള്‍
ദലിത് പ്രസ്ഥാനം, ഇന്ന് വിശേഷിച്ചും മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ആന്ധ്രാപ്രദേശിലും ഏറെ ശിഥിലമായ അവസ്ഥയിലാണ്. ഈ ശൈഥില്യത്തിന്റെ കാരണം പ്രത്യയശാസ്ത്രപരമായ ഏതെങ്കിലും ഭിന്നതകളല്ല, മറിച്ച് റിസര്‍വേഷന്‍ രാഷ്ട്രീയവും സര്‍ക്കാര്‍ സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാനുള്ള കിടമത്സരവുമായി ബന്ധപ്പെട്ടവയാണ്. ദലിത് ഐക്യത്തെ ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഘടകം ദളിതുകള്‍ക്കിടയിലെ ഉപജാതി വിഭാഗങ്ങളാണ്. ഇത് ഒരു തരത്തില്‍ ‘ തലതിരിഞ്ഞ ജാതീയത’യാണ്. അയിത്ത സമുദായക്കാര്‍ക്കിടയില്‍ അതുമൂലം ഉണ്ടായിരിക്കുന്നത് ജാതീയമായ വലിയ വിടവുകള്‍ ആണ്.
ചുരുക്കിപ്പറയുകയാണെങ്കില്‍, അംബേദ്കര്‍ പ്രത്യയശാസ്ത്രത്തിന്റെ ഉറവിടങ്ങള്‍ പാശ്ചാത്യ ലിബറലിസവും ഇന്ത്യയില്‍ തന്നെ നേരത്തെ രൂപം കൊണ്ടിരുന്ന ജാതിവിരുദ്ധ- സാമൂഹ്യനീതി പ്രസ്ഥാനങ്ങളുടെ പരമ്പരകളും ആണ്. ഭക്തിപ്രസ്ഥാനം, കബീറിന്റെ മാര്‍ഗ്ഗം, ഫൂലെ നയിച്ച നവോത്ഥാനപ്രസ്ഥാനം എന്നിവ അംബേദ്കര്‍ ചിന്തയ്ക്കു ഉറവിടങ്ങളായ ഇന്ത്യയിലെ പരമ്പരാഗത സ്വാധീനങ്ങളില്‍പ്പെടുന്നു.
അംബേദ്കര്‍ എല്ലായ്‌പ്പോഴും വിശ്വസിച്ചത് സാധാരണ മനുഷ്യര്‍ക്ക് മതം ആവശ്യമാണ് എന്നായിരുന്നു. മോക്ഷം, മരണാനന്തരമായി ലഭിക്കുന്ന സ്വര്‍ഗ്ഗം എന്നിവയുടെ രൂപത്തിലുള്ള അര്‍ത്ഥത്തില്‍ മതവിശ്വാസത്തെ തിരസ്‌കരിച്ചപ്പോള്‍ത്തന്നെ ബുദ്ധിസത്തെ ജീവിതത്തിന്റെ ഒരു മാര്‍ഗ്ഗം എന്ന നിലക്കും മതം എന്ന നിലക്കും അംബേദ്കര്‍ ആശ്ലേഷിച്ചു. അംബേദ്കറിന്റെ രാഷ്ട്രീയ ദര്‍ശനം സംബന്ധമായ ചര്‍ച്ച ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അംബേദ്കറിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സാവധാനത്തിലുള്ള ഭരണഘടനാപരമായ രീതികള്‍ ആണ് പിന്തുടര്‍ന്നിരുന്നത് . മഹദ് സത്യാഗ്രഹം, കാലാ രാം ക്ഷേത്ര പ്രവേശനസമരം, ‘കോഥി’ സമ്പ്രദായത്തിനെതിരായ പ്രക്ഷോഭങ്ങള്‍ എന്നിവയൊഴിച്ചുനിര്‍ത്തിയാല്‍ അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ജനകീയ പ്രക്ഷോഭങ്ങള്‍ ഒന്നും അംബേദ്കര്‍ സംഘടിപ്പിച്ചിട്ടില്ല. അംബേദ്കറില്‍ കാര്യമായ സ്വാധീനം ചെലുത്തിയ ജോണ്‍ ഡേവെ അമേരിക്കയിലെ പ്രമുഖനായ വിദ്യാഭ്യാസ വിചക്ഷണനും ലിയോണ്‍ ട്രോട്‌സ്‌കിയുടെ വധം സംബന്ധിച്ച് അന്വേഷിക്കാന്‍ രൂപീകൃതമായ ഒരു വസ്തുതാന്വേഷണ കമ്മീഷന്റെ ചെയര്‍മാനും ആയിരുന്നു.
‘പ്രായോഗികതാവാദം’ (pragmatism) എന്ന രാഷ്ട്രീയ ചിന്താധാരയുടെ പ്രണേതാവായിരുന്നു ജോണ്‍ ഡേവേ. വിശേഷിച്ചും ഭരണഘടനാനുസൃതമായ പ്രായോഗികതയില്‍ അധിഷ്ഠിതമായിരുന്നു ഡേവേയുടെ പ്രാഗ്മാറ്റിസം. ഇന്നത്തെ ദലിത് രാഷ്ട്രീയത്തിലും ഈ പ്രാഗ്മാറ്റിസത്തിന്റെ സ്വാധീനം നല്ലവണ്ണം ഉണ്ട്. ഇടയ്ക്കു ഒരു ജിഗ്‌നേഷ് മേവാനിയെയോ ,രാവണിനെയോ പോലെയുള്ള തീപ്പൊരികള്‍ കാണാമെങ്കിലും. ഇന്ന് ഇന്ത്യയിലെ ദലിത് പ്രസ്ഥാനം പൊതുവില്‍ ശിഥിലീകൃതമായ ഒരവസ്ഥയിലാണ്. .അംബേദ്കറിന്റെ കാലശേഷം പൊട്ടിപ്പുറപ്പെട്ട ദലിത് പാന്തര്‍ പ്രസ്ഥാനവും അല്‍പ്പായുസ്സായിരുന്നു. പിന്നീട് കാന്‍ഷി റാമിന്റെയും മായാവതിയുടേയും നേതൃത്വത്തില്‍ രംഗപ്രവേശം ചെയ്ത ബി എസ് പി യാകട്ടെ പൊതുവില്‍ അംബേദ്കറിന്റെ പ്രയോഗികതാവാദത്തിന്റെ വഴിപിന്തുടര്‍ന്നപ്പോഴും പലപ്പോഴുമത് അവസരവാദത്തിന്റെ വക്കോളം എത്തിയിരുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആനന്ദ് തെല്‍തുംബ്ദെ ഉള്‍പ്പെടെയുള്ളവരെ ഭീമാ കോര്‍ഗാവ് കേസില്‍ പ്രതികളാക്കി അറസ്‌ററ് ചെയ്തപ്പോള്‍ ബി എസ് പി നേതൃത്വം പാലിച്ച സമ്പൂര്‍ണ്ണമായ മൗനം.
അംബേദ്കറിന്റെ പ്രത്യയശാസ്ത്രം ഇതിന് കടകവിരുദ്ധമാണ്. ആധുനിക ലിബറല്‍ പ്രത്യയശാസ്ത്രത്തില്‍ അദ്ദേഹം പൂര്‍ണ്ണമായ വിശ്വാസം വെച്ചുപുലര്‍ത്തി. വ്യാവസായിക വിപ്ലവാനന്തരം ഉയര്‍ന്നുവന്ന ബൂര്‍ഷ്വാസിയുടെ പ്രത്യയശാസ്ത്രമാണ് ലിബറലിസം. ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ച ‘ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്നീ മുദ്രാവാക്യങ്ങളില്‍നിന്ന് തുടര്‍ച്ചയായി പ്രചോദാനം ഉള്‍ക്കൊള്ളാന്‍ അംബേദ്കറിന് സാധിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ ലിബറലിസം, ജനാധിപത്യത്തിന്റെ രൂപം എന്ന നിലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രയോഗക്ഷമത നേടിയിരുന്നു. പക്ഷെ, അത് ഇന്ത്യയിലെത്തുമ്പോള്‍ അതിന്റെ അടിത്തറ കൊളോണിയലിസം ആയി. ഫ്യൂഡലിസത്തെ ഇല്ലായ്മ ചെയ്യാന്‍ പോന്ന വിപ്ലവകരമായ സാദ്ധ്യതകള്‍ ലിബറലിസത്തിന് മുതലാളിത്തത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതുപോലെ പില്‍ക്കാലത്ത് ഇല്ലാതായി.
പാശ്ചാത്യ ലിബറലിസത്തിന്റെ ഉള്ളടക്കം മാറ്റങ്ങള്‍ക്ക് വിധേയമാവുകയും അത് കൊളോണിയല്‍ ചൂഷണത്തിന് മറപിടിക്കുന്ന ഒരുതരം ‘ കുറ്റസമ്മത മാതൃക’ യിലേക്ക് പരിണമിക്കുകയും ചെയ്തു. അപ്പോഴും, ഫ്യൂഡല്‍ ജാതീയ ശക്തികള്‍ക്ക് മേധാവിത്വമുള്ള ഇന്ത്യയില്‍ പ്രായേണ നിഷ്പ്രഭമായ ഈ ബൂര്‍ഷ്വാ ലിബറലിസത്തിന് പോലും പുരോഗമനപരമായ ചില സ്വാധീനങ്ങള്‍ ഉണ്ടായിരുന്നു. മേല്‍പ്പറഞ്ഞവിധമുള്ള ലിബറലിസം അയിത്തജാതിക്കാരെ സംബന്ധിച്ച് ഒരു വിമോചന പ്രത്യയശാസ്ത്രം തന്നെയാണെന്ന വിശ്വാസമാണ് അംബേദ്കറിന് ഉണ്ടായിരുന്നത്. നേരെ മറിച്ചു് , ബൂര്‍ഷ്വാസിക്ക് ജനാധിപത്യ വിപ്ലവത്തിന്റെ ദൗത്യം എന്തുകൊണ്ട് പൂര്‍ത്തീകരിക്കാനാവില്ല എന്നാണ് കാള്‍ മാര്‍ക്‌സ് വിശ്വസിച്ചതും വിശകലനത്തിലൂടെ ചൂണ്ടിക്കാട്ടിയതും. മുതലാളിത്തത്തെ ഇല്ലാതാക്കി തല്‍സ്ഥാനത്ത് ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള ഒരേയൊരു വര്‍ഗ്ഗം സംഘടിത തൊഴിലാളിവര്‍ഗ്ഗമാണ് എന്ന് മാര്‍ക്‌സ് ചൂണ്ടിക്കാട്ടി. തൊഴിലാളിവര്‍ഗ്ഗം ആവിര്‍ഭവിക്കുന്നതിനു മുന്‍പ് ബൂര്‍ഷ്വാസിയായിരുന്നു ‘ഏറ്റവും വിപ്ലവകാരിയായ വര്‍ഗ്ഗം’ എന്ന കാര്യത്തില്‍ മാര്‍ക്‌സിനും സംശയം ഉണ്ടായിരുന്നില്ല എന്നതാണ് അടിസ്ഥാനപരമായ കാര്യം. പ്രധാനപ്പെട്ട ഈ സംഗതി തിരിച്ചറിയുമ്പോള്‍, മാര്‍ക്‌സിനും അംബേദ്കറിനും ജനാധിപത്യത്തോട് ഉണ്ടായിരുന്ന ആഭിമുഖ്യത്തിന്റെ പ്രചോദന ഉറവിടം പാശ്ചാത്യ ലിബറലിസമാണെന്ന് നമുക്ക് കാണാന്‍ കഴിയും. പാശ്ചാത്യ ലിബറലിസത്തിന്റെ അന്തസ്സത്ത ഈ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍ക്‌സിനേയും അംബേദ്കറിനേയും ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല.
‘മുന്നോട്ട് നോക്കുന്ന ഒരു പ്രവാചകനാ’യ അംബേദ്കറിനെ , വര്‍ണ്ണാശ്രമത്തിലും ജാതിവ്യവസ്ഥയിലും വിശ്വസിക്കുന്ന ഒരു സനാതനിയായ ഗാന്ധിയുമായി എങ്ങനെ താരതമ്യം ചെയ്യും എന്ന പ്രശ്‌നം ആണ് ഇനി പരിശോധിക്കാനുള്ളത്. ഗാന്ധി അയിത്തത്തിന് എതിരായിരുന്നുവെന്ന കാര്യം ഓര്‍മ്മിക്കണം. എന്നാല്‍, അംബേദ്കറിന്റെയും ഗാന്ധിയുടെയും വിചാരങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ദിശകള്‍ പരസ്പരം വിപരീതമായിരുന്നു. അഥവാ അവ ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകളെപ്പോലെയാണ്.
സമീപകാല സംഭവവികാസങ്ങളെക്കുറിച്ചു ചില നിരീക്ഷണങ്ങള്‍ നടത്തിയതിനു ശേഷം മുഖ്യവിഷയത്തിലേക്കു തിരിച്ചുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഭിനവ ഗാന്ധിയന്മാരും ലോഹ്യാ പക്ഷക്കാരും ഏതാനും ദലിത് ചിന്തകരും എഴുത്തുകാരും അടുത്തകാലത്ത് അംബേദ്കറെയും ഗാന്ധിയെയും അവതരിപ്പിക്കുന്നത് അവര്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ സമന്വയം സാധ്യമാണെന്ന മട്ടിലാണ്. ഡി ആര്‍ നാഗരാജിന്റെ ‘ദ ഫ്‌ലെയ്മിങ് ഫീറ്റ് ‘ആ ജനുസ്സില്‍പ്പെടുത്താവുന്ന ഒരു ഒന്നാംതരം ഉദാഹരണം ആണ്. ദലിത് ജനതയുടെ രണ്ടു കണ്ണുകളില്‍ ഓരോന്നായിട്ടാണ് അംബേദ്കറിനെയും ഗാന്ധിയെയും അവര്‍ സങ്കല്‍പ്പിക്കുന്നത്. ഈ ഗ്രൂപ്പുകള്‍ ദലിത് ജനത നടത്തുന്ന പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും സന്ദര്‍ഭത്തില്‍ അവയെ തണുപ്പിക്കാനായി ഗാന്ധിയെയും ഗാന്ധിസത്തെയും ഉപയോഗിക്കുന്നു. ഭരണ വര്‍ഗ്ഗങ്ങള്‍ പലപ്പോഴും ചെയ്യുന്നതിന് ഏറെക്കുറെ സമാനമായ വിധത്തില്‍ അവസരവാദപരമായോ, ബഹുദര്‍ശനപ്രഭാവിതമായോ ആയിട്ടാണ് അത്തരം സ്വാധീനങ്ങള്‍ വരുന്നത്. ഈ പ്രവണത സവിശേഷമായ പരിശോധനയര്‍ഹിക്കുന്നതാണ്. അതോടൊപ്പം, ഇതിലെ അപകടങ്ങള്‍ക്കെതിരേ ദലിത് ജനതയ്ക്കുള്ളില്‍ തിരിച്ചറിവ് വികസിപ്പിക്കേണ്ടതും ആവശ്യമാണ്.
ദലിത് പ്രസ്ഥാനം, ഇന്ന് വിശേഷിച്ചും മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ആന്ധ്രാപ്രദേശിലും ഏറെ ശിഥിലമായ അവസ്ഥയിലാണ്. ഈ ശൈഥില്യത്തിന്റെ കാരണം പ്രത്യയശാസ്ത്രപരമായ ഏതെങ്കിലും ഭിന്നതകളല്ല, മറിച്ച് റിസര്‍വേഷന്‍ രാഷ്ട്രീയവും സര്‍ക്കാര്‍ സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാനുള്ള കിടമത്സരവുമായി ബന്ധപ്പെട്ടവയാണ്. ദലിത് ഐക്യത്തെ ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഘടകം ദളിതുകള്‍ക്കിടയിലെ ഉപജാതി വിഭാഗങ്ങളാണ്. ഇത് ഒരു തരത്തില്‍ ‘ തലതിരിഞ്ഞ ജാതീയത’യാണ്. അയിത്ത സമുദായക്കാര്‍ക്കിടയില്‍ അതുമൂലം ഉണ്ടായിരിക്കുന്നത് ജാതീയമായ വലിയ വിടവുകള്‍ ആണ്. അംബേദ്ക്കറുടെ ജീവിതകാലത്തുപോലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ഇന്ന് മധ്യവര്‍ഗ്ഗ ദലിത് ബുദ്ധിജീവികളുടെ നിലപാടുകളും ദലിത് രാഷ്ട്രീയത്തില്‍ തങ്ങളുടെ സ്ഥാനങ്ങള്‍ ഏറെക്കുറെ ഭദ്രമാക്കിക്കഴിഞ്ഞ രാഷ്ട്രീയ നേതാക്കന്മാരും നിമിത്തം ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ജാതീയ ഭിന്നതകള്‍ കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിന് കാരണമായിട്ടുണ്ട് .
അംബേദ്കര്‍ പ്രത്യയശാസ്ത്രത്തിന്റെ ചരിത്രപരമായ നിയോഗം എന്തായിരിക്കും?
ഈ പ്രശ്‌നത്തിലേക്ക് കടക്കും മുമ്പ്, ജാതിയും അംബേദ്കറും സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് നിലപാട് എന്താണ് എന്ന് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വര്‍ഗ്ഗം എന്നത് സാമ്പത്തിക അടിത്തറയായും ജാതിയുടെ വിഷയം ഉപരിഘടനയായും മനസ്സിലാക്കുന്ന യാന്ത്രികമായ ഒരു ധാരണയാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. അതിനാല്‍ വര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ ജാതി താനേ പോകും എന്നവര്‍ വിശ്വസിച്ചു. ഇത് മാര്‍ക്‌സിസത്തിന്റെ തെറ്റായ വ്യാഖ്യാനത്തിന്റെ ഫലമാണ്. ചരിത്രത്തിലുടനീളം അംബേദ്കറിനെ മഹര്‍ സമുദായത്തിന്റെ ഒരു നേതാവായും , ബ്രിട്ടീഷുകാരുമായി ഇഷ്ടം കൂടുന്ന ഒരു വ്യക്തിയായും ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേ ! അംബേദ്കര്‍ വൈസ്രോയിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്ത്രിസഭയില്‍ അംഗമായിരുന്നുവെന്നത് നേരാണ്. പക്ഷെ, നെഹ്രുവിന്റെ ക്യാബിനറ്റിലും അദ്ദേഹം അംഗമായിട്ടുണ്ട്. കൂടാതെ, .ഭരണഘടനാ നിര്‍മ്മാണ സഭയിലും അദ്ദേഹം അംഗമായിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രയോഗികവാദപരമായ രാഷ്ട്രീയ ലൈനിന്റെ ഭാഗമായിരുന്നു.
ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ജാതിയെയും അംബേദ്കറിനെയും കുറിച്ചുള്ള വിലയിരുത്തലുകളില്‍ ഒരാത്മപരിശോധനയ്ക്കു തയ്യാറാവേണ്ടതുണ്ട്. ജാതി എന്നത് ഉല്‍പ്പാദനബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഒരു സമൂര്‍ത്ത യാഥാര്‍ഥ്യം ആണെന്നും അത് കേവലം പ്രത്യയശാസ്ത്രമല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ട് കഴിഞ്ഞകാലത്തെ അവരുടെ തെറ്റുകള്‍ തിരുത്താനുള്ള വിനയം കാണിക്കണം.
ജനാധിപത്യത്തിന് അംബേദ്കര്‍ നല്‍കിയ അമൂല്യമായ സംഭാവനകളെ മാനിക്കേണ്ടതും അതുപോലെ അടിയന്തരപ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. നിര്‍ഭാഗ്യവശാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്നേവരെ അംബേദ്കര്‍ പ്രസ്ഥാനത്തെ ശരിയാംവണ്ണം വിലയിരുത്താന്‍ കൂട്ടാക്കിയിട്ടില്ല. സമീപ കാലത്തായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പല കോണ്‍ഫറന്‍സ് വേദികളിലും അംബേദ്കറിന്റെ പേര് പരാമര്‍ശിക്കപ്പെടുകയും ഫോട്ടോ പ്രദര്‍ശിപ്പിക്കുകയുമൊക്കെ ചെയ്യാറുള്ളത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, ജാതി- വര്‍ഗ്ഗ പ്രശ്‌നത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ കഴിയാത്തവിധം അംബേദ്കര്‍ ചിന്തകളുടെ പ്രത്യയശാസ്ത്ര ശരങ്ങള്‍ തുടര്‍ന്നും, കമ്മ്യൂണിസ്റ്റ്കാര്‍ക്ക് വെല്ലുവിളിയാകും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഭാഗം 3 അംബേദ്കര്‍ചിന്തകളുടെ ചരിത്രപരമായ നിയോഗം
അംബേദ്കറിന്റെ ചരിത്രപരമായ നിയോഗം, സാമൂഹ്യാവസ്ഥയില്‍ ആഴത്തില്‍ വേരൂന്നിയ പ്രതിലോമപ്രത്യയശാസ്ത്രമായ ജാതിയെ (ലിംഗം ഉള്‍പ്പെടെ ) ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കലാണ്. കൊളോണിയലിസത്തിന്റെ സംഭാവനയായ ഇന്ത്യയിലെ ലിബറലിസം ജാതിയുടെ വിഷയത്തില്‍ പുരോഗമനപരമായ ഒരു മാറ്റവും ആഗ്രഹിക്കാത്ത ക്ഷമാപണവക്തവ്യത്തിന്റെ പ്രതിനിധാനം ആണ്. പുരോഗമന പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ നടത്തിയ അനേകം സമരങ്ങളിലൂടെ നേടിയെടുത്ത നിയമപരിഷ്‌കാരങ്ങള്‍ ആശ്വാസകരമായ ഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. എന്നാല്‍, തൊഴിലാളികള്‍, സ്ത്രീകള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍ മുതലായ വിഭാഗങ്ങള്‍ സമരങ്ങളിലൂടെ നേടിയെടുത്തതൊക്കെയും ഇല്ലാതാക്കാന്‍ ഹിന്ദുത്വ ശക്തികള്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. മനുവിന്റെ പ്രതിലോമപരതയുടെ ഭ്രാന്ത് തലയ്ക്കു പിടിച്ചവരാണ് അവരിലൂടെ പ്രവര്‍ത്തിക്കുന്നത്. അംബേദ്കര്‍ ആവര്‍ത്തിച്ചു അഭിപ്രായപ്പെട്ടതുപോലെ ശാസ്ത്രീയ സോഷ്യലിസം ലക്ഷ്യം വെക്കുന്ന പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ അതിശക്തമായ ഒരു തരംഗം മര്‍ദ്ദിതജനവിഭാഗങ്ങളിലും ബഹുജനങ്ങളിലും സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതിനാല്‍, അംബേദ്കറിന്റെ മഹത്തായ ജനാധിപത്യ സമരപാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് തങ്ങള്‍ എന്ന് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കണം. ‘മാനവരാശിയുടെ പുരോഗമനാത്മകവും വിപ്ലവകരവും ആയ എല്ലാ പൈതൃകങ്ങളുടെയും അനന്തരാവകാശികള്‍ നമ്മളാണ് ‘ എന്ന് പ്രഖ്യാപിച്ച ലെനിന്റെ മാതൃകയുമായി പൊരുത്തപ്പെടുംവിധമുള്ള ഒരു നിലപാടാണ് ഇത്. എല്ലാ മര്‍ദ്ദിത വര്‍ഗ്ഗങ്ങളുടെയും വിമോചനത്തോടൊപ്പം അല്ലാതെ തൊഴിലാളിവര്‍ഗ്ഗത്തിന് ഒറ്റയ്ക്ക് മോചിതരാകാന്‍ കഴിയില്ലെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗ്ഗം നേതൃത്വം നല്‍കുന്ന ഒരു ജനാധിപത്യ വിപ്ലവത്തില്‍നിന്ന് വേറിട്ട രീതിയില്‍ അയിത്തമനുഭവിക്കുന്ന സമുദായങ്ങള്‍ക്കും മറ്റു മര്‍ദ്ദിത സാമൂഹ്യ വിഭാഗങ്ങള്‍ക്കും വിമോചനം സാധ്യമല്ലെന്നത് ഇതിന്റെ മറുവശമാണ്.
(മെഡിക്കല്‍ ഡോക്ടറും ത്വക് രോഗ സ്‌പെഷ്യലിസ്റ്റും ആയ ഡോ വി ലക്ഷ്മിനാരായണ മൈസൂര്‍ നിവാസിയാണ് .കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലേറെ ദലിത് അവകാശങ്ങള്‍ക്ക് വേണ്ടിയും പൗരാവകാശ സംരക്ഷണ മേഖലയിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം കര്‍ണ്ണാടക ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് ഏതാനും വര്‍ഷം മുന്‍പ് വിരമിച്ചു. ഇപ്പോള്‍ സി പി ഐ (എം എല്‍) ലിബറേഷന്‍ കര്‍ണ്ണാടക സംസ്ഥാന കമ്മിറ്റിയംഗവും പിയുസിഎല്‍ നാഷണല്‍ കൌണ്‍സില്‍ മെമ്പറും ആണ്. മേയ് 23 2020 ന് ZOOM വഴിയായി നടത്തിയ ‘മേയ് സാഹിത്യമേള’ യില്‍ അവതരിപ്പിച്ച വീഡിയോ പ്രഭാഷണത്തിന്റെ എഡിറ്റ് ചെയ്തതും വിപുലീകൃതവുമായ ഇംഗ്ലീഷ് ട്രാന്‍സ്‌ക്രിപ്റ്റ് )
(മലയാള പരിഭാഷ : കെ എം വേണുഗോപാലന്‍ )
ALSO READ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in