ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് അംബേദ്കര്‍ പറഞ്ഞത്
നാളിതുവരെയില്ലാത്തവിധം അംബേദ്കര്‍ ആശയങ്ങളെ പിന്‍പറ്റുകയും അതിവിപുലമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെമ്പാടുമുള്ള മര്‍ദ്ദിതജനവിഭാഗങ്ങളുടെ മാത്രമല്ല, മനുഷ്യവംശത്തിന്റെ ഭാവിയില്‍ താല്‍പ്പര്യമുള്ള മുഴുവന്‍ മനുഷ്യരും അംബേദ്കര്‍ ആശയങ്ങളെ ഗൗരപവൂര്‍വ്വം സമീപിക്കുന്ന ചരിത്രഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ പുതിയ അന്വേഷണത്തിന്റെ സാഹചര്യത്തില്‍ അംബേദ്കറുടെ ജനാധിപത്യത്തെ കുറിച്ചുള്ള മൗലിക സങ്കല്‍പ്പങ്ങള്‍ പങ്കുവെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഒരിക്കല്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെത്തിയ പ്രശസ്ത ചിന്തകന്‍ നോം ചോംസ്‌കിയോട് ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി സുന്ദരമായ ഒരു സ്വപ്‌നം എന്നായിരുന്നു. ഇനിയും പൂര്‍ത്തീകരിക്കാത്ത ഒന്ന് എന്നര്‍ത്ഥം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ പരിമിതിയെ കുറിച്ച് അംബേദ്കര്‍ എന്നും ബോധവാനായിരുന്നു. 1948 നവംബറില്‍ കോണ്‍സ്റ്റിട്യൂഷണല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇന്ത്യന്‍ ജനാധിപത്യമെന്നത് അസമത്വം നിറഞ്ഞ സമൂഹത്തിലെ ഒരു മേലങ്കി മാത്രമാണെന്നായിരുന്നു. സാമൂഹ്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് ജനാധിപത്യമൂല്യങ്ങള്‍ കടന്നു ചെന്നിട്ടില്ല എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു രാഷ്ട്രീയചിന്തകന്‍ എന്ന നിലയില്‍ ജനാധിപത്യം എന്ന ആശയത്തെ വിപുലീകരിക്കാനും അതിനു പുതിയ ഭാഷ്യങ്ങള്‍ ചമക്കുവാനും അദ്ദേഹം മുന്‍കൈ എടുത്തിരുന്നു.
അംബേദികറെ സംബന്ധിച്ച പൊതുവിലയിരുത്തല്‍ പലപ്പോഴും അദ്ദേഹം യൂറോപ്യന്‍ ജാഞാനോദയത്തിന്റേയും യൂറോപ്യന്‍ രാഷ്ട്രീയ ചിന്തകളുടേയും കേവലമായ ഫോളോവര്‍ ആണെന്നാണ്. എന്നാല്‍ യൂറോപ്യന്‍ രാഷ്ട്രീയ തത്വശാസ്ത്രത്തെ, പ്രത്യേകിച്ചും ജനാധിപത്യവുമായി ബന്ധപ്പെട്ട ആശയപ്രപഞ്ചത്തെ വളരെ അടിസ്ഥാനപരമായി തന്നെ വിമര്‍ശനപരമായി നോക്കികണ്ടാണ് അദ്ദേഹം തന്റെ ജനാധിപത്യ സങ്കല്‍പ്പങ്ങളെ വിപൂലീകരിച്ചത്. അതിലേറ്റവും പ്രധാനം യൂറോപ്യന്‍ ലിബറല്‍ ഡെമോക്രസി അതിന്റെ അച്ചുതണ്ടായി വ്യക്തിഗത അവകാശത്തില്‍ കേന്ദ്രീകരിക്കുന്നു എന്നതാണ്. വ്യക്തികളുടെ അവകാശം മാത്രമല്ല, അതിനു തല്ല്യമായി തന്നെ വിഭാഗങ്ങളുടെ അവകാശങ്ങളും പരിഗണിക്കണമെന്ന ആശയം ജനാധിപത്യചിന്തയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്. അതിനുകാരണം ഏതൊരു സമൂഹത്തിലേയും വൈവിധ്യങ്ങളെ, അതിന്റെ വ്യത്യസ്ഥതകളെ രാഷ്ട്രീയമായിതന്നെ ഉള്‍ക്കൊള്ളാന്‍ ജനാധിപത്യസംവിധാനത്തിനു കഴിയണമെന്നത് അദ്ദേഹത്തിന്റെ മൗലികമായ ദര്‍ശനമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥവിഭാഗങ്ങളുടെ അവകാശം കൂടി ഉന്നയിക്കുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന് വിജകരമായി മുന്നോട്ടുപോകാനാവൂ എന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേവലം വ്യക്തിസ്വാതന്ത്ര്യത്തില്‍ ഊന്നുന്ന ലിബറല്‍ ജനാധിപത്യവാദികള്‍ വിഭാഗങ്ങളുടെ അവകാശങ്ങള്‍ വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ചേക്കാം. എന്നാല്‍ ഇന്ത്യപോലെ വ്യത്യസ്ഥതകള്‍ തിങ്ങിനിറഞ്ഞ സമൂഹത്തില്‍, ആ വ്യത്യസ്ഥതകള്‍ തന്നെ ശ്രേണീകൃതമായ അസമത്വത്തില്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍, എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലഭ്യമാകണമെങ്കില്‍ അവകാശങ്ങള്‍ ലഭിക്കാതെ പോയ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കാന്‍ ജനാധിപത്യസംവിധാനത്തിന് കഴിയേണ്ടതുണ്ടെന്ന പ്രശ്‌നത്തെയാണ് അദ്ദേഹം ഉന്നയിക്കാന്‍ ശ്രമിച്ചത്. അതിനാല്‍ യൂറോപ്യന്‍ ലിബറല്‍ ഡെമോക്രസിയുടെ വേകലമായ വക്താവ് എന്നതിനപ്പുറം ഓരോ രാഷ്ട്രത്തിന്റേയും സവിശേഷമായ അവസ്ഥകളെ പരിഗണിച്ചും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടുമാണ് ജനാധിപത്യം അതിന്റെ സംവിധാനങ്ങളേയും ഭാവനകളേയും രൂപപ്പെടുത്തേണ്ടത് എന്ന അടിസ്ഥാനപരമായ നിലപാട് അദ്ദേഹം മുന്നോട്ടുവെച്ചു.
രണ്ടാമത്തേതും മൗലികവുമായ മറ്റൊന്ന് ഒരു ജനാധിപത്യക്രമം വിജയകരമായി മുന്നോട്ടുപോകാന്‍ കഴിയണമെങ്കില്‍ അവിടെ പരമ്പരാഗതമായ, അനസ്യൂതമായ ഒരു ഭരണവര്‍ഗ്ഗം ഉണ്ടാകരുത് എന്നതാണ്. അത്തരം ഒരു വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് ജനാധിപത്യത്തിന്റെ പോക്കിനു തടസ്സമാകും എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നു. ഭരണവര്‍ഗ്ഗമെന്നു പറയുമ്പോള്‍ കേവലമായി ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ ഭരിക്കുന്നു എന്ന വാദമല്ല. മറിച്ച് അദ്ദേഹം പറഞ്ഞത് ഓരോ സമൂഹത്തിലും സാമൂഹ്യമായും സാംസ്‌കാരികമായും സവിശേഷമായ അധികാരമുള്ള, അവകാശമുള്ള വിഭാഗങ്ങള്‍ നിരുപാധികം അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തിനു ഭീഷണിയാണ് എന്നാണ്. ഇന്ത്യയിലെ ഭരണവര്‍ഗ്ഗത്തിന്റെ ഉള്ളടക്കമായി ബ്രാഹ്മണ – ബനിയാ സഖ്യത്തെയാണ് അംബേദ്കര്‍ വിലയിരുത്തുന്നത്. ഈ വിമര്‍ശന ഘട്ടത്തിലാണ് ആഭിജാത വര്‍ഗ്ഗങ്ങളുടെ അധികാര തുടര്‍ച്ചയെ കുറിച്ച് അദ്ദേഹം പറയുന്നത്. ഇതാകട്ടെ ഇന്ത്യയിലെ ബ്രാഹ്മണാധികാരത്തിന്റെ തുടര്‍ച്ചയുടെ മാത്രം പ്രശ്‌നമല്ല. ലോകത്തെ എല്ലാ സമൂഹങ്ങളിലും വംശത്തിന്റെ, വര്‍ഗ്ഗത്തിന്റെ, ഗോത്രത്തിന്റെ, ജാതിയുടെ പേരില്‍ ആഭിജാതവിഭാഗങ്ങള്‍ അധികാരത്തില്‍ അനസ്യൂതമായ തുടര്‍ച്ച നിലനിര്‍ത്തുന്നു. ഫ്യൂഡല്‍ വ്യവസ്ഥയാണോ ജനാധിപത്യവ്യവസ്ഥായമോ വിപ്ലവസര്‍ക്കാരാമോ എന്നതൊന്നും അതിനെ ബാധിക്കുന്നില്ല.
അംബേദ്കറുടെ മൂന്നാമത്തെ മൗലികമായ സംഭാവന രാഷ്ട്രീയ ജനാധിപത്യം വിജയകരമാകണമെങ്കില്‍ അടിസ്ഥാനപരമായി സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം വേണമെന്നതാണ്. സാമൂഹികമായ ജനാധിപത്യമെന്നാല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലുമുള്ള ബന്ധത്തില്‍ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി എന്ന തത്വം പ്രാവര്‍ത്തികമാക്കണമെന്ന പ്രധാനപ്പെട്ട ആശയമാണ് അദ്ദേഹം ഉന്നയിക്കുന്നത്. സമത്വത്തിന്റേയും നീതിയുടേയും അടിസ്ഥാനത്തിലല്ല മനുഷ്യര്‍ തമ്മിലും വിഭാഗങ്ങള്‍ തമ്മിലുമുള്ള ബന്ധം നിലനില്‍ക്കുന്നതെങ്കില്‍ ആ സമൂഹത്തില്‍ വിജയകരമായ ജനാധിപത്യം സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. സാമൂഹിക – സാമ്പത്തിക ജനാധിപത്യത്തിന്റെ അടിത്തറയിലുള്ള രാഷ്ട്രീയ ജനാധിപത്യത്തെ സംബന്ധിച്ച് വിപുലമായ സങ്കല്‍പ്പങ്ങളാണ് അദ്ദേഹം ലോകത്തോട് വിശദീകരിക്കാന്‍ ശ്രമിച്ചത്.
പൊതുവില്‍ അംബേദ്കറുടെ ജനാധിപത്യസങ്കല്‍പ്പം പാഠപുസ്തകങ്ങളില്‍ നിന്നു പഠിക്കുന്നതിനപ്പുറം മനുഷ്യജീവിതത്തിന്റെ മുഖമുദ്രയാകുന്ന, സംസ്‌കാരമാകുന്ന, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ജീവിതമൂല്യമായി മാറുന്ന ഒരു സാമൂഹികക്രമമാണ്. ഇന്നു നിലവിലുള്ള ജനാധിപത്യസംവിധാനത്തിന് വിവിധവിഭാഗങ്ങളെ ഉള്‍ക്കൊള്ളാനാവില്ല എാൈണ് കൊവിഡ് കാലത്ത് വ്യക്തമായത്. ലോകത്തെ ഒരു നിമിഷം കൊണ്ട് ചാമ്പലാക്കാന്‍ കഴിവുണ്ടെന്ന് അഹങ്കരിക്കുന്ന അമേരിക്കക്കുപോലും സംരക്ഷിക്കാനാവാതെ സ്വന്തം നാട്ടിലെ മുതിര്‍ന്ന പൗരന്മാരെ മരണത്തിനു വിട്ടുകൊടുക്കേണ്ടിവന്നു എന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഇന്ത്യയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നാം കണ്ടത് ലക്ഷകണക്കിന് അഭയാര്‍ത്ഥികളെയായിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അതിന്റെ വിഭവങ്ങളില്‍ നിന്ന്, അദികാരശ്രേണിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിഭാഗങ്ങളായിരുന്നു നഗരങ്ങളിലെ കൂലി തൊഴിലാളികളായത്. അവരാണ് അഭയാര്‍ത്ഥികളായത്. ആ വലിയ വിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ജനാധിപത്യം പരാജയപ്പെടുകയായിരുന്നു.
നമ്മളൊരു പുതിയ സാമൂഹ്യ – രാഷ്ട്രീയ – സാമ്പത്തിക ജനാധിപത്യ ക്രമത്തിനായി നിലകൊള്ളുന്നു എങ്കില്‍ (നിലകൊള്ളാന്‍ നാം ബാധ്യസ്ഥരാണ്) അത് എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകണം. അതാകട്ടെ സാങ്കേതികമായ അര്‍ത്ഥത്തിലല്ല. എല്ലാ വിഭാഗങ്ങള്‍ക്കും രാഷ്ട്രത്തിന്റെ സമ്പത്തിലും വിഭവങ്ങളിലും പങ്കാളിത്തമുണ്ടാകുക എന്നതാണ് അതിന്റെ അടിത്തറയാകേണ്ടത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഭൂമിയടക്കമുള്ള വിഭവങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ അഭയാര്‍ത്ഥികളായി തെരുവുകളില്‍ അലയുന്ന അവസ്ഥയുണ്ടാകാതിരിക്കണമെങ്കില്‍ അവര്‍ക്ക് വിഭവങ്ങള്‍ക്കുമേലുള്ള അധികാരാവകാശങ്ങള്‍ ഉറപ്പിക്കുകയും രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. അതിനായി കൂടുതല്‍ ഉള്‍ക്കൊള്ളല്‍ ശേഷിയുള്ള, inclusive ആയ ജനാധിപത്യക്രമത്തിനായാണ് നിലകൊള്ളേണ്ടത്. അത്തരമൊരാശയത്തിന്റെ പ്രധാനപ്പെട്ട പ്രായോക്താവായിരുന്നു അംബേദ്കര്‍.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മറ്റൊരു സംഭവം ഓര്‍മ്മവരുന്നത് സൂചിപ്പിക്കട്ടെ. കൊവിഡ്കാലത്തു തന്നെ ഉത്തരേന്ത്യയില്‍ നിന്നു വന്ന വാര്‍ത്തയാണ്. കോറന്റയിനില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍, അയിത്ത ജാതിക്കാരനാണെന്നതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുക.യും സ്ഥലത്തെ പാര്‍ലിമെന്റംഗം അതിന്റെ ന്യായീകരിക്കുകയും ചെയ്തു എന്നതാണത്. ഇക്കാര്യത്തില്‍ അവരെ കുറ്റവാളികളായി കാണുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. നമ്മുടെ ജീവിതബോധം എത്രമാത്രം മനുഷ്യത്വവിരുദ്ധവും സങ്കുചിതവുമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. അവരെ അതിനു പ്രേരിപ്പിച്ച ജീവിതബോധവും ധാര്‍മ്മികമൂല്യങ്ങളും അഴിച്ചുപണിയുകയാണ് വേണ്ടത്. അങ്ങനെയാണ് യഥാര്‍ത്ഥ മനുഷ്യ സമൂഹ നിര്‍മ്മിതി സാധ്യമാകുക. നമ്മുടെ രാഷ്ട്രീയക്രമവും സാമ്പത്തികക്രമവും മാത്രമല്ല ധാര്‍മ്മികജീവിതം കൂടി പുനര്‍സൃഷ്ടിക്കുന്ന ഉത്തരവാദി്തതമാണ് മുന്നിലുള്ളത്.
്അംബേദ്കര്‍ പറയാന്‍ ശ്രമിച്ച ഏറ്റവും പ്രധാന വിഷയം ഈ ധാര്‍മ്മികമായ പുനര്‍നിര്‍മ്മാണമാണ്. അത്തരത്തില്‍ ലോകം പുതിയൊരു ധാര്‍മ്മികതയിലേക്ക് ഉയരേണ്ടതുണ്ടെന്ന ദര്‍ശനം അദ്ദേഹം മുന്നോട്ടുവെച്ചു. അതിനായി അദ്ദേഹം തുറന്നിട്ടത് രാഷ്ട്രീയവിജ്ഞാനത്തിന്റെ, ധാര്‍മ്മികജീവിതത്തിന്റെ നിരവധി വാതായനങ്ങളാണ്. അവയുമായി ബന്ധപ്പെട്ട, തുറന്ന, ആത്മാര്‍ത്ഥമായ സംവാദങ്ങളാണ് മനുഷ്യവംശം ഈയവസരത്തില്‍ നടത്തേണ്ടത്. എല്ലാവര്‍ക്കും എന്റെ അംബേദ്കര്‍ ജന്മദിനാശംസകള്‍……
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in