കാസര്‍ഗോട്ട് എയിംസ് സ്ഥാപിക്കണം, വടക്കന്‍ കേരളത്തില്‍ സെക്രട്ടറിയേറ്റിന്റെ അനക്‌സും
ഇവിടത്തെ ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നവരാണ്. അവരില്‍ നിന്ന് എന്തു നീതിയാണ് ഒരു സമൂഹത്തിനു ലഭിക്കുക? മാത്രമല്ല സംസാരിക്കുന്ന ഭാഷയുടെ പേരില്‍ കാസര്‍ഗോടുകാര്‍ പലപ്പോഴും ഉദ്യോഗസ്ഥരാല്‍ അപമാനിക്കപ്പെടുന്നു. മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരില്‍ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. സര്‍ക്കാര്‍ ആഫീസുകളില്‍ പോകുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വലിയ പാടാണെന്നു അവര്‍ പറയുന്നു. അവരെയൊന്നും തുല്ല്യതയോടെ കാണാന്‍ പോലും നമുക്കാവുന്നില്ല എന്നതാണ് വാസ്തവം. ഭാഷാ ന്യൂന പക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടുപോലും ഇതാണവസ്ഥ.
എന്‍ഡോസള്‍ഫാന്റെ പേരിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകള്‍ ആരംഭിക്കുന്നതിന്റെ പേരിലും മാത്രം മാധ്യമങ്ങളിലും രാഷ്ട്രീയനേതാക്കളുടേയും ഭരണാധികാരികളുടേയും ചര്‍ച്ചകളിലും വരുന്ന കാസര്‍ഗോഡാണല്ലോ സമീപദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന ചര്‍ച്ച. പ്രധാനമായും കാസര്‍ഗോഡുകാര്‍ക്ക് സെക്രട്ടറിയേറ്റിലും ആര്‍ സി സിയിലും നാലുമണിക്കൂര്‍ കൊണ്ട് എത്താനായി ഒരു ലക്ഷം കോടി ചിലഴിച്ച് സില്‍വര്‍ ലൈന്‍ സ്ഥാപിക്കുന്നു, തുടക്കത്തില്‍ തന്നെ ദിനംപ്രതി 37 തീവണ്ടികള്‍ വീതം അങ്ങോട്ടുമിങ്ങോട്ടും പായാന്‍ പോകുന്നു എന്നതാണ് അവകാശവാദം. അതിനിടയിലാണ് ഏറെ കാലമായി കാസര്‍ഗോഡ് സ്ഥാപിക്കണമെന്ന് അവിടത്തുകാര്‍ നിരന്തരമായി ആവശ്യപ്പെടുന്ന എയിംസിനു വേണ്ടി കേരളം ശക്തമായി ആവശ്യപ്പെടാതിരുന്നതും അനുമതി ലഭിക്കാതിരുന്നതും. അതിനെതിരെ കഴിഞ്ഞ ദിവസം കാസര്‍ഗോട് സമരവും നടന്നു. അതേസമയം കേരള സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയത് സാമാന്യം ചികിത്സാ സൗകര്യങ്ങള്‍ നിലവിലുള്ള കോഴിക്കോട് സ്ഥാപിക്കാനായിരുന്നു. അതും കേന്ദ്രം അനുവദിച്ചില്ല എന്നത് വേറെ കാര്യം. അതിനിടെ എന്‍ഡോസള്‍ഫാന്‍ സമ്മാനിച്ച ദുരന്തങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒന്നരവയസ്സുള്ള ഒരു കുഞ്ഞിനും ജീവന്‍ നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം കുഞ്ഞു മരിച്ച സംഭവത്തെ കുറിച്ച് സമരസമിതി പ്രവര്‍ത്തക മുനീസ പറയുന്നതിങ്ങനെ. ‘ഒരു പാട് രോഗങ്ങളുമായി കാസര്‍ഗോഡ് ജനിച്ചു വീണഹര്‍ഷിത ഒന്നര വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ച് യാത്രയായി. മോളേ മാപ്പെന്ന് പോലും പറയാന്‍ പറ്റാത്ത അവസ്ഥ. കാരണം വേണ്ട ചികിത്സ കിട്ടാത്തത് തന്നെയാണ് കാരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. എന്തിനും ഏതിനും ദൂരെ ദൂരേക്ക് ചികിത്സയ്ക്ക് പോകേണ്ട ഗതികേട് അവസാനിക്കുമെന്ന പ്രതീക്ഷ പോലും ഇന്ന് ഞങ്ങള്‍ക്കില്ല. എവിടെക്കൊണ്ടു പോയാലാണ് ഞങ്ങള്‍ക്ക് ചികിത്സ കിട്ടുമെന്ന് പ്രതീക്ഷ മാത്രം’ ഇത് പറയുമ്പോള്‍ ഇന്നലത്തെ ഒരനുഭവം പറയാം.തിരുവനന്തപുരത്ത് ശ്രീ ചിത്രയില്‍ കുട്ടിയെയും കൊണ്ടു ചെന്നപ്പോള്‍ നിങ്ങളുടെ നാട്ടിലെങ്ങും ചികിത്സയില്ലേ. എല്ലാവരും എന്തിനാണിങ്ങനെ ഇങ്ങോട്ടേക്ക് വരുന്നതെന്ന് സ്റ്റാഫ് വളരെ മോശമായി ചോദിച്ചുവെന്ന് ഒരമ്മ എന്നെ വിളിച്ച് സങ്കടത്തോടെ പറഞ്ഞു. ഹര്‍ഷിതയുടെ അച്ഛനുമമ്മയും മാത്രമാണ് കോഴിക്കോട് ഉള്ളത്. മലയാളം നന്നായി സംസാരിക്കാന്‍ പോലും അവര്‍ക്കറിയില്ല. ഒന്നവരെ വിളിക്കാന്‍ പോലും എനിക്കാവുന്നില്ല. കൂടെയുണ്ട് എന്ന് പറയാനുള്ള യോഗ്യത പോലും നമുക്കില്ലല്ലോ. കാസര്‍കോടുകാരുടെ വിഷമം ആരോടു പറയാന്‍. മാപ്പ് ചോദിക്കുന്നു മോളേ. ഇന്നലെത്തന്നെ സ്‌നേഹവീട്ടില്‍ വരുന്ന ഒരു മോളെ ശനിയാഴ്ച ഫിറ്റ്‌സ് വന്നിട്ട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. പുതിയ ന്യൂറോളജിസ്റ്റിനെ കാണിക്കാന്‍. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ .യാത്രാ സൗകര്യം പോലുമില്ലാത്ത ഉക്കിനടുക്കയില്‍.EG എടുക്കണം, MRl എടുക്കണം. എവിടെക്കൊണ്ടു പോയി എടുക്കും. ഡോക്ടര്‍ക്ക് ഒന്നും പറയാനില്ല. കണ്ണൂര് പരിയാരം മെഡിക്കല്‍ കോളേജില്‍ പോണം. എന്നിട്ട് റിപ്പോര്‍ട്ടുമായി വീണ്ടും ഇവിടെ വരണം. കടലാസും വാങ്ങി വന്ന് അമ്മ എന്നോട് ചോദിച്ചു. എന്തു പറയണമെന്ന് അറിയില്ല. എന്തിനാണ് ഞങ്ങളെയിങ്ങനെ…. ഈ ആശുപത്രിക്കെന്തിനാ മെഡിക്കല്‍ കോളേജെന്ന് പേര്.’
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജില്ലയില്‍ അടിയന്തിരമായി മികച്ച ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുക എന്ന ആവശ്യത്തിനു നേരെ മുഖംതിരിച്ചാണ് സില്‍വര്‍ ലൈന്‍ വാഗ്ദാനങ്ങളെ കുറിച്ച് സര്‍ക്കാര്‍ വാചാലമാകുന്നത്. സില്‍വര്‍ ലൈനുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ തുച്ഛം ചിലവില്‍ അതു സാധ്യമാണ്. മെഡിക്കല്‍ കോളേജ് ഉന്നത നിലവാരത്തിലെത്തിക്കാനുള്ള നീക്കം പോലുമില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എത്രയോ തവണ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാനും എത്രയോ കുറഞ്ഞ തുക മതി. സില്‍വര്‍ ലൈനിനുവേണ്ടി കേന്ദ്രത്തില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ എത്രയോ ചെറിയ സമ്മര്‍ദ്ദം ചെലുത്തിയാല്‍ അവിടെ എയിംസ് സ്ഥാപിതമാകും. എന്നാല്‍ അതൊന്നും ചെയ്യാതെയാണ് ആയിരകണക്കിനു രൂപ ചിലവഴിച്ച് തിരുവനന്തപുരത്തുപോയി ചികിത്സകള്‍ നടത്താനായി സില്‍വര്‍ ലൈന്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തേക്കാള്‍ മികച്ച ചികിത്സാ സൗകര്യം തൊട്ടുത്ത മംഗലാപുരത്ത് ലഭ്യമാണെന്ന കാര്യം പോലും മറച്ചുവെച്ചാണ് ഈ വാചാടോപം എന്നതാണ് തമാശ. അതേസമയം മംഗലാപുരം പ്രൈവറ്റ് ഹോസ്പിറ്റല്‍ ലോബിക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തുകയാണെന്ന ആരോപണവുമുണ്ട്.
ആരോഗ്യമേഖല മാത്രമല്ല, ഏതു മേഖലയെടുത്താലും ഏറ്റവുമധികം അവഗണന നേരിടുന്ന ജില്ലയാണ് കാസര്‍ദോഡ്. വടക്കെ അറ്റത്തായതിനാല്‍ അവിടത്തെ പ്രശ്‌നങ്ങളൊന്നും തെക്ക് തലസ്ഥാനത്തെത്തുന്നില്ല. എത്തിയാലും ഒരു കാര്യവുമില്ല. ഇപ്പോള്‍ സില്‍വര്‍ ലൈനിനെ കുറിച്ച് വാചാലരാകുന്നവര്‍ മറച്ചുവെക്കുന്നത് കേരളത്തിലോടുന്ന എത്രയോ ട്രെയിനുകളാണ് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നതെന്നാണ്. പല ദീര്‍ഘദൂര ട്രെയിനുകള്‍ക്കുമാകട്ടെ കാസര്‍ഗോട് സ്‌റ്റോപ്പുമില്ല.
വിദ്യാഭ്യാസമേഖലയിലായാലും അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിലായാലും തൊഴില്‍ മേഖലയിലായാലും അവഗണനയോടൊപ്പം പരിഹാസം നേരിടുന്ന സമൂഹമാണ് തങ്ങളുടേതെന്ന് കാസര്‍ഗോട്ടുകാര്‍ പറയുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നവരാണ്. അവരില്‍ നിന്ന് എന്തു നീതിയാണ് ഒരു സമൂഹത്തിനു ലഭിക്കുക? ഒരറ്റത്തു കിടക്കുന്നു എന്നതുകൊണ്ട് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള കാരണമാകുന്നതിന്റെ അര്‍ത്ഥവും ഇവര്‍ക്കു മനസ്സിലാകുന്നില്ല. വിദ്യാഭ്യാസമേഖലയിലെ കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ മനസിലാക്കണെമെങ്കില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയി നോക്കിയാല്‍ മതി. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും തെക്കന്‍ ജില്ലക്കാരായിരിക്കും. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും ഇവിടെ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല. തരം കിട്ടിയാല്‍ ട്രാന്‍സ്ഫര്‍ വാങ്ങി സ്ഥലം വിടുക മാത്രമാണ് അവരുടെ ലക്ഷ്യം. തിങ്കളാഴ്ചയും ശനിയാഴ്ചയുമൊന്നും മിക്കവാറും പേര്‍ ഓഫീസിലുണ്ടാവില്ല. മാത്രമല്ല സംസാരിക്കുന്ന ഭാഷയുടെ പേരില്‍ കാസര്‍ഗോടുകാര്‍ പലപ്പോഴും ഉദ്യോഗസ്ഥരാല്‍ അപമാനിക്കപ്പെടുന്നു. മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരില്‍ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. സര്‍ക്കാര്‍ ആഫീസുകളില്‍ പോകുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വലിയ പാടാണെന്നു അവര്‍ പറയുന്നു. അവരെയൊന്നും തുല്ല്യതയോടെ കാണാന്‍ പോലും നമുക്കാവുന്നില്ല എന്നതാണ് വാസ്തവം. ഭാഷാ ന്യൂന പക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടുപോലും ഇതാണവസ്ഥ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാര്‍ഷിക, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രമായി വളരാനുള്ള വിഭവങ്ങളുടെ സുലഭത ഉണ്ടായിട്ടും, അധികൃതരുടെ നിസ്സംഗതയില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല. കേരളത്തിലെ മറ്റ് ജില്ലകളിലൊന്നും കണ്ടുവരാത്ത തരത്തില്‍ കോട്ടകളാല്‍ സമ്പന്നമായ ജില്ലയാണ് കാസര്‍ഗോഡ്. എന്നാലും വിനോദസഞ്ചാരം വികസിക്കുന്നില്ല. വാണിജ്യ-വ്യവസായരംഗമടക്കം മറ്റുമേഖലകളിലേക്കുവന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. സാമ്പത്തിക സര്‍വേ 2017ന്റെ അടിസ്ഥാനത്തില്‍, 39,543.77 ലക്ഷം രൂപയാണ് ജില്ലയിലെ ആകെ നിക്ഷേപം. 39,579 തൊഴില്‍ ദിനങ്ങള്‍ ഈ മേഖലയിലുണ്ടായി. അതേ സമയം തിരുവനന്തപുരത്ത് 1,72,168 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് കണക്ക്. ഗ്രാമങ്ങളില്‍ നല്ലൊരു ശതമാനവും കാര്‍ഷിക ഗ്രാമങ്ങളാണ്. പരമ്പരാഗതമായ രീതിയില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കാപ്പി, കുരുമുളക്, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി വിവിധ കൃഷികളില്‍ നല്ലൊരു ശതമാനം ആളുകളുണ്ടായിരുന്നിട്ടും ഈ വിഭവങ്ങളെ ഫലവത്തായ രീതിയില്‍ ഇപയോഗിക്കാന്‍ ഇന്നും ജില്ലയ്ക്കായിട്ടില്ല. ഈ മേഖലയില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ഉദാഹരണമാണ് വോര്‍ക്കാടി കൃഷിവിജ്ഞാന കേന്ദ്രം, ജീവനക്കാരില്ലാത്ത കൃഷിയോഫീസുകളും, മൃഗാശുപത്രികളുമൊക്കെ. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ജില്ലയിലെത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഹൈസ്‌കൂള്‍ പോലും ഇല്ലാത്ത പഞ്ചായത്തുകളുണ്ട്. വികസനം എത്തിനോക്കിയിട്ടില്ലാത്ത മലമ്പ്രദേശങ്ങളും, കുന്നിന്‍ മുകളിലൊറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളുണ്ട്. ഇല്ലാതായ്‌ക്കൊണ്ടിരിക്കുന്ന പ്രാചീന ഗോത്ര വര്‍ഗ്ഗങ്ങളുണ്ട്.
ഇത്രമാത്രം അവഗണനയനുഭവിച്ചിട്ടും കാര്യമായ പ്രക്ഷോഭങ്ങളൊന്നും നടത്താതെ കാസര്‍ഗോഡുകാര്‍ സഹിക്കുന്നതാണ് മറ്റൊരു അത്ഭുതം. ഉന്നതവിദ്യാഭ്യാസത്തിനായാലും ചികിത്സക്കായായും നല്ലൊരു പര്‍ച്ചെയ്സിനായാലും ഇവിടത്തുകാര്‍, പ്രതേകിച്ച് കാസര്‍ഗോട് നഗരത്തിനു വടക്കുള്ളവര്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. മംഗലാപുരം നഗരമാണ് വാസ്തവത്തില്‍ ഇവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്നു പറയാം. എന്നാല്‍ മുഖ്യധാരാകേരളത്തിനു പുറത്ത് എത്രകാലം നമുക്കിവരെ നിര്‍ത്താനാകുമെന്ന വിഷയം ഇനിയെങ്കിലും ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. ഏറ്റവും ചുരുങ്ങിയ പക്ഷം കാസര്‍ഗോഡ് എയിംസ് സ്ഥാപിക്കാനുള്ള നടപടിയെടുക്കണം. സെക്രട്ടറിയേറ്റില്‍ പോയി ഒരു കാര്യം നടത്താന്‍ എളുപ്പമല്ലാത്ത സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന്റെ അനക്‌സ് വടക്കന്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കണം. ഇത്തരം നടപടികളിലൂടെ കാസര്‍ഗോട്ടുകാരുടെ വിശ്വാസമാര്‍ജ്ജിക്കാനും കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പാക്കി ജില്ലയെ മുന്‍നിരയിലെത്തിക്കാനുമുള്ള നടപടികള്‍ക്കാണ് ഇനിയെങ്കിലും സര്‍ക്കാര്‍ രൂപം കൊടുക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in