നിന്ദ്യമായ താലിബാന്‍ ക്രൂരതയും ഉയിരെടുക്കുന്ന മണ്ണും

2021 ആഗസ്റ്റ് മാസം മധ്യം അടയാളപ്പെടുത്തുന്നത് ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ പ്രസ്ഥാനം ഒടുവില്‍ കാബൂളും കീഴടക്കിയശേഷം അമേരിക്കന്‍ പാവസര്‍ക്കാരിനെ പുറത്താക്കി അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിനെയാണ്. 1996 ല്‍ മുമ്പ് ഇതുപോലെ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയതാണ്. എന്നാല്‍ 9/11 എന്നറിയപ്പെട്ട അമേരിക്കയിലെ ട്രേഡ് സെന്റര്‍ വിമാനം ഇടിപ്പിച്ച് ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ത്തതിനെത്തുടര്‍ന്ന് അമേരിക്ക സൈനികമായി ഇടപെട്ട് അന്ന് താലിബാന്‍ സര്‍ക്കാരിനെ പുറത്താക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷ പീഡനങ്ങള്‍, ബാമിയാനിലെ ബുദ്ധപ്രതിമകളുടെയും പുരാശേഖരങ്ങളുടെയും തകര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളിലൂടെ അന്നത്തെ താലിബാന്‍ ഭരണകൂടം കാണിച്ച ക്രൂരതയും നിന്ദ്യതയും ആവര്‍ത്തിക്കുമോ എന്ന വലിയ ആശങ്ക ലോകജനതയ്ക്കുണ്ട്.

താലിബ് എന്നാല്‍ വിദ്യാര്‍ത്ഥി എന്നും താലിബാന്‍ എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എന്നും മാത്രമാണല്ലോ അര്‍ത്ഥം. ‘ബോക്കോ ഹറാം’ ആഫ്രിക്കിയിലെ കൊടും ഭീകര ഇസ്ലാമിക സംഘടനയാണ്. പിഞ്ചു കുഞ്ഞുങ്ങളെ സ്‌കൂളില്‍ നിന്നം കൂട്ടത്തോടെ തട്ടികൊണ്ടുപോയി മതം മാറ്റുന്നതും ശൈശവത്തില്‍ ബലമായി അവരെ വിവാഹം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ബോക്കോ ഹറാം പ്രവര്‍ത്തനങ്ങള്‍ കുപ്രസിദ്ധമാണ്. താലിബാന്‍ എന്നത് വിദ്യാര്‍ത്ഥികള്‍ ആണെങ്കില്‍ ബോക്കോ ഹറാം എന്നാല്‍ വിദ്യാഭ്യാസം ഹറാം എന്നാണ് അര്‍ത്ഥമാക്കുന്നത്. വിദ്യയും വിദ്യാര്‍ത്ഥിയും മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉന്നതമായ രണ്ട് പരമാര്‍ത്ഥങ്ങളാണ്. മഹാത്മാ ഗാന്ധി അക്കാലത്തെ ബ്രീട്ടിഷ് അധിനിവേശ താല്‍പ്പര്യങ്ങളോടെയുള്ള വിദ്യാഭ്യാസത്തെയും ചരിത്രത്തിലെ പിന്നോട്ടടിയില്‍ ഹരം കൊണ്ട യാഥാസ്ഥിതിക പക്ഷത്തിന്റെ വിദ്യാഭ്യാസ സങ്കല്‍പ്പത്തെയും നിരാകരിച്ച് മുഴുവന്‍ ജനങ്ങളുടെയും മുക്തിയും മുന്നേറ്റവും സാധ്യമാക്കുന്ന നൂതനമായ ഒരു വിദ്യാഭ്യാസ പദ്ധതി ആവിഷ്‌ക്കരിച്ചപ്പോള്‍ അതിന് അദ്ദേഹമിട്ട പേര് നയി താലിം എന്നാണ്. ഇന്ത്യയിലെ ഭൂരിപക്ഷം പ്രദേശങ്ങളില്‍ പേര്‍ഷ്യന്‍, ഉറുദു ഭാഷകളുടെ സ്വാധീനം പ്രകടമായ സ്ഥലങ്ങളിലെ ജനങ്ങളുടെ ജീവിത സംസ്‌കൃതിയുമായി എത്രയേറെ സാഹോദര്യ ബന്ധമാണ് അഫ്ഗാനിസ്ഥാനോടൊപ്പം അവിടുത്തെ ഭാഷാ സംസ്‌കൃതിക്കും ഉള്ളതെന്ന് തിരിച്ചറിയാന്‍ ഇതില്‍പരം ഒന്നും വേണ്ട. എന്നാല്‍ മഹാത്മാ ഗാന്ധിയുടെ നയി താലിമിന് കടകവിരുദ്ധമായ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദ താലിബാന്‍, മതരാഷ്ട്ര ശക്തിയായി വീണ്ടും മാറുമ്പോള്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ ഒരു പ്രതിഭാസമായി തീരുമോ എന്ന ആശങ്ക അസ്ഥാനത്താണോ എന്നാണ് കണ്ടറിയേണ്ടത്.

അഫ്ഗാന്‍ ഭരണം ഏറ്റെടുത്ത ശേഷം താലിബാന്‍ വ്യക്തമാക്കിയത്, എല്ലാവര്‍ക്കും മാപ്പു നല്‍കുമെന്നും ആര്‍ക്കെതിരെയും പ്രതികാര നടപടി ഉണ്ടാകില്ലെന്നും മുന്‍ സൈനികര്‍ക്കോ പാശ്ചാത്യ പിന്തുണയില്‍ ഭരിച്ച മുന്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്കോ എതിരെ പ്രതികാരം ചെയ്യില്ലെന്നും ആണ്.സര്‍ക്കാര്‍ രൂപീകരിച്ച ശേഷമാണ് ഏതുതരത്തിലുള്ള നിയമമാണ് നടപ്പിലാക്കുകയെന്ന് തീരുമാനിക്കുകയുള്ളൂ എന്നും പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാന്‍ ഒരു ഇസ്ലാമിക രാജ്യമായി തീരുമെങ്കിലും പക്വതയുടെയും അനുഭവങ്ങളുടെയും കാഴ്ചപ്പാടിന്റെയും കാര്യത്തില്‍ 20 വര്‍ഷം മുമ്പും ഇപ്പോഴും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ് ശരിയത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള സ്ത്രീകളുടെ അവകാശം നടപ്പാക്കാന്‍ ഇസ്ലാമിക സമൂഹം ബാദ്ധ്യസ്ഥരാണ്. അവര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പങ്കെടുക്കുവാന്‍ അവകാശമുണ്ട്. അപ്രകാരമുള്ള വാക്കുകള്‍ മുഴങ്ങിയതിന്റെ പിറ്റേന്നു തന്നെയാണ് ജലാലാബാദില്‍ പ്രതിഷേധിച്ച ജനങ്ങളെ വെടിവെച്ചു വീഴ്ത്തുകയും ഹിജാബ് ധരിക്കാത്ത സ്ത്രീയെ വെടിവെച്ച് കൊല്ലുകയും വിദേശ പൗരന്‍മാരെ രക്ഷിക്കുന്നതിനും, പ്രാണരക്ഷാര്‍ത്ഥം രാഷ്ട്രീയ അഭയത്തിന് രാജ്യം വിടുവാന്‍ ആഗ്രഹിച്ചവരെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും ഉപയോഗിച്ച വിമാനത്താവളം ഇരുമ്പു മറകൊണ്ട് അടച്ചുവയ്ക്കകയും ചെയ്തത്. ലോക ജനതയുടെ ആശങ്കയാണ് ബലപ്പെടുത്തുന്ന സംഭവങ്ങളാണ് അവയെല്ലാം. അതിനും പുറമെ തലമുടി കാണുവാന്‍ കഴിയുന്ന സ്ത്രീകളെയും പുറത്തിറങ്ങിയ പെണ്‍കുട്ടികളെയും വെടിവെച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും തുടര്‍ന്ന് നിഷ്ഠൂരമായ അനവധി സംഭവങ്ങളും പിന്നീട് ഉണ്ടായി.

ലോകമെങ്ങുമുള്ള താലിബാന്‍ വിരുദ്ധതയെക്കുറിച്ച് ശരിക്കുള്ള അവബോധം ഉള്ളതിനാലായിരിക്കാം മിതവാദത്തിന്റെ ഒരു മുഖമണിയുവാന്‍ അധികാരം പിടിച്ച ആദ്യഘട്ടത്തില്‍ തന്നെ അവരുടെ നേതൃത്വം ശ്രമിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ ഭീകരവാദത്തിന്റെയും അതിന്റെ തീവ്രവാദത്തിന്റെയും ദുരിതങ്ങളെക്കുറിച്ച് ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും ജനങ്ങള്‍ക്ക് നല്ല തിരിച്ചറിവ് നേടിക്കൊടുത്തിട്ടുണ്ടെന്ന് പറയാം.
എന്നാല്‍ തലിബാന്‍ എന്ന പേരും ആ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഭയാനകമായ വൈരുദ്ധ്യം മറ്റൊരുപാട് വൈരുദ്ധ്യങ്ങളെയും വിവിധങ്ങളായ അനേകവശങ്ങളെയും കൂടി ചേര്‍ത്ത് നിര്‍ത്തുന്നതാണെന്ന് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. മതഭ്രാന്തിനോടുള്ള എതിര്‍പ്പ്, മൗലികവാദനിരാകരണം, മതവിരുദ്ധത, ഇസ്ലാമോഫോബിയാ തുടങ്ങിയ കോണിലൂടെ മാത്രം നോക്കുമ്പോള്‍ കാണുന്നതിന് അപ്പുറത്തേക്കല്ലേ നമ്മുടെ കണ്ണുകള്‍ പോകേണ്ടത്.

താലിബാന്റെ പ്രതിനിധാനം

അഫ്ഗാനിസ്ഥാന്റെ പുറത്തുള്ളവര്‍ക്കും അഫ്ഗാനിസ്ഥാനിലെ ഒരു വിഭാഗത്തിനും തലിബാന്‍ എന്നു പറഞ്ഞാല്‍ അക്രമാസക്തരായ തീവ്ര ഇസ്ലാമിക സായുധ സംഘമാണ്. ലോകത്തിലെ പരിഷ്‌ക്കാരികള്‍ക്ക് കിരാതവും അപരിഷ്‌കൃതവുമായ സാമൂഹിക കാഴ്ചപ്പാടുകള്‍ പ്രത്യേകിച്ചും സ്ത്രീകളുടെ അടിമത്വം പുലര്‍ത്തുന്ന അറുപിന്തിരിപ്പന്മാരാണ്. ഏഴു പതിറ്റാണ്ട് കമ്യൂനിസ്റ്റ് ആധിപത്യത്തില്‍ യു.എസ്.എസ്.ആര്‍. എന്ന സാമ്രാജ്യത്ത രാഷ്ട്രം റഷ്യയുടെ ദേശീയ മേധാവിത്വം അവിടെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ലോകത്തിലെ പ്രകടമായ കോളനി വാഴ്ച പൊതുവെ അവസാനിച്ചുവെന്ന് കരുതിയ നാളുകളിലാണ് 1979 ല്‍ സോവിയറ്റ് യൂണിയന്റെ മൂടുപടമിട്ട് പ്രകടമായ റഷ്യന്‍ അധിനിവേശം സ്വതന്ത്ര രാഷ്ട്രമായിരുന്ന അഫ്ഗാനിസ്ഥാനുമേല്‍ കടന്നു വന്നത്. ആ വിദേശാധിപത്യത്തിന് മുന്നേ റഷ്യ തുടങ്ങിയതാണ് അഫ്ഗാനിലെ ഭരണാധികാരികളെ അട്ടിമറിക്കുന്നതും കൊലചെയ്യുന്നതും. റഷ്യന്‍ സ്വേഛാധിപത്യത്തിന്റെ സാമ്രാജ്യത്ത ഇടപെടല്‍ അഫ്ഗാനിസ്ഥാനുമേല്‍ അടിച്ചേല്‍പ്പിച്ചത് ഒരു ദേശാഭിമാനിക്കും ഉള്‍ക്കൊള്ളാവുന്നതല്ല. അതിന്റെ പര്യാവസാന ഘട്ടത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തം റഷ്യയുടെ ആധിപത്യത്തെ തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പണവും പരിശീനവും നല്‍കി വളര്‍ത്തിയെടുത്ത മത ഭീകരവാദ പ്രസ്ഥാനമാണ് താലിബാന്‍. കേവലം 15 മതവിദ്യാര്‍ത്ഥികളുമായി മുല്ല ഒമര്‍ ആരംഭിച്ച ആ പ്രസ്ഥാനം അമേരിക്കന്‍ പിന്തുണയോ പരിശീലനമോ പണമോ കൊണ്ട് മാത്രം രാജ്യത്തെ ജനങ്ങളുടെ പിന്തുണ നേടിയതല്ല. സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ അടിയില്‍ അമരുന്ന അഫ്ഗാനിസ്ഥാന്‍, ദേശാഭിമാനവും മതവിശ്വാസവും കൂട്ടിക്കലര്‍ത്തിയ ചെറുത്തുനില്‍പ്പിന്റെ ഒരു മണ്ണ് ഒരുക്കിയെടുത്തതില്‍ നിന്നാണ് താലിബാന്‍ പ്രസ്ഥാനം ജനങ്ങളില്‍ സ്വാധീനമുറപ്പിച്ചത്. അഫ്ഗാനിസ്ഥാന്‍ ഭരണാധികാരികളെ അമ്മാനമാടിയതും തുടര്‍ന്ന് യുദ്ധ പ്രഭുക്കളുടെ യുദ്ധക്കളമാക്കിയതും ആ മണ്ണിനെ അവര്‍ക്ക് ഏറെ ഫലഭൂയീഷ്ഠമാക്കി.

മതരാഷ്ട്രവാദം സ്വാതന്ത്ര്യം ഇല്ലാതാക്കും പ്രത്യേകിച്ചും സ്ത്രീകളുടെ

ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിച്ചതിനെ വിമര്‍ശിക്കുന്നവരുണ്ട്. ഒരു രാജ്യത്ത് വിദേശസേനയുടെ സാന്നിദ്ധ്യവും പാവ സര്‍ക്കാരും അടിച്ചേല്‍പ്പിക്കുന്നത്, അതും അനിശ്ചിതകാലത്തേക്ക്, എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്ന് ചിലര്‍ക്ക് തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മനസിലാക്കുവാന്‍ കഴിയില്ലായിരിക്കും. എന്നാല്‍ ആധുനിക ലോകത്ത് ഉദാഹരണങ്ങള്‍ അനവധിയാണ്. അഫ്ഗാനിസ്ഥാനിലെ മത തീവ്രവാദ രാഷ്ട്രീയത്തെ ഇല്ലാതാക്കുവാന്‍ എത്രയേറെ ശക്തരാണെങ്കിലും ഏതെങ്കിലും വിദേശ സേനയ്ക്ക് കഴിയുമെന്ന് സാമാന്യ ബുദ്ധിയുടെ യുക്തികളൊന്നും പറയില്ല. ദുരന്തങ്ങള്‍ വരുത്തിവച്ചെന്ന ആക്ഷേപമുയര്‍ത്തി അമേരിക്കന്‍ സേനാ പിന്‍മാറ്റത്തെ എതിര്‍ക്കുന്നവര്‍ അടിച്ചമര്‍ത്തലില്‍ സ്ഥാപിത താല്പര്യമുള്ളവരും പ്രശ്‌നങ്ങളുടെ നാനാവശങ്ങളെ ഉള്‍ക്കൊളളുവാന്‍ ശേഷിയില്ലാത്തവരുമാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സേനയെ പിന്‍വലിക്കാനുള്ള തീരുമാനം ജനാധിപത്യ തത്വങ്ങളെ മാനിക്കുന്നതാണ്. രണ്ടു ദശകം അമേരിക്കന്‍ സേനയുടെ ബ്യൂട്ട്‌സിനടിയില്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാഷ്ട്രം അമര്‍ന്ന് സ്വതന്ത്രവായു ഇല്ലാതെ ശ്വാസം മുട്ടുകയായിരുന്നു. അത് അമേരിക്കന്‍ ജനാധിപത്യത്തിന് വിയറ്റനാം അധിനിവേശവും ഇറാഖ് അധിനിവേശവും പോലെ നാണക്കേടാണ് ലോകത്തുണ്ടാക്കുന്നത്. താലിബാന്‍ ഉയര്‍ത്തിപിടിക്കുന്ന മതതീവ്രവാദം അമേരിക്കയുടെ അഫ്ഗാനിലെ സൈനിക അധിനിവേശത്തിന് ന്യായീകരണമാകില്ല.

എന്നാല്‍ 2020 ഫെബ്രുവരി 29 ന് അമേരിക്കയും താലിബാനുമായി സേനാപിന്മാറ്റത്തിനുള്ള കരാര്‍ ഒപ്പു വച്ചപ്പോള്‍ പിന്മാറ്റ ഘട്ടത്തിലെ മനുഷ്യദുരന്തങ്ങളെ ഒഴിവാക്കുവാന്‍ ഗൗരവമായി താല്പര്യപ്പെട്ടില്ല എന്ന് പറയേണ്ടി വരും. കരാറിലെ വിശദാംശങ്ങള്‍ അറിയില്ലെങ്കിലും അഫ്ഗാന്‍ ടെറിട്ടറയില്‍ നിന്ന് അമേരിക്കയ്ക്കും സഖ്യ രാഷ്ട്രങ്ങള്‍ക്കുമെതിരെ ആക്രമണം അനുവദിക്കരുതെന്ന ഉറപ്പാണ് മുഖ്യമായ ആവശ്യമായി സേന പിന്മാറ്റത്തിന് പകരമായി വെച്ചത്. വിവിധ രാജ്യങ്ങളിലെ നിസഹരായ പൗരന്മാരുടെ ജീവനും രാജ്യം വിടാനുള്ള സഞ്ചാര സൗകര്യത്തിനും കാര്യമായൊന്നും ചെയ്തില്ല എന്നും വേണം അനുമാനിക്കാന്‍. അമേരിക്കന്‍ സേനയ്ക്ക് സേവ ചെയ്യുവാനാണ് ഇന്ത്യയിലെ കഴിഞ്ഞ കോണ്‍ഗ്രസിന്റെയും പിന്നീടുള്ള ബി.ജെ.പി.യുടെയും സര്‍ക്കാരുകള്‍ തുനിഞ്ഞത്. കഴിഞ്ഞ ആണ്ടിലെ ഫെബ്രുവരി മാസത്തില്‍ അമേരിക്ക താലിബാനുമായി സേനാപിന്മാറ്റത്തിനുള്ള കരാര്‍ ഉണ്ടാക്കിയത് അന്നത്തെ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ആണ്. മോദി സര്‍ക്കാര്‍ അക്കാര്യമെല്ലാം വള്ളി പുള്ളി തെറ്റാതെ അറിഞ്ഞിട്ടും പട്ടാളക്കരല്ലാത്ത ഇന്ത്യക്കാരുടെ അവിടം വിടുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജരുടെയും സുരക്ഷിതത്വവും അവസാനഘട്ടത്തിന് കാത്തിരിക്കാതെയുള്ള യാത്രയും ഉറപ്പു വരുത്തുവാന്‍ യാതൊന്നും ചെയ്തില്ല.

താലിബാന്‍ കൊടും ക്രൂരതകള്‍ ചെയ്യുന്ന ഒരു ഭീകര സംഘടനമാത്രമാണെങ്കില്‍ അവര്‍ അധികാരം പിടിച്ച ശേഷവും കാബൂളില്‍ നിന്ന് വിദേശങ്ങളിലേക്ക് ആളുകള്‍ പോകുന്നതിന് ഇതുപോലെ സമ്മതിക്കില്ലായിരുന്നു. അമേരിക്കന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ എല്ലാം ഒരു നാടകം പോലെ അരങ്ങേറുമ്പോഴും താലിബാന്‍ ക്രൂരതകളെ വര്‍ണിക്കുന്ന സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളും വന്നു കൊണ്ടിരിക്കുന്നു. താലിബാന്‍ മതമൗലികവാദ തീവ്രവാദികളാണെങ്കിലും ഭീകര പ്രവര്‍ത്തനം നടത്തുന്ന ഒരു ഭീകരസംഘടനയല്ലെന്ന് വരുത്തുവാന്‍ അവരും കിണഞ്ഞു ശ്രമിക്കുന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ കാണുന്നത്. ഉത്തരവാദപ്പെട്ട ഒരു നിയമാനുസൃത സര്‍ക്കാരാകുവാന്‍ (ഡി-ജൂറെ) കാത്തിരിക്കുന്ന യഥാര്‍ത്ഥമായ സര്‍ക്കാരിന്റെ ( ഡി-ഫാകേറ്റ) ഉത്തരവാദിത്ത ബോധത്തോടെയാണ് അവര്‍ അമേരിക്കയുമായി കരാര്‍ ഒപ്പു വയ്ക്കുന്നതും തുടര്‍ന്ന് പെരുമാറിയതും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ മതരാഷ്ട്രവാദവും എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കുമെന്ന അവകാശവാദവും താലിബാന്‍ ഇതര പക്ഷങ്ങളെ സര്‍ക്കാരില്‍ പങ്കാളികളാക്കുമോയെന്ന കാര്യവും തമ്മിലുള്ള വൈരുദ്ധ്യം താലിബാന്‍ എങ്ങനെ ഉള്‍കൊള്ളുമെന്ന് കാണേണ്ട സംഗതിയാണ്. ഇസ്ലാമിക രാഷ്ട്രമായിരിക്കും അഫ്ഗാനിസ്ഥാന്‍ എന്ന താലിബാന്റെ പ്രഖ്യാപനത്തില്‍ മതരാഷ്ട്ര വാദമാണ് കാണുന്നത്. മതങ്ങള്‍ മനുഷ്യ സമൂഹത്തിന് നന്മകള്‍ കൈവരുത്തുന്നവയാണെങ്കിലും മത രാഷ്ട്രവാദം മനുഷ്യസമൂഹത്തിന് ദുരന്തങ്ങളാണ് വരുത്തുക. ബഹുകക്ഷി ജനാധിപത്യം തുറന്ന ജനാധിപത്യ സമൂഹത്തിന് എത്രമാത്രം അത്യന്താപേക്ഷിതമാണോ അത്രമാത്രം മതരാഷ്ട്രം ആകാതെയിരിക്കേണ്ടതും ജനാധിപത്യ സമൂഹത്തിനും ജനാധിപത്യ രാഷ്ട്രത്തിനും അത്യന്താപേക്ഷിതമാണ്. മതരാഷ്ട്രത്തില്‍ രാഷ്ട്രമതങ്ങളെല്ലാത്തവയ്ക്ക് പാരതന്ത്ര്യം അല്ലെങ്കില്‍ നിയന്ത്രിത സ്വാതന്ത്ര്യമായിരിക്കും. രാഷ്ട്രമതത്തിന്റെ താല്പര്യങ്ങള്‍ക്ക് കീഴെ ആയിരിക്കും മറ്റു മതങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം. പാക്കിസ്ഥാനിലെ മതനിന്ദാ നിയമം പോലെ മതപീഡനങ്ങള്‍ കെട്ടഴിച്ചുവിടുന്ന നിയമങ്ങളും അതിന്റെ ഭാഗമാണ്.

ഏത് മതരാഷ്ട്രമാണെങ്കിലും മതരാഷ്ട്രത്തില്‍ സ്ത്രീകളുടെ അടിമത്തം ഉണ്ടാകുമെന്ന് നിസംശയം പറയാനാകും. മിക്കവാറും എല്ലാ പ്രബല മതങ്ങളും പുരുഷാധിപത്യ ചുറ്റുപാടുകള്‍ ശക്തമായിരിക്കുമ്പോള്‍ അവതീര്‍ണവുകയും വളര്‍ച്ച കൈവരിക്കുകയും ചെയ്തവയാണ്. ലിംഗസമത്വം മൗലികമായ ഒരു തത്വമായി ഇന്ന് സാമാന്യ ബുദ്ധി കെട്ടുപോകാത്ത മനുഷ്യസമൂഹത്തിലെ എല്ലാവരും അംഗീകരിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകള്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് അവകാശം സ്ഥാപിക്കുവാനുള്ള ഇടങ്ങളായി മാറിയത്. സ്ത്രീ – പുരുഷ ബന്ധങ്ങളും കുടുംബവും സ്വകാര്യതയുടെ തലങ്ങളും സ്ത്രീകളുടെ അവകാശങ്ങള്‍ സ്ഥാപിതമാകേണ്ട ഇടങ്ങളായി വിവേകശാലികള്‍ അംഗീകരിക്കും. എന്നാല്‍ മനുഷ്യ സമൂഹം ഇന്നു വരെ ആര്‍ജ്ജിച്ച നന്മകള്‍ ചേര്‍ന്ന് പോകാതെ ലിംഗ സമത്വം നേടിയെടുക്കുന്നതിന് പ്രായോഗിക വഴികള്‍ ഇനിയും മനുഷ്യസമുഹം തെളിച്ചെടുക്കേണ്ടേതായി ഇരിക്കുന്നു. പൊതുസമൂഹത്തില്‍ തത്വവും പ്രായോഗവും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് ഒഴിച്ചു കൂടാനാവാത്ത ഒരു സംഗതിയാണ് അത്. അല്ലെങ്കില്‍ ലിംഗ സമത്വം എന്ന് മൗലികതത്വം സമൂഹത്തിലെ നല്ല ഒരു വിഭാഗവുമായി സംവേദനശേഷി ഇല്ലാത്തതായി തീരും. അവിടെ സംവാദാത്മകമായ പ്രക്രിയ ആണ് അതിന് അനുപേക്ഷണീയം. കൂടുതല്‍ ജനാധിപത്യപരവും അതാണ്. മത സ്വാതന്ത്ര്യമെന്നാല്‍ മന:സാക്ഷിയുടെ സ്വാതന്ത്ര്യമെന്ന് തന്നെയാണ്. ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ മത സ്വാതന്ത്ര്യം ഉള്‍പ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ല.

മതങ്ങളെ എങ്ങനെ വിലയിരുത്തും

നിസഹായത അടിച്ചേല്‍പ്പിക്കുന്ന അടിമത്തകാലഘട്ടത്തില്‍ മതം, സമുദായം, ദേശീയത, വംശം, പ്രദേശം, വര്‍ണം തുടങ്ങിയ വൈകാരികമായി മൂര്‍ച്ഛിപ്പിക്കാവുന്ന ഏതു സംഗതികളും അടിച്ചമര്‍ത്തലിന് എതിരായ രോഷം അതിവേഗത്തില്‍ സംവഹിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. മതം, സമുദായം, വംശം, പ്രദേശം, വര്‍ണം തുടങ്ങിയവയുടെ സങ്കുചിതവും അറുപിന്തിരിപ്പനുമായ വശങ്ങളാണ് അപ്പോള്‍ അത്തരം നല്ല ഉദ്ദേശ്യങ്ങളെ വിഴുങ്ങി ഫണം വിടര്‍ത്തുന്നത്. എന്നാല്‍ ബാഹ്യമായ അത്തരം ഘടകങ്ങളെ മാത്രം വിലയിരുത്തി നിഗമനങ്ങളില്‍ എത്തുന്നത് അത്തരം സങ്കുചിതവും പിന്തിരിപ്പനുമായ അംശങ്ങളെ ശരിയായി തോല്‍പ്പിക്കുവാന്‍ കഴിയാത്തതാക്കും. മതം എന്ന ഒരു സംഗതി മാത്രമാണ് മനുഷ്യന്റെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ വശങ്ങളെ ഉത്തേജിപ്പിക്കുന്നതെന്ന അപക്വമായ വിലയിരുത്തല്‍ പശ്ചിമേഷ്യയിലെ ഭീകരവാദത്തിന്റെയും താലിബാന്റെയും ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെയും വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വ്യാപകമായിട്ടുണ്ട്.

മതം എന്നത് നിഷേധാത്മകമായ വശങ്ങള്‍ മാത്രം സന്നിവേശിപ്പിച്ച ഒന്നാണെന്ന ചിന്ത മതങ്ങള്‍ നിര്‍വ്വഹിച്ചതും നിര്‍വ്വഹിക്കുന്നതുമായ സര്‍ഗ്ഗാത്മക പങ്കിനെ തിരിച്ചറിയുവാന്‍ ശേഷിയില്ലാത്തതാണ്. അടിസ്ഥാനപരമായി സാധാരണ ജനങ്ങളെ സംബന്ധിച്ച് മതം ഒരു ഷോക്ക് അബ്‌സോര്‍ബര്‍ ആണെന്ന് പറയാം. പുറമെയുള്ള സാമാന്യവത്കരണത്തിന്റെ പരവതാനിക്കടിയില്‍ ഒരുപാട് വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളും അപൂര്‍ണ്ണതകളും അധികാരം, സമ്പത്ത്, ലൈംഗീകത എന്നിവയുടെ തൃഷ്ണ കളും ആത്മീയ പ്രേരണകളും നിഗൂഢമായ മന:ശാസ്ത്ര വശങ്ങളും നിറഞ്ഞതാണ് മനുഷ്യജീവിതം. ഏകപക്ഷീയതയുടെ അളവു കോലിന് നിര്‍ണയിക്കാവുന്നതല്ല അത്. നിസഹായതയുടെ ജീവിത മുഹൂര്‍ത്തങ്ങളില്‍ അത് സമാശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഒരു വാതിലുമാണ്. അതിനാല്‍ ബുദ്ധിപരമായി മാത്രം ജീവിതത്തെ കാണുന്നവരില്‍ നിന്ന് വിഭിന്നമായി ഏതു സാഹചര്യത്തിലും ചരിത്രത്തിന്റെ ഏതുപ്രയാണത്തിലും ജനങ്ങള്‍ മതം ഒരു യാഥാര്‍ത്ഥ്യമാക്കുന്നു. അക്കാര്യം ഏറ്റവും ഭംഗിയായി തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതാവ് മഹാത്മാഗാന്ധിയാണ്. മത നിഷേധത്തിന്റെ ഏറ്റവും ശക്തമായ കാലഘട്ടം 19-ാം നൂറ്റാണ്ട് മുതല്‍ 20-ാം നൂറ്റാണ്ടിന്റെ പകുതിവരെയാണ്. അക്കാലഘട്ടത്തില്‍ ജീവിച്ച മഹാത്മാഗാന്ധി ആ കാലഘട്ടം സൃഷ്ടിച്ച മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവും വഴികാട്ടിയുമായിരുന്നു.

സായുധമായ അടിച്ചമര്‍ത്തല്‍ മാത്രം നടത്തിയോ മതവിശ്വാസം ദുരുപയോഗിച്ച തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഭീകതയും അക്രമവും അഴിച്ചു വിടുന്ന സംഘങ്ങളെ ജനങ്ങളുടെ മതവിശ്വാസം ഇല്ലാതാക്കിയോ ഉന്മൂലനം ചെയ്യാമെന്ന് പ്രതീക്ഷിക്കാനായില്ല. ബഹുജനങ്ങളുടെ പിന്തുണലഭിക്കാത്ത വിധം ആശയ രംഗത്തും സാമ്പത്തിക, സാമൂഹിക, സാംകാരിക തലത്തിലും മാറ്റം ഉണ്ടാക്കുകയാണ് കരണീയം.

മതനിഷേധത്തിന്റെ പാശ്ചത്യ സോഷ്യലിസം

പാശ്ചാത്യ സോഷ്യലിസം, കമ്യൂനിസം എന്നീ പ്രസ്ഥാനങ്ങള്‍ മതനിഷേധത്തിലാണ് അടിത്തറ ഉറപ്പിച്ചത്. മതവിശ്വാസം പിന്തിരിപ്പനും പറിച്ചെറിയപ്പെടേണ്ടതുമാണെന്ന് ആ പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും കരുതി. എന്നാല്‍ സോഷ്യലിസത്തിന്റെ ഏറ്റവും വലിയ പ്രവാചകനായ ഡോ. ലോഹ്യ പാശ്ചാത്യ സോഷ്യലിസത്തിന്റെയും കമ്യൂനിസത്തിന്റെയും ആ പറഞ്ഞ സമീപനങ്ങളെ നിരാകരിച്ച വ്യക്തിയാണ്. അദ്ദേഹം പറഞ്ഞു, ‘ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളുടെ എല്ലാ മതങ്ങളെയും സ്‌നേഹിക്കുന്നു.’ ഡോ. ലോഹ്യയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ (2010) പ്രശസ്ത എഴുത്തുകാരനായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി അത് അനുസ്മരിച്ചിട്ടുണ്ട്. മതവിശ്വാസിയോ ഈശ്വരവിശ്വാസിയോ പോലുമല്ലാത്ത ഡോ. ലോഹ്യയ്ക്ക് മഹാത്മാ ഗാന്ധിയുടെ സ്വാധീനമായിരിക്കാം രാഷ്ട്രീയമായ ആ തിരിച്ചറിവിന് പ്രേരണ നല്‍കിയത്. മതമൗലികവാദവും വര്‍ഗ്ഗീയതയും ആധുനിക മുതലാളിത്ത വ്യവസ്ഥയോടൊപ്പം കരുത്തയാര്‍ജ്ജിച്ച ഘട്ടത്തില്‍ തന്നെയാണ് മതനിരാകണം സമത്വ വ്യവസ്ഥയ്ക് അനുപേക്ഷീണയവും അനിവാര്യവും ആണെന്ന് കരുതിയ സോഷ്യലിസ്റ്റ് ധാരയിലെ പ്രമുഖനായ നേതാവും ചിന്തകനുമായ ഡോ.ലോഹ്യ മതങ്ങളെ സ്‌നേഹിക്കുന്നുവെന്ന് പറയുവാന്‍ ധൈര്യം കാണിച്ചത്. ഇന്ന് പറയുന്ന മതങ്ങളുടെ എല്ലാ തിന്മകളും പിന്തിരിപ്പന്‍ സ്വഭാവങ്ങളും മഹാത്മാഗാന്ധിയുടെയും ഡോ. ലോഹ്യയുടെയും കാലത്ത് സംഭവിക്കാത്ത പുതിയ കാര്യങ്ങള്‍ ഒന്നുമല്ല.

ചരിത്രാനുഭവം ഇറാനിലും അള്‍ജീരിയയിലും

അടിച്ചമര്‍ത്തലില്‍ അതിനെതിരെയുള്ള ജനങ്ങളുടെ അമര്‍ഷവും എതിര്‍പ്പുകളും അതിവേഗം പ്രകടിപ്പിക്കുവാന്‍ മതങ്ങളെ വാഹനങ്ങളാ ക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. 1979 ലെ ഇറാന്‍ വിപ്ലവം, അള്‍ജീരിയയിലെ അനുഭവം തുടങ്ങിയവ ഉത്തമോദാഹരണങ്ങളാണ്. കേവലമായ അടിച്ചമര്‍ത്തല്‍ മാത്രമല്ല ജനങ്ങളുടെ അന്യവല്‍ക്കരണവും അത്തരം സാഹചര്യങ്ങളെ സൃഷ്ടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുവാന്‍ കഴിയണം. ഇറാനിലെ സ്വേച്ഛാധിപതിയായ ഷാ പഹ്‌ലവിയുടെ അടിച്ചമര്‍ത്തലിനേക്കാള്‍ ഉപരിയായി പാശ്ചാത്യവല്‍ക്കരണം അടിച്ചേല്‍പ്പിച്ചത് ജനങ്ങളുടെ അന്യവല്‍ക്കരണം ഉണ്ടാക്കിയതാണ് തിരിച്ചറിയേണ്ടത്. യൂറോ-അമേരിക്കന്‍ ശക്തികള്‍ പെട്രോളിയം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ വിഭവങ്ങളില്‍ നടത്തിയ കൊടിയ ചൂഷണം ഇറാനിലെ അതിന്റെ സഹായികളായി വര്‍ത്തിച്ച സമ്പന്നര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന് ഏറെ ഗുണങ്ങള്‍ ഉണ്ടാക്കിയെങ്കിലും സാമാന്യ ജനത്തെ സംബന്ധിച്ച് അത് സാമ്പത്തികമായി പാപ്പരാക്കുന്ന നടപടിയായിരുന്നു. സാംസ്‌ക്കാരികമായ അന്യവല്‍ക്കരണം അതിനോടുകൂടി ചേര്‍ന്നപ്പോള്‍ ഭരണത്തിനെതിരായ ജനകീയ രോഷമായി അത് ആളിപ്പടര്‍ന്നു. 1979 ലെ ഷാ ഭരണകൂടത്തിനെതിരെയുള്ള വിപ്ലവം ഒരു ഇസ്ലാമിക വിപ്ലവമല്ലായിരുന്നു. വിശാലമായ ആ ജനകീയ മുന്നേറ്റത്തില്‍ ഇസ്ലാമിക വാദികളെപ്പോലെ ജനാധിപത്യവാദികള്‍, സോഷ്യലിസ്റ്റുകാര്‍ തുടങ്ങിയ വിഭാഗങ്ങളും ഉണ്ടായിരുന്നു. വിപ്ലാവാനന്തരം ഇറാന്റെ പ്രസിഡന്റായി ബാനിസാദര്‍ എന്ന ഒരു ജനാധിപത്യവാദിയെ അംഗീകരിക്കുവാന്‍ പോലും ഇസ്ലാമിക പക്ഷം നിര്‍ബന്ധിതമായത് വിസ്മരിക്കരത്.

1962 ലാണ് അള്‍ജീരിയയില്‍ കമ്യൂനിസ്റ്റ് വിപ്ലവം നടന്നത്. നമ്മുടെ രാജ്യത്ത് അധിനിവേശ കാലം ഇംഗ്ലീഷ് വിദ്യാഭ്യാസം പൊതുവെ ദേശീയ നേതാക്കളുടെ പടയൊരുക്കത്തിന്റെ കളരിയായിരുന്നെങ്കില്‍ അള്‍ജീരിയില്‍ ഫ്രഞ്ച് ഭാഷയിലുള്ള വിദ്യാഭ്യാസമാണ് കമ്യൂനിസ്റ്റ് നേതാക്കളുടെ മുഖമുദ്രയായിരുന്നത്. പാരീസില്‍ നിന്ന് വിദ്യാഭ്യാസം നേടിയ കമ്യൂനിസ്റ്റ് നേതാക്കള്‍ അള്‍ജീരിയായിലെ ജനകീയ ഭാഷയായ അറബി നിരോധിക്കുകയും അധിനിവേശ ശക്തികളുടെ വിദേശ ഭാഷയായ ഫ്രഞ്ച് അധികാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മാധ്യമമായി അടിച്ചേല്‍പ്പിക്കുകയും ചെയ്തു. കമ്യൂനിസ്റ്റ് വിപ്ലവാനന്തരവും ജനങ്ങള്‍ വിദേശഭാഷയില്‍ ഭരിക്കപ്പെടുകയും വിദ്യാര്‍ത്ഥികള്‍ വിദേശ ഭാഷ പഠന മാധ്യമമാക്കുകയും ജനങ്ങളുടെ ഭാഷ അടിച്ചമര്‍ത്തുകയും ചെയ്തത് ആഴമേറിയ സാംസ്‌ക്കാരികവും സാമ്പത്തികവുമായ അന്യവല്‍ക്കരണമു ണ്ടാക്കി.

ചൈനയില്‍ കമ്യൂനിസത്തിന്റെ വേഷമണിഞ്ഞ് ഭൂരിപക്ഷ ഹാന്‍ വംശജര്‍ നടത്തുന്ന വിവേചനവും അടിച്ചമര്‍ത്തലും സിങ്കിയാംഗില്‍( കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍) ഉയിഗുര്‍ വംശജരെയും തിബത്തിലെ ജനതയെയും പോരാട്ടത്തിലേക്ക് തള്ളിയിട്ടത്. കമ്യൂനിസ്റ്റ് വ്യവസ്ഥതിയുടെ സമഗ്രാധിപത്യമാണ്. അതിന് അടിത്തട്ടില്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാന്റെയും തിബത്തിന്റെയും ദേശീയതകള്‍ അടിച്ചമര്‍ത്തിയ പ്രശ്‌നവുമുണ്ട്. എന്നാല്‍ ബുദ്ധമതത്തിന്റെ അംഹിസാ തത്വങ്ങള്‍ തിബത്തുകാരെ മറ്റു പ്രദേശങ്ങളിലെ പോലെ ബോംബ് സ്‌പോടനത്തിലേക്കും കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ പോലെ കത്തികുത്തിലേക്കും നയിച്ചിട്ടില്ല. ഭീകരത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അക്രമത്തിനെതിരെ സന്ധിയില്ലാത്ത നിലപാട് ആവശ്യമാണെന്നാണ് തിബറ്റിലെ അനുഭവം സൂചിപ്പിക്കുന്നത്.

കമ്യൂനിസ്റ്റുകള്‍ അവര്‍ക്ക് തനിയെ അധികാരം സ്വായത്തമാക്കുവാന്‍ കഴിഞ്ഞ എല്ലാ നാടുകളിലും പൗരന്മാരുടെ അവകാശങ്ങള്‍ മാത്രമല്ല മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കുന്ന അടിച്ചമര്‍ത്തലാണ് നടത്തുക. അത് അതിശക്തമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. മുന്‍പറഞ്ഞ സാംസ്‌ക്കാരിക അന്യവല്‍ക്കരണവും അതോടൊപ്പം ചേരുമ്പോള്‍ ജനങ്ങളുടെ എതിര്‍പ്പുകളും രോഷവും ആവിഷ്‌ക്കരിക്കുന്നതിനുള്ള രാഷ്ട്രീയ ഉപകരണങ്ങളുടെ (പാര്‍ട്ടികള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ) അഭാവം ഉണ്ടാക്കുന്നത് ഒരു തരം നിസഹായതയാണ്. അപ്പോള്‍ പ്രതിഷേധങ്ങളെ സംവഹിക്കുവാന്‍ വൈകാരികവും ഏറ്റവും ശക്തമായും കഴിയുന്ന മേല്‍ സൂചിപ്പിച്ച മതങ്ങള്‍ പോലുള്ള ഘടകങ്ങളെ ഉപകരണമാക്കും. അതാണ് അള്‍ജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് മൂന്ന് ദശകങ്ങളിലെ കമ്യൂനിസ്റ്റ് ഭരണത്തിന് ശേഷവും ശക്തമായ അടിത്തറയുണ്ടാക്കിയത്.

താലിബാനും ആര്‍.എസ്.എസും

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരമുറപ്പിക്കുന്ന സാഹചര്യം വന്നപ്പോള്‍ ഒരുപാട് ആളുകള്‍ താലിബാന്‍ പോലെയാണ് ആര്‍.എസ്.എസ്. എന്ന് സമര്‍ത്ഥിക്കുകയുണ്ടായി. ആര്‍.എസ്.എസിന്റെയും പോഷക സംഘടനകളുടെയും അക്രമപരവും ഒറ്റപ്പെട്ടതെങ്കിലും നടത്തിയ ബോംബ് സ്‌ഫോടനങ്ങളുടെയും പാശ്ചാത്തലത്തിലായിരിക്കാം അത്തരമൊരു സമര്‍ത്ഥിക്കല്‍ ഉണ്ടായത്. കൂടാതെ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് മുസ്ലീം സമുദായത്തില്‍ ഉള്ളവരെ തല്ലികൊല്ലുക, പ്രൊഫ.കലബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ വന്ദ്യ വയോദികരേയും പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് എന്ന മഹതിയെയും അവര്‍ക്ക് അഭിപ്രായങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ വെടിവെച്ചു കൊല്ലുകയും ചെയ്ത സംഘങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രേരണയിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്ര സംഘടന ആര്‍.എസ്.എസ്. ആണെന്നതും ഒരു കാരണമായിരിക്കാം. എന്നാല്‍ താലിബാനും ആര്‍.എസ്.എസും തുല്യമാണെന്ന അഭിപ്രായം ശരിയാണെന്ന് തോന്നുന്നില്ല. അത് അമിതമായ ഒരു ലളിതവല്‍ക്കരണമാണ്. താലിബാന്‍ കേവലം മതഭ്രാന്തിന്റെ തീവ്രതയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ബഹുജനങ്ങളില്‍ അത് സ്വാധീനമുറപ്പിക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക കാരണങ്ങള്‍ ഒത്തുവരുമ്പോഴാണ്. എന്നാല്‍ ഹിന്ദുത്വം കേവലമായ മതഭാന്ത്രല്ല. ഇന്ത്യയിലെ ജാതിമേല്‍ക്കോയ്മാ താല്പര്യങ്ങളുടെ രാഷ്ട്രീയമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം. ഇടുങ്ങിയ മത, ദേശീയ പരിവേഷങ്ങളുടെ വേഷ പ്രച്ഛന്നത അത് കൈവരിക്കുന്നുഎന്ന് മാത്രം. എന്നാല്‍ അത് ബഹുജന സ്വാധീനമുറപ്പിക്കുന്നത് മേല്‍ സൂചിപ്പിച്ച ഏതൊരു ഘടനങ്ങളുടെയും ചാലക ശക്തികളെ ആശ്രിയിച്ചാണ്. ജാതി നിര്‍മ്മൂലനത്തില്‍ ഊന്നിയ സാമൂഹിക സമത്വം കൈവരിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ അധിനിവേശ രാഷ്ട്രീയ സാമ്പത്തികം പൊളിച്ചെഴുതുന്നതിനുള്ള പോരാട്ടവുമായി ഇഴ ചേര്‍ത്തുവേണം ഹിന്ദുത്വ വര്‍ഗ്ഗീയ ഫാഷിസത്തെ ചേര്‍ക്കുവാന്‍.

പാശ്ചാത്യ നാഗരികതയ്ക്ക് പകരമുള്ള മുഴുവന്‍ ജനങ്ങളെയും ശാക്തീകരിക്കുന്ന മഹാത്മാ ഗാന്ധി മുന്നോട്ടു വച്ച വികേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥയെ തള്ളിക്കൊണ്ട് ദേശീയ നേതാവായിരുന്ന ജവഹര്‍ലാല്‍ നെഹ്രു കേന്ദ്രീകൃതമായ സാമ്പത്തിക വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കുയാണ് ചെയ്തത്. കൂടാതെ അഭിജാത വര്‍ഗ്ഗം താലോലിച്ച പാശ്ചാത്യ സംസ്‌കൃതിയെ പ്രകടമായി താങ്ങുകയും ജനകീയ ഭാഷകള്‍, ജനകീയ സംസ്‌കൃതി, സാമൂഹിക സമത്വം എന്നിവയെ അമര്‍ച്ച ചെയ്ത വികസന സങ്ക്‌ലപമാണ് നെഹ്രു സൃഷ്ടിച്ച മാതൃക. ജാതിപരമായ അസമത്വം ഉന്മൂലനം ചെയ്യുന്നതിന് സ്വതന്ത്ര ഇന്ത്യയില്‍ യാതൊരു നടപടികളും ഭരണത്തില്‍ നിന്ന് ഉണ്ടായില്ല. ജാതി കേവലം ഒരു വിഭാഗീയ വികാരം മാത്രമായി കാണുന്ന കമ്യൂനിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള പുരോഗമന വാദികള്‍ എന്നു പറയുന്നവര്‍ ഒരു സാമൂഹിക വ്യവസ്ഥയെന്ന നിലയില്‍ ജാതി ഉണ്ടാക്കുന്ന സാമൂഹിക അസമത്വം കണക്കിലെടുക്കുവാന്‍ തയ്യാറായില്ല. ഫലത്തില്‍ അവര്‍ പ്രതിലോമ ശക്തികളുടെ ചേരിയില്‍ സ്ഥാനമുറപ്പിച്ചതുപോലെയായി. കമ്യൂനിസ്റ്റുകളുടെ തുടക്കം മുതലുള്ള ജാതി സംവരണത്തിനെതിരായായ അതിശക്തമായ രാഷ്ട്രീയ നിലപാട് ഉദാഹരണമാണ്. പകുതിയിലധികം വരുന്ന മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്ക് അധികാരത്തിലും വിദ്യാഭ്യാസത്തിലും ചില സംസ്ഥാനങ്ങളില്‍ ഒഴികെ അനേക ദശകങ്ങള്‍ ഇന്ത്യയില്‍ പങ്കാളിത്തം ലഭിച്ചില്ല. ഭാഷാപരവും സാംസ്‌ക്കാരികവും സാമൂഹികവും സാമ്പത്തികവുമായ അന്യവല്‍ക്കരണം ഇന്ത്യയിലെ ജനസാമാന്യത്തെ പിടികൂടുകയായിരുന്നു. ‘പിന്തിരിപ്പന്മാരു’ടെയും ‘പുരോഗമന വാദി’കളുടെയും ആയ കക്ഷികള്‍ ക്കൊന്നും അക്കാര്യത്തില്‍ യാതൊരു വ്യക്തതയും നയവും പരിപാടികളും ഇല്ലായിരുന്നു. പരമ്പരാഗത സോഷ്യലിസ്റ്റുകാരുടെ ഇടയില്‍ നിന്ന് ഡോ. ലോഹ്യ മാത്രം വേറിട്ട് നില്‍ക്കുന്ന നേതാവായി മാറിയത്, അദ്ദേഹം ആവിഷ്‌ക്കരിച്ച സാമ്പത്തിക ചൂഷണവും സാമൂഹിക അസമത്വവും സാംസ്‌ക്കാരിക അന്യവല്‍ക്കരണവും രാഷ്ട്രീയ വിടുതലും അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ നയങ്ങളും പരിപാടികളുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ദിശാബോധം നഷ്ടപ്പെടുകയും മറ്റ് വ്യവസ്ഥാപിത രാഷ്ട്രീയ ധാരയില്‍ അത് ലയിച്ചുചേരുകയും ചെയ്തു.

ജനങ്ങളുടെ അന്യവല്‍ക്കരണം മുതലാക്കിയ ഹിന്ദുത്വ ശക്തികള്‍

ഇന്ത്യയില്‍ ആര്‍.എസ്.എസിനും അതിന്റെ രാഷ്ട്രീയ പ്രതിഫലനമായ ഭാരതീയ ജനതാ പാര്‍ട്ടിക്കും ജനകീയ അടിത്തറ ഉണ്ടാക്കുവാനും വികസിപ്പിക്കുവാനും കഴിഞ്ഞത് സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ അന്യവല്ക്കരണത്തിന്റെ പരിസരമാണ്. ഹിന്ദു മഹാസഭയുടെ മതാന്ധമായ തീവ്രവാദത്തിന്റെയും ആര്‍.എസ്.എസിന്റെ സുസംഘടിതമായ റെജിമെന്റഡ് രൂപവും ചേര്‍ന്നതാണ് യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യഘട്ടത്തെ സങ്കുചിത തീഷ്ണതയില്‍ നിന്ന് പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്നുള്ള ബഹുജനപങ്കാളിത്തം ജനസംഘത്തിന്റെയും പിന്നീട് ബി.ജെ.പി.യുടെയും തീവ്രവാദത്തിന്റെ മൂര്‍ച്ഛ ഒരു പരിധി വരെ കുറയ്ക്കുവാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്. 1980 കളുടെ പകുതിക്ക് ശേഷം ശക്തിപ്പെട്ട ബാബറി മസ്ജിദ് തകര്‍ക്കല്‍ പ്രസ്ഥാനം ബി.ജെ.പി. ഏറ്റെടുക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയെടുത്ത മുന്നേറ്റമാണ് ബാബറി മസ്ജിദ് തകര്‍ക്കല്‍ പ്രസ്ഥാനം. തങ്ങളുടെ ഹിന്ദുത്വ വര്‍ഗീയ നേട്ടങ്ങള്‍ കോണ്‍ഗ്രസ് സ്വന്തമാക്കുമോയെന്ന സാഹചര്യം വന്നപ്പോഴാണ് ബി.ജെ.പി. ബാബറി മസ്ജിദ് തകര്‍ക്കല്‍ പരിപാടി ഏറ്റെടുത്തത്. 1950 മുതലുള്ള ജനസംഘത്തിന്റെയും അതിന് ശേഷം ബി.ജെ.പി.യുടെയും ചരിത്രത്തില്‍ ഒരിക്കല്‍ പോലും ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയണമെന്ന് പ്രമേയം പാസ്സാക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണാവകാശം പ്രഖ്യാപിച്ചപ്പോള്‍ ഹിന്ദുത്വ കാര്യപരിപാടി ബി.ജെ.പി. കടുപ്പിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. അപ്പോഴും ഹിന്ദുത്വ അജണ്ടയ്ക്ക് അത്യാവശ്യമെന്ന് അവര്‍ കരുതിയ ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പറയുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കുന്നത്, സമുദായങ്ങളുടെ വ്യക്തി നിയമങ്ങള്‍ കളഞ്ഞ് പൊതുവായ നിയമം അടിച്ചേല്‍പ്പിക്കണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങള്‍ തല്കാലം മാറ്റി വച്ചു കൊണ്ടാണ് 1990 കളില്‍ അവര്‍ ദേശീയ ജനാധിപത്യ സഖ്യത്തെ കരുപിടിപ്പിച്ചത്. എക്കാലത്തെയും ഏറ്റവും വലിയ അവസരവാദിയെന്ന് ചരിത്രം വിധിയെഴുതുന്ന ജോര്‍ജ്ജ് ഫെര്‍ണണ്ടസ് ആ പശ്ചാത്തലത്തില്‍ ബി.ജെ.പി. സഖ്യത്തിന്റെ കണ്‍വീനറായി. കാശ്മീര്‍ ഇന്ത്യയുടെ രക്തമൊലിക്കുന്ന കോളനിയാണെന്ന് അതിന് മുമ്പ് പറഞ്ഞ ജോര്‍ജ്ജ് ഫെര്‍ണണ്ടസാണ് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ട കാശ്മീരിനെ സൃഷ്ടിക്കുവാന്‍ ബി.ജെ.പി.ക്ക് വഴിയൊരിക്കയത്.

മത തീവ്രവാദ ശക്തികള്‍ ബഹുജന സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഉണ്ടാകുന്ന അയവുള്ള സമീപനം ശരിയായ രാഷ്ട്രീയ ദിശാബോധത്തിലേക്ക് നയിക്കുന്നതിന് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക കാഴ്ചപ്പാട് വ്യക്തതയുള്ളതും അവസരവാദത്തിന്റെ കണികപോലുമില്ലാത്ത പ്രതിജ്ഞാബദ്ധതയുള്ളതും ആയിരിക്കണം. അല്ലെങ്കില്‍ അയവുള്ള മുഖം കാണിച്ച് മറ്റുള്ളവരുടെ പിന്തുണയാര്‍ജ്ജിച്ച ആര്‍.എസ്.എസും, ബി.ജെ.പി.യും അതിലൂടെ കരുത്ത് നേടിയ ശേഷം പിന്നീട് തങ്ങളുടെ തീവ്രമുഖം കാണിച്ചതുപോലുള്ള അനുഭവങ്ങളാണ് ഉണ്ടാകുക. 1979 ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യലിസ്റ്റ് ചിന്തകനായ പി.വി.കുര്യന്‍ അക്കാര്യം എഴുതിയിട്ടുണ്ട്. 1977- ല്‍ അധികാരത്തില്‍ വന്ന ഇന്ത്യയിലെ ജനതാസര്‍ക്കാരിനെ ഭൂരിപക്ഷ വര്‍ഗീയ ശക്തികളായ ആര്‍.എസ്.എസ്. പിന്തുണയുള്ള മുന്‍ ജനസംഘക്കാര്‍ പിടിച്ചെടുക്കുന്നതിനെതിരെ രാജ് നാരായനും മധുലിമായെയും ജനതാ പാര്‍ട്ടിയില്‍ നടത്തിയ ശക്തിമായ എതിര്‍പ്പുകള്‍ക്ക് ഒപ്പം നിന്നുകൊണ്ടാണ് പി.വി.കുര്യന്‍ അത്തരമൊരു സമീപനം ഉയര്‍ത്തിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മത നിരാകരണം ഒരു അടിത്തറയാക്കിയാണ് പാശ്ചാത്യ സ്വാധീനത്തില്‍ വന്ന കമ്യൂനിസ്റ്റ് , സോഷ്യിലിസ്റ്റ് ( അയവുള്ളത്) പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചത്. മഹാത്മഗാന്ധി എന്ന വ്യക്തി ഇല്ലായിരുന്നെങ്കില്‍ എന്ന് സങ്കല്പിക്കുക. അങ്ങനെയെങ്കില്‍, ജനങ്ങളുടെ നന്മയ്ക്കും ഐക്യത്തിനും ഉതകുന്ന മതവ്യാഖ്യാനത്തെ തത്വമാക്കി പ്രവര്‍ത്തിച്ച മഹാത്മഗാന്ധിക്ക് കഴിഞ്ഞതുപോലെ അടിമത്ത കാലത്തെ ഇന്ത്യയില്‍ കമ്യൂനിസിറ്റ്, സോഷ്യിലിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്വാധീനം നേടുമായിരുന്നില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ജന നന്മയ്ക്കും ഐക്യത്തിനും ഉപകരിക്കുന്ന മഹാത്മഗാന്ധിയുടെ മത വ്യാഖാനവും അക്രമ, വിദ്വേഷ രഹിതമായ അദ്ദേഹത്തിന്റെ സമീപനവും ബഹുജനങ്ങള്‍ക്ക് ഉള്‍കൊള്ളാവുന്നതും വഹിക്കുവാന്‍ കഴിയുന്നതുമായിരുന്നു. ഒരു പക്ഷേ, തീവ്ര ദേശീയ വാദികളായിരിക്കും മഹാത്മഗാന്ധിയെ പോലെ ഒരാളിന്റെ അഭാവത്തില്‍ അപ്പോള്‍ സ്വാധീനം ഉറപ്പിക്കുക. അക്രമത്തെക്കുറിച്ചും സഹവര്‍ത്തിത്വ മതവ്യാഖാനത്തെക്കുറിച്ചും മഹാത്മഗാന്ധി പുലര്‍ത്തിയ സമീപനം തീവ്ര ദേശീയ വാദികള്‍ക്ക് ഉണ്ടാകണമെന്നില്ല. ശരിയാണ്, തീവ്ര ദേശീയ നേതാവായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് മഹതാത്മഗാന്ധിയെപ്പോലെ ഹിന്ദു-മുസ്ലീം ഐക്യം ഉയര്‍ത്തിപ്പിടിച്ച ദേശീയ നേതാവാണ്. എന്നിരുന്നാലും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന സാമ്രാജ്യത്ത കുടില തന്ത്രത്തില്‍ തീവ്ര ദേശീയ വാദം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എങ്ങനെയുള്ള മതസമീപനം ആയിരിക്കുമെന്ന് പ്രവചിക്കുവാന്‍ കഴിയില്ല. ബാലഗംഗാധര തിലകനെപ്പോലുള്ള തീവ്ര ദേശീയ വാദികളുടെ പിന്മുറക്കാര്‍ ഒരു പക്ഷേ അതിനെക്കാള്‍ ഹിന്ദു മത അംശങ്ങള്‍ ചേര്‍ത്ത തീവ്ര ദേശീയ വാദികള്‍ ആകാം. മഹാത്മഗാന്ധി ഹിന്ദു മത അംശങ്ങള്‍ രാഷ്ട്രീയത്തില്‍ ഉള്‍ക്കൊള്ളിച്ചുവെങ്കിലും അത് ഒരിക്കലും ഇതര മതവിശ്വാസികളോട് സഹിഷ്ണത പുലര്‍ത്തുന്ന സമീപനം ആയിരുന്നല്ലോ. തീവ്ര ദേശീയ വാദത്തില്‍ നിന്നും ബ്രീട്ടീഷ് പാദ സേവ നടത്തികൊണ്ടുള്ള മുസ്ലീം വിരുദ്ധ നിലപാടിലേക്ക് മാറിയ വി.ഡി.സവര്‍ക്കര്‍മാര്‍ തഴച്ചു വളരുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു അപ്പോഴുണ്ടായിരുന്നത്. എന്നാല്‍ മഹാത്മഗാന്ധിയുടെ സാന്നിദ്ധ്യം ആ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്ന ഉള്‍കരുത്തുള്ളതായിരുന്നു. എല്ലാ മതങ്ങളിലെയും നന്മകള്‍ പ്രത്യേകിച്ചും അക്രമരാഹിത്യം ഉയര്‍ത്തിപിടിക്കുവാനാണ് മഹാത്മഗാന്ധി പറഞ്ഞതും പ്രവര്‍ത്തിച്ചതും. പ്രതികൂല സാഹചര്യങ്ങളിലൂടെ ആ നിലപാട് കൂടുതല്‍ മിഴിവായി വന്നതേയുള്ളൂ. ആ അര്‍ത്ഥത്തില്‍ വിഭാഗീയത ഉയര്‍ത്തി വിദേശ ശക്തികള്‍ക്കെതിരെയുള്ള ജനങ്ങളുടെ ഐക്യം തകര്‍ക്കുവാന്‍ ശ്രമിച്ച സവര്‍ക്കര്‍മാരില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് മതനിരാകരണം ഉയര്‍ത്തിയവരെക്കാള്‍ ജനങ്ങളുടെ ഐക്യത്തിനും നന്മയ്ക്കും ഉപകരിക്കുന്ന മതവ്യാഖാനം ഉയര്‍ത്തിപ്പിടിച്ച മഹാത്മഗാന്ധിയാണ്.

സോഷ്യിലിസ്റ്റ് നേതാവായ കിഷന്‍ പട്ട്‌നായക് ഏറെ പ്രസക്തമായ ഒരു ചിന്തയാണ് മുന്നോട്ട് വയ്ക്കുന്നത്. അദ്ദേഹം ആദ്യഘട്ടത്തില്‍ മതങ്ങളിലെ ദുഷിച്ച പ്രവണതകള്‍ തള്ളികളയുന്നതിന് മതവിമര്‍ശനത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആഗോള വത്കരണത്തിന്റെ നവ അധിനിവേശം മുന്നേറിയപ്പോള്‍ അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ രംഗത്ത് ഉണ്ടാകുന്ന മാറ്റം മതങ്ങളിലും പ്രതിഫലിക്കുമെന്നാണ്. രാഷ്ട്രീയത്തിലാണ് മാറ്റം കൊണ്ടുവരേണ്ടതെന്ന സന്ദേശം അതിലുണ്ട്. ഹിന്ദുത്വം ആയാലും താലിബാനായാലും ഐ.എസ്.ആയാലും അവയൊന്നും മതങ്ങള്‍ എന്ന നിലയില്‍ അല്ല വിമര്‍ശിക്കപ്പെടേണ്ടത്. മറിച്ച് മതങ്ങളിലെ ദുഷിപ്പുകള്‍ക്ക് വളരാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയമായി വിലയിരുത്തണം. ഹിന്ദുത്വമായാലും താലിബാനിസമായാലും ബോക്കോ ഹറാം ആയാലും ഐ.എസ്.ആയാലും അത്തരം മനുഷ്യവിരുദ്ധമായ ആശയങ്ങളെ ആശയങ്ങള്‍ എന്ന നിലയില്‍ പരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമാക്കണം. അവയ്‌ക്കെതിരെയുള്ള ആശയ തലത്തിലെ സമരവും ഒഴിച്ചു കൂടാനാവാത്തതാണ്. എന്നാല്‍ അവയ്ക്ക് ബഹുജന സ്വീകാര്യത ഉണ്ടാക്കുന്ന സാമ്പത്തിക, സാംസ്‌കാരിക തലങ്ങളില്‍ ജനകീയത കൈവരുത്തുന്നതിനുള്ള രാഷ്ട്രീയം കരുപിടിപ്പിക്കുകയാണ് ചെയ്യേണ്ടത്.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക സൈനികമായ ഇടപെടല്‍ നടത്തിയതിന് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇറാഖില്‍ ആയാലും അഫ്ഗാനിസ്ഥാനിലായാലും സൈനികമായി ഇടപെടുന്ന രാഷ്ട്രങ്ങള്‍ക്ക് കടബാധ്യതകള്‍ വര്‍ദ്ധിക്കുമ്പോഴും അവിടങ്ങളിലെ കച്ചവടശക്തികളും കോര്‍പറേറ്റുകളും ഖനനം വഴിയായും കരാറുകള്‍ വഴിയായും വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതും കാണാം. നവ അധിനിവേശം യാതൊരു തകരാറുകളുമില്ലാതെ കാത്തു സൂക്ഷിക്കുന്നതിനാണ് ഇത്തരം സൈനിക ഇടപെടലുകള്‍ എന്നാണ്് നാം മനസിലാക്കേണ്ടിയിരിക്കുന്നത്.

പുതിയ മന്ത്രിസഭയും വെല്ലുവിളികളും

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാന്‍ മതപരിവേഷത്തിലുള്ള ഏറ്റവും ഉന്നതനായ അധികാരയെ പ്രഖ്യാപിച്ച ശേഷം ഇപ്പോള്‍ പുതിയ മന്ത്രി സഭയും നിലവില്‍ വന്നല്ലോ. മുല്ലാ ഒമറിന്റെ സഹപ്രവര്‍ത്തകരും താലിബാന്‍ പ്രസ്ഥാനത്തിന്റെ നേതാക്കളും സര്‍ക്കാരിനെ നയിക്കുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നതാണ്. അതില്‍ ഭീകര പ്രവര്‍ത്തനങ്ങളും യുദ്ധപങ്കാളിത്തവും ഉള്ളവരും സ്വാഭാവികമാണ്. തങ്ങളുടെ ഇച്ഛാശക്തിയെ സായുധമായ പോരാട്ടത്തിലൂടെ സ്ഥാപിച്ച് അധികാരം പിടിച്ച താലിബാന്‍ ജനാധിപത്യ ക്രമത്തില്‍ പാലിക്കുന്ന എല്ലാവരെയും ചേര്‍ത്തുള്ള ഇടക്കാല സര്‍ക്കാര്‍ എന്ന സങ്കല്പം സ്വീകരിക്കാത്തതും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ രാജ്യത്ത് താലിബാന്‍ ആധിപത്യം ഇപ്പോഴും അംഗീകരിക്കാത്ത മസൂദിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഉള്‍പ്പെടെയുള്ള പല സായുധ സംഘങ്ങളും ഉണ്ടെന്നുള്ള കാര്യം ഒരു യാഥാര്‍ത്ഥ്യമാണ്. അവ അടിച്ചമര്‍ത്തലിന്റെ അല്ലെങ്കില്‍ ജനാധിപത്യ പ്രകാശനത്തിനുള്ള സാഹചര്യങ്ങളുടെ ഏത് ഘട്ടത്തിലാണ് പരസ്പരമുള്ള ഒരു പോരാട്ടമായി പ്രകടമായി വരുന്നത് എന്ന് പറയാനാവില്ല. ഇന്ന് എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളാതെയും അവകാശങ്ങള്‍ അംഗീകരിക്കാതെയും ഒരു രാജ്യത്തിനും സമാധനപരമായും തുറന്ന സമൂഹമായും മുന്നോട്ട് പോകുവാനാവില്ല.

എന്നാല്‍ ഏഷ്യ, ആഫ്രിക്ക, ലത്തീന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ വിഷയം താലിബാന്‍ ഏത് അളവ് വരെ കോര്‍പേറ്റ് ശക്തികള്‍ക്ക് വഴങ്ങി കൊടുക്കും എന്നുള്ളതാണ്. ഇന്നത്തെ വികസനത്തിനു പകരമുള്ള ഒരു സാമ്പത്തിക , വികസന സങ്കല്പം താലിബാന്‍ മുന്നോട്ട് വയ്ക്കാത്ത സാഹചര്യത്തില്‍ ഭീകരതയുടെയും അതിനോടുള്ള എതിര്‍പ്പിന്റെയും തീവ്രതയുടെ കാലം കഴിയുമ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങുന്ന സ്ഥിതി വിശേഷം ഉണ്ടാകാം. ലോകം മുഴുവന്‍ പ്രത്യക്ഷമായും പരോക്ഷമായും തങ്ങളുടെ കാല്‍കീഴിലും കെപ്പടിയിലും ആക്കുന്നത് പ്രധാനമായും ഇന്നത്തെ അസന്തുലിതവും വികലവും സുസ്ഥിരമല്ലാത്തതുമായ വികസനം കെട്ടിപൊക്കുന്നതിനാണ്. പാശ്ചാത്യ നാട്ടില്‍ ആരംഭിച്ച അത്തരം വികസനവും സമ്പദ് ഘടനയും ആഗോളവത്കരണ പ്രക്രികയിലൂടെ മുഴുന്‍ ഏഷ്യനാഫ്രിക്കന്‍ ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും ജനതകളുടെയും മേല്‍ അവര്‍ക്ക് കെട്ടിയേല്‍പ്പിക്കുവാന്‍ കഴിഞ്ഞു. തല്‍ഫലമായി ഏഷ്യനാഫ്രിക്കന്‍ ലത്തീനമേരിക്കന്‍ ജനതകളും രാജ്യങ്ങളും വലിയ കടക്കെണിയിലും പാശ്ചത്യ മുതലാളിത്ത ശക്തികളുടെ ആജ്ഞകള്‍ക്ക് വശംവദരാകുവാന്‍ നിര്‍ബന്ധിതരുമാണ്.

അത്തരം വികസനത്തിന്റെ അടിസ്ഥാനമായി വര്‍ദ്ധിക്കുന്ന ഭൂമിയില്‍ നിന്നുള്ള ധാതു ദ്രവ്യങ്ങളാണ് ഏറ്റവും പ്രധാനം. 2004 മുതല്‍ 2011 വരെ അമേരിക്കയുടെ ജിയോളജിക്കല്‍ സര്‍വ്വേ നടത്തിയ പരിശോധനയില്‍ അഫ്ഗാനിലെ ധാതുദ്രവ്യ മേഖലകളും അവയുടെ സമ്പന്നതയും ആധിക്യവും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇന്ധനേതരമായ ഒരു ട്രില്യന്‍ ഡോളര്‍ വിലമതിക്കുന്ന ധാതുക്കള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. രക്തകല്ലുകളും ആഭരണങ്ങള്‍ക്കുള്ള മറ്റ് കല്ലുകളും ഉള്‍പ്പെടെയുള്ളവയ്ക്ക് പുറമെ ഇരുമ്പ്, ചെമ്പ്, ലിഥിയം, റയര്‍ എര്‍ത്ത് മൂലകങ്ങളും കോബാള്‍ട്ട്, ബോക്‌സൈറ്റ്, രസം, യൂറേനിയം, ക്രോമിയം തുടങ്ങിയ വിലയേറിയ അനവധിയായ ധാതുക്കളും അഫ്ഗാനി സമ്പന്നമാക്കിയിട്ടുണ്ട്. അമേരിക്കന്‍ അധിനിവേശത്തിന് മുമ്പ് സോവിയേറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനിലെ ധാതുക്കളെ സംബന്ധിച്ച് 1960 കളിലും 1970 കളിലും വിശദമായ പഠനങ്ങള്‍ നടത്തിയതിന്റെയും രേഖകള്‍ ഉണ്ട്. എന്നാല്‍ 19 നൂറ്റാണ്ടിലും, 20 നൂറ്റാണ്ടിലെ ആദ്യഘട്ടത്തിലും ബ്രിട്ടീഷ് ജര്‍മ്മന്‍ ജിയോളിജിസ്റ്റുകള്‍ നടത്തിയ ആധുനികമായ പഠനങ്ങള്‍ ആണ് പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ ധാതുക്കള്‍ തേടിയുള്ള പര്യവേഷണത്തില്‍ ആദ്യത്തേത്. മുതലാളിത്തത്തിന്റെ ഉത്പാദന ബന്ധങ്ങള്‍ മാറ്റുന്നതല്ലാതെ ഉല്പാദന ശക്തികളെ കൂടുതല്‍ ശക്തമാക്കുന്ന കമ്യൂനിസത്തിനും ഭൂമിയിലെ വിലപിടിച്ച സമ്പത്ത് (ധാതുക്കള്‍) തേടിപോകുന്നതിന്റെ അനുഭവമാണ് സോവ്യറ്റ് സാമ്രാജ്യത്തം അഫ്ഗാന്‍ ഇടപെടലില്‍ കാണിക്കുന്നത്. കണഞ്ചിക്കുന്ന വികസനത്തിന്റെ കെട്ടിപൊക്കലുകള്‍ നടക്കുമ്പോള്‍ നമ്മളറിയുക നമ്മളെ തന്നെ നശിപ്പിക്കുന്ന ഭൂമിയുടെ വിനാശത്തിന്റെ വഴിയാണ് അത് എന്ന്. താലിബാന്‍ ആ വികസന സങ്കല്പങ്ങളെ താലോലിക്കുവാന്‍ തുടങ്ങിയാല്‍ നേപ്പാളില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി അധികാരം പിടിച്ച മാവോയിസ്റ്റുകളെയും അവരുടെ നേതാവ് പ്രചണ്ഡയേയും പോലെ ഏറ്റവും വേഗത്തില്‍ തങ്ങളുടെ വിലയേറിയ ധാതുക്കള്‍ അടിയറ വയ്ക്കുമെന്ന് ഊഹിക്കാവുന്നതാണ്. അതാണ് ഏഷ്യനാഫ്രിക്കന്‍ ലത്തീനമേരിക്കന്‍ ജനതകള്‍ ആകാംഷയോടെ ഉറ്റുനോക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply