യുവജനോത്സവ സ്വാഗതഗാനം : അത്ര നിഷ്‌കളങ്കമല്ല കാര്യങ്ങള്‍

കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവം പൊടി പൊടിക്കുന്നു. എല്ലാം ഭംഗിയായി മുന്നേറുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. നല്ലത്, കൗമാര കലാമേളയെ തള്ളിപ്പറയാനല്ല ഈ കുറിപ്പ്.എന്നാല്‍, ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പറയാതെ വയ്യ! അവസരം കിട്ടുമ്പോള്‍ വിളിച്ചു പറയുക എന്നത് ഔചിത്യം. അത് ഇവിടെ പ്രയോജനപ്പെടുത്തട്ടെ!

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ അരങ്ങേറിയ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തില്‍ ‘തീവ്രവാദിയെ’ അവതരിപ്പിച്ചത് കാണുക. കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയാണ് ഈ സംഗീത ശില്പം അണിയിച്ചൊരുക്കിയത്. കവി പി. കെ. ഗോപി എഴുതിയ വരികള്‍, മത സൗഹാര്‍ദവും മാനുഷികതയും ഊന്നിപ്പറയുന്ന ഈ ഗാനത്തില്‍ കോഴിക്കോടിന്റെ മഹിത പാരമ്പര്യവും എല്ലാം ഇഴചേര്‍ത്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു. എന്നാല്‍, അതിലും കല്ലുകടി. നിലനില്‍ക്കുന്ന ഒരു പൊതു ബോധത്തിന്റെ അടിസ്ഥാനത്തില്‍ ‘ഇസ്ലാമിയ ഫോബിയ’ ശരിക്കും വര്‍ക്ക് ചെയ്തു. അവതരണ ഗാനശില്‍പ്പത്തില്‍ അത് കൃത്യമായി പ്രതിഫലിച്ചു.

ഇവിടെ, ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ ശിരോവസ്ത്രമായ ‘കഫിയ്യ’ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ഇതിനെ തീര്‍ത്തും നിഷ്‌കളങ്കമായി കാണാന്‍ നമുക്ക് കഴിയില്ല.ലോക പോലീസ് അമേരിക്കയും അവരുടെ അടുത്ത കൂട്ടുകാര്‍ ഇസ്രയേലും ഇന്‍ഡ്യയിലെ മോദിയും സംഘപരിവാറും നിരന്തരം പ്രചരിപ്പിക്കുന്നതുപോലെ, തീവ്രവാദികള്‍ എന്നാല്‍ മുസ്ലിംകള്‍ ‘തന്നെ’ എന്നത് ഇവിടെയും ഒരു പൊതുബോധമായി മാറുകയാണ്.

നേരത്തെയും നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍/ പാഠപുസ്തകങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘പാവ കള്ളനെ പിടിച്ച കഥ’ _ പഴയ പാഠപുസ്തകത്തിലെ ആ കഥ എല്ലാവരും ഓര്‍ക്കുന്നുണ്ടായിരിക്കും. വീട്ടില്‍ കക്കാന്‍ കയറിയ കള്ളന്‍ (സമ്പത്ത് കുന്നുകൂട്ടുന്നതിന് വേണ്ടി നാട് കൊള്ളയടിക്കുന്ന ആളല്ല ആ കള്ളനെന്നത് നിശ്ചയം. മറിച്ച് തനിക്കും കുടുംബത്തിലും ഉള്ളവരുടെ ഒരു നേരത്തെ ആഹാരത്തിനായാണ് അയാള്‍ ആ പണിക്ക് ഇറങ്ങാന്‍ സാധ്യതയെന്ന സത്യം ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക!?) മുറിയില്‍ ഇരുട്ടത്ത് അലക്ഷ്യമായി കിടക്കുന്ന പാവയെ അറിയാതെ ചവിട്ടി പോകുന്നു. പാവയുടെ പീപ്പി ഒച്ചവെക്കുന്നു. ആ ശബ്ദം കേട്ട് എഴുന്നേല്‍ക്കുന്ന വീട്ടുകാര്‍ കള്ളനെ പിടിക്കുന്നതാണ് ഈ കഥ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒന്നാം ക്ലാസില്‍ പഠിക്കാന്‍ ഉണ്ടായിരുന്ന ആ പാഠഭാഗത്ത് ഉള്‍ചേര്‍ത്തിരുന്ന ചിത്രം താഴെയുണ്ട്, ഒന്ന് ശ്രദ്ധിച്ചു നോക്കുക. അതിലും ഒരു മുസ്ലിം വേഷധാരിയാണ് കള്ളനായി ചിത്രീകരിക്കപെടുന്നത്. ആ കാലത്ത് തന്നെ ഉണ്ടായിരുന്ന പാഠപുസ്തകങ്ങളില്‍ ഒന്നില്‍ അമ്മുവിന്റെ ആട്ടിന്‍കുട്ടിയെ ഇറച്ചിക്കായി വാങ്ങിക്കൊണ്ടു പോകുന്ന ഒരു അറവക്കാരന്റെ ചിത്രമുണ്ട്. അതില്‍, കള്ളിമുണ്ടും പച്ച ബെല്‍റ്റും മുറികൈയ്യന്‍ ബനിയനും കൈത്തണ്ടയിലെ കറുത്ത ചരടില്‍ കോര്‍ത്ത ഏലസ്സും ഉള്ള ഒരു മുസ്ലിം വേഷധാരിയെ വരച്ചുചേര്‍ക്കാന്‍ അന്ന് ആര്‍ക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.

കിണറ്റില്‍ കണ്ട ചന്ദ്രബിംബത്തെ പാതാളക്കരണ്ടി ഉപയോഗിച്ച് കോരിയെടുക്കാന്‍ നോക്കുന്ന ‘മണ്ടന്‍’ ഡേവിഡും, അധ്യാപകനോട് നിരന്തരം സംശയങ്ങള്‍ ചോദിക്കുന്ന ‘മിടുക്കന്‍’ മനോജും ഒരു കാലത്ത് നമ്മുടെ പാഠപുസ്തകങ്ങളുടെ ഭാഗമായിരുന്നു.

1996_97 കാലഘട്ടത്തില്‍ നിലവില്‍ വന്ന ഡിപിഇപി (അതൊരു പാഠ്യപദ്ധതിയായിരുന്നില്ല! ഒരു പ്രോജക്ട് മാത്രമായിരുന്നു. എങ്കിലും ആ പേരിലാണ് ആ കാലത്തുണ്ടായ പാഠ്യപദ്ധതി പരിഷ്‌കരണം ഇന്നും അറിയപ്പെടുന്നത്) _ പൂത്തിരി _ നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ കേന്ദ്രീകരിച്ച് ഒരു കഥ ഉണ്ടായിരുന്നു. ‘ചെറുങ്ങോരന്‍’ എന്നായിരുന്നു ആ കഥയിലെ നായകന്റെ (കഥയുടെയും) പേര്. മലയാള സ്‌കൂള്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു ദളിതുകഥാപാത്രം ‘നായകനായി’ വരുന്ന ആദ്യത്തെയും അവസാനത്തെയും ഒരു കഥ _ കുട്ടികള്‍ക്ക് പാഠമായി പഠിക്കാന്‍ ഉണ്ടായിരുന്നത് അതായിരുന്നു എന്നാണ് എന്റെ തോന്നല്‍ (നവോത്ഥാന നായകര്‍ അംബേദ്ക്കറെ കുറിച്ചും അയ്യങ്കാളിയെ കുറിച്ചുമെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് ഭാഗികമായി മാത്രമെന്ന വിമര്‍ശനവും നമുക്കുണ്ട്!).

ഡിപിഇപി കാലത്തുണ്ടായ വലിയ വിവാദങ്ങളെ തുടര്‍ന്ന് പരിഷ്‌കരിച്ച പാഠ്യപദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചു. എസ് ഗുപ്തന്‍ നായര്‍ ഹൃദയവുമായി ടീച്ചര്‍ എന്നിവരെല്ലാമായിരുന്നു കമ്മിറ്റി അംഗങ്ങള്‍. നമുക്കറിയാം _ ‘നായര്‍’ ഭൂരിപക്ഷമുള്ള ഒരു കമ്മിറ്റി. അവര്‍ പഠിച്ച പല കാര്യങ്ങളില്‍ ഒന്ന് ‘ചെറുങ്ങോരന്‍’ എന്ന ‘ദളിത്’ കഥാപാത്രം നായകനായി വരുന്ന പാഠഭാഗം അങ്ങിനെ പഠിപ്പിക്കേണ്ടതുണ്ടോ എന്നുള്ളതായിരുന്നു. പഠിച്ചു പഠിച്ച് അവര്‍ ഒടുവില്‍ വിധിയെഴുതി; ‘ചെറുങ്ങോരന്‍’ എന്ന ആ പാഠം കുട്ടികളെ പഠിപ്പിക്കേണ്ടതില്ല! അത് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കണം. ആ പാഠഭാഗം _ ഭാഷ പഠിപ്പിക്കാന്‍ കൊള്ളില്ല, മരത്തില്‍ നിന്ന് തത്തയെ പിടിക്കുന്നത് പരിസ്ഥിതി അവബോധത്തിന് ദോഷമാണ് _ തുടങ്ങിയ വിമര്‍ശനങ്ങളാണ് അവര്‍ ഉന്നയിച്ചത്.

അന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ്. അത്യാവശ്യം നല്ല രാഷ്ട്രീയ ബോധത്തോടെ ചെറുങ്ങോരനെന്ന ദളിതനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കരിക്കുലം കമ്മിറ്റി, പാഠപുസ്തക നിര്‍മ്മാതാക്കള്‍ _ ഇവരെല്ലാം ചേര്‍ന്ന് തീരുമാനിച്ചു; ആ പാഠഭാഗം തല്‍ക്കാലം ഒഴിവാക്കേണ്ടതില്ല! നമ്മുടെ കുട്ടികള്‍ തുടര്‍ന്നും അത് പഠിക്കട്ടെ. അടുത്ത പാഠ്യപദ്ധതി പരിഷ്‌കരണം വരെ ചെറുങ്ങോരന്‍ കേരളത്തിലെ നാലാം തരത്തിലെ കുട്ടികള്‍ തുടര്‍ന്നും പഠിച്ചു എന്നുള്ളത് ചരിത്രം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മുടെ ഭാഷാ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിച്ചാല്‍ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദു പൊതുബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള കൃത്യമായ അജണ്ടകള്‍ കണ്ടെത്താന്‍ നമുക്ക് കഴിയും ഇതൊന്നും നിഷ്‌കളങ്കമോ നിര്‍ദ്ദോഷമോ ആയി കാണാന്‍ കഴിയില്ല! പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ അന്തോണിയോ ഗ്രാംഷി വിദ്യാഭ്യാസത്തെ കുറിച്ചുള്ള തന്റെ ഒരു നിരീക്ഷണത്തില്‍ ഇങ്ങനെ പറഞ്ഞു വെക്കുന്നുണ്ട് ‘ഒരു പൗരസമൂഹത്തിന് (civil society) മേല്‍ അവിടുത്തെ രാഷ്ട്രീയ സമൂഹം (political society) സ്ഥാപിച്ചെടുക്കുന്ന അധീശത്വം (hegemony) _ വിദ്യാഭ്യാസത്തെ വലിയതോതില്‍ അവര്‍ പ്രയോജനപ്പെടുത്തും’ അതിന്റെ ഭാഗമായി വേണം നമുക്ക് ഈ പ്രവണതകളെയെല്ലാം നോക്കിക്കാണാന്‍ എന്നാണ് ഇവിടെ സൂചിപ്പിക്കാനായുള്ളത്.

സൂഷ്മമായ പരിശോധനയും, വലിയതോതിലുള്ള വിമര്‍ശനവും പ്രതിരോധം തീര്‍ക്കുകയും ചെയ്യേണ്ട ഒരു വലിയ വിഷയമാണ് ഇത്. അത്ര നിഷ്‌കളങ്കമല്ല കാര്യങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply