
രാമചന്ദ്രന്‍ നായരുടെ കൊറിയന്‍ പതിപ്പാണ് കിം ഗാങ്…
മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്താല്‍ സ്വന്തം ജീവനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊല്ലാന്‍ വേണ്ടി മാത്രം തോക്കാവുന്ന പോലീസുകാരുണ്ട്, പട്ടാളക്കാരുണ്ട്. കൊന്നില്ലെങ്കില്‍ കൊല്ലപ്പെടും. അപ്പോള്‍ സ്വന്തം ജീവന്‍, കുടുംബം, മക്കള്‍ എല്ലാമോര്‍ത്ത് തോക്കാവും.
യൂണിഫോമിലായിരിക്കുമ്പോഴും യൂണിഫോം അഴിഞ്ഞാലും ഉള്ളിലെവിടെയെങ്കിലും മനഃസാക്ഷി, നീതിബോധം ഉണ്ടെങ്കില്‍ ചെയ്തുപോയ അനീതിയോര്‍ത്ത്, കൂട്ടുനിന്ന കുറ്റകൃത്യങ്ങളോര്‍ത്ത് വിലപിച്ചു കൊണ്ടേയിരിക്കും ശേഷ ജീവിതം. അങ്ങനെയാണൊരു രാമചന്ദ്രന്‍നായരുണ്ടാവുന്നത്.
ഓര്‍ക്കുന്നില്ലേ രാമചന്ദ്രന്‍ നായരെ, ചുവന്നൊരു പ്രഭാതം സ്വപ്‌നം കണ്ട് ആദിവാസികളുടെ വിമോചനത്തിനായി വയനാടന്‍ കാട്ടില്‍ ഗറില്ലാസമരം നടത്തിയ നമ്മുടെ സ്വന്തം ചെഗുവേരയായ നക്‌സലൈറ്റ് നേതാവ് വര്‍ഗീസിന്റെ കൊലപാതകത്തിലെ ഏറ്റുമുട്ടല്‍ അന്തര്‍നാടകം ലോകത്തിന്റെ മുന്നില്‍ മുപ്പത് കൊല്ലങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയ സിആര്‍പിഎഫ് പോലീസുകാരനായിരുന്ന രാമചന്ദ്രന്‍ നായരെ?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നീതിയ്ക്കു വേണ്ടി രാമചന്ദ്രന്‍ നായര്‍ നടത്തിയ പോരാട്ടത്തിന്റെ ശേഷജീവിതം നമ്മുടെ മുന്നിലുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലെ രാമചന്ദ്രന്‍ നായര്‍ക്ക് കൊറിയന്‍ സിനിമയിലുണ്ടൊരു വാര്‍പ്പ്.
കൊറിയന്‍ രാമചന്ദ്രന്‍ നായരുടെ ജീവിതം പറയുന്ന സിനിമയാണ് കിം കി ഡുക് നിര്‍മ്മിച്ച, കിം കിം ഡുക് തന്നെ തിരക്കഥ രചിച്ച ലി ജു ഹ്യോങ് സംവിധാനം ചെയ്ത എക്‌സ്‌കെവേറ്റര്‍ എന്ന ചലച്ചിത്രം.
എണ്‍പതുകളില്‍ കൊറിയയില്‍ നടന്ന ജനാധിപത്യ സമരങ്ങളെ പട്ടാളം ചോരയില്‍ മുക്കികൊന്നിരുന്നു. നേതൃത്വം കൊടുത്തവരെ പിടികൂടി വെടിവെച്ചു കൊന്നു. ഏറ്റുമുട്ടല്‍ കൊലപാതകമായി, ആ കൊലപാതകങ്ങള്‍ ചിത്രീകരിക്കപ്പെട്ടു. ജീവനോടെ പിടികൂടിയവരെ വിജനമായ കാട്ടില്‍ കൊണ്ടുപോയി വെടിവച്ചുകൊന്നു കുഴിച്ചുമൂടുകയായിരുന്നു. പ്രക്ഷോഭകരെയങ്ങനെ ഭരണകൂടം ബാഷ്പീകരിച്ചു. ഭരണകൂടം ആജ്ഞാപിച്ചാല്‍ കൊല്ലാനുള്ള തോക്കാവേണ്ടി വരുന്നു യൂണിഫോമില്‍.
പട്ടാളത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത കിം ഗാങ് പിന്നീട് എക്‌സ്‌കവേറ്റര്‍ ഡ്രൈവറായി ജോലി ചെയ്യവെ ഇരുപതു കൊല്ലം മുമ്പ് ജനാധിപത്യ നേതാക്കളെ കൊന്നുകുഴിച്ചുമൂടിയ സ്ഥലത്ത് മണ്ണെടുപ്പിനിടെ അസ്ഥികള്‍ കുഴിച്ചെടുത്തു. അവിടെ എവിടെ കുഴിച്ചാലും അസ്ഥികള്‍ കിട്ടുന്ന അവസ്ഥ! ആ ഭൂതകാലം കിം ഗാങിനെ വേട്ടയാടാന്‍ തുടങ്ങി. പട്ടാളത്തിലെ തന്റെ മേലാപ്പീസര്‍മാരെ ഓരോരുത്തരേയും നേരില്‍കണ്ട് എന്തിനായിരുന്നു ആ ക്രൂരത ചെയ്യാന്‍ ഉത്തരവിട്ടത് എന്ന് ചോദിച്ചു. അക്കാലത്തെ തീരുമാനങ്ങളും നടപടികളും ഇരുപത് കൊല്ലങ്ങള്‍ക്ക് ശേഷം ചികയുന്നതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടി.

അധികാരം പട്ടാള ഉദ്യോഗസ്ഥരില്‍ ലഹരി പടര്‍ത്തിയിരുന്നു. നിരായുധരായ മനുഷ്യരെ അകാരണമായി കൊന്നു കുഴിച്ചുമൂടി. ഭരണകൂടം പട്ടാളത്തെ കയറൂരിവിടുകയായിരുന്നു. നീതിയും നിയമവും കൊല്ലപ്പെട്ടു. ആഭ്യന്തര സുരക്ഷ എന്ന പേരില്‍ ഭരണകൂടത്തിന്റെ വയലന്‍സിനു ലെജിറ്റിമസി ലഭിച്ചു. നീതിപീഠങ്ങള്‍ നോക്കുകുത്തികളായി. ഭരണകൂടത്തിനുവേണ്ടി തോക്കെടുത്തവര്‍ പിന്നീട് സ്വയം ഭരണകൂടമായി.
ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങളുടെ പിന്നീടൊരു വിചാരണ ചരിത്രത്തില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. കിംഗാങ്ങിന്റെ ചോദ്യങ്ങളുടെ മുന്നില്‍ ചിലര്‍ പട്ടാളത്തിലേ ജോലി ചെയ്തിട്ടില്ലെന്ന മട്ടില്‍ ഒഴിഞ്ഞു മാറി. അക്കാലത്ത് ചെയ്തുകൂട്ടിയതിന് അക്കാലത്തെ ശരിയുണ്ട് എന്ന മട്ടില്‍ നിസ്സംഗതയോടെ ഒഴിഞ്ഞുമാറി. ക്രൂരതയ്ക്കു നേതൃത്വം കൊടുത്ത ഒരു പട്ടാള ഓഫീസര്‍ റിട്ടയര്‍മെന്റിനു ശേഷം മതാത്മക ആത്മീയ ജീവിതം നയിച്ചുതുടങ്ങി, കൊറിയന്‍ പുലിക്കോടന്‍! വേറൊരാള്‍ വ്യവസായശാല നടത്തിപ്പുകാരനായി. മുതിര്‍ന്ന ഒരോഫീസര്‍ ആത്മകഥയെഴുതി, ജനാധിപത്യപ്രക്ഷോഭം അടിച്ചമര്‍ത്തിയതില്‍ വീരസ്യം പ്രകടിപ്പിച്ചു. പ്രസിഡണ്ടിന്റെ തീരുമാനമില്ലാതെതന്നെ സ്വന്തം നിലയില്‍ എടുത്ത നടപടിയെ രാഷ്ട്രസംരക്ഷണത്തിനായിരുന്നുവെന്ന് വാഴ്ത്തി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അനീതി വിതച്ചാല്‍ നീതി മുളയ്ക്കുന്ന രീതിയില്‍ ചരിത്രം കുറ്റം വിധിക്കും എന്ന ലളിതപാഠം അധികാരം മത്തുപിടിച്ചവര്‍ ഉള്‍ക്കൊണ്ടില്ല. ചരിത്രം കുറ്റം വിധിക്കുകയായിരുന്നു, നീതി നടപ്പാക്കുകയായിരുന്നു. എക്‌സകേവേറ്ററോടിച്ച് ഓരോരോ മേലാപ്പീസര്‍മാരെയും നേരിട്ടുകണ്ട് അവരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കി. ഒരാള്‍ ബോധംകെട്ടുവീണു. വേറൊരാള്‍ ആത്മഹത്യ ചെയ്തു. ചരിത്രം പലരീതിയില്‍ ശിക്ഷ നടപ്പാക്കി. ജോണ്‍ ലെനന്‍ പ്രാഗിലെ ചുവരുകളില്‍ എഴുതിയ ആ വരികള്‍ ഓര്‍ത്തുപോകുന്നു:
ഒരുനാള്‍ അസ്ഥികള്‍ പൂക്കും, ശവക്കല്ലറകള്‍ പൂന്തോട്ടം പോലെ പൂത്തുലയും. മലയാളത്തില്‍ അങ്ങനെ പൂത്ത മനഃസാക്ഷിയുടെ പേരാണ് രാമചന്ദ്രന്‍ നായര്‍. ഒറിജിനാലിറ്റി വാദം നിരര്‍ത്ഥകമാവുന്ന രീതിയില്‍ രാമചന്ദ്രന്‍ നായരുട കൊറിയന്‍ പതിപ്പാവുകയാണ് കിം ഗാങ്…
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
