ഒരു കാടിപ്പൊഴും ജീവിച്ചിരിപ്പുണ്ട്
ഗൂസ്‌ബെറി ബുക്‌സ് പ്രസിദ്ധീകരിച്ച, സിന്ധു മാങ്ങണിയന്‍ എന്ന ആദിവാസി യുവതിയുടെ ജീവിതകഥയായ ‘ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങള്‍’ ക്ക് എഴുതിയ അവതാരിക
ലോകം ആദിവാസികളെ കാണുന്നതുപോലെയല്ല. ആദിവാസികള്‍ ലോകത്തെ കാണുന്നത്. ലോകം അഥവാ മുഖ്യധാര സംസ്‌കാരം അഗ്രികള്‍ച്ചറിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ്. ഗോത്രസംസ്‌കാരം ഇക്കോകള്‍ച്ചറിന്റേയും, ഇക്കോകള്‍ച്ചറിന്റെ ആ പിടിബലമാണ് ഗോത്രസംസ്‌കാരത്തെ ഇന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബോധപൂര്‍വ മല്ലാത്ത നാഭീനാളബന്ധമാണ് അതിന്റെ ചരട് അതുകൊണ്ടാണ് ആദിവാസികള്‍ മറ്റൊരു ലോകമായിരിക്കുന്നത്. വാസ്തവത്തില്‍ നാം അവരെ കാണുകയല്ല, വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. അതില്‍ എത്ര ശതമാനം കതിരുണ്ട്. പതിരുണ്ട് എന്നത് മറ്റൊരു കാര്യമാണ്.
ഇവിടെ ഒരു ആദിവാസി സ്ത്രീ അവരുടെ ജീവിതം പറയുകയാണ്. അവര്‍ അവരുടെ കണ്ണുകൊണ്ട് ലോകത്തെ വായിക്കുകയാണ്. നിങ്ങള്‍ കണ്ട ലോകമല്ല, ഞങ്ങള്‍ കണ്ട ലോകമെന്ന് പറയാതെ പറയുകയാണ്. ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങള്‍ എന്ന ഈ പുസ്തകം വായിക്കുന്നതുവരെ എനിക്കറിയുമായിരുന്നില്ല സിന്ധു മാങ്ങണിയന്‍ ആരാണെന്ന്. ഗോത്രഭാഷയില്‍ ശ്രദ്ധേയമായ കവിതകളെഴുതിയ ഒരാളുടെ പേരാണ് ഇതെന്ന് ഞാന്‍ ഓര്‍ത്തെടുത്തത് ഇതിലൂടെ കടന്നുപോയപ്പോഴാണ്.. മലയാളഭാഷയിലാണ് കവിതകള്‍ എഴുതി തുടങ്ങിയതെന്ന് സിന്ധു പറയുന്നു. പിന്നീടാണ് പണിയഭാഷയിലേക്ക് മാറിയത്. ഗോത്രകവിയായ സുകുമാരന്‍ ചാലിഗദ്ദയുടെ പ്രചോദനം കൊണ്ടാണ് ആ വഴിയിലേക്ക് തിരിഞ്ഞത്. ഗോത്രഭാഷയില്‍ എഴുതുമ്പോള്‍ അതിന് കൂടുതല്‍ ഭംഗിയും ആത്മാവുമുണ്ടെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.
‘നനെഞ്ച കയ്യെടുത്താണ്ടു ഇയാണെ
കൂട്ടിപ്പുടിക്കാതെ മയേ.. എനക്കുള
കുളിരിപുടിക്കിന്റോ….
(നനഞ്ഞ കയ്യോാണ്ടിങ്ങനെ കെട്ടിപ്പിടിക്കാതെ മഴേ.. എനിക്ക് കുളിരുന്നുണ്ട്.) അവരെഴുതിയ ഒരു കവിതയിലെ വരികളാണ്. മലയാളഭാഷയുമായി ആതയൊന്നും അകലത്തിലല്ല പണിയഭാഷയെന് ഈ വരികള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, ആ കാവ്യഭംഗി ആസ്വദിക്കാന്‍ മലയാളിക്ക് പ്രയാസവുമുണ്ടാവില്ല. ഒരുപക്ഷേ കാലാന്തരത്തില്‍ ആ ഭാഷയില്‍ സംഭവിച്ച വലിയ കലര്‍പ്പുകളാവാം ഈ നിലയില്‍ അതിനെ എത്തിച്ചത്. ഭൂമി ഋതുമതിയാവുന്ന കാലമാണ് ഉച്ചാല്‍ എന്നാണ് വടക്കന്‍ കേരളത്തിന്റെ പുരാവൃത്തം. പണിയരെ സംബന്ധിച്ച് അവര്‍ വിത്തിടുക മാത്രമല്ല, ജന്മികളുടെ വിത്താവുക കൂടിയായിരുന്നു. ഏതോകാലത്ത് ഇപ്പിമലയില്‍നിന്ന് ചെട്ടിമാര്‍ കെണിവെച്ച് പിടിച്ച ആദിമാതാപിതാക്കളായ ഉത്തപ്പന്റേയും ഉത്തമ്മയുടേയും അടിമജീവിതത്തിന്റെ തുടര്‍ച്ചയായിരുന്നു അവരുടേത്. അവര്‍ മനുഷ്യരായി ആത്മാഭിമാനത്തോടെ ജീവിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. അടിമജീവിതം ഭൗതികമായി ഇല്ലാതായിട്ട് കാലങ്ങളായെങ്കിലും മാനസികമായി അത് തുടരുക തന്നെയായിരുന്നു. അതില്‍ നിന്നുള്ള ഒരു കുതറലാണ് സിന്ധുവിന്റെ ജീവിതം. പുസ്തകത്തിന്റെ പേരുപോലെതന്നെ ഭൂമിയുടേയും ഹൃദയത്തിന്റേയും മിട്ിപ്പുകള്‍ സിന്ധുവിന്റെ ജീവിതത്തില്‍ സന്ധിക്കുന്നു.
വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള കോളിമൂല ഊരിലാണ് സിന്ധു ജനിച്ച് വളര്‍ന്നത്. കേരളത്തിലെ മുപ്പത്തിയേഴ് ആദിവാസിവിഭാഗങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പണിയവിഭാഗത്തിലെ ഒരംഗം. 2008-ല്‍ കേരള സര്‍ക്കാര്‍ നടത്തിയ പഠനമനുസരിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ആദിവാസി വിഭാഗമാണ് പണിയര്‍. ആദിവാസി ജനസംഖ്യയുടെ 21.77 ശതമാനം, അതായത് 92,787 പേരും പണിയരാണ്. ആകെ ആദിവാസി ജനസംഖ്യ 4,26,308 ആണ്. മഹാഭൂരിപക്ഷം പണിയരുടേയും അധിവാസകേന്ദ്രം വയനാട് ജില്ലയാണ്.
ഇത് സിന്ധുവിന്റെ അനുഭവങ്ങളുടേയും ഓര്‍മ്മകളുടേയും പുസ്തകമാണ്. ഒരേ കാലത്ത് രണ്ട് സംസ്‌കാരങ്ങള്‍ക്കിടയില്‍ യാത ചെയ്യേണ്ടിവന്ന ഒരു സ്ത്രീയുടെ സംഘര്‍ഷനിര്‍ഭരമായ ജീവിതം. അതില്‍ ഞണ്ടിനെ പൊത്തുകളില്‍ കൈയിട്ട് പിടിച്ചും മുയലിനെ കെണിവെച്ച് പിടിച്ചും പക്ഷികളെ എറിഞ്ഞു വീഴ്ത്തിയും നടത്തിയ നായാട്ട് ജീവിതത്തിന്റെ സ്മരണകളുണ്ട്. പലതരം കിഴങ്ങുകളേയും പഴങ്ങളേയും പച്ചമരുന്നുകളേയും കുറിച്ചുള്ള കാട്ടറിവുകളുണ്ട്. പണിയരുടെ വിചിത്രമായ ആചാര അനുഷ്ഠാനങ്ങളുണ്ട്. മരിച്ചിട്ടും മരിക്കാതെ മനുഷ്യജീവിതത്തില്‍ നിദാന്തമായി ഇടപെടുന്ന പ്രേതസങ്കല്പങ്ങളുണ്ട്. കുടുംബബന്ധങ്ങളുടെ ഉദിപ്പും കിതപ്പു മുണ്ട്. പഠനത്തിനും അതിജീവനത്തിനും വേണ്ടി സിന്ധു നടത്തിയ പോരാട്ടങ്ങളുണ്ട്. പ്രണയവും കലഹവുമുണ്ട്. മുഖ്യധാരാ സമൂഹത്തിന് പ്രിയവും അപ്രിയവും തോന്നുന്ന പല കാര്യങ്ങളുമുണ്ട്.
വയനാട്ടിലെ ആദിവാസി ജീവിതത്തെക്കുറിച്ച് കെ. പാനൂര്‍ എഴുതിയ കേരളത്തിലെ ആഫ്രിക്ക (1963) എന്ന പുസ്തകത്തില്‍ നിന്ന് ഒരു വാചകം ഇവിടെ ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ”ആദവാസികള്‍ക്ക് ബാഹ്യലോകത്തെക്കുറിച്ചുള്ള അജ്ഞതക്ക് സമമായുള്ളത് ബാഹ്യലോകത്തിന് ആദിവാസികളെക്കുറിച്ചുള്ള അജ്ഞത മാത്രമാണ്. പക്ഷെ നാം അവരുടെ അജ്ഞതയെപ്പറ്റി ഫലിതം പറയുകയും നമ്മുടെ അജ്ഞത ഭൂഷണമായി കരുതുകയും ചെയ്യുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷവും ഈ അജ്ഞത തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, ആദിവാസികള്‍ എഴുതുമ്പോള്‍ അവര്‍ അവരുടെ ജീവിതം രേഖപ്പെടുത്തുക മാത്രമല്ല വന്തവാസികളുടെ അജ്ഞത പരിഹരിക്കുക കൂടിയാണ്.
പണിയവിഭാഗത്തില്‍നിന്ന് ഒരാള്‍ അതും ഒരു സ്ത്രീ ഈ നിലയില്‍ എഴുത്ത് ജീവിതത്തിലെത്തുക എന്നത് വളരെ സന്തോഷകരമാണ്. എത്ര ജന്മങ്ങളുടെ ദൂരമാണ് അവര്‍ ഈ കാലംകൊണ്ട് നടന്ന് തീര്‍ത്തിട്ടുണ്ടാവുക. ഈ പുസ്തകം ഒരു ക്ഷണക്കത്താണ്. നാം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ജീവിത ങ്ങളിലേക്ക്, നമ്മുടെ പതിവ് കേള്‍വികള്‍ക്കും കാഴ്ചകള്‍ക്കും അപ്പുറത്തേക്ക്.. സിന്ധു എഴുതിയതുപോലെ
”എന്നോ മരിച്ചുപോയ
ഒരു ചിരിയുടെ അടയാളവും പേറി
ഒരു കാടിപ്പൊഴും ജീവിച്ചിരിപ്പുണ്ട്.
ഇടതുനെഞ്ചിലെ ഉവ്വാലുമാസങ്ങള്‍
സിന്ധു മാങ്ങണിയന്‍
വില – 200 രൂപ
ഗൂസ്‌ബെറി ബുക്‌സ് & പബ്ലിക്കേഷന്‍സ്
അമല നഗര്‍, തൃശൂര്‍ – 680555
info@goosebery.in
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in