കയ്ക്കുന്ന വെളിവുകള്‍
വയനാട് ദുരന്തം പ്രകൃതീജന്യമോ അതോ മനുഷ്യസൃഷ്ടമോ എന്ന ചോദ്യം കൊടുമ്പിരിക്കൊള്ളുന്ന ഈ സന്ദര്‍ഭത്തില്‍ 2020 ല്‍ സംഭവിച്ച ”പെട്ടിമുടി” ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെ.ജി.എസ്സെഴുതിയ ”കയ്പ്” എന്ന കവിതയും അതിനെപ്പറ്റി വിനോദ് ചന്ദ്രന്‍ എഴുതിയ കുറിപ്പും……
വയനാട്ടില്‍ ചൂരല്‍ മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുകള്‍ കൊണ്ടു വന്ന മഹാദുരന്തങ്ങള്‍ യാദൃഛികമല്ലെന്നും കേരളത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രകൃതീ ദുരന്ത പരമ്പരകളുടെ ഒരു ഭീകരമായ തുടര്‍ച്ചയാണെന്നും പുത്തുമല, കവളപ്പാറ, പെട്ടി മുടി തുടങ്ങിയ പ്രദേശങ്ങളില്‍ മുമ്പുണ്ടായ മലയിടിച്ചിലും ഉരുള്‍പൊട്ടലുകളും സൂചിപ്പിക്കുന്നു.
ഈ ദുരന്തം പ്രകൃതീജന്യമോ അതോ മനുഷ്യസൃഷ്ടമോ എന്ന ചോദ്യം കൊടുമ്പിരിക്കൊള്ളുന്ന ഈ സന്ദര്‍ഭത്തില്‍ 2020 ല്‍ സംഭവിച്ച ”പെട്ടിമുടി” ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെ.ജി.എസ്സെഴുതിയ ”കയ്പ്” എന്ന കവിതയും അതിനെപ്പറ്റി ഞാനെഴുതിയ കുറിപ്പും ഇവിടെ ചേര്‍ക്കുന്നു.
.
കയ്പ്
കെ.ജി.എസ്.
കയ്പാലിത്തിരി
പുരളാതില്ലൊരു നേരും, കണ്ണീ-
രില്ലാതില്ലൊരു കണ്ണും.
ഉറ്റവരെവിടെ?
ഊരെവിടെ? കാണാ-
തായത് സ്വര്‍ഗ്ഗം.
തേടാതെങ്ങനെ?
അടയാളങ്ങള്‍ മറഞ്ഞെന്നാലും?
ആശയിരുണ്ടെന്നാലും?
വരുമാരെങ്കിലുമെന്നൊരു നെഞ്ചില്‍
മിടിപ്പുണ്ടേലോ?
സന്നാഹങ്ങള്‍ പെരുക്കിയിറങ്ങി.
പലനാള്‍ മേലും കീഴും പരതി.
മുന്നും പിന്നും പരതി.
അടവും തുറവും പരതി.
ജെ സി ബി ത്തൊട്ടിലിലാടി
ഉറ്റവര്‍ ചിലരുണരാതെത്തി.
മേല്‍പ്പുര കീഴ്പുര പോയൊരു ജന്നല്‍
തല വിട്ട് തുറിച്ചൊരു കണ്ണായ്.
അത് കണ്ടതുമൊരു കാറ്റും
പരിചിതമല്ലാ ലോകം.
കിട്ടിയ കീറര്‍ത്ഥങ്ങള്‍
കയ്‌പേറും സൂചനകള്‍.
നാഗരികാര്‍ത്തികള്‍ പൊന്മുട്ടകള്‍
തേടിത്തോണ്ടിയ ഖനികള്‍
നാടിന്‍ കൂട്ട മൃതിക്കുഴിയായി.
ഭാവിയിലേക്ക് കുതിച്ച പദങ്ങള്‍
പ്രാചീനതയില്‍ ചിന്നിച്ചിതറി.
ഉയരത്തിനൊരുങ്ങിയതെല്ലാം
പാതാളത്തിലടങ്ങിയമര്‍ന്നു.
തേടാതെങ്ങനെ, എന്നാലും?
മണ്ണിന്നടിയില്‍, പാറയ്ക്കടിയില്‍,
ചേറ്റുകയത്തില്‍ താഴും വാക്കില്‍
എല്ലാറ്റിലുമുള്ള തുടക്കത്തില്‍
എവിടെയുമാഴുമൊടുക്കത്തില്‍
എല്ലാറ്റിലുമുള്ള കയത്തില്‍
കരിവെയിലെരിയും മൗനത്തില്‍
കൂനിയിരിക്കുന്നുണ്ടാവാം
കാണാതായ മുതിര്‍ന്നോര്‍.
മൃതിയിലുമൊരു കളിമൈതാനം
കണ്ട് കിടാങ്ങള്‍
കളിയാടുകയാവാമവിടെ.
തെരയാതെങ്ങനെ?
കൈവരുമെന്ത് തെരഞ്ഞാലും?
മണ്ണില്‍ത്താഴും രണ്ടോ മൂന്നോ
മുടിയിഴ വിരലിലിഴഞ്ഞാലായി.
തെരയാതെങ്ങനെ, എന്നാലും?
തീയെ തീയിലുരുക്കിയിരുന്നൂ വിജ്ഞര്‍
പ്രതിയെ പ്രതിയിലുരുക്കിയിരുന്നൂ പൊലീസ്;
തെളിയാന്‍ നിഴലില്ലാപ്പൊരുള്‍:
ഒച്ചയിലുയരും മൂകത നേരോ?
ചിരിയിലൊലിക്കും കണ്ണീര്‍ നേരോ?
വിരിയലില്‍ വിളയും കരിയല്‍ നേരോ ?
നേരോ, കുതികളിലുറയുമനങ്ങായ്ക?
അറിവേക്കാള്‍ അറിവില്ലായ്കകള്‍
വാഴും പുരമോ നമ്മുടെ പ്രജ്ഞ?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
2020 ആഗസ്റ്റ് 6 രാത്രി. ഇടുക്കി ജില്ലയിലെ രാജമലയില്‍ ഉരുള്‍പൊട്ടി. പെട്ടിമുടിഗ്രാമത്തിലെ ദളിതരായ തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ മലയിടിഞ്ഞ് മണ്ണിനടിയിലായി. കൊടും പേമാരിയില്‍, കൂരിരുട്ടില്‍, ഒരു ഗ്രാമമാകെ ഒലിച്ചു പോയി. ലോകം അതറിഞ്ഞത് പിറ്റേന്ന് രാവിലെ. വൈദ്യുതിയും വാര്‍ത്താവിനിമയങ്ങളും അറ്റു. റോഡും പാലവും ഒലിച്ചു പോയി. കൊടും മഴയും മൂടല്‍ മഞ്ഞും, വന്‍ പാറകളും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌ക്കരമാക്കി. 550 പേരടങ്ങിയ രക്ഷാസംഘം 19 ദിവസത്തോളം തിരച്ചില്‍ നടത്തി. തകര്‍ന്ന ലയങ്ങളില്‍ നിന്ന് 12 പേരെ മാത്രമേ രക്ഷിക്കുവാനായുള്ളു. അതില്‍ 6 പേര്‍ക്ക് സാരമായ പരുക്കേറ്റിരുന്നു. ആകെ 66 ജഡങ്ങള്‍ കണ്ടെത്തി. കണ്ടെത്താനാവാഞ്ഞ നാലു പേര്‍ മരിച്ചതായി പ്രഖ്യാപിച്ചു.
പെട്ടിമുടിയിലെ ഉരുള്‍പൊട്ടലാണ് ‘കയ്പി’ന്റെ സന്ദര്‍ഭം. ദുരന്തം കൊണ്ടുവന്ന കിടിലത്തെ ഉടലില്‍, ഉയിരില്‍, ചിന്തയില്‍, വാക്കില്‍, വംശപ്രജ്ഞയില്‍ ഉണങ്ങാത്ത മുറിപ്പാടായി, എന്നേക്കുമായി കൊത്തിവയ്ക്കുകയാണ് കവിത. വിരേചനമോ സാന്ത്വനമോ അരുളാതെ. ഒപ്പാരും മുറവിളിയും ഇല്ലാതെ. നേരവും നേരും, നോവും പൊരുളും, കണ്ണീരും ക്രോധവും, ചോദ്യവും മൗനവും വാറ്റി നീറ്റിയെടുത്ത ഒരു കടുംകയ്പ്പ് കഷായം അത് നമുക്ക് പകരുന്നു. നമ്മുടെ ഈച്ചയാര്‍ക്കുന്ന ശര്‍ക്കരഭാവുകത്വത്തിന് (എ. പ്രതാപന്‍, ”കെ.ജി.എസ് കവിതയില്‍ കുഴിച്ചെടുക്കുന്നത്-കയ്പിന്റെ ഒരു വായനാനുഭവം”, ”തകഴിയും മാന്ത്രികക്കുതിരയും”, 106), മധുരാതുരത്വത്തിന്, മറുമരുന്നായി.
കവിത ഒരു രക്ഷാപ്രവര്‍ത്തനം
മണ്ണിനടിയില്‍ ജീവനോടെ മറവ് ചെയ്യപ്പെട്ട ഉറ്റവരെയും ഊരിനെയും, തെരയുവാന്‍ ജെ.സി.ബിയ്‌ക്കൊപ്പം, മണ്ണു മാന്തികള്‍ക്കൊപ്പം, കവിതയുമുണ്ട്. രക്ഷാസംഘം തിരിച്ചു പോയാലും കവിതയുടെ തെരച്ചില്‍, അവസാനിക്കുന്നില്ല. നിര്‍ത്താതെ തുടരുന്ന രക്ഷാപ്രവര്‍ത്തനമാണ് കവിത. ‘അടയാളങ്ങള്‍ മറഞ്ഞു. ആശയിരുണ്ടു. കിട്ടുന്നതു കീറര്‍ഥങ്ങളും’ കയ്ക്കുന്ന സൂചനകളും മാത്രം. എങ്കിലും കവിതയുടെ രക്ഷാദൗത്യത്തിന് അറുതിയില്ല. ‘വരുമാരെങ്കിലുമെന്ന’ ജീവന്റെ മിടിപ്പിനായി പ്രതീക്ഷയോടെ കാതോര്‍ത്ത് കൊണ്ട് കവിതയുടെ രക്ഷായന്ത്രമുണ്ടാവും യുഗാന്ത്യത്തോളം. കാലത്തിന്റെ ഉരുള്‍പൊട്ടലുകളില്‍ മണ്മറഞ്ഞു പോയ ഉറ്റവരെ, ഊരുകളെ, ഭൂമിയിലെ പറുദീസകളെ, മറവിയുടെ ഗര്‍ത്തങ്ങളില്‍ പൂണ്ട് പോയ മഹാനാഗരികതകളെ, സംസ്‌കൃതികളെ, ജനപദങ്ങളെ, ജീവന്റെ തുടിപ്പുകളെ, മണ്‍ കൂനകള്‍ അടര്‍ത്തി മാറ്റി വീണ്ടെടുക്കുന്ന ഒരു രക്ഷായജ്ഞമാണ്, ജീവന്റെ ഉല്‍ഘനനമാണ്, കവിത.
ദുരന്തത്തിന്റെ നേര്‍വിചാരണ
ദുരന്തത്തെ നേരിടുന്നവന്, രക്ഷാപ്രവര്‍ത്തകന്, ഊര്‍ജ്ജവും ഓജസ്സും നല്‍കുന്ന ആരോഗ്യ പാനീയമാണ് ഈ തിക്തകം. ദുരന്തത്തില്‍ പൂണ്ടുപോയ ഉറ്റവരെയും ഊരിനെയും നെഞ്ചിന്റെ മിടിപ്പുകളെയും തേടല്‍ മാത്രമല്ല, നാഗരികമായ നമ്മുടെ നേരത്തിന്റെ നേരിനെ തിരയല്‍ കൂടിയാണ് കവിത. ഘനമൂകവും ശോകസാന്ദ്രവുമായ അന്തര്‍ശ്രുതിയില്‍ വിലാപവും വിമര്‍ശവും വിചാരണയും കെട്ട് പിണയുന്നു. ദുരന്തത്തിന്റെ നിദാനങ്ങളിലേക്ക് നീളുന്ന അന്തര്‍വിചാരണ.
നാഗരികാര്‍ത്തികള്‍ പൊന്മുട്ടകള്‍
തേടിത്തോണ്ടിയ ഖനികള്‍
നാടിന്‍ കൂട്ട മൃതിക്കുഴിയായി.
യാദൃഛികമായ ഒരു പ്രകൃതീ ദുരന്തമല്ല പെട്ടിമുടിയില്‍ സംഭവിച്ചത്. മനുഷ്യസൃഷ്ടമായ, ചരിത്രജന്യമായ ദുരന്തം. നാഗരികത തന്നെയാണ്, മാനവികത തന്നെയാണ്, ഇവിടെ പ്രതിക്കൂട്ടില്‍. നഗരസ്ഥരായ നമ്മുടെ ക്ഷണിക വിലാപങ്ങളില്‍, രോഷങ്ങളില്‍ നുരയുന്നത് കാപട്യവും വഞ്ചനയുമാണ് എന്ന കയ്ക്കുന്ന വെളിവില്‍ നിലവിളിയും, അട്ടഹാസവും പാതാളസ്ഥായിയിലേക്ക് വലിയുന്നു.
നാഗരികരുടെ അത്യാര്‍ത്തികള്‍ പൊന്‍മുട്ടകള്‍ക്കായി തോണ്ടിയ ഖനികളാണ് നാട്ടുകാര്‍ക്ക് കൂട്ടമൃതിക്കുഴി ഒരുക്കിയത്. ‘കള്ളിമാലി’, ‘കവളപ്പാറ’, ‘പൂത്തുമല’, ‘പെട്ടിമുടി’….ഈ ദുരന്ത പരമ്പരകള്‍ മനുഷ്യാസൂത്രിതമാണ്. നാഗരികതയുടെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട ദളിതരും ആദിവാസികളും ദരിദ്രരും തോട്ടപ്പണിക്കാരുമൊക്കെയടങ്ങിയ അപ്രധാനരും അര്‍ദ്ധ പൗരന്മാരുമായ കോളണി വാസികളാണ് ഇത്തരം ദുര്‍മൃതിയ്ക്ക് വിധിക്കപ്പെട്ടവര്‍. പ്രകൃതിയുടെ കുഴി തോണ്ടുന്ന നാഗരികദുരയുടെ ഇരകളാണിവര്‍. ‘വികസനാ’ര്‍ത്തിയുടെ ബലിയാടുകള്‍.
‘നാഗരികതയും’ ‘പുരോഗതി’യും പ്രതിക്കൂട്ടില്‍
ഈ ദുരന്തങ്ങള്‍ അപവാദങ്ങളല്ല. പ്രകൃതീ നിയമങ്ങളല്ല. ചരിത്ര നിയമങ്ങളാണ്. നാഗരിക ചരിത്രത്തെ അനിവാര്യമായും പിന്തുടരുന്ന, പുര്‍വ്വ നിര്‍ണ്ണീതമായ ദുരന്തങ്ങള്‍. പുരോഗതിയുടെ വിജയയജ്ഞത്തിനായുള്ള കൂട്ടക്കുരുതികള്‍. നാഗരികതയുടെ ദുരന്ത ഗാഥയും വിലാപവും വിചാരണയും ഈ നാലുവരികളില്‍ സംക്ഷിപ്തമാവുന്നു :
ഭാവിയിലേക്ക് കുതിച്ച പദങ്ങള്‍
പ്രാചീനതയില്‍ ചിന്നിച്ചിതറി.
ഉയരത്തിനൊരുങ്ങിയെതല്ലാം
പാതാളത്തിലടങ്ങിയമര്‍ന്നു.
പെട്ടിമുടിയ്ക്ക് മാത്രം ബാധകമായ ഒന്നല്ല ഈ ദുരന്ത തത്വം. ചരിത്ര ‘പുരോഗതി’യുടെ പൊതു നിയമമാണിത്.
നാഗരികതയുടെ നേരിന്ന് നേര്‍ക്ക് നേര്‍ നിന്ന് കൊണ്ട് ആ നേരിനെത്തന്നെ വിചാരണ ചെയ്യുകയാണ് തുടര്‍ന്നുള്ള ചോദ്യങ്ങള്‍. കാണപ്പെടുന്ന, പറയപ്പെടുന്ന, സത്യത്തിന് നേര്‍ വിപരീതമാണ് സത്യത്തിന്റെ സത്യം എന്ന വിരോധാഭാസവെളിവിലാണ് ഈ ‘നേര്‍’വിചാരണ എത്തിച്ചേരുന്നത്.
ഒച്ചയിലുയരും മൂകത നേരോ?
ചിരിയിലൊലിക്കും കണ്ണീര്‍ നേരോ?
വിരിയലില്‍ വിളയും കരിയല്‍ നേരോ?
നേരോ, കുതികളിലുറയുമനങ്ങായ്ക?
അറിവേക്കാള്‍ അറിവില്ലായ്കകള്‍
വാഴും പുരമോ നമ്മുടെ പ്രജ്ഞ?
‘ഒച്ചയല്ല, മൂകത’യാണ്, ‘ചിരിയല്ല, കണ്ണീരാ’ണ്, ‘വിരിയലല്ല’, ‘കരിയലാ’ണ്, ‘കുതി’കളല്ല അനങ്ങായ്കയാണ്, ‘അറിവല്ല’ ‘അറിവില്ലായ്മ’യാണ്’, മധുരമല്ല, മധുരം മായ്ച്ചു കളഞ്ഞ കയ്പാണ് നാഗരികമായ നമ്മുടെ നേരത്തിന്റെ നേര്, നേരിന്റെ രുചി എന്ന് കവിത. മനുഷ്യ പുരോഗതിയുടെ ‘വിരിയലുകളി’ലെല്ലാം തന്നെ ‘കരിയലാണ്’ വിളയുന്നത്. വികസനത്തിന്റെ കുതിപ്പുകളെന്ന് നാം കരുതുന്നതിലെല്ലാം ഉറയുന്നത് ‘അനങ്ങായ്ക’യും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അജ്ഞതകള്‍, അന്ധതകള്‍, ആര്‍ത്തികള്‍, അനീതികള്‍, അടക്കി വാഴുന്ന നഗരപ്രജ്ഞയുടെ അന്തര്‍വൈരുദ്ധ്യങ്ങളിലേക്ക്, നെറികേടിലേക്ക്, വിരല്‍ ചൂണ്ടുന്നു അഹിതകരമായ ഈ ചോദ്യങ്ങള്‍. അറിവിനെക്കാള്‍ അറിവില്ലായ്മകള്‍ വാഴുന്ന നഗരമാണ് നമ്മുടെ പ്രജ്ഞ എന്ന കയ്ക്കുന്ന പ്രബുദ്ധതയിലേക്കാണ് ഈ ചോദ്യപരമ്പരകള്‍ നമ്മെ നയിക്കുന്നത്. വികസനത്തിന്റെ പദ്ധതികള്‍ മരണപദ്ധതികളാകുന്ന ചരിത്രസന്ദര്‍ഭത്തില്‍, നാഗരികതയെയും അതിന്റെ വികസന പ്രത്യയശാസ്ത്രത്തെയും വിചാരണ ചെയ്യുന്നു ഈ ചോദ്യങ്ങള്‍. അങ്ങാടി ഭരിക്കുന്ന”മധുര’ത്തിന്റെ പ്രത്യയശാസ്ത്രത്തെ, ഭാവുകത്വത്തെ, രുചിയില്‍ നിന്ന്, ചിന്തയില്‍ നിന്ന് തുരത്തുന്നു കയ്പിന്റെ ഈ എതിര്‍ഭാവുകത്വം. സത്യത്തിന്റെ എതിര്‍ രുചി. നാഗരികതയുടെ അന്തര്‍വ്യാധി മാറ്റാന്‍ കവിത കാച്ചിയെടുത്ത തിക്തകം . ”മഹാരോഗ്യ” (നീത്‌ചെ)ത്തിന്റെ സിദ്ധൗഷധം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in