ലൈംഗികത്തൊഴിലാളിയായ സുഗന്ധിയും സാബുവിന്റെ കോമാളിച്ചിരിയും
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികത നിരുപാധികമായ ആനന്ദം പങ്കിടല്‍ കൂടിയാണ്. എന്നാല്‍ പുരുഷന് അത് ഒരു യുദ്ധത്തിന് തയ്യാറെടുക്കുന്നതു പോലുള്ള ഒന്നാണ് . പുരുഷന്മാരുടെ ഇത്തരം ചേഷ്ടകള്‍ പല കഥാപാത്രങ്ങളിലൂടേയും ഭാരതപുഴയില്‍ ആവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ കീഴടക്കപ്പെടേണ്ടവരാണെന്ന ആണ്‍കോയ്മ വിചാരങ്ങളില്‍ നിന്നാണ് ഇത്തരം ധാരണകള്‍ ഉരുവം കൊള്ളുന്നതെന്ന് ഈ ചലചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. സുഗന്ധി ഓട്ടുകമ്പനിയില്‍ വെച്ചുനടന്ന തന്റെ ആദ്യപീഢനകഥ സാബുവിനോട് പറയുമ്പോള്‍ ദൃശ്യതലത്തില്‍ പുരുഷത്വത്തിന്റെ പ്രതീകമെന്ന നിലയില്‍ ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന പുകക്കുഴലിന്റെ ഇമേജ് ഉയര്‍ന്നുവരുന്നതിനു കാരണം അതാണ്.
പെണ്ണിനെ വെറും ഉടലായോ ഉപഭോഗവസ്തുവായോ ആണ് പുരുഷാധിപത്യ സമൂഹം അടയാളപ്പെടുത്തുന്നത്. ഒരു ലൈംഗിക തൊഴിലാളിയാണെങ്കില്‍ പിന്നെ പറയാനുമില്ല. അവള്‍ വില കൊടുത്ത വാങ്ങാവുന്ന മാംസപിണ്ഡമോ വെറും ലൈംഗികോപകരണമോ ആകുന്നു. ആണാധികാര സമൂഹത്തിന്റെ ധാര്‍ഷ്ട്യങ്ങളുടേയും ഹൃദയ ശൂന്യമായ കാപട്യങ്ങളുടേയും അതിലുപരി സ്ത്രീയുടെ വികാര-വിചാരങ്ങളുടേയും ശരീരകാമനകളുടേയും സ്വതന്ത്ര വാഞ്ചയുടെയുമൊക്കെ അനുഭവ ലോകത്തെ സരളമായും ദൃശ്യചാരുതയോടെയും ആവിഷ്‌ക്കരിക്കുന്ന ചലചിത്രമാണ് മണിലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഭാരതപുഴ .
ലൈംഗിക തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് നിരവധിയായ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അവ മിക്കവാറും പുരുഷന്റെ അധീശത്വത്തേയും സ്ത്രീയുടെ വിധേയത്വത്തേയും ആഘോഷിക്കുന്ന സിനിമകളായിരുന്നു. വ്യക്തി സ്വത്വമുള്ളവരായി സ്ത്രീകള്‍ അതില്‍ ചിത്രീകരിക്കപ്പെടാറില്ല. പലപ്പോഴും പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെയായിരുന്നു അവയിലെ സ്ത്രീ അഭിമുഖീകരണം.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികത നിരുപാധികമായ ആനന്ദം പങ്കിടല്‍ കൂടിയാണ്. എന്നാല്‍ പുരുഷന് അത് ഒരു യുദ്ധത്തിന് തയ്യാറെടുക്കുന്നതു പോലുള്ള ഒന്നാണ് . പുരുഷന്മാരുടെ ഇത്തരം ചേഷ്ടകള്‍ പല കഥാപാത്രങ്ങളിലൂടേയും ഭാരതപുഴയില്‍ ആവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ കീഴടക്കപ്പെടേണ്ടവരാണെന്ന ആണ്‍കോയ്മ വിചാരങ്ങളില്‍ നിന്നാണ് ഇത്തരം ധാരണകള്‍ ഉരുവം കൊള്ളുന്നതെന്ന് ഈ ചലചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.
പുരുഷകേന്ദ്രീത സമൂഹങ്ങളിലെല്ലാം ലൈംഗിക തൊഴിലാളികളുണ്ടായിരുന്നു. സംഘകാലത്തും അത് നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ആ സമൂഹങ്ങളിലെല്ലാം അവര്‍ സ്വാതന്ത്ര്യത്തോടെ ജീവിച്ചതായും മനസ്സിലാക്കാനാവും .ആധുനിക സമൂഹത്തിലേക്ക് വരുമ്പോള്‍ അതെല്ലാം ഗോപ്യമായും സദാചാര വിലക്കുകള്‍ക്കുള്ളിലും അനുഷ്ഠിക്കേണ്ട പ്രവൃത്തിയായി മാറുന്നു. ഇത് ഒരു സമൂഹം കപട സദാചാര സമൂഹമായി മാറിയിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കൂടിയാകുന്നു . പലപ്പോഴും ലൈംഗിക തൊഴിലിലേക്ക് സ്ത്രീകള്‍ വരുന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലാണ്. എന്നാല്‍ പൊതുസമൂഹം അവരെ ബഹിഷ്‌കൃതരാക്കുകയും സദാചാര പോലീസിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സിജി പ്രദീപ് അവതരിപ്പിക്കുന്ന സുഗന്ധിയിലൂടെയാണ് ഭാരത പുഴ ആഖ്യാനം ചെയ്യപ്പെടുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ലൈംഗിക തൊഴിലിലേക്ക് എടുത്തെറിയപ്പെട്ടവളാണ് സുഗന്ധി. നിസ്സഹായവും പീഡിതവുമായ ബാല്യമായിരുന്നു അവളുടേത്. നിലനില്‍പ്പിന് വേണ്ടി അവള്‍ ഓട്ടുകമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. അവിടെ വെച്ചാണ് അവള്‍ ആദ്യമായി പീഢനത്തിനിരയാകുന്നത്. സുഗന്ധി തന്റെ ആദ്യപീഢനകഥ സാബുവിനോട് പറയുമ്പോള്‍ ദൃശ്യതലത്തില്‍ തെളിഞ്ഞു വരുന്നത് പുരുഷത്വത്തിന്റെ പ്രതീകമെന്ന നിലയില്‍ ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന പുകക്കുഴലിന്റെ ഇമേജാണ്. പുരുഷന്‍ എപ്പോഴും ഉദ്ധതനാണ്. അവന്റെ ദ്വജവീര്യം ആകാശത്തോളമുയരുന്ന പുകക്കുഴലായി ഭീതി പടര്‍ത്തുന്നു.
കേന്ദ്ര കഥാപാത്രമായ സുഗന്ധിയുടെ നിഴലോ സാരഥിയോ ആണ് സാബു എന്ന കഥാപാത്രവും അയാളുടെ ഒട്ടോറിക്ഷയും. സുഗന്ധിക്കെപ്പോഴും അല്‍പമൊരാശ്വാസമാകുന്നത് സാബുവിന്റെ സാന്നിദ്ധ്യമാണ്. പക്ഷെ അയാള്‍ മുഴുക്കുടിയനും ഉത്തരവാദിത്വ രഹിതനുമാണ്. അയാളുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യയുടെ ദൃശ്യങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവള്‍ അടുക്കളയിലെ ഒരു ഉപകരണം മാത്രമാകുന്നു. മീന്‍ നന്നാക്കുന്നതിന്റെ ആവര്‍ത്തിച്ചുവരുന്ന ദൃശ്യം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാബുവിനോട് സുഗന്ധിക്കടുപ്പം തോന്നുന്നുണ്ട്. അയാളൊടൊപ്പം ജീവിക്കാനാവുമെങ്കില്‍ സ്വാതന്ത്ര്യത്തേടെ ജീവിക്കാമെന്നവള്‍ കരുതുന്നു. എന്നാല്‍ അയാള്‍ ജാഡ്യത്തില്‍ നിന്ന് ഒരിക്കലും ഉണരുന്നതേയില്ല . അതവള്‍ മനസ്സിലാക്കുന്നുമുണ്ട് . അവളുടെ വാലായി എപ്പോഴും കൂടെയുള്ളതുകൊണ്ട് സമൂഹത്തില്‍ നിന്നും സാബുവിന് പരിഹാസം ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട് . അതുകൊണ്ടുതന്നെ അയാളുടെ കോമാളിച്ചിരി കാപട സദാചാര സമൂഹത്തിന് നേരെയുള്ള കറുത്ത ചിരിയായി മാറുന്നു.
സുഗന്ധിയെ നിരവധി പുരുഷന്മാര്‍ പ്രാപിക്കുന്നുണ്ട്. അവര്‍ക്കൊന്നും അവളുടെ പേരൊ ഊരോ ഒന്നും അറിയേണ്ടതില്ല. അവള്‍ക്കത് പറയേണ്ടിവരുന്നുമില്ല. ശരീരിക വിതാനത്തിനപ്പുറം ലൈംഗിക തൊഴിലാളികളെ പുരുഷന്മാര്‍ കണക്കിലെടുക്കാറില്ല . പുരുഷന്മാര്‍ക്ക് പകലില്‍ അവര്‍ നിഷിദ്ധവും രാത്രിയില്‍ മാത്രം സ്വീകര്യരുമാണ്. പുരുഷന്മാരുടെ ഇത്തരം കാപട്യവും അവരാടുന്ന സദാചാര നാടകവുമൊക്കെ സുഗന്ധിയെ അസ്വസ്ഥമാക്കുന്നുണ്ട്. ഇത് കേരളീയ കുടുംബ – സദാചാര ജീവിതത്തിലേക്കുള്ള ഒരെത്തി നോട്ടമായി മാറുന്നുണ്ട് .
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുരുഷലോകം പരിമിതപ്പെടുത്തിയ ലോകത്തിലൂടെ സ്വതന്ത്രയായി ഒഴുകാന്‍ സുഗന്ധി ശ്രമിക്കുന്നുണ്ട്. സാബു മദ്യപിച്ച് ബോധരഹിതനാകുന്ന സന്ദര്‍ഭത്തിലൊക്കെ സ്വയം ഒട്ടോ ഒടിച്ച് ലക്ഷ്യത്തിലെത്തുന്നുണ്ട് അവള്‍. എങ്കിലും ശൂന്യമായ പള്ളിപ്പറമ്പുകളിലും പാറക്കെട്ടുകളിലും അങ്ങനെ ഇരുണ്ട വഴികളിലൂടെ മാത്രമാണ് അവള്‍ക്ക് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനാവുന്നത്. ഇതിനിടയില്‍ ഒരേ തൊഴില്‍ ചെയ്യുന്ന അവളുടെ കൂട്ടുകാരി ആത്മഹത്യ ചെയ്യുന്നു. അവള്‍ക്ക് ഒരാലംബവും ഇല്ലാതാകുന്നു. ഏകാകിതാ യാത്രകളുടെ ഒരോ അന്ത്യത്തിലും ശൂന്യജീവിതത്തിന്റെ ആഴങ്ങളെ അവള്‍ ഭീതിയോടെ തിരിച്ചറിയുന്നു. ആണ്‍കോയ്മയുടെ ഹീന പ്രതീകവും ഒരിക്കല്‍ തന്റെ ഭര്‍ത്താവുമായിരുന്നയാള്‍ അവളുടെ പേടിസ്വപ്നമായി മാറുന്നു. തന്റെ വഴികള്‍ ശരിയായിരുന്നോ എന്നവള്‍ ആലോചിക്കുന്നുണ്ട്. അവള്‍ പള്ളിയിലെ കുമ്പസാര കൂട്ടിലെത്തുന്നു. സദാചാരം നിന്നിലൂടെ മാത്രം സംരക്ഷിക്കപ്പെടേണ്ടതല്ലെന്നും വീണ്ടും വീണ്ടും തെറ്റാവര്‍ത്തിക്കാന്‍ വേണ്ടി മാത്രം വ്യഖ്യാനിക്കപ്പെട്ടതാണ് മതത്തിന്റെ കുമ്പസാര പ്രകടനങ്ങളെന്ന് പുരോഹിതനിലൂടെ അവള്‍ മനസ്സിലാക്കുന്നു. ഇവിടെ മതങ്ങളുടെ പൊള്ളത്തരങ്ങളാണ് മണിലാല്‍ വ്യക്തമാക്കുന്നത്.
സാമൂഹ്യ വിമര്‍ശനത്തിന്റേതായ അനുരണങ്ങള്‍ പലയിടത്തും ഈ ചലചിത്രത്തില്‍ നമുക്ക് കാണാവും. പള്ളിപ്പറമ്പിലെ പ്രേതങ്ങളെക്കുറിച്ച് പറയുമ്പോള്‍ പ്രേതങ്ങള്‍ക്ക് ഞങ്ങപ്പോലെ ജാതിയും മതവുമൊന്നും ഇല്ലെന്ന് സുഗന്ധി പറയുന്നുണ്ട്. അതുപോലെ മലകള്‍ ഇനി എത്ര കാലമുണ്ടാകുമെന്നതും അടിയില്‍ നിന്ന് അത് തുരന്നു തുടങ്ങിയിട്ടുണ്ടെന്നും സാബു പറയുന്നുണ്ടു്. ജീവിതാനുഭവം നല്‍കുന്ന വേദനയും വ്യര്‍ത്ഥതയും അവളെ മഹായാനത്തിലേക്ക് നയിക്കുന്നു. ചലചിത്രത്തിന്റെ അന്ത്യത്തില്‍ നഗരരാവില്‍ സ്വയം ഒട്ടോ ഒടിച്ച് സ്വാതന്ത്ര്യം കൊണ്ടാടുന്നതുപോലുള്ള ദൃശ്യങ്ങള്‍ അതാണ് അനുഭവവേദ്യമാക്കുന്നത്. വൈകാരികമുഹൂര്‍ത്തങ്ങളൊന്നും ഈ ചലചിത്രത്തിലില്ല. അതേസമയം ഒരു ചിത്രമെഴുത്തിലേതുപോലെ തോന്നുന്ന നഗരദൃശ്യം പോലുള്ള ഫ്രെയിമുകള്‍ ഇതിലുണ്ട്. ഒരര്‍ത്ഥത്തില്‍ സൗന്ദര്യാത്മകമായ ദൃശ്യങ്ങളും സുന്ദരമായ സംഗീത ശകലങ്ങളും കോര്‍ത്തിണക്കി ചലചിത്രത്തെ ഭാവാത്മകമാക്കാനുള്ള ഒരു ശ്രമമാണ് ഭാരതപുഴയില്‍ മണിലാല്‍ നടത്തുന്നത്.
ജോമോന്‍ ക്യാമറയും വിനു ജോയി എസിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ഭാരതപ്പുഴയില്‍ സിജി പ്രദീപ്, ഇര്‍ഷാദ്, ശ്രീജിത് രവി എം.ജി ശശി, ദിനേശ് ഏങ്ങൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ഗാന രചനയും സുനില്‍കുമാര്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in