ആമുഖമില്ലാത്ത ജീവിതങ്ങള്‍ ജനനത്തെ പ്രശ്‌നവല്‍ക്കരിക്കുമ്പോള്‍
സനല്‍ ഹരിദാസിന്റെ ‘സബാള്‍ടേണ്‍ ഡയറി’ എന്ന ലേഖന സമാഹാരത്തിന് എഴുതിയ പഠനം.
നമ്മുടെ ഭാഷയും സാഹിത്യവും മാറുന്നത് നമ്മുടെ തിരിച്ചറിവിനനുസരിച്ചാണ്. ഭാഷയിലും സാഹിത്യത്തിലും പുതിയ പദങ്ങളും രൂപകങ്ങളും കടന്നുവരുന്നത് നമ്മെ സ്വയം നവീകരിച്ചുകൊണ്ടാണ്. ‘സബാള്‍ടേണ്‍’ എന്ന പ്രയോഗം നാല് ദശകങ്ങള്‍ക്ക് മുമ്പ് മലയാളിക്ക് തികച്ചും അപരിചിതമായിരുന്നു. അന്റോണിയെ ഗ്രാംഷിയെ ഇവിടെ വായിക്കപ്പെട്ടത് വളരെ വൈകിയാണ്. എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മലയാളഭാഷ ആഗോളതലത്തിലുള്ള സൈദ്ധാന്തിക പരിസരം സ്വീകരിക്കാന്‍ തുടങ്ങിയ സന്ദര്‍മായിരുന്നു. അതിന് മുമ്പ് മാര്‍ക്‌സിനെപ്പോലും നേരിട്ടുള്ള പ്രയോഗത്തിന്റെ ലളിതവല്‍ക്കരിച്ച മണ്ഡലത്തില്‍ മാത്രമാണ് ഇവിടെ വായിക്കപ്പെട്ടത്. മലയാളഭാഷ താരതമ്യേന പ്രായം കുറഞ്ഞ ഭാഷയും സൈദ്ധാന്തികവും ദാര്‍ശനികവുമായ രചനകള്‍ മലയാളത്തില്‍ വിളവുമാണ്. ശ്രീനാരായണഗുരുവിലാണ് നമ്മുക്ക് മലയാള ഭാഷയുടെ കൃത്യവും വ്യക്തവുമായ ആവിഷ്‌കാരം കാണാന്‍ കഴിയുന്നത്. ഗുരുവിനെ സംബന്ധിച്ചിടത്തോളം ‘ജാതിനിര്‍മാര്‍ജനം’ എന്ന മുഖ്യ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ച ആഖ്യാനങ്ങളിലായിരുന്നു താല്‍പര്യം. ജാതിനിര്‍ണ്ണയത്തിന്റെ ആദ്യ ശ്‌ളോകം സംസ്‌കൃതത്തിലും അവശേഷിക്കുന്ന ശ്ലോകങ്ങള്‍ ശുദ്ധമലയാളത്തിലും രചിച്ചത് ശ്രദ്ധിച്ചാല്‍ ഗുരുവിന്റെ താല്‍പര്യം മനസ്സിലാവും. ‘ബ്രാഹ്മണര്‍ മുതലായ ജാതികളില്ലെന്ന’ ശ്ലോകമാണ് സംസ്‌കൃതത്തില്‍ എഴുതിയത്. കാരണം, തലശ്ശേരിയിലെ യാത്രയില്‍ സംസ്‌കതത്തില്‍ വാദിക്കാന്‍ വന്ന സംസ്‌കൃതപണ്ഡിതന്‍ മൂസ്സതിനെപ്പോലുള്ളവര്‍ക്ക് കൃത്യമായ ഒരു സന്ദേശം കൊടുക്കുക തന്നെയായിരുന്നു ഉദ്ദേശം. മേച്ഛഭാഷയില്‍ അഥവാ ലീലാതിലകകാ രന്റെ പ്രയോഗം സ്വീകരിച്ചാല്‍ ‘അപകൃഷ്ടഭാഷയില്‍’ പറയുന്നതിനാല്‍ ശ്രേഷ്ഠരായ പണ്ഡിതര്‍ വായിക്കാതെ പോകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ചുരുക്കം.
സനല്‍ ഒരു ലേഖനത്തില്‍ നിരീക്ഷിക്കുന്നത് പോലെ മലയാളസാഹിത്യം ബ്രോയിലര്‍ കോഴികളെപ്പോലെ വളര്‍ന്നിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കമ്പോളങ്ങളില്‍ ഒരുവശത്ത് ബ്രോയിലര്‍ കോഴികളും മറുവശത്ത് സാഹിത്യപുസ്തകങ്ങളും സുലഭവുമാണ്. അതേസമയം നമ്മുടെ എഴുത്തിലും വായനയിലും ഇന്നും സൈദ്ധാന്തികവും ദാര്‍ശനികവും ശാസ്ത്രസംബന്ധിയുമായ രചനകള്‍ വിരളമാണ്. മലയാളം ഒരു സാഹിത്യ കേന്ദ്രിത ആവാസവ്യവസ്ഥയാണോ എന്ന് സംശയിച്ചുപോകും വിധത്തിലാണ് സാഹിത്യരചനകളുടെ സുലഭത. ഒരിക്കലും ഇതൊരു കുറ്റമല്ല; എന്നാല്‍ സാഹിത്യത്തിനപ്പുറം നമ്മുടെ വായനയും എഴുത്തും വികസിക്കുന്നില്ലെങ്കില്‍ നമ്മുടെ ചിന്തയും വിമര്‍ശാത്മകചിന്തയും പരിമിതപ്പെടുമെന്ന യാഥാര്‍ത്ഥ്യവും കാണേണ്ടതുണ്ട്.
ഇവിടെ സനലിന്റെ സബാള്‍ടേണ്‍ ഡയറിയെ സംബന്ധിച്ച് പറയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ക്കാണ് മുന്‍ഗണന ലഭിക്കേണ്ടത്. ഒന്ന് ‘സബാള്‍ടേണ്‍’ അഥവാ ‘കീഴാളത്തം’ ; മറ്റൊന്ന് ജനനം എന്ന യാദൃശ്ചികത. ”സബാള്‍ടേണ്‍ എന്ന് ഗ്രാംഷി പ്രയോഗിച്ചത് സാമ്പത്തികമായി അടിച്ചമര്‍ത്തപ്പെട്ടവരെ മാത്രം ഉദ്ദേശിച്ചായിരുന്നില്ല. അതോടൊപ്പം വരേണ്യ ബുദ്ധിജീവികള്‍ പ്രാകൃതമോ, രോഗാതുരമോ ആയി കണക്കാക്കുന്ന വിഭാഗത്തെ ഉദ്ദേശിച്ചായിരുന്നു. ഇറ്റലിയിലെ മുസ്സോളിനിയുടെ തടവറയില്‍ ഇരുന്നുകൊണ്ട് സംസ്‌കാരത്തിലെ അധീശാധികാരവ്യവസ്ഥ സൃഷ്ടിച്ച കൊടുംക്രൂരതയെ ഗ്രാംഷി തിരിച്ചറിയുകയായിരുന്നു. ഇതെഴുതുമ്പോള്‍ ഞാനോര്‍ക്കുന്ന ഒരു സംഭവം രോഹിത് വെമുലയുടെ ആത്മഹത്യയില്‍ അനുശോചിച്ചുകൊണ്ട് എന്റെ ഒരു സുഹൃത്ത് കോഴിക്കോട് സര്‍വകലാശാലാക്യാമ്പസില്‍ വെച്ച് ആത്മഹത്യ ഒരു മാനസികപ്രശ്‌നമാണ് എന്ന നിലയില്‍ അവതരിച്ചതാണ്. വാസ്തവത്തില്‍ ഗ്രാംഷി പറയുന്ന ”Pathological’ എന്നതിന്റെ പരിഭാഷയാണ് ഇവിടെ മനോരോഗപരമായ ആത്മഹത്യ. പുരോഗമനപക്ഷത്തും മനുഷ്യപക്ഷത്തും നിലയുറപ്പിച്ച ബുദ്ധിജീവികള്‍ പോലും കീഴാളത്തത്തെ പ്രാകൃതവും രോഗാതുരവുമായി സമീപിക്കുന്നത് തീര്‍ച്ചയായും ഇന്നും ഒരു യാഥാര്‍ത്ഥ്യ മാണ്. ആത്മഹത്യയിലേക്ക് നയിക്കുന്ന സാംസ്‌കാരികമായ അന്യവല്‍കരണത്തെയോ, ആ പ്രക്രിയയില്‍ ഇന്ത്യയിലെ ജാതി മേധാവിത്തം വഹിക്കുന്ന പങ്കിനെയോ അര്‍ഹിക്കും വിധം സംബോധന ചെയ്യാതെ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളെ മാറ്റിവെക്കുന്ന രീതിശാസ്ത്രത്തെ ആദ്യമായി തകര്‍ക്കേണ്ടതുണ്ട്. ഇന്ത്യയുടെ ദലിത് ജീവിതത്തെ അവരുടെ ആന്തരികമായ മനോഘടനയിലേക്ക് ചുരുക്കുന്ന അചരിത്രപരവും (Ahistorical), സാമൂഹികശാസ്ത്രവിരുദ്ധപരവും, മാനവികതാവിരുദ്ധവുമായ മനോഘടന എന്തുകൊണ്ടാണ് ഗ്രാംഷി പറയുന്നത് പോലെ വരേണ്യ വിഭാഗം ഇപ്പോഴും സൂക്ഷിക്കുന്നതെന്ന ചോദ്യം നമ്മള്‍ വീണ്ടും വീണ്ടും ചോദിക്കേണ്ടതുണ്ട്. ദേവികമാരും രോഹിതമുലമാരും സൃഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ നമ്മുടെ ചോദ്യങ്ങള്‍ നമ്മെയും മറ്റുള്ളവരെയും തിരുത്താന്‍ ശക്തിപ്രാപിക്കേണ്ടതുണ്ട്.
ഇവിടെ സനല്‍ ഹരിദാസിന്റെ പുസ്തകത്തില്‍ ‘ജനനം എന്ന തെറ്റിനുള്ള ശിക്ഷയായി മാറുന്ന ജീവിതം’ എന്നത്, ‘കഫര്‍ണാം’ എന്ന ലെബനീസ് സിനിമയെ അധികരിച്ചാണ് എഴുതിയിട്ടുള്ളത്. വാസ്തവത്തില്‍ ‘സബാള്‍ട്ടണ്‍’ എന്ന ഗണവും ജനനവുമായി മൗലികബന്ധമുണ്ടെന്ന് കാണാം. വര്‍ഗപരമായും, വര്‍ണ്ണപരമായും, വംശീയമായി ആധിപത്യം പുലര്‍ത്തുന്ന വിഭാഗങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം മറ്റ് ചില വിഭാഗങ്ങളുടെ ജനനം ശിക്ഷലഭിക്കാവുന്ന കുറ്റമായി മാറുകയാണ്. പ്ലാറ്റോയുടെ ‘റിപബ്ലിക്കില്‍’ നീതിയെക്കുറിച്ചുള്ള സംവാദത്തില്‍ ഓരോ ദേശത്തും ഭരണകൂടമാണ് നീതിനിര്‍ണ്ണയിക്കുന്നതെന്നും ഭരണകുടത്തെ അനുസരിക്കാത്തവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതും സംവാദവിഷയമാകുന്നുണ്ട്. രണ്ടായിരത്തിനാനൂറോളം വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംവാദം അവതരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇന്നും നീതി എന്നാല്‍ ഭരണകൂടനിര്‍ണ്ണയമായി തുടരുകയാണ്. ആരാണ് ദേശഭക്തരെന്നും ആരാണ് ദേശവിരുദ്ധരെന്നും തീരുമാനിക്കുന്നത് ഇപ്പോഴും ഭരണകൂടങ്ങള്‍ തന്നെയാണ്. സോക്രട്ടീസിനെ വിഷം കൊടുക്കുകയും, യേശുവിനെ തൂക്കിലേറ്റുകയും, ചെഗുവേരയെ വെടിയുണ്ടക്കിരയാക്കുകയും ചെയ്ത അതേ ഭരണവര്‍ഗം തന്നെയാണ് ആനന്ദ് തെല്‍തുംദെയെപ്പോലെ ചിന്തിക്കുന്നവരെ തടവറയിലാക്കുന്നതും.
ഒരാള്‍ കീഴാളനായോ മേലാളനായോ ജനിച്ച് വീഴുന്നത്. അയാളുടെ തീരുമാനപ്രകാരമല്ല. കഫര്‍ണാം (Capernaum) എന്ന ലബനീസ് സിനിമയിലായാലും, കാട് പൂക്കുന്ന നേരം എന്ന മലയാളസിനിമയിലായാലും ജന്മം ഒരു ജനതയുടെ കഷ്ടതയുടെ അടിസ്ഥാനകാരണമാവുകയാണ്. ഇന്ത്യയില്‍ കീഴാളര്‍ക്കും ആദിവാസികള്‍ക്കും ജനനം തന്നെ ഒരു തരത്തിലുള്ള അപകടമോ വിനാശകാരണമോ ആയി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ? അവരിന്നും, എന്നും അവര്‍ക്ക് ജനനം കൊണ്ട് കിട്ടിയ അടയാളവുമായി സമൂഹത്തില്‍ വേദന സഹിച്ച് ജീവിക്കേണ്ടിവരുന്നതിനാലാണ്, രോഹിത് വെമുല ‘My birth is a fatal accident’ എന്ന് അവസാനമായെഴുതിയ ആത്മഹത്യാക്കുറിപ്പ് ജനാധിപത്യവാദികളുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവുണ്ടാക്കിയത്. അധികാരമാണ് ആധിപത്യമായി മാറുന്നത്. ആധിപത്യമാണ് നിയമങ്ങളായും അനുസരണമായും പരിവര്‍ത്തിക്കപ്പെടുന്നത്. മാതാപിതാക്കള്‍ക്കെതിരായി കേസ് കൊടുക്കുന്ന സെയിന്റെ ജീവിതകഥയിലൂടെ ഇന്ത്യയിലെയും ലോകത്തിലേയും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളോടുള്ള ഐക്യദാര്‍ഢ്യമാണ് സനല്‍ പ്രകാശിപ്പിക്കുന്നത്. ഷെനെയുടെ സ്വത്വരൂപീകരണത്തെ കുറിച്ച് പഠിച്ച ഴാങ് പോള്‍ സാര്‍ത്ര് ഷെനെയെ ഒരു പുണ്യവാളനായാണ് (Saint Genet) ചിത്രീകരിച്ചത്. കാരണം ഷെനെയെപ്പോലുള്ളവരെ കള്ളന്‍മാരോ ക്രിമിനലുകളോ ആക്കി മാറ്റുന്നവരാണ് ചരിത്രത്തിലുടനീളം മാന്യന്മാരായി വിലസുന്നത്. ജോര്‍ജ് ഫ്‌ലോയിഡിനെ ശ്വാസം മുട്ടിച്ചു പൊതുവഴിയില്‍ (Public Road) കൊലചെയ്തത് വെറും ഇരുപത് ഡോളറിന്റെ ബില്ല് അടക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ്. യത്ഥാര്‍ത്ഥത്തില്‍ കറുത്തവര്‍ഗക്കാരായ മനുഷ്യര്‍ എന്നും അനുഭവിക്കുന്നതാണ് ഇത്തരം പാതകങ്ങള്‍. 2014 ല്‍ ഇതേപോലെ, കറുത്ത വംശജനായ ‘എറിക് ഗാര്‍നര്‍’ (Eric Garner) വെള്ളക്കാരനായ പോലീസുദ്യോഗസ്ഥന്റെ കൈകളില്‍ ശ്വാസം മുട്ടി മരിക്കേണ്ടി വന്നിട്ടുണ്ട്. ചരിത്രത്തില്‍ സംഭവിക്കുന്ന ചില യാദൃഛികതകളുടെ സമാനതകളാവാം രണ്ടുപേരും. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പതിനൊന്നു തവണ വിളിച്ചു പറഞ്ഞിട്ടും നിഷ്ഠൂരതയില്‍ ചാലിച്ച വെറുപ്പിന് ശമനമുണ്ടായില്ല. (Counterpunch.org) എന്നാല്‍ ഇന്ത്യയില്‍ നിന്ന് വിഭിന്നമായി അമേരിക്കയിലെ പുരോഹിതന്മാര്‍ മുതല്‍ ജനാധിപത്യവാദികളായ വെളുത്തവര്‍ഗക്കാര്‍ വരെ നീതിയില്ലെങ്കില്‍ സമാധാനമുണ്ടാവില്ലെന്ന കറുത്തവര്‍ഗക്കാരുടെ പ്രതിഷേധത്തില്‍ കണ്ണിചേര്‍ന്നു. അവിടെയാണ് സനല്‍ യു.പി ജയരാജന്റെ കഥയില്‍ നിന്നും ഉദ്ധരിച്ചത് പോലെ ഇന്ത്യന്‍ ജനതയുടെ അനുസരണത്തിന്റെ ആഴങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടത്. ഇന്ത്യയിലെ ദലിതരും, ആദിവാസികളും, ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുമ്പോള്‍ ഇന്ത്യന്‍ മുഖ്യധാരയില്‍ അര്‍ഹിക്കും വിധത്തില്‍ ചലനങ്ങള്‍ ഉണ്ടാവാത്തതെന്തുകൊണ്ടാണ് ? ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകനും പിന്നീട് എഴുത്തുകാരനുമായ ഉദയപ്രകാശ്, ‘മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി’ ( The girl with the golden paraol ) എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. 2008 ല്‍ ആയിരുന്നു. മറ്റൊരു യാദൃച്ഛികത എന്ന് പറയാം, ഈ കഥയിലും അവഗണനകള്‍ സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്ന ഗിരിവര്‍ഗക്കാരനായ വിദ്യാര്‍ത്ഥിയെ ആണ് നമ്മള്‍ കാണുന്നത്. ഇത്തരത്തിലുള്ള രചനകളെയും രചയിതാക്കളെയും മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള സൂത്രശാലിത്വം (Winningness) ഇന്ത്യയിലെ വരേണ്യ ബുദ്ധിജീവി വര്‍ഗത്തിനുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് എത്ര ആത്മഹത്യകള്‍ നടന്നാലും എത്ര വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നാലും, എത്ര ആള്‍ക്കൂട്ട ദണ്ഡനങ്ങളും മരണങ്ങളും ഉണ്ടായാലും, ജനങ്ങള്‍ ബന്ധികളാക്കപ്പെടുകയോ രാജ്യഭ്രഷ്ടരാക്കപ്പെടുകയോ ചെയ്താലും നമ്മുടെ മുഖ്യധാര ചലിക്കാറില്ല. എങ്കിലും നമ്മുടെ പ്രാന്തങ്ങള്‍ ചലിച്ച് തുടങ്ങിയിട്ടുണ്ട്. കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ചുപൂട്ടിയപ്പോള്‍ പെരുവഴിയില്‍ ഉപേക്ഷിപ്പെട്ടവര്‍ ആരാണ്? ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ആധുനിക വിദ്യാഭ്യാസമോ, മുഖ്യധാരകളില്‍ പ്രവേശനമോ ലഭി ണ്‍ക്കാതെ പോയ, ജന്മംകൊണ്ട് തന്നെ കഷ്ടതയിലേക്ക് വലിച്ചെറിയപ്പെട്ടവര്‍. നമ്മള്‍, ഇന്ത്യയിലെ വരേണ്യ വര്‍ഗ്ഗം നിശ്ചിത അകലം പാലിച്ച്, മാസ്‌ക് ധരിച്ച് വീട്ടില്‍ സിസക്കിനെ വായിച്ചു കൊണ്ട്, നമ്മളെല്ലാം ഓരോ തോണിയിലാണെന്ന് വിശ്വസിച്ചും, വാദിച്ചും, കഴിയുമ്പോള്‍ അവര്‍ റോഡിലും റെയിലിലും തേഞ്ഞുമാഞ്ഞ കാലുകള്‍ക്ക് ബലം നഷ്ടപ്പെട്ടു മരിച്ചു വീഴുകയായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സെയ്‌നിന്റെ ജീവിതത്തില്‍ നിന്നും ഇന്ത്യയിലെ കീഴാളവും, ലിംഗപരവുമായ അടിമത്തത്തിലേക്ക് സഞ്ചരിക്കുന്ന സനലിന്റെ എഴുത്തുകള്‍ക്ക് ഇടപെടലിന്റെ സ്വഭാവമാണ് മുഴച്ചു നില്‍ക്കുന്നത്. ജനനത്തെ കുറിച്ച് എം. ലീലാവതി ടീച്ചര്‍ നടത്തുന്ന നിരീക്ഷണം, ഒരു വ്യക്തിയുടെ പരിമിതി എന്നതിലുപരി ഒരു വ്യവസ്ഥയെ മാറ്റമില്ലാതെ നിര്‍ത്തുന്ന അധീശാധികാരപ്രത്യയശാസ്ത്രത്തിന്റെ (Hegemony) പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആണധികാരവ്യവസ്ഥയിലാണ് സ്ത്രീജന്മം, ഒരബദ്ധമായി സ്ത്രീകള്‍ക്ക് സ്വയം തോന്നാനിടവരുന്നത്. ജാതിവ്യവസ്ഥ അടിത്തട്ടിലും മേല്‍ത്തട്ടിലും (Both Economy and superstructure) നിലനില്‍ക്കുന്നതിനാലാണ് കീഴാളജന്മം തങ്ങള്‍ക്ക് സംഭവിച്ച വലിയ അപകടമായി അനുഭവപ്പെടുന്നത്. സാമ്രാജ്യത്വ-കോര്‍പ്പറേറ്റ് ആധിപത്യം ലോകക്രമത്തെ നിയന്ത്രിക്കുന്നതിനാലാണ് പൗരത്വം നിഷേധിക്കപ്പെടുന്ന സെയിന്മാരും രക്ഷിതാക്കളും ഉണ്ടാവുന്നത്. ഈ അപകടങ്ങളില്‍ മിക്കതും മനുഷ്യനിര്‍മ്മിതവും ചൂഷണ കേന്ദ്രിതവുമായതിനാല്‍ നമ്മുക്ക് തിരിച്ചറിവ് കൊണ്ടും ചെറുത്ത് നില്‍പ്പ് കൊണ്ടും ചെറുക്കാനും ഇല്ലാതാക്കാനും കഴിയും. തീര്‍ച്ചയായും സനലിനെപ്പോലെ ഉയര്‍ന്നു വരുന്ന പുതിയ ബുദ്ധിജീവി വര്‍ഗം ഇന്ത്യന്‍ ജനാധിപത്യത്തെ അടിത്തട്ടില്‍ നിന്നും ശക്തിപ്പെടുത്താന്‍ നടത്തുന്ന ഇടപ്പെടലുകളായിരിക്കും ഭാവിയില്‍ പിറക്കാനിരിക്കുന്ന പുതിയ ഇന്ത്യയുടെ കരുത്ത്. ബഹുസ്വര ജനാധിപത്യത്തിനും കോര്‍പ്പറേറ്റ് മൂലധനാധിപത്യ വിരുദ്ധതക്കും ഊന്നല്‍ നല്‍കുന്ന ഒരു പുതിയ ഇന്ത്യക്ക് വേണ്ടി ജാതിറിപ്പബ്ലിക്കിന്റെ അടിത്തറ മാറ്റിപ്പണിയേണ്ടതുണ്ട്. യു.പി ജയരാജന്റെ കഥയില്‍ പറയുന്ന അനുസരണയുള്ള കുഞ്ഞാടുകള്‍ക്ക് പകരം ചെറുത്തു നില്‍ക്കുന്ന തലമുറയാണ് ഉയര്‍ന്നു വരേണ്ടത്. സ്വപ്നങ്ങള്‍ ബാക്കിയാക്കി കടന്നുപ്പോയ രോഹിത് വെമുലമാര്‍ നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് എവിടെയെല്ലാമോ അലയുന്നുണ്ടാവണം. ഴാക് ദറിദ നിരീക്ഷിച്ചത് പോലെ കാള്‍ മാര്‍ക്‌സിന്റെ പ്രേതം മാത്രമല്ല ഇന്ത്യയിലെ ഗ്രാമങ്ങളിലെ (ഗ്രാമങ്ങള്‍ എന്നല്ല പറയേണ്ടത് അരവിന്ദ് അഡിഗയുടെ നോവലില്‍ പറയുന്നത് പോലെ അന്ധകാരത്തില്‍ നിന്നെന്നാണ്) ഹോമിക്കപ്പെട്ട കീഴാളരുടെ ആത്മാക്കളും എവിടെയെല്ലാമോ നമ്മെ പിന്തുടരുന്നുണ്ടാവണം. Spectres are haunting, wake up.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in