ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദിശാമാറ്റം
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സു വിജയം ജനാധിപത്യവാദികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഒരു വേനല്‍ മഴപോലെ. ഭാരത് ജോഡോയാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ദിശാമാറ്റത്തിന്റെ സൂചനയാണെന്നും അതിന്റെ സംഭവത്വം രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ, ശക്തിനിലകളെ കീഴ്മേല്‍ മറിക്കുന്നുവെന്നും ഞാന്‍ മുമ്പെഴുതുകയുണ്ടായി. തെരഞ്ഞെടുപ്പു ഫലം ഈ വാദങ്ങളെ ബലപ്പെടുത്തുന്നതായി തോന്നുന്നു.
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒരു ഫാസിസ്റ്റ്, കോര്‍പറേറ്റ് ഭരണവ്യവസ്ഥയ്ക്കുള്ളില്‍ അതിനെതിരേ ജനസമ്മതിയിലുടെ അധികാരത്തില്‍ വരാന്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം സാധ്യമാണ് എന്ന കാഴ്ചപ്പാടിനു പിന്‍ബലം നല്‍കുന്നു ഈ വിജയങ്ങള്‍. അധികാരികളുടെ ഹിതങ്ങള്‍ ജനഹിതങ്ങളായി പരിഭാഷപ്പെടുന്ന ഇലക്ടൊറല്‍ സമ്പ്രദായത്തിലും നൈതികമായ ഒരു രാഷ്ട്രീയത്തിനു ജനസമ്മതി നേടാനാവും എന്നല്ലേ കര്‍ണ്ണാടകം തെളിയിക്കുന്നത്? എന്നാല്‍ മറ്റൊരാശങ്ക അവിടെ ഉയര്‍ന്നു വരുന്നു: തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നയങ്ങളില്‍, ആശയങ്ങളില്‍, ചാഞ്ചല്യമുണ്ടാക്കുമോ? ഫാസിസ്റ്റുകളുടെ രാഷ്ട്രീയ ശൈലികള്‍, ഹിംസാപ്രവണതകള്‍, വികസന തീവ്രവാദം, കോര്‍പ്പറേറ്റു ആഭിമുഖ്യം, അഴിമതിവാസനകള്‍ ഇതില്‍ നിന്നെല്ലാം മുക്തമായ ഒരു ബദല്‍ രാഷ്ട്രീയധാരയായി മാറുവാന്‍ കഴിയുമോ?
1 ഭാരത് ജോഡോ യാത്രയുടെ രാഷ്ട്രീയം
ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുദിശമാറ്റം സൃഷ്ടിച്ചു എന്ന വസ്തുത ആരും നിഷേധിക്കില്ല. എന്നാല്‍ ഈ മാറ്റത്തിന്റെ ദിശയും വ്യാപ്തിയും എന്താണെന്ന കാര്യത്തിലാണ് വിയോജിപ്പുണ്ടാവുക. ഭാരത് ജോഡൊ എന്ന സംഭവവും അതിന്റെ പ്രത്യാഘാതങ്ങളായി വന്ന സംഭവപരമ്പരകളും ഒരു പുതിയ രാഷ്ട്രീയത്തിന്റെ വരവറിയിക്കുന്നു എന്നാണെന്റെ വിലയിരുത്തല്‍. നൈതികതയിലൂന്നി നില്‍ക്കുന്ന, സത്യത്തെ ഗ്രഹിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ വരവ്. No one can deny the fact that the Bharat Jodo Yatra created a paradigm shift in Indian politics. But there is disagreement over the direction and extent of this change. In my opinion, the Bharat Jodo incident and the series of events that resulted from it herald the arrival of a new politics. The arrival of a politics based on ethics and grasping the truth.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ വിജയത്തിലേക്കു നയിച്ച ഏറ്റവും പ്രധാനഘടകം നൈതികമായ ഈ ഉന്മുഖതയാണെന്നു ഞാന്‍ കരുതുന്നു. എന്നാല്‍ അധികാരപ്രാപ്തിയും ഭരണകൂടാധികാരങ്ങളും നൈതികമായ ഈ ദിശാബോധത്തെ തകര്‍ക്കുമോ എന്ന ശങ്ക അസ്ഥാനത്തല്ല. നേതൃ കേന്ദ്രിതമല്ലാത്ത ജനകേന്ദ്രിതമായ ഒരു തീക്ഷ്ണജനാധിപത്യപ്രവര്‍ത്തനത്തിലേക്ക് നൈതികമായ ഈ രാഷ്ട്രീയ ധാര ഇനിയും വിപുലപ്പെടേണ്ടതുണ്ട്. ആശയപരവും, മൂല്യപരവുമായ ഒരു ജാഗ്രത അണയാതെ കത്തേണ്ടതുണ്ട്. അത് കൊണ്ടുതന്നെ നൈതികമായ ഈ നവരാഷ്ട്രീയത്തിന്റെ ‘സംഭവമാനത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഈ സംഭവത്തോട് വിശ്വസ്തവും പ്രതിജ്ഞാബദ്ധവുമായ നൈതിക കര്‍തൃത്വങ്ങള്‍ക്കു മാത്രമേ ഈ വ്യതിര്‍ രാഷ്ട്രീയത്തിനു ഇനിയങ്ങോട്ട് ദിശാബോധം നല്‍കുവാനാകൂ.
ഭാരത് ജോഡോയാത്രയുടെ സംഭവമാനമെന്താണ്? നൈതികമായ ഒരു രാഷ്ട്രീയത്തിലേക്കുള്ള ദിശാമാറ്റം.മൂല്യങ്ങളുടെയും ഭാവശക്തികളുടെയും മേഖലകളിലേക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തെ തിരിച്ചുവിടല്‍. രാഷ്ട്രീയത്തിന്റെ പുനര്‍മൂല്യവല്‍ക്കരണം. ജനാധിപത്യത്തിന്റെ ഉറവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടനം. ഹിന്ദുത്വ ഫാസിസം നൂറായി വിഭജിച്ച ഒരു ജനതയെ ഒന്നിപ്പിക്കല്‍. ഭാരതത്തിന്റെ ജനതയായിത്തീരല്‍. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടു നേരിടല്‍. ജനങ്ങളിലേക്ക് സംവാദപാതകള്‍ വെട്ടിത്തുറക്കല്‍.
ജനാധിപത്യത്തിന്റെ എല്ലാവഴികളും അടഞ്ഞനേരം. ഭാരത് ജോഡോ യാത്ര ഇന്ത്യയില്‍ ഒരു പുതിയ വഴി തുറന്നു. ഒന്നുകില്‍ തുറുങ്ക്, അല്ലെങ്കില്‍ ഒത്തുതീര്‍പ്പ്, ഇതായിരുന്നു രാഹുല്‍ ഗാന്ധിയ്ക്കു മുമ്പിലുള്ള പോംവഴികള്‍. എന്നാല്‍ രാഹുല്‍ സ്വീകരിച്ചത് മൂന്നാമതൊരു വഴിയാണ്. ജനാധിപത്യത്തില്‍ പരമാധികാരികളായ ജനങ്ങളെത്തന്നെ അഭയം പ്രാപിക്കുക. ജനമദ്ധ്യത്തിലൂടെ നടക്കുക. ജനങ്ങളില്‍ നിന്ന് ശക്തിയാര്‍ജ്ജിക്കുക. ജനങ്ങളെ കേള്‍ക്കുക. ജനങ്ങളുടെ സ്‌നേഹവും സാമിപ്യവുമാണ് പോലീസിനെക്കാള്‍ സൈന്യത്തെക്കാള്‍ വലിയ സുരക്ഷ എന്ന ജനാധിപത്യ സത്യത്തില്‍ വിശ്വാസമര്‍പ്പിക്കുക. ജനാനുമതിയിലൂടെ ഒരു ബദല്‍ രാഷ്ട്രീയത്തിനു തുടക്കം കുറിക്കുക.
ജനാധിപത്യത്തിന്റെ സ്ഥാപക നേരങ്ങളെയാണ് (foundational time)ഇത് ഓര്‍മ്മിപ്പിക്കുന്നത്. ജനായത്തത്തിന്റെ ആവിര്‍ഭാവത്തിലും അതിന്റെ എല്ലാ നിര്‍ണ്ണായക തിരിവുകളിലും ജനങ്ങള്‍ തീരുമാനമെടുക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ കാണാം. ഇന്ത്യന്‍ ജനാധിപത്യത്തെ അതിന്റെ സ്ഥാപക നേരങ്ങളിലേക്ക് കൊണ്ടു പോവുകയാണ് ഭാരത് ജോഡോ യാത്ര. ജനാധിപത്യത്തിന്റെ ആദി നേരങ്ങളിലേക്ക്. സ്ഥാപിതകര്‍തൃത്വത്തില്‍ നിന്ന് (constituted) സ്ഥാപക കര്‍തൃത്വങ്ങളായി (constituent) ജനങ്ങള്‍ സ്വയം രൂപപ്പെടുത്തുന്ന നേരം. ഭാരത് ജോഡോയാത്ര വീണ്ടെടുക്കുന്നത് ഈ സ്ഥാപക നേരത്തെയാണ്.
ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി പുതുക്കി. നൈതികമായ ഒരു രാഷ്ട്രീയത്തിന്റെയും നൈതികകര്‍തൃത്വത്തിന്റെയും പിറവി കുറിച്ചു. യാത്ര അങ്ങനെ ഇന്ത്യാചരിത്രത്തിലെ ഒരു ”സംഭവ”മായി. ഒരു നൈതിക രാഷ്ട്രീയ സംഭവം. അതിന്റെ പ്രവാഹച്ചുഴിയിലൂടെ കടന്നു പോയ യാത്രികര്‍ ഓരോരുത്തരും പുതുക്കപ്പെട്ടു.പഴയ വ്യക്തിത്വം ഉരിഞ്ഞു കളഞ്ഞ് പുതിയ കര്‍തൃത്വത്തിലേക്ക് അവര്‍ രൂപാന്തരം കൊണ്ടു.
2 സത്യത്തിന്റെ, സത്യഗ്രഹത്തിന്റെ, രാഷ്ട്രീയം
ജോഡോയാത്ര നൈതികമായ ഒരു രാഷ്ട്രീയത്തിനു പിറവി നല്‍കിയെങ്കില്‍ ആ രാഷ്ട്രീയം പുതിയ മാനങ്ങളിലേക്കു വളരുന്നതാണ് അടുത്ത ഘട്ടത്തില്‍ നാം കാണുന്നത്. യാത്ര ഒരു തുടക്കം മാത്രമായിരുന്നു . അതിന്റെ പ്രത്യാഘാതങ്ങളും അനന്തര സംഭവങ്ങളും രാഷ്ട്രീയത്തില്‍ മറ്റൊരു മുന്നേറ്റത്തിന് അരങ്ങൊരുക്കുന്നതായി നാം കാണുന്നു. പാര്‍ലമെന്റിന്റെ അവസാന സെഷനില്‍ രാഹുല്‍ ഗാന്ധി ചെയ്ത പ്രസംഗവും , പാര്‍ലമെന്റില്‍ അയോഗ്യനാക്കപ്പെട്ടതിനെതുടര്‍ന്നു നടത്തിയ പത്രസമ്മേളനവും നൈതികരാഷ്ട്രീയത്തിന്റെ ദിശയില്‍ പുതിയ ഒരു കുതിപ്പിനെ സാക്ഷ്യപ്പെടുത്തുന്നതായി ഞാന്‍ കരുതുന്നു. ജനാധിപത്യത്തിന്റെ പ്രാചീനവും പ്രാഥമികവും പില്‍ക്കാലങ്ങളില്‍ വിസ്മൃതവുമായ മര്‍മ്മപ്രധാനമായ ഒരു രാഷ്ട്രീയ പ്രക്രിയയെ അത് വീണ്ടെടുത്തു: സത്യം പറയല്‍. പരീഷ്യ എന്നാണ് (parrhesia)ഗ്രീക്കുകാര്‍ അതിനെ വിളിക്കുന്നത്.
പ്രാചീന ഗ്രീക്കു ജനാധിപത്യം അഭിപ്രായസ്വാതന്ത്ര്യത്തെ മാത്രമല്ല സത്യം പറയാനുള്ള സ്വാതന്ത്ര്യത്തെയും പ്രധാനമായി കരുതിയിരുന്നു. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ഒരു ധാരണയിലാണ് ഈ parrhesiastic game- സത്യത്തിന്റെ കേളി- നിലനില്‍ക്കുന്നത് (Michel Foucault, Fearless Speech edited by Joseph Pearson, Semiotext(e). Los Angelse 2001)9-27: The Courage of the Truth (The Government of Self and Others II) Lectures at the College De France) 1983-4 4(Palgrave Macmillan, London, 2011) പരീഷ്യയുടെ ചരിത്രം ജനാധിപത്യത്തിന്റെ ആദിമമായ പിളര്‍പ്പിനെയും സൂചിപ്പിക്കുന്നുണ്ട്. സത്യം പറയുന്നവര്‍ പ്രാചീന ഗ്രീസിലെ വിഭിന്ന ഭരണ സമ്പ്രദായങ്ങളിലെല്ലാം തന്നെ പലപ്പോഴും വധിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിരുന്നു. സത്യം പറയലിന്റെ കേളീ നിയമങ്ങള്‍, ഇടയ്ക്കിടെ, ലംഘിക്കപ്പെട്ടു. അധികാരികള്‍ സത്യഭാഷകരെ ഉന്മൂലനം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പരീഷ്യ എന്ന ജനാധിപത്യ ഉടമ്പടി തകര്‍ക്കപ്പെടുന്നു. സത്യം പറയലില്‍ മരണം പതിയിരിക്കുന്നതു കൊണ്ടു തന്നെ ഗ്രീക്കു ജനാധിപത്യ സമൂഹങ്ങളില്‍ സുപ്രധാനമായ സ്ഥാനമാണ് സത്യം പറയലിനും (parrehsia) സത്യം പറയുന്നവര്‍ക്കും(parasiastes) നല്‍കിയിരുന്നത്. അധികാരത്തിന്റെ സത്യവും സത്യത്തിന്റെ ശക്തിയും ഏറ്റുമുട്ടുന്ന ജീവന്മരണ കേളിയെന്ന നിലയിലാണ് പരീഷ്യ ഗ്രീക്കു ജനാധിപത്യത്തില്‍ ഉദാത്തമായ സ്ഥാനം പിടിക്കുന്നത്.
ഫെബ്രുവരി 7 ന് പാര്‍ലമെന്റില്‍, രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണവും, അയോഗ്യനാക്കപ്പെട്ട ശേഷം മാര്‍ച്ച് 25 ല്‍ നടന്ന പത്ര സമ്മേളനവും സത്യം പറയലിന്റെ (പരീഷ്യയുടെ) ഏറ്റവും നവീനമായസന്ദര്‍ഭങ്ങളായാണ് ഞാന്‍ കാണുന്നത്. സത്യാനന്തരകാലത്തെ സര്‍വ്വാധിപത്യ രാഷ്ട്രീയത്തിനെതിരേ സത്യം പറയലിന്റെ ഒരു നവ നൈതിക രാഷ്ട്രീയപ്രയോഗത്തെ , സത്യഗ്രഹ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു ഈ സത്യഭാഷണങ്ങള്‍. (ഗ്രീക്കു) ജനാധിപത്യത്തിന്റെ ഉദാത്തനിലയെന്നു പറയാവുന്ന സത്യഭാഷണക്രിയ (parrhesiastic act) ഇവിടെ പുതുരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു. അഭിപ്രായത്തിന്റെ തലത്തില്‍ നിന്ന് സത്യത്തിന്റെ തലത്തിലേക്ക് ജനാധിപത്യത്തെ ആഴപ്പെടുത്തുന്ന, അധികാരത്തിന്റെ മര്‍മ്മം ഭേദിക്കുന്ന, ഒരു നൈതിക രാഷ്ട്രീയ പ്രയോഗം.
ഗാന്ധി, ഒരു സത്യഭാഷകന്‍ (parrhesiastes)
നൈതികതയുടെയും സത്യഗ്രഹത്തിന്റെയും രാഷ്ട്രീയത്തിന് ഇന്ത്യയില്‍, ലോകത്തില്‍, തുടക്കം കുറിക്കുന്നത് ഗാന്ധിയാണ്. കൊളോണിയല്‍ അധികാരികളെയും, വര്‍ഗ്ഗീയ ഫ്യൂഡല്‍ മത ശക്തികളെയും ജനങ്ങളെയും അധികാരകേളിയില്‍ നിന്നും സത്യകേളിയുടെ മണ്ഡലത്തിലേക്കു തിരിച്ചു വിടാനുള്ള ശ്രമങ്ങളായി വേണം ഗാന്ധിയുടെ സത്യഭാഷണങ്ങളെയും, സത്യഗ്രഹ ഗാന്ധിയുടെ സത്യഭാഷണങ്ങളെയും, സത്യഗ്രഹ സമരങ്ങളെയും കാണുവാന്‍. ഗാന്ധി ഒരു സത്യഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകളും പ്രസംഗങ്ങളും ആത്മകഥയും, കോടതിയിലെ വാദങ്ങളും, എല്ലാം തന്നെ സത്യഭാഷണത്തിന്റെ , സത്യ പരീക്ഷണത്തിന്റെ ഇന്ത്യന്‍ ആവിഷ്‌ക്കാരങ്ങളായിരുന്നു. ദൈവം സത്യമാണെന്ന സങ്കല്പത്തെ ”സത്യമാണ് ദൈവം” എന്ന് ഗാന്ധി തിരിച്ചിട്ടു. സത്യവാദനത്തിന്റെ രാഷ്ട്രീയകേളിയിലേക്ക് ജനതയേയും അധിനിവേശകരെയും പങ്കെടുപ്പിച്ചു കൊണ്ട് അധിനിവേശത്തിന്റെ കേളീ നിയമങ്ങളെ മാറ്റി എഴുതി. രാഷ്ട്രീയത്തെ ഒരു അധികാരപ്രക്രിയയ്ക്കു പകരം ഒരു സത്യപ്രക്രിയയാക്കി മാറ്റി. സത്യം ചൊല്ലലിന്റെ രാഷ്ട്രീയവും ആത്മീയവുമായ നിലീനശക്തിയെ ആദ്യമായി തിരിച്ചറിഞ്ഞ ഏഷ്യന്‍ രാഷ്ട്രീയ നായകനാണ് ഗാന്ധി. അധികാരശക്തിക്കെതിരേ സത്യത്തിന്റെ ശക്തിയെ ഉയര്‍ത്തിപ്പിടിച്ച സത്യവാദകനായ രാഷ്ട്രീയ ഋഷി. ഗാന്ധിയന്‍ രാഷ്ട്രീയത്തില്‍, ദര്‍ശനത്തില്‍, സോക്രട്ടീസിലെന്ന പോലെ സത്യം എന്ന സങ്കല്പം/പ്രയോഗം നൈതികവല്‍ക്കരിക്കപ്പെടുകയും നൈതികത സത്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
3 പാര്‍ലമെന്റിലെ ”സത്യം പറയല്‍”
ഭാരത് ജോഡോ കഴിഞ്ഞ് പാര്‍ലമെന്റിലിലേക്ക് തിരിച്ചെത്തിയത് മറ്റൊരു രാഹുല്‍ ഗാന്ധിയായിരുന്നു. ജനസ്പര്‍ശത്തിലൂടെ സ്ഫുടം ചെയ്ത പുതിയ നൈതിക കര്‍തൃത്വം. ജനയാത്രയുടെ കോണ്‍സ്റ്റിറ്റിയൂഷണല്‍ അസംബ്ലിയില്‍ നിന്ന് ജനകീയ പിന്‍ബലവും അനുമതിയും നേടി പാര്‍ലമെന്റിലെത്തിയ ജനപ്രതിനിധി. രാഹുല്‍ സംഭാഷണം തുടങ്ങുന്നതു തന്നെ ഭാരത് ജോഡോ നല്‍കിയ ഉദാത്തമായ ജനാധിപത്യാനുഭവങ്ങളെ സ്മരിച്ചു കൊണ്ടാണ്: ”ഈ യാത്രയില്‍ ജനങ്ങളുടെ ശബ്ദം-അത് ഇന്ത്യയുടെ ശബ്ദമാണ്- ശ്രദ്ധയോടെ കേള്‍ക്കാനുള്ള അവസരം ലഭിച്ചു”. രാഹുലിന്റെ പ്രഭാഷണം രാഷ്ട്രീയ സത്യഭാഷണം മാത്രമായി പരിമിതപ്പെടുന്നില്ല. അപരനെ മാത്രമല്ല ഭാഷകനെയും അത് സംബോധന ചെയ്യുന്നുണ്ട്. നൈതികതലത്തിലാണ് ഈ സത്യ ഭാഷണം. അധികാരവിമര്‍ശനം മാത്രമല്ല ആത്മവിമര്‍ശനവും അതിലുണ്ട്. ജനങ്ങളില്‍ നിന്നെത്ര മാത്രം അകന്നിരിക്കുന്നു പാര്‍ലമെന്റും ജനപ്രതിനിധികളും എന്ന സത്യം യാത്രയാണ് തന്നെ പഠിപ്പിച്ചതെന്നും, ‘ജനങ്ങളെ കേള്‍ക്കാനുള്ള അവസരം നല്‍കുന്ന ഇത്തരം യാത്രകള്‍’ ഇന്നില്ലാതെ പോയതില്‍ നിങ്ങളും ഞങ്ങളും ഒരേ പോലെ ഉത്തരവാദികളെന്നും രാഹുല്‍ പറയുന്നു. ജനകീയ യാത്രകളുടെ പ്രാധാന്യം നമ്മള്‍ രാഷ്ട്രീയക്കാര്‍ മറന്നു പോയി എന്ന ആത്മവിമര്‍ശം. ഈ ഗുരുതരമായ മറവിയിലാണ് ജനവിരുദ്ധമായ രാഷ്ട്രീയത്തിന്റെ വളര്‍ച്ച എന്ന സൂചനയും. യാത്ര അനേകം കിലോമീറ്റര്‍ താണ്ടിയ ശേഷമാണ് യാത്ര ഒരു ജൈവസംവാദമാകുന്നത്. ഈ മാറ്റത്തെ മാജിക്ക് എന്നാണ് രാഹുല്‍ വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ ഭാഷകരും നേതാക്കള്‍ കേള്‍വിക്കാരുമായി മാറുന്ന മാജിക്ക്. ജനങ്ങളെ കേള്‍ക്കുവാനുള്ള ഇന്ദ്രിയങ്ങള്‍ യാത്രികരില്‍ കിളുര്‍ന്നു വരുന്നു. ഇതാണ് യാത്രയുടെ മാജിക്ക്. ജനാധിപത്യത്തിന്റെ മാജിക്ക്.
ജോഡോയാത്രയില്‍ ജനങ്ങള്‍ തന്നോടു പറഞ്ഞ കാര്യങ്ങളാണ് തനിക്ക് പാര്‍ലമെന്റില്‍ പറയാനുള്ളത് എന്ന മുഖവരയോടെയാണ് രാഹല്‍ തുടങ്ങിയത്. തന്ത്രപരമായ ഈ നീക്കത്തെ തടയുവാന്‍ സ്പീക്കര്‍ക്കും സാധ്യമല്ലായിരുന്നു. അത് കൊണ്ടുതന്നെ ഇടയ്ക്കിടെ പ്രസംഗം തടയുവാനും രാഹുലിനെ നിശബ്ദമാക്കുവാനും ബി.ജെ.പി.എം.പി.മാര്‍ കേന്ദ്രമന്ത്രികളടക്കം ശ്രമിച്ചു. യുവാക്കളും, ആദിവാസികളും കര്‍ഷകരും വനവാസികളും ദളിതരും സ്ത്രീകളും തന്നോട് പറഞ്ഞ കാര്യങ്ങള്‍ രാഹുല്‍ അവതരിപ്പിച്ചു. തൊഴിലില്ലായ്മയുടെ പ്രശ്‌നങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, അഗ്‌നിപഥിന്റെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും തന്നെ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ കാണാനേയില്ലെന്ന് രാഹുല്‍ അത്ഭുതം പ്രകടിപ്പിച്ചു.
തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രഹസ്യവും പരസ്യവുമായ പരമ സത്യം രാഹുല്‍ ഗാന്ധി സഭയില്‍ പറയുന്നു. മോദിയും അദാനിയും തമ്മിലുള്ള ചങ്ങാത്തബന്ധമാണ്, സഹജീവനബന്ധമാണ് ഇന്ത്യയെ ഇന്ന് ഭരിക്കുന്നതെന്നും, ഇന്ത്യയുടെ സാമ്പത്തിക നയവും വിദേശ നയവും വ്യവസായനയവുമെല്ലാം തന്നെ രൂപീകരിക്കുന്നത് അദാനിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണെന്നുമുള്ള സത്യം. എല്ലാവര്‍ക്കും അറിയാവുന്ന സത്യം. പറഞ്ഞാല്‍ തുറുങ്കിലാവുന്ന സത്യം.
രാഹുല്‍ ചോദിക്കുന്നു: ”ഒന്നോ രണ്ടോ സംരംഭങ്ങളിലൊതുങ്ങിയിരുന്ന അദാനിയുടെ ബിസിനസ് ശൃംഖല ഇന്ന് വിമാനത്താവളങ്ങള്‍, ഡേറ്റാ സെന്ററുകള്‍, സിമന്റ്, സൗരോര്‍ജ്ജം, വിന്‍ഡ് എനര്‍ജി, ഏറോ സ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, കണ്‍സ്യൂമര്‍ ഫൈനാന്‍സ്, റിന്യൂവബള്‍സ്, മാധ്യമം . തുറമുഖങ്ങള്‍, എന്നിങ്ങനെ വിഭിന്ന മേഖലകളില്‍ വ്യാപിച്ചതെങ്ങനെ? . 2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അദാനിയുടെ നെറ്റ്വര്‍ക്ക് 8 ബില്യണ്‍ ഡോളറില്‍ നിന്ന് 140 ബില്യണ്‍ ഡോളറിലേക്ക് എങ്ങനെ വളര്‍ന്നു? 2014ല്‍ അതി സമ്പന്നരുടെ പട്ടികയില്‍ 609 ആം സ്ഥാനത്തായിരുന്ന അദാനി ഇന്ന് രണ്ടാം സ്ഥാനത്തെത്തിപ്പെട്ടതെങ്ങനെ? ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി അദാനിയ്ക്കുള്ള ബന്ധമെന്താണ്?” ഈ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ബി.ജെ.പി. അംഗങ്ങള്‍ പ്രക്ഷുബ്ധരായി. അദാനിയും മോദിയും വിമാനത്തില്‍ ഒന്നിച്ചു യാത്രചെയ്തതിന്റെ ഫോട്ടോ രാഹുല്‍ സഭയ്ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അദാനിയും മോദിയും തമ്മിലുള്ള ചങ്ങാത്തത്തിന്റെ പിന്നാമ്പുറക്കഥയിലേക്ക് രാഹുല്‍ കടക്കുന്നു. ഇതിനു രണ്ടു ഘട്ടങ്ങളുണ്ട്. മോദി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന കാലം . 2014ല്‍ മോദി പ്രധാനമന്ത്രിയായി തീര്‍ന്നതു മുതലുള്ള കാലം. ”അദാനി മോദിയുടെ വിശ്വസ്ഥനായിരുന്നു. ”ഊര്‍ജ്ജസ്വലമായ ഗുജറാത്ത്” എന്ന ആശയം കെട്ടിപ്പടുക്കുവാന്‍ കച്ചവടക്കാരെയും ഉത്പാദകരെയും മോദി ഗുജറാത്തിലേക്ക് ക്ഷണിച്ചു. ഈ സംരംഭത്തിനു നട്ടെല്ലായി നിന്നത് മോദിയാണ്. അതിന്റെ പ്രത്യുപകാരമായി ഗുജറാത്തില്‍ അദാനിയുടെയും വ്യവസായം വളരെപ്പെട്ടന്നു വികാസം പ്രാപിച്ചു”.
”2014ല്‍ ‘-മോദി പ്രധാനമന്ത്രി ആയപ്പോള്‍ ആണ് യഥാര്‍ത്ഥ മാന്ത്രികത. (ജോഡോ യാത്രയില്‍ ജനകീയമാന്ത്രികതയെങ്കില്‍ ഇവിടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ മാന്ത്രികത) ആരംഭിക്കുന്നത്. ഗുജറാത്തില്‍ നിന്ന് ദേശീയവും അന്തര്‍ദ്ദേശീയവുമായ തലത്തിലേക്ക് അദാനിയുടെ വ്യവസായ ശ്രുംഖല വളരുന്നതും ഈ ഘട്ടത്തിലാണ്. ഇതെങ്ങനെ സംഭവിച്ചു? നിയമലംഘനങ്ങളിലൂടെയും ഭരണത്തിന്റെ ഒത്താശയിലൂടെയുമാണ് അദാനിയുടെ വ്യവസായ സാമ്രാജ്യം ഭീമമായ വളര്‍ച്ച നേടിയത് എന്ന് രാഹുല്‍ തെളിവു നിരത്തുന്നു. ”മുന്‍പരിചയമില്ലാത്തവര്‍ക്ക് വിമാനത്താവളത്തിന്റെ വികസന സംരഭങ്ങള്‍ അനുവദിച്ചു നല്‍കാനാവില്ലെന്ന നിയമത്തില്‍ മാറ്റം വരുത്തിയാണ് അദാനിയ്ക്ക് ആറുവിമാനത്താവളങ്ങള്‍ നല്‍കിയത്”.
”ഇന്ത്യയിലെ ഏറ്റവും നയതന്ത്ര പ്രാധാന്യമുള്ള, ഏറ്റവും പ്രധാനപ്പെട്ട, ഏറെ വരുമാനം ഉണ്ടായിരുന്നു മുംബൈ എയര്‍പോര്‍ട്ട് ജി. വി. കെ. യില്‍ നിന്ന് ഹൈജാക്ക് ചെയ്യപ്പെട്ടു. സിബിഐ. ഇ ഡി പോലുള്ള ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ജീ.വി.കെ.യെ ഭീഷണിപ്പെടുത്തി ആ വിമാനത്താവളം അദാനിയുടെ കയ്യിലേക്ക് എത്തിച്ചുകൊടുത്തു. ഇതിന്റെ ഫലമായി ഇന്ത്യയില്‍ നിന്നുള്ള 24 ഓളം ശതമാനം വിമാനയാത്രകള്‍ അദാനിയുടെ എയര്‍പോര്‍ട്ടില്‍ നിന്നാണ് നടക്കുന്നത്. വിമാന മാര്‍ഗ്ഗമുള്ള ചരക്കു ഗതാഗതത്തിന്റെ 31 ശതമാനവും അദാനിയുടെ എയര്‍പോര്‍ട്ടുകളിലൂടെ. ഇന്ത്യന്‍ ഭരണകൂടം- ഇന്ത്യന്‍ പ്രധാനമന്ത്രി- ആണ് ഈ സൗകര്യങ്ങള്‍ അദാനിക്കൊരുക്കിക്കൊടുത്തത്.”
പ്രതിരോധ രംഗത്തും ഇതു തന്നെയാണ് സംഭവിച്ചതെന്ന് രാഹുല്‍ വിവരിക്കുന്നു.. ഭരണകൂട അധികാരം വ്യക്തിപരമായ വാണിജ്യതാല്പര്യങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കാനാവും എന്നതിന്റെ ഒരു കേസ് സ്റ്റഡിയായി ബിസിനെസ്സ് സ്‌കൂളുകളിലും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നവര്‍ക്ക് ഇതെടുക്കാവുന്നതാണ് എന്ന് രാഹുല്‍ പരിഹസിക്കുന്നു.. ഇസ്രേയല്‍, ബംഗ്ലാദേശ്, ആസ്‌ത്രേലിയ, ശ്രീലങ്ക എന്നീ പ്രദേശങ്ങളിലേക്കു നടത്തിയ യാത്രകളിലെല്ലാംതന്നെ അദാനിയും മോദിയെ അനുഗമിച്ചിരുന്നു. ആ യാത്രകളെല്ലാം അദാനിയുടെ ബിസിനസ്സ് സംരഭങ്ങളെ എങ്ങനെ അന്തര്‍ദ്ദേശീയതലങ്ങളിലേക്ക് എങ്ങനെ വിപുലമാക്കി എന്നതിന്റെ രഹസ്യവും രാഹുല്‍ പുറത്തുവിടുന്നു.
”ഇത് ഇന്ത്യയുടെ വിദേശനയമല്ല അദാനിയുടെ വിദേശനയമെന്ന്’ പ്രസ്താവിച്ചു കൊണ്ട് ക്ഷുഭിതരായി ആക്രോശിക്കുന്ന ഭരണ കക്ഷി എം.പിമാരെ രാഹുല്‍ കൂടുതല്‍ പ്രകോപിതരാക്കി. ”ആയിരക്കണക്കിന് കോടി രൂപ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അദാനിക്ക് ലഭിക്കുന്നു. 47000 കോടി രൂപ എസ് ബി ഐ നല്‍കി. 7000 കോടി രൂപ പിഎന്‍ബി; 5500 കോടി രൂപ ബാങ്ക് ഓഫ് ബറോഡ- ഈ പട്ടിക നീളുന്നു. എല്‍ഐസിയില്‍ നിന്ന് ലഭിച്ചത് 36,000 കോടി രൂപ. ”പണം അദാനിയിലേക്ക് ഒഴുകുകയാണ്” രാഹുല്‍ വിസ്തരിച്ചു.
”ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത് അദാനിക്ക് ഇന്ത്യക്ക് പുറത്ത് ഷെല്‍ കമ്പനികള്‍ ഉണ്ട് എന്നാണ്. ഇത്തരത്തില്‍ ഷെല്‍ കമ്പനികള്‍ ഉണ്ടെങ്കില്‍, അത് ആരുടേതാണ്? മൗറീഷ്യസില്‍ ഉള്ള ഷെല്‍ കമ്പനികള്‍ ആരുടേതാണ്? ഈ ഷെല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന ആയിരക്കണക്കിന് കോടി രൂപ ആരുടേതാണ്? ഇതെല്ലാം അദാനി ഒറ്റയ്ക്കു ചെയ്യുന്നതാണോ? കൂടെ ആരെങ്കിലുമുണ്ടോ? … ഈ ഷെല്‍ കമ്പനികളോട് ഇന്ത്യയിലെ ഭരണകൂടം എന്തെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ? ഇതിനു പിറകില്‍ ആരെല്ലാം ആണ്? ഇവ ആരുടെയെല്ലാം കമ്പനികളാണ്?” സത്യം ചോദ്യരൂപത്തില്‍ വാര്‍ന്നു വീഴുന്നു. ഈ ചോദ്യ ഘടന സത്യം പറയലിനെ അനുവദനീയമാക്കുകയും സത്യാവതരണ പ്രക്രിയയ്ക്ക് വിമര്‍ശനാത്മകവും സംവാദാത്മകവുമായ ഒരു നവരൂപം നല്‍കുകയും ചെയ്യുന്നു.
നയതന്ത്രത്തെയും പ്രതിരോധത്തെയും രാഷ്ട്ര സുരക്ഷയെയും ബാധിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളാണിവയെന്ന് സഭയെ ജാഗ്രതപ്പെടുത്തുന്നു രാഹുല്‍. ഇത്രയും ഗൗരവകരമായ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഗവണ്മെന്റ് കൂട്ടാക്കാത്തതെന്ത് എന്നും രാഹുല്‍ ചോദിച്ചു. ”ഹരിത ഹൈഡ്രജന്‍ ഇക്കോ സിസ്റ്റം തയ്യാറാക്കുന്നതിനായി 50 ബില്ല്യന്‍ ഡോളറുകള്‍ നിക്ഷേപിക്കുമെന്ന് അദാനി പറഞ്ഞതിന്റെ പിന്നാലെ ഈ ബഡ്ജറ്റില്‍ 19700 കോടി രൂപ ഹരിത ഹൈഡ്രജന്‍ ആയി നല്‍കും എന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു. ”അതിനര്‍ത്ഥം, അത് അദാനിക്ക് നല്‍കും എന്നാണ്”. ”ബഡ്ജറ്റില്‍ അദാനിക്കായി 50 പുതിയ വിമാനത്താവളങ്ങള്‍, തീരദേശ വികസനം, ഹോര്‍ട്ടികള്‍ച്ചര്‍, ധാന്യ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍,. ഇതെല്ലാം സജ്ജമാക്കപ്പെട്ടിരിക്കുന്നു.”. ”ഇതെല്ലാം നിങ്ങള്‍ ചെയ്യുന്നതാണ്”, ഭരണപക്ഷത്തേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് രാഹുല്‍ പറയുന്നു.
ഭരണകൂടമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സ്ഥിരം ചോദ്യകര്‍ത്താവായി ജനങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ഫാസിസ്റ്റ് കോര്‍പ്പറേറ്റ് അധികാരകേന്ദ്രം ജനപ്രതിനിധിയാല്‍ തിരിച്ചു ചോദ്യം ചെയ്യപ്പെടുന്നു. ചോദ്യാധികാരം കീഴ്‌മേല്‍ മറിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ സമര സന്ദര്‍ഭമാണിത്. ഒടുവില്‍ പ്രധാനമന്ത്രിയോട് മാത്രമായി ചില ചോദ്യങ്ങള്‍:. ”ബഹുമാന്യനായ പ്രധാനമന്ത്രി താങ്കളുടെ വിദേശയാത്രയില്‍ താങ്കളും അദാനിയും എത്ര തവണ ഒന്നിച്ചു പോയി? എത്ര തവണ വിദേശ സന്ദര്‍ശന വേളയില്‍ താങ്കളെത്തിക്കഴിഞ്ഞ ശേഷം അദാനി താങ്കള്‍ക്കൊപ്പം ചേര്‍ന്നു? … താങ്കളുടെ സന്ദര്‍ശനത്തിനു ശേഷം എത്ര രാജ്യങ്ങളില്‍ അദാനിക്ക് കരാറുകള്‍ ലഭിച്ചിട്ടുണ്ട്? … കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അദാനി ബിജെപിക്ക് എത്ര പണം നല്‍കി? ഇലക്ടൊറല്‍ ബോണ്ടുകളിലായി എത്ര പണം അദ്ദേഹം നല്‍കിയിട്ടുണ്ട്?”
സത്യകേളി (truth game or parrhesiastic game)
അധികാരത്തിന്റെ കളിക്കളങ്ങള്‍ മാച്ചു കൊണ്ട് സത്യത്തിന്റെ, സത്യം പറയലിന്റെ, കേളീ നിയമത്തിലേക്ക് എതിരാളികളെയും പാര്‍ലമെന്റിനെയും കുടുക്കിയെടുക്കുവാനുള്ള ശ്രമമാണ് രാഹുല്‍ ഇവിടെ ചെയ്യുന്നത്. സമയം നീട്ടി നീട്ടിയെടുത്തുകൊണ്ടും, ചെറിയ ചോദ്യങ്ങളില്‍ നിന്നു സുപ്രധാനമായ ചോദ്യങ്ങളിലേക്ക് കടക്കുവാനുള്ള അനുവാദം സ്പീക്കറില്‍ നിന്നു വാങ്ങിക്കൊണ്ടും, മറ്റൊരിക്കലും, ഒരിടത്തും, ആര്‍ക്കും, ഭരണകൂടത്തിനോട് നേരിട്ടു ചോദിക്കാനാവാത്ത കടുത്ത ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഒരു അവസരമായി പാര്‍ലമെന്റ് സമ്മേളനത്തെ രാഹുല്‍ വഴക്കിയെടുക്കുന്നു. സത്യഭാഷണത്തിന്റെ കേളീതന്ത്രങ്ങള്‍ വിജയകരമായി അയാള്‍ പരീക്ഷിക്കുന്നു. ജനാധിപത്യത്തിന്റെ സത്യ കേളിയില്‍ , സത്യപരിക്ഷയില്‍ മോദി ഭരണ കൂടത്തെ അടിയറ പറയിപ്പിക്കുവാനാകുമെന്ന് രാഹുല്‍ തെളിയിച്ചു. ചോദ്യങ്ങള്‍ അസ്ത്രങ്ങളായും മിസ്സൈലുകളായും അധികാര മര്‍മ്മങ്ങളെ ഛേദിച്ചു. ദാവീദിന്റെ ഉന്നം തെറ്റാത്ത കവണ പ്രയോഗം പോലെ.
4 പരീഷ്യയുടെ പ്രത്യാഘാതങ്ങള്‍
പരീഷ്യയ്ക്ക് ഗ്രീക്കുകാര്‍ നല്‍കുന്ന അര്‍ത്ഥം നിര്‍ഭയവും ധീരവുമായ സ്വതന്ത്ര ഭാഷണം എന്നാണ്. അതൊരു വിമര്‍ശനഭാഷണം കൂടിയാണ്. സത്യഭാഷകന്റെ അര്‍ഹത, സത്യസന്ധത, നിര്‍ണ്ണയിക്കുന്നത് ഏതാപത്തിനെയും നേരിടാനുള്ള അയാളുടെ സന്നദ്ധതയാണ്. ധീരതയാണ്. ജീവന്മരണകേളിയാണ് സത്യം പറയല്‍. പറയുന്നവന്റെ ജീവിതത്തിനു തന്നെ ഭീഷണിയാവുന്നു അത്. ഈ ഭീഷണിയെ നേരിട്ടുകൊണ്ടാണ് അയാള്‍ സത്യം പറയുന്നത്. സത്യത്തിന്റെ കര്‍തൃഭാവമെന്ന നിലയിലാണ് മിഷല്‍ ഫൂക്കോ പരിഷ്യയെ കാണുന്നത്. സോക്രട്ടീസ്, ദയോജനിസ്സ് തുടങ്ങിയ സത്യഭാഷകരെല്ലാം തന്നെ ഭരണകൂടത്താല്‍ ശിക്ഷിക്കപ്പെട്ടവരാണ്. സത്യം പറയലിനെ സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്ന ഒരു ഏകാധിപതിക്കു മുന്നിലാണ് സത്യം പറയുന്നതെങ്കില്‍ അത് ശിരഛേദത്തിലേക്കു നയിക്കാം. ഇതാണ് പരിഷ്യയെ ജനാധിപത്യത്തിലെ, (രാജാധിപത്യത്തിലെയും വരേണ്യാധിപത്യത്തിലെയും) ഏറ്റവും നിര്‍ണ്ണായകമായ, ധീരോദാത്തമായ പ്രവര്‍ത്തനമാക്കി മാറ്റുന്നത്. അദാനിയെയും മോഡിയെയും വിമര്‍ശിച്ചതിനു രാഹുല്‍ ഗാന്ധി കൊടുക്കേണ്ടി വന്ന വിലയെന്താണെന്ന് അനന്തര സംഭങ്ങള്‍ തെളിയിച്ചു.
രാഹുലിന്റെ ചോദ്യത്തിനു പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. പകരം മോഡിയേയും അദാനിയെയും പരാമര്‍ശിക്കുന്ന 18 ഓളം ഭാഗങ്ങള്‍ പാര്‍ലമെന്റ് രേഖയില്‍ നിന്നും നീക്കം ചെയ്തു. മാര്‍ച്ച് 25 നു സൂറത്ത് കോടതി അപകീര്‍ത്തി കേസ്സില്‍ രാഹുലിനെ കുറ്റക്കാരനെന്നു കല്പിക്കുകയും അയോഗ്യനാക്കുവാന്‍ പാകത്തില്‍ രണ്ടു കൊല്ലത്തെ തടവു ശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് പാര്‍ലമെന്ററി സെക്രട്ടറിയേറ്റ് ഉത്തരവിട്ടു. ‘സത്യമാണ് എന്റെ ദൈവം, അത് നേടുവാനുള്ള മാര്‍ഗം അഹിംസയും” എന്ന ഗാന്ധി വചനങ്ങളാണ് പിറ്റേന്ന് രാഹുല്‍ ട്വീട്ടു ചെയ്തത്. പ്രത്യാഘാതങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും തന്റെ ചോദ്യങ്ങളില്‍ നിന്ന് ജനശ്രദ്ധമാറ്റുവാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ഭരണ പക്ഷം വിധിച്ച അയോഗ്യത ഒരു ബഹുമതിയായി താന്‍ കരുതുന്നുവെന്നും മാര്‍ച്ച് 25 ല്‍ നടന്ന പത്രസമ്മേളനത്തില്‍ രാഹുല്‍ പ്രതികരിച്ചു.
5 മാര്‍ച്ച് 25 ലെ പത്ര സമ്മേളനം
പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണത്തിന്റെ ഒരു തുടര്‍ച്ചയും വിശദീകരണവുമായിരുന്നു പത്രസമ്മേളനത്തിലെ പ്രസ്താവങ്ങള്‍. പരീഷ്യയുടെ തുടര്‍ച്ച. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ചയോടെ തീക്ഷ്ണതയോടെ ആവര്‍ത്തിക്കപ്പെട്ടു. അതോടൊപ്പം പാര്‍ലമെന്റില്‍ പറയാന്‍ പറ്റാഞ്ഞ പലതും രാഹുല്‍ ഇവിടെ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. സത്യം പറയലാണ് സത്യത്തിനു വേണ്ടി പോരാടലാണ് തന്റെ ദൗത്യവും ഉപാസനയെന്നും രാഹുല്‍ തന്റെ രാഷ്ട്രീയത്തെ നിര്‍വ്വചിക്കുന്നു. ”ഈ രാജ്യം, ഇവിടുത്തെ ജനങ്ങള്‍ എനിക്കു സ്‌നേഹം തന്നു. അത് കൊണ്ടു തന്നെ രാജ്യത്തിനായി സത്യം പറയേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നു”. നൈതിക കാര്യങ്ങളില്‍ insensitive ആയ പത്രപ്രവര്‍ത്തകര്‍ക്കു മറുപടിയായി രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ താന്‍ അദാനിയെപ്പറ്റി പറയുമ്പോള്‍ മോദിയുടെ കണ്ണുകളില്‍ ഭീതിയുടെ നിഴലാട്ടം കണ്ടു.. തന്റെ അടുത്ത പ്രസംഗത്തെ മോഡി ഭയന്നിരുന്നുവെന്നും ആ ഭയത്തിന്റെ ആവിഷ്‌ക്കാരമാണ് തനിക്കെതിരേയുള്ള നടപടികളെന്നും രാഹുല്‍ വെളിപ്പെടുത്തി. ഗവണ്മെന്റിന്റെ ശിക്ഷാനടപടികളെ താന്‍ ഒട്ടും ഗൗനിക്കുന്നില്ലെന്നും സത്യം എന്നും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും എന്നും പ്രഖ്യാപിച്ചു.
മാപ്പു പറയണമെന്ന് ബി.ജെ.പി.നേതാക്കള്‍ ആവശ്യപ്പെടുന്നുവല്ലോ എന്ന ചോദ്യത്തിന്, ”തന്റെ പേര് സവര്‍ക്കറെന്നല്ല ഗാന്ധിയെന്നാണെന്നും ഗാന്ധി മാപ്പുപറയില്ലെന്നും ആയിരുന്നു രാഹുലിന്റെ മറുപടി. ഗാന്ധിയന്‍ രാഷ്ട്രീയ പാരമ്പര്യവും സവര്‍ക്കറുടെ പാരമ്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്നത്തെ രാഷ്ട്രീയപ്രശ്‌നമെന്നും അതില്‍ ഗാന്ധിയുടെ സത്യഗ്രഹ രാഷ്ട്രീയത്തെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നതെന്നും ധ്വനി. ആദ്യത്തേത് നിര്‍ഭയത്വത്തിന്റെയും സത്യസന്ധതയുടെയും പാരമ്പര്യം. രണ്ടാമത്തെത് ഭീരുത്വത്തിന്റെയും അധികാരികള്‍ക്കു മാപ്പെഴുതിക്കൊടുക്കലിന്റെയും വഞ്ചനയുടെയും, വെറുപ്പിന്റെയും പാരമ്പര്യം. ആദ്യത്തേത് സത്യത്തിന്റെ രാഷ്ട്രീയം. രണ്ടാമത്തേത് സത്യാനന്തര രാഷ്ട്രീയം .താന്‍ നിലകൊള്ളുന്നത് സത്യത്തിന്റെ രാഷ്ട്രീയ പക്ഷത്താണെന്ന് കുറഞ്ഞ വാക്കില്‍ പറയുന്നു. നൈതികമായ ഒരു ധ്രുവീകരണത്തെയാണ് രാഹുല്‍ ഇവിടെ സൂചിപ്പിക്കുന്നത്.
തനിക്കു പേടിയില്ലെന്നും അധികാരികള്‍ക്കാണ് പേടിയെന്നും അതിന്റെ ലക്ഷണങ്ങളാണ് തനിക്കെതിരേയുള്ള നടപടികളെന്നും രാഹുല്‍ പത്രപ്രവര്‍ത്തകരെ ബോദ്ധ്യപ്പെടുത്തി. താന്‍ അനുഭവിക്കുന്നത് ഒരു തരം excitement ആണ് ഒരു തരം ഹര്‍ഷാവേശം. അതെന്തെന്ന് സ്വന്തം വാക്കുകളിലൂടെയും, ഭാവങ്ങളിലൂടെയും , ഉന്മിഷത്തായ അംഗചലനങ്ങളിലൂടെയും പത്രക്കാര്‍ക്ക് നിവേദനം ചെയ്തു. സത്യം പറയല്‍ പറയുന്നവനിലും കേള്‍ക്കുന്നവനിലും സൃഷ്ടിക്കുന്ന ഉദാത്തമായ ആവേശപ്രസരമെന്തെന്ന് പൊതു മണ്ഡലത്തില്‍ സാക്ഷ്യപ്പെടുത്തല്‍.
6 സത്യം പറയലിന്റെ രാഷ്ട്രീയം
പരീഷ്യ എന്ന ജനാധിപത്യത്തിന്റെ മര്‍മ്മക്രിയയെ സമകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടെടുക്കുന്ന ഒരു വിപ്ലവ/ഉള്‍പ്ലവ (involution) പ്രക്രിയയെന്ന നിലയില്‍ വേണം രാഹുലിന്റെ ഈ സത്യഭാഷണത്തെ കാണാന്‍. രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവരുന്ന നവ നൈതിക സത്യ രാഷ്ട്രീയത്തെ കക്ഷി രാഷ്ട്രീയത്തിന്റെയോ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ തന്നെയോ സങ്കുചിതമായ പരിധിയ്ക്കുള്ളില്‍ തളയ്ക്കുവനാവില്ല. കോണ്‍ഗ്രസ്സിന്റെ മാത്രമല്ല ഇന്ത്യ രാഷ്ട്രീയത്തിന്റെ തന്നെ ഒരു തിരുത്തല്‍ ശക്തിയായി വേണം രാഹുലിനെ കാണുവാന്‍. നൈതികവും മൂല്യപരവുമായ ഒരു ആത്മരൂപാന്തരണത്തെ ഈ നവ സത്യഗ്രഹരാഷ്ട്രീയം ആവശ്യപ്പെടുന്നു. സമകാലീന രാഷ്ട്രീയ ശൈലിയെ – ഭരണ പക്ഷത്തിന്റെതെന്ന പോലെ പ്രതിപക്ഷത്തിന്റെയും- അത് റദ്ദാക്കുന്നു.
പരീഷ്യ എന്ന സത്യഭാഷണ രൂപത്തിനു ചരിത്രാന്തരത്തില്‍ സംഭവിച്ച പരിണാമങ്ങളെ ഫൂക്കോ വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയമായ പരീഷ്യയില്‍ നിന്ന് നൈതികമായ പരീഷ്യയിലേക്കുള്ള മാറ്റങ്ങളെയും. അപരനോടു അല്ലെങ്കില്‍ അധികാരിയോട് മാത്രമായി സത്യഭാഷണം ഇവിടെ ഒതുങ്ങുന്നില്ല. രാഹുല്‍ എന്ന സത്യഭാഷകന്‍ തനിക്കും തന്റെ പ്രസ്ഥാനത്തിനെതിരേയും സത്യം തുറന്നു പറയുന്നുണ്ട്. അപരനും ആത്മവും മാത്രമല്ല, ആത്മത്തിനുള്ളിലെ അപരങ്ങളും ഈ സംവാദത്തില്‍ സജീവ മാണ്. ആത്മത്തോടുള്ള കരുതലിന്റെ ആത്മ പരിചരണത്തിന്റെ ഉന്നതമായ പ്രക്രിയയായാണ് ഗ്രീക്കുകാര്‍ സത്യപ്രക്രിയയെ കണ്ടത്. ആത്മപരിചരണത്തില്‍ അപര പരിചരണവും അടങ്ങിയിരിക്കുന്നു എന്ന് അവര്‍ കണ്ടു. ആത്മത്തിന്റെ തലത്തില്‍ നിന്നു ജീവിതത്തിന്റെ വിതാനത്തിലേക്കുള്ള സത്യപ്രക്രിയയുടെ അനന്തര കാല വികാസത്തെയും ഫൂക്കോ അടയാളപ്പെടുത്തുണ്ട്. രാഷ്ട്രീയമായ പരീഷ്യയും നൈതികമായ പരീഷ്യയും സോക്രട്ടീസിലും ഡയോജനിസിലും ഗാന്ധിയിലുമെന്ന പോലെ ഇവിടെയും ഒന്നിക്കുന്നു.
അധികാര ശക്തിയെ സത്യശക്തികൊണ്ടു വെല്ലുന്ന ഒരു നൈതിക സമരമുറയുടെ സമകാല ആവിഷ്‌ക്കാരമാണ് രാഹുല്‍ ഗാന്ധിയുടെ ഈ സത്യഭാഷണങ്ങള്‍. നൈതികസത്യരാഷ്ട്രീയത്തിന്റെ ആദിപര്‍വ്വങ്ങളായിരുന്നു ഗാന്ധിയന്‍ രാഷ്ട്രീയം എന്നു നാം കണ്ടു. ഗ്രീക്കു് പരീഷ്യയുടെ ഭാരതീയവും ആധുനികവുമായ പുനരാവിഷ്‌ക്കാരം. ജീവിതത്തെതന്നെ സത്യപ്രക്രിയയാക്കി മാറ്റുന്നവര്‍ക്കെ സത്യം പറയുവാനുള്ള അര്‍ഹതയുള്ളു. സത്യം ഭാഷണത്തിലൊതുങ്ങുന്നില്ല. സത്യപ്രക്രിയ ഒരു തപസ്സും ധ്യാനവും, ആത്മ രൂപാന്തരണവും, നേരിടല്‍മുറയുമാണ്. സത്യത്തെയും ജീവിതത്തെയും കൂട്ടിയിണക്കുകയും സത്യമുള്ള ജീവിതങ്ങളെ നിര്‍മ്മിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇന്ന് നൈതികരാഷ്ട്രീയം ആവശ്യപ്പെടുന്ന സത്യപ്രക്രിയ. സമൂഹത്തിന്റെ, ജീവിതത്തിന്റെ, ആവിഷ്‌ക്കാരത്തിന്റെ, സര്‍വ്വമേഖലകളിലും സത്യം പറയുന്നവരുടെ, സത്യഗ്രഹികളുടെ നീണ്ട നിരകള്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിസില്‍ ബ്ലോവേഴ്‌സ് എന്നു നാം വിളിക്കുന്നവരും, കലാകാരന്മാരും കവികളും, ശാസ്ത്രകാരന്മാരും ആക്റ്റിവിസ്റ്റുകളും എല്ലാം തന്നെ സത്യം പറയലിന്റെ, സത്യ പ്രക്രിയയുടെ സമരമുഖങ്ങള്‍ വിഭിന്ന മേഖകളില്‍ ഇന്നു തുറന്നിടുന്നുണ്ട്. സത്യഗ്രഹത്തിന്റെ ഒരു പുതിയ സൗന്ദര്യശാസ്ത്രം, സമര ശാസ്ത്രം, ഇന്ന് ആവിഷ്‌കാരത്തിന്റെയും കലയുടെയും ചിന്തയുടെയും പ്രതിരോധത്തിന്റെയും മണ്ഡലങ്ങളില്‍ രൂപപ്പെട്ടുവരുന്നതായി കാണുന്നു. സത്യപ്രക്രിയയുടെ ഈ വിഭിന്ന പാതകളും സംരംഭങ്ങളുമായി നവ നൈതിക രാഷ്ട്രീയം സംയോജിക്കപ്പെടേണ്ടതല്ലേ?
സത്യപ്രക്രിയ അതനുഷ്ഠിക്കുന്നവനിലും പങ്കാളികളിലും പ്രേക്ഷകരിലും ഉദാത്തത്തിന്റെ ഭാവശക്തിയായ ആത്മഹര്‍ഷം നിറയ്ക്കുന്നു. പ്രതിയോഗികളില്‍ പരാജയബോധവും.സത്യത്തിന്റെ സാംക്രമികശക്തിയെന്തെന്ന് ഗാന്ധിയന്‍ രാഷ്ട്രീയം തെളിയിച്ചതാണല്ലോ. മിസ്സൈലുകളെക്കാളും തോക്കുകളെക്കാളും ബോംബറുകളെക്കാളും ശക്തമായ സമരായുധമാണ് സത്യഗ്രഹമെന്നും. സത്യ പ്രക്രിയയുടെ തീപ്പൊരി കാട്ടുതീയായി ജനങ്ങളിലേക്കു പടരും. നിശ്ശബ്ദമായി. ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ നൈതിക പരീക്ഷയില്‍, സത്യകേളിയില്‍, മോദി പക്ഷത്തെ നിലമ്പരിശാക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിഞ്ഞു. സത്യത്തെ നേരിടുക എന്ന ജനാധിപത്യ സമീപനത്തിനു പകരം സത്യം പറയുന്നവനെ തളച്ചിടുക എന്ന ഓപ്ഷന്‍ സ്വീകരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി കരു നീക്കിയ സത്യകേളിയില്‍ പരാജയം സമ്മതിക്കുകയായിരുന്നു മോദി സര്‍ക്കാര്‍. സത്യത്തെ തങ്ങള്‍ ഭയപ്പെടുന്നു എന്ന സത്യം അങ്ങനെ സ്വയം വെളിവാക്കപ്പെട്ടു. ഫാസിസസ്റ്റു ഭരണാധികാരികള്‍ പൊതുമണ്ഡലത്തില്‍ ഏറ്റുവാങ്ങുന്ന ആദ്യത്തെ തോല്‍വിയായിരുന്നു അത്. കര്‍ണ്ണാടകത്തിലെ തോല്‍വി അതിന്റെ അനന്തര ഫലങ്ങളിലൊന്നുമാത്രം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in