
ചേരനാട് : അതുവേണോ ജോര്‍ജ്ജേ?
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്ഥനാണ് പിസി ജോര്‍ജ്ജ്. പല കാര്യങ്ങളിലും അദ്ദേഹം വെറുതെ വാചകമടിക്കും. എന്നാല്‍ പല വിഷയങ്ങളിലും ആരും പ്രതീക്ഷിക്കാത്ത നിലപാടായിരിക്കും അദ്ദേഹത്തിന്റേത്. അടുത്തയിടെ മാവോയിസ്‌റ്റ് വിഷയത്തിലും നേരത്തെ ഡി എച്ച് ആര്‍ എം വിഷയത്തിലും അദ്ദേഹം സ്വീകരിച്ച നിലപാട് ഉദാഹരണം. പക്ഷെ ഇപ്പോളദ്ദേഹം ഉന്നയിക്കുന്ന ഒരു വിഷയവും അതിന്റെ പ്രസക്തിയും മനസ്സിലാകുന്നില്ല. കേരളം, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളെ വിഭജിച്ചു പുതിയ ചേരനാട് സംസ്‌ഥാനം രുപീകരിക്കണമെന്നാണ് ജോര്‍ജ്. പറയുന്നത്. വി.എസ്.ഡി.പിയുടെ പത്താം പ്രതിനിധിസഭയിലാണ് […]
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്ഥനാണ് പിസി ജോര്‍ജ്ജ്. പല കാര്യങ്ങളിലും അദ്ദേഹം വെറുതെ വാചകമടിക്കും. എന്നാല്‍ പല വിഷയങ്ങളിലും ആരും പ്രതീക്ഷിക്കാത്ത നിലപാടായിരിക്കും അദ്ദേഹത്തിന്റേത്. അടുത്തയിടെ മാവോയിസ്‌റ്റ് വിഷയത്തിലും നേരത്തെ ഡി എച്ച് ആര്‍ എം വിഷയത്തിലും അദ്ദേഹം സ്വീകരിച്ച നിലപാട് ഉദാഹരണം.
പക്ഷെ ഇപ്പോളദ്ദേഹം ഉന്നയിക്കുന്ന ഒരു വിഷയവും അതിന്റെ പ്രസക്തിയും മനസ്സിലാകുന്നില്ല. കേരളം, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളെ വിഭജിച്ചു പുതിയ ചേരനാട് സംസ്‌ഥാനം രുപീകരിക്കണമെന്നാണ് ജോര്‍ജ്. പറയുന്നത്. വി.എസ്.ഡി.പിയുടെ പത്താം പ്രതിനിധിസഭയിലാണ് ജോര്‍ജ് ഈ പ്രമേയം അവതരിപ്പിച്ചത്. രണ്ടു സംസ്‌ഥാനങ്ങളില്‍ നിന്നുമായി പത്തു ജില്ലകളെ കൂട്ടിച്ചേര്‍ത്ത് ചേരനാട് എന്ന സംസ്‌ഥാനം രൂപീകരിക്കണമെന്നാണ് പ്രമേയം.
തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍, മധുര, തേനി എന്നീ ആറു ജില്ലകളും കേരളത്തിന്റെ നാലുജില്ലകളും കോട്ടയത്തെ പകുതി പ്രദേശങ്ങളും കൂട്ടിച്ചേര്‍ന്നതാണ് ഈ സംസ്‌ഥാനത്തിന്റെ രൂപരേഖ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളും കോട്ടയം ജില്ലയിലെ മലയോരപഞ്ചായത്തുകളായ തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, മുണ്ടക്കയം, കോരുത്തോട്, എരുമേലി, പാറത്തോട്, മുക്കൂട്ടുതറ എന്നിവയും ചേരനാട്ടില്‍ കൂട്ടിച്ചേര്‍ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
തൂത്തുക്കുടിയും വിഴിഞ്ഞവും പുതിയ സംസ്‌ഥാനത്തിലാകുന്നതോടെ വികസനത്തിന് വേഗം കൂടും. കോവളം, കന്യാകുമാരി, ശബരിമല, വര്‍ക്കല ശ്രീനാരായണഗുരു സമാധി, പത്മനാഭസ്വാമിക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം എന്നിവ കൂടിച്ചേരുന്നതോടെ ചേരനാടിന്റെ സാംസ്‌കാരികപ്പെരുമ വര്‍ധിക്കും. വൈകുണ്‌ഠസ്വാമികള്‍, നാരായണഗുരു, അയ്യങ്കാളി, അഗസ്‌ത്യാര്‍മുനി, തിരുവള്ളുവര്‍ എന്നീ നവോത്ഥാന നായകരുടെ പൈതൃകവും പുതിയ സംസ്‌ഥാനത്തിനുണ്ടാകുമെന്നും പ്രമേയത്തില്‍ പറയുന്നു.
30341.08 സ്‌ക്വയര്‍ കിലോമീറ്ററാണ് പുതിയ സംസ്‌ഥാനത്തിന്റെ ഭൂവിസ്‌തൃതി. പതിനാല് ലോക്‌സഭാ അംഗങ്ങളും എണ്‍പത് നിയമസഭാ അംഗങ്ങളും പുതിയ സംസ്‌ഥാനത്തിലുണ്ടാകും. പുതിയ സംസ്‌ഥാനത്തിന്റെ ഭൂപടരൂപരേഖയും ചീഫ് വിപ്പ് അവതരിപ്പിച്ചു. വ്യക്‌തമായ ആലോചനക്കുശേഷമാണ് പ്രമേയം അവതരിപ്പിച്ചതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇതു വ്യക്‌തിപരമായ അഭിപ്രായമാണ്. കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായം പാര്‍ട്ടിനേതാക്കള്‍ പറയും. പുതിയ സംസ്‌ഥാനം രൂപീകരിക്കുന്നതോടെ കേരളവും തമിഴ്‌നാടുമായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നും പ്രമേയം പറയുന്നു.
ഒരു കാര്യം ജോര്‍ജ് പറഞ്ഞത് ശരിയാണ്. ചെറിയ സംസ്‌ഥാനങ്ങള്‍ രുപീകരിക്കുന്നത് ത്വരിതഗതിയിലുള്ള വികസനത്തിനു ഗുണം ചെയ്യുമെന്നതാണത്. അടുത്ത കാലത്ത് രാജ്യത്ത് നടന്ന പല സംസ്ഥാന രൂപീകരണങ്ങളും അതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ അത്തരമൊരു വലുപ്പം കേരളത്തിനുണ്ടോ? ഒരു ദിവസം കൊണ്ട് ഓടിയെത്താവുന്ന സംസ്ഥാനം. മറുവശത്ത് തമിഴ് നാട് അല്‍പ്പം വലിയ സംസ്ഥാനമാണെന്നത് ശരി..
ചേരനാട് എന്ന സങ്കല്‍പ്പത്തിന് ചരിത്രപരമായ പ്രസക്തിയുണ്ടാകാം. പക്ഷെ അതെത്രയോ വലിയ പ്രദേശമായിരുന്നു. ചേരനാട് ഇന്നത്തെ കേരളം മാത്രമായിരുന്നില്ല, ഇന്നത്തെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ കുറേ ഭാഗത്തേക്കുകൂടി വ്യാപിച്ചിരുന്ന ഒരു സഹയോഗ ഭരണമായിരുന്നു. നാഗ, ഗോണ്ഡ് വംശങ്ങളുടെ പിന്മുറക്കാരായ വിവിധ ഗോത്രങ്ങളില്‍ ഉള്‍പ്പെട്ട രാജാക്കന്മാര്‍ ഒത്തുചേര്‍ന്ന് സൃഷ്ടിച്ച ഒരു സഹയോഗ ഭരണമായിരുന്നതുകൊണ്ട് ആ ഭരണക്രമം ചേരല്‍ എന്ന പേരില്‍ അറിയപ്പെട്ടു. ചേര്‍ന്നതുകൊണ്ട് ചേരല്‍. ഏഴു ഗോത്രങ്ങളുടെ സഹയോഗ ഭരണക്രമമായിരുന്നു ചേരല്‍ സാമ്രാജ്യം. അതല്ലല്ലോ ജോര്‍ജ്ജ് പറയുന്നത്. മാത്രമല്ല, ഇപ്പോളിങ്ങനെയൊരാശയം ഉയര്‍ത്തി കൊണ്ടുവരാവുന്ന രാഷ്ട്രീയ സാഹചര്യമുണ്ടോ? മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനും പുതിയ സംസ്‌ഥാന രൂപീകരണംകൊണ്ട് സാധിക്കുമെന്ന വാദവും ശരിയല്ല. അങ്ങനെയല്ലല്ലോ അത് പരിഹരിക്കേണ്ടത്. അങ്ങനെ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ അതു സൃഷ്ടിക്കുന്നത് പുതിയ പ്രശ്‌നങ്ങളായിരിക്കും. എന്തായാലും അനവസരത്തിലുള്ള ഒരു പ്രമേയമായി പോയി ജോര്‍ജ്ജിന്റേത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in