വനിതാ സംവരണം : സോണിയ പറയേണ്ടത്‌

പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ പാസാക്കുന്നതിനുള്ള ശ്രമം താനും തന്റെ പാര്‍ട്ടിയും തുടരുമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം തന്നെ. സ്ത്രീ ശാക്തീകരണമില്ലാതെ ഇന്ത്യയ്‌ക്കെന്ത് വികസനമെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യവും ശരിതന്നെ. സ്ത്രീകളുടെ ശക്തിയും ബുദ്ധിയും രാഷ്ട്രനിര്‍മാണത്തിന് പ്രയോജനപ്പെടുത്തണം. എന്നാല്‍ മാത്രമേ നമുക്ക് സമ്പുര്‍ണ പുരോഗതിയെ കുറിച്ച് അവകാശപ്പെടാന്‍ സാധിക്കുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു. കാര്യമായ ബുദ്ധിമുട്ടോ ബില്ലോ ഒന്നുമില്ലാതെ നടപ്പാക്കാവുന്ന ഒന്നാണ് വനിതാ സംവരണം എന്ന വിഷയം വീണ്ടും […]

sonia-gandhi1

പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ പാസാക്കുന്നതിനുള്ള ശ്രമം താനും തന്റെ പാര്‍ട്ടിയും തുടരുമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം തന്നെ. സ്ത്രീ ശാക്തീകരണമില്ലാതെ ഇന്ത്യയ്‌ക്കെന്ത് വികസനമെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യവും ശരിതന്നെ. സ്ത്രീകളുടെ ശക്തിയും ബുദ്ധിയും രാഷ്ട്രനിര്‍മാണത്തിന് പ്രയോജനപ്പെടുത്തണം. എന്നാല്‍ മാത്രമേ നമുക്ക് സമ്പുര്‍ണ പുരോഗതിയെ കുറിച്ച് അവകാശപ്പെടാന്‍ സാധിക്കുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.
കാര്യമായ ബുദ്ധിമുട്ടോ ബില്ലോ ഒന്നുമില്ലാതെ നടപ്പാക്കാവുന്ന ഒന്നാണ് വനിതാ സംവരണം എന്ന വിഷയം വീണ്ടും വീണ്ടും ഒളിപ്പിക്കുകയാണിവര്‍. ഇവര്‍ മാത്രമല്ല, വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കളെല്ലാം, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ചെയ്യുന്നത് അതു തന്നെ.
വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെന്ന വിഷമമുണ്ടെന്നാണ് സോണിയ പറഞ്ഞത്. സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ പദ്ധതി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നു.ഡല്‍ഹിയിലും മുംബൈയിലും ഉണ്ടായ സംഭവങ്ങള്‍ നമുക്ക് മറക്കാന്‍ കഴിയില്ല.ഇത്തരം സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിര്‍ഭയ കേരളം പദ്ധതിക്ക് പ്രാധാന്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണം.കേരളത്തിലെ സ്ത്രീകള്‍ക്ക് ഏതു സമയവും പേടിയില്ലാതെ സഞ്ചരിക്കാനുള്ള അവസരം പദ്ധതിയിലൂടെ കൈവരും.സ്ത്രീകളോടും കുട്ടികളോടുമുള്ള സമൂഹത്തിന്റെ സമീപനം മാറ്റാനും ‘നിര്‍ഭയ’ സഹായിക്കും.സ്ത്രീശാക്തീകരണത്തില്‍ കേരളം മാതൃകയാണ്.ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളും അതിന് സഹായകരമായി.സാമൂഹിക നീതി വകുപ്പ്, വിവിധ വനിതാ സ്വയംസേവന വിഭാഗങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന നിര്‍ഭയ പദ്ധതി സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്നും സോണിയ പറഞ്ഞു.
സോണിയ കേരളത്തെ കുറിച്ച് പറഞ്ഞതെല്ലാം ശരിയോ തെറ്റോ എന്നതവിടെ നില്‍ക്കട്ടെ. വിഷയം സംവരണത്തിന്റേതാണ്.
അധികം താമസിയാതെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞടുപ്പുസ്ഥാനാര്‍ത്ഥികളിലും മന്ത്രിമാരിലും പാര്‍ട്ടി ഭാരവാഹികളിലും പകുതിയും സ്ത്രീകളും യുവജനങ്ങളുമാകുമെന്ന് അടുത്തയിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വര്‍ഷങ്ങളായി പ്രസ്തുതബില്‍ പാസാക്കാത്തതില്‍ മുതലകണ്ണീരൊഴുക്കുന്ന പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ സ്ത്രീസംവരണം നടപ്പാക്കിയാല്‍ ബില്‍ എന്തിന്? ബില്ലിനുവേണ്ടി കൈകോര്‍ത്ത സോണിയയും വൃന്ദാകാരാട്ടും സുഷ്മസ്വരാജും എന്തേ അതിനായി സ്വന്തം പാര്‍ട്ടിക്കകത്ത് വാദിക്കുന്നില്ല.
സത്യം എന്താണ്? സുഷ്മാസ്വരാജും സോണിയാഗാന്ധിയും വൃന്ദാകാരാട്ടുംപോലുള്ള രാഷ്ട്രീയ ശത്രുക്കള്‍ ബില്ലിനായി ഒന്നിക്കുമ്പോള്‍ അവരോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയാല്‍ വിഷയം പരിഹരിച്ചില്ല? ബില്ലിന്റെ ആവശ്യം തന്നെ പിന്നെയുണ്ടോ? അവരതിനു തയ്യാറില്ല എന്നതാണ് സത്യം. മറിച്ച് ബില്ലിനെ കുറിച്ച് എന്നും ഘോരഘോരം പ്രസംഗിക്കാമെന്നാണവര്‍ കരുതുന്നത്. ഇതിനിടയില്‍ സ്ത്രീകളെ മത്സരിപ്പിച്ചാല്‍ തന്നെ അവരെ നിയന്ത്രിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോളുകള്‍ നമ്മുടെ പാര്‍ട്ടികളുടെ പുരുഷ നേതാക്കളുടെ കയ്യിലായിരിക്കും.
ഭരണപരമായ കാര്യങ്ങളില്‍ സ്ത്രീപക്ഷ നിലപാടെടുക്കാന്‍ ഒരുപക്ഷെ പാര്‍ട്ടികള്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമായിരിക്കും. എന്നാല്‍ രാഷ്ട്രീയാധികാരം പങ്കിടുക എന്ന വിഷയത്തില്‍ അതു പ്രതീക്ഷിക്കാനാവില്ല എന്നാണ് ഇത്രയും കാലത്തെ അനുഭവം സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് ലിംഗ സമത്വം, വനിതാ സംവരണ ബില്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യകിച്ചും. സത്യത്തില്‍ ഇതു രണ്ടും പരസ്പര ബന്ധതിമാണ്. പാര്‍ട്ടികള്‍ക്കകത്ത് ലിംഗ സമത്വമുണ്ടെങ്കില്‍ വനിതാ സംവരണ ബില്ലിന്റെ ആവശ്യമില്ല.
ഇക്കാര്യത്തില്‍ പക്ഷെ നമ്മുടെ വനിതാ സംഘടനകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും പറ്റുന്ന ഒരു തെറ്റ് ചൂണ്ടികാട്ടാതെ വയ്യ. ബില്‍ പാസ്സാകാത്ത വിഷയത്തില്‍ ലാലു പ്രസാദ് യാദവിനേയും മറ്റും കുറ്റപ്പെടുത്തി കൈ കഴുകുകയാണവര്‍. സത്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വളരെ ഗൗരവപരമായ വിഷയമാണ് ലാലുവും മറ്റും ഉന്നയിക്കുന്നത്. സ്ത്രീകളെ പോലെ തന്നെ സഹസ്രാബ്ദങ്ങളായി അധികാരകേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് സ്ത്രീസംവരണത്തില്‍ സംവരണം വേണമെന്നതാണത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ബില്‍ പാസ്സായാല്‍ ജയിച്ചുവരുന്നവരില്‍ തങ്ങളുടെ പ്രതിനിധികള്‍ ഉണ്ടാകില്ല എന്ന ചൂഷിതവിഭാഗങ്ങളുടെ ഭീതി അസ്ഥാനത്തല്ല. അതിനാല്‍ തന്നെ ആ രീതിയിലാണ് ബില്‍ നടപ്പാക്കേണ്ടത്. കാതലായ ഈ വിഷയത്തോട് പുറംതിരിഞ്ഞുനിന്ന് തങ്ങള്‍ ബില്‍പാസ്സാക്കാന്‍ ശ്രമിക്കുന്നവരാണെന്നവകാശപ്പെടുന്ന പ്രസ്ഥാനങ്ങളാണ് ബില്ലിനെ തുരങ്കം വെക്കുന്നത്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply