സ്റ്റാലിന്‍ കാലത്തെ സിനിമയും കലയും
ഹരിദാസ് സോഷ്യലിസ്റ്റ് കാലഘട്ടത്തിലാണ് സോവിയറ്റ് യൂണിയനിലെ സിനിമയടക്കമുള്ള കലാരൂപങ്ങള്‍ ഉന്നതനിലവാരത്തിലെത്തിയതെന്നും അതിനുശേഷം ജീര്‍ണ്ണതയുമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തോടുള്ള പ്രതികരണം. തൃശൂരിവ് പ്രൊഫ വി അരവിന്ദാക്ഷനെ ആദരിച്ച ചടങ്ങിലായിരുന്നു പിണറായി ഈ നിരീക്ഷണം നടത്തിയത് പിണറായി വിജയന്‍ വാഴ്ത്തുന്ന ‘സോഷ്യലിസ്റ്റ്’ കാലംപോലെ മനുഷ്യസ്വാതന്ത്ര്യത്തിന് ഇത്രയേറെ വിലക്കുകളുണ്ടായിരുന്ന സമൂഹങ്ങള്‍ ചരിത്രത്തില്‍ വിരളമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞാല്‍ ഇരുണ്ട കാലമെന്ന് പിന്നീട് വിളിക്കപ്പെട്ട മധ്യകാലയൂറോപ്പിലെ കത്തോലിക്കാസഭയോ ജര്‍മ്മനിയിലെ നാസിസമോ ആണ് സ്വതന്ത്രചിന്തയെ ഇത്രയേറെ ഭയന്നിട്ടുള്ളത്. സ്വയം തകര്‍ന്നടിയുന്നതുവരെ […]
ഹരിദാസ്
സോഷ്യലിസ്റ്റ് കാലഘട്ടത്തിലാണ് സോവിയറ്റ് യൂണിയനിലെ സിനിമയടക്കമുള്ള കലാരൂപങ്ങള്‍ ഉന്നതനിലവാരത്തിലെത്തിയതെന്നും അതിനുശേഷം ജീര്‍ണ്ണതയുമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തോടുള്ള പ്രതികരണം. തൃശൂരിവ് പ്രൊഫ വി അരവിന്ദാക്ഷനെ ആദരിച്ച ചടങ്ങിലായിരുന്നു പിണറായി ഈ നിരീക്ഷണം നടത്തിയത്
പിണറായി വിജയന്‍ വാഴ്ത്തുന്ന ‘സോഷ്യലിസ്റ്റ്’ കാലംപോലെ മനുഷ്യസ്വാതന്ത്ര്യത്തിന് ഇത്രയേറെ വിലക്കുകളുണ്ടായിരുന്ന സമൂഹങ്ങള്‍ ചരിത്രത്തില്‍ വിരളമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞാല്‍ ഇരുണ്ട കാലമെന്ന് പിന്നീട് വിളിക്കപ്പെട്ട മധ്യകാലയൂറോപ്പിലെ കത്തോലിക്കാസഭയോ ജര്‍മ്മനിയിലെ നാസിസമോ ആണ് സ്വതന്ത്രചിന്തയെ ഇത്രയേറെ ഭയന്നിട്ടുള്ളത്. സ്വയം തകര്‍ന്നടിയുന്നതുവരെ തോക്കിന്റെയും പട്ടാളത്തിന്റെയും ശക്തികൊണ്ടും, ടാങ്കുരുട്ടിയും, തടവറകള്‍ നിര്‍മ്മിച്ചും കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും, നുണ പ്രചരിപ്പിച്ചും ഹെററ്റിക്കുകളെ വേട്ടയാടിയുമാണ് എല്ലാ സോഷ്യലിസ്റ്റു സ്‌റ്റേറ്റുകളും നിലനിന്നിരുന്നത്. അല്ലാതെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മഹത്വംകൊണ്ടൊന്നുമായിരുന്നില്ല.
ഒക്ടോബര്‍ വിപ്ലവത്തിന്റെ നാളുകളില്‍തന്നെ ‘രാഷ്ട്രീയമായി ശരിയല്ലെ’ന്ന കാരണത്താല്‍ ആയിരക്കണക്കിന് പുസ്തകങ്ങളും, ജേണലുകളും ലൈബ്രറികളില്‍നിന്ന് ശേഖരിച്ച് നശിപ്പിക്കപ്പെട്ടു. സംശയത്തിന്റെയും സെന്‍സര്‍ഷിപ്പിന്റെയും പാരനോയിക് അവസ്ഥയിലേക്ക് പിന്നീടത് വളര്‍ന്നു. ഭിന്നാഭിപ്രായങ്ങളെല്ലാം അടിച്ചമര്‍ത്തിയിരുന്ന, സംശയത്തിന്റെ പേരില്‍ ആരെ വേണമെങ്കിലും അറസ്റ്റു ചെയ്യപ്പെടാമെന്ന പദ്ധതിയ്ക്ക് സ്റ്റാലിന്‍ തുടക്കം കുറിച്ചു. ‘സോഷ്യലിസ്റ്റ്’ റിയലിസം സ്‌റ്റേറ്റിന്റെ ഔദ്യോഗിക നയമാക്കി മാറ്റി. അതില്‍നിന്ന് വ്യതിചലിക്കുന്നവരെല്ലാം കഠിന ശിക്ഷകള്‍ക്ക് വിധേയമായി. സാഹിത്യം കല, സിനിമ, സംഗീതം എന്നിവയുടെ ദൗത്യം ‘സോഷ്യലിസം’ കെട്ടിപ്പടുക്കുന്നതിനുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതുമാത്രമായി. വ്യക്തിനിഷ്ഠമായ ചിന്തകള്‍, ആശയങ്ങള്‍, കലാസാഹിത്യ പരീക്ഷണങ്ങള്‍, എന്നിവയൊക്കെ കമ്യൂണിസത്തിനും, സോഷ്യലിസ്റ്റ് റിയലിസത്തിനും എതിരാണെണും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെല്ലാം ‘ജനങ്ങളുടെ ശത്രുക്കളാ’ണെന്നും സ്റ്റാലിന്‍ പ്രചരിപ്പിച്ചു. വിജ്ഞാനം, ശാസ്ത്രം, കല, തുടങ്ങിയ മേഖലയിലെല്ലാം അതുണ്ടാക്കിയ പ്രതിസന്ധി വലുതായിരുന്നു. തങ്ങളുടെ ചിന്തയും സ്വകാര്യമായ ഭാവനപോലും പാര്‍ട്ടിയ്ക്ക് എതിരാകുമോയെന്ന ഭീതി കലാകാരന്മാരെയും എഴുത്തുകാരെയും സമ്മര്‍ദ്ധത്തിലാക്കി. മയക്കോവ്‌സ്‌കി, മറിയ സെവ്‌തെവ, പാവ്‌ലോ ലാഷ്വില്ലി എന്നീ കവികളൊക്കെ ആത്മഹത്യയിലഭയം പ്രാപിച്ചു. കവിയായ തിറ്റ്‌സിയന്‍, നാടകകൃത്തായിരുന്ന ഐസക് ബാബേല്‍, നോവലിസ്റ്റായിരുന്ന ബോറിസ് പ്ലിന്‍യാക്ക് തുടങ്ങി നിരവധി എഴുത്തുകാരും ചിന്തകരും വിചാരണയ്ക്കു വിധേയമായി വധിക്കപ്പെട്ടു. ഇവാനോവ്വ് സമ്യാറ്റിന്‍ നാടുകടത്തപ്പെട്ടു. സംഗീതജ്ഞനായ ഷോസ്‌റ്റോക്കോവിച്ചിന് തന്റെ മാസ്റ്റര്‍ പീസായ ‘ഫോര്‍ത്ത് സിംഫണി’ പിന്‍വലിക്കേണ്ടിവന്നു. അടിച്ചമര്‍ത്തലുകളെ അനുകൂലിക്കാതിരുന്നതിന് പാസ്റ്റര്‍നാക്കിന്റെയും മിഖായില്‍ ബുള്‍ഗക്കോവിന്റെയും കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ചിത്രകലയിലും ശില്പകലയിലും രൂപത്തിനും ഉള്ളടക്കത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. അബ്ട്രാക്ട്, സര്‍റിയലിസ്റ്റ്, എക്‌സ്പ്രഷനിസ്റ്റ് സങ്കേതങ്ങളെല്ലാം നിരോധിച്ചു. മതപരമായ കാര്യങ്ങളോ ലൈംഗികതയോ ചിത്രീകരിക്കുന്നതിനും വിലക്കുവന്നു. തൊഴിലാളിവര്‍ഗ്ഗത്തിന് പ്രയോജനപെടാത്തതെന്നോ, പ്രതിവിപ്ലവകരമെന്നോ ആരോപിച്ച് കലയിലെ പരീക്ഷണങ്ങള്‍ക്കുപോലും അനുവാദമുണ്ടായിരുന്നില്ല. സോവിയറ്റ് ചരിത്രംതന്നെ മാറ്റിയെഴുതാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ പഴയകാല ചരിത്രപുസ്തകങ്ങള്‍പോലും ലൈബ്രറികളില്‍നിന്ന് അപ്രത്യക്ഷമായി. വൈരുദ്ധ്യാത്മക ഭൗതികവാദത്തിനെതിരാണെന്ന കാരണത്താല്‍ ജനറ്റിക് സയന്‍സ് ആയി ബദ്ധപ്പെട്ട ശാസ്ത്രഗവേണങ്ങളെല്ലാം വിലക്കി. ലൈസന്‍ങ്കോയിസം എന്ന് പിന്നീട് വിളിക്കപ്പെട്ട ഈ ശാസ്ത്രവിരുദ്ധത ജീവശാസ്ത്രഗവേഷണങ്ങളെയും കാര്‍ഷികമേഖലയും മുരടിപ്പിച്ചു. 1934ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കിറോവിനെ വധിച്ചുകൊണ്ടാരംഭിച്ച ശുദ്ധീകരണപ്രക്രിയയില്‍ നാലുകൊല്ലം കൊണ്ട് കേന്ദ്രകമ്മിറ്റിയിലെ 15 പേരൊഴികെ മറ്റെല്ലാവരും വധിക്കപ്പെട്ടു. രാജദ്രോഹവും, കമ്യൂണിസ്റ്റു വിരുദ്ധതയും ആരോപിച്ച് ചെറിയ കാലയളവില്‍ മാത്രം സ്റ്റാലിന്‍ കൊന്നൊടുക്കിയത് 7080 ലക്ഷം മനുഷ്യരെയായിരുന്നു. 1956 ക്രൂഷ്‌ചേവ് ഡീ സ്റ്റാലിനേഷന്‍ ആരംഭിക്കുമ്പോള്‍ 50 ലക്ഷത്തിലേറെ ആളുകള്‍ സൈബീരിയന്‍ തടങ്ങള്‍ പാളയങ്ങളില്‍ അവശേഷിച്ചിരുന്നു. ഇത്രയും ഭീതീതമായ, മനുഷ്യവിരുദ്ധമായ ഒരു സാമൂഹ്യഘടനയെയാണ് സര്‍ഗ്ഗാത്മകചിന്തകള്‍ നിറഞ്ഞ, സിനിമയും, സംഗീതവും സാഹിത്യവും പൂത്തുലഞ്ഞ കാലഘട്ടമായി സി.പി.എം. പാര്‍ട്ടി സെക്രട്ടറി വാഴ്ത്തുന്നത്.
സിനിമ വെറും പ്രചരണ ദൗത്യം നിര്‍വ്വഹിക്കാനുള്ളതെന്നായിരുന്നു കമ്യൂണിസ്റ്റു പാര്‍ട്ടി കരുതിയിരുന്നത്. അങ്ങനെയല്ലാത്ത സിനിമകളെല്ലാം കണ്ടുകെട്ടുകയോ പ്രദര്‍ശനത്തിനു വിലക്കേര്‍പ്പെടുത്തുകയോ ചെയ്തു. സിനിമാ നിര്‍മ്മാണവും നിയന്ത്രണവും മുഴുവന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കുത്തകയായിരുന്നു. ‘സോഷ്യലിസ്റ്റ്’ റിയലിസം എത്രമാത്രം സിനിമയിലുണ്ട് എന്ന് പരിശോധിച്ച് അനുമതി നല്‍കല്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കാര്യമായിരുന്നു. പ്രതിഭാധനരായ സംവിധായകരും കലാകാരന്മാരും നിശബ്ദരാവുകയോ നാടുവിട്ടുപോകുകയോ ചെയ്തു. പടിഞ്ഞാറുമായുള്ള സിനിമാ ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിക്കുകയും, മുതലാളിത്ത ആശയം പ്രചരിപ്പിക്കുന്ന ഭയത്താല്‍ പാശ്ചാത്യസിനിമളെ മുഴുവന്‍ നിരോധിക്കുകയും ചെയ്തു. ബാറ്റില്‍ ഷിപ്പ് പോറ്റംകിന്റെ സംവിധായകനും മൊണ്ടാഷ് സിനിമാ സങ്കേതത്തിന്റെ ഉപജ്ഞാതാവുമായിരുന്ന ഐസന്‍സ്റ്റീനുതന്നെ തുടങ്ങിവെച്ച പല സിനിമകളും സെന്‍സര്‍ഷിപിന്റെ പേരില്‍ ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ Bezhin Meadow നിര്‍മ്മാണത്തിന്റെ ഇടയില്‍തന്നെ ഔദ്യോഗികമായി നിരോധിക്കപ്പെട്ടു. ആ സിനിമയ്ക്ക് അനുമതി നല്‍കിയ ബോറിസ് ഷംയാറ്റ്‌സ്‌കിയെ പിന്നീട് അറസ്റ്റു ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ച് ഫയറിങ്ങ് സ്‌ക്വാഡിനു മുന്നിലേക്ക് പറഞ്ഞയച്ചു. ‘ഇവാന്‍ ദ ടെറിബിളി’ന്റെ രണ്ടാം ഭാഗം 1948 ല്‍ പൂര്‍ത്തിയാക്കിയെങ്കിലും സ്റ്റാലിന്റെ മരണശേഷം 1958 ലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. സിനിമ ഒരു കലാരൂപമെന്ന നിലയില്‍ ലോകവ്യാപകമായി 30 കളിലും 40 കളിലും വലിയ കുതിപ്പുകള്‍ നടത്തിയ കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കടുത്ത നിയന്ത്രണം മൂലം സോവിയറ്റ് യൂണിയനില്‍ സിനിമാ നിര്‍മ്മാണം ഒരു കലാപ്രവര്‍ത്തനമേ അല്ലാതായി മാറിയത്. സോവിയറ്റ് ഫിലിം കാറ്റലോഗ് പരിശോധിച്ചാല്‍, ആ കാലത്ത് സോവിയറ്റ് യൂണിയനില്‍ പുറത്തിറങ്ങിയ സിനിമകള്‍ എണ്ണംകൊണ്ടും വിഷയപരമായും എത്ര ദരിദ്രമായിരുന്നു എന്നു ബോധ്യമാകും.
‘മാന്‍ വിത്ത് എ മൂവി ക്യാമറ’എന്ന പരീക്ഷണസിനിമ സംവിധാനം ചെയ്ത വെര്‍ടോവ്, സോഷ്യലിസ്റ്റ് റിയലിസം സ്‌റ്റേറ്റിന്റെ നയമാക്കിയശേഷം വ്യക്തിപരമായ കലാപരീക്ഷണങ്ങള്‍ ഏറെക്കുറെ അവസാനിപ്പിച്ച്, സോവിയറ്റ് ന്യൂസ് റീലിന്റെ എഡിറ്ററായി ജോലി ചെയ്യുകയാണ് ചെയ്തത്. 1940 56 കാലത്ത് സിനിമകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ഇരുപതില്‍ താഴെ സിനിമകളാണ് ഒരു വര്‍ഷം ശരാശരി ആ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. അതില്‍ തന്നെ ഭൂരിഭാഗം സ്‌റ്റേജ് അവതരണങ്ങളുടെ സിനിമാ രൂപങ്ങളോ, കുട്ടികള്‍ക്കുവേണ്ടിയുള്ള ചെറു ചിത്രങ്ങളോ, പ്രചരണ സിനിമകളോ ആയിരുന്നു. ഒരു വര്‍ഷം 400നും 500 നും ഇടയില്‍ സിനിമകള്‍ ഹോളിവുഡില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന കാലമായിരുന്നു അത്. സിനിമകള്‍ കമ്യൂണിസ്റ്റ് ആശയത്തെയും സോവിയറ്റ് സോഷ്യലിസത്തെയും നിര്‍ബന്ധമായും പ്രമോട്ട് ചെയ്യുന്നതായിരിക്കണമെന്ന 1948ലെ സോവിയറ്റ് കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് പാസാക്കിയ പ്രമേയം സിനിമ എന്ന കലാരൂപത്തിനുമേല്‍ അടിച്ചുകയറ്റുന്ന അവസാന ആണിയായിത്തീര്‍ന്നു.
സ്റ്റാലിന്റെ മരണവും ക്രൂഷ്‌ചേവ് ആരംഭിച്ച ഡിസ്റ്റാലിനേഷനുമാണ് നിരവധി കലാകാരന്മാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ആശ്വാസമായത്. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സങ്കുചിത മതിലുകളെ ഭേദിച്ച് കലാകാരന്മാര്‍ കുറച്ചൊക്കെ ധൈര്യത്തോടെ സൃഷ്ടികളിലേര്‍പ്പെടാന്‍ ആരംഭിക്കുന്നത് അതിനുശേഷമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതിനുശേഷമാണ് സോവിയറ്റ് സിനിമകള്‍ക്ക് പതുക്കെ ജീവന്‍വെക്കാന്‍ തുടങ്ങുന്നത്. 1960 കളിലാണ് വിശ്വോത്തര സംവിധായകനായ താര്‍ക്കോവ്്‌സ്‌കിയും, പരാന്‍ജനോവും സിനിമകള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുന്നത്.ts alkerനു ശേഷം പീറ്റര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം ചിത്രീകരിക്കുന്ന ‘ദ ഫസ്റ്റ് ഡെ’ എന്ന സിനിമ സ്‌റ്റേറ്റിന്റെ ഇടപെടല്‍ മൂലം നിര്‍ത്തിവെക്കപ്പെട്ടു. സര്‍ഗ്ഗാത്മക രംഗത്തുള്ള സ്‌റ്റേറ്റിന്റെ സെന്‍സര്‍ഷിപ്പുകളെയും വിലക്കുകളെയും ഒട്ടും അംഗീകരിക്കാന്‍ കഴിയാതിരുന്ന താര്‍ക്കോവ്‌സ്‌കി ചിത്രീകരിച്ചിടത്തോളം ഭാഗങ്ങള്‍ നശിപ്പിക്കുകയും ആ പദ്ധതി തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീടുള്ള അദ്ദേഹത്തിന്റെ അവസാനകാലത്തെ സിനിമകളായ ‘നൊസ്റ്റാള്‍ജിയ’ ഇറ്റലിയിലും ‘ദി സാക്രിഫൈസ്’ സ്വീഡനിലുമാണ് ചിത്രീകരിച്ചത്. താന്‍ ഇനിയൊരിക്കലും ജന്മനാട്ടിലേക്കിലെന്ന് പ്രഖ്യാപിച്ച അദ്ദേഹം 1986 ഡിസംബറില്‍ പാരീസില്‍ വെച്ച് മരിക്കുന്നതുവരെ സോവിയറ്റ് യൂണിയനിലേക്ക് തിരിച്ചുവന്നില്ല. ‘നൊസ്റ്റാള്‍ജി’യക്ക് പാം ഡിഓര്‍ പുരസ്‌കാരം ലഭിക്കുന്നത് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയും, രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകന് വിസ നിഷേധിച്ചും സോവിയറ്റ് ഭരണകൂടം അവസാനകാലഘട്ടത്തില്‍ ലോകസിനിമാ ചരിത്രത്തിലെ അസാധാരണ പ്രതിഭയായ അദ്ദേഹത്തെ ദ്രോഹിക്കുകയാണ് ചെയ്തത്.
1954 ല്‍ സിനിമാ നിര്‍മ്മാണം ആരംഭിച്ചെങ്കിലും 1964 ല്‍ നിര്‍മ്മിച്ച ‘ഷാഡോസ് ഓഫ് ഫോര്‍ഗോട്ടന്‍ ആന്‍സെസ്‌റ്റേഴ്‌സ്’ നുശേഷം തന്റെ മുന്‍ സിനിമകളെയെല്ലാം പരാന്‍ജനോവ് തള്ളിക്കളഞ്ഞു. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ചട്ടക്കൂടുകളെ ഭേദിച്ച അദ്ദേഹം ഔദ്യോഗിക കമ്യൂണിസ്റ്റ് നേതൃത്വത്തിന് എന്നും കരടായിരുന്നു. 1965 മുതല്‍ 1973 വരെ അദ്ദേഹത്തിന്റെ സിനിമാ പദ്ധതികളെല്ലാം സര്‍ക്കാര്‍ നിരോധിച്ചു. സ്വവര്‍ഗ്ഗ ലൈംഗിക കുറ്റം ആരോപിച്ചും മറ്റും അദ്ദേഹത്തെ പലപ്പോഴും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. രാഷ്ട്രീയാന്തരീക്ഷത്തിന് അയവുവന്നതിനുശേഷമാണ് പരാന്‍ജനോവ് പല സിനിമകളും നിര്‍മ്മിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷമാണ് രണ്ടു ദശകങ്ങളുടെ അടിച്ചമര്‍ത്തലിനുശേഷം, അദ്ദേഹത്തിന്റെ സിനിമകള്‍ വിദേശ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പഴയ സെന്‍സര്‍ഷിപ്പിന്റെ പേരിലുള്ള വിലക്കുകളെല്ലാം നീങ്ങിയ വര്‍ത്തമാന റഷ്യന്‍ സിനിമാലോകം ആന്ദ്രെ സ്യാഗിന്‍സെവ്, അലക്‌സാണ്ടര്‍ സുകുറോവ് തുടങ്ങിയ നിരവധി പുതിയ സംവിധായകരെകൊണ്ട് ഇന്ന് സമ്പന്നമാണ്.
സോവിയറ്റ് യൂണിയന്‍ ചരിത്രമായി മാറികഴിഞ്ഞിട്ടും ഇപ്പോഴും ഒരു ചളിപ്പുമില്ലാതെ സോവിയറ്റ് സ്വര്‍ഗ്ഗത്തെക്കുറിച്ച് പ്രസംഗിക്കണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചരിത്രബോധത്തെക്കുറിച്ച് സഹതപിക്കുകയേ വഴിയുള്ളു. കമ്പോഡിയയിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും കൊന്നുകളഞ്ഞ പോള്‍ പോട്ടിനെ മരണംവരെ ഇ.എം.എസ്. ന്യായീകരിച്ചിരുന്നു. ജനാധിപത്യത്തിന്റെ പേരിലും കൊള്ളരുതായ്മകളും പീഡനങ്ങളും നടക്കുന്നുണ്ടെങ്കിലും പരീക്ഷിക്കപ്പെട്ട സോഷ്യലിസത്തില്‍നിന്നുള്ള പ്രധാനവ്യത്യാസം ‘സോഷ്യലിസ്റ്റ്’ സമൂഹങ്ങള്‍ക്ക് സ്വയം തിരുത്താനുള്ള ഒരു മെഷിനറി തന്നെതന്നെ ഉണ്ടായിരുന്നില്ല എന്നതാണ്. ജനാധിപത്യത്തിന്റെയും സ്വാതന്ത്രത്തിന്റെയും കാര്യത്തിലാണ് സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ ഏറ്റവും കുടുതല്‍ പ്രതിലോമകരമായത്. വ്യക്തിയും സമൂഹവുമായുള്ള വ്യവഹാരങ്ങളിലെല്ലാം ഏറിയും കുറഞ്ഞും സ്വാതന്ത്ര്യത്തിന്റെ തലമുണ്ട്. കലയും സംഗീതവും, സാഹിത്യവുമെല്ലാം സ്വാതന്ത്ര്യത്തിന്റെ പ്രകാശനങ്ങളാകുന്നത് അതുകൊണ്ടാണ്. അതിന്റെ അഭാവത്താല്‍ എല്ലാ ജൈവികതയും നഷ്ടപ്പെട്ട ഉള്ളു പൊള്ളയായ സമൂഹങ്ങളായി അവ മാറുന്നു. അന്യവല്‍ക്കരണത്തെക്കെക്കുറിച്ച് ഏറെ സംസാരിച്ച മാര്‍ക്‌സിന്റെ അനുയായികളെന്ന് അവകാശപ്പെട്ടവര്‍ എത്തിപ്പെട്ട ഭീകരമായ ദുരന്തങ്ങളായി എല്ലാ സോഷ്യലിസ്റ്റു വ്യവസ്ഥകളും പരിണമിച്ചു. എയ്ഡ്‌സ് ശരീരത്തിന്റെ പ്രതിരോധശേഷിയെ ഇല്ലാതാക്കി രോഗങ്ങളോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷിയെ നശിപ്പിക്കുന്നതുപോലെയായിരുന്നു സമൂഹത്തിന്റെ സ്വാഭാവികമായ പ്രതികരണശേഷിയെ ഇല്ലാതാക്കല്‍. പൗരസ്വാതന്ത്ര്യത്തിന്റെയും വിമര്‍ശിക്കാനുള്ള അവകാശത്തിന്റെയോ അഭാവത്തില്‍ സ്വയം നവീകരിക്കാനും, തിരുത്താനുമുള്ള സമൂഹത്തിന്റെ ജൈവസ്വഭാവംതന്നെയാണ് നഷ്ടമാകുക. പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് രാഷ്ട്രീയപരീക്ഷണങ്ങളിലെ സമൂഹം ഈ മരവിപ്പിനെ നേരിട്ടുജീവിച്ചു. ഒരു ചെറിയ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ എല്ലാ സോഷ്യലിസ്റ്റു സ്‌റ്റേറ്റുകളെയും ജനങ്ങള്‍തന്നെ വലിച്ചെറിഞ്ഞു. നേതാക്കളുടെ പ്രതിമകളെല്ലാം തല്ലിത്തകര്‍ത്തു. പഴയ രൂപത്തിലുള്ള ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയും അവിടങ്ങളിലെങ്ങും ഇന്ന് നിലനില്‍ക്കുന്നില്ല. നമുക്കിപ്പോഴും പുനരാലോചനകളൊന്നുമില്ലാതെ അലസമായി അതേ കമ്യൂണിസംതന്നെ പറയാം. പരീക്ഷിക്കപ്പെട്ട അതേ സോഷ്യലിസ്റ്റ് റിയലിസം മഹത്താണെന്നു പറയാം. സോഷ്യലിസ്റ്റു പരീക്ഷണങ്ങളുടെ ‘ഭാഗ്യം’ അനുഭവിക്കാന്‍ നമ്മുടെ സമൂഹത്തിന് ഇടവന്നിട്ടില്ലല്ലോ.
ലോകത്താകെ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയുടെ കാരണങ്ങള്‍ മനസ്സിലാക്കാനോ, അവയ്ക്കനുസരിച്ച് പാര്‍ട്ടി പരിപാടികള്‍ തിരുത്താനോ ശ്രമിക്കാത്ത ലോകത്തെ അവശേഷിക്കുന്ന ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറിയില്‍നിന്ന് കലാസാഹിത്യത്തെക്കുറിച്ച് വേറെന്തു പ്രതീക്ഷിക്കാന്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in