സുപ്രിംകോടതിയും ദളിതര്‍ക്കെതിരാകുമ്പോള്‍…

സ്ഥിരം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ നഷ്ടപ്പെടുത്തുന്ന കേന്ദ്രനീക്കത്തിനെതിരെ സംഘടിത വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ പൊതുമണിമുടക്ക് നടന്നപ്പോള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടന്നത് ദുര്‍ബ്ബലരുടേയും തലമുറകളായി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരുടേയും നേതൃത്വത്തില്‍ ഭാരത് ബന്ദായിരുന്നു. പട്ടികജാതി/വര്‍ഗ പീഡന നിയമത്തിന്റെ ദുരുപയോഗം തടയാനായി കഴിഞ്ഞ 20-നു പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി മുന്നോട്ടുവച്ച നിബന്ധനകള്‍ ഈ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നും പട്ടികവിഭാഗക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമാണെന്നും ആരോപിച്ചായിരുന്നു വിവിധ ദളിത് – ആദിവാസി സംഘടനകള്‍ ബന്ദിനാഹ്വാനം ചെയ്തത്. ഈ വിധി പട്ടികവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ […]

bb

സ്ഥിരം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ നഷ്ടപ്പെടുത്തുന്ന കേന്ദ്രനീക്കത്തിനെതിരെ സംഘടിത വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ പൊതുമണിമുടക്ക് നടന്നപ്പോള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടന്നത് ദുര്‍ബ്ബലരുടേയും തലമുറകളായി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരുടേയും നേതൃത്വത്തില്‍ ഭാരത് ബന്ദായിരുന്നു. പട്ടികജാതി/വര്‍ഗ പീഡന നിയമത്തിന്റെ ദുരുപയോഗം തടയാനായി കഴിഞ്ഞ 20-നു പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി മുന്നോട്ടുവച്ച നിബന്ധനകള്‍ ഈ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നും പട്ടികവിഭാഗക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമാണെന്നും ആരോപിച്ചായിരുന്നു വിവിധ ദളിത് – ആദിവാസി സംഘടനകള്‍ ബന്ദിനാഹ്വാനം ചെയ്തത്. ഈ വിധി പട്ടികവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നു വാദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതുപോര, നിയമനിര്‍മ്മാണം തന്നെ അനിവാര്യമാണെന്നാണ് സമരക്കാരുടെ ആവശ്യം. ഉത്തരേന്ത്യയില്‍ പലയിടത്തും ബന്ദിനെ സര്‍ക്കാരുകള്‍ നേരിട്ടത് ചോരചീന്തിയായിരുന്നു. 12 ഓളം പേര്‍ ഇതിനകം മരണപ്പെട്ടു കഴിഞ്ഞു. ബന്ദിനുശേഷവും നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയ ഉത്തരവ് തടയാനാകില്ലെന്ന നിലപാടിലാണ് സുപ്രീം കോടതി. ഉത്തരവ് തടയണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഉത്തരവ് പുനഃപരിശോധിക്കണമോയെന്നു പത്തുദിവസം കഴിഞ്ഞ് തീരുമാനിക്കാമെന്നും കോടതി പറയുന്നു. തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ ഉത്തരവ് വായിച്ചിട്ടു പോലുമില്ലെന്നും സമരത്തിനു പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും ആരോപിക്കാനും ദളിത് ജഡ്ജിമാരൊന്നുമില്ലാത്ത സുപ്രീംകോടതി മടിച്ചില്ല.
ഏറെ കാലത്തെ ആവശ്യങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം പാസ്സാക്കിയ നിയമത്തില്‍ വെളളം ചേര്‍ക്കുന്ന കോടതിവിധി ജനാധിപത്യ സംവിധാനത്തിനും സാമൂഹ്യനീതി എന്ന മഹത്തായ ആശയത്തിനും കളങ്കമാണെന്ന കാര്യത്തില്‍ സംശയമില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടയുന്നതാണ് സുപ്രീം കോടതി ഉത്തരവ്. വാസ്തവത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ മുപ്പത് ശതമാനത്തോളം കേസുകള്‍ വിചാരണ ഘട്ടത്തിലേക്ക് പോലും എത്തുന്നില്ല. ദലിതര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ ഈ നിയമം ചുമത്താന്‍ പോലീസുദ്യോഗസ്ഥര്‍ വിമുഖത കാണിക്കുകയും സമ്മര്‍ദ്ദം ശക്തമാകുമ്പോള്‍ മാത്രം ചുമത്തുകയും ചെയ്യുന്നു. ഈ നിയമ പ്രകാരമുള്ള ശിക്ഷ നിരക്കാകട്ടെ വളരെ താഴ്ന്നതുമാണ്. ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം എത്രയോ തുച്ഛം. ഈ സ്ഥിതിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമനാധികാരിയുടെ അനുമതി നിര്‍ബന്ധമാക്കിയും സ്വകാര്യ വ്യക്തികളെ വിശദമായ അന്വേഷണത്തിന് ശേഷവും മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും മറ്റുമുള്ള മാര്‍ഗ രേഖ നിയത്തെ അട്ടിമറിക്കുന്നതല്ലാതെ മറ്റെന്താണ്? മഹാരാഷ്ട്രയിലെ ഒരു കേസില്‍ ഈ നിയമം ദുരുപയോഗം ചെയ്്തതാണ് ബഞ്ചിനെ ഇത്തരമൊരു വിധിയിലെത്തിച്ചത്. ഏതു നിയമമാണ് ഇന്ത്യയില്‍ ദുരുപയോഗം ചെയ്യാത്തത്? എന്നുവെച്ച് അതില്‍ വെള്ളം ചേര്‍ക്കുകയാണോ പതിവ്? തീര്‍ച്ചയായും ദളിത് ആദിവാസി സംഘടനകളുടെ ആശങ്ക ന്യായമാണ്. ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തിന് കീഴില്‍ ദളിത് ജനവിഭാഗങ്ങളുടെ അതിജീവനം തന്നെ ചോദ്യചിഹ്നമാകുന്ന കാലഘട്ടത്തിലാണ് കോടതിയുടെ ഇത്തരം ഇടപെടലുകളെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. രാജ്യത്തെങ്ങും ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോഴാണ് ഈ നീക്കം. കോടതികളില്‍ അവശേഷിക്കുന്ന വിശ്വാസം കൂടി ഇതു നഷ്ടപ്പെടുത്തും. ഖൈര്‍ലാഞ്ചി കൂട്ടക്കൊലയില്‍ പട്ടികജാതി പട്ടികവര്‍ഗ നിരോധന നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ പ്രതികള്‍ക്കെതിരെ
ഈ നിയമം ചുമത്തിയില്ല എന്ന് ആരോപണമുണ്ട്. ജാതിയെ കേസില്‍ നിന്നും ഒഴിവാക്കി പ്രതികള്‍ക്ക് ശിക്ഷ ഇളവ് ചെയ്ത് കൊടുക്കുകയാണ് ഉണ്ടായത്.
നുറ്റാണ്ടുകളായുള്ള അടിമതത്വത്തി ന്റെയും സാമൂഹികമായ ഒറ്റപെടുത്തലി ന്റെയും കാലത്തു നിന്ന് ഒരു ജനതയെന്ന നിലയിലേക്ക് ദളിത് സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ഡോ . ബി .ആര്‍ . അംബേദ്ക്കറുടെ നിരന്തര പോരാട്ടത്തിലൂടെയാണ് . സവര്‍ണ സമൂഹങ്ങളില്‍ നിന്ന് വാര കണക്കിന് അകലം പാലിക്കേണ്ടിവന്ന ദളിത് സമൂഹം 1949 ലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം തൊട്ടുകൂടായ്മയും മറ്റു പല അനാചാരങ്ങളെയും നിയമം മൂലം നിരോധിച്ച നിയമത്തിലൂടെയാണ് പൊതുവഴികളില്‍ പോലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് . തുടര്‍ന്ന് ഭരണഘടനയില്‍ സംവരണം എഴുതിചേര്‍ത്തു. വിദ്യാഭ്യാസമേഖലയിലും സര്‍ക്കാര്‍ ജോലികളിലും വ്യാപകമായി സംവരണം നടപ്പാക്കിത്തുടങ്ങിയ 80 കളിലാണ് ദളിത് പീഡനം വ്യാപകമായതെന്നത് ശ്രദ്ധേയമാണ്. അതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി / പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കൊണ്ടുവന്നത്. നിയമപ്രകാരം പട്ടിക വിഭാഗത്തിനെതിരെ നടക്കുന്ന ഒരതിക്രമം സംബന്ധിച്ച കേസിന്റെ അന്വേഷണ ചുമതല ഒരു ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് മുതല്‍ മുകളിലോട്ട് റാങ്കുള്ള പോലീസുദ്യോഗസ്ഥന്‍ ആയിരിക്കണം. കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും വ്യവസ്ഥയുണ്ട്. ഈ നിയമം നിലവില്‍ വരും മുമ്പ് IPC യും Crpc യും നിലവിലുണ്ടെങ്കിലും തുടര്‍ച്ചയായി നടക്കുന്ന ദലിത് പീഢനങ്ങള്‍ അവസാനിപ്പിക്കാന്‍ അവ പര്യാപ്തമല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഇത്തരം ഒരു പ്രത്യേക നിയമം തന്നെ കൊണ്ടുവന്നത്. അതിലാണ് ഇപ്പോള്‍ വെള്ളം ചേര്‍ക്കുന്നത്. ഈ നിയമം ദലിതരല്ലാത്തവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന ഭയപ്പെടുന്നവര്‍ ജാതിവ്യവസ്ഥയുടെ ഭീകരത മനസിലാക്കാന്‍ മടിക്കുന്നവരാണെന്നതില്‍ സംശയമില്ല. രാജ്യത്തെ ബ്രാഹ്മണരോ മറ്റു സവര്‍ണരോ ദിവസം തോറും 10 പേര്‍ വീതം കൊല്ലപ്പെടുന്നില്ല. അവരുടെ വീടുകള്‍ തീവയ്ക്കപ്പെടുന്നില്ല. അവരുടെ സ്ത്രീകള്‍ മണിക്കൂര്‍ തോറും കൊല്ലപ്പെടുന്നില്ല’ അഥവാ ബലാല്‍സംഗം ചെയ്യപ്പെടുന്നില്ല. അത് ദലിതരുടെ മാത്രം അനുഭവമാണ്. എന്നാല്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ ഇതിനെതിരെയുള്ള മുറവിളികളും ശക്തമാണ്. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങളുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മേല്‍ജാതി വികാരങ്ങളുടെ പ്രതിഫലനമായേ കാണാന്‍ കഴിയൂ. ദളിതര്‍ നിയമം അന്യായമായി ഉപയോഗപ്പെടുത്തുന്നവരാണെന്ന മുന്‍വിധിയും ഇത് സൃഷ്ടിക്കുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഭീം ആര്‍മിയിലൂടെ യു.പി.യിലും മറ്റും നടന്ന ദളിത് മുന്നേറ്റങ്ങളാണ് ഇത്തരമൊരു നീക്കത്തിന് കാരണമായതെന്നു കരുതാവുന്നതാണ്. ജാതിയുടെ പേരില്‍ വിഭവാധികാരം കവര്‍ന്നെടുക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത, വിഭാഗങ്ങള്‍ക്കുനേരെയാണ് വീണ്ടും വീണ്ടും ഇത്തരം നീക്കങ്ങള്‍ നടക്കുന്നതും അതിനെതിരായ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കികൊല്ലുന്നതും. എന്നിട്ടും അതിനെതിരെ ശക്തമായ ഒരു പ്രതികരണവും പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്നില്ല എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളെ ശക്തിപ്പെടുത്തുന്നു. കേരളമാകട്ടെ പതിവുപോലെ ദളിതരുടെയേും ആദിവാസികളുടേയും പ്രശ്‌നങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply