ഷൈലജ ടീച്ചര്‍ക്കൊരു തുറന്ന കത്ത്
മാധ്യമശ്രദ്ധയും സെന്‍സേഷണലും ആകുമ്പോള്‍ മാത്രമാണ് നമ്മുടെ കരുതല്‍ പ്രവര്‍ത്തനക്ഷമം ആകുന്നതെങ്കില്‍ അതില്‍ എന്തോ പ്രശ്‌നമുണ്ട്. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി അങ്ങനെ ആണെന്ന് കരുതുന്നില്ല. ലക്ഷങ്ങള്‍ മുടക്കുന്നതിലെ കണക്കല്ല നമുക്ക് ആവശ്യം, അങ്ങനെ പറയുന്നതിലും എന്തോ ഒരു വലിയ പ്രശ്‌നമുണ്ട്. അട്ടപ്പാടിയിലെയും വയനാട്ടിലെയും സാധാരണക്കാരുടെയും തൊഴിലാളികളുടെയും കുഞ്ഞുങ്ങള്‍ക്ക് ഇതൊക്കെ ലഭ്യമാകുമ്പോഴേ, അതിനുള്ള സാഹചര്യം ഉണ്ടാകുമ്പോഴേ നമ്മള്‍ ‘ആരോഗ്യമുള്ള’ സമൂഹമായെന്ന് പറയാന്‍ കഴിയുകയുള്ളു.
കെ സന്തോഷ് കുമാര്‍
അട്ടപ്പാടിയില്‍ 2018 ല്‍ 15 കുഞ്ഞുങ്ങള്‍ പോഷക ആഹാരക്കുറവ് കൊണ്ടും അനാരോഗ്യം കൊണ്ടും ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ടും മരണമടഞ്ഞിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കനുസരിച്ച് 28 നവജാത ശിശുക്കള്‍ക്ക് മുകളില്‍ മരണപ്പെട്ടിട്ടുണ്ട്. 2017 ല്‍ 14 കുഞ്ഞുങ്ങളും, 16ല്‍ 9 കുഞ്ഞുങ്ങളും മരണപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കെങ്കിലും അനൗദ്യോഗിക കണക്ക് പ്രകാരം ഇതിന്റെ ഇരട്ടിയില്‍ മുകളില്‍ കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്. 2015 ല്‍ 14 കുഞ്ഞുങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണക്കില്‍ മരണപ്പെട്ടിട്ടുള്ളു. എന്നാല്‍ ആ വര്‍ഷം 40 കുഞ്ഞുങ്ങളില്‍ അതികം മരണപ്പെട്ടിട്ടുണ്ട് എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നത്. ‘വീട്ടില്‍ പ്രസവിച്ചു’, ‘അമ്മയുടെ അമിത മദ്യപാനം’, ‘മറ്റ് ആരോഗ്യ പ്രശ്‌നം’ തുടങ്ങിയ കാരണങ്ങള്‍ നിരത്തി സര്‍ക്കാരും ആരോഗ്യ വകുപ്പും പല കേസുകളും റിപ്പോര്‍ട്ട് ചെയ്യാതെ ഇരിക്കുകയും തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുകയുമാണ് ചെയ്യുന്നത്. ഇത് പലതും ആരോപണങ്ങള്‍ മാത്രമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്.
2012 ല്‍ KILA നടത്തിയ പഠന പ്രകാരം 81 കുഞ്ഞുങ്ങള്‍ 2010 – 12 കാലയളവില്‍ മരണപ്പെട്ടിട്ടുണ്ട്. 2013 ല്‍ ഇത് 63 ആയി. 2001ല്‍ അട്ടപ്പാടിയില്‍ 87 കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഐതിഹാസികമായ കുടില്‍കെട്ടി സമരം സെക്രട്ടറിയേറ്റിനു മുന്‍പില്‍ ആരംഭിക്കുന്നത്. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴും നിരവധി കുഞ്ഞുങ്ങള്‍ പോഷകക്കുറവ് കൊണ്ടും, അനാരോഗ്യം കൊണ്ടും, ആശുപത്രിയിലെ അനാസ്ഥകൊണ്ടും മരിക്കുന്നുവെങ്കില്‍ നമ്മള്‍ ഏത് ആരോഗ്യ കേരളത്തെക്കുറിച്ചും ‘കരുതലി’നെകുറിച്ചുമാണ് ഈ സംസാരിക്കുന്നത് ? ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഒന്നാം സ്ഥാനത്താണ് എന്ന് അവകാശപ്പെടുന്ന, ഹ്യൂമന്‍ ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്താണ് എന്ന് അഭിമാനം കൊള്ളുന്ന പുരോഗമന കേരളത്തിലാണ് ഇത് നടക്കുന്നത് എന്നത് നമ്മുടെ ഭരണകൂടത്തെ ഒട്ടും ലജ്ജിപ്പിക്കുന്നില്ലേ ?
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ മതിയാ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നു ആരോഗ്യ മന്ത്രി പറയുമ്പോഴും 2018 ഡിസംബറില്‍ രണ്ട് ആദിവാസി കുഞ്ഞുങ്ങള്‍ ചികിത്സ ലഭിക്കാതെ മരണപ്പെടുമ്പോള്‍ അവിടെ ആകെ ഉണ്ടായിരുന്ന രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാരില്‍ രണ്ടു പേരും അവിടെ ഇല്ലായിരുന്നു. ഒരാള്‍ ലീവിലും മറ്റൊരു ഡോക്ടര്‍ ട്രൈനിങ്ങിനായി പുറത്തും. ഇതാണ് അട്ടപ്പാടി.
നിരവധി കുഞ്ഞുങ്ങള്‍ക്ക് എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റലിലും അമൃതയിലും മറ്റ് പല മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലും സര്‍ക്കാര്‍ ചിലവില്‍ ചികിത്സ നല്‍കുന്നുണ്ട് എന്ന് മാധ്യമങ്ങളിലൂടെ അറിയുന്നു ; നല്ലത്. പക്ഷെ അതുകൊണ്ട് എങ്ങനെയാണ് ആരോഗ്യ കേരളത്തെ സംരക്ഷിക്കാന്‍ കഴിയുന്നത്. ഏത് സാധാരണക്കാരനാണ് ഇത്തരം മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ പ്രാപ്യമാകുന്നത് ? സര്‍ക്കാര്‍ ചിലവ് വഹിക്കുന്നു എന്നത് കൊണ്ട് മാത്രം ഈ പ്രശ്‌നത്തെ അഭിമുകീകരിക്കാതെ ഇരിക്കാന്‍ കഴിയുമോ ? ഒട്ടും ശുഭകരമായ സന്ദേശമല്ല ഇത് ഭൂരിപക്ഷ സാധാരണക്കാര്‍ക്ക് നല്‍കുന്നത് ? എന്‍ഡോസള്‍ ദുരിതബാധിതരായ കുഞ്ഞുങ്ങള്‍ക്ക് മംഗലാപാരത്തെ സ്വകാര്യ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ ഏര്‍പ്പാടാക്കുകയല്ല വേണ്ടത്, അത്യാധുനിക സൗകര്യമുള്ള മെഡിക്കല്‍ കോളേജ് കാസര്‍ഗോഡ് നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. 30,000 കോടിയ്ക്ക് അതിവേഗ പാത വിഭാവനം ചെയ്യുന്ന സര്‍ക്കാരിന് ഈ കാര്യത്തില്‍ നൂറോ നൂറ്റിയന്‍പതോ കോടി മുടക്കാന്‍ ഫണ്ടില്ല എന്നത് ഒരു വലിയ നുണയാണെന്ന കാര്യം മന്ത്രിയ്ക്ക് അറിവുള്ള കാര്യം ആണല്ലോ.
മാധ്യമശ്രദ്ധയും സെന്‍സേഷണലും ആകുമ്പോള്‍ മാത്രമാണ് നമ്മുടെ കരുതല്‍ പ്രവര്‍ത്തനക്ഷമം ആകുന്നതെങ്കില്‍ അതില്‍ എന്തോ പ്രശ്‌നമുണ്ട്. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി അങ്ങനെ ആണെന്ന് കരുതുന്നില്ല. ലക്ഷങ്ങള്‍ മുടക്കുന്നതിലെ കണക്കല്ല നമുക്ക് ആവശ്യം, അങ്ങനെ പറയുന്നതിലും എന്തോ ഒരു വലിയ പ്രശ്‌നമുണ്ട്. അട്ടപ്പാടിയിലെയും വയനാട്ടിലെയും സാധാരണക്കാരുടെയും തൊഴിലാളികളുടെയും കുഞ്ഞുങ്ങള്‍ക്ക് ഇതൊക്കെ ലഭ്യമാകുമ്പോഴേ, അതിനുള്ള സാഹചര്യം ഉണ്ടാകുമ്പോഴേ നമ്മള്‍ ‘ആരോഗ്യമുള്ള’ സമൂഹമായെന്ന് പറയാന്‍ കഴിയുകയുള്ളു.
ആരോഗ്യം സമം ആശുപത്രി, മരുന്ന് എന്ന് പറയുന്നതില്‍ വലിയ പ്രശ്‌നമുണ്ട്. പ്രത്യേകിച്ച് അട്ടപ്പാടിയുടെ കാര്യത്തില്‍. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കാനും വളരാനുമുള്ള ജീവിത സാഹചര്യം സൃഷ്ടിച്ചു കൊണ്ടേ ഇതിന് ശ്വാശതപരിഹാരം കാണാന്‍ കഴിയൂ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in