വ്യവസ്ഥാപിത സമൂഹം ഭയപ്പെടുന്നത് ‘അലൈംഗികതയുടെ’ സാന്നിധ്യത്തെ

കെ കെ ബാബുരാജ് വിപ്ലവകാലം, അസ്തിത്വവാദ കാലം എന്നിവപോലെ കേരളത്തില്‍ ഒരു പ്രണയകാലവും ഉണ്ടായിരുന്നു എന്നാണ് വിചാരിക്കുന്നത്. ‘രമണന്‍’ പോലുള്ള ഭാവഗാനങ്ങള്‍ ഉണ്ടാക്കിയ പൊതുവായ ആവേശം വിട്ടൊഴിഞ്ഞതിനു ശേഷം, പുരോഗമന ചിന്തയും സോഷ്യലിസ്റ്റ് സ്വപ്നങ്ങളും പൂത്തുലയുകയും, നിത്യഹരിത നായകന്റെ സിനിമകള്‍ നാട്ടിന്‍പുറത്തുകാരെയും നഗരവാസികളെയും ഒരേപോലെ ആകര്‍ഷിക്കുകയും ചെയ്ത സമയത്ത് ആയിരിക്കണം കേരളത്തിലെ പ്രണയകാലം. ഇപ്പോഴുത്തെ എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്ക് യുവത്വം തുടിച്ചുനിന്നപ്പോഴാണ് അത് തീവ്രവും സുരഭിലവും ആയിരുന്നെന്നു തോന്നുന്നു. സിവിക് ചന്ദ്രന്‍ മാഷൊക്കെ മേല്പറഞ്ഞ മൂന്നു കാലങ്ങളുടെയും […]

vvv

കെ കെ ബാബുരാജ്

വിപ്ലവകാലം, അസ്തിത്വവാദ കാലം എന്നിവപോലെ കേരളത്തില്‍ ഒരു പ്രണയകാലവും ഉണ്ടായിരുന്നു എന്നാണ് വിചാരിക്കുന്നത്. ‘രമണന്‍’ പോലുള്ള ഭാവഗാനങ്ങള്‍ ഉണ്ടാക്കിയ പൊതുവായ ആവേശം വിട്ടൊഴിഞ്ഞതിനു ശേഷം, പുരോഗമന ചിന്തയും സോഷ്യലിസ്റ്റ് സ്വപ്നങ്ങളും പൂത്തുലയുകയും, നിത്യഹരിത നായകന്റെ സിനിമകള്‍ നാട്ടിന്‍പുറത്തുകാരെയും നഗരവാസികളെയും ഒരേപോലെ ആകര്‍ഷിക്കുകയും ചെയ്ത സമയത്ത് ആയിരിക്കണം കേരളത്തിലെ പ്രണയകാലം. ഇപ്പോഴുത്തെ എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്ക് യുവത്വം തുടിച്ചുനിന്നപ്പോഴാണ് അത് തീവ്രവും സുരഭിലവും ആയിരുന്നെന്നു തോന്നുന്നു. സിവിക് ചന്ദ്രന്‍ മാഷൊക്കെ മേല്പറഞ്ഞ മൂന്നു കാലങ്ങളുടെയും സ്വാധീനം ഉള്‍കൊണ്ട ആളാണെന്നു പറയാം.
മാമൂല്‍ സമൂഹം തകര്‍ച്ചയെ നേരിടുമ്പോഴാണ് പ്രണയം ഉണ്ടാവുന്നത്. അതിനാല്‍ തന്നെ പ്രണയത്തെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളായ ചതി, നൈരാശ്യം, ആത്മഹത്യ, കൊലപാതകം, മടുപ്പ് എല്ലാം ഇതിനൊപ്പമുണ്ട്. ഭ്രാന്തിനെ പ്രണയനിരാശ മൂലം ഉണ്ടാകുന്ന ഒരു രോഗമായിട്ടാണ് മുന്‍പ് കണ്ടിരുന്നത്.
അതിരുകള്‍ മറികടക്കാനും അകലങ്ങള്‍ കുറക്കാനുമുള്ള പ്രണയത്തിന്റെ ശേഷി മിശ്രവിവാഹം പോലുള്ള കലര്‍പ്പുകളെ സാധ്യമാക്കുന്നു. കുടുംബത്തില്‍ നിന്നും സമുദായത്തില്‍നിന്നുമുള്ള പുറന്തള്ളല്‍, മോറല്‍ പൊലീസിങ്, ദുരഭിമാന കൊലകള്‍ എന്നിവ പ്രണയികള്‍ക്കു നേരെ ഉയരുന്ന സ്ഥാപനവല്‍കൃത ഹിംസയുംടെ രൂപങ്ങളാണ്. ‘വാലെന്റൈന്‍സ് ഡേ’ ആഘോഷിക്കുന്നതിനെ ഹിന്ദുത്വ സംഘടനകള്‍ തടസപ്പെടുത്തുകയും, അവരുടെ ഭരണകൂടങ്ങള്‍ നിരോധനം ഏര്‍പെടുത്തുന്നതും പതിവായി മാറിക്കഴിഞ്ഞു. പ്രണയത്തോടുള്ള വെറുപ്പിനൊപ്പം, ഭാരതീയമായ സാംസ്‌കാരിക ഭദ്രതയെ ദുഷിപ്പിക്കുന്ന ഒരു വൈദേശിക സാംസ്‌കാരിക പകര്‍ച്ചവ്യാധി ആയും അവര്‍ ഇത്തരം ആനന്ദവേളകളെ ചിത്രീകരിക്കുന്നു.
പഴയകാല യൂറോപ്പില്‍ കന്യാ മാതാവിന്റെ വിശുദ്ധിക്ക് തുല്യമായ ചാരിത്ര്യ ശുദ്ധിയാണ് വെള്ളക്കാരികളായ സ്ത്രീകള്‍ക്ക് കുലീന സമുദായം കല്പിച്ചത്. ഈ വിശുദ്ധിക്ക് ഭീഷിണിയായി അഭിസാരികയും അവളുടെ കൂട്ടാളികളായി സാത്താന്റെ പതിപ്പുകള്‍ പോലുള്ള വിടന്മാരും വഷളന്മാരും ഉണ്ടായിരുന്നു. ഇവര്‍ക്കും പുറത്തായിരുന്നു കറുത്തവരും ജിപ്‌സികളും പോലുള്ള അപര സ്ത്രീപുരുഷന്മാര്‍. ഇവരുടെ പ്രണയസാന്നിധ്യത്തെ പിശാച് ബാധയായിട്ടാണ് മേലാളര്‍ കണ്ടത്. കുലീനര്‍ക്കു പ്രണയത്തില്‍ ഏര്‍പ്പെടാന്‍ യുദ്ധത്തിന് സമാനമായ വ്യക്തിപരമായ ത്യാഗങ്ങള്‍ അനുഷ്ടിക്കേണ്ടിവന്നു. പ്രണയവും യുദ്ധവുമായി കണ്ണിചേരുന്ന സാഹിത്യപ്രമേയങ്ങള്‍ ഇപ്രകാരമാണ് ചരിത്രത്തിന്റെ ഭാഗമായത്.
മുന്‍കാലത്ത്, സവര്‍ണ്ണ സ്ത്രീകള്‍ പാതിവ്രത്യം ശീലിക്കുകയായിരുന്നു പ്രണയത്തെ നിയന്ത്രിക്കാനുള്ള ഉപാധി. ഇതിനു സമാന്തരമായി ‘പുലപ്പേടി’ ‘മണ്ണാപ്പേടി’ പോലുള്ള അപര ഭയം രൂപപെടുത്തിയതിനോടൊപ്പം ഭ്രഷ്ട്ടും കല്പിക്കപ്പെട്ടു. ആധുനികതയില്‍ സവര്‍ണ്ണ സദാചാര പുരുഷനും സ്ത്രീയും കേന്ദ്രത്തില്‍ വന്നതോടെ പാതിവൃത്യം കീഴാളരുടെ ബാധ്യതയായി മാറി. തകഴിയുടെ ‘ചെമ്മീനില്‍’ മിശ്രപ്രണയത്തിന്റെ കലര്‍പ്പ് ഒഴിവാക്കാന്‍ അരയസമുദായ സ്ത്രീയുടെ പാതിവൃത്യത്തെ സംബന്ധിച്ച പുതിയൊരു പുരാവൃത്തം കെട്ടിച്ചമക്കുന്നു. ‘രണ്ടിടങ്ങഴിയില്‍’ ദളിത് സ്ത്രീപുരുഷന്മാരുടെ മേന്മക്കു കാരണം അവര്‍ പാതിവൃത്യം അനുശീലിക്കുന്നതാണ്. യൂണിയന്‍ പ്രവര്‍ത്തകര്‍ ആകുന്നതിലൂടെ അവര്‍ പ്രണയം, ലൈംഗീകത എല്ലാം മറന്നു പോകുന്നു. ഉപഭോഗ സമൂഹം നിലവില്‍ വന്നതോടെ പ്രണയവും ലൈംഗീകതയുമെല്ലാം വിപണിക്ക് വിധേയമായി എന്ന് വിലപിക്കുന്നവരാണ് കേരളത്തിലെ പുരോഗമനകാരികളില്‍ അധികവും.
ഒരുപക്ഷെ, വ്യവസ്ഥാപിത സമൂഹം ഏറ്റവുംകൂടുതല്‍ ഭയപ്പെടുന്നത് പ്രണയത്തെയും ലൈംഗികതയും ആയിരിക്കില്ല. മറിച്ചു, ‘അലൈംഗികതയുടെ’ സാന്നിധ്യത്തെ ആണെന്ന് തോന്നുന്നു. പ്രണയത്തെയും മറ്റും മെരുക്കാന്‍ കഴിയും. അലൈംഗീകതയെ ഇപ്രകാരം പറ്റില്ലെന്നതാണ് പ്രശ്‌നം. ബുദ്ധിജീവികളായ സ്ത്രീകളെ മെരുക്കാന്‍ പ്രയാസമുള്ളവര്‍ എന്ന നിലയില്‍ അലൈംഗീക വസ്തുക്കളായി കരുതിയിരുന്നതായി ഫെമിനിസ്റ്റ് നിരീക്ഷണങ്ങള്‍ ഉണ്ട്. കണ്ണട വെച്ചവര്‍, നീണ്ട കുപ്പായം ധരിച്ചവര്‍, മതബോധമുള്ളവര്‍ ഇവരും മേല്പറഞ്ഞതരം വെറുപ്പിന് കരണക്കാരായി. മിഷനറി കൃതികളില്‍ തദ്ദേശീയ ജനതകള്‍ അലൈംഗീകമായാണ് പ്രതിപാദിക്കപ്പെട്ടതു. കോളനി സാഹിത്യത്തില്‍ അവര്‍ അമിത ലൈംഗീകാരോ ലൈംഗീകശേഷി ഇല്ലാത്തവരോ ആയി പ്രതിനിധാനപ്പെട്ടു. കേരളത്തിലെ ബുദ്ധിജീവി സ്ത്രീകളോടുള്ള വെറുപ്പിനും, പര്‍ദ്ദ പേടിക്കും, മുസ്ലിം സംഘടനകളോടുള്ള വിരോധത്തിനും പിന്നില്‍ മെരുക്കപ്പെടാത്തതിനോടുള്ള അകല്‍ച്ചയാണ് കാരണം. ഭിക്ഷക്കാര്‍, അലഞ്ഞുതിരിയുന്നവര്‍, ഇതര സംസ്ഥാന വേലക്കാര്‍, വിവിധ കീഴാള സബ് കല്‍ച്ചറുകള്‍ ഇവക്കെതിരെയുള്ള വെറുപ്പിന് കാരണവും മറ്റൊന്നല്ല. ഒരുപക്ഷെ; മലയാള സാഹിത്യത്തില്‍ ബഷീറാണ് ഭിന്ന ലൈംഗീകതയ്‌ക്കൊപ്പം പുറമ്പോക്കുകളെയും പ്രണയ/ ലൈംഗീക വ്യവഹാരത്തിന്റെ ഭാഗമാക്കിയത്. അദ്ദേഹം പരമ്പരാഗതമായ പ്രണയമോ കാമമോ അവരിലേക്ക് ചാര്‍ത്തുക ആയിരുന്നില്ല ചെയ്തത്. മറിച്ചു, ജീവിത പ്രലോഭനം(lust) കൊണ്ട് അവരുടെ പദവിയെ ഉയര്‍ത്തുകയാണെന്നതാണ് അതിശയം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply