വിവരാവകാശനിയമം പാര്‍ട്ടികള്‍ക്കും : അന്തിമ അധികാരം ജനങ്ങള്‍ക്ക്

ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശനിയമത്തിനു കീഴില്‍ കൊണ്ടുവരാനുള്ള വിവരാവകാശ കമ്മീഷന്റെ തീരുമാനം വിവാദമായിരിക്കുകയാണല്ലോ. മിക്കവാറും എല്ലാപാര്‍ട്ടികളും ഈ തീരുമാനത്തിനു എതിരാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിശക്തമായും കോണ്‍ഗ്രസ്സും മൃദുവായും എതിര്‍ക്കുമ്പോള്‍, ബിജെപി തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. സാമ്പത്തിക കണക്കുകള്‍ സമര്‍പ്പിക്കാമെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങളും നയങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളും വിവരാവകാശനിയമമനുസരിച്ച് വെളിപ്പെടുത്താനാവില്ലെന്നുമാണ് മിക്ക പാര്‍ട്ടികളുടേയും നിലപാട്. അതെങ്ങിനെ കഴിയും എന്നാണവരുടെ ചോദ്യം? ശരിയാണ്. തുടര്‍ന്നു വരുന്ന രീതിയനുസരിച്ച് അതു ചിന്തിക്കാന്‍ പാടാണ്. എന്നാല്‍ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ […]

crowd
ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശനിയമത്തിനു കീഴില്‍ കൊണ്ടുവരാനുള്ള വിവരാവകാശ കമ്മീഷന്റെ തീരുമാനം വിവാദമായിരിക്കുകയാണല്ലോ. മിക്കവാറും എല്ലാപാര്‍ട്ടികളും ഈ തീരുമാനത്തിനു എതിരാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിശക്തമായും കോണ്‍ഗ്രസ്സും മൃദുവായും എതിര്‍ക്കുമ്പോള്‍, ബിജെപി തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. സാമ്പത്തിക കണക്കുകള്‍ സമര്‍പ്പിക്കാമെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങളും നയങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളും വിവരാവകാശനിയമമനുസരിച്ച് വെളിപ്പെടുത്താനാവില്ലെന്നുമാണ് മിക്ക പാര്‍ട്ടികളുടേയും നിലപാട്. അതെങ്ങിനെ കഴിയും എന്നാണവരുടെ ചോദ്യം? ശരിയാണ്. തുടര്‍ന്നു വരുന്ന രീതിയനുസരിച്ച് അതു ചിന്തിക്കാന്‍ പാടാണ്. എന്നാല്‍ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ തീരുമാനത്തെ പിന്തുണക്കുകയാണ് വേണ്ടത്.
സത്യത്തില്‍ സര്‍ക്കാരില്‍ നിന്ന് പണം വാങ്ങുന്നതിനാല്‍ വിവരാവകാശനിയമത്തിനു കീഴില്‍ വരുമെന്ന കമ്മീഷന്റെ വിശദീകരണം ഭാഗികമാണ്. എങ്കില്‍ അങ്ങനെയുള്ള സന്നദ്ധ സംഘടനകളും ഉണ്ടെന്ന് പല നേതാക്കളും ചൂണ്ടികാട്ടുന്നുണ്ട്. പാര്‍ട്ടികള്‍ പൊതു അധികാര കേന്ദ്രമല്ല എന്നാണഅ പ്രകാശ് കാരാട്ടും മറ്റും പറയുന്നത്. എന്നാല്‍  അധികാര കേന്ദ്രങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരുമ്പോള്‍ അവയെ നിയന്ത്രിക്കുന്ന ശക്തികള്‍, അഥവാ യഥാര്‍ത്ഥ അധികാര കേന്ദ്രങ്ങള്‍ക്ക് അതെങ്ങിനെ ബാധകമാകാതിരിക്കും? അതാണ് യഥാര്‍ത്ഥ പ്രശ്‌നം.
ജനാധിപത്യത്തില്‍ രാഷട്രീയപാര്‍ട്ടികള്‍ ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടുന്നു. ജനങ്ങളാണ് അവരെ അധികാരത്തിലെത്തിക്കുന്നത്. എങ്കിലും അവ മിക്കപ്പോാഴും ജനവിരുദ്ധരാകാറുണ്ട്. നേതാക്കള്‍ അഴിമതിക്കാരാകാറുണ്ട്. അതിനെ നിയന്ത്രിക്കാന്‍ കാര്യമായ സംവിധാനമില്ല. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ പാര്‍ട്ടികളും സര്‍ക്കാരുമെല്ലാം അഴിമതിക്കാരാകുന്നത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും കാണുന്നതാണ്. അതു തടയാന്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ കാര്യമായ സംവിധാനമില്ല. പ്രതിപക്ഷം സമരങ്ങള്‍ നടത്തും. എന്നാല്‍ അവരും പലപ്പോഴും വ്യത്യസ്ഥരാകാറില്ല. പാര്‍ലിമെന്റിലും നിയമസഭകളിലും മറ്റും അവിശ്വാസം കൊണ്ടുവരാം. എന്നാല്‍ ഇപ്പോഴത്തെ സംവിധാനത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണയില്‍ മാത്രമാണ് അതില്‍ നടപടികള്‍ ഉണ്ടാകുക. ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ പ്രായോഗികമായി അത് എളുപ്പമല്ല. മാത്രമല്ല, എത്രപേര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചു വിളിക്കാം, അതും തീരുമാനിക്കപ്പെടുന്നത് രാഷ്ട്രീയ താല്‍പ്പര്യങ്ങളാലാകില്ലേ, വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ അതുതന്നെ ആവര്‍ത്തിക്കില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്.  അടുത്ത തിരഞ്ഞെടുപ്പില്‍ മറ്റു മുന്നണിയെ വിജയിപ്പിക്കാം. എന്നാല്‍ എല്ലാവരും ഒരുപോലെയാകുന്ന സാഹചര്യമാണല്ലോ നിലനില്‍ക്കുന്നത്.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനത്തെ കാണേണ്ടത്. അന്തിമ അധികാരം ജനങ്ങള്‍ക്കുതന്നെ എന്ന നിലപാട് ഇതിലുണ്ട്. അതിനെയാണ് പാര്‍ട്ടികള്‍ ഭയപ്പെടുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷം. ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വിഷയങ്ങളാണോ പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതും തീരുമാനെമെടുക്കുന്നതും? പാര്‍ട്ടിതീരുമാനമനുസരിച്ചാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലും നടക്കുന്നതെന്ന ആരോപണത്തെ ഇതു ശരി വെക്കുകയല്ലേ? സിപിഎമ്മിന്റേയോ കോണ്‍ഗ്രസ്സിന്റേയോ  ബിജെപിയുടേയോ സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ടാല്‍ എന്താണ് കുഴപ്പം? അതു ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നത് ജനാധിപത്യത്തിന്റെ ഉന്നത രൂപമായി കാണാന്‍ എന്തേ നേതാക്കള്‍ക്കാകുന്നില്ല? അങ്ങനെയല്ലേ ജനാധിപത്യം സുതാര്യമാകുന്നത്? പാര്‍ലിമെന്റ്, നിയമസഭാ സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റും സുതാര്യമാകുന്ന കാലത്ത് അവയെ നിയന്ത്രിക്കുന്ന പാര്‍ട്ടിയോഗങ്ങളും സുതാര്യമാകണം. ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധ്പപെട്ട് സിപിഎം, കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ പ്രധാന കമ്മിറ്റി തീരുമാനങ്ങള്‍ ലഭ്യമായാല്‍ കേസ് തെളിയിക്കാന്‍ ഒരു പക്ഷെ എത്രയോ എളുപ്പമാകും?  സത്യത്തില്‍ പാര്‍ട്ടി കമ്മിറ്റിയോഗങ്ങളുടെ തത്സമയ പ്രക്ഷേപണം നല്‍കാന്‍ പോലും തയ്യാറാകുകയാണ് വേണ്ടത്.
ഈ വിഷയത്തില്‍ സ്വാഭാവികമായും കമ്യൂണിസ്റ്റ് പാര്‍ട്ടികളായിരിക്കും പ്രതിഷേധവുമായി മുന്നിലുണ്ടാകുക. ജനാധിപത്യത്തെ ഇനിയും തത്വത്തില്‍ അവരംഗീകരിച്ചിട്ടില്ലല്ലോ. ദുര്‍ബലമായ അവസ്ഥയായതുകൊണ്ടാണവര്‍ ഇന്ത്യയില്‍ ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കുന്നത്. റഷ്യന്‍ വിപ്ലവത്തിനു മുമ്പ് അതിനു പാര്‍ട്ടിയെ ശക്തമാക്കാന്‍ ലെനിന്‍ രൂപം കൊടുത്തതും പിന്നീട് സ്റ്റാലിനിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത പാര്‍ട്ടി ചട്ടക്കൂടാണല്ലോ അവര്‍ പിന്തുടരുന്നത്. അതേസമയം പോളിറ്റ് ബ്യൂറോ തീരുമാനം പോലും ചോരുന്ന അവസ്ഥയില്‍ അവരെത്തി ചേര്‍ന്നിട്ടുമുണ്ട് എന്നത് വേറെ കാര്യം. സത്യസന്ധമായി ജനാധിപത്യത്തെ അംഗീകരിക്കുന്ന കാലത്തെ ജനകീയാധികാര്തതിനു കീഴിലാണ് പാര്‍ട്ടി അധികാരം എന്നവര്‍ മനസ്സിലാക്കൂ. അതിനവരുടെ മുന്നണഇപ്പട സങ്കല്‍പ്പവും തകരേണ്ടതുണ്ട്.
സത്യത്തില്‍ ഇന്ത്യയില്‍ പാര്‍ലമെന്ററി രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യമായും ഫ്യൂഡല്‍, മുതലാളിത്ത സമ്പന്ന വിഭാഗങ്ങളുടെ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതും സംരക്ഷിക്കുന്നതുമെന്നു കാണാം. ഇടത്തരക്കാരുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയുമെല്ലാം പ്രതിനിധികളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളെ കാണാമെങ്കിലും നമ്മുടെ അധികാരസംവിധാനത്തില്‍ അവരെല്ലാം ഫലത്തില്‍  സമ്പന്നവിഭാഗങ്ങളുടെ താല്‍പര്യസംരക്ഷകരായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. ഇവരും പഴയ ഫ്യൂഡല്‍ ഘടനയില്‍തന്നെ തുടരുന്ന ഉദ്യോഗസ്ഥമേധാവി വര്‍ഗ്ഗവും ചേര്‍ന്നുള്ള ഭരണവര്‍ഗ്ഗ കൂട്ടുകെട്ട് പാര്‍ലമെന്ററി സമ്പ്രദായത്തെ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിനുള്ള ഒരു ഉപാധിയായി മാറ്റിയിരിക്കുന്നു. അതുകൊണ്ടുതന്നെ വികസിത മുതലാളിത്തരാജ്യങ്ങളില്‍ കാണാനാവാത്തവിധം ഭീമാകാരരൂപം പൂണ്ട അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും സ്വജനപക്ഷപാതത്തിന്റേയും കുടുംബവാഴ്ചയുടേയും ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ഇവിടെ കാണാം.
ഇലക്ഷന്‍ കമ്മീഷന്റെ സക്രിയത്വം, മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയവയെല്ലാം ജനാധിപത്യസമ്പ്രദായത്തിന്റെ മുന്നോട്ടുള്ള കാല്‍വെയ്പുകളാണ്. ജനാധിപത്യത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനും വോട്ടുസമാഹരണത്തിനും അതീതമായ ഒരു സാമൂഹ്യപ്രക്രിയയായി തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഒന്നിലധികം വ്യക്തികളുടെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ആരംഭിച്ച ഗോത്രകാലഘട്ടത്തില്‍ മുളപൊട്ടിയ സാമൂഹ്യസംഘടനയുടെ വികസിത രൂപമാണ് ജനാധിപത്യം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്നു പറയാറുണ്ട്. അതില്‍ കുറെയെ#ാക്കെ ശരിയുണ്ടു താനും. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുള്ള മായാവതിയെ പോലുള്ളവര്‍ അധികാരത്തിലെത്തിയതും അടിയന്തരാവസ്ഥയെയും മറ്റും അറബികടലില്‍ വലിച്ചെറിഞ്ഞതും ഉദാഹരണങ്ങള്‍. മറിച്ചുള്ള ഉദാഹരണങ്ങളും ഉണ്ടെന്നത് ശരി. ഈ സാഹചര്യത്തില്‍ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന തീരുമാനം ഈ സാഹചര്യത്തിലാണ്  പ്രസക്തമാകുന്നത്. ആ അര്‍ത്ഥത്തില്‍ ഇതു മുന്നോട്ടുള്ള കാല്‍വെപ്പാണ്. എന്നാല്‍ ജനാധിപത്യ സംവിധാനത്തെ പുഷ്ടിപ്പെടുത്തുന്ന രീതിയില്‍ ഈ അവകാശം ഉപയോഗിക്കാന്‍ നമുക്കു കഴിയണമെന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply