വിനാശകാലവും പരിസ്ഥിതിദിനവും.

വി.എച്ച്.ദിരാര്‍ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒരു വിദൂരയാഥാര്‍ത്ഥ്യമല്ല, സമീപയാഥാര്‍ത്ഥ്യമാണ് എന്ന് തൊട്ടറിഞ്ഞ നാളുകളിലൂടെയാണ് ലോകം കടന്നു പോവുന്നത്. ചിലയിടങ്ങളില്‍ ഹിമവര്‍ഷം, ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം മറ്റു ചിലയിടങ്ങളില്‍ വരള്‍ച്ച. ഏഷ്യയിലെ വന്‍ വരള്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശമിക്കും മുമ്പ് തന്നെ വെള്ളപ്പൊക്കകെടുതികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ യൂറോപ്പില്‍ നിന്ന് വന്നുക്കൊണ്ടിരിക്കുന്നു. അതോടൊപ്പം ഉത്തര-ദക്ഷിണധ്രുവങ്ങളിലെ പുരാതന ഹിമാനികള്‍ ഭയാനകവേഗത്തില്‍ ഉരുകിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ നാല് ലക്ഷം ചരുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ കടല്‍മഞ്ഞ് ഉരുകിതീര്‍ന്നുവത്രേ. അതായത് ഇന്‍ഡ്യിയിലെ ഏറ്റവും വലിയ സംസ്ഥാനമായ മദ്ധ്യപ്രദേശും ബിഹാറും കൂട്ടിച്ചേര്‍ത്താല്‍ […]

earthവി.എച്ച്.ദിരാര്‍
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒരു വിദൂരയാഥാര്‍ത്ഥ്യമല്ല, സമീപയാഥാര്‍ത്ഥ്യമാണ് എന്ന് തൊട്ടറിഞ്ഞ നാളുകളിലൂടെയാണ് ലോകം കടന്നു പോവുന്നത്. ചിലയിടങ്ങളില്‍ ഹിമവര്‍ഷം, ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം മറ്റു ചിലയിടങ്ങളില്‍ വരള്‍ച്ച. ഏഷ്യയിലെ വന്‍ വരള്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശമിക്കും മുമ്പ് തന്നെ വെള്ളപ്പൊക്കകെടുതികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ യൂറോപ്പില്‍ നിന്ന് വന്നുക്കൊണ്ടിരിക്കുന്നു. അതോടൊപ്പം ഉത്തര-ദക്ഷിണധ്രുവങ്ങളിലെ പുരാതന ഹിമാനികള്‍ ഭയാനകവേഗത്തില്‍ ഉരുകിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ നാല് ലക്ഷം ചരുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ കടല്‍മഞ്ഞ് ഉരുകിതീര്‍ന്നുവത്രേ. അതായത് ഇന്‍ഡ്യിയിലെ ഏറ്റവും വലിയ സംസ്ഥാനമായ മദ്ധ്യപ്രദേശും ബിഹാറും കൂട്ടിച്ചേര്‍ത്താല്‍ കിട്ടുന്ന അത്രയും വിസ്ത്രൃതിയില്‍. മാത്രമല്ല ശേഷിച്ച മഞ്ഞുപാളികളുടെ കനം പ്രതിവര്‍ഷം 10 സെന്റിമീറ്റര്‍ എന്ന തോതില്‍ കുറഞ്ഞുക്കൊണ്ടുമിരിക്കുന്നു. ക്രയോസാറ്റ് എന്ന യൂറോപ്യന്‍ ഉപഗ്രഹമാണ് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കണക്കുകള്‍ ലഭ്യമാക്കിയത്. ദക്ഷിണധ്രുവത്തിന്റെ പടിഞ്ഞാറന്‍ ഹിമപ്രദേശങ്ങള്‍ ഉരുകിയാല്‍ മാത്രം സമുദ്രനിരപ്പ് അഞ്ച്മീറ്റര്‍വരെ ഉയരാനിടയുണ്ടെന്ന് അന്റാര്‍ട്ടിക്കയെപ്പറ്റി മുഖ്യഗവേഷണം നടത്തുന്ന ഡേവിഡ് വാഗ്ഗന്‍ (കേംബ്രിഡ്ജ് സര്‍വ്വകലാശാല, ഇംഗ്ലണ്ട്) മുന്നറിയിപ്പ് തരുന്നു. ഹിമയുരുക്കം ഇന്നത്തെ നിലയില്‍ തുടരുന്നുവെങ്കില്‍ 2100 ഓടെ കരപ്രദേശങ്ങള്‍ നാമമാത്രമായിതീരുമെന്നും അദ്ദേഹം പറയുന്നു.അതായത് പ്രകൃതി അതിന്റെ സൗമൃഭാവങ്ങള്‍ വെടിയുകയാണ്. കേരളവും ഈ തിക്താനുഭവങ്ങളിലൂടെയാണ് കടന്നു വന്നത്. വേനല്‍ അക്ഷരാര്‍ത്ഥത്തില്‍ തീക്കൊള്ളിയായിതീര്‍ന്നു. സൂര്യന്‍ ഭൂമിയിലേക്കിറങ്ങി വന്നു. സൂര്യതപവാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് സ്ഥിരം മേമ്പൊടിയായിതീര്‍ന്നു. വറ്റിപോയ പുഴകള്‍ കണ്ടു. കുടിവെള്ളം കിട്ടാകനിയായ ഗ്രാമങ്ങളുടെ കരച്ചില്‍ കേട്ടു. ഈ കലികാലം എങ്ങനെ കഴിച്ചുകൂട്ടുുമെന്ന വേവലാതികള്‍ എല്ലാവരും ഒരുപോലെ പങ്കുവെച്ചു.
വരള്‍ച്ചയും വെള്ളപ്പൊക്കവുമൊന്നും മനുഷ്യകുലത്തെ സംബന്ധിച്ച് പുതിയകാര്യങ്ങളല്ല. ചരിത്രത്തിന്റെ വിവിധ കാലങ്ങളില്‍ അത്തരം നിരവധി സംഭവങ്ങള്‍ക്ക് മനുഷ്യന്‍ വേദനയോടെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളുടെ പട്ടികയില്‍പെടുത്തിയാണ് മനുഷ്യന്‍ അത് സഹിച്ചു പോന്നത്.എന്നാല്‍ പുതിയകാലത്തെ കൊടുംവേനലും വെള്ളപ്പൊക്കവുമൊന്നും പ്രകൃതിയുടെ തലയില്‍ കെട്ടിവെക്കാന്‍ പറ്റില്ലെന്ന് പരിസ്ഥിതിശാസ്ത്രവുമായി ബന്ധപ്പെട്ട വിദഗ്ദ•ാര്‍ പറയുന്നു. ഈ ദുരന്തങ്ങള്‍ മനുഷ്യന്റെ സൃഷ്ടിയാണ്. പ്രകൃതി ഒരു അക്ഷയപാത്രമല്ല എന്ന സാമാന്യതത്ത്വത്തെ കൈവെടിഞ്ഞ മനുഷ്യന് പ്രകൃതി നല്‍കുന്ന താക്കീതാണത്.
പ്രകൃതിയെ പ്രകോപിക്കുന്ന പ്രധാനവില്ലന്‍ വികസനം തന്നെയാണ്. വികസനത്തിന്റെ പേരില്‍ നിയന്ത്രണമില്ലാതെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുക മാത്രമല്ല ചെയ്യുന്നത് വന്‍തോതിലുള്ള മലിനീകരണവും പ്രകൃതി ഏറ്റുവാങ്ങേണ്ടിവരുന്നു.ചുരുക്കത്തില്‍ വികസനത്തിന് പരിധി നിശ്ചയിക്കുക എന്നത് മാത്രമാണ് കാലാവസ്ഥാവ്യതിയാനത്തിനും ആഗോളതാപനത്തിനുമുള്ള ശാശ്വതമായ മറുപടി.ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യനെ പോറ്റി വളര്‍ത്തിയ ഈ മണ്ണും പ്രകൃതിയും കഴിഞ്ഞ ഒരു ന്തൂറ്റാണ്ടിനുള്ളിലാണ് ഇത്രമേല്‍ ശോഷിച്ചുപോയത്. ആധൂനികശാസ്ത്ര-സാങ്കേതികവിദ്യകളെ പ്രകൃതിക്ക് നേരെ പ്രയോഗിക്കാനുള്ള യുദ്ധോപകരണങ്ങളാക്കിതീര്‍ത്തു.എന്നാല്‍ അതേ ശാസ്ത്രം തന്നെ ഇന്ന് ലോകത്തിന് മുന്നറിയിപ്പ് തരുന്നു ഈ ദിശയിലുള്ള യാത്ര മനുഷ്യന്റെ ഏകപാര്‍പ്പിടമായ ഭൂമിയെ മരണത്തിലേക്കാണ് നയിച്ചുക്കൊണ്ടിരിക്കുന്നതെന്ന്. എന്നാല്‍ വികസനത്തിന്റെ കോര്‍പ്പറേറ്റ് സ്വപ്നങ്ങളുമായി കഴിയുന്നവരുടെ ചെവികളില്‍ ഈ വിപല്‍സന്ദേശം പതിയുന്നേയില്ല. 50 ലക്ഷത്തോളം സൂക്ഷജീവികള്‍ ഉള്‍പ്പടെയുള്ള ജീവജാതികള്‍ ഭൂമിയിലുണ്ടെന്ന് ശാസ്ത്രം. അതില്‍ 1.4 ദശലക്ഷത്തോളം ജീവജാതികളെ മാത്രമേ തിരിച്ചറിഞ്ഞ് രേഖപ്പെടുത്താന്‍ സാധിച്ചിട്ടുള്ളൂ. 7.50.000 ത്തോളം പ്രാണികള്‍, 40.000 അകശേരുകികള്‍, 2.50.000 സസ്യവര്‍ഗ്ഗങ്ങള്‍, 3.60.000 സൂക്ഷ്മജീവിവര്‍ഗ്ഗങ്ങല്‍ എന്നിങ്ങനെ.ജീവജാലങ്ങളുടെ ഈ ധന്യത ഭൂമിക്കിനി എത്രകാലം അവകാശപ്പെടാന്‍ സാധിക്കും. 1600- 1900 കാലത്ത് നാല് വര്‍ഷത്തില്‍ ഒരിനം എന്ന രീതിയിലാണ് ജീവജാലങ്ങള്‍ ഭൂമുഖത്ത്‌നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്നത്. തുടര്‍ന്നു വന്ന, കഴിഞ്ഞ നാല് ന്തൂറ്റാണ്ടുകളില്‍ 125 ഇനം സസ്തനികളും 225 ഇനം പക്ഷിവര്‍ഗ്ഗങ്ങളുമാണ് ഭൂമിക്ക് നഷ്ടപ്പെട്ടത്. ഈ ഉ•ൂലനങ്ങള്‍ ഭൂമിക്ക് ഏല്‍പ്പിച്ച പരിക്കുകളുടെ ആഴം എത്രയെന്ന് നമ്മുക്ക് ഊഹിക്കാനാവും. ഭൂമിയില്‍ ഒരു ജീവിക്കും തനിച്ച് ഒരു ജീവിതം നിര്‍മ്മിക്കാനാവില്ല. പരസ്പരബന്ധത്തിലും ആശ്രയത്തിലും അധിഷ്ഠിതമാണ് നിലനില്പ്. അതുക്കൊണ്ട് ഈ കൈവെടിയലുകളുടെ പ്രത്യാഘാതങ്ങള്‍ പ്രകൃതിയില്‍ തുടരുന്നുണ്ടാവും. അവയെല്ലാം സംഭവിച്ചത് വികസനത്തിന്റെ ഫലമായിട്ടാണ്, വ്യവസായവല്ക്കരണത്തിന്റേയും നഗരവല്ക്കരണത്തിന്റേയും പേരിലാണ്.
വനങ്ങളുടെ സ്ഥിതി അതിലും ദയനീയമാണ്. 75 ലക്ഷം ഹെക്ടര്‍ നിബിഡവനമാണ് ഭൂമിയില്‍ ഓരോ ആണ്ടിലും നശിപ്പിക്കപ്പെടുന്നത്. കൂടാതെ 38 ലക്ഷം ഹെക്ടര്‍ അസാന്ദ്രവനങ്ങളും. അതായത് ഓരോ മിനുട്ടിലും 21.5 ഹെക്ടര്‍ വനങ്ങള്‍ ഇല്ലാതാവുന്നു. ആഗോളതാപനത്തിന് മരമാണ് മറുപടി ( അപൂര്‍ണ്ണമെങ്കിലും) എന്ന് ആണയിടുന്ന വികസനസങ്കല്പം തന്നെയാണ് ഈ വ്യാപകവനനശീകരണത്തിന് കുടപിടിക്കുന്നത്. ആഗോളതാപനത്തിന് കാരണമായ കാര്‍ബണ്‍ഡയോക്‌സൈഡ് ഉള്‍പ്പടെയുള്ള വാതകങ്ങളുടെ ബഹിര്‍ഗമനം തുടര്‍ച്ചയായി കൂടിക്കൊണ്ടിരിക്കുന്നു. അതേസമയം അവയെ ശുദ്ധീകരിച്ച് ഭൂമിയെ പരിപാലിച്ചുവരുന്ന വൃക്ഷസമ്പത്ത് അതേ വികസനത്തിന്റെ പേരില്‍ ക്ഷയിച്ചുക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
കാര്‍ബണ്‍ഡയോക്‌സൈഡിനെ നിയന്ത്രിക്കാതെ ആഗോളതാപനത്തെ നിയന്ത്രിക്കാനാവില്ലെന്നത് പകല്‍ പോലെ വ്യക്തം. അതിന് അത് പുറന്തള്ളുന്ന വ്യവസായങ്ങളെ നിയന്ത്രിക്കണം. വികസനം ഊര്‍ജ്ജത്തിന്റെ ഹരിതസ്രോതസ്സുകളിലേക്ക് മാറുകയും പ്രകൃതിക്ക് അനുപൂരകമാക്കി മാറ്റുകയും വേണം. ബദല്‍ ഊര്‍ജ്ജസ്രോതസ്സുകളുടെ വികസനത്തിനും വനവല്ക്കരണത്തിനും വികസിതരാജ്യങ്ങള്‍ ധനസഹായം നല്‍കണം, ഗ്രീന്‍ സാങ്കേതികവിദ്യകള്‍ പരസ്പരം കൈമാറണം തുടങ്ങിയ കാര്യങ്ങളിലൊന്നും ഫലപ്രദമായി ഇടപ്പെടാനൊ നിയമപരമായി ബാധ്യതപ്പെടുത്തുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപകല്പന ചെയ്യാനോ ഇതുവരെ ലോകരാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. 1997 ല്‍ ജപ്പാനിലെ കിയോട്ട്വൊയില്‍ ഐക്യരാഷ്ട്രാസഭ വിളിച്ചു ചേര്‍ത്ത കാലാവസ്ഥാഉച്ചകോടിയോടെ(United Nations Framework Convention on Climate Change.UNFCCC)യാണ് ആഗോളതാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്. 2020 ഓടെ അന്തരീക്ഷഊഷ്മാവ് 2 ഡിഗ്രി സെന്റിഗ്രേഡ്, അതായത് വ്യവസായവത്ക്കരണപൂര്‍വ്വഘട്ട നിലയിലേക്ക് കുറക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആ സമ്മേളനം പ്രഖ്യാപിച്ചിരുന്നു.അതിനെ തുടര്‍ന്ന് നിരവധി സമ്മേളനങ്ങള്‍ നടന്നു, 19 വര്‍ഷവും പിന്നിട്ടു. അമേരിക്ക ഉള്‍പ്പടെയുള്ള വികസിതരാജൃങ്ങളോ അതേ വികസനമാതൃകകള്‍ പിന്തുടരുന്ന ഇന്‍ഡ്യയുള്‍പ്പടെയുള്ള വികസ്വരരാജ്യങ്ങളോ ഇക്കാര്യത്തില്‍ ക്രിയാത്മകനടപടികള്‍ സ്വീകരിച്ചില്ല. പ്രഖ്യാപനങ്ങളും ചടങ്ങുകളും ഉല്ക്കണ്ഠകള്‍ പങ്കുവെക്കലും മുറക്ക് നടന്നുക്കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2015 മേയ്മാസത്തില്‍ പാരീസില്‍ വെച്ച് നടന്ന കണ്‍വെണ്‍ഷനും മറ്റൊരു വഴിപാടായിതീര്‍ന്നു. അതിനെ തുടര്‍ന്ന് 2016 ഏപ്രില്‍ 22ന് 177 രാജ്യങ്ങള്‍ ഒരു ഉടമ്പടിയില്‍ ഒപ്പ് വെക്കുകയുണ്ടായി. ഓരോ രാജ്യവും 2025-2030 ഓടെ രണ്ട് ഡിഗ്രി അന്തരീക്ഷതാപനില കുറയ്ക്കാന്‍ പാകത്തില്‍ കര്‍ബണ്‍ വിസര്‍ജ്ജ്യത്തിന്റെ അളവ് ലഘൂകരിക്കണമെന്ന പതിവ് പല്ലവിയാണ് അതില്‍ മുഖ്യം. രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ വിസര്‍ജ്ജനം കുറയ്ക്കാാനുള്ള കാലാവധി കുറച്ചുകൂടി നീട്ടികൊടുക്കുകയും ചെയ്തു. കിയോട്ട്വോ പ്രോട്ടോക്കോള്‍ പ്രകാരം നിശ്ചയിച്ച വര്‍ഷം 2020 ആയിരുന്നു. കാര്‍ബണ്‍ലഘൂകരണപ്രക്രിയക്ക് സഹായം നല്‍കുന്നതിന് വേണ്ടി ഒരു ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിന് രൂപം കൊടുത്തുവെന്നതാണ് എടുത്തു പറയാവുന്ന ഒരു നേട്ടം. എന്നാല്‍ അക്കാര്യത്തില്‍ പോലും ധനസഹായം നല്‍കുകയെന്നത് വികസിത-കാര്‍ബണ്‍ വന്‍തോതില്‍ പുറന്തള്ളുന്ന രാജ്യങ്ങളുടെ ബാധ്യതയാക്കിമാറ്റാന്‍ ഉച്ചകോടിക്ക് സാധിച്ചില്ല. അതിലും ദയനീയമായിരുന്നു കാര്‍ബണ്‍ലഘൂകരണകാര്യത്തില്‍ ഉച്ചകോടിക്ക് രാജ്യങ്ങളെ നിയമപരമായി ബാധ്യതപ്പെടുത്തുന്ന വ്യവസ്ഥകള്‍ ഉണ്ടാക്കാനായില്ലായെന്നത്. ഐക്യരാഷട്രാസഭ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍, ഫ്രഞ്ച് പ്രസിഡണ്ട്, കാലാവസ്ഥാവ്യതിയാന മേഖലയില്‍ വലിയ വിദഗ്ദനായ പ്രൊഫസര്‍ ജയിംസ് ഹാന്‍സണ്‍ എന്നിവര്‍ ഇക്കാര്യം ഉച്ചകോടിയില്‍ ശക്തമായി ഉന്നയിച്ചുവെങ്കിലും മറ്റു രാജ്യങ്ങള്‍ സൗകര്യപൂര്‍വ്വം അത് ഒഴിവാക്കി. തന്‍മൂലം പാരീസ്ഉടമ്പടിപ്രകാരം കരാര്‍ പാലിക്കാത്തതിന്റെ പേരില്‍ ഒരു രാജ്യത്തിന് നേരെയും യാതൊരു നടപടിയും കൈക്കൊള്ളാന്‍ സാധിക്കില്ല. ചൈന (20.01%) അമേരിക്ക(17.89 %) റഷ്യ( 7.53 %) ഇന്‍ഡ്യ( 4.10%) ജപ്പാന്‍( 3.79 %)എന്നീ അഞ്ച് രാജ്യങ്ങളാണ് ഭൂമിയില്‍ 50% ത്തിലേറെ ആഗോളതാപനവാതകങ്ങള്‍ പുറന്തള്ളുന്നത്. എന്നാല്‍ ഈ രാജ്യങ്ങളെ നിയന്ത്രിക്കാനോ ഈ രാജ്യങ്ങളിലെ വാതകബഹിര്‍ഗമനത്തിന്റെ തോത് മൂല്യനിര്‍ണ്ണയം ചെയ്യാനോ നഷ്ടപരിഹാരം ചുമത്താനോ ഈ ഉടമ്പടി പ്രകാരം സാധിക്കില്ല. അതിനര്‍ത്ഥം ഇത്തരം ഉച്ചകോടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യതയാണെന്നാണ്. ഒരോ രാജ്യവും സമൂഹവും സ്വന്തമായി ആഗോളതാപനം ചെറുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണ് ഫലപ്രദം. ഊര്‍ജ്ജത്തിന്റെ ഹരിതസ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം ക്രമത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണം. അതുപോലെ ഒരു തുണ്ടു വനവും വികസനത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തില്ല എന്ന ഉറച്ച തീരുമാനവും ഉണ്ടാവണം. കേരളത്തില്‍ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണരായി വിജയന്‍ ഈയിടെ നടത്തിയ പ്രസ്താവന മലയാളികളിലുണ്ടാക്കിയ ആശങ്കയെ ഈ തലത്തിലാണ് വിലയിരുത്തേണ്ടത്. ആഗോളതാപനവും കാലവസ്ഥാവൃതിയാനവും അത്രമേല്‍ ബാധിച്ച ഒരു കാലം കടന്നുപോയിട്ടേയുള്ളൂ. ഇനി മഴകാലം പ്രളയദുരന്തങ്ങളുണ്ടാക്കുമോ എന്നആശങ്കയിലുമാണ്. വെള്ളചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്ന ആശങ്കകൊണ്ടല്ല ചാലക്കുടി നിവാസികളും ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഈ പദ്ധതിയെ എതിര്‍ത്തത്. ആഗോളതാപനത്തേയും വെള്ളപ്പൊക്കത്തേയും മണ്ണൊലിപ്പിനേയും ഒരു പോലെ പ്രതിരോധിക്കുന്ന കാടുകളേയും ചാലക്കുടി പുഴയിലെ നീരൊഴുക്കിനേയും നിലനിര്‍ത്താനാണ്. ഇടതുപക്ഷസര്‍ക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനിലും മലയാളികള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. അഴിമതിമുക്തഭരണത്തോടൊപ്പം പരിസ്ഥിതിവിനാശമില്ലാത്ത വികസനവും നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് സാധിക്കണം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply