വിദ്യാഭ്യാവായ്പയും ഉന്നതവിദ്യാഭ്യാസവും

തിരിച്ചടവു മുടങ്ങിയ നിഷ്‌ക്രിയ ബാങ്ക് വായ്പകള്‍ പിരിച്ചെടുക്കാന്‍ സ്വകാര്യബാങ്കുകള്‍. കുടിശിക തുകയുടെ വലിയൊരു ഭാഗം ഏതെങ്കിലും ഏജന്‍സിക്കു നല്‍കി വായ്പക്കാരനില്‍നിന്നു കൂടിയ തുക പിരിച്ചെടുക്കുന്ന ബ്ലേഡു പലിശാരീതി തന്നെ വിദ്യാഭ്യാസ ലോണ്‍ വിഷയത്തില്‍ ദേശസാല്കൃത ബാങ്കുള്‍ നടപ്പാക്കുന്നത് ഏറെ വിവാദത്തിനു കാരണമായിട്ടുണ്ടല്ലോ. ഇടനിലക്കാരായി നില്‍ക്കുന്ന കുത്തകകള്‍ ബാങ്കിനു മുന്‍കൂറായി പണം നല്‍കി വായ്പാ കുടിശികയുടെ ഉടമസ്ഥാവകാശം കൈപ്പറ്റുകയാണ് ചെയ്യുന്നത്.. സംസ്ഥാനത്തു തീര്‍ത്തും അപരിചിതമായ വായ്പാബാധ്യത വില്‍പ്പനരിതിക്കാണ് ദേശാസാല്‍കൃത ബാങ്കും റിലയന്‍സ് എ.ആര്‍.സിയും കൈകോര്‍ത്തിരിക്കുന്നത്. വായ്പാകുടിശിക കൈമാറ്റം സംബന്ധിച്ച് […]

lll

തിരിച്ചടവു മുടങ്ങിയ നിഷ്‌ക്രിയ ബാങ്ക് വായ്പകള്‍ പിരിച്ചെടുക്കാന്‍ സ്വകാര്യബാങ്കുകള്‍. കുടിശിക തുകയുടെ വലിയൊരു ഭാഗം ഏതെങ്കിലും ഏജന്‍സിക്കു നല്‍കി വായ്പക്കാരനില്‍നിന്നു കൂടിയ തുക പിരിച്ചെടുക്കുന്ന ബ്ലേഡു പലിശാരീതി തന്നെ വിദ്യാഭ്യാസ ലോണ്‍ വിഷയത്തില്‍ ദേശസാല്കൃത ബാങ്കുള്‍ നടപ്പാക്കുന്നത് ഏറെ വിവാദത്തിനു കാരണമായിട്ടുണ്ടല്ലോ.

ഇടനിലക്കാരായി നില്‍ക്കുന്ന കുത്തകകള്‍ ബാങ്കിനു മുന്‍കൂറായി പണം നല്‍കി വായ്പാ കുടിശികയുടെ ഉടമസ്ഥാവകാശം കൈപ്പറ്റുകയാണ് ചെയ്യുന്നത്.. സംസ്ഥാനത്തു തീര്‍ത്തും അപരിചിതമായ വായ്പാബാധ്യത വില്‍പ്പനരിതിക്കാണ് ദേശാസാല്‍കൃത ബാങ്കും റിലയന്‍സ് എ.ആര്‍.സിയും കൈകോര്‍ത്തിരിക്കുന്നത്. വായ്പാകുടിശിക കൈമാറ്റം സംബന്ധിച്ച് പലര്‍ക്കും നോട്ടീസ് ലഭിച്ചു.
2002ല്‍ നിലവില്‍വന്ന സര്‍ഫേസി (സാമ്പത്തിക ആസ്തി സുരക്ഷാ പുനക്രമീകരണ ആക്ട്) നിയമത്തിന്റെ പിന്‍ബലത്തിലാണ് ബാങ്കുകള്‍ കുടിശികയുളള വായ്പ വന്‍ ഇളവുകളോടെ കൈമാറുന്നത്. എന്നാല്‍ പൊതുമേഖലാ ബാങ്കുകളുടെ നിരക്കുകണ്ട് വായ്പയെടുക്കുന്നവര്‍ കുടിശിക വന്നുവെന്ന പേരില്‍ സ്വകാര്യലോബിയുടെ കൂടിയ പലിശയാണു അടയ്‌ക്കേണ്ടിവരുന്നത്. വാഹനവായ്പയില്‍ തിരിച്ചടവു മുടങ്ങുമ്പോള്‍ വാഹനം ഗുണ്ടകള്‍ ബാങ്കിന്റെ പ്രതിനിധികളായി വന്ന് ബലമായി പിടിച്ചെടുക്കുന്ന രീതി തന്നെയാണിത്. അതിനു കോടതി നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പല ബാങ്കുകളും ഇരുചക്രവാഹനവായ്പ നിര്‍ത്തിവച്ചു. വായ്പാ കുടിശികയുണ്ടാകുമ്പോള്‍ പിരിച്ചെടുക്കാന്‍ കരാര്‍ നല്‍കുകയാണ് നവബാങ്കുകളുടെയും രീതി. കരാര്‍ ഏറ്റെടുക്കുന്നവര്‍ ഉപ കരാര്‍ നല്‍കി പ്രഫഷണല്‍ ഗുണ്ടാസംഘങ്ങളെ ഉത്തരവാദിത്വമേല്‍പ്പിക്കും. ഈ രീതി വിദ്യാഭ്യാസ ലോണിലും ആവര്‍ത്തിക്കപ്പെടുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തൃശൂര്‍ ജില്ലയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ദേശസാല്‍കൃതബാങ്കില്‍നിന്ന് ഇനത്തില്‍ വിദ്യാഭ്യാസവായ്പ എടുത്തത് 1,87,455 രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് അത് 4.01131 ലക്ഷമായി മാറിയെന്നു ബാങ്ക് അറിയിച്ചു. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാകാത്തതിനെ തുടര്‍ന്ന് ബാങ്ക് നോണ്‍ പെര്‍ഫോമിങ് അസറ്റ് കാറ്റഗറിയില്‍ പെടുത്തി ബാധ്യത എല്ലാ അവകാശങ്ങളോടെയും റിലയന്‍സ് എ.ആര്‍.സിക്ക് കൈമാറിയെന്നു കാട്ടി അടുത്തയിടെ നോട്ടീസ് അയച്ചു. റിക്കവറി നടപടികള്‍ അടക്കം കൈക്കൊളളാന്‍ അധികാരപ്പെടുത്തിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിനെ സമീപിച്ചപ്പോള്‍ മുംബൈയിലെ ഓഫീസ് വിലാസത്തില്‍ ബന്ധപ്പെടാനാണ് നിര്‍ദേശം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കുബേര കൊട്ടിഘോഷിച്ച് നടപ്പാക്കുമ്പോഴാണ് ഇതും നടക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഓപ്പറേഷന്‍ കുബേരയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നുതന്നെയാണ് ഈ നടപടി.
അപ്പോഴും വിദ്യാഭ്യാസ ലോണ്‍ ചില പുന പരിശോധനകള്‍ അര്‍ഹിക്കുന്നുണ്ട.് പലപ്പോഴും പാവപ്പെട്ട നഴ്‌സുമാരുടെ തിക്താനുഭവങ്ങളാണ് ചര്‍ച്ചയാകാറുള്ളത്. തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്യുന്ന അവര്‍ക്ക് കൃത്യസമയത്ത് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാറില്ല. അപ്പോള്‍ കൊലവിളിയുമായി ബാങ്ക് രംഗത്തുവരും. അതിനെ പ്രതിരോധിക്കേണ്ടത് ഏവരുടേയും കടമയാണെന്നതില്‍ സംശയമില്ല.
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. കേരളത്തിലുടനീളം കൂണുപോലെ മുളച്ചുപൊന്തിയ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജടക്കമുള്ള സ്ഥാപനങ്ങളെല്ലാം നിലനില്‍ക്കുന്നത് എങ്ങനെയാണ്? വിദ്യാര്‍ത്ഥികളെ കിട്ടാതെ ഇപ്പോളവ പലതും പ്രതിസന്ധി നേരിടുന്നു എന്നതു ശരി. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിമുപേര്‍ എഞ്ചിനിയറിംഗ് പഠിച്ചത് വിദ്യാഭ്യാസ ലോണ്‍ എടുത്താണല്ലോ. അതായിരുന്നു ഈ സ്ഥാപനങ്ങളുടെ നിലനില്‍പ്പ്. ഒരു ബാങ്ക് ഉദ്യാഗസ്ഥന്‍ പറഞ്ഞ പോലെ ബാങ്കുകളില്‍ നിന്ന് പണത്തിന്റെ ടണല്‍ ഇത്തരം കോളേജുകളിലേക്ക് വെച്ചുകൊടുത്തിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ യോഗ്യതയുള്ളപതിനായിരകണക്കിനുപേര്‍ ഇവിടെനിന്ന് പഠിച്ച് പുറത്തിറങ്ങി. ഒരിക്കലും ഇത്രയും ബിടെക് ബിരുദധാരികള്‍ കേരളത്തിന് ആവശ്യമുണ്ടായിരുന്നില്ല. സ്വാഭാവികമായും മിക്കവര്‍ക്കും ആഗ്രഹിച്ച തൊഴില്‍ ലഭിച്ചില്ല. പലരും ബാങ്കുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിക്കു കയറി. ഇവിരില്‍ മിക്കവരും ലോണ്‍ തിരിച്ചടക്കുന്നില്ല. വലിയ ജോലി നേടി പുറത്തുപോയവരും തഥൈവ. അങ്ങനെയാണ് ബാങ്കുകള്‍ക്ക് വന്‍തുക ബാധ്യത വന്നത്. മറുവശത്ത് ഈ സമീപനം നമ്മുടെ ശാസ്ത്ര – ഭാഷ – സാമ്പത്തിക ശാസ്ത്ര വിദ്യാഭ്യാസത്തെയെല്ലാം തകര്‍ത്തു. ഇപ്പോളിതാ കാര്യങ്ങള്‍ ചെറിയ തോതില്‍ മാറുന്നു. ബി ടെക്കിന്റെ ആകര്‍ഷണീയത കുറഞ്ഞു. ഇത്തരം കോളേജുകളില്‍
സീറ്റൊഴിഞ്ഞു കിടക്കുന്നു. അതിനാലാണ് എന്‍ട്രന്‍സിനു പൂജ്യം മാര്‍ക്ക് കിട്ടായാലും പഠിക്കാമെന്ന് സര്‍ക്കാര്‍ ഓരിക്കല്‍ പറഞ്ഞത്. ഇനി എന്‍ട്രന്‍സ് പരീക്ഷ നിര്‍ത്തതാകും. അതോടെ കുറെ കോച്ചിംഗ് സെന്ററുകള്‍ പൂട്ടുമെന്നത് വേറെ കാര്യം.
സ്വാഭാവികമായും വിദ്യാഭ്യാസലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ മടിക്കും. അതനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെല്ലാം നന്ന്. പക്ഷെ ഇത്തരമൊരവസ്ഥ കൂടി മാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസ വായ്പ നല്‍കുന്നതിലും മടങ്ങിയത്തെിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലും ബാങ്കുകള്‍ തുടരുന്ന സമീപനത്തിനെതിരെ ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ കെ.സി. ജോസഫും കെ.എം. മാണിയും അടുത്തയിടെ രംഗത്തുവന്നിരുന്നു.
സംസ്ഥാന ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബാങ്കുകളുടെ നിലപാടിനെതിരെ പ്രതികരിച്ചത്. പ്രവാസി പുനരധിവാസം, വിദ്യഭ്യാസ വായ്പ, സര്‍ക്കാറിന്റെ സമ്പൂര്‍ണ ഭവന പദ്ധതി എന്നിവയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാങ്കുകളും സര്‍ക്കാറും ചേര്‍ന്ന സമിതി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിദ്യാഭ്യാസ വായ്പ വിതരണം ചെയ്യുന്നതിന് ഏകീകൃത മാനദണ്ഡം വേണം. വായ്പയെടുത്ത ശേഷം വിദ്യാര്‍ഥി മരിച്ചാല്‍ വായ്പ എഴുതിത്തള്ളാന്‍ തയാറാകണം. കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് വായ്പ നല്‍കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ ഉദാരത കാണിക്കണമെന്ന് ആഭ്യന്തരമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.
മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്കുള്ള വിദ്യാഭ്യാസവായ്പയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി(എസ്.എല്‍.ബി.സി)യും തമ്മില്‍ രൂക്ഷഭിന്നത നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവച്ച പല നിര്‍ദേശങ്ങളും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണു ബാങ്കുകള്‍. കോഴ്‌സ് ഫീസ്, പ്രവേശനമാനദണ്ഡം, വായ്പയ്ക്കുള്ള ജാമ്യം എന്നീ കാര്യങ്ങളിലാണു തര്‍ക്കം.
നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഏകീകൃതമാനദണ്ഡം നിശ്ചയിക്കുന്നതിനു മുമ്പ് അതുകൂടി പരിശോധിക്കണമെന്നാണ് എസ്.എല്‍.ബി.സി. നിലപാട്. സര്‍ക്കാരിന്റെ സമ്മര്‍ദഫലമായി എസ്.എല്‍.ബി.സി. ഇതേക്കുറിച്ചു പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, സമിതി റിപ്പോര്‍ട്ടിലെ പലകാര്യങ്ങളുമായും യോജിക്കാനാകില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച ഭേദഗതികള്‍ എസ്.എല്‍.ബി.സി. സ്റ്റിയറിങ് കമ്മിറ്റി പരിശോധിച്ചശേഷം ഉപസമിതിക്കു വിട്ടു.
സംസ്ഥാനദേശീയ പ്രവേശനപരീക്ഷകളുടെ അടിസ്ഥാനത്തിലല്ലാതെ സംസ്ഥാനത്തിനു പുറത്തുള്ള കോളജുകളില്‍ ചേരുന്നതിനെ മാനേജ്‌മെന്റ് ക്വാട്ടയായേ പരിഗണിക്കൂവെന്നാണു ബാങ്കുകളുടെ നിലപാട്. അതു സംസ്ഥാനസര്‍ക്കാരും അംഗീകരിച്ചു. എന്നാല്‍, പ്രവേശനത്തിനു സര്‍ക്കാര്‍ നിശ്ചയിച്ച മാര്‍ക്ക് ആധാരമാക്കാന്‍ കഴിയില്ലെന്ന ബാങ്കുകളുടെ നിലപാടിനോടു സര്‍ക്കാര്‍ വിയോജിക്കുന്നു. ജനറല്‍, ഒ.ബി.സി. സീറ്റുകളില്‍ 60 ശതമാനവും എസ്.സി/എസ്.ടി. വിഭാഗത്തില്‍ 40 ശതമാനവും മാര്‍ക്ക് യോഗ്യതാപരീക്ഷയ്ക്കു വേണമെന്ന പൊതുമാനദണ്ഡമാണ് എസ്.എല്‍.ബി.സി. റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.
വായ്പ ലഭിക്കുന്നതിനുള്ള അടിസ്ഥാന മാര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചതായിരിക്കണമെന്നു സര്‍ക്കാരും ശഠിക്കുന്നു. രണ്ടരലക്ഷം രൂപയ്ക്കുമേലുള്ള വായ്പയ്ക്കു ജാമ്യം വേണമെന്ന എസ്.എല്‍.ബി.സി. നിലപാടിനെയും സര്‍ക്കാര്‍ എതിര്‍ക്കുന്നു. അപേക്ഷകന്റെയും രക്ഷാകര്‍ത്താവിന്റെയും ജാമ്യത്തില്‍ രണ്ടരലക്ഷം രൂപവരെ നല്‍കാം. എന്നാല്‍ രണ്ടരമുതല്‍ നാലുലക്ഷം രൂപ വരെ വായ്പയ്ക്ക്, തുല്യമായ മൂന്നാംകക്ഷിയുടെ ജാമ്യമോ വസ്തുജാമ്യമോ നല്‍കണം. നാലുലക്ഷത്തിനു മേലാണെങ്കില്‍ തുല്യമായ വസ്തുജാമ്യം വേണമെന്നാണു ബാങ്കുകളുടെ ആവശ്യം. എന്നാല്‍, നാലുലക്ഷം വരെ ജാമ്യമേ പാടില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. 46 ലക്ഷം വരെ മൂന്നാംകക്ഷിയുടെ ജാമ്യത്തിലും അതിനുമേല്‍ വസ്തുജാമ്യത്തിലും നല്‍കണമെന്നു സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു.
മാനേജ്‌മെന്റ് ഫീസില്‍ മെരിറ്റ് പ്രവേശനം ലഭിക്കുന്നതും മാനേജ്‌മെന്റ് ക്വാട്ടയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കണമെന്നാണു ബാങ്കുകളുടെ മറ്റൊരു ആവശ്യം. മാനേജ്‌മെന്റ് ഫീസിലായാലും മെരിറ്റ് പ്രവേശനം നേടുന്നതിനെ സാധാരണപ്രവേശനമായി കണക്കാക്കണമെന്നു സര്‍ക്കാര്‍ വാദിക്കുന്നു. വായ്പയുടെ പേരില്‍ കൂടുതല്‍ തുക നേടുന്നത് ഒഴിവാക്കാനായി ഓരോ കോഴ്‌സിനുമുള്ള വായ്പ നിജപ്പെടുത്തണമെന്നും ബാങ്കുകള്‍ ആവശ്യപ്പെടുന്നു. ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ക്കു രണ്ടരലക്ഷം, ബി.എസ്‌സിക്കു മൂന്നുലക്ഷം, എന്‍ജിനീയറിങ്ങിനു മൂന്നരലക്ഷം എന്നിങ്ങനെ.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, മെഡിക്കല്‍ സയന്‍സിലെ മറ്റു പി.ജി. ഡിപ്ലോമ, ബിരുദ കോഴ്‌സുകള്‍ക്കു ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്ന ഉയര്‍ന്നപരിധി തുടരാമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഓരോ കോഴ്‌സ് ഫീസിനും മതിയായ വായ്പ നല്‍കണം. വിവേചനാധികാരത്തിനുള്ള വ്യവസ്ഥകളും അതിനുള്ള അധികാരകേന്ദ്രങ്ങളും പ്രത്യേകം വ്യക്തമാക്കണമെന്നും ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയണമെന്നും ബാങ്കേഴ്‌സ് സമിതി ആവശ്യപ്പെടുന്നു. ഈ വ്യവസ്ഥ റദ്ദാക്കണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം. വായ്പ നിഷേധിച്ചാല്‍ അപേക്ഷകെന രേഖാമൂലം കാരണമറിയിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. വായ്പ സംബന്ധിച്ച് പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി അപേക്ഷകര്‍ക്കു ലഭ്യമാക്കണം. നിലവില്‍ വായ്പ വാങ്ങിയിട്ടുള്ളയാള്‍ ഉന്നതപഠനത്തിനു വീണ്ടും വായ്പയ്ക്ക് അപേക്ഷിച്ചാല്‍ സാധ്യത പരിശോധിച്ചു വേണ്ടതു ചെയ്യണമെന്ന എസ്.എല്‍.ബി.സി. നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം തീരുമാനങ്ങളെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ വായ്പാകാര്യം ഗൗരവമായി തന്നെ പരിഗണിക്കപ്പെടുന്നുണ്ട്. പുതിയ ദേശീയവിദ്യാഭ്യാസനയത്തില്‍ അഞ്ചുശതമാനം പലിശയ്ക്ക് വിദ്യാഭ്യാസവായ്പ പരിഗണനയിലുണ്ട്. എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ സര്‍ക്കാറിനോ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കോ പറ്റാത്ത സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് ഉപരിപഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായുള്ള പഞ്ചായത്ത്ജില്ലസംസ്ഥാനതലചര്‍ച്ചയ്ക്കായി ഒരുക്കിയ രേഖയിലാണ് ഈ നിര്‍ദേശമുള്ളത്. കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസവായ്പയ്ക്കായി കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രത്യേക ഏജന്‍സി ഉണ്ടാക്കണമെന്ന് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ നിര്‍ദേശവുമുണ്ടായിരുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply