വാഗണ്‍ ട്രാജഡി : ചരിത്രത്തിന്റെ കാവിവല്‍ക്കരണം തുടരുന്നു

ചരിത്രത്തെ തങ്ങളുടെ രാഷ്ട്രീയ – വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ ക്കനുസരിച്ച് തിരുത്തുക എന്ന സംഘപരിവാര്‍ അജണ്ട കൂടുതല്‍ ശക്തമാകുകയാണ്. കേരളത്തെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല എന്നഹങ്കരിച്ചവരൊക്കെ വിഡ്ഢികളുടെ മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്നു പറയാതെവയ്യ. ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിലെ ഉജ്ജ്വലവും കണ്ണീരില്‍ കുതിര്‍ന്നതുമായ അധ്യായമായിരുന്ന വാഗണ്‍ ട്രാജഡിയെ പോലും ചരിത്രത്തില്‍ നിന്ന് അവരിതാ നിഷ്‌കാസനം ചെയ്യാന്‍ പോകുന്നു. ചരിത്ര സംഭവങ്ങളെ കേന്ദ്രീകരിച്ച് സ്‌റ്റേഷനുകളില്‍ ചിത്രങ്ങള്‍ വരക്കുന്ന റെയില്‍വേയുടെ പദ്ധതി പ്രകാരം തിരൂര്‍ സ്റ്റേഷനില്‍ സ്വാഭാവികമായും വരച്ചത് വാഗണ്‍ ട്രാജഡിയുടെ ചിത്രമായിരുന്നു. സംഭവത്തിന്റെ 97-ാം വാര്‍ഷികത്തിന്റെ […]

vvv

ചരിത്രത്തെ തങ്ങളുടെ രാഷ്ട്രീയ – വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ ക്കനുസരിച്ച് തിരുത്തുക എന്ന സംഘപരിവാര്‍ അജണ്ട കൂടുതല്‍ ശക്തമാകുകയാണ്. കേരളത്തെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല എന്നഹങ്കരിച്ചവരൊക്കെ വിഡ്ഢികളുടെ മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്നു പറയാതെവയ്യ. ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിലെ ഉജ്ജ്വലവും കണ്ണീരില്‍ കുതിര്‍ന്നതുമായ അധ്യായമായിരുന്ന വാഗണ്‍ ട്രാജഡിയെ പോലും ചരിത്രത്തില്‍ നിന്ന് അവരിതാ നിഷ്‌കാസനം ചെയ്യാന്‍ പോകുന്നു.

ചരിത്ര സംഭവങ്ങളെ കേന്ദ്രീകരിച്ച് സ്‌റ്റേഷനുകളില്‍ ചിത്രങ്ങള്‍ വരക്കുന്ന റെയില്‍വേയുടെ പദ്ധതി പ്രകാരം തിരൂര്‍ സ്റ്റേഷനില്‍ സ്വാഭാവികമായും വരച്ചത് വാഗണ്‍ ട്രാജഡിയുടെ ചിത്രമായിരുന്നു. സംഭവത്തിന്റെ 97-ാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ 10ന് അതിന്റെ ഉദ്ഘാടനവും തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രം വരച്ചതിനു പിറ്റേന്നു റെയില്‍വേ അധികൃതര്‍ തന്നെ അതു മാച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് മലബാറില്‍ നടന്നതൊന്നും അതിന്റെ ഭാഗമായിരുന്നില്ലെന്നും ഹിന്ദു കൂട്ടക്കൊലകളായിരുന്നു എന്നും അതിന്റെ ഭാഗമായിരുന്നു വാഗണ്‍ ട്രാജഡിയെന്നും അതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ ആ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ചില സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാര്‍ ഭാഗത്തെ മുസ്ലീങ്ങള്‍ നടത്തിയ സമരമായിരുന്നു മാപ്പിള ലഹള എന്നു പലരും വിളിക്കുന്ന മലബാര്‍ കലാപം എന്നതില്‍ ചരിത്രകാരന്മാര്‍ക്കൊന്നും അഭിപ്രായഭിന്നതയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കര്‍ഷകരും ജന്മിമാരും തമ്മിലുള്ള പ്രശ്‌നങ്ങളും അതിനു കാരണമായിരുന്നു. അതേസമയം മലബാറിലെ ഹിന്ദുക്കളില്‍ ഒരു വിഭാഗവും ലഹളയില്‍ പങ്കാളികളായിരുന്നു. തങ്ങളുടെ കുടില തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായി ലഹളയെ വര്‍ഗ്ഗീയമാക്കാന്‍ ബ്രിട്ടീഷുകാര്‍ ആരംഭം മുതലെ ശ്രമിച്ചു. ബ്രീട്ടീഷ് ഒറ്റുകാരായ ചില ഹിന്ദു ജന്മിമാര്‍ക്കെതിരെ ആക്രമം നടന്നു. ചൂഷിതരായ കുടിയാന്മാരില്‍ ചിലര്‍ കിട്ടിയ അവസരത്തില്‍ ജന്മിമാരെ ആക്രമിച്ചു തങ്ങളില്‍ നിന്നും ചൂഷണം ചെയ്തിരുന്ന ധാന്യങ്ങളടക്കം ബലമായി പിടിച്ചെടുത്ത സംഭവങ്ങളും ഉണ്ടായി. എന്നാല്‍ ഒറ്റപ്പെട്ട അത്തരം സംഭവങ്ങള്‍ ചൂണ്ടികാട്ടി മലബാര്‍ കലാപം ഹിന്ദുവിരുദ്ധകലാപമായിരുന്നു എന്നു പറയുന്നവരുടെ ലക്ഷ്യം പകല്‍പോല വ്യക്തമാണ്. അന്നു ബ്രിട്ടീഷുകാര്‍ പറഞ്ഞതാണ് ഇവരിന്ന് ആവര്‍ത്തിക്കുന്നത്. അതംഗീകരിച്ച് ഇത്തരം നടപടി സ്വീകരിച്ച റെയില്‍വേ നഷ്ടപ്പെടുത്തിയത് അതിന്റെ മതേതരമായ സ്വഭാവമാണ്.
വാസ്തവത്തില്‍ തുര്‍ക്കിയിലെ അഭ്യന്തരപ്രശ്‌നങ്ങളുടെ ഭാഗമായി രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍ ലഹള. ഖിലാഫത്തുകാര്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. 1921ല്‍ ഒറ്റപ്പാലത്തുവച്ച് നടന്ന കോണ്‍ഗ്രസ്-ഖിലാഫത്ത് സമ്മേളനങ്ങള്‍ക്കെതിരെ അവര്‍ അക്രമണം അഴിച്ചുവിട്ടതോടെയാണ് സമരം ശക്തിപ്പെട്ടത്. മാപ്പിളമാര്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പോലീസുകാരെയും പോലീസ് സ്റ്റേഷനേയും ആക്രമിക്കുകയും കോടതിയില്‍ കയറി ബ്രിട്ടീഷ് ഭരണം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഏറനാടിന്റെ ഭരണം ഏറെക്കുറെ അവരുടെ കയ്യിലായി. അതോടെ മദ്രാസില്‍ നിന്ന് വലിയ തോതില്‍ കമ്പനി പട്ടാളം രംഗത്തെത്തുകയും അക്രമവും മര്‍ദ്ദനവും വ്യാപകമാകുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ടു. കലാപകാരികളെ കണ്ടെത്താന്‍ പട്ടാളക്കാര്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്ന തന്ത്രമായിരുന്നു ബ്രിട്ടീഷുകാര്‍ നടപ്പാക്കിയത്. അങ്ങനെയാണ് ചെറിയ തോതിലാണെങ്കിലും ഹിന്ദു-മുസ്ലീം വൈരം വളര്‍ന്നത്. ഒപ്പം ജന്മിമാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതു വര്‍ഗ്ഗീയമായി വ്യാഖ്യാനിക്കുകയായിരുന്നു. എന്നാലതൊന്നുമായിരുന്നില്ല കലാപത്തില മുഖ്യധാര.
മലബാര്‍ ലഹളയിലെ ഏറ്റവും പൈശാചികമായ നടപടിയായിരുന്നു വാഗണ്‍ ട്രാജഡിയെന്ന് ഏതു കൊച്ചുകുട്ടിക്കും ഇന്നറിയാം. 1921 നവംബര്‍ 17ന് ഇരുനൂറോളം തടവുകാരെ ഒരു വാഗണില്‍ കുത്തിനിറച്ച് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ വണ്ടിയെത്തിയപ്പൊള്‍ വാഗണില്‍ നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനെത്തുടര്‍ന്ന് പട്ടാളക്കാര്‍ വാഗണ്‍ തുറന്നപ്പോള്‍ കണ്ടത് ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാര്‍ മരിച്ചു കടക്കുന്നതാണ്. ബാക്കിയുള്ളവരില്‍ പലരും ബോധരഹിതരായിരുന്നു. പുറത്തിറക്കിയ ശേഷവും കുറെപ്പേര്‍ മരിച്ചു. ജാലിയന്‍ വാലാബാഗിനെക്കാള്‍ നികൃഷ്ടവും നീചവുമായ കൂട്ടക്കൊലയായാണ് ചരിത്രം ഈ സംഭവത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. മലബാര്‍ കലാപത്തിന്റെ കാരണങ്ങളെപ്പറ്റി ഭിന്നാഭിപ്രായക്കാരുണ്ടെങ്കില്‍ തന്നെ വാഗണ്‍ ട്രാജഡിയെ തള്ളിക്കളയാന്‍ ഇന്നോളം ആരും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ തിരൂര്‍, വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ ബസ് വെയ്റ്റിംഗ് ഷെഡ് വെള്ളുവമ്പ്രം, പൂക്കോട്ടൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മന്ദിരം(ലൈബ്രറി& സാംസ്‌കാരിക കേന്ദ്രം) കുരുവമ്പലം, വാഗണ്‍ ട്രാജഡി സ്മാരക ബ്ലോക്ക്. വളപുരം ജി.എം.യു.പി സ്‌കൂള്‍ വളപുരം പുലാമന്തോള്‍ തുടങ്ങി നിരവധി സ്മാരകങ്ങള്‍ യാതൊരുവിവാദവുമില്ലാതെ നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ തന്നെ ഇപ്പോളത്തെ സംഭവത്തെ ചരിത്രത്തിന്റെ കാവിവല്‍ക്കരണത്തിന്റെ ഭാഗമായല്ലാതെ കാണാനാകില്ല. നിര്‍ഭാഗ്യവശാല്‍ കാവിവല്‍ക്കരണത്തിനെതിരെ ഘോരഘോരം ശബ്ദമുയര്‍ത്തുന്നു എന്നവകാശപ്പെടുന്ന കേരളത്തില്‍ നിന്ന് ഈ സംഭവത്തിനെതിരെ കാര്യമായ പ്രതികരണമൊന്നും ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply