വരുന്നു തുല്ല്യപ്രാതിനിധ്യ പ്രസ്ഥാനം

വനിതാ സംവരണബില്ലിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രസ്ഥാനങ്ങള്‍ പോലും ലോകസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് നാമമാത്ര പ്രാതിനിധ്യം നല്‍കി ഒതുക്കിയ നടപടി ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കാനും അധികാരത്തില്‍ തുല്ല്യപങ്കാളിത്തത്തിനായി പോരാടാനുമായി കേരളത്തില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ തുല്ല്യപ്രാതിനിധ്യ പ്രസ്ഥാനം രൂപം കൊള്ളുന്നു. ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രീയാധികാരത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലുമുള്ള പങ്കാളിത്തം ഗുരുതരമായ തോതില്‍ കുറവാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് തുല്യപ്രാതിനിധ്യ പ്രസ്ഥാനം രൂപം കൊള്ളുന്നത്. പ്രസ്ഥാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 17ന് സാഹിത്യ […]

TTT

വനിതാ സംവരണബില്ലിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രസ്ഥാനങ്ങള്‍ പോലും ലോകസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് നാമമാത്ര പ്രാതിനിധ്യം നല്‍കി ഒതുക്കിയ നടപടി ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കാനും അധികാരത്തില്‍ തുല്ല്യപങ്കാളിത്തത്തിനായി പോരാടാനുമായി കേരളത്തില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ തുല്ല്യപ്രാതിനിധ്യ പ്രസ്ഥാനം രൂപം കൊള്ളുന്നു. ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രീയാധികാരത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലുമുള്ള പങ്കാളിത്തം ഗുരുതരമായ തോതില്‍ കുറവാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് തുല്യപ്രാതിനിധ്യ പ്രസ്ഥാനം രൂപം കൊള്ളുന്നത്. പ്രസ്ഥാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 17ന് സാഹിത്യ അക്കാദമിയില്‍ കെ അജിത നിര്‍വ്വഹിക്കും. പ്രസ്ഥാനത്തിന്റെ പേരിലല്ലെങ്കിലും ഈ വിഷയം സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എറണാകുളം മണ്ഡലത്തില്‍ സാമൂഹ്യപ്രവര്‍ത്തക ലൈല റഷീദ് മത്സരിക്കുന്നുമുണ്ട്.
നിയമനിര്‍മാണസഭകള്‍ മുതല്‍ കുടുംബം വരെ സ്ത്രീകളോടുള്ള അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കാനായി അവരുടെ നേതൃത്വത്തിലുള്ളതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിട്ടയായി പ്രവര്‍ത്തിക്കുന്നതുമായ ഒരു വിശാല സാമൂഹ്യപ്രസ്ഥാനം വളര്‍ത്തിയെടുക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഈ സംരംഭത്തിനു പുറകിലെ ചാലകശക്തി. അത് സവര്‍ണഫാസിസത്തെയും മതമൗലികവാദത്തെയും എതിര്‍ക്കുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവികസനമെന്ന കാഴ്ചപ്പാടില്‍ ഊന്നുന്നതുമാണെന്ന് സംഘാടകര്‍ പറയുന്നു. ഈ ആശയത്തോട് യോജിപ്പുള്ള മുഴുവന്‍ പേരേയും അണിനിരത്താനാണ് ശ്രമം.

കേരളത്തില്‍ 52%വും ഇന്ത്യയിലാകെ 50 ശതമാനത്തോളവും സ്ത്രീ വോട്ടര്‍മാര്‍ ഉള്ളപ്പോള്‍ പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം വെറും 11.5% മാത്രമാണ്. കേരളത്തിലെ ഇരുപത് പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരേയൊരു സ്ത്രീ മാത്രമാണുള്ളത്; അതായത് വെറും 5%. കേരള നിയമസഭയില്‍ 140ല്‍ 8 പേര്‍; അഥവാ 5.7% മാത്രം. ഇപ്പോള്‍ ഓരോ മുന്നണിയും മത്സരിപ്പിക്കുന്നത് 2 പേരെ വീതം – 10 ശതമാനം. സ്ത്രീകളുടെ സാമൂഹ്യപദവിയില്‍ നമ്മേക്കാള്‍ പുറകിലെന്നു പറയുന്ന മിക്ക സംസ്ഥാനങ്ങളുടേയും അവസ്ഥ ഇതിനേക്കാള്‍ മെച്ചമാണ്. മമതാ ബാനര്‍ജിയെന്ന സ്ത്രീയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ത്രീകള്‍ വന്‍പ്രാതിനിധ്യമാണ് നല്‍കുന്നത്. 41%. ഒഡീഷയില്‍ 33% പേരെ മല്‍സരിപ്പിച്ച് ബിജു ജനതാദളും സംവരണനിയയമത്തിനു കാത്തു നില്‍ക്കാതെ തങ്ങളുടെ രാഷ്ട്രീയ കടമ നിറവേറ്റുന്നത് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാഠമാകേണ്ടതുണ്ട്. എ്ന്നാല്‍ സ്ത്രീസംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കൂടുതല്‍ സ്ത്രീപ്രതിനിധികളെ ഇത്തവണയെങ്കിലും തെരഞ്ഞെടുത്തയക്കണം എന്ന് തീരുമാനിക്കാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായില്ല.

സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ അവസരവും തുല്യനീതിയും വാഗ്ദാനം ചെയ്യുകയും അത് യാഥാര്‍ഥ്യമാക്കാന്‍ സംവരണം അടക്കമുള്ള നടപടികള്‍ക്ക് വ്യവസ്ഥ ചെയ്യുകയും ചെയ്തിട്ടുള്ള ഒരു ഭരണഘടനക്കു കീഴിലാണ് ലജ്ജാകരമായ ഈ അവസ്ഥ തുടരുന്നത്. മൂന്നിലൊന്ന് പാര്‍ലമെന്റ്- നിയമസഭാ സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്ന നിയമനിര്‍മാണത്തിന് 1996ല്‍ ശ്രമം ആരംഭിച്ചതാണ്. എന്നാലിന്നുവരെ ആ നീക്കം വിജയിച്ചിട്ടില്ല. ഇന്ത്യന്‍ സാമൂഹ്യസാഹചര്യത്തില്‍ വളരെ പ്രസക്തമായ സംവരണത്തിനകത്തെ സംവരണം എന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. രണ്ടു ദിവസം കൊണ്ട് മൂന്നേ മൂന്നുപേരുടെ മാത്രം എതിര്‍പ്പിനെ അവഗണിച്ച് മുന്നോക്ക സംവരണ ബില്‍ പാസാക്കിയ രാജ്യത്താണ് ഇതു നടക്കുന്നത്. അതേസമയം അധികാരകത്തില്‍ വന്നാല്‍ സംവരണ ബില്‍ പാസാക്കുമെന്ന് മിക്ക രാഷ്ട്രീയ കക്ഷികളും തുടര്‍ന്നും തെരഞ്ഞെടുപ്പു സന്ദര്‍ഭങ്ങളില്‍ വാഗ്ദാനം ചെയ്തുകൊണ്ടിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചിട്ടുണ്ട്. ആദ്യസമ്മേളനത്തില്‍ തന്നെ പാസാക്കുമെന്നാണ് കോണ്‍ഗ്രസ്സ് വാഗ്ദാനം.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ തയ്യാറാകില്ല എന്നത് വ്യക്തമാണ്. തുല്യപ്രാതിനിധ്യം തങ്ങളുടെ അവകാശമാണെന്ന് തിരിച്ചറിയുന്ന, സ്ത്രീകളുടെ മുന്‍കൈയിലുള്ള ശക്തമായ ഒരു വിശാല ജനകീയപ്രസ്ഥാനം ഇവിടെ ഉയര്‍ന്നു വരികയും സര്‍ക്കാരിലും രാഷ്ട്രീയ പാര്‍ട്ടികളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു സമ്മര്‍ദശക്തിയായി വളരുകയും ചെയ്യേണ്ടതുണ്ട്. മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്നതു കൊണ്ടുമാത്രം സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തിന്റെ പ്രശ്നം തീരുകയില്ല. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന എല്ലാ തലങ്ങളിലും, അത് സര്‍ക്കാരിലായാലും, രാഷ്ട്രീയ പാര്‍ട്ടികളിലായാലും മറ്റു സാമൂഹ്യസംഘടനകളിലായാലും, സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ നിലയില്‍ സമഗ്രമായ ഒരു സാമൂഹിക മാറ്റമാണ് തുല്യപ്രാതിനിധ്യ പ്രസ്ഥാനം വിഭാവനം ചെയ്യുന്നത്. വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന, ഈ ആശയത്തോട് യോജിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാനാണഅ പ്രസ്ഥാനത്തിന്റെ തീരുമാനം. ഒപ്പം, ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സമാന ആശയങ്ങളുള്ള സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ഉദ്ഘാടനസമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയുടെയും പഞ്ചായത്തിരാജ് നിയമത്തിന്റെയും അടിസ്ഥാനത്തില്‍ തുല്യപ്രാതിനിധ്യത്തിന്റെ സാധ്യത, സ്ത്രീപ്രാതിനിധ്യം ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറും നടക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply