വധശിക്ഷ നീതിയല്ല, പകമാത്രം

സൗമ്യ കേസിനുശേഷം കേരളം ഏറെ ചര്‍ച്ച ചെയത് ജിഷാകേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ. സൗമ്യകേസിലും പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. സുപ്രിംകോടതിയാണ് അത് ജീവപര്യന്തമാക്കിയത്. ഇവിടേയും പ്രതി അപ്പീല്‍ കൊടുക്കുമെന്നുറപ്പ്. കേരളത്തെ ഞെട്ടിച്ച അതിഭയാനകമായ കൊലയായിരുന്നു ജിഷയുടേത്. സ്വാഭാവികമായും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ആ പരമാവധി ശിക്ഷ എന്നത് വധശിക്ഷയാണെന്ന നിയമം ഇനിയും വഴി മാറേണ്ടിയിരിക്കുന്നു. വധശിക്ഷ എന്നത് കാലഹരണപ്പെട്ട ഒന്നാണെന്നും അതിനു പകയുടെ വിലവാരമേ ഉള്ളു എ്ന്നും […]

thhസൗമ്യ കേസിനുശേഷം കേരളം ഏറെ ചര്‍ച്ച ചെയത് ജിഷാകേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ. സൗമ്യകേസിലും പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. സുപ്രിംകോടതിയാണ് അത് ജീവപര്യന്തമാക്കിയത്. ഇവിടേയും പ്രതി അപ്പീല്‍ കൊടുക്കുമെന്നുറപ്പ്.
കേരളത്തെ ഞെട്ടിച്ച അതിഭയാനകമായ കൊലയായിരുന്നു ജിഷയുടേത്. സ്വാഭാവികമായും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ആ പരമാവധി ശിക്ഷ എന്നത് വധശിക്ഷയാണെന്ന നിയമം ഇനിയും വഴി മാറേണ്ടിയിരിക്കുന്നു. വധശിക്ഷ എന്നത് കാലഹരണപ്പെട്ട ഒന്നാണെന്നും അതിനു പകയുടെ വിലവാരമേ ഉള്ളു എ്ന്നും തിരിച്ചറിഞ്ഞ് മിക്കവാറും രാജ്യങ്ങള്‍ അതവസാനിപ്പിച്ചു കഴിഞ്ഞു. എന്നിട്ടും നമ്മളതു തുടരുകയാണ്.
സൗമ്യ കേസില്‍ നിന്ന് വ്യത്യസ്തമായി ഈ കേസില്‍ പ്രതിയുടെ കാര്യത്തില്‍ സംശയാതീതമായ തെളിവുണ്ടോ എന്ന സംശയം ഇപ്പോഴും വിദഗ്ധര്‍ക്കിടയില്‍ പോലുമുണ്ട്. ചുരുങ്ങിയപക്ഷം പ്രതി ഒറ്റക്കെല്ലാ കൃത്യം ചെയ്തതെന്ന് ആക്ഷന്‍ കൗണ്‍സില്‍ പോലും വിശ്വസിക്കുന്നു. ഇനി അതല്ലാ ശരി എന്നുതന്നെ വെക്കുക. അപ്പോഴും കോടതിയുടെ ചില പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ല. സ്ത്രീകളുടെ അന്തസ്സുയര്‍ത്താനാണ് വിധിയെന്ന കോടതിയുടെ വാദം ശറിയല്ല. പ്രതികള്‍ക്ക് വധശിക്ഷ നല്‍കുമ്പോഴാണോ സ്ത്രീകളുടെ അന്തസ്സുയരുക? അതു വിശദമായി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്. അപകടകരമായ മറ്റൊരു പരാമര്‍ശവും കോടതി നടത്തി. പൊതുജനഭിപ്രായം കൂടി തങ്ങള്‍ കണക്കിലെടുക്കുന്നു എന്നതാണത്. പൊതുജനാഭിപ്രായമനുസരിച്ചാണോ കേസുകളില്‍ വിധി പറയേണ്ടത്? എങ്കില്‍ ഇത്രയും സമ്പന്നമായ നീതിന്യായ സംവിധാനം നമുക്കാവശ്യമില്ലല്ലോ.
ഇന്ത്യയില്‍ നടപ്പാക്കിയ ചില വധശിക്ഷകളിലും പ്രതികള്‍ അതര്‍ഹിക്കുന്നവരല്ല എന്ന ശക്തമായ വാദമുണ്ട്. പൊതുജനതാല്‍പ്പര്യാര്‍ത്ഥം വധശിക്ഷ നല്‍കുന്നു എന്നു കോടതി പ്രസ്താവിച്ച സംഭവം മുമ്പുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും വധശിക്ഷ ഉപയോഗിച്ചിട്ടുണ്ട്. വധശിക്ഷക്കു വിധിക്കപ്പെട്ട രാഷ്ട്രതലവന്മാരുടെ നീണ്ട നിരതന്നെയുണ്ടല്ലോ. അവരില്‍ മിക്കവര്‍ക്കും ന്യായമായ രീതിയില്‍ കേസ് വാദിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും കണക്കുകളില്ല.
കണ്ണിനു കണ്ണ്, കാതിനു കാത്, തലക്കു തല തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ട നീതിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അതു ഭൂഷണമല്ല. ഭീകരന്മാര്‍ ചെയ്യുന്നതിനു പകരം അതുമാകാം എന്ന ന്യായീകരണവും ശരിയല്ല. ഭീകരസംഘടനയല്ലല്ലോ ജനാധിപത്യ ഭരണ കൂടം. ഗോവിന്ദച്ചാമിയെ പോലുള്ളവരെയും ഡെല്‍ഹിയിലെ പെണ്‍കുട്ടിയെ മൃഗീയമായി കൊന്നവരേയും നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരരേയും മറ്റും പിന്നെന്തു ചെയ്യും എന്ന ചോദ്യവും സ്വാഭാവികം. കോടതിനടപടികള്‍ അതിവേഗമാക്കി വധശിക്ഷ ഒഴികെയുള്ള കഠിന ശിക്ഷ നടപ്പാക്കുക മാത്രമാണ് ശരി. കാരണം നിയമം ഉണ്ടെങ്കില്‍ ചിലര്‍ക്കു മാത്രമായി നടപ്പാക്കാനാവില്ലല്ലോ. വധശിക്ഷ നിലവിലുണ്ടെങ്കില്‍ എപ്പോഴും അത് പ്രഖ്യാപിക്കാമല്ലോ. എപ്പോഴും തെറ്റുപറ്റാനുള്ള സാധ്യതയുമുണ്ട്. പിന്നെ ഒരു തിരുത്ത് അസാധ്യമാണല്ലോ. സംശയത്തിന്റെ ആനുകൂല്യം പ്രതിക്കാണ്, വാദിക്കല്ല.  കുറ്റവാളിയെ മാറ്റിയെടുക്കലാണ് ഏതൊരു ശിക്ഷയുടേയും അടിസ്ഥാന ലക്ഷ്യം എന്നതും ഓര്‍ക്കേണ്ടതാണ്. അതിനായി അവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. സമൂഹത്തില്‍ കുറ്റഴാളിയുടെ ചലന സ്വാതന്ത്ര്യം നിഷേധിക്കുക. അതുതന്നെയാണ് ഏറ്റവും വലിയ ശിക്ഷ.
അമേരിക്ക, ചൈന, മതരാഷ്ട്രങ്ങള്‍ തുടങ്ങി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏകാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് മുഖ്യമായും ഇന്ന് വധശിക്ഷ നടപ്പാക്കുന്നത്. ഏതൊരു രാജ്യത്തേയും കടന്നാക്രമിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ജയിലുകള്‍ ഉള്ളത്. ഭീകരസംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. (കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വധശിക്ഷ നടപ്പാക്കുന്നു.) ജനാധിപത്യ രാഷ്ട്രങ്ങള്‍ മിക്കവാറും അത് നിരോധിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു മതവിശ്വാസവും കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും അത് ചെവികൊണ്ടിട്ടില്ല. ഇനിയെങ്കിലും ആ ദിശയില്‍ ചിന്തിച്ചില്ലെങ്കില്‍ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന നമ്മുടെ അഹങ്കാരത്തിന് അര്‍ത്ഥമില്ലാതാകും. പ്രമുഖ പാര്‍ട്ടികളില്‍ സിപിഎം മാത്രമാണ് വധശിക്ഷക്കെതിരെ നിലപാടെടുത്തിരിക്കുന്നത്.
സത്യത്തില്‍ തിരുവിതാംകൂറില്‍ 1944 നവംബര്‍ 11ന് വധശിക്ഷ നിരോധിക്കപ്പെട്ട പാരമ്പര്യം  നമുക്കുണ്ട്. വധശിക്ഷ അവസാനിപ്പിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു തിരുവിതാരംകൂര്‍. 1950 ല്‍ ഔപചാരികമായി ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകുന്നതുവരേയും തുടര്‍ന്ന് കുറേകാലത്തേക്കും- തിരുവിതാംകൂറില്‍ വധശിക്ഷ ഉണ്ടായിരുന്നില്ല.ഭരണഘടനാ നിര്‍മാണസഭയില്‍ പട്ടംതാണുപിള്ളയെപോലെ തിരുവിതാംകൂറില്‍ നിന്നുള്ള പ്രതിനിധികള്‍ രാജ്യത്ത് വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്ന വാദവുമായി ശബ്ദമുയര്‍ത്തിയിരുന്നു. വധശിക്ഷ സ്ഥിരമായിരിക്കില്ലെന്ന മറുപടിയോടെയാണ് പ്രസ്തുത വകുപ്പ് അംഗീകരിക്കപ്പെട്ടത്. പക്ഷെ അത് അനന്തമായി തുടരുകയാണ്. ഇനിയെങ്കിലും കൊലക്കു പകരം കൊലയെന്ന ഈ പ്രാകൃതനീതിക്ക് അവസാനമുണ്ടാകേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply