മൃതദേഹത്തോട് അനാദരവ് കാണിക്കാന്‍ ബിഷപ്പിനും വികാരിക്കും എന്തവകാശം?
മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ ഇരിങ്ങാലക്കുട ബിഷപ്പിനെതിരെയും പുളിങ്കര സെന്റ് മേരിസ് പള്ളി വികാരിക്കെതിരെയും കേസ് എടുക്കാന്‍ ചാലക്കുടി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ലീന റഷീദ് ഉത്തരവിട്ട സംഭവം പല മാധ്യമങ്ങളും മറച്ചുവെച്ചു. ബിഷപ്പിനോടും പള്ളി വികാരിയോടും കോടതിയില്‍ ഹാജരാകുന്നതിന് സമന്‍സ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഗുഡല്ലുരില്‍ കൃഷി ചെയ്‌തു വന്നിരുന്ന കുറ്റിച്ചിറ സ്വദേശി പൗലോസ് ആകസ്‌മികമായി ഉണ്ടായ അപകടത്തില്‍ മരണ മടഞ്ഞതിനെ തുടര്‍ന്ന് മതപരമായ സംസ്‌കാരം നടത്തുന്നതിനായി നേരത്തെ ബന്ധുക്കള്‍ അപേക്ഷിച്ചിരുന്നെങ്കിലും, മൃതദേഹവുമായി വിലാപയാത്ര പള്ളിയില്‍ […]
മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ ഇരിങ്ങാലക്കുട ബിഷപ്പിനെതിരെയും പുളിങ്കര സെന്റ് മേരിസ് പള്ളി വികാരിക്കെതിരെയും കേസ് എടുക്കാന്‍ ചാലക്കുടി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ലീന റഷീദ് ഉത്തരവിട്ട സംഭവം പല മാധ്യമങ്ങളും മറച്ചുവെച്ചു. ബിഷപ്പിനോടും പള്ളി വികാരിയോടും കോടതിയില്‍ ഹാജരാകുന്നതിന് സമന്‍സ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഗുഡല്ലുരില്‍ കൃഷി ചെയ്‌തു വന്നിരുന്ന കുറ്റിച്ചിറ സ്വദേശി പൗലോസ് ആകസ്‌മികമായി ഉണ്ടായ അപകടത്തില്‍ മരണ മടഞ്ഞതിനെ തുടര്‍ന്ന് മതപരമായ സംസ്‌കാരം നടത്തുന്നതിനായി നേരത്തെ ബന്ധുക്കള്‍ അപേക്ഷിച്ചിരുന്നെങ്കിലും, മൃതദേഹവുമായി വിലാപയാത്ര പള്ളിയില്‍ എത്തിയപ്പോള്‍ ഇടവക വികാരി മൃതദേഹത്തിനു നല്‌കേണ്ട മതാചാര ചടങ്ങുകള്‍ക്ക് തയ്യാറായില്ല. പ്രത്യേകിച്ചൊരു കാരണവും ബിഷപ്പിനു പറയാനുണ്ടായിരുന്നില്ല. തുടര്‍ന്ന് പുളിങ്കര സെന്റ് മേരിസ് പള്ളിയില്‍ മതപരമായ ആചാരങ്ങള്‍ ഒന്നുമില്ലാതെ ഒരു ഒഴിഞ്ഞ കല്ലറയില്‍ സ്ലാബ് ഇട്ടു മൂടി മൃദദേഹം മറവു ചെയ്യുകയായിരുന്നു.
അവിശ്വാസികള്‍ക്ക് ഇതൊരു വിഷയമല്ലായിരിക്കാം. എന്നാല്‍ ജീവിതം മുഴുവന്‍ വിശ്വാസിയായിരുന്ന ഒരാളുടെ മൃതദേഹത്തിന്റെ അവകാശമാണ് ജീവിച്ചിരുന്നപ്പോഴത്തെ വിശ്വാസമനുശാസിക്കുന്ന രീതിയില്‍ സംസ്‌കരിക്കപ്പെടുക എന്നത്. അതാണ് വികാരി നിഷേധിച്ചത്. സംഭവത്തില്‍ പരാതി കൊടുത്തിട്ടും കേസെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയിലെത്തിയത്.
മനുഷ്യാവകാശങ്ങളെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണല്ലോ ഇത്. എന്നാല്‍ മൃതദേഹങ്ങള്‍ക്കുമില്ലേ അവകാശങ്ങള്‍ ? മൃതദേഹത്തിന്റെ മാന്യമായ സംസ്‌കരണത്തോടേയേ സത്യത്തില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ത്തിയാകുന്നുള്ളു. ദശകങ്ങളോളം ഈ മണ്ണിന്റെയും വിണ്ണിന്റേയും ഭാഗമായി ജീവിച്ചവരുടെ അവകാശമാണ് അവരുടെ ജീവനറ്റ ശരീരത്തിനു ആദരവും ബഹുമാനവും ലഭിക്കുക എന്നത്. യുദ്ധങ്ങളില്‍പോലും അതു തത്വത്തില്‍ അംഗീകരിക്കപ്പെടാറുണ്ട്. നടപ്പാകാറില്ലെങ്കിലും.
മൃതദേഹങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന അവകാശങ്ങള്‍ അനവദിച്ചുകൊടുക്കാന്‍ നാം തയ്യാറില്ല എന്നു തെളിയിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്. അനാട്ടമി വിഭാഗത്തില്‍ പഠനത്തിനുശേഷം ആവശ്യംകഴിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ വലിച്ചെറിഞ്ഞ ദൃശ്യങ്ങള്‍ എത്രയോ ക്രൂരമാണ്. റീജനല്‍ കെമിക്കല്‍ ലബോറട്ടറിക്കു സമീപം അനാട്ടമി വിഭാഗത്തിനായി നല്‍കിയ ശ്‌മശാനത്തിലാണ് ചാക്കിലാക്കി മൃതദേഹങ്ങള്‍ ഉപേക്ഷിച്ച കാഴ്‌ച കണ്ടത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി സ്‌പിരിറ്റിലിട്ട് സൂക്ഷിച്ച മൃതദേഹങ്ങളാണ് ആവശ്യം കഴിഞ്ഞപ്പോള്‍ വലിച്ചെറിയുന്നത്. വൈദ്യശാസ്‌ത്രത്തിന്റെ പുരോഗതിക്കായി എന്നു ധരിച്ച് (സത്യത്തില്‍ വൈദ്യശാസ്‌ത്രത്തെ അറവുകത്തിയാക്കുകയാണെന്നത് വേറെ കാര്യം) തങ്ങളുടെ ശരീരം പഠിക്കാനായി വിട്ടുകൊടുത്തവരോടാണ് ഈ ക്രൂരത നാം ചെയ്യുന്നത്. പിന്നെ അനാഥശവങ്ങളോടും. (വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ നഗ്‌നമായ മതദേഹം അവിടത്തെ ജീവനക്കാര്‍ പണം വാങ്ങി ആളുകള്‍ക്ക് കാണിച്ചുകൊടുത്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരുന്നു).
കഴിഞ്ഞില്ല. മാസങ്ങള്‍ക്കുമുമ്പെ തൃശൂരില്‍ ജനറല്‍ ആസ്‌പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് വിട്ടുനല്‍കിയ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം എംബാം ചെയ്യാന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തിട്ടില്ലെന്ന് തെളിഞ്ഞു. അന്യസംസ്ഥാനതൊഴിലാളിയുടെ ശരീരമല്ലേ എന്നു കരുതിയാകണം ഒരു ഗൈനക്കോളജിസ്റ്റിനെയാണത്രെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഏല്‍പ്പിച്ചത്. അവരതുചെയ്‌തില്ല. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞേ മരിച്ച തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളു.
മൃതദേഹങ്ങളുടെ സംസ്‌കരണം കേരളം നേരിടുന്ന വലിയൊരു വെല്ലുവിളിയായി മാറുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെല്ലാം ആധുനിക രീതിയിലുള്ള ശ്‌മശാനങ്ങള്‍ നിര്‍മ്മിക്കണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. (നേരത്തെയുള്ള ശ്‌മശാനങ്ങളില്‍ പലതിലും മൃതദേഹം പകുതി പോലും കത്തിതീരാറില്ല എന്നത് വേറെ കാര്യം) എന്നാല്‍ എത്ര സ്ഥലത്ത് അത് നടക്കുന്നുണ്ട്? അതിനാല്‍ മറ്റു ശ്‌മശാനങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകേണ്ടിവരുന്നു. അത് സംഘര്‍ഷങ്ങള്‍ക്കുപോലും കാരണമാകുന്നു. തൃശൂര്‍ ജില്ലയില്‍ പാമ്പൂരിലും കൂര്‍ക്കഞ്ചേരിയിലും ഇത്തരം സംഭവങ്ങള്‍ സംഘട്ടനങ്ങളിലേക്കും വഴി തെളിയിച്ചിരുന്നു. പൊതുശ്‌മാശാനങ്ങളില്ലാതെ താമസിക്കുന്ന രണ്ടോ മൂന്നോ സെന്റിലെ കുടിലില്‍ മുറിക്കകത്ത് മൃതദേഹം കുഴിച്ചിടേണ്ടിവന്ന ദളിത് കുടുംബങ്ങളും കേരളത്തിലുണ്ടല്ലോ. പ്രശസ്‌ത വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തുപോലും അത്തരം സംഭവങ്ങളുണ്ടായി. അതേസമയം പൊതുശ്‌മശാനങ്ങള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ പാരിസ്ഥിതിക പ്രശ്‌നമുന്നയിച്ച് പലരുമത് തടയാന്‍ വരും. ഒരുമാസം മുമ്പ് ഇരിങ്ങാലക്കുടയില്‍ നിന്ന് തന്നെ ഇത്തരമൊരു വാര്‍ത്ത വന്നിരുന്നു. ഒരുപക്ഷെ അവിടെതന്നെ മൊബാല്‍ ടവറോ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഫാക്‌റികളോ ഉണ്ടാകും. ചീറിപായുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം കുറക്കാന്‍ അവക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നാം ത്യയാറില്ലല്ലോ. എന്നാലും അനിവാര്യമായ ശ്‌മശാനം അനുവദിക്കില്ല. മറുവശത്ത് കോടികള്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളിലും വില്ലകളിലും എന്തിന് ഒറ്റപ്പെട്ട വീടുകള്‍ പണിയുമ്പോഴും നമ്മുടെ അജണ്ടയില്‍ ഈ വിഷയം മാത്രം വരില്ല. നാളെ നമ്മുടെ ശരീരവും മാന്യമായ സംസ്‌കരണം ലഭിക്കാതെ പോകുന്ന അവസ്ഥയെങ്കിലും ആലോചിച്ചാല്‍.
മൃതദേഹ സംസ്‌കരണത്തിലും നാം ജാതി നോക്കുന്നു. തൃശൂര്‍ നഗരത്തില്‍ സവര്‍ണ്ണവിഭാഗങ്ങളുടെ മൃതദാഹങ്ങള്‍ മിക്കവാറും സംസ്‌കരിക്കുന്നത് പാറമേക്കാവ് ദേവസ്വത്തിന്റെ ശ്‌മശാനത്തിലാണെങ്കില്‍ മറ്റുള്ളവര്‍ കൂടുതലും എസ്‌എന്‍ഡിപിയുടെ ശ്‌മശാനത്തെ ആശ്രയിക്കുന്നു. അവയേക്കാള്‍ ആധുനികമായി കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ലാലൂരിലെ പൊതുശ്‌മശാനത്തില്‍ മൃതദേഹങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്.
കൃസ്‌താനികള്‍ക്കും മുസ്ലിമുകള്‍ക്കും പള്ളിയുമായി ബന്ധപ്പെട്ടാണല്ലോ സംസ്‌കരണം. പലയിടത്തും അവയുടെ അവസ്ഥ പരമ ദയനീയമാണ്. ചാലക്കുടിയിലെ പാടങ്ങളോടുള്ള ചേര്‍ന്നുള്ള ഒരു ശ്‌മശാനത്തില്‍ വര്‍ഷകാലത്ത് വെള്ളം കയറുകയും സമീപത്തെ ജലസംഭരണികളെല്ലാം മലിനപ്പെടുകയും ചെയ്‌തു. മിക്കപള്ളികളിലും ശ്‌മശാനത്തോട് വലിയ അവഗണനയാണ്. പണം കൂടുതല്‍ നല്‍കിയാല്‍ മാത്രമാണ് മൃതദേഹങ്ങള്‍ക്ക് മാന്യമായ പരിഗണന ലഭിക്കുന്നത്. മൃതദേഹങ്ങല്‍ ഒന്നിനു മകളില്‍ ഒന്നായി വലിയ ഗര്‍ത്തങ്ങളില്‍ തള്ളിയിടുന്ന രീതി തന്നെ മാറേണ്ടകാലം കഴിഞ്ഞു. പകരം വൈദ്യുതിയിലോ ഗ്യാസിലോ പ്രവര്‍ത്തിക്കുന്ന ശ്‌മശാനത്തില്‍ ദഹിപ്പിക്കുന്ന രീതി ഉപയോഗിക്കണം. അതിനു തടസ്സം നില്‍ക്കുന്ന വിശ്വാസങ്ങളെല്ലാം മാറണം. എത്രയോ വിശ്വാസങ്ങള്‍ സൗകര്യത്തിനനുസരിച്ച് നാം മാറ്റുന്നു. എന്തുകൊണ്ട് ഇതുമായികൂടാ? അമാനുഷമായി ശക്തിക്കായി മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നതും അവയുമായി ഇണചേരുന്നതും വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിക്കാനാവില്ലല്ലോ. എന്തായാലും മൃതദേഹം ദഹിപ്പിക്കുന്നതിനെ കുറിച്ച് ചില കൃസ്‌ത്യന്‍ സഭകള്‍ ആലോചന ആരംഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.
ഭരണാധികാരികള്‍ തന്നെ മൃതദേഹങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സന്ദര്‍ഭങ്ങളും കുറവല്ല. സ്വന്തം മകന്‍ രാജന്റെ മൃതദേഹമെങ്കിവും എന്തുചെയ്‌തെന്ന ചോദ്യത്തിനു മറുപടി ലഭിക്കാതെയാണല്ലോ പ്രൊഫ ഈച്ചരവാര്യരും ഭാര്യയും മരിച്ചത്.
മൃതദേഹ സംസ്‌കരണം സമൂഹത്തിന്റെ ബാധ്യതയായി മാറണം. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പാര്‍ക്കിംഗ്, മഴവെള്ള സംഭകരണം, മാലിന്യ സംസ്‌കരണം, സോളാര്‍ പാനല്‍ തുടങ്ങിയവയോടൊപ്പം മൃതദേഹസംസ്‌കരണത്തിനുള്ള സജ്ജീകരണവും നിര്‍ബന്ധമാക്കണം. കൂടാതെ വ്യാപകമായി ആധുനിക രീതിയിലുള്ള പൊതുശ്‌മശാനങ്ങള്‍ വേണം. കൂടാതെ മുഖ്യമായും നഗരപ്രദേശങ്ങളില്‍ നഗരസഭകള്‍ തന്നെ മൊബൈല്‍ ശ്‌മശാനങ്ങള്‍ വ്യാപകമാക്കണം. മനുഷ്യാവകാശങ്ങളോടൊപ്പം മൃതദേഹങ്ങളുടെ അവകാശങ്ങളും അംഗീകരിക്കപ്പെടണം. തീര്‍ച്ചയായും മനുഷ്യര്‍ക്കുമാത്രമല്ല, മറ്റു ജീവജാലങ്ങള്‍ക്കും അതിനവകാശമുണ്ടെന്നും അംഗീകരിക്കണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in