മാളയിലെ യഹൂദസ്മാരകം : ലംഘിക്കപ്പെടാനായി ഒപ്പിട്ട ആ കരാറിന് 60 വയസ്സ്

ചരിത്രത്തിന്‌റെ സംരക്ഷണത്തിനായി ഒരു കരാര്‍ തൃശൂര്‍ ജില്ലയിലെ മാള ഗ്രാമപഞ്ചായത്താപ്പീസിലുണ്ട്. ഈ വര്‍ഷം ഷഷ്ഠിപൂര്‍ത്തിയാഘോഷിക്കുന്ന കരാര്‍. വാഗ്ദത്ത ഭൂമിയിലേയ്ക്കു കുടിയേറും മുമ്പ് തങ്ങളുടെ സര്‍വ്വസ്വവുമായ, പിതാമഹരുറങ്ങുന്ന ശ്മശാനഭൂമിയും ആരാധനാലയവും പഞ്ചായത്തിനെ ഏല്‍ച്ച ജൂതര്‍ ഒപ്പിട്ട ആധാരം. അവയ്ക്ക് ഒരു കോട്ടവും കൂടാതെ നിലനിര്‍ത്താമെന്ന് പഞ്ചായത്തധികൃതര്‍ ഒപ്പിട്ട രേഖ. മാളയുടെ ചരിത്രം തുടങ്ങുന്നത് കെ കരുണാകരനൊപ്പമാണെന്ന് ധരിച്ചവര്‍ക്ക് നിരന്തരമായി ലംഘിക്കാനൊരു കരാര്‍. ചരിത്രമങ്ങനെ മാളയില്‍ ശ്മശാനഭൂമിയാകുന്നു. ചരിത്രത്തില്‍ മാള അടയാളപ്പെടുത്തുന്നത് യഹൂദ അധിവാസ കേന്ദ്രമെന്ന നിലയ്ക്ക്. ആയിരത്തോളമാണ്ടുകള്‍ യഹൂദര്‍ […]

gate2

ചരിത്രത്തിന്‌റെ സംരക്ഷണത്തിനായി ഒരു കരാര്‍ തൃശൂര്‍ ജില്ലയിലെ മാള ഗ്രാമപഞ്ചായത്താപ്പീസിലുണ്ട്. ഈ വര്‍ഷം ഷഷ്ഠിപൂര്‍ത്തിയാഘോഷിക്കുന്ന കരാര്‍. വാഗ്ദത്ത ഭൂമിയിലേയ്ക്കു കുടിയേറും മുമ്പ് തങ്ങളുടെ സര്‍വ്വസ്വവുമായ, പിതാമഹരുറങ്ങുന്ന ശ്മശാനഭൂമിയും ആരാധനാലയവും പഞ്ചായത്തിനെ ഏല്‍ച്ച ജൂതര്‍ ഒപ്പിട്ട ആധാരം. അവയ്ക്ക് ഒരു കോട്ടവും കൂടാതെ നിലനിര്‍ത്താമെന്ന് പഞ്ചായത്തധികൃതര്‍ ഒപ്പിട്ട രേഖ. മാളയുടെ ചരിത്രം തുടങ്ങുന്നത് കെ കരുണാകരനൊപ്പമാണെന്ന് ധരിച്ചവര്‍ക്ക് നിരന്തരമായി ലംഘിക്കാനൊരു കരാര്‍. ചരിത്രമങ്ങനെ മാളയില്‍ ശ്മശാനഭൂമിയാകുന്നു.

ചരിത്രത്തില്‍ മാള അടയാളപ്പെടുത്തുന്നത് യഹൂദ അധിവാസ കേന്ദ്രമെന്ന നിലയ്ക്ക്. ആയിരത്തോളമാണ്ടുകള്‍ യഹൂദര്‍ മാളയില്‍ അധിവസിച്ചിരുന്നുവെന്നാണ് ചരിത്രം നല്‍കുന്ന സൂചനകള്‍. കേരളത്തിലെ ഏറ്റവും പ്രമുഖമായ ജൂതകേന്ദ്രം. എന്നാല്‍ ആ ചരിത്രമിതാ കുഴിച്ചുമൂടപ്പെടുകയാണ്.
ബി.സി. ആറാം നൂറ്റാണ്ടില്‍ ബാബിലോണിയക്കാരും എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ഏഴാം ദശകത്തില്‍ റോമാക്കാരും യെറുശലേം ആക്രമിച്ച് കീഴടക്കുകയും യഹൂദരെ കൊന്നൊടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്വന്തം നാട്ടില്‍നിന്ന് ബഹിഷ്‌കൃതരായ യഹൂദര്‍ ആശ്രയവും സുരക്ഷയും തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയ പലായനമാണ് ‘ഡയസ്‌പോറ’ എന്ന പേരില്‍ ലോകചരിത്രത്തില്‍ ഇടംപിടിച്ചത്. എതിര്‍പ്പും പീഡനവും യാതനകളുമാണ് പല നാടുകളിലും അവരെ കാത്തിരുന്നത്. ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ യഹൂദ വിരോധം ഇതില്‍ ഒടുവിലത്തേതായിരുന്നു.
സോളമന്‍ രാജാവിന്റെ കാലം മുതല്‍തന്നെ യഹൂദര്‍ കേരളവുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പുരാതന ഗ്രന്ഥങ്ങളില്‍ പരാമര്‍ശങ്ങളുണ്ട്. ‘ഡയസ്‌പോറ’ യുടെ ഭാഗമായി പൗരാണിക കേരളത്തിലെ പ്രശസ്ത തുറമുഖമായിരുന്ന കൊടുങ്ങല്ലൂരില്‍ (മുസിരിസില്‍) എത്തിയ യഹൂദരാണ് കേരളത്തില്‍ ആദ്യം അധിവാസമുറപ്പിക്കുന്ന യഹൂദ വിഭാഗമെന്ന് ചരിത്രകാരന്മാര്‍ പൊതുവില്‍ അംഗീകരിച്ചിട്ടുണ്ട്. അഭയം തേടിയെത്തിയ യഹൂദരെ സ്‌നേഹസൗഹാര്‍ദ്ദങ്ങളോടെയാണ് അന്നത്തെ കേരളം സ്വീകരിച്ചത്. കാലക്രമത്തില്‍ ഈ നാടിന്റെ ഭരണതലത്തില്‍പ്പോലും സ്വാധീനമുള്ള വാണിജ്യവിഭാഗമായി വളര്‍ന്ന അവര്‍ കൊടുങ്ങല്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെ മാളയിലെത്തിയ യഹൂദര്‍ അവിടത്തെ പൊതുസമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഈ പശ്ചാത്തലത്തിലാണ് യഹൂദര്‍ക്ക് സ്വന്തമായി സെമിത്തേരിയും പള്ളിയും മാളയിലുണ്ടാകുന്നത്. പലവട്ടം പുതുക്കിപ്പണിതെങ്കിലും ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമുള്ള യഹൂദപ്പള്ളികളില്‍ ഒന്നാണ് മാളയിലേത്. പുരാതന പള്ളി ജീര്‍ണ്ണിച്ചതിനാല്‍ 1791 ല്‍ അതിന്റെ അടിസ്ഥാനത്തിന്മേല്‍ പുതിയ പള്ളി പണിതു. 1912 ലാണ് ഇന്നു കാണുന്ന പള്ളിയുടെ കെട്ടിടം പുതുക്കി നിര്‍മ്മിച്ചിച്ചത്. നാലേക്കര്‍ വരുന്ന മാളയിലെ യഹൂദ ശ്മശാനം കേരളത്തിലെ ഏറ്റവും വിസ്തൃതമായ യഹൂദ ശ്മശാനമാണ്.
കൊടുങ്ങല്ലൂരില്‍നിന്ന് മാളയിലെത്തിയ യഹൂദര്‍ പാര്‍പ്പുറപ്പിച്ചത് അങ്ങാടിയുടെ ഹൃദയഭാഗത്താണ്. റോഡിനിരുവശത്തും നിരനിരയായിട്ടായിരുന്നു അവരുടെ വീടുകള്‍. ചുറ്റുമതിലും മുറ്റവുമില്ലാത്ത, റോഡിലേക്കിറങ്ങുന്ന വാതിലുകളോടുകൂടിയ യഹൂദഭവനങ്ങള്‍ ഇതരഭവനങ്ങളില്‍നിന്ന് കാഴ്ചയ്ക്ക് വ്യത്യസ്തമായിരുന്നു. താഴെ റോഡിനഭിമുഖമായി കച്ചവടമുറികളും മുകളിലോ പുറകിലോ താമസവുമായിരുന്നു മിക്കവാറും വീടുകളുടെയും സ്വഭാവം. ഇവയില്‍ പലതും ഇന്നും മാള അങ്ങാടിയില്‍ നിലനില്ക്കുന്നുണ്ട്. നാല്പതിലേറെ ജൂതകുടുംബങ്ങള്‍ മാളയിലുണ്ടായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. അങ്ങാടിയോട് ചേര്‍ന്നുതന്നെയാണ് അവര്‍ സിനഗോഗ് നിര്‍മ്മിച്ചത്. സിനഗോഗില്‍നിന്നും അരകിലോമീറ്റര്‍ കിഴക്കുമാറി റോഡിന്റെ അരികിലായി സെമിത്തേരിയും സ്ഥിതിചെയ്യുന്നു.
1948 ല്‍ ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നതോടുകൂടി ലോകമെമ്പാടുമുള്ള പ്രവാസികളായ യഹൂദര്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. ഇപ്പോള്‍ ഒരൊറ്റ യഹൂദകുടുംബംപോലും മാളയിലില്ല. 1955 ജനുവരിയിലാണ് അവസാനത്തെ യഹൂദ സംഘം മാളയില്‍നിന്ന് ഇസ്രായേലിലേക്ക് പോയത്. തങ്ങളുടെ സ്വത്തുക്കളെല്ലാം കിട്ടിയ വിലയ്ക്ക് ഇന്നാട്ടുകാര്‍ക്ക് വിറ്റുകൊണ്ടാണ് അവര്‍ എന്നെന്നേക്കുമായി മാളയോടു വിടപറഞ്ഞത്. തങ്ങളുടെ വിശുദ്ധമായ പള്ളിയും പൂര്‍വ്വികര്‍ അന്ത്യവിശ്രമം കൊള്ളുന്ന ശ്മശാനവും ഭാവിയിലും സുരക്ഷിതമായിരിക്കണമെന്ന മുന്‍കരുതലോടുകൂടി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ മാള പഞ്ചായത്തിനെ ഏല്പ്പിക്കുകയാണുണ്ടായത്. ബോംബെയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റില്‍വെച്ച് അന്നത്തെ മാള പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി.ജോസഫ് യഹൂദ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കരാര്‍ രൂപംകൊണ്ടത്. 1954 ഡിസംബര്‍ 20 ന് തയ്യാറാക്കിയ കരാര്‍ 1955 ജനുവരി 4 നാണ് വടമ രജിസ്റ്റര്‍ ഓഫീസില്‍ ആറാം നമ്പര്‍ രേഖയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചായത്തിന്റെ പ്രതിനിധിയായി പ്രസിഡണ്ട് എ.ഡി. ജോസഫും യഹൂദപ്രതിനിധികളായി മാള സിനഗോഗിന്റെ ട്രസ്റ്റിമാരായ എറണാകുളത്തുകാരന്‍ അവറോണി, പള്ളിവാതുക്കല്‍ എലിയാച്ച, ചേന്ദമംഗലത്തുകാരന്‍ ഏലിയബായ് എന്നിവരുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ശ്മശാനത്തിന്റെയും സിനഗോഗിന്റേയും തനിമയും പവിത്രതയും കാത്ത് സൂക്ഷിക്കുന്നതിനുതകുന്ന വ്യവസ്ഥകള്‍ കരാറിലുണ്ട്. ഇത്തരം ഒരു കരാര്‍ കേരളത്തിലെ, ഒരുപക്ഷെ ലോകത്തിലെത്തന്നെ യഹൂദ ചരിത്രത്തില്‍ വേറെയില്ല. ആ കരാറിന്റെ അറുപതാം വാര്‍ഷികമാണിത്. എന്നാല്‍ നാമത് നിരന്തരമായി ലംഘിക്കുന്നു. അതുവഴി അവഹേളിക്കുന്നത് ചരിത്രത്തെതന്നെ.
സിനഗോഗ് മറ്റൊരു വിഭാഗത്തിന്റെയും ആരാധനാലയമാക്കരുത്, സിനഗോഗ് കശാപ്പ് ശാല ആക്കരുത്, വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കണം, ഇതിന് വേണ്ട ചെലവ് പഞ്ചായത്ത് വഹിക്കണം. മറ്റാര്‍ക്കും പള്ളിക്കെട്ടിടം അധീനപ്പെടുത്തരുത്, സിനഗോഗാണെന്ന് കാണിക്കുന്ന ബോര്‍ഡ് വയ്ക്കണം., ശ്മശാനം പഞ്ചായത്ത് സ്വന്തം ചെലവില്‍ സംരക്ഷിക്കണം, കടന്നുകയറ്റമോ കല്ലറകള്‍ക്ക് നേരെയുള്ള കൈയ്യേറ്റമോ അനുവദിക്കരുത്, ശ്മശാനത്തിന്റെ ഒരു ഭാഗത്തും കുഴിക്കുകയോ മണ്ണെടുക്കുകയോ ചെയ്യരുത്, ചുറ്റുമതിലും ഗെയിറ്റും സംരക്ഷിക്കണം, ശ്മശാനം മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുത്, ഒരു യഹൂദന് ഈ ഭൂമി ശ്മശാനമായി ഉപയോഗിക്കാനുള്ള അവകാശം ഒരുകാലത്തും ചോദ്യം ചെയ്യപ്പെട്ടുകൂടാ തുടങ്ങിയവയാണ് സ്വയം ചരിത്രമായ കരാറിലെ പ്രധാന വ്യവസ്ഥകള്‍.
ലോകത്തിനു മുന്നില്‍ മാള പഞ്ചായത്തിനു തലയുയത്തി നില്ക്കാവുന്ന ഒരു കരാര്‍. പക്ഷെ സംഭവിച്ചതോ? കരാറിന്റെ മഷി ഉണങ്ങുംമുമ്പേ ഈ ചരിത്രസ്മാരകങ്ങള്‍ക്ക് നേരെ നിരവധി കടന്നാക്രമണങ്ങളുണ്ടായി. പഞ്ചായത്ത് തന്നെയായിരുന്നു പ്രധാനമായും പ്രതിസ്ഥാനത്ത്. സിനഗോഗിനുള്ളില്‍ എല്‍.പി.സ്‌കൂളിന്റെ ക്ലാസ്സുകള്‍ നടത്താന്‍ പഞ്ചായത്ത് അനുമതി നല്‍കി. തുടര്‍ന്ന് പ്രാര്‍ത്ഥനാമുറി കമ്യൂണിറ്റി ഹാളാക്കിമാറ്റി വാടകയ്ക്ക് നല്‍കി പഞ്ചായത്ത് പണമുണ്ടാക്കി. സിനഗോഗ് വളപ്പിന്റെ വടക്കുഭാഗത്ത് പഞ്ചായത്ത് ഇരുനില ഷോപ്പിങ്ങ് സെന്റര്‍ പണിതു. ശ്മശാനം ഏറെക്കാലം അവഗണിക്കപ്പെട്ടു കിടന്നു. ചുറ്റുമതില്‍ പൊളിച്ച് നാട്ടുകാരില്‍ ചിലര്‍ കല്ലുകള്‍ കൊണ്ടുപോയി. ശ്മശാനത്തില്‍ ഇടയ്ക്ക് വച്ചുപിടിപ്പിച്ച മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെട്ടു. തെക്കുവശത്തെ പ്രധാന റോഡില്‍നിന്നും വടക്കുവശത്തെ വഴിയിലേയ്ക്ക് ശ്മശാനം മുറിച്ച് കടക്കാന്‍ പലയിടത്തും ഇടവഴികള്‍ രൂപപ്പെട്ടു. ഹോംഗാര്‍ഡ്‌സിന്റെ വെടിവെപ്പ് പരിശീലനത്തിനുള്ള ലക്ഷ്യസ്ഥാനങ്ങളായി ശവക്കല്ലറകള്‍ മാറി. മുപ്പതോളം ശവക്കല്ലറകള്‍ ഉണ്ടായിരുന്നതില്‍ 3 എണ്ണം മാത്രമാണ് ഇന്നവശേഷിക്കുന്നത്.
1990കളുടെ തുടക്കത്തില്‍ ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായി. ഇതിനെതിരായി പരേതനായ സ്വാതന്ത്ര്യസമരസേനാനി കെ.എ.തോമസ് മാസ്റ്ററുടെ നേതൃത്വത്തില്‍ ചരിത്ര-പൈതൃക സ്‌നേഹികള്‍ സംഘടിച്ച് മാള യഹൂദ സ്മാരക സംരക്ഷണ സമിതിക്ക് രൂപം നല്‍കുകയും പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. സമിതി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യഹൂദസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ സമീപനം ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്കുശേഷം ജലസേചന പൈപ്പിടുന്നതിനായി ശ്മശാനം കുത്തിപ്പൊളിച്ചത് വീണ്ടും വിവാദവും വാര്‍ത്തയുമായി. ചുറ്റുമതില്‍ പലയിടങ്ങളിലും തകരുകയോ തകര്‍ക്കുകയോ ചെയ്ത സംഭവങ്ങളുമുണ്ടായി.1996ല്‍ ലോനപ്പന്‍ നമ്പാടന്‍ മാസ്റ്റര്‍ മാളയിലെ യഹൂദ ശ്മശാനത്തിന് സംരക്ഷണം നല്‍കണമെന്ന് കേരള നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് പഞ്ചായത്ത് ശ്രമിക്കുന്നതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് കേരള ജ്യൂസ് എന്ന സംഘടന 1994ല്‍ മാള പഞ്ചായത്തിനെതിരെ കേരള ഹൈക്കോടതിയില്‍ പരാതി നല്‍കി. കരാര്‍ ലംഘനം കുറേക്കാലത്തേക്കെങ്കിലും ഇല്ലാതാക്കുന്നതിന് പരാതിക്കു കഴിഞ്ഞു. പക്ഷെ പിന്നീട് വീണ്ടും ലംഘനങ്ങള് ആരംഭിച്ചു. നാലേക്കര്‍ വിസ്തീര്‍ണ്ണമുള്ള ശ്മശാനഭൂമിയെ പടിഞ്ഞാറ് ഒന്നര ഏക്കറും കിഴക്ക് രണ്ടര ഏക്കറുമായി വിഭജിക്കുന്ന പൊക്കം കുറഞ്ഞ ഒരു മതില്‍ കുറുകെ നിര്‍മ്മിച്ചു. കിഴക്കുഭാഗത്തെ രണ്ടര ഏക്കറിനുള്ളില്‍ 62 മീറ്റര്‍ നീളത്തില്‍ മൂന്നു വശങ്ങള്‍ ഉള്ള ഒരു ഓപ്പണ്‍ എയര്‍ ഗ്യാലറി നിര്‍മ്മിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2005 ഓഗസ്റ്റില്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം എന്ന പേരില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ഭാഗത്ത് രണ്ട് മീറ്ററോളം വീതിയില്‍ സ്ഥലം റോഡിന് വിട്ടുകൊടുത്തുകൊണ്ടാണ് മതില്‍ പുനര്‍നിര്‍മ്മിച്ചത്. ശ്മശാനത്തിന്റെ പടിഞ്ഞാറുഭാഗത്തിന്റെ സ്ഥിതി പരിതാപകരമാണ്. ചുറ്റുമതില്‍ പലേടത്തും തകര്‍ന്ന് വീണിട്ട് വര്‍ഷങ്ങളായി. ശ്മശാനത്തിന്റെ മുമ്പിലുള്ള ഗെയ്റ്റ് ദ്രവിച്ചുപോയിരിക്കുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും കന്നുകാലികള്‍ക്ക് മേയുന്നതിനുമുള്ള ഇടമായി ഈ സ്ഥലം മാറിക്കഴിഞ്ഞു. ശ്മശാനത്തിന്റെ പേരെഴുതിവെച്ച ബോര്‍ഡ് തകര്‍ന്ന് പോയിട്ട് മാസങ്ങള്‍ പലതായി. സിനഗോഗിന്റെ കാര്യത്തിലും അവഗണന തന്നെയാണ് പഞ്ചായത്തിന്റെ നയം. സിനഗോഗ് വളപ്പില്‍ വടക്കുവശത്തു നിര്‍മ്മിച്ച ഷോപ്പിങ്ങ് സെന്റര്‍ 2003ല്‍ പൊളിച്ചു മാറ്റിയെങ്കിലും അവിടെ റോഡിനു വീതി കൂട്ടുന്നതിനുവേണ്ടി സിനഗോഗിന്റെ സ്ഥലം വിട്ടുകൊടുക്കുകയുണ്ടായി. (തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തികള്‍ ആരും സ്ഥലം വിട്ടുകൊടുത്തില്ല). മഴക്കാലത്ത് സിനഗോഗിന്റെ മേല്‍ക്കൂരയിലുണ്ടാകുന്ന ചോര്‍ച്ചയ്ക്കും കിഴക്കേ അതിര്‍ത്തിയിലെ ഭൂമികയ്യേറ്റത്തിനും പരിഹാരം കാണാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ വിവിധ പദ്ധതികളാണ് ഈ ചരിത്രഭൂമിയില് ഉയരുന്നത്. യഹൂദ പൈതൃക സൗഹൃദ പാര്‍ക്ക്, കെ.കരുണാകരന്‍ സ്മാരക സ്റ്റേഡിയം (സ്‌പോര്‍ട്‌സ് അക്കാദമി) എന്നിവയാണവയില്‍ മുഖ്യം. ചരിത്രത്തേക്കാള്‍ വലുത് മാളയുടെ വികസനമത്രെ.
ഈസാഹചര്യത്തില്‍ കരാര്‍ റദ്ദ് ചെയ്ത് സിനഗോഗും ശ്മശാനവും തങ്ങള്‍ക്ക് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യഹൂദ സമുദായത്തിലെ രണ്ടംഗങ്ങള്‍ കോടതിയില്‍ പുതിയ പരാതി നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ എറണാകുളത്ത് സ്ഥിരതാമസക്കാരും മാളയില്‍ അധിവസിച്ചിരുന്ന യഹൂദരുടെ പിന്മുറക്കാരുമായ ഡാന്‍ ഏലിയാസ്, എബി അബ്രാഹം എന്നിവരാണ് ചരിത്രത്തെ സംരക്ഷിക്കാന്‍ ഇരിങ്ങാലക്കുട സബ്‌കോടതിയെ സമീപിച്ചത്. ശ്മശാനത്തിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താത്കാലികമായി തടഞ്ഞുകൊണ്ട് കോടതി ഉത്തരവു നല്‍കുകയും ചെയ്തു. കോടതി ഉത്തരവു ലംഘിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം തുടര്‍ന്നതിനാല്‍ വീണ്ടും കോടതിക്ക് ഇടപെടേണ്ടിവന്നു. താത്കാലിക ഉത്തരവ് പിന്നീട് ഭാഗികമായി ഇളവു ചെയ്‌തെങ്കിലും കോടതി വ്യവഹാരം ഇരിങ്ങാലക്കുട കോടതിയിലും ഹൈക്കോടതിയിലുമായി തുടരുകയാണ്. ആനന്ദും എംജിഎസും കെ വേണുവുമടക്കമുള്ളവര്‍ ചരിത്രസ്മാരകങ്ങളുവിടെ സംരക്ഷണത്തിനായി രംഗത്തുണ്ട്. പിന്തുണയുമായി ബംഗാളില്‍ നിന്ന് മഹേശ്വതാദേവിയുമെത്തിയിരുന്നു. വിശ്വാസപരമായ കാരണങ്ങളാലാണ് യഹൂദ സമുദായംഗങ്ങള്‍ കോടതിയെ സമീപിച്ചതെങ്കില്‍ നാടിന്റെ മഹത്തായ പൈതൃക സ്മാരകത്തെ സംരക്ഷിക്കേണ്ടതാണെന്ന ഭരണഘടനാപരമായ ചുമതല ഏറ്റെടുത്തുകൊണ്ടാണ് പൈതൃക സംരക്ഷണ സമിതി കോടതിയില്‍ എത്തിയത്. അതേസമയം പാലസ്തീനോടുള്ള ഇസ്രായേലിന്റെ ക്രൂരതകളില്‍ പ്രതിഷേധിച്ച് യഹൂദസ്മാരകം തകര്‍ക്കണമെന്നു വാദിക്കുന്നരും മാളയിലുണ്ടത്രെ..
യഹുദ സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല അവയുടെ പൈതൃകമൂല്യവും ചരിത്രപ്രാധാന്യവും
സാംസ്‌കാരിക സവിശേഷതയും മനസ്സിലാക്കുന്നതിലും മാള പഞ്ചായത്ത് പരാജയപ്പെട്ടുകഴിഞ്ഞുവെന്ന് കഴിഞ്ഞ 60 വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തില്‍ ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തെ സംബന്ധിക്കുന്ന 1968ലെ നിയമം (ഗലൃമഹമ അിരശലി േങീിൗാലി േമിറ അൃരവമലീഹീഴശരമഹ ടശലേ െമിറ ഞലാമശി െഅര േ1968) അനുസരിച്ച് സംസ്ഥാന പുരാവസ്തു വകുപ്പ് മാളയിലെ യഹൂദ സ്മാരകങ്ങളെ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ച് തുടര്‍സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 2012 നവംബറില്‍തന്നെ മാള പഞ്ചായത്തിനെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം ഉണ്ടായതോടുകൂടി ഭാവിയില്‍ വന്‍തോതിലുള്ള സാമ്പത്തിക സഹായത്തിന്റെ വഴി തുറന്നുകിട്ടുകയും ചെയ്തിട്ടുണ്ട്. വേണ്ടത് ചരിത്രത്തിനു മുന്നില്‍ അല്പ്പം തല കുനിച്ചുനില്ക്കല്‍ മാത്രം.
വാല്ക്കഷ്ണം
രണ്ടുമാസം മുമ്പ്, ് ഇസ്രായേലില്‍ നിന്നമാളയിലെത്തിയ അറുപതുകഴിഞ്ഞ ആരോണിന്റേയും കൂട്ടുകാരിയുടേയും കണ്ണുകള് നിറഞ്ഞൊഴുകിയത് വാര്‍ത്തയായിരുന്നു. തങ്ങളുടെ പൂര്‍വ്വികര്‍ ഉറങ്ങുന്ന കാടുകയറിയ ശ്മശാന ഭൂവില്‍, പ്രക്ഷുബ്ധ മനസ്സുമായി അവര്‍ നിന്നു. കല്ലറയില്‍ ഒരു മെഴുകുതിരികത്തിച്ചു പ്രാര്‍ത്ഥിച്ചു… ഇതാണ് ഞാന്‍ ജനിച്ച വീട്. മാള പോസ്റ്റ് ഓഫീസ് ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.. ഭൗതികമായി യാതൊരു മാറ്റവും സംഭവിക്കാതെ ആ കെട്ടിടം.. നിറകണ്ണുകളുമായി അവര്‍ തിരിച്ചുപോയി. ഒരുപക്ഷെ ചരിത്രത്തിലേക്കുള്ള അവരുടെ അവസാന സന്ദര്‍ശനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply