മതേതരത്വത്തിന് എന്തിനിത്ര ഇസ്ലാം പേടി?

എ.പി കുഞ്ഞാമു തേവാരത്ത് ശിവരാമന്‍ നായര്‍ ഖസാക്കിലെ രവിക്ക് ചൊല്ലിക്കൊടുക്കുന്ന രണ്ടുവരി കാവ്യ ശകലം ഇങ്ങനെ:’മൊട്ടപ്പാഴ്ത്തലയല്ല വേണ്ടൂ/ ഭാരതക്ഷോണീ കിരികിടം ചൂടാന്‍.’ ഇന്നും നാട്ടിലുടനീളം ഒട്ടേറെ ശിവരാമന്‍നായര്‍മാരുടെ നാവില്‍ ഏതാണ്ട് ഇതേ അര്‍ത്ഥത്തിലുള്ള കാവ്യശകലങ്ങള്‍ തത്തിക്കളിക്കുന്നുണ്ട്. പടര്‍ന്നു പന്തലിച്ചു വരുന്ന അസഹിഷ്ണുതയുടെ മരം വേരിറക്കിയിട്ടുള്ളത് ഈ വരികള്‍ വിസര്‍ജ്ജിക്കുന്ന സന്ദേശത്തിലാണെന്ന് പറഞ്ഞാല്‍ തെറ്റാവുകയില്ല. ശിവരാമന്‍നായര്‍ എന്ന ഒ.വി.വിജയന്‍ കഥാപാത്രത്തിനു മാത്രമല്ല മൊട്ടപ്പാഴ്ത്തലയെ പേടി. സെക്കുലറിസവും മൊട്ടത്തലയെയും നീട്ടിവളര്‍ത്തിയ താടിയേയും നീളക്കുപ്പായത്തേയും നിസ്‌കാരത്തഴമ്പിനെയും പേടിക്കുന്നു. മതേതരത്വത്തിന് എന്തുകൊണ്ടാണ് മുസ്ലീം […]

mmmഎ.പി കുഞ്ഞാമു

തേവാരത്ത് ശിവരാമന്‍ നായര്‍ ഖസാക്കിലെ രവിക്ക് ചൊല്ലിക്കൊടുക്കുന്ന രണ്ടുവരി കാവ്യ ശകലം ഇങ്ങനെ:’മൊട്ടപ്പാഴ്ത്തലയല്ല വേണ്ടൂ/ ഭാരതക്ഷോണീ കിരികിടം ചൂടാന്‍.’ ഇന്നും നാട്ടിലുടനീളം ഒട്ടേറെ ശിവരാമന്‍നായര്‍മാരുടെ നാവില്‍ ഏതാണ്ട് ഇതേ അര്‍ത്ഥത്തിലുള്ള കാവ്യശകലങ്ങള്‍ തത്തിക്കളിക്കുന്നുണ്ട്. പടര്‍ന്നു പന്തലിച്ചു വരുന്ന അസഹിഷ്ണുതയുടെ മരം വേരിറക്കിയിട്ടുള്ളത് ഈ വരികള്‍ വിസര്‍ജ്ജിക്കുന്ന സന്ദേശത്തിലാണെന്ന് പറഞ്ഞാല്‍ തെറ്റാവുകയില്ല. ശിവരാമന്‍നായര്‍ എന്ന ഒ.വി.വിജയന്‍ കഥാപാത്രത്തിനു മാത്രമല്ല മൊട്ടപ്പാഴ്ത്തലയെ പേടി. സെക്കുലറിസവും മൊട്ടത്തലയെയും നീട്ടിവളര്‍ത്തിയ താടിയേയും നീളക്കുപ്പായത്തേയും നിസ്‌കാരത്തഴമ്പിനെയും പേടിക്കുന്നു. മതേതരത്വത്തിന് എന്തുകൊണ്ടാണ് മുസ്ലീം ഐഡന്റിറ്റിയെ ഇത്രയേറെ പേടി?
ദേശീയാടിസ്ഥാനത്തിലും കേരളത്തിന്റെ പശ്ചാത്തലത്തിലും ഈ പേടിക്ക് വ്യത്യസ്തമായ പ്രതിനിധിധാനങ്ങളാണുള്ളത്. മധ്യേഷ്യന്‍ മുസ്ലിം ആക്രമണങ്ങള്‍ മുതല്‍ ഇന്ത്യാ പാക് വിഭജനം വരെയുള്ള ഒട്ടേറെ കണക്കുകള്‍ കൊണ്ടും കൊടുത്തും തിരക്കാന്‍വെമ്പുന്ന മനസ്സ് ഉത്തരേന്ത്യയിലെ മത പാരമ്പര്യത്തിന്റെ ഭാഗമായിരിക്കാം. എന്നാല്‍ കേരളം മതങ്ങളുടെ ആദാന പ്രദാനങ്ങളിലൂടെ അനുശീലിച്ചെടുത്ത മതേതര കാഴ്ചപ്പാടിന്റെ നാടാണ്. ഹിന്ദുമതം എത്രത്തോലം കേരളീയമാണോ അത്രത്തോളം കേരളീയമാണ് ഇവിടുത്തെ ക്രിസ്തുമതവും ഇസ്ലാംമതവും. എന്നിട്ടും എന്തുകൊണ്ട് സെക്കുലറിസത്തിന് ഈ നാട്ടില്‍ ഈ രണ്ടുകൂട്ടര്‍ക്കുമിടയില്‍ ഇരകളുണ്ടാവുന്നു? എന്തുകൊണ്ട് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയേയും വളര്‍ച്ചയേയും മതേതരത്വം ഭീതിയോടെ നോക്കി നില്‌ക്കേണ്ടി വരുന്നു? ഗള്‍ഫ് പത്തിരി എന്ന രൂപകം സാംസ്‌കാരിക ജീവിതത്തില്‍ ഇടം പിടിക്കുന്നു? പാശ്ചാത്യമായ മേല്‍ക്കുപ്പായമിട്ടുവരികയും ആധുനികതയുടെ സുഗന്ധം പ്രസരിപ്പിക്കുകയും ചെയ്തതുമൂലം ക്രിസ്ത്യാനികള്‍ ഒരുവിധം രക്ഷപ്പെട്ടു. അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആസ്പത്രികളും സാമ്പത്തിക വളര്‍ച്ചയും പൊറുപ്പിക്കാം എന്നു വന്നു. തിരിച്ചങ്ങോട്ടും പൊരുത്തപ്പെടല്‍ നടന്നു. എന്നാല്‍ അതായിരുന്നില്ല മുസ്ലീംങ്ങളുടെ സ്ഥിതി. എന്തുകൊണ്ടാണ് ഇപ്പോഴും മുസ്ലീംകള്‍ മുഖ്യധാരയുടെ പടിക്കു പുറത്ത് തന്നെ നില്‌ക്കേണ്ടിവരുന്നത്? ഹൈന്ദവ രാഷ്ട്രീയ മുസ്ലീം ന്യൂനപക്ഷത്തെ പടിയടച്ച് പിണ്ഡം വെക്കുന്നത് നമുക്ക് മനസ്സിലാക്കാം; എന്നാല്‍ മതേതരത്വത്തിന് എന്തിനാണ് ഇത്രയേറെ ഇസ്ലാം പേടി?
ഈ ഇസ്ലാം പേടിയെ അഭിമുഖീകരിക്കേണ്ടത് എപ്രകാരമായിരിക്കണം എന്ന മതവിഭ്രമത്തിലാണ് മുസ്ലിം ന്യൂനപക്ഷം. അതിന്റെ ഫലമായി അവര്‍ എപ്പോഴും ക്ഷമാപണ സ്വരത്തില്‍ സംസാരിക്കേണ്ടി വരുന്നു. ഇടത്തോട്ടുടുക്കുന്ന മുണ്ട് വലതുവശത്തേക്ക് മാറ്റി മതനിരപേക്ഷത  തെളിയിക്കേണ്ടി വരുന്നു. പുരോഗമനം നടിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ശരീഅത്ത് നിയമങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന ഒ.അബ്ദുറഹിമാന്‍ ഏക സിവില്‍ കോഡ് വരട്ടെ, ഒരു കുഴപ്പവുമില്ല എന്ന് മുഖ്യധാര എന്ന ഇടതുപക്ഷ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ പറയേണ്ടി വരുന്നത് അതിന്റെ ലക്ഷണമാണ്.
ഒരേ സമയം രണ്ടു സ്വത്വങ്ങള്‍ നിലനിര്‍ത്തേണ്ടിവരുന്ന അവസ്ഥയാണ് മത വിശ്വാസിയായ മുസ്ലീമിന്റേത്. അവര്‍ മുഖ്യധാരക്ക് അകത്തും പുറത്തുമാണ്. സ്വയം ഒളിച്ചോടിയവരും നാടുകടത്തപ്പെട്ടവരുമാണവര്‍. അതിനാല്‍ വിദ്യാഭ്യാസം, കല, ധന വിനിയോഗം, വാണിജ്യം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ഒരേ സമയം മെയിന്‍സ്ട്രീമില്‍ നില്‍ക്കുകയും സ്വകീയ ബദലുകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന സമുദായമായക്കൊണ്ടിരിക്കുകയാണ് മുസ്ലീംകള്‍. മുഖ്യധാരയില്‍ വലിയ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുന്നതോടൊപ്പം സമാന്തര വിദ്യാഭ്യാസവും സമാന്തര സിനിമയും സമാന്തര ബാങ്കിംഗുമൊക്കെയായി ഒരു മുറലോകവും അവര്‍ സൃഷ്ടിക്കുന്നു. ഏത് നിമിഷവും തങ്ങള്‍ക്ക് ഒളിച്ചോടി അഭയം തേടാനുള്ളതാണ് അവരെ സംബന്ധിച്ചിടത്തോളം ഈ മറുലോകം. മുഖ്യധാരയെ കീഴടക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ, മുഖ്യധാരയില്‍ ഇടം നേടാനാവാതെ വരുമ്പോഴെന്ത് എന്ന് ചോദ്യത്തിനുത്തരം കണ്ടെത്താന്‍ കൂടി മുസ്ലീം ന്യൂനപക്ഷം ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ സ്വകീയ ഇടങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നത്. മതേതര മുഖ്യധാര അവരെ അകപ്പെടുത്തിയത് ഇങ്ങനെയൊരു പ്രതിസന്ധിയിലാണ്. ഏത് മുസ്ലീം മുന്‍കൈയും ഈ വികാര സമ്മര്‍ദ്ധത്തിലൂടെയാണ് കടന്നുപോകുന്നത്. മറ്റൊരു സമുദായത്തിനുമില്ലാത്തത്ര അളവിലാണ് കേരളത്തില്‍ മുസ്ലിം ഇനിഷ്യേറ്റീവുകള്‍. ഈ മുന്‍കൈകളെല്ലാം, ഒട്ടേറെ സംഘര്‍ഷങ്ങളുടെ നിര്‍മ്മിതകള്‍ കൂടിയാണ്. ഉല്‍ക്കര്‍ഷേച്ഛമാത്രമല്ല, പിടിച്ചു നില്ക്കാനുള്ള ത്വര കൂടി അവയെ പ്രചോദിപ്പിക്കുന്നു. ആറ് പത്രങ്ങളും അറുപത് മാസികകളും മുസ്ലീം സമുദായം പുറത്തിറക്കുന്നുണ്ടെങ്കില്‍ അറുപത്തിയാറ് വഴികളിലൂടെ അവര്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നു എന്നു കരുതിയാല്‍ മതി.
ഈ സ്വയം പ്രതിരോധത്തെ തന്നെയാണ് മതേതര മുഖ്യധാര സംശയത്തോടെ വീക്ഷിക്കുന്നതും. ഇത് മുസ്ലിം ന്യൂനപക്ഷം മാത്രമനുഭവിക്കുന്നതോ അനുഭവിക്കേണ്ടി വരുന്നതോ ആയ ഗതികേടല്ല. വിദ്യാഭ്യാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കേരളത്തിലെ ക്രിസ്തീയ സമൂഹം നേടിയ അഭിവൃദ്ധിയെ ഇത്തിരി വക്രദൃഷ്ടി പ്രയോഗിച്ച് കൊണ്ടാണ് മുഖ്യധാര നേരിട്ടത്… ‘ഏതു വഴിയിലൂടെയും കാര്യം കാണാന്‍ ശേഷിയുള്ള അച്ചായന്മാരെ’ പറ്റിയുള്ള നാട്ടുവര്‍ത്തമാനങ്ങള്‍ ഓര്‍ക്കുക. അവരുടെ മിടുക്ക് അസൂയ കലര്‍ത്തിക്കൊണ്ടാണെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ പാശ്ചാത്യ ആധുനികതയുടെ തണല്‍ അവര്‍ക്ക് എപ്പോഴുമുണ്ടായിരുന്നു.
അതില്ലാത്തതുകൊണ്ടാണ് മുസ്ലിം സമുദായത്തിന്റെ വളര്‍ച്ച സെക്കുലര്‍ മുഖ്യധാരക്ക് സഹിക്കാവുന്നതിന്നപ്പുറം ചെന്നെത്തുന്നത്. ഗള്‍ഫ് കുടിയേറ്റം നിരവധി മുസ്ലിം സമ്പന്നരെ സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് നടത്തിയ മുന്നേറ്റങ്ങള്‍ മുസ്ലീകളെ പ്രബലരാക്കിയിട്ടുമുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ ആനുകൂല്യങ്ങള്‍ മുസ്ലീം സമുദായം സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടി വിഹിതമായും അവിഹിതമായും ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ സൃഷ്ടിച്ച ‘വളര്‍ച്ച’ പക്ഷേ, മുഖ്യധാരയില്‍ അവരെക്കൂടി കൈപിടിച്ച് കയറ്റി നിര്‍ത്തുന്നതിന് വേണ്ടിയല്ല മതേതര സമൂഹം ഉപയോഗിച്ചത്. മറിച്ച് ആഗോളതലത്തില്‍ നിലനില്ക്കുന്ന ഇസ്ലാംവിരുദ്ധ വികാര തരംഗങ്ങളുടെയും ദേശീയ പശ്ചാത്തലത്തിലുള്ള സംഘര്‍ഷാത്മക താല്പര്യങ്ങളുടെയും മണ്ഡലങ്ങളില്‍ ഈ വളര്‍ച്ചയെ പ്രതിഷ്ഠിച്ചു കൊണ്ട് ഒരുതരം ഭീതി നിര്‍മ്മിക്കപ്പെടുകയായിരുന്നു.
തേവാരത്ത് ശിവരാമന്‍ നായരുടെ അതേ പേടി..
‘ബൗദ്ധന്മാര്‍ ഏകാധ്യാപക വിദ്യാലയത്തിന്നെതിരാണ് എന്നറിഞ്ഞപ്പോള്‍ ശിവരാമന്‍ നായരില്‍ ഒരു ഉള്‍കുളിരു പരന്നു. അതേപോലെ തന്നെ മുസ്ലിംഗള്‍ ശരീഅത്തിനും ശിരോവസ്ത്രത്തിനും വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ സെക്കുലറിസവും ഉള്‍പുളകമണിയുകയാണ്. മുസ്ലീംങ്ങളുടെ വളര്‍ച്ചയുണ്ടാക്കുന്ന അസൂയയെ, അവര്‍ കടിച്ചുതൂങ്ങുന്ന പിന്തിരിപ്പന്‍ ചിന്താഗതികള്‍ ബാലന്‍സ് ചെയ്തു കൊള്ളുമെന്ന് മുഖ്യധാര സമാശ്വസിക്കുന്നു. ഹാവൂ! കുഴപ്പമില്ല, ഇക്കൂട്ടര്‍ ആധുനികവല്‍ക്കരിക്കപ്പെടുകയില്ലെന്നേ… മുസ്ലീകളുടെ മുന്നേറ്റങ്ങളെ അവര്‍ നിലനിര്‍ത്തുന്ന മതകീയ പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ മതേതര മുഖ്യധാര കാണുന്നുള്ളു എന്നര്‍ത്ഥം. അതുകൊണ്ടുതന്നെയാണ് മുസ്ലീം ന്യൂനപക്ഷം എല്ലാ വളര്‍ച്ചക്കിടയിലും ലിബറിസത്തിന്റെ ഇരകളാണെന്ന് പറയേണ്ടി വരുന്നത്.
ഇത് ബോധ്യപ്പെടണമെങ്കില്‍ എ.പി.ജെ. അബ്ദുള്‍ കലാമിനു പൊതുസമൂഹത്തില്‍ ലഭിച്ച ജനസമ്മതിയൊന്നു പരിശോധിച്ചാല്‍മതി. അബ്ദുള്‍ കലാം ആസാദിന് ലഭിക്കാത്ത ജനസമ്മതിയാണത്. ഇസ്ലാമികമായ യാതൊരു പ്രതിനിധാനവും ബാഹ്യജീവിതത്തില്‍ അവകാശപ്പെടാത്ത ആളാണ് അബ്ദുള്‍ കലാം. ഋഷിതുല്യന്‍, വെജിറ്റേറിയന്‍, ആര്‍ഷപ്രോക്തമൂല്യങ്ങളുടെ ആരാധകന്‍. ഒരു മുസ്ലീം ചിഹ്നവുമണിയാത്ത ഈ അബ്ദുള്‍ കലാമിനെ, മതേതര വാദിയെങ്കിലും മത ചിഹ്നങ്ങളണിയുന്ന മറ്റേ അബ്ദുള്‍ കലാമിനേക്കാള്‍ മതേതരത്വത്തിന് ഇഷ്ടമാണ്. പള്ളിയില്‍ കയറി മൂത്രമൊഴിച്ച് അംഗശുദ്ധി വരുത്തുന്ന മുസ്ലീമിനേക്കാള്‍ വഴിയോരത്തു കാര്യം സാധിക്കുന്ന മുസ്ലിം ലിബറലിനെ മതേതരത്വത്തിന് പഥ്യമാണ്. മതേതര ചിന്തയുടെ അളവുകോല്‍, മതചിഹ്നങ്ങളെ എത്ര കണ്ട നിരാകരിക്കുന്നു എന്നായിത്തീര്‍ന്നിരിക്കുന്നു. നിരാകരണം എത്രത്തോളം കൂടുന്നുവോ അതനുസരിച്ച് മതേതരത്വം ഒരാളെ ദേഹത്തോടു ചേര്‍ത്തു നിര്‍ത്തും. മതേതരത്വത്തിന് മതചിഹ്നങ്ങളെ എന്തൊരു പേടി!
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ പൊതുബോധം വെച്ചു പുലര്‍ത്തുന്ന ഈ ‘അറപ്പി’നെപ്പറ്റി ലുക്കിംഗ് എവേ’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഹര്‍ഷ് മന്ദര്‍ വെടിപ്പായി പ്രസ്താവിക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യക്കു ശേഷം ഐ.എ.എസില്‍ നിന്ന്  രാജിവെച്ച് കലാപഭൂമിയില്‍ സാമൂഹ്യ സേവനത്തിലേര്‍പ്പെട്ട തന്നെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റും എപ്രകാരമാണ് തങ്ങളുടെ വൃത്തത്തില്‍ നിന്ന് പുറത്താക്കിക്കളഞ്ഞത് എന്ന് അദ്ദേഹം എഴുതുന്നു. ‘മറുഭാഗത്ത് ചേര്‍ന്നു.’ എന്നതായിരുന്നു കുറ്റം. ഇന്ത്യന്‍ മതേതര മുഖ്യധാരയുടെ സ്വകാര്യ ജീവിതത്തില്‍ ഇങ്ങനെയൊരു ‘മറുഭാഗം’ നിലനില്‍ക്കുന്നു എന്ന് ഹര്‍ഷ് മന്ദര്‍ തെളിവുകള്‍ സഹിതമാണ് ചൂണ്ടിക്കാട്ടുന്നത്. നാം അവര്‍ എന്ന ഈ ചിന്ത മുഖ്യധാര ജീവിത വ്യവഹാരങ്ങളില്‍ പരോക്ഷമായും സ്വകാര്യവര്‍ത്തമാനങ്ങളില്‍ പ്രത്യക്ഷമായും പ്രകടിപ്പിക്കുന്നുവത്രേ.
പൊതു ഇടങ്ങളില്‍ സ്വന്തം ഐഡന്‍ഡിറ്റി മായ്ച്ചു കളയാന്‍ മുസ്ലീകള്‍ പാടുപെടുന്നത് തങ്ങള്‍ മറുവശത്തായിപ്പോകുമോ എന്ന പേടി മൂലമാണ്. മുസ്ലീം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ എളുപ്പത്തില്‍ തിരിച്ചറിയാമെന്നാണ് ഹര്‍ഷ് മന്ദര്‍ പറയുന്നത്, അവരുടെ ഓട്ടോറിക്ഷകളില്‍ മുസ്ലിം മുദ്രകളൊന്നും ഉണ്ടാവുകയില്ല. സ്വന്തം സ്വത്വമുദ്രകള്‍ മായ്ച്ചു കളയാന്‍ മുസ്ലിം നിര്‍ബ്ബന്ധിതനാവുന്നത് ഒരു പക്ഷെ സെക്കുലറിസത്തിന്റെ ‘മഹത്തായ വിജയമായി കൊട്ടിഘോഷിക്കപ്പെടുമായിരിക്കാം. പക്ഷേ ക്ലീന്‍ ഷേവ് ചെയ്ത്, വലത്തോട്ട് മുണ്ടുടുത്ത്, സലാം ചൊല്ലിയാല്‍ തിരിച്ചു ചൊല്ലാതെ, സ്വന്തം ആത്മബോധത്തിനു നേരെ മുഖം തിരിച്ചു നടക്കുന്ന മതേതരവാദി യഥാര്‍ത്ഥ മതേതര ചിന്തയ്ക്ക് എന്ത് സംഭാവനയാണര്‍പ്പിക്കുന്നത്?

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply