ഫാസിസത്തെ നേരിടാന്‍ വേണ്ടത് മഴവില്‍ മുന്നണി
രാഷ്ട്രീയമായി പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് രാജ്യതലസ്ഥാനത്തുനിന്നു വന്നുകൊണ്ടിരിക്കുന്നത്. ത്രിപുരയിലേയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പുഫലത്തില്‍ അഹങ്കാരം കൊണ്ട ബിജെപിക്കും സംഘപരിവാറിനും അസ്വസ്ഥതയുളവാക്കുന്ന ഈ വാര്‍ത്തകള്‍ ജനാധിപത്യശക്തികള്‍ക്കു പ്രതീക്ഷ നല്‍കുന്നു. ത്രിപുര തെരഞ്ഞെടുപ്പുഫലത്തില്‍ ആവേശം കൊണ്ട് ആര്‍ എസ് എസിന്റെ 100-ാം വാര്‍ഷികമായ 2025ല്‍ ഇന്ത്യയില്‍ തങ്ങള്‍ ഭരിക്കാത്ത ഒരിഞ്ചു ഭൂമി പോലുമുണ്ടാകില്ല എന്ന വെല്ലുവിളി നടത്തിയവര്‍ക്ക് യുപിയില്‍ നിന്നും ബീഹാറില്‍ നിന്നും കയ്യോടെ മറുപടി കിട്ടി. ഇപ്പോഴിതാ എന്‍ഡിഎയില്‍ നിന്നു വിട്ടുപോയ ടിഡിപി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നു. […]
രാഷ്ട്രീയമായി പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് രാജ്യതലസ്ഥാനത്തുനിന്നു വന്നുകൊണ്ടിരിക്കുന്നത്. ത്രിപുരയിലേയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പുഫലത്തില്‍ അഹങ്കാരം കൊണ്ട ബിജെപിക്കും സംഘപരിവാറിനും അസ്വസ്ഥതയുളവാക്കുന്ന ഈ വാര്‍ത്തകള്‍ ജനാധിപത്യശക്തികള്‍ക്കു പ്രതീക്ഷ നല്‍കുന്നു. ത്രിപുര തെരഞ്ഞെടുപ്പുഫലത്തില്‍ ആവേശം കൊണ്ട് ആര്‍ എസ് എസിന്റെ 100-ാം വാര്‍ഷികമായ 2025ല്‍ ഇന്ത്യയില്‍ തങ്ങള്‍ ഭരിക്കാത്ത ഒരിഞ്ചു ഭൂമി പോലുമുണ്ടാകില്ല എന്ന വെല്ലുവിളി നടത്തിയവര്‍ക്ക് യുപിയില്‍ നിന്നും ബീഹാറില്‍ നിന്നും കയ്യോടെ മറുപടി കിട്ടി. ഇപ്പോഴിതാ എന്‍ഡിഎയില്‍ നിന്നു വിട്ടുപോയ ടിഡിപി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നു. സാങ്കേതികമയി അവിശ്വാപ്രമേയത്തെ അതിജീവിക്കുമെങ്കിലും രാഷ്ട്രീയമായി ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുമത് എന്നതില്‍ സംശയമില്ല. തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം ബാക്കിനില്‍ക്കെ പാര്‍ലിമെന്റില്‍ സര്‍ക്കാരും ബിജെപിയും രൂക്ഷമായ ഭാഷയില്‍ വിചാരണ നേരിടും. പ്രതിപക്ഷത്തിന് ഐക്യപ്പെടാനുള്ള വലിയ ഒരവസരവും ഇതിലൂടെ സംജാതമാകുമെന്നുറപ്പ്.
യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരു സൂചനയാണെന്നതില്‍ സംശയമില്ല. കേരളം പോലുള്ള ‘പ്രബുദ്ധ’ സംസ്ഥാനം ചിന്തിക്കുന്നതല്ല, യുപിയും ഇന്നു ചിന്തിക്കുന്നതാണ് നാളെ ഇന്ത്യ ചിന്തിക്കുക എന്നതാണ് ചരിത്രം. അതുതന്നെയാണ് സംഘപരിവാറിന്റെ പേടിസ്വപ്നം. എസ് പിയും ബി എസ് പിയും യോജിച്ചാല്‍ യുപിയില്‍ ബിജെപി പടിക്കു പുറത്താകുമെന്നുറപ്പ്. തീര്‍ച്ചയായും ഈ പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കിടിയല്‍ കടുത്ത വൈരുദ്ധ്യങ്ങളുണ്ടാകാം. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് മുന്നിലുള്ള വെല്ലുവിളി എന്ന് ഇരുകൂട്ടരും മനസ്സിലാക്കുന്നു എന്നു കരുതാം. ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്രത്തില്‍ തങ്ങളുടെ സ്ഥാനം എവിടെയാകുമെന്നു മനസ്സിലാക്കിയാല്‍ മാത്രം മതി ഈ ഐക്യം ശക്തിപ്പെടാന്‍. ബിഹാറിലെ അരാരിയ ആര്‍ജെഡിക്ക് നിലനിര്‍ത്താനായത് ജെഡിയു-ബിജെപി അവസരവാദ കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയായി. പുതിയ സാഹചര്യത്തില്‍ ജെഡിയു ഒരു പുനപരിശോധനക്കു തയ്യാറാകുമെന്നു വേണം കരുതാന്‍. എങ്കില്‍ ബീഹാറും ചരിത്രമെഴുതുമെന്നുറപ്പ്. നേരത്തെ രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മധ്യപ്രദേശില്‍ നടന്ന മേയര്‍, നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുഫലങ്ങളും ബിജെപിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിനീങ്ങുന്നുവെന്ന സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. മോദിയുടെ സ്വന്തം തട്ടകത്തില്‍ പോലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ബിജെപിക്കായില്ല.
പുതിയ സാഹചര്യം ഇന്ത്യയിലെ മുഴുവന്‍ പാര്‍ട്ടികളേയും പുനപരിശോധനക്ക് പ്രേരിപ്പിക്കുമെന്നുറപ്പ്. വിവിധ സംസ്ഥാനങ്ങളില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാദേശിക പാര്‍ട്ടികളാണ് ഫലത്തില്‍ ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുക. അവ പലതും ദളിത് – പിന്നോക്ക രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്നവയുമാണ്. മാറിയ സാഹചര്യത്തില്‍ ഈ പാര്‍ട്ടികള്‍ ബിജെപിക്കെതിരായ നിലപാടിലേക്ക് എത്തുമെന്നാണ് പൊതുവിലയിരുത്തലുകള്‍. അതിന്റെ സൂചനകളാണ് ടിഡിപി തീരുമാനത്തോടെ പുറത്തുവരുന്നത്. തീര്‍ച്ചയായും അവ തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ട്. പ്രധാനമന്ത്രി സ്ഥാനം കിനാവു കാണുന്ന പലരും ഇക്കൂട്ടത്തിലുണ്ട്. എങ്കിലും കണ്‍മുന്നിലെ വിപത്തിനെ തിരിച്ചറിഞ്ഞ് അവരൊന്നിക്കുമെന്നു പ്രതിക്ഷിക്കാം.
ഉത്തര്‍ പ്രദേശിനും ബീഹാറിനും പുറമെ പ്രധാന സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിരുദ്ധസഖ്യം ശക്തിപ്പെടാാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തിനുതാഴെയാണ് ബിജെപിയുടെ വോട്ടുവിഹിതം എന്നതിനാല്‍ തന്നെ വിട്ടുവീഴ്ചകള്‍ ചെയത് ഐക്യപ്പെട്ടാല്‍ ഇന്ത്യയിലൊരു മനോഹരമായ മഴവില്‍ മുന്നണിക്ക് സാധ്യതയുണ്ട്. പ്രാദേശിക പാര്‍ട്ടികളുടെ ഫെഡറല്‍ മുന്നണിക്ക് മമതാ ബാനര്‍ജി കാര്യമായിതന്നെ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാത്ത ദേശീയസഖ്യത്തിനാണ് അവരുടെ ശ്രമം. അതെത്രമാത്രം യാഥാര്‍ത്ഥ്യമാകുമെന്ന് കാത്തിരുന്നു കാണണം. ഇന്ത്യന്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബിജെപിയെ തറ പറ്റിക്കാന്‍ കഴിയുമെന്ന് കരുതുക വയ്യ. സോണിയാ ഗാന്ധിയാകട്ടെ വിവിധ പ്രതിപക്ഷനേതാക്കളെ വിരുന്നില്‍ ഒന്നിപ്പിച്ച് മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പുകാലത്തില്‍ നിന്നു വ്യത്യസ്ഥമായി കൂടുതല്‍ കരുത്തോടെയാണ് രാഹുല്‍ഗാന്ധി രംഗത്തുള്ളത്. കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനം വളരെ ശക്തമായി തന്നെ പുതിയ പ്രസിഡന്റിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. മോദിക്കുമുന്നില്‍ വെറുമൊരു പയ്യനല്ല താന്‍ എന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍. അമിത്ഷായെ കൊലയാളി എന്നു വിളിച്ച് പ്രതിരോധമല്ല, അക്രമണമാണ് തന്റെ നയമെന്നും രാഹുല്‍ വ്യക്തമാക്കുന്നു. അതേസമയം പ്രധാനമന്ത്രിപദം മോഹിക്കുന്ന ശരദ് പവാറും രംഗത്തുണ്ട്. നിതീഷ് കുമാറും മമതയുമൊക്കെ ഈ മോഹം ഉള്ളിലുള്ളവരാണ്.
ജയലളിതയുടെ മരണശേഷം ഏറെ മോഹങ്ങളുമായി തമിഴ്‌നാട്ടിലെത്തിയ ബിജെപിയുടെ സ്വപ്‌നങ്ങള്‍ തിരിച്ചടി നേരിടുകയാണ്. ദിനകരനും രജനീകാന്തും കമല്‍ഹാസനുമൊക്കെ പുതിയ പാര്‍ട്ടികളുമായി രംഗത്തെത്തിയതോടെ ബി.ജെ.പി കളത്തിനു പുറത്തായി. പെരിയാര്‍ പ്രതിമ തകര്‍ക്കല്‍ലോടെ ചിത്രം പൂര്‍ത്തിയായി. മഹാരാഷ്ടയില്‍ ശിവസേന മുറുമുറുപ്പിലാണ്. മുഖ്യശത്രുവിന്റെ കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കം തുടര്‍ന്നാലും കേരളത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. പഞ്ചാബും ഡെല്‍ഹിയുമടക്കം മറ്റു പല സംസ്ഥാനങ്ങളും തങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുപോലെ മോദിയുടെ മാസ്മരികതയിലും അമിത് ഷായുടെ തന്ത്രങ്ങൡും ഇതിനെയെല്ലാം മറികടക്കാനാവില്ല എന്നുമവര്‍ക്കറിയാം. നോട്ടുനിരോധനവും ജിഎസ്ടിയുമൊക്കെ സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍ നിന്നു രാജ്യം കരകയറിയിട്ടില്ലെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അവര്‍ക്കറിയാം. കൂടാത വ്യക്തിപരമായി രാഹുല്‍ ഗാന്ധി കൂടുതല്‍ സവീകാര്യനാകുന്നതും ബിജെപിക്ക് തലവേദനയായിട്ടുണ്ട്. വളരുന്ന അംബേദ്കര്‍ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളും മുസ്ലിം വോട്ടുകളും എങ്ങനെ നേരിടാമെന്നതും അവര്‍ക്ക് തലവേദനയായിരിക്കുന്നു.
സത്യത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ മതേതര രാഷ്ട്രമെന്ന സങ്കല്‍പം തന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്. ആ സങ്കല്‍പത്തെ തകര്‍ത്തു മാത്രമേ സംഘപരിവാറിനു വളരാനാവൂ. രാഷ്ട്രത്താകെ ഒരു പ്രതിപക്ഷമുന്നണി എളുപ്പമല്ലെങ്കിലും പ്രാദേശികമായി ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്. അതിനൊരു രാസത്വരകമാകാന്‍ കോണ്‍ഗ്രസ്സിനു കഴിയും. അനാവശ്യമായ ഈഗോ തര്‍ക്കങ്ങളും അധികാര തര്‍ക്കങ്ങളും ഒഴിവാക്കി കാലത്തിന്റെ ആഹ്വാനം കേള്‍ക്കാന്‍ തയ്യാറായാല്‍ ജനാധിപത്യശകതികള്‍ക്ക് ഭാവിയില്‍ ദുഖിക്കേണ്ടിവരില്ല. ആ ദിശയിലൊരു മഴവില്‍ മുന്നണിയാണ് കാലം ആവശ്യപ്പെടുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in