ഫാഷിസ്റ്റ് മുന്നേറ്റത്തിന്റെ നിലവാരത്തിലും തോതിലുമുള്ള വലിയ വ്യത്യാസം കണക്കിലെടുക്കേണ്ടതുണ്ട്.

വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയുടെ പരിണനയ്ക്കായി കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ വിഎസ് നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം: സഖാക്കളെ, ഇത്തവണ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഞാന്‍. കാരണം, ഒരാഴ്ചത്തെ വിശ്രമവും മുട്ടിന്റെ വേദന കുറയുന്നതുവരെ ഏതാനും ദിവസത്തെ ഫിസിയോതെറപ്പിയും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തെക്കുറിച്ച് ചില കാര്യങ്ങള്‍ എനിക്കു സിസിയെ അറിയിക്കാനുണ്ട്. ഇന്ത്യയില്‍ ഉരുത്തിരിയുന്ന മൂര്‍ത്തമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, രാഷ്ട്രീയ അടവു നയം […]

vsവി.എസ്. അച്യുതാനന്ദന്‍

കേന്ദ്ര കമ്മിറ്റിയുടെ പരിണനയ്ക്കായി കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ വിഎസ് നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം:

സഖാക്കളെ,

ഇത്തവണ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഞാന്‍. കാരണം, ഒരാഴ്ചത്തെ വിശ്രമവും മുട്ടിന്റെ വേദന കുറയുന്നതുവരെ ഏതാനും ദിവസത്തെ ഫിസിയോതെറപ്പിയും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തെക്കുറിച്ച് ചില കാര്യങ്ങള്‍ എനിക്കു സിസിയെ അറിയിക്കാനുണ്ട്.
ഇന്ത്യയില്‍ ഉരുത്തിരിയുന്ന മൂര്‍ത്തമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, രാഷ്ട്രീയ അടവു നയം പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. നിശ്ചിതമായ മാര്‍ഗരേഖയുടെയോ പ്രമാണങ്ങളുടെയോ അടിസ്ഥാനത്തില്‍ തീരുമാനിക്കാവുന്നതല്ല അടവുനയം. അങ്ങനെ സംഭവിച്ചാല്‍ അതില്‍ അടവ് ഉണ്ടാവില്ല – തന്ത്രപരമായ നിബന്ധകളുടെ, കൗശലപരമായ വാക്കുകളുപയോഗിച്ചുള്ള ആവര്‍ത്തനം മാത്രമാവുമത്. അത് പരാമവധി സഖ്യകക്ഷികളെ ഒരുമിപ്പിക്കാനും ശത്രുശക്തികളെ ഭിന്നിപ്പിക്കാനുമുള്ള നമ്മുടെ ആത്മാര്‍ഥ ശ്രമം വൃഥാവിലാക്കും.
സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമില്ലെന്നതു വാസ്തവമാണ്. എന്നാല്‍, 1991മുതല്‍ ഇപ്പോള്‍വരെ ഉദാവത്കരണം-സ്വകാര്യവത്കരണം-ആഗോളവത്കരണം (എല്‍പിജി) സംംബന്ധിച്ച് അത്തരം ഭരണവര്‍ഗ പാര്‍ട്ടികളെടുത്തിട്ടുള്ള നിലപാടുകള്‍ പരിശോധിച്ചാല്‍ നമുക്കു കാണാന്‍ സാധിക്കുന്നതിതാണ്: ബിജെപിയും കോണ്‍ഗ്രസുംപോലെയുള്ള പ്രധാന ഭരണവര്‍ഗ പാര്‍ട്ടികളും ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും എല്‍പിജിയുടെ ഇരയായിട്ടുണ്ട്. ഈ ശോഷണം ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ പൊതുവായ പാപ്പരത്തത്തിന് ഏകദേശം പൂര്‍ണമായിത്തന്നെ കാരണമായിട്ടുണ്ട്.
ഇന്ത്യയില്‍ ഇടതു ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍പോലും ഈ പാപ്പരത്തത്തിന്റെ അനുരണനങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. കേരളത്തെ ഉദാഹരണമാക്കി അത്തരം പല സംഭവങ്ങളും ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോള്‍ അതില്‍ ഊന്നല്‍ കൊടുക്കാനല്ല ഉദ്ദേശിക്കുന്നത് എന്നതിനാല്‍ വിശദീകരിക്കുന്നില്ല.
തന്ത്രപരമായ എല്ലാത്തരം െഎക്യമുന്നണികളില്‍നിന്നും ബൂര്‍ഷ്വാ പാര്‍ട്ടികളെ പൊതുവായ പാപ്പരത്തത്തിന്റെ പേരില്‍ ഒഴിവാക്കി നിര്‍ത്തുന്നത് ഫലത്തില്‍ വിഭാഗീയ രീതിയുടേതായ പിഴവായിരിക്കും. അതു നമ്മളെ സൈദ്ധാന്തിക പ്രതിപക്ഷമാക്കും, ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന പ്രായോഗിക പ്രതിപക്ഷമാക്കില്ല.
യുഎസ്എസ്ആറിന്റെ തകര്‍ച്ചയ്ക്കും ആഗോളവത്കരണത്തിന്റെ ഉദ്ഘാടനത്തിനുംശേഷമുണ്ടായിട്ടുള്ള ചരിത്രപരമായ കാരണങ്ങളാലാണ് ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചതും വര്‍ഗീയ ഫാഷിസ്റ്റിക് ശക്തികളുടെ വളര്‍ച്ചയും ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ശോഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. പ്രത്യേകിച്ചും, രണ്ടാം യുപിഎയുടെ കാലത്ത്. വാസ്തവത്തില്‍, കോണ്‍ഗ്രസുണ്ടാക്കിയ പ്രതിസന്ധി മുതലെടുത്താണ് ബിജെപി അധികാരത്തിലെത്തിയത്. ഇപ്പോള്‍, മോദി സര്‍ക്കാര്‍ ഒരുവശത്ത് എല്‍പിജി നയങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം നടപ്പാക്കുന്നു; മറുവശത്ത്, വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ചും പുരോഗമന ചിന്താഗതിക്കാരായ ബുദ്ധിജീവികളെ കൊലപ്പെടുത്തിയും മറ്റും ദേശീയതലത്തില്‍ ശക്തി വര്‍ധിപ്പിക്കുന്നു. ജുഡീഷ്യറിയെ കളിപ്പാവയാക്കിയിരിക്കുന്നു. സൈനിക, ഇന്റലിജന്‍സ് കാര്യങ്ങളില്‍ യുഎസിനോടും സയണിസ്റ്റ് ഇസ്രയേലിനോടും പരസ്യമായി കൂട്ടുചേരുന്നു.
മോദി സര്‍ക്കാര്‍ ആഗോളവത്കരണ നയങ്ങളുടെ മികച്ച നടത്തിപ്പുകാരും സമൂഹത്തിലെ വര്‍ഗീയവത്കരണത്തിന് ആക്കംകൂട്ടുന്നവരും സാമ്രാജ്യത്വ പദ്ധതിയോടു ദേശീയമായി കീഴ്പ്പെടുന്നതിന്റെ മുഖ്യ ഏജന്റുമായിരിക്കുന്നു. അപ്പോള്‍, ഏറ്റവും മോശമായ സാഹചര്യമാണിതെന്നു കണക്കാക്കാം, തീര്‍ത്തും മോശപ്പെട്ട സാഹചര്യം.
രൂപത്തിലും മുന്നണികള്‍ക്കൊണ്ടും നമുക്കുള്ള ശക്തികൊണ്ട് ഒറ്റയ്ക്ക് ഈ സാഹചര്യത്തോടു പോരാടാനാവില്ല. മേല്‍പറഞ്ഞ ബൂര്‍ഷ്വാ പ്രതിപക്ഷത്തുനിന്ന് അനുകൂല നിലപാടുകാരില്‍ പരമാവധിപ്പേരെയും നമ്മുടെ പക്ഷത്താക്കേണ്ടതുണ്ട്; അടവുപരമായി മുന്നേറാന്‍ സാധ്യമായ മാര്‍ഗം തുറക്കേണ്ടതുണ്ട്. ഈ ആശങ്കയും വിവേകവുമായി വേണം രാഷ്ട്രീയ അടവുനയത്തെ സമീപിക്കാന്‍.
മോദി രാജിനു പരിസമാപ്തി കുറിക്കേണ്ടത് ദേശീയ പരമാധികാരം സംരക്ഷിക്കാനും സാമ്പത്തിക സുരക്ഷയ്ക്കും രാജ്യത്തിന്റെ മതനിരപേക്ഷവും ജനാധിപത്യപരമായ നിലനില്‍പിനുംവേണ്ടി ഈ ഘട്ടത്തില്‍ സുപ്രധാനമാണെന്നതിനോട് നാമെല്ലാവരും യോജിക്കുമെന്ന് ഞാന്‍ കരുതുന്നു.അതാണ് ലക്ഷ്യമെന്ന് തീരുമാനിക്കുകയും ആ ലക്ഷ്യം നേടാനായുള്ള സമ്പൂര്‍ണമായ കടന്നാക്രമണത്തിന് ആഹ്വാനം നല്‍കുകയും ചെയ്തുകഴിഞ്ഞാല്‍, യഥാര്‍ഥ മാര്‍ക്സിസ്റ്റുകള്‍ എന്ന നിലയ്ക്ക്, ആ ലക്ഷ്യം നേടാന്‍ ഏറ്റവും വിശാലമായ അടവു പ്രയോഗിക്കണം. മറിച്ച്, ആദര്‍ശവും പറഞ്ഞുകൊണ്ടിരുന്നാല്‍, അത് പെറ്റി ബൂര്‍ഷ്വാ തത്വവാദത്തിന്റെ പ്രകടനം മാത്രമാവും, പ്രോലിറ്റേറിയന്‍ താല്‍പര്യമാവില്ല.
ലക്ഷ്യം നേടാന്‍ നമ്മള്‍ എന്താണു ചെയ്യേണ്ടത്? ബൂര്‍ഷ്വാ രാഷ്ട്രീയം തന്ത്രപരമായ ശോഷണം നേരിടുകയാണ്. അപ്പോള്‍, മൂല്യപരമായി ഏറ്റവും ശോഷിച്ചുകൊണ്ടിരിക്കുന്നതും ഉഗ്രശേഷിയുള്ളതുമായ വിഭാഗത്തെ മൂര്‍ത്തമായി ലക്ഷ്യം വയ്ക്കണം. മോദിരാജും സംഘ് ഫാഷിസവുമാണത് എന്നതില്‍ സംശയമില്ല. അത്,ഒരുവശത്ത്, രാഷ്ട്രത്തിന്റെ സാമ്പത്തിക പരമാവധികാരത്തിന്റെ അടിത്തറയും വിശാല രാഷ്ട്രീയ ചട്ടക്കൂടിന്റെ തൂണുകളും, മറുവശത്ത്, സമൂഹത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവും മുറിച്ചുമാറ്റാന്‍ ഇപ്പോള്‍ ഭരണവര്‍ഗങ്ങളുടെ ഇരുതല വാളായി മാറിയിരിക്കുന്നു.
അടിസ്ഥാന വ്യവസായങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ബാങ്കുകളെയും വിറ്റുതുലയ്ക്കുന്ന, വര്‍ഗീയ, ജാതി അടിസ്ഥാനത്തില്‍ വിനാശകരമായ രീതിയില്‍ ജനത്തെ വിഭജിക്കുന്ന പ്രതിലോമ ശക്തിയാണത്. സാമ്രാജ്യത്വത്തിന്റെ പ്രിയപ്പെട്ട സഖ്യകക്ഷി. അതിന്റെ തലയ്ക്കുതന്നെ അടിക്കണം. ആ പോരാട്ടത്തില്‍ പരമാവധിപ്പേരെ കൂടെക്കൂട്ടണം. അതിന് പഴയ രാഷ്ട്രീയ അടവുനയത്തിന്റെ വരട്ടുവാദപരമായ ആവര്‍ത്തനം ഉപേക്ഷിക്കണം. സാധ്യതകള്‍ അവശേഷിപ്പിക്കാന്‍ തയ്യാറവണം. നമ്മുടെ ശക്തിയും ഇടതു ശക്തിയും ഒരുമിപ്പിക്കുന്നതിനൊപ്പം, അടവരുപരമായ വഴക്കവും ഉണ്ടായാല്‍ മാത്രമേ ശത്രുവിനെ പ്രായോഗികമായി പരാജപ്പെടുത്തുന്നതിന് തത്വാധിഷ്ഠിത പ്രതിപക്ഷ മുന്നേറ്റം സാധ്യമാവുകയുള്ളു. അതായിരിക്കണം ബുദ്ധിപരമായി നമ്മള്‍ സ്വീകരിക്കുന്ന അടവ്.
ഫാഷിസ്റ്റ് മുന്നേറ്റത്തിന്റെ നിലവാരത്തിലും തോതിലുമുള്ള വലിയ വ്യത്യാസം നമ്മള്‍ കണക്കിലെടുക്കേണ്ടതുണ്ട്. അത്, രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു – മേല്‍പറഞ്ഞവ മനസില്‍വച്ചുള്ള മാറ്റങ്ങള്‍. സാഹചര്യം തീര്‍ത്തും കലങ്ങിമറിഞ്ഞതാണ്. അത് ബൂര്‍ഷ്വകളെ, പ്രത്യേകിച്ചും അവരുടെ ആക്രമണോല്‍സുക ഫാഷിസ്റ്റ് ശാഖയെ അടവുപരമായി വഴക്കമുള്ളതാക്കുന്നു. അപ്പോള്‍ നമ്മള്‍ കടുംപിടുത്തത്തോടെ ഒഴിഞ്ഞുമാറിനിന്നാല്‍ പോരാട്ടത്തില്‍ പരാജയപ്പെടും.

കടപ്പാട് – അഴിമുഖം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply