പെണ്‍കുട്ടികള്‍ നിറയുന്ന മെഡിക്കല്‍ കോളേജുകള്‍

ഡോ. ജയശ്രീ ഏ.കെ ഇപ്പോള്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. അതോടൊപ്പം അവിടെ അഡ്മിഷന്‍ കിട്ടുന്ന പെണ്‍കുട്ടികളുടെ എണ്ണവും ആണ്‍കുട്ടികളെ അപേക്ഷിച്ച് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഈ പ്രതിഭാസം കൗതുകകരവും അന്വേഷണത്തിന് വിധേയമാക്കേണ്ടതുമാണ്. മെഡിക്കല്‍ കോളേജുകളിലേക്ക് അപേക്ഷ അയക്കുന്നവരില്‍ എപ്പോഴും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പമോ അവരേക്കാള്‍ മുന്നിലോ ആയിരുന്നു. എന്നാല്‍, 2005ന് ശേഷം അഡ്മിഷന്‍ നേടുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കാന്‍ തുടങ്ങി. 2001 ല്‍ അനുപാതം 1133:1000 ആയിരുന്നത് 2011 ആയപ്പോഴേക്ക് 2214:1000 ആയി. ഒരു കോളേജില്‍ ഈ […]

mmmഡോ. ജയശ്രീ ഏ.കെ

ഇപ്പോള്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. അതോടൊപ്പം അവിടെ അഡ്മിഷന്‍ കിട്ടുന്ന പെണ്‍കുട്ടികളുടെ എണ്ണവും ആണ്‍കുട്ടികളെ അപേക്ഷിച്ച് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഈ പ്രതിഭാസം കൗതുകകരവും അന്വേഷണത്തിന് വിധേയമാക്കേണ്ടതുമാണ്. മെഡിക്കല്‍ കോളേജുകളിലേക്ക് അപേക്ഷ അയക്കുന്നവരില്‍ എപ്പോഴും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പമോ അവരേക്കാള്‍ മുന്നിലോ ആയിരുന്നു. എന്നാല്‍, 2005ന് ശേഷം അഡ്മിഷന്‍ നേടുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കാന്‍ തുടങ്ങി. 2001 ല്‍ അനുപാതം 1133:1000 ആയിരുന്നത് 2011 ആയപ്പോഴേക്ക് 2214:1000 ആയി. ഒരു കോളേജില്‍ ഈ വര്‍ഷം (2015) 80 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമാണ് ചേര്‍ന്നത്. വികസിത രാജ്യങ്ങളില്‍ അടുത്ത കാലത്ത് മാത്രമാണ് 50 ശതമാനമോ ഏറിയാല്‍ അറുപതു ശതമാനമോ ആയത്.
ഇതില്‍ രണ്ടു കാര്യങ്ങളാണ് പ്രധാനമായി വരുന്നത്. ഒന്ന്, ഇതിലേക്ക് നയിക്കുന്ന സാമൂഹിക ഘടകങ്ങളെന്താണെന്നത്. രണ്ട്, ഇത് നമ്മുടെ ആരോഗ്യസേവന മേഖലയില്‍ ഭാവിയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍. ഒറ്റ നോട്ടത്തില്‍, ഇത് വളരെ പുരോഗമനപരമായ ഒരു കാര്യമായി വിലയിരുത്തപ്പെടാം. സ്ത്രീകള്‍ക്ക് പൊതുവേ വിദ്യാഭ്യാസ കാര്യങ്ങളില്‍ പിന്തുണയുള്ള അന്തരീക്ഷമാണ് കേരളത്തിലുള്ളത്. കേരളത്തിലെ സ്ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം ഇത് സൂചിപ്പിക്കുന്നുണ്ട്. പ്രവേശന പരീക്ഷയില്‍ എഴുതുന്നതില്‍ മാത്രമല്ല, മത്സരിച്ച് വിജയിക്കുന്നതിലും പെണ്‍കുട്ടികളാണ് മുന്നിലെന്നത് അവരുടെ പ്രാഗത്ഭ്യം കൂടി തെളിയിക്കുന്നതാണ്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ സമര്‍ഥരാണെന്ന നിഗമനത്തിലേക്കും ഇതു വഴി എത്താവുന്നതാണ്.
എന്നാല്‍, ഈ പ്രതിഭാസത്തെ നമ്മുടെ ലിംഗ നീതിയുടേയും ആരോഗ്യ മേഖലയിലെ അസമത്വങ്ങളുടേയും പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍, ലളിതമായി വിലയിരുത്താന്‍ കഴിയുകയില്ല. വിദ്യാഭ്യാസ നിലവാരവും ആയുര്‍ദൈര്‍ഘ്യവും മാത്രം ലിംഗനീതി അളക്കാനുള്ള മാനദണ്ഡങ്ങളാവുകയില്ല. ലിംഗഭേദമില്ലാതെ, സാമൂഹ്യമായ എല്ലാ മേഖലകളിലും പങ്കാളികളാകാനുള്ള തുല്യാവസരം എല്ലാവര്‍ക്കും ലഭിക്കുമ്പോഴാണ് ലിംഗനീതി നിലനില്‍ക്കുന്നു എന്ന് പറയാന്‍ കഴിയുന്നത്. സ്ത്രീകളേയും പുരുഷന്മാരേയും സംബന്ധിച്ച വാര്‍പ്പുമാതൃകകള്‍ എത്രത്തോളം മാറ്റിയെഴുതാന്‍ നമുക്ക് കഴിയുന്നുണ്ട് എന്നത് ഒരു പക്ഷെ, ലിംഗസമത്വത്തിന്റെ മാനദണ്ഡമായി നമുക്കെടുക്കാന്‍ കഴിയും. അതിനനുസരിച്ച്, കുടുംബത്തിനകത്തെ തൊഴില്‍ വിഭജനത്തിലും പുറത്തെ ഉത്പാദന മേഖലയിലും സേവനമേഖലയിലും സ്ത്രീ പങ്കാളിത്തത്തിലും മാറ്റങ്ങളുണ്ടാകുന്നതും സൂചകങ്ങളായെടുക്കാം. ജീവിതത്തിന്റെ ഗുണനിലവാരവും വ്യത്യാസപ്പെടണം. വിവാഹവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സ്ത്രീധനം, സ്വര്‍ണ്ണ വ്യാപാരം, തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തക്കുറവ്, പൊതു സ്ഥലത്തും വീടിനുള്ളിലും നടക്കുന്ന പീഡനങ്ങള്‍, സാമൂഹിക ഇടപെടലുകളില്‍ നിന്നും സ്ത്രീകളുടെ പിന്‍വാങ്ങല്‍ എന്നിവയെല്ലാം തന്നെ തുല്യ നീതിക്കും ജീവിത ഗുണനിലവാരത്തിനും വിരുദ്ധമായി ഇവിടെ നിലകൊള്ളുന്ന പശ്ചാത്തലത്തിലാണ് നമ്മള്‍ ഈ പ്രതിഭാസത്തെ വിലയിരുത്തേണ്ടത്.
ഡോക്ടര്‍മാരായി കഴിഞ്ഞാലും, കുടുംബത്തിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുമോ എന്നത് ഒരു ചോദ്യമാണ്. സാമ്പത്തിക നില മെച്ചമായതു കൊണ്ട് ചില വീട്ടു ജോലികളില്‍ സഹായിക്കാനാളുണ്ടാവുമെന്നു മാത്രം. വിവാഹത്തിനു തന്നെയാണ് വനിതാ ഡോക്ടര്‍മാരും പൊതുവേ, മുന്തൂക്കം നല്‍കുന്നത്. പരീക്ഷ പാസാകുന്നവരില്‍ ഉപരി പഠനത്തിന് പോകുന്നവര്‍ കൂടി വരുന്നുണ്ടെങ്കിലും അത് മിക്കവാറും വിവാഹവും പ്രസവവും കഴിഞ്ഞതിന് ശേഷം പതുക്കെ ആകാമെന്ന് കരുതുന്നവരാണധികവും. സ്‌പെഷ്യാലിറ്റികള്‍ തെരഞ്ഞെടുക്കുന്നതിലും ലിംഗവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അര്‍പ്പണം ആവശ്യമായി വരുന്ന സ്‌പെഷ്യാലിറ്റികള്‍ പുരുഷന്മാരാണ് കൂടൂതല്‍ തെരഞ്ഞെടുക്കുന്നത്. ഉദാ: കാര്‍ഡിയോളജി, ന്യൂറോളജി, വിവിധ സര്‍ജറി വിഭാഗങ്ങള്‍ എന്നിവ. തൊഴില്‍ രംഗത്ത് വനിതാ ഡോക്ടര്‍മാര്‍ മറ്റ് സ്ഥലങ്ങളിലെ പോലെ തന്നെ ചൂഷണവും വിവേചനവും നേരിടുന്നു എന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു.
ഡോക്ടര്‍മാരാകുന്നതില്‍ കൂടുതല്‍ സ്ത്രീകളാകുമ്പോള്‍, അതിനനുസരിച്ച സാമൂഹ്യ മാറ്റം കൂടി ഉണ്ടാവണം. എങ്കിലേ അത് സാമൂഹ്യമായി ഗുണപരമാവൂ. അതല്ലെങ്കില്‍ അത് ആരോഗ്യ മേഖലയില്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്‌നം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരില്ലെന്നതാണ്. ഇതിന് പ്രധാന കാരണം ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും സൗകര്യപ്രദമായ കുടുംബ ജീവിതത്തിനും സാദ്ധ്യതകള്‍ കുറവാണെന്നതാണ്. കുടുംബത്തിന്റെ ചുമതല ഇന്ന് പ്രധാനമായും സ്ത്രീകള്‍ക്കായതിനാല്‍, അവര്‍ താരതമ്യേന ഉള്‍നാടുകളില്‍ ജോലി ചെയ്യാന്‍ വിമുഖരായിരിക്കും. സ്ത്രീകളുടെ സുരക്ഷിതത്വവും അതുമായി ബന്ധപ്പെട്ട ആശങ്കകളും പ്രധാനമാണ്. അതിനാല്‍ ഭാവിയില്‍, ഗ്രാമങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ എണ്ണം വീണ്ടും കുറയാനാണ് സാദ്ധ്യത. ഇത് ആരോഗ്യ പദ്ധതികള്‍ വിഭാവനം ചെയ്യുന്നവര്‍ ഗൗരവമായി എടുക്കേണ്ടതാണ്.
ഇതിന് പരിഹാരം പെണ്‍കുട്ടികളുടെ എണ്ണം കുറക്കുക എന്നതല്ല. മറിച്ച് ഇന്നത്തെ ലിംഗപരമായ വിവേചനങ്ങളേയും അനീതിയേയും പരിശോധിക്കേണ്ട ഒരു അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അതല്ലെങ്കില്‍ സ്ത്രീകള്‍ കുടുംബത്തില്‍ ഏറ്റെടുക്കേണ്ട ചുമതലയുടേയും പ്രൊഫഷന്റേയും നിലവാരം ഒന്നു പോലെ കുറയുകയാവും ഫലം. ആണ്‍കുട്ടികളുടെ മെഡിക്കല്‍ പ്രവേശനത്തിലെ കുറവ് ലിംഗ വ്യത്യാസത്തിന്റെ മറ്റ് ചില വശങ്ങള്‍ കൂടി സൂചിപ്പിക്കുന്നതാണെന്ന് തോന്നുന്നു. ആണ്‍കുട്ടികള്‍ക്ക് തുറന്ന് കിട്ടിയിട്ടുള്ള മറ്റ് മേഖലകള്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് പോലെയുള്ളവ കുറച്ചു കൂടി സാഹസികതയും യാത്രയും മറ്റും ആവശ്യമുള്ളതാണ്. പെണ്‍കുട്ടികളും ഈ മേഖലയിലേക്കൊക്കെ ധാരാളമായി കടന്നു വരുന്നു എങ്കിലും അത് അവരുടെ ആദ്യത്തെ ഓപ്ഷനായിരിക്കില്ല. ഇവിടേയും ലിംഗപരമായി വ്യത്യസ്തത പുലര്‍ത്തുന്ന സാദ്ധ്യതകളുടെ സൂചനകളാണ് നമുക്ക് കിട്ടുന്നത്.
മെഡിക്കല്‍ പ്രൊഫഷനിലേക്കുള്ള പെണ്‍കുട്ടികളുടെ കടന്നു വരവില്‍ കാണുന്ന വര്‍ദ്ധനവിന്റെ സാമൂഹിക മാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മൂല്യങ്ങള്‍ അങ്ങനെ തന്നെ നില നിര്‍ത്തി കൊണ്ട് താല്‍കാലിക നേട്ടങ്ങള്‍ക്കായി കാര്യപ്രാപ്തി നേടുക എന്ന പ്രായോഗിക ബുദ്ധിയാണ് നമ്മള്‍ പലപ്പോഴും കാട്ടാറുള്ളത്. അതിന്റെ ഒരു പ്രതിഫലനമായും ഇത് കാണാം. കഴിഞ്ഞ ദശകത്തില്‍ വര്‍ദ്ധിച്ച മെഡിക്കല്‍ കോളേജുകളോടൊപ്പം തന്നെ പ്രവേശനപ്പരീക്ഷകളും അതിനോടനുബന്ധിച്ച സംവിധാനങ്ങളും ഇവിടെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുബന്ധമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. എന്‍ട്രന്‍സ് കോച്ചിംഗ് ഇതില്‍ പ്രധാനമാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട, സ്ഥിരതയും സുരക്ഷിതത്വവുമേറിയ, സ്റ്റാറ്റസ് ഉറപ്പിക്കുന്ന ഒരു വാര്‍പ്പ് മാതൃകയായതിനാല്‍, അത് പെണ്‍കുട്ടികള്‍ക്കാണ് ഉചിതമെന്ന പതിവ് സാമൂഹ്യ ബോധത്തിന്റെ ആവര്‍ത്തനം തന്നെയല്ലേ ഇതും? പുതിയ അന്വേഷണങ്ങളും സാഹസികതയുമൊക്കെ ആണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലും. അങ്ങനെയല്ലാതെ സ്ത്രീകളുടെ പുരോഗതിയാണ് കുറിക്കുന്നതെങ്കില്‍, ആണ്‍പെണ്‍ വാര്‍പ്പ് മാതൃകകള്‍ മാറ്റിയെഴുതുക കൂടി വേണ്ടി വരും.

വസ്തുതകള്‍ക്ക് ഡോ:പ്രവീണ്‍ലാലി (മുന്‍ ആരോഗ്യസര്‍വകലാശാലാ ഫാക്കല്‍റ്റി)നോട് കടപ്പാട്

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply