പെണ്ണുടല്‍ ജീവിതങ്ങള്‍…
അജിത ടിജി (അധ്യാപിക) ഒറ്റ ചോദ്യം കൊണ്ട് ജീവിതം തന്നെ മാറിപ്പോയ നിരുപമാ രാജീവ് എന്ന മഞ്ജു വാര്യരുടെ കഥാപാത്രത്തെ മായക്കും പദ്മിനിക്കും അറിയാം. എന്നാല്‍ ഉത്തരം ന്യായമായും നല്‍കേണ്ടിയിരുന്ന ഒരുപിടി ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ട് മാത്രം, കഴിഞ്ഞ അറുപത്തിയഞ്ചു ദിവസങ്ങളായി വെയിലിന്റെ വെളിച്ചം മാത്രം കഷ്ടിച്ചു മറയുന്ന ഒരു പന്തലില്‍ കഴിയുന്ന അവരെ നിരുപമ രാജീവിനോ മഞ്ജുവിനോ അറിയില്ല. അവരുടെ ഉള്ളില്‍ പുകയുന്ന സങ്കടങ്ങള്‍ ആര്ക്കുമറിയില്ല. വെയില്‍ പൊള്ളിച്ചു ടാറിട്ട റോഡു ഉരുകി തുടങ്ങുന്ന ഒരു […]
ഒറ്റ ചോദ്യം കൊണ്ട് ജീവിതം തന്നെ മാറിപ്പോയ നിരുപമാ രാജീവ് എന്ന മഞ്ജു വാര്യരുടെ കഥാപാത്രത്തെ മായക്കും പദ്മിനിക്കും അറിയാം. എന്നാല്‍ ഉത്തരം ന്യായമായും നല്‍കേണ്ടിയിരുന്ന ഒരുപിടി ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ട് മാത്രം, കഴിഞ്ഞ അറുപത്തിയഞ്ചു ദിവസങ്ങളായി വെയിലിന്റെ വെളിച്ചം മാത്രം കഷ്ടിച്ചു മറയുന്ന ഒരു പന്തലില്‍ കഴിയുന്ന അവരെ നിരുപമ രാജീവിനോ മഞ്ജുവിനോ അറിയില്ല. അവരുടെ ഉള്ളില്‍ പുകയുന്ന സങ്കടങ്ങള്‍ ആര്ക്കുമറിയില്ല. വെയില്‍ പൊള്ളിച്ചു ടാറിട്ട റോഡു ഉരുകി തുടങ്ങുന്ന ഒരു ഉച്ചയിലാണ് കല്യാണ്‍ സാരീസിന്റെ മുന്നിലെ സമര പന്തലില്‍ ഞാനവരെ കാണാന്‍ ചെല്ലുന്നത്. ചെല്ലുമ്പോള്‍ അവര്ക്ക് കൂട്ടായി സാമൂഹിക പ്രവര്ത്തകയായ ലില്ലി തോമസ് ഉണ്ടായിരുന്നു. പറയാന്‍ അവര്ക്ക് ഏറെ സങ്കടമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് മിനിമം വൃത്തി , 12 മണിക്കൂറോളം നീളുന്ന ജോലിക്കിടയില്‍ ഇടക്കൊന്നു മൂത്രമൊഴിക്കാനുള്ള അനുമതി ഇത്രയല്ലേ ഞങ്ങള്‍ ചോദിച്ചത്? പദ്മിനി പറയുന്നു . ടീച്ചര്‍ക്കറിയണോ ബാത്ത് റൂമിന്റെ വാതില്‍ക്കല്‍ വരെ ക്യാമറയുണ്ട്. അല്പം ഒന്ന് വൈകിയാല്‍ കാബിനില്‍ ആളെ കാണാതായാല്‍ ഉടനെ തിരക്കി വരും. സ്ത്രീകള്‍ക്ക് സഹജമായ ചില അസ്വസ്ഥതകള്‍ ഞങ്ങള്ക്കും മാസത്തില്‍ കാണില്ലേ? അത് പോലും അവഗണിച്ചാണ് ഞങ്ങള്‍ ഞായറാഴ്ചകളിലും ജോലിക്കെത്തുന്നത്’. അവര്‍ പറയുന്നത് കേള്‍ക്കാനെ എനിക്കും തോന്നിയുള്ളൂ. ‘ജോലിക്കെടുക്കുമ്പോള്‍ ഒരു appointment ഓര്‍ഡര്‍ ഒന്നും ഞങ്ങള്‍ക്കില്ല. സാലറി തരുന്ന പേ സ്ലിപ് ആണെങ്കില്‍ നിലവാരം കുറച്ചു കടലാസില്‍ ഒരു കുത്തികുറിക്കല്‍ മാത്രം. ക്ഷേമനിധിയടക്കം എല്ലാ വാഗ്ദാനങ്ങളും ഞങ്ങളില്‍ നിന്ന് അവര്‍ ഈടാക്കിയിരുന്നു. എന്നിട്ടും കൂട്ടുകാരിക്ക് മകളുടെ കല്യാണാവശ്യത്തിനു ലോണ്‍ എടുക്കാന്‍ ചെന്നപ്പോള്‍ അങ്ങിനെ ഒരു സൗകര്യം ഇല്ലന്നാണ് അറിഞ്ഞത്. ഞങ്ങള്‍ ആരോടാണ് പരാതി പറയേണ്ടത്?
‘ ഇതൊക്കെ കൊണ്ട് തന്നെയാണ് ഇവര്‍ ആറുപേരും സമര പന്തലിലേക്ക് ഇറങ്ങിയത് എന്ന് വ്യക്തം. അതിനും കണ്ടെത്തി മുതലാളിമാര്‍ ട്രാന്‍സ്ഫര്‍ എന്ന സൂത്രം. ഇത്രയും ചുരുങ്ങിയ വരുമാനത്തില്‍ കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയുന്ന അവര്‍ക്കത് ചിന്തിക്കാന്‍ പോലും ആവില്ല.മായ പറഞ്ഞു ‘ ഇവിടെ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളുടെ അവസ്ഥ ഞങ്ങള്ക്കറിയാം.70 രൂപയാണ് പെണ്‍കുട്ടിക്കും രണ്ടു നേരത്തെ ഭക്ഷണത്തിനായി സ്ഥാപനം നല്കുന്നത്. കാലത്ത് 8 മണിക്ക് ജോലിക്ക് കയറി രാത്രി വരെ നിന്ന് ജോലി ചെയ്യുന്ന അവര്ക്ക് ഭക്ഷണം കഴിക്കുക എന്നുള്ളത് പലപ്പോഴും സാധ്യമായ കാര്യമല്ല. ഹോട്ടലുകള്‍ തന്നെയാണ് ശരണം. മുപ്പതു രൂപയ്ക്കു കിട്ടുന്ന ഭക്ഷണം ഊഹിക്കാമല്ലോ’. സമരം തുടങ്ങിയപ്പോള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും നാളുകള്‍ ചെല്ലും തോറുമുള്ള ജനപിന്തുണയില്‍ അല്പമൊന്നു മുതലാളിമാര്‍ വിരണ്ടു. പല മേഖലയില്‍ പരന്നു കിടന്നിരുന്ന സ്ഥാപനങ്ങള്‍ ഒരു കുടക്കീഴിലായി. ശത്രുവായി അവര്‍ കണ്ടത് നേരത്തിനുള്ള അന്നത്തിനായി അവരുടെ ആട്ടും തുപ്പും സഹിച്ച ആറു സ്ത്രീകളെയാണ് എന്നതാണ് ഏറെ കൗതുകം . അവര്ക്ക് പണമില്ല , വിദ്യാഭ്യാസ യോഗ്യതയില്ല, പിന്താങ്ങാന്‍ ആളും മേളവുമില്ല എന്തിന് ഉറുമ്പ് മുട്ടയിട്ടു എന്ന് കേട്ടാല്‍ ക്യാമറയും മൈക്കുമായി ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലുമില്ല. എന്നിട്ടും അവരെ ഭയക്കുന്നു.തുടങ്ങാന്‍ പോകുന്ന ഒരു ഡിപ്പോവിലേക്ക് ക്ലെറിക്കല്‍ പോസ്റ്റില്‍ നിയമിക്കാമെന്ന് വാഗ്ദാനം നല്‍കുന്നു .
മായ ചോദിച്ചത് മാത്രം’ വെറും ആറും എട്ടും ക്ലാസ്സ് പഠിപ്പുള്ള ഞങ്ങള്ക്ക് അവരതു ചെയ്തു തരും എന്ന് ഞങ്ങള്‍ വിശ്വസിക്കണോ? ഇത്രയും അനുഭവിച്ച ഞങ്ങള്‍ അതില്‍ ചാടാന്‍ മടിക്കുന്നതല്ലേ ബുദ്ധി?’ തങ്ങളുടെ കഷ്ടപാടുകള്‍ കൊണ്ട് ഫലം കണ്ടു തുടങ്ങി എന്നവര്‍ ആത്മ വിശ്വാസത്തോടെ പറയുന്നുണ്ട്. തൃശൂരിലെ കടകളിലും ഇപ്പോള്‍ ഏഴുമണിക്ക് ജോലി കഴിഞ്ഞു തിരിച്ചു പോകാന്‍ പറ്റുന്നുണ്ട്. ശമ്പളം കുത്തനെ കൂട്ടി.പ്രോവിഡന്റ്‌റ് ഫണ്ട് രേഖയിലായി. ഒഴിവു സമയങ്ങളില്‍ ഇരിക്കാന്‍ അനുവാദമായിട്ടില്ല പ സ്റ്റൂളുകള്‍ ഇട്ടു കൊടുത്തിട്ടുണ്ട്. ഇതിന്റെ വേറെ ഒരു വശം കൂടി മായ പറയുന്നു ‘ ഇനി അവരാരും സമരത്തിനു സഹകരിക്കില്ല എന്നറിയാം. .എങ്കിലും.’ ഇവര്ക്ക് തിരിച്ചു കയറിയേ പറ്റൂ .
കടിച്ചാല്‍ പൊട്ടാത്ത ആശയങ്ങളുടെ പിന്‍ബലത്തിലല്ല അവരവിടെ കുടിലു കെട്ടി സമരത്തിനിരുന്നത് , സഹിക്കാന്‍ ആവാതെയാണ്.നേരം പോക്കിനല്ല അവര്‍ ജോലിക്കു വന്നത്. അവരുടെ വരുമാനം കാത്ത് വീട്ടില്‍ വിശക്കുന്ന വയറുകളുണ്ട് . അവരെ തിരിച്ചെടുത്തേ പറ്റൂ. അതിനാണിവിടെ രാഷ്രീയ പ്രവൃത്തകരും അധികാരികളും സഹായിക്കേണ്ടത്. തിരിച്ചിറങ്ങുമ്പോള്‍ ശീതികരിച്ച കാറില്‍ നിന്ന് ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവും അണികളും ചൂടെന്നു പറഞ്ഞു ആ പന്തലിനുള്ളിലേക്ക് ഓടി കയറുന്നുണ്ടായിരുന്നു. സൂര്യന്‍ പടിഞ്ഞാറ് നീങ്ങുമ്പോള്‍ പതിക്കുന്ന ചൂട് അസഹ്യമാണ്. പക്ഷെ ആ ചൂടിലാണ് ആ ആറു സഹോദരിമാര്‍ അറുപത്തിയഞ്ചു ദിവസമായി അകവും പുറവും ഒരുപോലെ പൊള്ളി കഴിയുന്നത്. വര്‍ഷത്തിലൊരിക്കല്‍ വനിതാ ദിനം കൊണ്ടോ ഉലയാത്ത സാരിയില്‍ പൊതുവായ സത്യം പറഞ്ഞോ നമുക്ക് സ്ത്രീയെ സ്‌നേഹിക്കാനാവില്ല. അവളൊരു ലോകമാണ്.. ഉരുകലിന്റെ, ഉയിര്പ്പിന്റെ , സഹനത്തിന്റെ സഹകരണത്തിന്റെ ഒരു ഭൂഖണ്ഡം.
സ്ത്രീ സ്വതന്ത്രയാകേണ്ടത് പുരുഷ വര്ഗ്ഗത്തിന്റെ ചൂഷണത്തില്‍ നിന്ന് മാത്രമാണെന്ന ധാരണയാണ് ഈ വനിതാ ദിനം കൊണ്ട് തിരുത്തപെടെണ്ടത് . അവള്ക്ക് രക്ഷപെടെണ്ടത് സ്ത്രീയും പുരുഷനും അടങ്ങുന്ന സമൂഹത്തിന്റെ ചൂഷണങ്ങളില്‍ നിന്നാണ്. അവിടെ ശബ്ദം ഉയര്ത്താന്‍ ഈ സഹോദരിമാര്ക്ക് കഴിഞ്ഞു എന്നുള്ളത് ഇത്രയും കാലം ഇത്തരമൊരു ചലനത്തിന് ധൈര്യപെടാത്ത എന്നെ പോലുള്ളവര്‍ക്ക് പ്രചോദനമാകുന്നു. പെണ്ണായല്ല , മനുഷ്യനായാണ് ഞാന്‍ ഇവരോട് ചേര്ന്നു നില്ക്കുന്നത്.
ഈ വനിതാദിനത്തില്‍ ഞാനിരിക്കും…
ഇരിപ്പ് സമരത്തില്‍….
ഐക്യദാര്‍ഢ്യത്തിന്റെ കൂട്ടിരിപ്പ്…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in