പുതിയ തൃശൂരിനായി

കെ.വി അബ്ദുള്‍ അസീസ് വരുന്ന കാല്‍ നൂറ്റാണ്ടുകാലത്തെ മുന്‍കൂട്ടികണ്ട് തൃശൂര്‍ നഗരത്തിന്റെ വികസനത്തിനായ വിശാലമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണല്ലോ കോര്‍പ്പറേഷന്‍. ഒരു നഗരവാസിയും പൊതുപ്രവര്‍ത്തകനുമെന്ന നിലയില്‍ മാസ്റ്റര്‍ പ്ലാനിലേക്കായി ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ മുന്നോട്ടുവെക്കുന്നത്. നമ്മുടെ മഹത്തായ പാരമ്പര്യവും പൈതൃകവും അതിന്റെ ചിന്ഹങ്ങളും സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതിക്കുകോട്ടം ഉണ്ടാക്കാത്ത രീതിയിലായിരിക്കണം ഭാവിയിലെ ഏതുവികസനവും എന്ന അടിസ്ഥാനപരമായ നിലപാടില്‍ ഉറച്ചുനിന്നാണ് ഈ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിന്റെ ഹൃദയഭാഗത്തും പരിസരപ്രദേശങ്ങളലും അവശേഷിക്കുന്ന പൈതൃകശേഷിപ്പുകളെ പുതിയ മാസ്റ്റര്‍ നശിപ്പിക്കാനിടയുണ്ടെന്ന ഭീതി […]

POORAM
കെ.വി അബ്ദുള്‍ അസീസ്
വരുന്ന കാല്‍ നൂറ്റാണ്ടുകാലത്തെ മുന്‍കൂട്ടികണ്ട് തൃശൂര്‍ നഗരത്തിന്റെ വികസനത്തിനായ വിശാലമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണല്ലോ കോര്‍പ്പറേഷന്‍. ഒരു നഗരവാസിയും പൊതുപ്രവര്‍ത്തകനുമെന്ന നിലയില്‍ മാസ്റ്റര്‍ പ്ലാനിലേക്കായി ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ മുന്നോട്ടുവെക്കുന്നത്. നമ്മുടെ മഹത്തായ പാരമ്പര്യവും പൈതൃകവും അതിന്റെ ചിന്ഹങ്ങളും സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതിക്കുകോട്ടം ഉണ്ടാക്കാത്ത രീതിയിലായിരിക്കണം ഭാവിയിലെ ഏതുവികസനവും എന്ന അടിസ്ഥാനപരമായ നിലപാടില്‍ ഉറച്ചുനിന്നാണ് ഈ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
നഗരത്തിന്റെ ഹൃദയഭാഗത്തും പരിസരപ്രദേശങ്ങളലും അവശേഷിക്കുന്ന പൈതൃകശേഷിപ്പുകളെ പുതിയ മാസ്റ്റര്‍ നശിപ്പിക്കാനിടയുണ്ടെന്ന ഭീതി സ്വാഭാവികമാണ്. റോഡുകളുടെ വീതി കൂട്ടലും മാര്‍ക്കറ്റുകള്‍ മാറ്റിസ്ഥാപിക്കലും ഫ്‌ളൈ ഓവറുകളുടെ നിര്‍മ്മാണവും മറ്റും ഇനിയും ബാക്കിയുള്ള വിലയേറിയ പൈതൃകാവശിഷ്ടങ്ങളില്‍ മഴു വെക്കുന്നവയായിരിക്കുമെന്നതില്‍ സംശയമില്ല.
പഴയ മുന്‍സിപ്പല്‍ പ്രദേശങ്ങളെ അതേപടി സംരക്ഷിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നിന്ന് ആറോ ഏഴോ കിലോമീറ്റര്‍ അകലെ ഒരു പുതിയ നഗരം ആസൂത്രണം ചെയ്യുന്നതായിരിക്കും അഭികാമ്യം. തൃശൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നൂറ്റാണ്ടിനേക്കാള്‍ പഴക്കമുള്ള സ്‌കൂളുകളും കോളേജുകളും കൊട്ടാരങ്ങളും മ്യൂസിയങ്ങളും മൃഗശാലയും മറ്റുമാണ് കയ്യടക്കിയിട്ടുള്ളത്. ഒരു കാലത്ത് ഈ പ്രദേശത്ത് നാല്പതോളം കുളങ്ങള്‍ തന്നെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. അവയെല്ലാം നാം മൂടി. അതോടെ നഗരത്തിന്റെ പച്ചപ്പ് നഷ്ടപ്പെട്ടു.
അരിയങ്ങാടി, നായരങ്ങാടി, ജയ് ഹിന്ദ് മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങള്‍ തൃശൂരിന്റെ പൈതൃകകേന്ദ്രങ്ങള്‍ മാത്രമല്ല. ആയിരകണക്കിനു പേരുടെ ഉപജീവനമാര്‍ഗ്ഗവുമാണ്. ഇവിടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവരുടെ ജീവിതത്തെ തകര്‍ക്കുന്നതായിരിക്കും.
കഴിഞ്ഞ 15 വര്‍ഷങ്ങളിലാണ് തൃശൂരില്‍ അനിയന്ത്രിതമായ വികസനപദ്ധതിള്‍ ആരംഭിച്ചത്. നിരവധി വന്‍കിട ഫ്‌ളാറ്റു സമുച്ചയങ്ങളും ഷോപ്പിംഗ് സെന്ററുകളും ഇക്കാലയളവില്‍ നഗരത്തില്‍ കൂണുപോലെ മുളച്ചുപൊന്തി. അതോടെ അനുദിനം വിവിധാവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവരുടെ എണ്ണവും വന്‍തോതില്‍ വര്‍ദ്ധിച്ചു. ഇവര്‍ക്കാവശ്യമായ യാതൊരു സൗകര്യങ്ങളും നഗരത്തിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സുരക്ഷിതവും ചിലവുകുറഞ്ഞതും ഫലപ്രദവുമായ ഗതാഗതസൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമുള്ള സൗകര്യങ്ങള്‍, ഫുട്പാത്തുകള്‍, മികച്ചതും ചിലവുകുറഞ്ഞതുമായ ഹോട്ടലുകള്‍, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, മാലിന്യങ്ങല്‍ ശേഖരിക്കാനും വേര്‍തിരിക്കാനും സംസ്‌കരിക്കാനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയിലെല്ലാം നഗരത്തിന്റെ സ്ഥാനം വളരെ പുറകിലാണ്. വൃത്തിഹീനതയുടെ കാര്യത്തിലാകട്ടെ വളരെ മുന്നിലും. ദശകങ്ങളുടെ ചരിത്രമുള്ള നഗരത്തിന്റെ മാലിന്യപ്രശ്‌നത്തിനു ഇനിയും പരിഹാരമായിട്ടില്ല.
ഏതൊരു നഗരത്തിനും ശുദ്ധവായു ശുദ്ധവായു ശ്വസിക്കാനാവുന്ന പൊതുസ്ഥലങ്ങള്‍ അനിവാര്യമാണ്. തേക്കിന്‍കാട് മൈതാനം ഒഴികെ പൊതുസ്ഥലമൊന്നും നമ്മുടെ നഗരത്തിലില്ലാത്ത അവസ്ഥയാണ്. അവയുണഅടാകണം. അതുപോലെ പരിതാപകരമായ അവസ്ഥയിലുള്ള പല കോളനികളും ഇന്ന് നഗരത്തിലുണ്ട്. നൂറുകണക്കിനു കുടുംബങ്ങള്‍ കീടങ്ങളെപോലെ ഈ കോളനികളില്‍ താമസിക്കുന്നു. ഇവരുടെ പുനരധിവാസത്തിനുള്ള നടപടികളൊന്നും പൂര്‍ണ്ണമായും ലക്ഷ്യത്തിലെത്തുന്നില്ല. അവരെ ജനിച്ചുവളര്‍ന്നയിടങ്ങളില്‍തന്നെ പുനരധിവസിപ്പിക്കുക എന്ന നയമാണ് സ്വീകരിക്കേണ്ടത്. കാരണം അവര്‍ സ്വന്തം ജീവിതം കരുപിടിപ്പിച്ചിരിക്കുന്നത് ആ സാഹചര്യങ്ങളിലാണ്. അതുമാറ്റുക എളുപ്പമല്ല. പാവപ്പെട്ടവരെ സ്വന്തം മണ്ണില്‍നിന്നു പിഴുതെറിഞ്ഞുകൊണ്ടുള്ള വികസന പദ്ധതികളെലെല്ലാം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്.
തൃശൂരില്‍ ഒരു പുതിയ നഗരം സൃഷ്ടിച്ചല്ലാതെ ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയില്ല. ഇന്ത്യയിലെ പല നഗരങ്ങളും ബ്രിട്ടീഷ് ഭരണകാലം മുതലെ ഇത്തരം ഒരു വികസനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന് ഡെല്‍ഹിയിലേക്കുമാറ്റാന്‍ ലോഡ് വെല്ലസ്ലിയെടുത്ത ചരിത്രപരമായ തീരുമാനം തന്നെ നോക്കുക. പഴയ മുഗള്‍ ഡെല്‍ഹിയും അതിന്റെ പൈതൃകങ്ങളും അതേപടി സംരക്ഷിച്ചുകൊണ്ടായിരുന്നു അദ്ദേഹം ന്യൂഡല്‍ഹിക്ക് തറക്കല്ലിട്ടത്. ഇതായിരിക്കണം നമ്മുടേയും മാതൃക. പുതുതായി രൂപം കൊടുക്കുന്ന നഗരം തീര്‍ച്ചയായും ആധുനികമാക്കാം. അവിടെ ഫ്‌ളൈ ഓവറുകളും സ്‌കൈ ബസുകളും വീതി കൂടിയ റോഡുകളും മോണോ റെയിലുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമെല്ലാമാകാം. അപ്പോഴും 50 വര്‍ഷമെങ്കിലും മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസന പദ്ധതികളാകണം എന്നുമാത്രം.
കേരളവികസനത്തിന്റെ തനിമയായി ചൂണ്ടികാണിക്കപ്പെടുന്ന ഒന്നാണ് നഗര – ഗ്രാമ അന്തരം കാര്യമായി ഇല്ല എന്നത്. ചെന്നൈയിലേതുപോലേയോ ബാംഗ്ലൂരിലേതുപോലേയോ കേരളത്തിലെ നഗരങ്ങളിലേക്ക് വന്‍തോതിലുള്ള കുടിയേറ്റം നടക്കുന്നില്ല. തിരുവനന്തപുരമോ കോഴിക്കോടോ കൊച്ചിയോ അടുത്ത നൂറുവര്‍ഷം കഴിഞ്ഞാലും ചൈന്നൈയെ പോലൊരു നഗരമാകാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ നഗരങ്ങളില്‍ വന്‍തോതിലുള്ള ഫ്‌ളാറ്റ് നിര്‍മ്മാണം ആവശ്യമില്ല.  കേരളം സത്യത്തില്‍ വളരുന്നത് നഗരപ്രാന്തങ്ങളിലേക്കാണ്.
തൃശൂരിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഇനിയും അവശേഷിക്കുന്ന പൈതൃകശേഷിപ്പുകള്‍ നിരവധിയാണ്. വടക്കുംനാഥ ക്ഷേത്രവും തേക്കിന്‍കാട് മൈതാനവും തന്നെ അവയില്‍ മുഖ്യം. കൂടാതെ വടക്കെച്ചിറ, പുത്തന്‍പള്ളി, വലിയപള്ളി, മുന്‍സിപ്പല്‍ ക്ലോക്ക് ടവര്‍, ബ്രഹ്മസ്വം മഠം തുടങ്ങിയവയും വളരെ പ്രധാമ്പപ്പെട്ട പൈതൃകങ്ങള്‍തന്നെ.
നഗരത്തിലെ മതിലുകളെല്ലാം പൊതുസ്വത്തായി കണക്കാക്കി സംരക്ഷിക്കേണ്ടതാണ്. മതിലുകളിലെ അനധികൃതമായ പ്രചരണങ്ങളും പോസ്റ്ററുകളും അനുവദിക്കരുത്. ഒരു വാണിജ്യസ്ഥാപനത്തിന് അതിന്റെ വലുപ്പമനുസരിച്ച് ഒരു  ബോര്‍ഡ് വെക്കാനുള്ള അനുമതി മാത്രമേ നല്‍കാവൂ. റോഡുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനാനനുവദിക്കരുത്. ഡ്രൈവര്‍മാര്‍ക്ക് സിഗ്നലുകള്‍ കാണാന്‍ സൗകര്യമുണ്ടാകണം. പോസ്റ്ററുകള്‍ സ്ഥാപിക്കാനായി പ്രത്യേക സ്ഥലങ്ങള്‍തന്നെ തയ്യാറാക്കുകയാണ് കോര്‍പ്പറേഷന്‍ ചെയ്യേണ്ടത്. അവിടെ ആശയപ്രചരണങ്ങളാകാം. ലോകത്തെ പല നഗരങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്.
സുരക്ഷാഭീഷണിയുള്ള പഴയ കെട്ടിടങ്ങളില്‍ അറ്റകുറ്റപണികള്‍ ആകാം. എന്നാല്‍ അവ പഴമയും തനിമയും നശിപ്പിച്ചുകൊണ്ടാകരുതെന്നുമാത്രം. ആര്‍ക്കിടെക്ട് രാജേഷ് ആന്റണി നിര്‍ദ്ദേശിച്ച ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുമൂലം ചെറുകിട സ്ഥലമുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കും നഷ്ടങ്ങള്‍ക്കും പരിഹാരം കാണുകയും വേണം.
നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ ആസൂത്രിത പദ്ധതികള്‍ ആവശ്യമാണ്. ജനങ്ങള്‍ക്കുവേണ്ടിയുള്ള നഗരമാണ് വിഭാവനം ചെയ്യേണ്ടത് വാഹനങ്ങള്‍ക്കുവേണ്ടിയല്ല. അതിനനുസൃതമായിരിക്കണം പുതിയ മാസ്റ്റര്‍ പ്ലാന്‍. 30-35 സീറ്റുകളുള്ള ഇലക്ട്രിക് ട്രോളി ബസ് സര്‍വ്വീസുകള്‍ ആരംഭിക്കണം. ഈ ബസുകളില്‍ നഗരത്തിന്റെ ഏതുമുക്കിലും മൂലയിലും പോകാന്‍ കഴിയണം. ഓട്ടോമാറ്റിക് ടിക്കറ്റ് സംവിധാനവും മാസം മുഴുവന്‍ യാത്രചെയ്യാനുള്ള പാസുകളും മറ്റും ഈ ബസുകളില്‍ ലഭ്യമാകണം. നഗരത്തില്‍ കാറുകള്‍, ഓട്ടോകള്‍, ബൈക്കുകള്‍ തുടങ്ങിയ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം ഇതിന്റെ ലക്ഷ്യം. ചിലവും പരിസ്ഥിതി മലിനീകരണവും ഇന്ധന ഉപഭോഗവും ട്രാഫിക് പ്രശ്‌നങ്ങളും പരമാവധി കുറക്കുകയും യാത്രക്കിടയില്‍ ആരോഗ്യകരമായ സൗഹൃദങ്ങള്‍ ഉണ്ടാകാനും ഇത് സഹായിക്കും.
നഗരത്തിലെ ഹോട്ടലുകളുടെ അവസ്ഥ വളരെ ദയനീയമാണ്. വളരെ മോശപ്പെട്ട അന്തരീക്ഷമാണ് പൊതുവില്‍ ഹോട്ടലുകളില്‍ നിലവിലുള്ളത്. പലതവണ പരിശോധനകള്‍ നടന്നെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. അധികൃതരും പൊതുജനങ്ങളും ഇക്കാര്യത്തില്‍ തങ്ങളുടെ പങ്ക് വഹിക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നത്തില്‍ പുതിയ നിയമങ്ങള്‍ തന്നെ അനിവാര്യമാണ്. ഹോട്ടലുകളിലെ ഭക്ഷണം, കുടിവെള്ളം എന്നിവ ശുദ്ധമായിരിക്കണം. വൃത്തിയുള്ള അടുക്കളയും അന്തറീക്ഷം ഉണ്ടാകണം. ടോയ്‌ലറ്റടക്കമുള്ള സൗകര്യങ്ങള്‍ മികച്ചതാകണം. ഹോട്ടലുകളില്‍ എല്ലാദിവസവും പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. നഗരത്തിലെത്തുന്ന ആയിരങ്ങളോട് ഭക്ഷണകാര്യത്തില്‍ നീതി പുലര്‍ത്താന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് അധികൃതര്‍ മറക്കരുത്. മാലിന്യനിര്‍മ്മാര്‍ജ്ജനവും കുടിവെള്ളവിതരണവും കുറ്റമറ്റതാക്കണം. വന്‍തോതിലുള്ള സെപ്റ്റിക് ടാങ്കുകളുടെ സാന്നിധ്യം ഭൂഗര്‍ഭജലത്തെ ബാധിക്കുന്നുണ്ടോ എന്നു പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക ചിലവുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിലും തെറ്റില്ല.
ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയങ്ങളെ അഭിമുഖീകരിക്കാനും പരിഹാരം കണ്ടെത്താനും കഴിഞ്ഞാല്‍ നാം വിഭാവനം ചെയ്യുന്ന പുതിയ തൃശൂര്‍ യാഥാര്‍ത്ഥ്യമാകുമെന്നതില്‍ സംശയം വേണ്ട. നഗരവാസികളോടും ഇവിടെയെത്തന്ന പതിനായിരങ്ങളോടും നീതി പുലര്‍ത്തേണ്ടത് അങ്ങനെയാണ്. അതിനുള്ള ആര്‍ജ്ജവം അധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും ഉണ്ടോ എന്നതുതന്നെയാണ് ഉയരുന്ന ചോദ്യം.

കെ.വി അബ്ദുള്‍ അസീസ്
കണ്‍വീനര്‍, ഇന്‍ടാക് (ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്റ് കള്‍ച്ചറല്‍ ഹെറിടേജ്)
തൃശൂര്‍ ചാപ്റ്റര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply